TopTop
Begin typing your search above and press return to search.

വഴി തെറ്റിയ യാത്രാ വര്‍ത്തമാനങ്ങള്‍; മാസിഡോണിയ , അമേരിക്ക, പോളണ്ട്

വഴി തെറ്റിയ യാത്രാ വര്‍ത്തമാനങ്ങള്‍; മാസിഡോണിയ , അമേരിക്ക, പോളണ്ട്

ഈ ആഴ്ചയിലെ പുസ്തകം
പുറപ്പെട്ടുപോകുന്ന വാക്ക് (യാത്രാവിവരണം)
ടി.പി.രാജീവന്‍
മാതൃഭൂമി ബുക്സ്
വില: 160 രൂപ

വായിക്കുമ്പോള്‍ വികസിക്കുകയും ആലോചിക്കുമ്പോള്‍ വിസ്മയിപ്പിക്കുകയും മടക്കിവയ്ക്കുമ്പോള്‍ മൗനത്തിന്റെ മുഴക്കത്തിലേയ്ക്ക് എടുത്തെറിയപ്പെടുകയും ചെയ്യുന്ന പുസ്തകമാണ് ടി.പി. രാജീവന്റെ 'പുറപ്പെട്ടു പോകുന്ന വാക്ക്'. യാത്രയെഴുത്തിന് മലയാളത്തില്‍ പുതിയ വിതാനമൊരുക്കിയ രവീന്ദ്രന്റെ സഞ്ചാരപഥങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് രാജീവന്റെ യാത്രാവര്‍ത്തമാനങ്ങള്‍. നിസ്സംഗതയിലമര്‍ന്ന നിരീക്ഷണപാടവം പ്രകടമാക്കുന്നവയാണ് രാജീവന്റെ രചന. അതില്‍ അനൗപചാരികതയുടെ അയവാര്‍ന്ന അന്തരീക്ഷമുണ്ട്. സര്‍ഗ്ഗാത്മകതയുടെ ഗോത്ര സംസ്‌കാരമുണ്ട്. കവിയാണോ നോവലിസ്റ്റാണോ ഒപ്പം നടന്നുനീങ്ങുന്നതെന്ന സന്ദേശം വായനക്കാരില്‍ സൃഷ്ടിച്ചുകൊണ്ടാണ് രാജീവന്‍ തന്റെ യാത്രാനുഭവങ്ങള്‍ കുടഞ്ഞിടുന്നത്.

ടി.പി.രാജീവന്റെ 'പുറപ്പെട്ടുപോകുന്ന വാക്ക്' മൂന്നുഭാഗങ്ങളുള്ള ഒരു യാത്രാവിവരണ ഗ്രന്ഥമാണ്. മാസിഡോണിയ, അമേരിക്ക, പോളണ്ട് എന്നിവിടങ്ങളിലെ സന്ദര്‍ശനവും കവിതയുടെ ഉത്സവവും കവികളുടെയും എഴുത്തുകാരുടെയും സംഗമങ്ങളും നിറയുന്ന ഒരു കാന്‍വാസ്. യൂറോപ്യന്‍ കവികളെയും അവരുടെ കവിതകളെയും മനസ്സിലാക്കാനും അവരുടെ ജീവിതത്തിന്റെ അവസ്ഥാന്തരങ്ങളെ അറിയാനും ഈ പുസ്തകം സഹായകമാകുന്നു. യാത്രാവിവരണത്തിന്റെ പതിവു രീതികളില്‍ നിന്നും ചിട്ടപ്പെടുത്തിയ വഴികളില്‍ നിന്നും മാറിനടക്കുകയാണ് രാജീവന്‍. അതുകൊണ്ടുതന്നെ വായനക്കാരുടെ മുന്‍വിധികള്‍ക്ക് ഈ കൃതി കീഴ്‌പ്പെടുന്നില്ല.

മാസിഡോണിയയില്‍ പ്രവേശിക്കുന്നതിന് മുമ്പ് സ്‌കോപ്പി വിമാനത്താവളത്തില്‍ വച്ച് പരിചയപ്പെടുന്ന താരിഖ് അന്‍വര്‍ എന്ന പാകിസ്ഥാനിയിലൂടെയാണ് രാജീവന്‍ യാത്രയെഴുത്തിന്റെ കവാടകങ്ങള്‍ കടന്നുപോകുന്നത്. കറാച്ചിയാണ് താരിഖിന്റെ സ്വന്തം സ്ഥലമെങ്കിലും താമസം ന്യൂയോര്‍ക്കിലാണ്. ഇവിടെ റെസ്റ്റോറന്റ് നടത്തുകയാണ് അയാള്‍.''ഇന്ത്യയില്‍ സര്‍ക്കാര്‍ സമ്പന്നമാണ്. ജനങ്ങളാണ് പാവങ്ങള്‍. പാകിസ്ഥാനില്‍ തിരിച്ചും. ജനങ്ങളുടെ കൈവശം പണമുണ്ട്. സര്‍ക്കാരിനില്ല. ഈ അന്തരം മാറുമ്പോള്‍ നമ്മള്‍ തമ്മിലുള്ള അകല്‍ച്ചയും ഇല്ലാതാകും. പിന്നെ യുദ്ധഭീഷണ നിലനില്‍ക്കില്ല. നമ്മള്‍ യുദ്ധത്തിനൊരുങ്ങില്ല.'' താരിഖിന്റെ ഈ വാക്കുകള്‍ ഇന്നത്തെ അവസ്ഥയുമായി തട്ടിച്ചു നോക്കുന്നത് കൗതുകകരമല്ലേ? ടോയ്‌ലറ്റില്‍ പോകാന്‍ വേണ്ടി താരിഖ് തന്റെ ബാഗ് രാജീവനെ ഏല്‍പ്പിച്ച് പോകുന്നതും തുടര്‍ന്നുണ്ടായ നിമിഷങ്ങളും വളരെ ഉദ്വോഗജനകമായി വിവരിച്ചിട്ടുണ്ട് രാജീവന്‍. പിന്നീട് ഒരു വര്‍ഷത്തിനുശേഷം അമേരിക്കന്‍ യാത്രയില്‍ താരിഖിന്റെ റെസ്റ്റോറന്റില്‍ പാകിസ്ഥാന്‍ ഭക്ഷണം കഴിക്കാന്‍ ഇടവരികയും ചെയ്ത സംഭവവും രാജീവന്‍ ഓര്‍ക്കുന്നു.

'കെയ്റ്റ് - കാലത്തിന്റെ കളിപ്പാട്ടം' എന്ന രണ്ടാം അധ്യായത്തില്‍ വ്യത്യസ്ത സ്വഭാവവിശേഷതകളുള്ള കെയ്റ്റ് എന്ന പെണ്‍കുട്ടിയെ അവതരിപ്പിക്കുകയാണ് രാജീവന്‍. സ്ട്രുഗ കാവ്യോത്സവ സമിതിയുടെ പ്രതിനിധിയാണ് കെയ്റ്റ്. കെയ്റ്റ് എന്നു വിളിക്കുന്ന കാതറിന്‍ ജോവന്‌സ്‌ക സ്വാഗതം ചെയ്തപ്പോള്‍, അറിയാതെ പലേരി വടക്കുമ്പാട് സ്‌കൂളിലെ പി.കെ.ഗോപാലന്‍മാഷിനെയും, വിക്കും നര്‍മ്മബോധമുള്ള ആറാം ക്ലാസുകാരന്‍ ശ്രീധരനെയുമാണ് രാജീവന്‍ ഓര്‍ത്തത്. കെയ്റ്റ് എന്ന പെണ്‍കുട്ടിയിലൂടെ മാസിഡോണിയയുടെ ദുര്‍വിധി വായനക്കാര്‍ അനുഭവിക്കുമ്പോള്‍ അലക്‌സാണ്ടര്‍ പടുത്തുയര്‍ത്തിയ സാമ്രാജ്യം ചരിത്രത്തിന്റെയും രാഷ്ട്രീയത്തിന്റെയും പകിടകളിയില്‍ അതിര്‍ത്തികള്‍ മാറ്റിമാറ്റിവരയ്ക്കപ്പെട്ട് ദുരന്തബാക്കിയാകുന്നു.

"ഞാനില്ലാതെ പോയ സഹസ്രാബ്ദങ്ങള്‍ക്കുവേണ്ടി
ഞാന്‍ കെട്ടിത്തൂക്കൂന്നു ഒരു വെള്ളച്ചാട്ടം.." ത്രസിപ്പിക്കുന്ന ഈ ഹൈക്കുകവിത എഴുതിയ ജപ്പാനീസ് കവി ബാന്‍യനത് സൂയ്ഷിയെ കെയ്റ്റ് രാജീവനെ പരിചയപ്പെടുത്തുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് മൂന്നാം അദ്ധ്യായത്തില്‍. എന്താണ് ഹൈക്കു എന്ന കാവ്യചര്‍ച്ചയില്‍ ബാന്‍യ, നല്‍കുന്ന വിശദീകരണങ്ങളും രാജീവന്‍ രേഖപ്പെടുത്തുന്നുണ്ട്. സപ്തതി പിന്നിട്ട അല്‍ബേനിയന്‍ കവി ഡ്രിടെറോ അഗോളിയെയും അദ്ദേഹത്തിന്റെ കവിതകളെയും നമുക്കു കാണിച്ചുതരുന്നുണ്ട് രാജീവന്‍. ഇരുവരുടെയും സംഭാഷണത്തില്‍ ഇന്ത്യ, കേരളം, ബംഗാള്‍, കമ്മ്യൂണിസം എന്നിവയൊക്കെ കടന്നുവരുന്നു.സ്ട്രുഗ പട്ടണത്തിന്റെ അടുക്കിന്റെ ചിട്ടയുടെയും വൃത്തിയുടെയും ഉറവിടം ലേഖകന്‍ കാണിച്ചുതരുന്നുണ്ട്. ഭാഷാപണ്ഡിതനായ പോപോ സ്ട്രുഗ തടാകക്കരയില്‍ ലേഖകന്‍ വലിച്ചിട്ട സിഗരറ്റ്കുറ്റികള്‍ പെറുക്കി വേസ്റ്റുപെട്ടിയില്‍ നിക്ഷേപിക്കുന്നത് കണ്ടപ്പോള്‍ വല്ലാതെ ചെറുതായിപ്പോയി താനെന്ന് രാജീവന്‍ പറയുന്നു. പോപോയുടെ ഈ പ്രവൃത്തി നാം മലയാളികളുടെ വലിപ്പമില്ലായ്മയെ സൂചിപ്പിക്കുന്നു.

വായനക്കാരുടെ ഹൃദയത്തില്‍ മുറിവുപോലെ അനുഭവപ്പെടുന്ന മറ്റൊരു സംഭവമാണ് റീതികവസി റാണിയുടെ മരണം. കാവ്യോത്സവത്തില്‍ പങ്കെടുക്കേണ്ട ഇന്ത്യന്‍ കവിയായിരുന്നു റീതികാവസി റാണി. അവരെ പരിചയമുണ്ടെങ്കിലും രാജീവന്‍ നേരിട്ടു കണ്ടിരുന്നില്ല. കാവ്യോത്സവത്തില്‍ വച്ച് കാണാമെന്ന് കരുതിയതാണ്. പക്ഷേ, തനിക്ക് അതിജീവിക്കാന്‍ കൊള്ളാത്ത ഒരു ലോകമാണ് ഇത് എന്ന തിരിച്ചറിവില്‍ ഭൂമിയില്‍ നിന്നും മകനോടൊപ്പം വിടപറഞ്ഞു റീതികവസി റാണി. ചൂണ്ടയില്‍ പിടഞ്ഞ ആരല്‍ മത്സ്യത്തെപ്പോലെയായ റീതിക ലേഖകനും ഒരു വിഷാദ കവിതയായി.

ബെസ്റ്റ് ഓഫ് അഴിമുഖം

നദീന്‍ ഗോര്‍ഡിമര്‍- മദിബായ്ക്ക് പ്രിയപ്പെട്ടവള്‍
ഭാവനയുടെ തീവ്രാനുഭവങ്ങള്‍
എം.ടി: ജീവിതത്തിന്റെ എഡിറ്റര്‍
അനുഭവങ്ങള്‍ ആഘാതമാകുമ്പോള്‍
ഗ്രാമച്ചന്തയിലെ കവി പാടുമ്പോള്‍- പുതിയ പുസ്തകം

മാസിഡോണിയയിലും അമേരിക്കയിലും പോളണ്ടിലും കണ്ടുമുട്ടിയ കവികളിലൂടെയും എഴുത്തുകാരിലൂടെയും രാജീവന്‍ പറഞ്ഞുവയ്ക്കുന്നത് അവിടങ്ങളിലെ രാഷ്ട്രീയവും സംസ്‌കാരവുമാണ്. അതിനും മീതെ ജീവിതത്തിന്റെ ദുഃഖാകുലമായ യാഥാര്‍ത്ഥ്യങ്ങളുമാണ്. സാഹിത്യസമ്മേളനങ്ങളില്‍ പങ്കെടുക്കുക എന്നതിലുപരി കവികളെ പരിചയപ്പെടുക എന്നതും യാത്രയുടെ ലക്ഷ്യമായി പരിണമിക്കുന്നു. പോളണ്ടിലെ 'ലെ' എന്ന കുട്ടിയില്‍ ലേഖകന്‍ കണ്ട കാരുണ്യത്തിന്റെ ഉറവ മനുഷ്യന്‍ എല്ലായിടത്തും ഉണ്ട് എന്നു വിളംബരം ചെയ്യുന്നു.

അരസികനായ ഒരു ചിലിയന്‍ കിറുക്കന്‍ കവി എന്ന ലേബലില്‍ പലരും മാറ്റിനിര്‍ത്തപ്പെട്ട കുര്‍ട്ട് ഫ്‌ളോക്കിനെയും അയാളുടെ കവിതയെയും രാജീവന്‍ പരിചയപ്പെടുത്തുന്നു. ബംഗാളി കവികള്‍ക്ക് എങ്ങനെയാണോ ടാഗോര്‍, അതാണ് ചിലിയന്‍ കവികള്‍ക്ക് നെരുദ എന്ന അഭിപ്രായവും കുര്‍ട്ട് ഫ്‌ളോക്കിനുണ്ട്.

'വലിയ വലിയ കെട്ടിടങ്ങള്‍ കണ്ട് മന്ദബുദ്ധിയെപ്പോലെ വിസ്മയിക്കരുത്. മനോഹരമായ പ്രകൃതിദൃശ്യങ്ങള്‍ക്കു മുന്നില്‍ കാല്‍പ്പനിക കവികളെപ്പോലെ തരളചിത്തനാകരുത്. ചരിത്രസ്മാരകങ്ങള്‍ കണ്ട് അരസികന്‍ പണ്ഡിതരെപ്പോലെ കുറിപ്പുകള്‍ എടുത്ത് സമയം കളയരുത്. ഇതിനെല്ലാമാണെങ്കില്‍ ഒരിടത്തും പോകണ്ട. പോയാല്‍ തിരിച്ചുപോരുമ്പോള്‍ നാവിലുണ്ടാവണം. അവിടുത്തെ ഏറ്റവും നല്ല രുചി. രക്തത്തിലുണ്ടാവണം. അവിടുത്തെ ഏറ്റവും നല്ല ലഹരി. മനസ്സില്‍ ഉണ്ടാവണം, അവിടുത്തെ ഒരു സുന്ദരിയുടെ കോരിത്തരിപ്പിക്കുന്ന മുഖം. ഓര്‍മ്മയിലുണ്ടാകണം. ഒരു വഴിതെറ്റലിന്റെ, നഷ്ടപ്പെടലിന്റെ ത്രസിപ്പിക്കുന്ന ചിത്രം.' ഇംഗ്ലീഷ് എഴുത്തുകാരനായ ഡോം മൊറൈസിന്റെ വാക്കുകളാണിത്; രാജീവനോട് പറഞ്ഞത്. പുസ്തകത്തിന്റെ ആമുഖത്തിലാണ് രാജീവന് ഇത് ചേര്‍ത്തിട്ടുള്ളത്. ഡോം മൊറൈസിനാണ് പുസ്തകം സമര്‍പ്പിച്ചിരിക്കുന്നതും.


പുസ്തകത്തിന്റെ മറ്റൊരു ആകര്‍ഷണം പുറംചട്ടയാണ്. പ്രശസ്ത യുവമാധ്യമപ്രവര്‍ത്തകന്‍ കമല്‍റാം സജീവാണ് പുറംചട്ടയുടെ ചിത്രീകരണവും ഡിസൈനും. 'പുറപ്പെട്ടുപോകുന്ന വാക്കി'ന് നിറക്കൂട്ട് പകരുന്ന ദൃശ്യം.


Next Story

Related Stories