TopTop
Begin typing your search above and press return to search.

ആശാന്‍ ജന്മശതാബ്ദി പതിപ്പ്: മാനവികതയുടെ ആഴങ്ങള്‍ അനുഭവങ്ങളാകുമ്പോള്‍

ആശാന്‍ ജന്മശതാബ്ദി പതിപ്പ്: മാനവികതയുടെ ആഴങ്ങള്‍ അനുഭവങ്ങളാകുമ്പോള്‍

ഈ ആഴ്ചയിലെ പുസ്തകം
Kumaranasan Birth Centenary Volume
Editor: M.Govindan
Blazemedia. Chennai.
Prize: Rs. 1600

ധിഷണയുടെ നൈതിക ശിരസുകളുള്ള ചിന്തകനാണ് എം.ഗോവിന്ദന്‍. ആ ചിന്തയില്‍ നിന്നാണ് കവിതയിലേക്കും ലേഖനങ്ങളിലേക്കും പത്രപ്രവര്‍ത്തനത്തിലേക്കും ഗോവിന്ദന്‍ പ്രതിഭയുടെ ശാഖകള്‍ പടര്‍ന്നത്. മദിരാശിയിലെ ഹാരിസ് റോഡിലുള്ള ഗോവിന്ദന്‍ ഭവനം ആധുനികചിന്തകളുടെയും കവിതകളുടെയും ഉടമസ്ഥര്‍ക്ക് ഊര്‍ജ്ജനിലയമായി ഏറെക്കാലം പ്രവര്‍ത്തിച്ചു.

മലയാള ഭാവനയിലെ പ്രസ്ഥാനമായിരുന്നു എം.ഗോവിന്ദന്‍. കാവ്യകലയുടെ കൈലാസനാഥനായ കുമാരനാശാനെ ആദരിച്ചതിന്റെ അനന്യലബ്ധമായ ചരിത്രഗാഥയാണ് 'കവിതയും നവോത്ഥാനവും ആശാന്‍ ജന്മശതാബ്ദി പതിപ്പ്' (Poetry and Renaissance Kumaran Asan Birth Centenary Volume) എന്ന ഇംഗ്ലീഷ് പുസ്തകം. 1974-ല്‍ ഇറങ്ങിയ പുസ്തകം 2014 ല്‍ വീണ്ടും ചെന്നൈയിലെ ബ്ലെയ്സ് മീഡിയയിലൂടെ പുനഃപ്രസിദ്ധീകരിച്ചിരിക്കുന്നു. കവിതയെക്കുറിച്ച് സമഗ്രമായ ഒരാശയത്തിന്റെ അടിസ്ഥാനത്തില്‍ സമാഹരിച്ച ഈ ഗ്രന്ഥം എം.ഗോവിന്ദന്റെ സമീക്ഷ ഇംഗ്ലീഷില്‍ ഇറക്കിയതാണ്.

നാലരപ്പതിറ്റാണ്ട് മുമ്പ് കേരളീയര്‍ കുമാരനാശാന്റെ ജന്മശതാബ്ദി ആഘോഷപൂര്‍വ്വം കൊണ്ടാടി. ചര്‍ച്ചകളും സംവാദങ്ങളും സമ്മേളനങ്ങളും അങ്ങോളമിങ്ങോളം അരങ്ങേറി. പ്രധാനകൃതികളെക്കുറിച്ച് പലദേശങ്ങളില്‍ നിന്നുള്ള പഠനങ്ങളും നിരീക്ഷണങ്ങളും ഉണ്ടായി. എന്നാല്‍, ആശാന്‍ ജന്മശതാബ്ദി മദിരാശിയില്‍ എം.ഗോവിന്ദന്‍ ആഘോഷിച്ചത് ആരവങ്ങളൊന്നുമില്ലാതെ തികച്ചും ആത്മനിഷ്ഠമായിട്ടായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഒരു സംഘം പ്രവര്‍ത്തകര്‍ ആശാന്‍ കവിതകളെ മലയാളത്തിന് പുറത്തെത്തിക്കാന്‍ ശ്രമിച്ച ധീരോദാത്തകര്‍മ്മമായിരുന്നു അത്. 'കവിതയും നവോത്ഥാനവും ആശാന്‍ ജന്മശതാബ്ദിപതിപ്പ്' അങ്ങനെ ജന്മം കൊണ്ടപ്പോള്‍ അത് ചരിത്രത്തിന്റെ ജ്വലിക്കുന്ന ഭാഗമായി.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്തഭാഷകളിലുണ്ടായ കവിതയിലെ നവോത്ഥാനത്തെക്കുറിച്ചും പ്രവണതകളെക്കുറിച്ചും ഈ പുസ്തകം വിസ്മയിപ്പിക്കുന്ന അറിവാണ് വായനക്കാര്‍ക്ക് നല്‍കുന്നത്. ലോക കവിതയിലേക്കും ഇന്ത്യന്‍ കവിതയിലേക്കും ആശാന്‍ കവിതയിലേക്കും തുറക്കുന്ന ജാലകമാണ് ഈ പുസ്തകം. ഒരു ഭാഗത്ത് ലോകകവിതയിലെ നവോത്ഥാനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നു. ഷേക്‌സ്പിയറും ഇംഗ്ലീഷ് സാഹിത്യവും, പുഷ്‌കിനും റഷ്യന്‍ സാഹിത്യവും, വിയറ്റ്‌നാമും അമേരിക്കന്‍ സാഹിത്യവും എന്നിങ്ങനെയുള്ള ഖണ്ഡങ്ങളില്‍ അതത് ഭാഷകളിലെ കവിതയുടെ നവോത്ഥാനത്തെകുറിച്ച് പ്രതിപാദിക്കുന്നു. വിവിധ ഭാഷകളിലെ തെരഞ്ഞെടുത്ത കവിതകളും കൊടുത്തിട്ടുണ്ട്.

രണ്ടാം ഭാഗം ഇന്ത്യന്‍ സാഹിത്യത്തെ ആധാരമാക്കിയാണ് വിവരിച്ചിട്ടുള്ളത്. ടാഗോര്‍, ഇക്ബാല്‍ എന്നിവരുടെ കാവ്യജീവിതത്തിലേക്ക് ഉള്‍ക്കാഴ്ചയോടെ കടന്നുചെല്ലുന്ന പഠനങ്ങളുണ്ട്. അരബിന്ദഘോഷിനെക്കുറിച്ച് ഉമാശങ്കര്‍ജോഷി എഴുതിയ പഠനം പ്രത്യേകം ശ്രദ്ധ പിടിച്ചുപറ്റുന്നു.

ബെസ്റ്റ് ഓഫ് അഴിമുഖം

കഥയുടെ പുതിയ രക്തധമനികള്‍
ഗോള്‍ഡന്‍ ലോട്ടസ് ഒരു രതിജന്യ നോവല്‍ മാത്രമല്ല; ചൈനയിലെ വിലക്കപ്പെട്ട പുസ്തകത്തെക്കുറിച്ച്
അറുപതിന്റെ യൗവ്വനത്തുടിപ്പുമായി തിരുനല്ലൂരിന്‍റെ റാണി
റിപ്പബ്ലിക്കിന് പുറത്തു നില്‍ക്കുന്ന കവി
മാധ്യമധാര്‍മ്മികതയുടെ മുഖംമൂടികള്‍ അഴിഞ്ഞുവീഴുമ്പോള്‍

മൂന്നാം ഭാഗം കുമാരനാശാന്റെ കാവ്യപ്രപഞ്ചത്തിന്റെ പരിച്ഛേദമാണ്. ആശാന്‍ കവിതയുടെ പുനര്‍വായനയും പുനര്‍ചിന്തനവും സമ്മേളിക്കുന്ന ഈ ഭാഗം മലയാളകവിതയുടെ തന്നെ ഗതിവിഗതികളെ നിയന്ത്രിക്കുന്ന പീഠിക കൂടിയാണ്. പ്രൊഫ. ജോസഫ് മുണ്ടശ്ശേരിയുടെയും പി.കെ.ബാലകൃഷ്ണന്റെയും ആശാനെക്കുറിച്ചുള്ള വിമര്‍ശനപഠനങ്ങള്‍ വിവര്‍ത്തനം ചെയ്ത് ചേര്‍ത്തിട്ടുണ്ട്. ശ്രീനാരായണ ഗുരുവുമായി സി.വി.കുഞ്ഞിരാമന്‍ നടത്തിയ പ്രസിദ്ധമായ അഭിമുഖ സംഭാഷണത്തിലെ പ്രധാനഭാഗങ്ങളും തര്‍ജ്ജമ ചെയ്തിട്ടുണ്ട്. എം.പ്രഭ, എം.കെ.കെ.നായര്‍ എന്നിവര്‍ സഹോദരന്‍ അയ്യപ്പന്‍, ഡോ. പല്‍പ്പു എന്നിവരെക്കുറിച്ചെഴുതിയ ലേഖനങ്ങള്‍ പ്രത്യേകം പരാമര്‍ശമര്‍ഹിക്കുന്നു.

പി.കെ.ഗോപാലകൃഷ്ണന്‍, ജി.കുമാരപിള്ള, എന്‍.കൃഷ്ണപിള്ള, എം.ജി.എസ്. നാരായണന്‍, എം.വി.ദേവന്‍, എം.ഗംഗാധരന്‍, കെ.എസ്.നാരായണപിള്ള തുടങ്ങിയവരെഴുതിയ പഠനങ്ങള്‍ ആശാന്‍ കവിതയുടെ ആത്മാവിലൂടെയുള്ള തീര്‍ത്ഥയാത്രയാണ്. ഒപ്പം നവോത്ഥാനത്തിന്റെ പ്രത്യേകതകളും പ്രാധാന്യവും അവ വിളിച്ചോതുന്നു.

കവിതയും നവോത്ഥാനവും എന്ന ആമുഖ പഠനം പുസ്തകത്തിന്റെ മര്‍മ്മത്തെ കാണിച്ചുതരുന്നുണ്ട്. കവിതയിലെ നവോത്ഥാനം മനുഷ്യചരിത്രത്തില്‍ പുതിയയുഗം സൃഷ്ടിക്കുന്നതിനെ കുറിച്ചുള്ള അന്വേഷണമാണ് ആ പഠനം. ചരിത്രപരിണാമത്തിന് പിന്നില്‍ കവിത എങ്ങനെയെല്ലാം പ്രവര്‍ത്തിച്ചുവെന്ന് ഈ പഠനത്തില്‍ വ്യക്തമാകുന്നുണ്ട്.

ലോകകവിതയെക്കുറിച്ചും ഇന്ത്യന്‍ കവിതയെക്കുറിച്ചും ആശാന്‍ കവിതയെക്കുറിച്ചും പ്രതിപാദിക്കുന്ന ഈ ബൃഹദ്ഗ്രന്ഥം സാഹിത്യവിദ്യാര്‍ത്ഥികള്‍ക്കും പുതിയ എഴുത്തുകാര്‍ക്കും അധ്യാപകര്‍ക്കും വളരെയേറെ പ്രയോജനം ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല. കാരണം അത്തരമൊരു ഭാരിച്ച ദൗത്യമാണ് എം.ഗോവിന്ദന്‍ വെല്ലുവിളിയായി ഏറ്റെടുത്തത്. നവോത്ഥാനത്തിന്റെ ചരിത്രപരവും സാമൂഹികപരവുമായ പ്രത്യേകതകളെ അനാവരണം ചെയ്യുന്നതില്‍ ഈ പുസ്തകം പൂര്‍ണ്ണമായും വിജയിച്ചിട്ടുണ്ട്. കഠിനമായ പരിശ്രമത്തിന്റെ ഉള്‍ത്തലങ്ങളും കരുത്താര്‍ന്ന ചിന്തയുടെ ഉള്‍വിളികളും ഗ്രന്ഥത്തിന്റെ സംവിധാനത്തിലും തെളിഞ്ഞുകാണാം.

ഈ പുതിയ പതിപ്പ് ഇറക്കുന്നതിന് ശ്രമകരമായി മുന്‍കൈയെടുത്ത പി.കെ.ശ്രീനിവാസനെ എത്ര അഭിനന്ദിച്ചാലും അധികമാവില്ല. 1600 രൂപ മുഖവിലയുള്ള ഈ പുസ്തകം ഇപ്പോള്‍ 1000 രൂപയ്ക്കാണ് നല്‍കുന്നത്.

'ഇവിടെ നിന്ന് നാം ഇനി എങ്ങോട്ട്?' (And Now where do we go from here) എന്ന എം.വി.ഗോവിന്ദന്റെ കുറിപ്പോടെയാണ് ജന്മശതാബ്ദിപതിപ്പ് പൂര്‍ണ്ണമാകുന്നത്. കവിയായ ഗോവിന്ദന്‍ കവിതയെക്കുറിച്ച് പുസ്തകത്തിന്റെ ഏറ്റവും ഒടുവില്‍ ഇങ്ങനെ എഴുതി വച്ചിരിക്കുന്നു: Poetry springs form the essence of man, from the depths of existance. It has the power and potency to liberate him from tyranny, tensions and traditional dehydreation.

ആത്മസംഘര്‍ഷങ്ങളില്‍ നിന്നും സ്വേച്ഛാധിപത്യ പ്രവണതകളില്‍ നിന്നും പരമ്പരാഗത വരള്‍ച്ചയില്‍ നിന്നും മനുഷ്യനെ മോചിപ്പിക്കുന്ന മാനവികതയുടെ ആഴങ്ങളില്‍ നിന്ന് കവിത ജനിക്കുന്നതെന്ന ഗോവിന്ദഭാഷ്യം എക്കാലത്തും പ്രസക്തമാണ്.


Next Story

Related Stories