TopTop
Begin typing your search above and press return to search.

ഇറച്ചിയേറ് പോലെ ദൈവസന്നിധിയിലേക്ക്- ബന്യാമിന്റെ 'ഒറ്റമരത്തണല്‍', വായന

ഇറച്ചിയേറ് പോലെ ദൈവസന്നിധിയിലേക്ക്- ബന്യാമിന്റെ ഒറ്റമരത്തണല്‍, വായന

ഈ ആഴ്ചയിലെ പുസ്തകം
ഒറ്റമരത്തണല്‍ (അനുഭവം)
ബന്യാമിന്‍
ഗ്രീന്‍ ബുക്‌സ്
വില: 130 രൂപ

'ആടു ജീവിതം' ആഴത്തില്‍ അനുഭവിപ്പിച്ച മലയാള നോവല്‍ വായനയിലെ വേറിട്ട ശബ്ദമാണ് ബന്യാമിന്‍. ചുറ്റുപാടുമുള്ള ദൃശ്യങ്ങളും സ്വരങ്ങളും സ്വാംശീകരിച്ച് സര്‍ഗ്ഗാത്മകവീര്യം പ്രസരിപ്പിച്ചുള്ള ബന്യാമിന്റെ രചനാരീതി പുതിയൊരു വായനാസംസ്‌കാരത്തിന് വഴിമരുന്നിട്ടു. സാമൂഹിക ജീവിതത്തിലെ കൊച്ചുകൊച്ചു കാര്യങ്ങള്‍ പോലും സൂക്ഷ്മമായി ഉള്‍ക്കൊള്ളാനും അത് തന്റേതായ രീതിയില്‍ അവതരിപ്പിക്കാനും എഴുത്തുകാരന്‍ എന്ന നിലയില്‍ ബന്യാമിന്‍ കാണിക്കുന്ന കണിശതയും കരുത്തും ശ്ലാഘിക്കപ്പെടേണ്ടതുതന്നെ.

ഇവിടെ പരാമര്‍ശവിധേയമാകുന്ന 'ഒറ്റമരത്തണല്‍' എഴുത്തുകാരന്റെ ഉറങ്ങാത്ത മനസ്സ് ജീവിതത്തിന്റെ മേല്‍ അടയിരിക്കുന്നു എന്ന പ്രസ്താവത്തിന് അടിവരയിടുന്നതാണ്. ജീവിതം, പ്രജ്ഞ, നിലനില്‍പ്പ് എന്നിവയെക്കുറിച്ച് മനുഷ്യന്റെ ചേതനയെ ഉണര്‍ത്തുന്നതാണ് അനുഭവം എന്ന് വിവക്ഷിക്കുന്നു ഈ സമാഹാരം. നമുക്കു ചുറ്റുമുള്ള ഒത്തിരി വിഷയങ്ങളെക്കുറിച്ചാണ് ബന്യാമിന്‍ അടയാളപ്പെടുത്തിയിരിക്കുന്നത്.മരണത്തിന്റെ ആര്‍ഭാടങ്ങള്‍, ജയില്‍ ചപ്പാത്തി, പൊതുയോഗങ്ങളിലെ ഹിപ്പോക്രസികള്‍, അശ്ലീലമായി തോന്നുന്ന ദാനങ്ങളും തുലാഭാരങ്ങളും, പഠിപ്പ്, പരിസ്ഥിതി, ചാനലുകള്‍, മഴക്കാലം, സ്‌പോണ്‍സര്‍ഷിപ്പുകള്‍, വായന, ഫാസിസം, ഫേസ്ബുക്ക്, ആര്‍ക്കൊക്കെയോ വേണ്ടിയുള്ള സംസ്‌കാരങ്ങള്‍, രാഷ്ട്രീയപാര്‍ട്ടികളുടെ കൊലപാതകസംസ്‌കാരം തുടങ്ങി ഒട്ടനവധി വിഷയങ്ങളാണ് ഈ പുസ്തകത്തില്‍ അനാവരണം ചെയ്യപ്പെടുന്നത്. വര്‍ത്തമാനകാലത്തിന്റെ വിഹ്വലതകള്‍ നിറഞ്ഞ വിഷയങ്ങളിലൂടെ ജാഗരൂകമായ ഒരു മനസ് നടത്തുന്ന ധീരമായ സഞ്ചാരമാണ് ഈ പുസ്തകത്തിന്റെ കാതല്‍.

'ജയില്‍ ചപ്പാത്തി' എന്ന ആദ്യ ലേഖനത്തില്‍ സമൂഹ മനസ്സിന്റെ ഉള്ളില്‍ ഒളിഞ്ഞിരിക്കുന്ന ഒരു മനോഭാവത്തെയാണ് ബന്യാമിന്‍ എടുത്തു പുറത്തിടുന്നത്. ജയിലില്‍ ചപ്പാത്തി ഉണ്ടാക്കാമോ? അതു വില്‍ക്കലാണോ പൊലീസുകാരുടെ പണി? ഭക്തജനങ്ങള്‍ അതു വാങ്ങി ഭുജിക്കാമോ? എന്നിങ്ങനെ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവരുമ്പോഴും തടവുകാരുടെ മാനസിക ഉന്നമനം ലക്ഷ്യമാക്കിയുള്ള ഈ പരീക്ഷണം ശ്ലാഘിക്കപ്പെടേണ്ടതുതന്നെ. ഏറിവരുന്ന ഭക്തിക്ക് ഈ സമൂഹത്തില്‍ കാര്യമായിട്ടൊന്നും ചെയ്യാന്‍ കഴിയാതിരിക്കുമ്പോഴും കുറച്ച് ചപ്പാത്തികള്‍ക്കും ഇഡ്ഡലികള്‍ക്കും ജയിലിലുള്ളവരുടെ മനോഭാവം മാറ്റാനെങ്കിലും കഴിയുമെങ്കില്‍ അത് നല്ലതല്ലേ? ബെന്യാമിന്റെ ചോദ്യമാണിത്. ഈ ചിന്ത തീര്‍ച്ചയായും ഒരെഴുത്തുകാരന്റെ സര്‍ഗ്ഗവീര്യമുള്ള പ്രതിഭയുടെ മിന്നല്‍പ്പിണര്‍ തന്നെയാണ്.ടച്ച് സ്‌ക്രീന്‍ മൊബൈലില്‍ ചുറ്റും മെസേജും തപ്പിനോക്കിയിരിക്കുന്ന പുതുതലമുറയെ ബാധിച്ചിരിക്കുന്ന 'ഇന്‍ബോക്‌സ് ഡിസീസിനെക്കുറിച്ചാണ് 'ചുണ്ണാമ്പുതേപ്പുകാര്‍' എന്ന ലേഖനത്തില്‍ ബന്യാമിന്‍ സംസാരിക്കുന്നത്. കേരളത്തില്‍ ഇന്ന് എവിടെ തിരിഞ്ഞുനോക്കിയാലും പൂത്തപൂമരങ്ങളല്ല; മറിച്ച് 'വെറ്റിലയില്‍ ചൂണ്ണാമ്പു പുരട്ടുന്ന' വരെ മാത്രമേ കാണുന്നുള്ളു എന്ന ബന്യാമിന്റെ നിരീക്ഷണത്തില്‍ ഹാസ്യത്തില്‍ പൊതിഞ്ഞ വിമര്‍ശനമാണുള്ളത്. 'വാര്‍ത്താ ചാനലുകള്‍ നമ്മളെ എങ്ങനെ സ്‌ക്രോള്‍ ന്യൂസുകളുടെയും ബ്രേക്ക് ന്യൂസുകളുടെയും അടിമകള്‍ ആക്കിയോ അതിനേക്കാള്‍ നൂറുമടങ്ങ് ഗുരുതരാവസ്ഥ ഇക്കാര്യത്തിലുണ്ട്.' എന്ന മുന്നറിയിപ്പുകൂടിയാണ് ഈ ലേഖനം.

ഒരു കല്യാണപ്പന്തലിലേക്ക് പ്രവേശിക്കുന്ന തരത്തിലുള്ള ആരവാഹ്ലാദങ്ങളും ആഘോഷങ്ങളുമാണ് ഒരു മരണവീട്ടിലേക്ക് നാം കടന്നുചെല്ലുമ്പോഴുള്ള അനുഭവം എന്ന യാഥാര്‍ത്ഥ്യത്തെ ബന്യാമിന്‍ വരച്ചിടുമ്പോള്‍ പൊള്ളുന്നത് സമൂഹമനസ്സാണ്. ശവസംസ്‌കാര ചടങ്ങുകള്‍ പോലും ആഘോഷിക്കപ്പെടുകയും ലൈവ് ടെലികാസ്റ്റ് ചെയ്യപ്പെടുകയും ചെയ്യുന്ന വല്ലാത്ത ഒരവസ്ഥയിലേക്കാണ് കേരള സമൂഹം നടന്നുപോകുന്നതെന്നറിയുമ്പോഴുണ്ടാകുന്ന ആത്മവേദനയാണ് എഴുത്തുകാരന്‍ എന്ന നിലയില്‍ ബന്യാമിനെ ആകുലനാക്കുന്നത്. 'വീട്ടിലാരെങ്കിലും ഒന്നു മരിച്ചിരുന്നെങ്കില്‍.... ഒരു ശവമടക്ക് നടത്തി കാണിച്ചുകൊടുക്കാമായിരുന്നു...' എന്ന് ജയന്‍ ശൈലിയില്‍ ആരെങ്കിലും പറഞ്ഞാല്‍ വിശ്വസിക്കാന്‍ പറ്റാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.

'നന്മയാത്രകള്‍' എന്ന ലേഖനത്തില്‍ ബന്യാമിന്‍ സ്‌നേഹത്തിന്റെ സ്പര്‍ശമുള്ള, നമ്മളൊക്കെ മറന്നുപോയ ചില കുഞ്ഞുയാത്രകളെ ഓര്‍മ്മിപ്പിക്കുന്നു. 'വലിയ യാത്രകള്‍ക്കിടയില്‍ എന്നെന്നേക്കുമായി നാം മറന്നുകളഞ്ഞ ചില കുഞ്ഞുയാത്രകളുണ്ട്. അമ്മ വീട്ടിലേക്ക്, ബന്ധുവീടുകളിലേക്ക്, കൂട്ടുകാരന്റെ നാട്ടിലേക്ക്... ഈ യാത്രകളാണ് വാസ്തവത്തില്‍ മനുഷ്യനെ മനുഷ്യനുമായി അരക്കിട്ടുറപ്പിക്കുന്ന ആത്മബന്ധങ്ങള്‍. ആ ബന്ധങ്ങള്‍ക്ക് സ്ഥാനമില്ലെങ്കില്‍ പിന്നെ നമ്മുടെ ജീവിതം കൊണ്ട് എന്തര്‍ത്ഥം?'

ഇറച്ചിയേറ് പോലെ ദൈവത്തിന്റെ സന്നിധിയിലേക്ക് കാണിക്ക എറിഞ്ഞുകൊടുക്കുന്നവരെ ഒരു നിമിഷം ഒന്നിരുത്തി ചിന്തിപ്പിക്കുകയാണ് ബന്യാമിന്‍. ഉഗ്രപ്രതാപിയായ ദൈവത്തിനോട് നാം ഇങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ നിസ്സാരനായ മനുഷ്യനോടുള്ള മനോഭാവം എന്താവും? എന്നാണ് ബന്യാമിന്‍ ചോദിക്കുന്നത്. 'നമ്മുടെ വിയര്‍പ്പിന്റെ ഒരു പങ്കാണ് നാം ഭിക്ഷ കൊടുക്കേണ്ടത്. അപ്പോഴാണ് അതില്‍ കരുണ കലരുന്നത്. പക്ഷെ വിയര്‍പ്പൊഴുക്കാത്ത പണം എറിഞ്ഞ് നമ്മുടെ ഗമ കാണിക്കാനുള്ള നടകളായി നാം അന്യന്റെ ജീവിതത്തെ കാണുമ്പോള്‍ അത് വെറും ഇറച്ചിയേറായി മാറുന്നു....' ബന്യാമിന്റെ ഈ നിരീക്ഷണം എത്ര ചിന്താദ്ദീപകവും മാനുഷികവുമാണെന്ന് നോക്കുക. മാനവികതയുടെ ആര്‍ദ്രമനോഹരമായ മനോഭാവമാണ് ഇതില്‍ നിഭൃതമായിരിക്കുന്നത്.

വായിക്കാന്‍ സമയമില്ല എന്നാണ് പലരോടും നാം ചോദിക്കുമ്പോള്‍ കിട്ടുന്ന ഉത്തരം. തിരക്കാണ് അക്കൂട്ടര്‍ അതിന് കാരണമായി പറയുന്നത്. എന്നാല്‍ ഈ ഓട്ടത്തിനും തിരക്കിനുമിടയില്‍ വായിക്കാനും സമയം കണ്ടെത്താം എന്ന നല്ല വാക്കുകളാണ് ബന്യാമിന്‍ ഓതുന്നത്. വായനയിലൂടെ അര്‍ത്ഥപൂര്‍ണ്ണമായ ദിവസങ്ങളില്‍ ജീവിക്കാന്‍ നമുക്ക് കഴിയട്ടെ എന്നും അദ്ദേഹം ആശംസിക്കുന്നു.

ഭാവിയില്‍ നടക്കാന്‍ പോകുന്ന ജലയുദ്ധത്തെ കുറിച്ചുള്ള മുന്നറിയിപ്പും ഒപ്പം മഴവെള്ളം ശേഖരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ബന്യാമിന്‍ ഓര്‍മ്മിപ്പിക്കുന്നു. വറ്റാത്ത കിണറുകളുള്ള ഒരു കേരളമാവും നമുക്ക് നാളത്തെ തലമുറയ്ക്ക് കൊടുക്കാവുന്ന മികച്ച സമ്മാനമെന്ന് കൂടി ബന്യാമിന്‍ പറഞ്ഞുവയ്ക്കുന്നു.

കേരളം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ജീവിക്കാന്‍ കൊള്ളാവുന്ന ഇടമാണെന്ന് അഭിമാനത്തോടെ പറയുന്ന ബെന്യാമിന്‍, സ്വന്തം നാടിന്റെ നല്ലകാലത്തെയാണ് സ്വപ്നം കാണുന്നത്. 'മറ്റു നഗരങ്ങളില്‍ നിന്നും വന്നെത്തുന്ന ഭീതിജനകമായ വാര്‍ത്തകള്‍ കേള്‍ക്കുമ്പോഴെ കേരളം എത്ര സുന്ദരമായ ഭൂമിയാണെന്ന് മനസ്സിലാകൂ. - ബന്യാമിന്‍ പറയുന്നു.

ഈ പുസ്തകത്തിലെ അവസാന ലേഖനമാണ് 'കുടിയന്‍മാരുടെ പുസ്തകം'. കേരളത്തെ സംബന്ധിച്ച് ഇന്ന് ബാര്‍ വിഷയാണ് പ്രധാനം. 'സമ്പൂര്‍ണ്ണ മദ്യനിരോധനം' എന്ന ഉമ്മാക്കി കാണിച്ച് പേടിപ്പിക്കാന്‍ ശ്രമിക്കുകയാണ് ചില നേതാക്കള്‍ എന്ന ബന്യാമിന്‍ അഭിപ്രായപ്പെടുന്നു. ഇതൊരു തമാശ നിറഞ്ഞ പ്രസ്താവനയാണെന്നും അതിനെ അവഗണിക്കുകയും ചെയ്യാം എന്ന് ബന്യാമിന്‍ പറയുന്നു. മദ്യപാനം കേരളത്തിന്റെ യാഥാര്‍ത്ഥ്യമാണെന്നും അവരെ സമൂഹത്തിന്റെ ഭാഗമാക്കാതെ ഇനി നമുക്കു മുന്നോട്ടു പോകാനാവില്ല എന്നുമാണ് സംശയത്തിനിടനല്‍കാത്തവിധം ബന്യാമിന്‍ പറഞ്ഞുവയ്ക്കുന്നത്.


Next Story

Related Stories