TopTop
Begin typing your search above and press return to search.

പ്രണയദംശനമേറ്റ എഴുത്തുകള്‍; 'മീരയുടെ നോവെല്ലകള്‍'-ഒരു വായന

പ്രണയദംശനമേറ്റ എഴുത്തുകള്‍; മീരയുടെ നോവെല്ലകള്‍-ഒരു വായന

ഈ ആഴ്ചയിലെ പുസ്തകം
മീരയുടെ നോവെല്ലകള്‍
കെ.ആര്‍.മീര
ഡി.സി.ബുക്‌സ്
വില: 175 രൂപ

കെ.ആര്‍.മീരയുടെ എഴുത്ത് അഴിക്കുന്തോറും കൂടിക്കുഴഞ്ഞ് കുരുക്കുകള്‍ വീണ് വായനയുടെ ചേതനയില്‍ ചുറ്റിപ്പടരുന്ന വിദ്യുത്‌ലതികയാണ്. മിന്നലും മുഴക്കവും ഇണചേരുന്ന ശൈലിയുടെ ശില്‍പ്പഗോപുരങ്ങളാണ്. രതിമൂര്‍ച്ചയുടെ സംഗീതം പകരുന്ന രാഗവൈവിദ്ധ്യങ്ങളാണ്. ബിഥോവന്റെ ഏഴാം സിംഫണിപോലെയുള്ള സംഗീതശില്‍പമായി അത് പരിണമിക്കുന്നു.

അഞ്ച് ലഘുനോവലുകളുടെ സമാഹരമാണ് 'മീരയുടെ നോവെല്ലകള്‍'. ഇന്നത്തെ സ്ത്രീയുടെ അവസ്ഥകളെ ഫെമിനിസത്തിന്റെ അതിരുകള്‍ക്കപ്പുറത്തേക്ക് കൊണ്ടുപോയി ആവിഷ്‌ക്കരിക്കുകയാണ് കെ.ആര്‍.മീര. ഭാഷയിലും ഘടനയിലും പരീക്ഷണം നടത്തിക്കൊണ്ട് കഥാപാത്രങ്ങളെ വായനക്കാരുടെ ഹൃദയത്തിലേക്ക് ചേര്‍ത്തുനിര്‍ത്തുന്ന രീതിയാണ് ഈ സമാഹാരത്തിലെ ഓരോ രചനയിലും. എം.മുകുന്ദന്‍ നിരീക്ഷിച്ചത് പോലെ മീരയുടെ നോവലുകള്‍ കലഹിക്കുന്നത് മീരയുടെതന്നെ കഥകളോടാണ്.

ഈ സമാഹാരത്തിലെ 'കരിനീല'യും 'മീരസാധു'വും വായനക്കാരുടെ ഹൃദയത്തെ ഞണ്ടിന്റെ കാലുകളെപ്പോലെ അള്ളിപ്പിടിക്കുന്നു. അസ്വസ്ഥജനകമായ അനുഭവബോധങ്ങളുടെ മുറിവുകള്‍ സൃഷ്ടിച്ച് ജീവിതത്തിന്റെ നീറ്റല്‍ എന്താണെന്ന് അറിയുന്നു.

പ്രണയത്തിന്റെ അത്യഗാധമായ ഭാവങ്ങളാണ് മീര ആവിഷ്‌ക്കരിക്കുന്നത്. പ്രണയത്തിന്റെ പര്‍ണ്ണശാലകളും കൊടുംകാടുകളും വന്യമായ ഏകാന്തതയും കടലാഴങ്ങളും ഗിരിശൃംഗങ്ങളും എല്ലാം കൂടി ഉന്‍മാദത്തിന്റെ കുന്നുകളിലും താഴ്‌വരകളിലും ചിന്നിച്ചിതറിയൊഴുകുന്ന പ്രവാഹിനിയുടെ പ്രചണ്ഡമായ ചുറ്റിഒടുങ്ങലാണത്. ജന്മാന്തരങ്ങളുടെ അന്വേഷണമാണ് മീരയ്ക്ക് പ്രണയം.

'കരിനീല'യിലെ അവള്‍ പ്രേമത്തെക്കുറിച്ച്, പറയുന്നത് കേള്‍ക്കുക: ''ഇതെന്റെ കടിഞ്ഞൂല്‍ പ്രേമമൊന്നുമല്ല. ഞാന്‍ എക്കാലത്തും പ്രേമബദ്ധമായിരുന്നു. വിവാഹത്തിന് മുമ്പും പിമ്പും എന്റെ പ്രേമം ഉഗ്രവിഷമുള്ള ഒരു അലസസര്‍പ്പമാണ്. വളഞ്ഞുചുറ്റി സ്വന്തം ഉടല്‍ മെത്തയാക്കി എത്രയോ കാലം തക്കംപാത്തുകിടക്കുന്നു. ആര്‍ക്കോ വേണ്ടി. എന്റെ ദംശനമേറ്റാല്‍ മരിക്കാത്ത ഒരാള്‍. സ്വയമേ നീലനിറമുള്ളവള്‍. മൂന്നു കണ്ണുള്ളവള്‍.'' കരിനീലയിലെ ആരോ ഒരാള്‍ ശിവനാണ്. അവള്‍ ശിവപ്പാതിയും. ശിവശക്തിസംഗമത്തിന്റെ അസാധാരണമായ ബന്ധത്തെയാണ് മീര ഇവിടെ ആവിഷ്‌ക്കരിക്കുന്നത്. കാമത്തെ ചുട്ടവനും വിഷംതിന്നവനും ജലം ചൂടുന്നവനുമായ ശിവനില്‍ അലിയാന്‍, അല്ലെങ്കില്‍ ശിവദംശനമേല്‍ക്കാന്‍ ദാഹിച്ചു വലയുന്നവളാണ് അവള്‍. വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമായ അവള്‍ ആജാനബാഹുവും ആകാരവടിവിന്റെ നേര്‍രൂപവുമായ സന്യാസിയില്‍ അവളെത്തന്നെ കണ്ടെത്തുകയാണ്.സന്യാസിയുടെ വീട്ടില്‍ ഭര്‍ത്താവുമൊന്നിച്ച് എത്തിയ അവളെ വിധിയുടെ നിയോഗമെന്ന് പറയട്ടെ ഒരു മൂര്‍ഖന്‍ ദംശിക്കുന്നു. കുട്ടിക്കാലത്ത് പാദസരമിടാറുണ്ടായിരുന്ന കാലിലാണ് മൂര്‍ഖന്റെ കുഞ്ഞിപ്പല്ലുകള്‍ അമര്‍ന്നത്. കാലിലെ മുറിപ്പാടിനു മേലെ സന്യാസി മുറുക്കിക്കെട്ടുകയും പിന്നീട് മുറിവിലേക്ക് മുഖംതാഴ്ത്തി അയാള്‍ ചോരവലിച്ചെടുത്ത് പുറത്തേക്ക് തുപ്പുകയും ചെയ്യുന്നു. ആ വേദനയില്‍ അവള്‍ ആനന്ദിക്കുകയായിരുന്നു. കാമത്തിന്റെ വേദനയില്‍ പ്രണയത്തിന്റെ ആനന്ദം. ജീവന്റെ ഓരോ രക്തതുള്ളികളും അവളില്‍ നിന്ന് അയാളിലേക്ക് സംക്രമിക്കുന്ന അവിസ്മരണീയ മുഹൂര്‍ത്തം.

ബെസ്റ്റ് ഓഫ് അഴിമുഖം

ഭാവനയുടെ തീവ്രാനുഭവങ്ങള്‍
എം.ടി: ജീവിതത്തിന്റെ എഡിറ്റര്‍
അനുഭവങ്ങള്‍ ആഘാതമാകുമ്പോള്‍
ഗ്രാമച്ചന്തയിലെ കവി പാടുമ്പോള്‍- പുതിയ പുസ്തകം
ദി ഷിവാഗോ അഫയര്‍ ഒരു പുസ്തകം മാത്രമല്ല; റഷ്യന്‍ ഭൂതകാല വായനകൂടിയാണ്

വെള്ളത്തിന് ദാഹിക്കുന്ന അവള്‍ക്ക് സന്യാസി കിണ്ടിയില്‍ ജലംപകര്‍ന്നു കൊടുക്കുന്ന നിമിഷമുണ്ട്. ആ രംഗം മീര അവതരിപ്പിക്കുന്നത് നോക്കുക: ''ഭര്‍ത്താവ് ഏത് നിമിഷവും വരാം. ഞാന്‍ കൈകള്‍ നീട്ടി. കഴുത്തില്‍ ചുറ്റി വളഞ്ഞു. മുഖം വലിച്ചുതാഴ്ത്തി. ചുണ്ടുകളില്‍ പല്ലുകള്‍ ആഴ്ത്തി. എന്റെ ഏറ്റവും നല്ല വിഷപ്പല്ലുകള്‍. നിങ്ങള്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും കൊള്ളാം, അയാള്‍ നീലിച്ചുപോയി.''

പുറംപടം പൊഴിച്ചിട്ടു മുറികൂടുന്ന ജന്മങ്ങള്‍. ഒന്നില്‍ നിന്ന് അടുത്തതിലേക്ക്. ഓരോ ജന്മം. ഓരോന്നിലും അയാള്‍. എപ്പോഴും അയാള്‍ക്ക് ഒരേ നിറം. കരിനീല നിറം. ''കത്തിത്തുടങ്ങിയ വീടുപോലെയാണ് എന്റെ പ്രേമം. വിരഹത്തിന്റെ മഴയിലും അത് ആസക്തിയോടെ കത്തുന്നു. തീ നാളങ്ങള്‍ ആകാശത്തേക്ക് പാതി വിടര്‍ത്തുന്നു. ഈ ജന്മം പൊള്ളിയടരുന്നു. വീണ്ടും ഒരു ജന്മമുണ്ടാകും. വീണ്ടും സന്യാസി വരും. വീണ്ടും ഞങ്ങള്‍ പരസ്പരം കണ്ടെത്തും. എന്റെ ദംശനമേറ്റ് വീണ്ടും അയാള്‍ കരിനീലിയ്ക്കും.'' - 'കരിനീല' അവസാനിക്കുന്നതിങ്ങനെയാണ്. പ്രണയത്തിന്റെ ദംശനമേറ്റ് കരിനീലിക്കാന്‍ കാത്തിരിപ്പിന്റെ അങ്ങേയറ്റത്ത് ആരോ ഒരാള്‍. ആരുമാകാം.

'ഭക്തമീര' എന്ന കോണ്‍സപ്റ്റിനെ അധികരിച്ചാണ് കെ.ആര്‍.മീര 'മീരസാധു' എന്ന നോവല്‍ എഴുതിയിരിക്കുന്നതെങ്കിലും അതൊരിക്കലും ചരിത്രത്തിന്റെ പുനര്‍വായനയല്ല. ഭക്തിയുടെയും പ്രണയത്തിന്റെയും കാമത്തിന്റെയും പശ്ചാത്തലത്തില്‍ മീര എന്ന കഥാപാത്രത്തെ അവതരിപ്പിക്കുകയാണ് നോവലിസ്റ്റ്. വൃന്ദാവനത്തിലെ അഗതികളായ സ്ത്രീജീവിതങ്ങളെയാണ് മീരസാധുവില്‍ അവതരിപ്പിക്കുന്നത്. രാപ്പകലില്ലാതെ കൃഷ്ണനെ ഭജിച്ച് ജീവിതം തള്ളിനീക്കുന്നവര്‍.

മഥുരയിലെ വൃന്ദാവനത്തില്‍വച്ചാണ് തുളസി മീരസാധുക്കളെ കാണുന്നത്. തുളസി എന്ന പെണ്ണിന്റെ ആത്മകഥ കൂടിയാണ് 'മീരസാധു'. വൃന്ദാവനത്തിലെ മീരസാധു ആകുന്ന തുളസിയെത്തേടി പന്ത്രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം ഭര്‍ത്താവ് മാധവന്‍ എത്തുകയാണ്. സ്വയം പീഡിപ്പിച്ചു വേദനിക്കുന്ന തുളസി എന്ന മീരസാധു തന്റെ പ്രതികാരം പൂര്‍ത്തിയാക്കുന്നത് ഭിക്ഷാപാത്രം അയാളുടെ മുന്നിലേക്ക് നീട്ടിക്കൊണ്ടായിരുന്നു.

ഒരു പെണ്ണിന് എങ്ങനെയൊക്കെ പ്രതികാരം ചെയ്യാമെന്നുള്ളതും മീര തുളസിയിലൂടെ അവതരിപ്പിക്കുന്നുണ്ട്. മാധവനെ പ്രണയിച്ച് അയാളോടൊപ്പം ജീവിക്കാന്‍ ഇറങ്ങിപ്പോകുന്ന തുളസിക്ക് അത് തെറ്റാണെന്ന് ഏറെനാള്‍ കഴിഞ്ഞു മനസ്സിലാകുന്നു. സ്ത്രീശരീരങ്ങളില്‍ നിന്ന് സ്ത്രീശരീരങ്ങളിലേക്ക് പറന്നുപോകുന്ന മാധവന്‍ നര്‍ത്തകിക്കുവേണ്ടി തുളസിയോട് ഡൈവേഴ്‌സ് ആവശ്യപ്പെടുന്നു. അത് സമ്മതിച്ചുകൊടുത്ത തുളസി പാലില്‍ വിഷം കലര്‍ത്തി മകള്‍ക്ക് കൊടുക്കുന്നു. 'നമുക്ക് വിട്ടുകൊടുക്കാന്‍ പറ്റില്ല മക്കളേ. അച്ഛനെ പരാജയപ്പെടുത്തണം. ഉപേക്ഷിക്കപ്പെടുന്നതിന് മുമ്പ് നമുക്ക് ഉപേക്ഷിക്കണം. വേര്‍പാടിന്റെ വേദന കൊണ്ട് അച്ഛനെയും പവിത്രീകരിക്കണം.' എന്നെഴുതിക്കൊണ്ടാണ് മീര, മകള്‍ മരിച്ചുകിടക്കുന്ന അതേമുറിയില്‍ രാത്രി മാധവനെ വിളിച്ചുകൊണ്ടുവന്ന് തുളസിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതിനെ അവതരിപ്പിക്കുന്നത്. മക്കളുടെ ശരീരത്തില്‍ പടര്‍ന്നുകയറുന്ന ശവംതീനി ഉറുമ്പുകളെ മാധവന് കാട്ടിക്കൊടുത്തുകൊണ്ട് തുളസി പൊട്ടിച്ചിരിക്കുന്നു. ഈ ചിരി പ്രതികാരത്തിന്റെയും പകയുടെയും വാത്സല്യത്തിന്റെയും സര്‍വ്വോപരി ഉന്മത്തമായ പ്രണയത്തിന്റെയും അലകളവസാനിക്കാത്ത മുഴക്കമായി വായനക്കാരില്‍ സംക്രമിക്കുന്നു. ഭക്തിയുടെ കമ്പോളവല്‍ക്കരണത്തെയും ഈ നോവലില്‍ വിമര്‍ശിക്കുന്നുണ്ട്.

ആ മരത്തെയും മറന്നുമറന്നു ഞാന്‍, മാലാഖയുടെ മറുകുകള്‍, യൂദാസിന്റെ സുവിശേഷം എന്നീ ലഘുനോവലുകളും പ്രമേയത്തിന്റെയും ആഖ്യാനത്തിന്റെയും പ്രത്യേകതകള്‍ കൊണ്ട് വായനക്കാരെ കീഴടക്കുന്നവയാണ്.

'സ്ത്രീവാദികളുടെ ആള്‍ക്കൂട്ടത്തോടൊന്നിച്ച് നടക്കാതെയും സൈദ്ധാന്തികഭാഷണങ്ങളില്‍ മുഴുകാതെയും സ്ത്രീയുടെ സമകാലീന അവസ്ഥകളോട് സര്‍ഗ്ഗാത്മകമായി പ്രതികരിച്ച എഴുത്തുകാരിയാണ് മീര' - എന്ന് എം.മുകുന്ദന്‍ അഭിപ്രായപ്പെടുന്നത് അടിവരയിട്ട് അംഗീകരിക്കേണ്ടത് തന്നെ. തുറന്ന മനസ്സോടെയും തുറന്ന ചിന്തയോടെയും മീര സര്‍ഗ്ഗപ്രക്രിയയില്‍ ഏര്‍പ്പെടുമ്പോള്‍ കലാസൃഷ്ടികളുടെ കരുത്തും കാന്തിയുമാണ് വായനക്കാര്‍ക്ക് അനുഭവവേദ്യമാകുന്നത്.


Next Story

Related Stories