TopTop
Begin typing your search above and press return to search.

വായനയുടെ രഹസ്യവാതില്‍ തുറക്കുന്ന പ്രസന്നരാജന്റെ ലേഖനങ്ങള്‍

വായനയുടെ രഹസ്യവാതില്‍ തുറക്കുന്ന പ്രസന്നരാജന്റെ ലേഖനങ്ങള്‍

പ്രസന്നരാജന്റെ ലേഖനങ്ങള്‍ (ലേഖനങ്ങള്‍)
പ്രസന്നരാജന്‍
സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം
വില: 150 രൂപ

വ്യാഖ്യാനിക്കുമ്പോള്‍ വിമര്‍ശകന്‍ കവിയെക്കുറിച്ചും മൂല്യനിര്‍ണ്ണയം ചെയ്യുമ്പോള്‍ തന്നെ കുറിച്ചുമാണ് സംസാരിക്കുന്നതെന്ന നോര്‍ത്രേപ് ഫ്രൈയുടെ നിരീക്ഷണം സാഹിത്യവിമര്‍ശന പദ്ധതിയിലേക്കുള്ള പ്രവേശനകവാടമാണ്. ഓരോ കലാസൃഷ്ടിയെയും വിലയിരുത്തുമ്പോള്‍ വിമര്‍ശകന്‍ അയാളുടെ വിചാര ജീവിതത്തെ പുതുക്കിപ്പണിയുകയാണ് ചെയ്യുന്നത്. മഹത്തായ കലാസൃഷ്ടി ഒരു പ്രവാഹം പോലെയാണ് വ്യക്തിമനസ്സിലൂടെ കടന്നുപോകുന്നത്. അത് സകലതിനെയും രൂപപരിണാമങ്ങള്‍ക്ക് വിധേയമാക്കുന്നു. അപ്പോള്‍ വിമര്‍ശകന്‍ ചിന്തയുടെയും സൗന്ദര്യബോധത്തിന്റെയും പുതിയ സമവാക്യങ്ങള്‍ സൃഷ്ടിക്കുന്നു.

ഇവിടെ പരിചയപ്പടുത്തുന്ന 'പ്രസന്നരാജന്റെ ലേഖനങ്ങള്‍' എന്ന പുസ്തകം ഒരു സാഹിത്യവിമര്‍ശനമെന്ന നിലയില്‍ ഡോ. പ്രസന്നരാജന്റെ സത്യസന്ധവും സാഹസികവുമായ സഞ്ചാരപഥങ്ങളെ തുറന്നുകാട്ടുന്നു. ആര്‍ജ്ജിത സംസ്‌കാരത്തില്‍ നിന്ന് ആര്‍ജ്ജവമുള്ള ഭാഷാശൈലിയും വിപുലമായ വായനയില്‍ നിന്ന് ആഴത്തിലുള്ള നിരീക്ഷണങ്ങളും ഈ കൃതിക്ക് പരഭാഗശോഭ പകരുന്നു. ദുരൂഹതയുടെയോ വാചാടോപങ്ങളുടെയോ അസുഖം ബാധിച്ചിട്ടില്ലാത്ത ഈ കൃതി തികച്ചും ആരോഗ്യപൂര്‍ണ്ണമായ ചിന്തയുടെയും ദര്‍ശനത്തിന്റെയും പരിച്ഛേദമാണ് ഈ പുസ്തകം. രണ്ടു ഭാഗങ്ങളുണ്ട് ഈ പുസ്തകത്തിന്. 17 ലേഖനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ആദ്യഭാഗം വിമര്‍ശന സമീപനങ്ങളും എട്ട് ലേഖനങ്ങള്‍ ഉള്‍ക്കൊള്ളുന്ന 'കവിത എന്ത് എന്തിന്' എന്ന രണ്ടാം ഭാഗവും. ലളിതമായ ശൈലിയിലൂടെയാണ് ആശയങ്ങള്‍ വായനക്കാരിലേക്ക് കടത്തിവിടുന്നത്.'വിമര്‍ശനം: ധര്‍മ്മവും ലക്ഷ്യവും' എന്ന ആദ്യലേഖനത്തില്‍ എന്താണ് സാഹിത്യവിമര്‍ശനം എന്ന വിഷയത്തെ അപഗ്രഥിക്കുകയാണ് പ്രസന്നരാജന്‍. അതിലൂടെ സാഹിത്യവിമര്‍ശകന്റെ ധര്‍മ്മം എന്താണെന്നും കാണിച്ചുതരുന്നു. ഏതൊരു കൃതിയിലേക്കും ഒരു പാട് രഹസ്യവഴികളുണ്ടായിരിക്കും. ആ രഹസ്യവഴികള്‍ വെട്ടിത്തെളിക്കുക എന്നതാണ് വിമര്‍ശകന്റെ ജോലി. ഓരോ വായനയിലും കലാസൃഷ്ടിക്ക് ഭിന്നാര്‍ത്ഥങ്ങളുണ്ടാവും. സരളമെന്നു തോന്നുമ്പോഴും അതില്‍ നിന്ന് സങ്കീര്‍ണ്ണതയുടെ താളം പുറപ്പെട്ടുകൊണ്ടിരിക്കും. മരുപ്പച്ചകളിലെ കള്ളദൈവങ്ങളില്‍ നിന്ന് രക്ഷപ്പെട്ട് ദൈവങ്ങളില്ലാത്ത മരുഭൂമിയിലേക്ക് പോകുന്ന സത്യദര്‍ശിയെപ്പോലെയാകണം സാഹിത്യവിമര്‍ശകന്‍. മുന്‍വിധികളും നിലവിലുള്ള പ്രബലധാരണകളും മാറ്റിവച്ച് രചനകളിലൂടെ സാഹസികമായി യാത്രചെയ്യാന്‍ വിമര്‍ശകര്‍ തയ്യാറാകണം. ആരെയും അനുസരിക്കാത്ത ഒരു തരം സിംഹപ്രകൃതി തന്നെ വിമര്‍ശകന് ആവശ്യമാണ്. വിമര്‍ശനകലയില്‍ ഇത്തരം സിംഹപ്രകൃതികളാണ് ഇനി വേണ്ടത്.

പ്രസന്നരാജന്റെ ഈ നിരീക്ഷണം തുടര്‍ന്നുള്ള ലേഖനങ്ങളിലേക്കുള്ള താക്കോലാണ്. അത് തുറന്നുചെല്ലുമ്പോള്‍ കാണുന്ന ആശയലോകത്തിന്റെ വ്യത്യസ്ത മാനങ്ങള്‍ വായനക്കാരെ ചിന്തിപ്പിക്കുക തന്നെ ചെയ്യും. ഒടുവില്‍ പറഞ്ഞ സിംഹപ്രകൃതി ഇന്നത്തെ പുതുതലമുറയിലെ ഏതെങ്കിലും നിരൂപകനുണ്ടോ? വര്‍ത്തമാനകാല സാഹിത്യവിമര്‍ശനത്തില്‍ മുഴക്കംകൊള്ളുന്ന ഒരു ചോദ്യമാണിത്. നമ്മുടെ വിമര്‍ശനകലയുടെ കാലഹരണപ്പെട്ടുകൊണ്ടിരിക്കുന്ന കാഴ്ച്ചപ്പാടുകളിലേക്ക് അതിന്റെ നെഞ്ചിലേക്ക് ഏല്‍ക്കുന്ന സിംഹതാഡനമല്ലേ ഇത്?

'നല്ല സഹൃദയനല്ലാത്തവന്‍ നല്ല വിമര്‍ശകനാവുന്നില്ല. നല്ല ആസ്വാദകനോ വായനക്കാരനോ പോലും ആകുന്നില്ല.' 'നല്ല വിമര്‍ശനങ്ങളില്‍ എത്ര സഹൃദയരുണ്ട്?' എന്ന ലേഖനത്തില്‍ പ്രസന്നരാജന്‍ പറഞ്ഞുവയ്ക്കുന്ന കാതലായ പ്രശ്‌നമാണിത്. മാര്‍ക്‌സിസ്റ്റ് വിമര്‍ശനത്തെ നിശിതമായി വിമര്‍ശിച്ചുകൊണ്ടാണ് പ്രസന്നരാജന്‍ സഹൃദയഹൃദയത്തിന്റെ ആവശ്യകതയിലേക്ക് വിരല്‍ചൂണ്ടുന്നത്. സഹൃദയത്വം നല്‍കുന്ന അനുഭൂതി ലഹരിയില്‍ നിന്ന് ജനിക്കുന്ന ഒരു വാക്കുപോലും മാര്‍ക്‌സിസ്റ്റ് നിരൂപകരില്‍ മഷിയിട്ട് നോക്കിയാല്‍ പോലും കാണില്ല എന്ന് പ്രസന്നരാജന്‍ പറയുന്നു. മാര്‍ക്‌സിസ്റ്റ് വിമര്‍ശകര്‍ ചിന്തകരാണ്. എന്നാല്‍ സഹൃദയരല്ല. ഏറ്റവും പുതിയ തലമുറയിലെ ഉത്തരാധുനിക വിമര്‍ശകര്‍ക്കുപോലും സഹൃദയത്വം സമ്മാനിക്കുന്ന പാഠങ്ങളിലൂടെ വിമര്‍ശനകലയെ സര്‍ഗ്ഗാത്മകമാക്കാന്‍ സാധിക്കുന്നില്ല എന്നുകൂടി പ്രസന്നരാജന്‍ പ്രസ്താവിക്കുന്നു. ഈ ലേഖനം സഹൃദയപാഠത്തിന്റെ അടിസ്ഥാനതത്ത്വങ്ങളെ നിര്‍ദ്ധാരണം ചെയ്യുന്നു.

ഒരു മുക്കുവനെപ്പോലെയാണ് സര്‍ഗ്ഗനിമിഷങ്ങളിലെ കവി. വാക്കുകള്‍ക്കും കല്‍പനകള്‍ക്കും വേണ്ടി കവി സമാധിയിരിക്കുന്നു. കടലിന്റെ അഗാധതയില്‍ നിന്ന് മത്സ്യങ്ങള്‍ ചൂണ്ടയിലേക്ക് വരുന്നത് പോലെയാണ് അബോധമനസ്സില്‍ നിന്ന് കാവ്യബിംബങ്ങള്‍ ഉയര്‍ന്നുവരുന്നത്. 'മൂല്യനിര്‍ണ്ണയത്തിന്റെ മറ്റൊരദ്ധ്യായം' എന്ന ലേഖനത്തില്‍ ചര്‍ച്ച ചെയ്യുന്നത് ഈയൊരു ആശയമാണ്. കാവ്യവിമര്‍ശനത്തിന്റെ ഉള്ളിലേക്ക് കടന്നുചെല്ലുകയാണ് ഈ ലേഖനം. മലയാളത്തിലെ കാവ്യവിമര്‍ശനം 'നിശ്ചലമായ ഒരു നദിപോലെ'യാണെന്ന് ലേഖകന്‍ നിരീക്ഷിക്കുന്നു.

'ആധുനികത- ഒരു പൊളിച്ചെഴുത്ത്' എന്ന ലേഖനം ഈ ഗ്രന്ഥത്തിലെ ജ്വലിക്കുന്ന ഒരദ്ധ്യായമാണ്. രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ആത്മീയ ദുരന്തത്തെക്കുറിച്ച് അന്വേഷിക്കുന്ന പ്രസന്നരാജന്‍ 'ആധുനികരുടെ രചനകളില്‍ രാഷ്ട്രീയമായ പേടിസ്വപ്നങ്ങള്‍ കറുത്ത ഉത്സവങ്ങള്‍ സൃഷ്ടിച്ചത് നാം മനസ്സിലാക്കിയില്ല' എന്ന് പറയുന്നു. ഒരു സംസ്‌കാരത്തിന്റെ മരണം എടുത്തുകാട്ടുവാന്‍ ആധുനികതയുടെ ശക്തമായ ഘട്ടത്തില്‍ തന്നെ കാക്കനാടന് 'ഉഷ്ണമേഖല' (1969) യിലൂടെ സാധിച്ചു. പ്രവചനപരമായ ഉള്‍ക്കാഴ്ച പ്രകടിപ്പിക്കുന്ന രാഷ്ട്രീയ ദാര്‍ശനിക നോവലാണിതെന്ന് പ്രസന്നരാജന്‍ അടിവരയിട്ട് അടയാളപ്പെടുത്തുന്നു. ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ആത്മീയദുരന്തം ഏറ്റവും ശക്തമായും സത്യസന്ധമായും കാക്കനാടന്‍ രേഖപ്പെടുത്തി. ഈയൊരു അവസ്ഥ മലയാളത്തിലെ വിമര്‍ശകര്‍ക്ക് കാണാനായില്ല. 'ഉഷ്ണമേഖല'യോട് വിമര്‍ശകര്‍ കാണിച്ച അവഗണന ചരിത്രത്തോട് കാണിച്ച കൊടിയ നീതികേടുതന്നെയാണെന്ന് അല്‍പം രോഷം പൂണ്ട വാചകങ്ങളില്‍ പ്രസന്നരാജന്‍ കുറിച്ചിടുന്നു. ഇവിടെ വി.കെ.എന്‍., ആനന്ദ്, വിജയന്‍, എം.സുകുമാരന്‍, പട്ടത്തുവിള എന്നിവരുടെ കൃതികളിലൂടെയും രാഷ്ട്രീയദര്‍ശനത്തിന്റെ ചിത്രങ്ങള്‍ വരച്ചുകാട്ടുന്നുണ്ട്.

ബെസ്റ്റ് ഓഫ് അഴിമുഖം

വഴി തെറ്റിയ യാത്രാ വര്‍ത്തമാനങ്ങള്‍; മാസിഡോണിയ , അമേരിക്ക, പോളണ്ട്
അപൂര്‍ണതയുടെ ഒരു പുസ്തകം എന്ന നിലയില്‍ ജീവിതം
നചികേതസിനെ തുറക്കാന്‍ പലതരം താക്കോലുകള്‍ - കവിതാ വായന
പൂര്‍വ്വമാതൃകകളെ ഉടച്ചു വാര്‍ക്കുന്ന ജലച്ഛായ- നോവല്‍ വായന
വായിക്കാം, മറ്റൊരു ദുര്യോധനനെ

ഉത്തരാധുനികത ദൃഢമായ ഒരു സാഹിത്യ യാഥാര്‍ത്ഥ്യമാണെന്ന് വിശ്വസിക്കുന്ന പ്രസന്നരാജന്‍ അതിന്റെ അര്‍ത്ഥവും യാഥാര്‍ത്ഥ്യവും അന്വേഷിക്കുന്നു. 'വര്‍ത്തമാനകാലത്തേക്കും ചരിത്രത്തിലേക്കും ഉറ്റുനോക്കി മനുഷ്യാവസ്ഥ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചാണ് ഉത്തരാധുനികത അന്വേഷിക്കുന്നത്. ചരിത്രത്തിന്റെ വിരസമായ യാഥാര്‍ത്ഥ്യങ്ങളിലേക്കല്ല, ചരിത്രത്തിന്റെ അബോധത്തിലേക്കും രാഷ്ട്രീയഘടനകളുടെ ആന്തരികതയിലേക്കുമാണ് എഴുത്തുകാര്‍ പോകുന്നത്.' - പ്രസന്നരാജന്റെ ഈ നിരീക്ഷണം ഏതെങ്കിലും കക്ഷിരാഷ്ട്രീയത്തില്‍ പങ്കുചേരാതെ, രാഷ്ട്രീയത്തിലൂടെയും അധികാരത്തിന്റെ പ്രവര്‍ത്തനങ്ങളിലൂടെയും എഴുത്തുകാര്‍ മനുഷ്യയാഥാര്‍ത്ഥ്യമറിയുന്നു എന്ന സത്യം വിളിച്ചുപറയുന്നു. മലയാളത്തിലെ ഉത്തരാധുനികതയെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോഴും പ്രസന്നരാജന്‍ എത്തിനില്‍ക്കുന്നത് സാംസ്‌കാരിക രാഷ്ട്രീയത്തിലാണ്. ചരിത്രത്തിനുള്ളിലെ ചരിത്രം സൂക്ഷ്മമായി ചിത്രീകരിച്ച് രാഷ്ട്രീയമായ അര്‍ത്ഥകാന്തി സൃഷ്ടിച്ചവരാണ് എന്‍.എസ്.മാധവനും എന്‍.പ്രഭാകരനും യു.പി.ജയരാജും അശോകന്‍ ചരുവിലും എന്ന് പ്രസന്നരാജന്‍ വ്യക്തമാക്കുന്നു.

'പുരസ്‌കാരങ്ങള്‍ ജ്വലിക്കണമെങ്കില്‍' എന്ന ലേഖനം അതിറങ്ങിയകാലത്തുതന്നെ വളരെ വിവാദം സൃഷ്ടിച്ച ഒന്നാണ്. പ്രഭാവര്‍മ്മയുടെയും കെ.ജി.ശങ്കരപ്പിള്ളയുടെയും കവിതകളെ വിലയിരുത്തിക്കൊണ്ട് അവയിലെ ശക്തിദൗര്‍ബല്യങ്ങള്‍ കണ്ടെത്തുന്ന പ്രസന്നരാജന്‍ സാഹിത്യബാഹ്യമായ കാര്യങ്ങളില്‍ ഇടപെടുന്നില്ല എന്നതാണ് അന്തസ്സാര്‍ന്ന സമീപനം. വയലാര്‍, ഒ.എന്‍.വി., പി.ഭാസ്‌കരന്‍ എന്നീ ചുവന്നദശക കവികളിലെ കവിതകളില്‍ അനുഭവപ്പെടുന്ന ഉപരിപ്ലവതയും ബാഹ്യസംഗീതവും മറ്റും തന്റേതായ കാഴ്ചപ്പാടിലൂടെ പ്രസന്നരാജന്‍ വിലയിരുത്തുന്നു.

എം.എന്‍.വിജയന്റെ 'ചിതയിലെ വെളിച്ചം' എന്ന പുസ്തകത്തെ പ്രശംസിക്കുന്നതോടൊപ്പം ആ പുസ്തകത്തിന്റെ പോരായ്മകളും പ്രസന്നരാജന്‍ ചൂണ്ടിക്കാട്ടുന്നു. എം.ലീലാവതി, കേസരി, മാരാര്‍, കെ.പി.അപ്പന്‍ തുടങ്ങിയവരുടെ പല വീഴ്ചകളും പ്രസന്നരാജന്‍ എടുത്തുപറയുന്നുണ്ട്. കൂട്ടത്തില്‍ തായാട്ടുശങ്കരന്റെ വരണ്ട വിമര്‍ശകമനസ്സിനേയും പി.ഗോവിന്ദപ്പിള്ളയുടെ വിമര്‍ശന സിദ്ധാന്തത്തെയും വിചാരണ ചെയ്യാന്‍ പ്രസന്നരാജന്‍ മറക്കുന്നില്ല.


Next Story

Related Stories