TopTop
Begin typing your search above and press return to search.

ഒ എന്‍ വിയെ വിമര്‍ശിക്കാന്‍ തന്റേടമുള്ള എത്ര നിരൂപകരുണ്ട് മലയാളത്തില്‍?

ഒ എന്‍ വിയെ വിമര്‍ശിക്കാന്‍ തന്റേടമുള്ള എത്ര നിരൂപകരുണ്ട് മലയാളത്തില്‍?

ഈ ആഴ്ചയിലെ പുസ്തകം
കവിതയും രാഷ്ട്രീയ ഭാവനയും (പഠനം)
ഡോ.പ്രസന്നരാജന്‍
കറന്റ് ബുക്‌സ്
വില:120രൂപ

ഡോ.പ്രസന്നരാജന്‍ അടിസ്ഥാനപരമായി കാവ്യവിമര്‍ശകനാണ്. നോവലുകളെക്കുറിച്ചും ചെറുകഥകളെക്കുറിച്ചുമൊക്കെ നിരൂപണംനടത്തുമ്പോഴും പ്രസന്നരാജനിലെ കാവ്യനിരൂപകനാണ് പുറത്തേക്ക് വരുന്നത്. അതുകൊണ്ടുതന്നെ പ്രസന്നരാജന്റെ നിരീക്ഷണങ്ങളും പഠനങ്ങളും കവിതയില്‍ അടിയുറച്ച വിമര്‍ശന പദ്ധതിയുടെ പരിപ്രേക്ഷ്യമായിമാറുന്നു.

'കവിതയും രാഷ്ട്രീയഭാവനയും' എന്ന പുതിയ പുസ്തകം, സമീപകാലത്ത് മലയാള വിമര്‍ശന ശാഖയില്‍ വിരുന്നുവന്ന മറ്റ് കൃതികളില്‍നിന്ന് വ്യത്യസ്തമാണ്. വേറിട്ടചിന്തയും വേര്‍തിരിച്ചെടുക്കുന്ന ജീവിതദര്‍ശനങ്ങളും ഈ പുസ്തകത്തിന് ആത്മബലിയുടെ കരുത്ത് പകരുന്നു. ചിന്തയുടെ സാന്ദ്രതയും വീക്ഷണത്തിന്റെ ലാവണ്യവും രചനയുടെ സുതാര്യതയും ഈ കൃതിയെതൊട്ടുണര്‍ത്തുന്നു. സര്‍വ്വോപരി മലയാളത്തിന്റെ പ്രിയകവിയും ജ്ഞാനപീഠജാതാവുമായ ഒ.എന്‍.വി കുറുപ്പിനെ സര്‍ഗ്ഗാത്മകമായി വിമര്‍ശിക്കാനുള്ള തന്റേടവും തന്നിഷ്ടവും കൂടി പ്രസന്നരാജന്‍ വിളംബരം ചെയ്യുകയാണ്.

അധികാരവുംകവിതയും, അധികാരവിമര്‍ശനം ആശാന്‍കവിതയില്‍, പാടുന്ന പിശാച്, നീതി നിഷഠൂരം ധര്‍മ്മം നിര്‍ദ്ദയം, കുടുംബത്തിനുള്ളിലെ ക്രൂരരാഷ്ട്രീയം, കുടിയൊഴിപ്പിക്കല്‍, ശിവതാണ്ഡവത്തിലെ രാഷ്ട്രീയ അബോധം, ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം: വിപ്ലവവിരുദ്ധ കാവ്യമോ?, ഭ്രഷ്ടും സ്വാതന്ത്ര്യവും, ചോര വാര്‍ന്നുപോയ ചിഹ്നങ്ങള്‍ എന്നീ പത്ത് ലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം.

'ചോര വാര്‍ന്നുപോയ ചിഹ്നങ്ങള്‍' എന്ന അവസാന ലേഖനത്തില്‍നിന്നുതന്നെ തുടങ്ങാം.പ്രസന്നരാജന്‍ പറയുകയാണ്: 'ഉജ്വലമായ രാഷ്ട്രീയപ്രമേയങ്ങള്‍ കണ്ടെത്തുവാന്‍ മുമ്പേ സമര്‍ത്ഥനാണ് ഒ.എന്‍.വി കുറുപ്പ്. എന്നാല്‍ ഏത് കരുത്തുള്ള പ്രമേയവും ഒ.എന്‍.വിയുടെ ഭാവനയിലൂടെയും ഭാഷയിലുടെയും പുറത്തുവരുമ്പോള്‍ അതിന്റെ കരുത്തെല്ലാം ചോര്‍ന്നു പോകുന്നതായിട്ടാണ് വായനക്കാര്‍ക്ക് അനുഭവപ്പെടാറുള്ളത്. എന്നാല്‍ ഇക്കാര്യം തുറന്നു പറയാന്‍ നമ്മുടെ പ്രമുഖരായ വിമര്‍ശകരൊന്നും തയ്യാറാകുന്നില്ല. ഒ.എന്‍.വി കുറുപ്പിന്റെ ചുറ്റും പ്രസരിക്കുന്ന പ്രശസ്തിയെ ഭയന്ന് വിമര്‍ശകരെല്ലാം നിശബ്ദരാകുന്നു. ചിലര്‍ കവിയുടെ രാഷ്ട്രീയ നിലപാടുകളോടുള്ള ആദരവുകൊണ്ട് മിണ്ടാതിരിക്കുന്നു. ഈ മൗനം ചരിത്രത്തോടും മഹത്തായ കവിതയോടും നമ്മുടെ കാവ്യാസ്വാദന-സംസ്‌കാരത്തോടും ചെയ്യുന്ന കൊടും വഞ്ചനയല്ലേ? ......'

ഒ.എന്‍.വിയുടെ 'സ്വയംവരം' കാവ്യത്തെ നിശിതമായി വിമര്‍ശിക്കുന്ന വേളയിലാണ് പ്രസന്നരാജന്‍ ഇക്കാര്യം ഓര്‍മ്മിപ്പിക്കുന്നത്. 'സ്വയംവര'ത്തിന് അവതാരിക എഴുതിയ എം.ലീലാവതിയെയും പ്രസന്നരാജന്‍ വിമര്‍ശിച്ചുകൊണ്ട് മാപ്പു കൊടുക്കുന്നു.

അധികാരത്തിന്റെ ദൂഷിതവലയത്തെക്കുറിച്ച് പ്രതിപാദിക്കുന്നതാണ് ഒന്നാമത്തെ ലേഖനമായ 'അധികാരവും കവിതയും'. അധികാരം ഏതു രൂപത്തിലായാലും അത് മനുഷ്യനെ അധ:പതിപ്പിക്കുമെന്ന് പറയുന്ന റഷ്യന്‍ ചിന്തകന്‍ ബകുനിനെ ഉദ്ധരിച്ചുകൊണ്ടാണ് കവിതയിലെ അധികാര രാഷ്ട്രീയത്തെ പ്രസന്നരാജന്‍ വിചാരണ ചെയ്യുന്നത്. അധികാരത്തോടുള്ള മനുഷ്യന്റെ ആസക്തിയും അത് സൃഷ്ടിക്കുന്ന വന്‍ ദുരന്തവും പുരാണകൃതികളിലും ഇതിഹാസകൃതികളിലും ചിത്രീകരിച്ചിട്ടുള്ളത് പ്രസന്നരാജന്‍ വിശദമായി ചര്‍ച്ചചെയ്യുന്നു. ഭരണകൂടത്തിനും അധികാരസ്ഥാപനങ്ങള്‍ക്കും പുരോഹിതവര്‍ഗ്ഗത്തിനും എതിരെ മലയാളകവിതയില്‍ ആദ്യമായി ധാര്‍മ്മികവും രാഷ്ട്രീയവും നൈതികവുമായയുദ്ധംനയിച്ചത് കുഞ്ചന്‍നമ്പ്യാരാണെന്ന് പ്രസന്നരാജന്‍ കണ്ടെത്തുന്നു.

'അധികാര വിമര്‍ശനം ആശാന്‍ കവിതയില്‍' എന്ന ലേഖനം മലയാള നിരൂപണശാഖയിലെ വേറിട്ട ഒരു പഠനമാണ്. രാഷ്ട്രീയാധികാരം സൃഷ്ടിക്കുന്ന മഹാവിപത്തുകളെക്കുറിച്ച് തികഞ്ഞ ബോധമുണ്ടായിരുന്ന കവിയാണ് കുമാരനാശാന്‍. അധികാരത്തിന്റെ ബീഭത്സതയും ഭ്രാന്തും അദ്ദേഹം തിരിച്ചറിഞ്ഞു. എന്നാല്‍ അധികാരത്തിന്റെ തിന്മകള്‍ക്കെതിരെ അദ്ദേഹം പൊട്ടിത്തെറിച്ചില്ല. ക്ഷോഭമടക്കിപ്പിടിച്ച ശാന്തമായ കടലിരമ്പമായിരുന്നു ആശാന്റെ മനസ്സ്. ക്ഷോഭത്തിന്റെ കടലിരമ്പം മാത്രം മതിയല്ലോ എല്ലാപൊട്ടിത്തെറികള്‍ക്കും എടുത്തു ചാട്ടങ്ങള്‍ക്കും മീതെ വലയം സൃഷ്ടിക്കാന്‍ ! അതായിരുന്നു ആശാന്റെ കാവ്യമനസ്സ്.

ചങ്ങമ്പുഴയുടെ 'പുടുന്ന പിശാച്' പിശാചിന്റെയും വേതാളത്തിന്റെ ഭാവവും ഭാഷയും ഭാവനയും സ്വീകരിച്ച് കവി നടത്തിയ പ്രചണ്ഡ പ്രലപനമാണ് എന്ന് പ്രസന്നരാജന്‍ അടയാളപ്പെടുത്തുന്നു. ചങ്ങമ്പുഴയില്‍ കുഞ്ചന്‍നമ്പ്യാരുണ്ട്. സുക്ഷിച്ചുനോക്കിയാല്‍ അയ്യപ്പപണിക്കരെയും കാണാമെന്ന് ലേഖകന്‍ പറയുന്നു. വാസ്തവത്തില്‍ അയ്യപ്പപ്പണിക്കരില്‍ ആരെല്ലാമുണ്ടായിരുന്നുവെന്ന് ലേഖകനെ ഒന്നു ഓര്‍മ്മിപ്പിക്കട്ടെ. എഴുത്തച്ഛന്‍, ചെറുശ്ശേരി, കുഞ്ചന്‍നമ്പ്യാര്‍, കുമാരനാശാന്‍ എന്നിവര്‍ ചേര്‍ന്ന കാവ്യവ്യക്തിത്വമായിരുന്നു അയ്യപ്പപ്പണിക്കരുടേത്! പാടുന്നപിശാചില്‍ 'സാംസ്‌കാരികരാഷ്ട്രീയം' ദര്‍ശിക്കുന്ന പ്രസന്നരാജന്റെ ചിന്ത അഭിനന്ദനീയമാണ്.വൈലോപ്പിള്ളിയുടെ കുടിയൊഴിക്കലിനെക്കുറിച്ചു നടത്തിയ പഠനമാണ് ഈ പുസ്തകത്തിലെ ഉജ്വല രചന. എഴുത്തിന്റെ ടോണും ആശയങ്ങളുടെ റിഥവും ചിന്തയുടെ സിംഫണിയും ഈ ലേഖനത്തെ വ്യത്യസ്തമാക്കുന്നു. 'രക്തംചിന്തുന്ന വിപ്ലവത്തിന്റെ ആപല്‍ക്കരമായ വശങ്ങള്‍ വൈലോപ്പിള്ളി വ്യക്തമായികണ്ടു. എന്നാല്‍ വിപ്ലവം കഴിഞ്ഞുവരുന്ന ജീവിതവസന്തം അദ്ദേഹത്തെ പ്രചോദിപ്പിക്കുകയും ചെയ്തു. അപ്പോഴും ചോരചിന്തി നേടിയ വിജയത്തെ അദ്ദേഹം സംശയിച്ചുകൊണ്ടിരുന്നു. ചരിത്രത്തില്‍ പിന്നീടാണ് ചോരചിന്തി അധികാരത്തില്‍ വന്ന കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ - രക്തത്തില്‍ ചാലിച്ചുറപ്പിച്ച ഭരണകൂടങ്ങള്‍ - വീണുപോയത്. ഇത് കവി മുന്‍കൂട്ടികണ്ടു' - പ്രസന്നരാജന്റെ ഈ നിരീക്ഷണം എഴുത്തച്ഛനെപ്പോലെ ആന്തരികപ്രത്യക്ഷമുള്ള വൈലോപ്പിള്ളിയിലുമുണ്ടായിരുന്നു എന്നതിന് തെളിവാണ്.

അധികാരത്തെയും കവിതയിലെ രാഷ്ട്രീയത്തെയും ആത്മാന്വേഷണത്തിന്റെ തീര്‍ത്ഥയാത്രയിലൂടെ കണ്ടെത്തി അവയില്‍ തന്റെ ഹൃദയചിന്തകളുടെ തുല്യം ചാര്‍ത്തി വായനക്കാര്‍ക്ക് സമര്‍പ്പിച്ചിരിക്കുന്ന ഈ പുസ്തകം കുറേക്കാലങ്ങളോളം മലയാളത്തില്‍ ചര്‍ച്ചചെയ്യപ്പെടും എന്നതില്‍ സംശയമില്ല. എന്നുമാത്രമല്ല, സാഹിത്യത്തിന്റെ മാര്‍ക്കറ്റിംഗിലോ,പബ്ലിക്‌ റിലേഷന്‍സിലോ ഉള്‍പ്പെടാതെ ഒറ്റയ്ക്ക് കരുത്ത് കാട്ടുന്ന ഈ തന്റേടം വിമര്‍ശകനെന്നനിലയില്‍ പ്രസന്നരാജന്‍ നിലനിര്‍ത്തുമെന്നുതന്നെ കരുതാം.


Next Story

Related Stories