TopTop
Begin typing your search above and press return to search.

അറുപതിന്റെ യൗവ്വനത്തുടിപ്പുമായി തിരുനല്ലൂരിന്‍റെ റാണി

അറുപതിന്റെ യൗവ്വനത്തുടിപ്പുമായി തിരുനല്ലൂരിന്‍റെ റാണി

ഈ ആഴ്ചയിലെ പുസ്തകം
റാണി (കവിത)
തിരുനല്ലൂര്‍ കരുണാകരന്‍
പ്രഭാത് ബുക്ക് ഹൌസ്

കായല്‍പ്പരപ്പില്‍ നിന്ന് മന്ദംമന്ദം ഒഴുകിവരുന്ന അനുരാഗഗാനം പോലെ, മലയാളികളുടെ മനസ്സില്‍ നിറഞ്ഞു നിന്ന കാവ്യമാണ് തിരുനല്ലൂരിന്റെ റാണി. പാടുമ്പോള്‍ റാണി സംഗീതവും ആലോചിക്കുമ്പോള്‍ പ്രതിമാശില്‍പ്പം പോലെ ദൃഢവുമാണ്. ഷഷ്ടിപൂര്‍ത്തിയിലെത്തിയ 'റാണി' യെക്കുറിച്ച്.

'റാണിക്ക്' അറുപതു വയസ്സായി. തിരുനല്ലൂരിന് തൊണ്ണൂറും. തിരുനല്ലൂര്‍ കരുണാകരന്‍ ഇന്ന് നമ്മോടൊപ്പമില്ല. എന്നാല്‍ റാണിയിലൂടെയും മറ്റു കവിതകളിലൂടെയും തിരുനല്ലൂര്‍ എന്നും മലയാള കാവ്യഭാവനയില്‍ ഉണര്‍ന്നിരിക്കുക തന്നെ ചെയ്യും. ഷഷ്ടിപൂര്‍ത്തി ആഘോഷിക്കുമ്പോഴും യൗവ്വനത്തികവിന്റെ ഊര്‍ജ്ജവും ഊറ്റവും പ്രസരിപ്പിച്ചുകൊണ്ട് 'റാണി' കാവ്യാസ്വാദകരുടെ സൗന്ദര്യബോധത്തില്‍ കരുത്തും കാന്തിയും പകരുകയാണ് ഇപ്പോഴും.

ചങ്ങമ്പുഴയുടെ 'രമണന്' ശേഷം മലയാളികള്‍ ഇരു കൈകളും നീട്ടി സ്വീകരിച്ച് നെഞ്ചോടു ചേര്‍ത്തുവച്ച കാവ്യമാണ് തിരുനല്ലൂര്‍ കരുണാകരന്റെ 'റാണി'. കാല്‍പ്പനികതയുടെ നിലാവ് ചുറ്റി യൗവ്വനത്തിന്റെ തുടിപ്പുമായി മലയാള കാവ്യഭാവനയുടെ കായലോരത്ത് കാത്ത് നില്‍ക്കുന്ന 'റാണി' യില്‍ അഷ്ടമുടിക്കായലിന്റെ ആഴവും പരപ്പുമുണ്ട്. കയര്‍ തൊഴിലാളികളുടെ അദ്ധ്വാനശക്തിയുണ്ട്. റാട്ടുകളുടെ സംഗീതമുണ്ട്. സര്‍വ്വോപരി കാലഘട്ടം ആവശ്യപ്പെടുന്ന ചില സാമൂഹിക നീതികളുടെ മുഴക്കവും മുന്നറിയിപ്പുമുണ്ട്.

1954 ല്‍ തിരുവനന്തപുരം ആര്‍ട്‌സ് കോളേജില്‍ ലക്ചറര്‍ ആയിരിക്കുമ്പോഴാണ് തിരുനല്ലൂര്‍ 'റാണി' എഴുതിയത്. ലോഡ്ജില്‍ വച്ചായിരുന്നു എഴുത്ത്. നവംബര്‍ മാസത്തിലാണ് എഴുതിപൂര്‍ത്തിയാക്കിയതെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. പിന്നീടത് കേരള കൗമുദി വാര്‍ഷിക പതിപ്പില്‍ ആര്‍ട്ടിസ്റ്റ് വി.എം. ബാലന്റെ ചിത്രീകരണത്തോടെ പ്രസിദ്ധീകരിച്ചു. അതിനുശേഷമാണ് പുസ്തക രൂപത്തില്‍ പ്രകാശിതമാകുന്നത്. പുസ്തകമാക്കിയപ്പോള്‍ ആര്‍ട്ടിസ്റ്റ് ജഗത്ത് എന്ന കൃഷ്ണന്‍കുട്ടി നായര്‍ കരിക്കട്ടയില്‍ വരച്ച ചിത്രം പുസ്തകത്തിന്റെ കവര്‍ ചിത്രമാക്കി. റാണി എഴുതാനുണ്ടായ പ്രചോദനവും സാഹചര്യവും എന്തായിരുന്നുവെന്ന് അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്.''ഹൈസ്‌ക്കൂളില്‍ പഠിക്കുന്ന കാലത്ത് കയര്‍ തൊഴിലാളികളുമായി ബന്ധമുണ്ടായിരുന്നു. അവരുടെ അഗാധസ്‌നേഹം എന്നെ സ്വാധീനിച്ചു. കൂട്ടത്തില്‍ ചെറുപ്പക്കാര്‍, പ്രായമായവര്‍ ഒക്കെ ഉണ്ടാകും. കുട്ടിക്കാലത്ത് ഒരു ക്രിസ്ത്യന്‍ കൂട്ടുകാരനുണ്ടായിരുന്നു. വള്ളം ഊന്നലായിരുന്നു തൊഴില്‍. വള്ളവുമായി കൊച്ചിയിലും മറ്റും പോകും. സഹപാഠിയായിരുന്ന അയാള്‍ ക്ഷയരോഗം വന്ന് മരിച്ചു. ആ വള്ളമൂന്ന് തൊഴിലാളിയുടെ മരണം മനസ്സിനെ വല്ലാതെ സ്പര്‍ശിച്ചു. ഈ സംഭവം പതിനെട്ടു വയസ്സു മുതല്‍ മനസ്സില്‍ കിടക്കുകയായിരുന്നു. റാണിയെപ്പറ്റി പറയുമ്പോള്‍ ഏതെങ്കിലും ഒരു പെണ്‍കുട്ടി എന്റെ മനസ്സില്‍ ഇല്ലായിരുന്നു. എല്ലാ പെണ്‍കുട്ടികളെയും ഇഷ്ടപ്പെട്ടു. അവരുടെ പ്രതീകമാണ് റാണി''.

തിരമാലകളുടെ തരംഗ സംഗീതത്തില്‍ നിന്നും കായലോരത്തിന്റെ കാല്‍പ്പനിക സൗന്ദര്യത്തില്‍ നിന്നും വാര്‍ന്നുവീണ റാണി മലയാള കവിതയില്‍ മായികാ ലോകം തന്നെ സൃഷ്ടിച്ചു. കയര്‍പിരി തൊഴിലാളിയായ റാണിയും വള്ളമൂന്ന് തൊഴിലാളിയായ നാണുവും തമ്മിലുള്ള നിര്‍മ്മല പ്രേമവും അതിന്റെ ശോകപൂര്‍ണ്ണമായ അന്ത്യവുമാണ് കാവ്യവിഷയം. സാധാണക്കാരന്റെ പ്രേമത്തെ പരമോല്‍ക്കൃഷ്ടമാക്കി മാറ്റുന്ന ഒരു പ്രോലിറ്റേറിയന്‍ സൗന്ദര്യാവിഷ്‌ക്കാരവും ഈ കൃതിയെ അനുഗ്രഹിച്ചിട്ടുണ്ട്.

അഷ്ടമുടിക്കായലിലെ ഓളം തുള്ളുന്ന താളത്തിന് അനുരൂപമായ പദങ്ങളാണ് തിരുനല്ലൂര്‍ ഈ കാവ്യത്തില്‍ സ്വീകരിച്ചിരിക്കുന്നത്. ഉപരിപ്ലവമായ സംഗീതത്തില്‍ എഴുതിയ ഒരു പ്രേമകാവ്യമല്ലിത്. തൊഴിലാളി വര്‍ഗ്ഗസ്‌നേഹവും സംസ്‌ക്കാരവും മനുഷ്യജീവിതത്തെക്കുറിച്ചുള്ള അഗാധമായ സ്‌നേവുമാണ് ഇതില്‍ അടങ്ങിയിരിക്കുന്നത്. പാടുമ്പോള്‍ റാണി സംഗീതമാണ്. ആലോചിക്കുമ്പോള്‍ പ്രതിമാശില്‍പംപോലെ ദൃഢവും. ഈ ദ്വന്ദ്വഭാവമാണ് റാണി കാവ്യത്തെ മികവുറ്റതാക്കി മാറ്റുന്നത്.

ബെസ്റ്റ് ഓഫ് അഴിമുഖം

കവിത എഴുതിയാല്‍ തേവിടിശ്ശി ആകുമോ?
വായനയുടെ രഹസ്യവാതില്‍ തുറക്കുന്ന പ്രസന്നരാജന്റെ ലേഖനങ്ങള്‍
പൂര്‍വ്വമാതൃകകളെ ഉടച്ചു വാര്‍ക്കുന്ന ജലച്ഛായ- നോവല്‍ വായന
നചികേതസിനെ തുറക്കാന്‍ പലതരം താക്കോലുകള്‍ - കവിതാ വായന
അപൂര്‍ണതയുടെ ഒരു പുസ്തകം എന്ന നിലയില്‍ ജീവിതം

തൊഴിലാളികളില്‍ അധികവും ജന്മിമാരുടെ കുടികിടപ്പുകാരായിരുന്ന കാലഘട്ടം നമുക്ക് മറക്കാറായിട്ടില്ല. സ്വന്തമായി ഇത്തിരി മണ്ണ് വാങ്ങുക എന്നത് അന്നത്തെ പട്ടിണിപ്പാവങ്ങളുടെ സ്വപ്നമായിരുന്നു. ആ സ്വപ്നത്തിന്‍റെ പ്രകാശനത്തില്‍ വിപ്ലവാശയത്തിന്റെ ഛായ ദര്‍ശിച്ച കവിയാണ് തിരുനല്ലൂര്‍. അതുകൊണ്ടാകാം അദ്ദേഹം 'റാണി' യില്‍ എഴുതിവച്ചു:

''സ്വന്തമായിത്തിരി മണ്ണുവാങ്ങിച്ചതില്‍
കൊച്ചൊരു കൂരയും കെട്ടി
മാനമായ് നിന്നെ ഞാന്‍ കൊണ്ടുപോകില്ലയോ
താലിയും മാലയും ചാര്‍ത്തി.....''

കാലമിത്രയായിട്ടും ഇന്നും ആ വരികള്‍ പ്രസക്തമല്ലേ? ഒരു തുണ്ടു ഭൂമയില്ലാതെ ഭ്രമണം ചെയ്യുന്ന എത്രയോ പാവങ്ങള്‍ നമുക്കിടയില്‍ ഇപ്പോഴും 'ജീവിച്ചു' ചാകുന്നു!

റാണിയുടെ പ്രചാരത്തിന് അതിറങ്ങിയ കാലത്ത് കഥാപ്രസംഗം പോലുള്ള കലാരൂപങ്ങളും പ്രയോജനപ്പെട്ടു. കേരളത്തിലെ അന്നത്തെ തൊഴിലാളി പ്രസ്ഥാനം റാണിയെ സ്വന്തം സാഹിത്യ സൃഷ്ടിയായി ഏറ്റെടുത്തു. ആ നിലയില്‍ ഒട്ടനവധി കലാസമിതികളും കലാകാരന്മാരും പല രൂപങ്ങളില്‍ റാണിയെ അവതരിപ്പിച്ചു. റാണിക്ക് ഏറ്റവും കൂടുതല്‍ പ്രചാരം നല്‍കിയ കലാകാരന്‍ കാഥിക സാമ്രാട്ട് വി. സാംബശിവനായിരുന്നു. റാണി കഥാപ്രസംഗമായി അവതരിപ്പിച്ച സാംബശിവന്‍ അന്ന് കഥാപ്രസംഗ കലയിലെ രാജകുമാരനായി വാഴുകയായിരുന്നു.

ഒരു കാലത്ത് തെക്കന്‍ കേരളത്തിലെ കലാശാലകളില്‍ ഏറ്റവുമധികം ആലപിക്കപ്പെട്ട പ്രണയഗാനങ്ങള്‍ തിരുനല്ലൂരിന്റേതായിരുന്നു. അനുഭവതീക്ഷണങ്ങളായ പ്രേമഗീതികളാണ് അദ്ദേഹം എഴുതിയത്. 'അന്തിമയങ്ങുമ്പോള്‍' എന്ന ഗാനസമാഹാരം ഇതിന്റെ പ്രത്യക്ഷോദാഹരണമാണ്. ഈ പുസ്തകത്തിന്റെ ആറ് പതിപ്പുകള്‍ അക്കാലത്തിറങ്ങി.

'അന്തിമയങ്ങുമ്പോള്‍ അമ്പിളിപൊങ്ങുമ്പോള്‍
അന്തികത്തെത്തുമോ തോഴാ.....

****************
'കാറ്റേ നീ വീശരുതിപ്പോള്‍
കാറേ നീ പെയ്യരുതിപ്പോള്‍
ആരോമല്‍ തോണിയിലെന്റെ
ജീവന്റെ ജീവനിരിപ്പൂ....
നീലത്തിരമാലകല്‍ മേലേ
നീന്തുന്നൊരു പൂവിതള്‍പോലെ
കാണാമത്തോണി പതുക്കെ
കാണാമത്തോണി പതുക്കെ
ആലോലം പോകുന്നതകലെ.....
എന്നുമൊക്കെ എഴുതി യുവഹൃദയങ്ങളെ അദ്ദേഹം കീഴടക്കി.

തിന്മകള്‍ക്കും അനീതിക്കുമെതിരെ എന്നും ശബ്ദിച്ചിട്ടുള്ള തിരുനല്ലൂര്‍ ജീവിതത്തില്‍ ഒരിക്കലും വിട്ടു വീഴ്ചയ്ക്ക് തയ്യാറായിരുന്നില്ല. 1982 ജൂലൈ 25 ന് പുരോഗമനകലാസാഹിത്യസംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച 'സാംസ്‌ക്കാരിക രംഗത്തെ ആനുകാലിക പ്രശ്‌നങ്ങള്‍' എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് തിരുനല്ലൂര്‍ നടത്തിയ പ്രസംഗത്തിലെ രാമായണ സംസ്‌ക്കാരത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങളെ വിമര്‍ശിച്ച് പി. പരമേശ്വരന്‍ ഒരു ലേഖനം എഴുതി. അതിന് അക്കാലത്തു തന്നെ തിരുനല്ലൂര്‍ മറുപടിയും നല്‍കി. ശ്രീരാമന്റെ ശൂദ്രവധവും ശ്രീപരമേശ്വരന്റെ രാമായണ വധവും എന്ന തലക്കെട്ടിലായിരുന്നു ലേഖനം. അന്ന് തിരുനല്ലൂര്‍ നടത്തിയ പ്രസംഗം 'ശൂദ്രമേധ സംസ്‌ക്കാരം പുനഃസ്ഥാപിക്കാന്‍ ശ്രമം' എന്ന പേരില്‍ 'ദേശാഭിമാനി' റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്ന് പരമേശ്വരന് നല്‍കിയ മറുപടി ലേഖനവും 'ദേശാഭിമാനി' യില്‍ തന്നെ പ്രസിദ്ധീകരിച്ചു.

2002 ലെ ഗുജറാത്ത് കൂട്ടക്കൊലയ്‌ക്കെതിരെ നരേന്ദ്രമോദിയെ വിമര്‍ശിച്ചുകൊണ്ട് തിരുനല്ലൂര്‍ 2002 മെയ് 26 ലക്കത്തിലെ 'ദേശാഭിമാനി വാരാന്തപ്പതിപ്പില്‍' എഴുതിയ പ്രതികരണ ലേഖനവും ശ്രദ്ധേയമായിരുന്നു.

'ഭൂരിപക്ഷത്തിന്റെ രാഷ്ട്രീയാധിപത്യ പ്രവണത ഇന്ത്യയില്‍ ആപത്ക്കരമാംവിധം വളര്‍ന്നുകൊണ്ടിരിക്കുന്നു. ഏത് ശക്തിക്കും ഭാരതത്തെ ഒരു ഹിന്ദു രാഷ്ട്രമാക്കാന്‍ സാധ്യമല്ലെങ്കിലും ആ വഴിക്കുള്ള നീക്കം രാജ്യത്തെ വന്‍പിച്ച നാശത്തിലേക്കു നയിക്കും''. - 1992 ല്‍ ജനയുഗത്തിന്റെ എഡിറ്ററായിരിക്കെ തിരുനല്ലൂര്‍ എഴുതിയ എഡിറ്റോറിയലിലെ ഒരു ഭാഗമാണിത്. ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ ഈ വാചകങ്ങള്‍ക്ക് പ്രസക്തിയുണ്ടോ എന്ന് പരിശോധിക്കുന്നത് നന്നായിരിക്കും.


Next Story

Related Stories