TopTop
Begin typing your search above and press return to search.

കഥയുടെ പുതിയ രക്തധമനികള്‍

കഥയുടെ പുതിയ രക്തധമനികള്‍

വെയില്‍ ജലം (കഥകള്‍)
ഇളവൂര്‍ ശ്രീകുമാര്‍
പച്ചമലയാളം പബ്ലിക്കേഷന്‍സ്
വില: 80 രൂപ

'ആരാണ് എന്നെ പെരുമഴയത്തു തന്നെ നിര്‍ത്തിയിരിക്കുന്നത് എന്ന് ചോദിക്കും പോലെയാണ് ഇളവൂര്‍ ശ്രീകുമാര്‍ തന്റെ കഥകളെ ജീവിത ദുഃഖങ്ങളുടെ പൊരിവെയിലത്തു തന്നെ നിര്‍ത്തിയിരിക്കുന്നത്. വെയില്‍ തിന്നും വെയില്‍ ജലം കുടിച്ചും കഴിയാന്‍ വിധിക്കപ്പെട്ട രൂപകങ്ങളുടെ നിലവിളികള്‍ മുറിഞ്ഞു മുറിഞ്ഞു പോകുന്ന നിശബ്ദത. നിരാലംബതയുടെ കാല്‍മുട്ടുകള്‍ക്കിടയില്‍ മുഖം പൂഴ്ത്തി ഇരിക്കുന്ന നിസ്സംഗതയുടെ നിസ്സഹായാവസ്ഥ. കഥയുടെ പുതിയ മുഖഭാഗ ചിത്രങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് ഇളവൂര്‍ ശ്രീകുമാര്‍ എന്ന കരുത്തനായ കഥാകൃത്ത് മലയാള ചെറുകഥയ്ക്ക് കുരുതിനല്കുകയാണ് ദുഃഖത്തില്‍ പൊതിഞ്ഞ ഭാവനകളെ.

ഇളവൂര്‍ ശ്രീകുമാറിന്റെ 'വെയില്‍ജലം' എന്ന കഥാസമാഹാരത്തില്‍ പന്ത്രണ്ട് കഥകളുണ്ട്. കഥയുടെ ക്രാഫ്റ്റിലും കഥാപാത്രങ്ങളുടെ കാറ്റഗറിയിലും കൊണ്ടുവരുന്ന ക്രിയേറ്റിവിറ്റി അസാധാരണമായ അനുഭവമാണ്. അനുഭവരാശികളുടെ ഭ്രമണപഥങ്ങളില്‍ വിഭ്രാമകമായ ഒരു തരം ദാര്‍ശനിക ദുഃഖം കലര്‍ന്നിരിക്കുന്നു എന്നതാണ് ഈ സമാഹാരത്തിലെ കഥകളെ വ്യത്യസ്തമാക്കുന്നത്. കഥപറയുമ്പോള്‍ തികഞ്ഞ നിസംഗത പുലര്‍ത്തിക്കൊണ്ടു തന്നെ ഉപഹാസത്തിന്റെ ഉള്‍മുനകള്‍ വായനക്കാരിലേയ്ക്ക് കുടഞ്ഞിടുകയാണ് ശ്രീകുമാര്‍.

ഇരകളാകാന്‍ വിധിക്കപ്പെട്ട മനുഷ്യരുടെ ഭയാശങ്കകളും ഭ്രമാത്മകതയും സമകാലിക ജീവിതത്തിന്റെ സായുധസന്നാഹങ്ങളുടെ പശ്ചാത്തലത്തില്‍ എങ്ങനെ സൗന്ദര്യാത്മകമായി ആവിഷ്‌ക്കരിക്കാം എന്ന ചിന്തയാണ് ഉടനീളം ശ്രീകുമാറിനെ അസ്വസ്ഥനാകുന്നത്. ചോദ്യങ്ങളുടെയും ഉത്തരങ്ങളുടെയും സര്‍പ്പശിരസ്സുകള്‍ കൂട്ടിമുട്ടി യാഥാര്‍ത്ഥ്യങ്ങളുടെ സീല്‍ക്കാരം പുറപ്പെടുവിക്കുകയാണ് ഓരോ കഥയും. അതുകൊണ്ടുതന്നെ ജീവിതത്തിന്റെ ആടയാഭരണങ്ങള്‍ ഉപേക്ഷിച്ച് അവ നഗ്നതയുടെ സൗന്ദര്യത്തിലൂടെ കാലവുമായി സംവദിക്കുകയാണ്.ആദ്യകഥയായ 'വെയില്‍ജലം' ആധുനിക ജീവിതത്തിന്റെ പരിച്ഛേദമാണ്. ''ലോകം ഇപ്പോള്‍ അയാളുടെ കൈവെള്ളയിലാണ്. അയാള്‍ക്കിപ്പോള്‍ വീടില്ല, കുടുംബമില്ല, ഭൂമിയില്ല, ഒന്നുമില്ല. ഒന്നും. കൈവെള്ളയിലെ ടാബ്‌ലറ്റില്‍ ലോകം ഒരു ശിശുവിനെപ്പോലെ ഉറങ്ങിക്കിടക്കുന്നു''....... എന്നിങ്ങനെ തുടങ്ങുന്ന കഥയില്‍ മൊബൈല്‍ ഫോണും ടാബ്‌ലറ്റും ചാറ്റിംഗും എല്ലാം കൂടി കലര്‍ന്ന യാന്ത്രിക നിമിഷങ്ങളുടെ ഭാരവാഹിയാണ് കഥയിലെ ചെറുപ്പക്കാരന്‍. ഭൂമിയുടെ നിലവിളിയോ, പാവം പെണ്‍കുട്ടിയുടെ നിലവിളിയോ എന്തിന് ചുറ്റും നടക്കുന്ന നടുക്കുന്ന ദൃശ്യങ്ങളുടെ സാന്നിധ്യമോ, ഒന്നും അയാള്‍ക്ക് പ്രശ്‌നമല്ല. അയാള്‍ മറ്റേതോ ഒരു ഭൂഖണ്ഡത്തിലാണ്. ഫേസ് ബുക്കിലും ട്വിറ്ററിലുമൊക്കെ സഞ്ചാരം നടത്തുന്ന ശരിക്കുമൊരു യന്ത്രജീവി. റോഡരുകിലെ ബദാം മരച്ചുവട്ടില്‍ നില്‍ക്കുന്ന അയാള്‍ക്ക് തൊട്ടടുത്തുവന്ന പെണ്‍കുട്ടിയെ കാറിലെത്തിയവര്‍ ബലാല്‍ക്കാരമായി പിടിച്ചുകൊണ്ടുപോകുമ്പോള്‍ യാതൊരു വികാരവിക്ഷോഭങ്ങളും ഉണ്ടാകുന്നില്ല. അവളെ കശ്മലന്മാര്‍ ബലാല്‍ക്കാരമായി കാറിലിട്ടു കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ പകര്‍ത്താനായിരുന്നു അയാളുടെ വ്യഗ്രത. പെണ്‍കുട്ടിയുടെ ദയനീയതയും ചെറുത്തുനില്‍പ്പും നിലവിളിയുമൊന്നും അയാള്‍ക്ക് പ്രശ്‌നമല്ല. അവയൊക്കെയും പകര്‍ത്താന്‍ കഴിഞ്ഞതിന്റെ ത്രില്ലില്‍ അത് യു ട്യൂബിലേയ്ക്ക് അപ്‌ലോഡ് ചെയ്യുകയായിരുന്നു അയാള്‍. ആധുനിക സമൂഹത്തില്‍ നടക്കുന്ന കൊള്ളരുതായ്മയും അക്രമങ്ങളും കണ്ടില്ലെന്ന് നടിക്കുന്ന പ്രതികരണ ശേഷി ഷണ്ഡമായിത്തീര്‍ന്ന ഒരു അവസ്ഥയെയാണ് കഥാകൃത്ത് അനാവരണം ചെയ്യുന്നത്. തൊട്ടടുത്ത 'വാര്‍ത്തകള്‍ക്കുശേഷം' എന്ന കഥയിലും ഒരു പെണ്‍കുട്ടിയുടെ മാനസിക സംഘര്‍ഷങ്ങളുടെ ആവിഷ്‌ക്കാരമാണ്. പെണ്‍മക്കളെ പീഡിപ്പിക്കുന്ന അച്ഛന്മാരുള്ള ഇന്നത്തെ സമൂഹത്തില്‍, ആ നെറികേടിന്റെ, കാടത്തത്തിന്റെ വേരുകളറുത്തു കളഞ്ഞില്ലെങ്കിലുണ്ടാകാവുന്ന ഭീകരാവസ്ഥയെ ഇക്കഥയിലൂടെ നേരിട്ടുപറയാതെ വ്യംഗ്യഭംഗിയിലൂടെ മുന്നറിയിപ്പിന്റെ മുഖവുരയോടെ വരച്ചുകാട്ടുകയാണ് ശ്രീകുമാര്‍.

ബെസ്റ്റ് ഓഫ് അഴിമുഖം

ഗോള്‍ഡന്‍ ലോട്ടസ് ഒരു രതിജന്യ നോവല്‍ മാത്രമല്ല; ചൈനയിലെ വിലക്കപ്പെട്ട പുസ്തകത്തെക്കുറിച്ച്
അറുപതിന്റെ യൗവ്വനത്തുടിപ്പുമായി തിരുനല്ലൂരിന്‍റെ റാണി
മാധ്യമധാര്‍മ്മികതയുടെ മുഖംമൂടികള്‍ അഴിഞ്ഞുവീഴുമ്പോള്‍
ഇറച്ചിയേറ് പോലെ ദൈവസന്നിധിയിലേക്ക്- ബന്യാമിന്റെ 'ഒറ്റമരത്തണല്‍', വായന
ഉടലിന്‍റെ കാമവും ഉയിരിന്‍റെ രതിയും പറയുന്നത്- 'കൂത്തച്ചികളുടെ റാണി'യെ വായിക്കുമ്പോള്‍


ഈ സമാഹാരത്തിലെ മനസിനെ പിടിച്ചുലയ്ക്കുന്ന കഥയാണ് 'മരണവ്യാപാരം'. ജീവിതായോധനത്തിന് ഇഷ്ടമില്ലാത്ത ജോലി ചെയ്യേണ്ടിവരുന്ന ഒരു പെണ്‍കുട്ടി കമ്പനിയുടെ കുറേയേറെ ഓഫറുകളുമായി പിതൃതുല്യനായ വൃദ്ധനെ സമീപിക്കുന്നതും അവര്‍ക്കിടയിലുണ്ടാകുന്ന നാടകീയ നിമിഷങ്ങളുടെ പിരിമുറുക്കവുമാണ് കഥയെ വരിഞ്ഞു നിര്‍ത്തുന്നത്. ഗോള്‍ഡ്, സില്‍വര്‍, ബ്രോണ്‍സ് എന്നിങ്ങനെ കമ്പനി നല്‍കുന്ന ഓഫറുകളില്‍ ഗോള്‍ഡ് എടുത്താല്‍, മരണസമയത്ത് മുന്തിയ തരം ശവപ്പെട്ടിയും, മരണപത്രം നല്‍കുന്ന വിലാസത്തില്‍ ക്രിമേഷന്റെ അടുത്തദിവസം രജിസ്റ്റേര്‍ഡ് പോസ്റ്റ് അയയ്ക്കുകയും ചെയ്യും. ഈ ഓഫര്‍ സ്വീകരിക്കുമ്പോള്‍ തന്നെ അത് അടിച്ചേല്‍പ്പിക്കുന്ന മാര്‍ക്കറ്റിംഗ് എക്‌സിക്യുട്ടീവായ പെണ്‍കുട്ടിക്ക് കമ്പനി കൂടുതല്‍ ഇന്‍സെന്റീവും നല്‍കുന്നു. ഒടുവില്‍ ഒറ്റയ്ക്കു താമസിക്കുന്ന വൃദ്ധനില്‍ തന്റെ പിതൃമുഖം ദര്‍ശിക്കുന്ന ഊര്‍മ്മിള എന്ന പെണ്‍കുട്ടി ഡീലിംഗ്‌സിന്റെ അര്‍ത്ഥശൂന്യതയെ ദൂരെ എറിഞ്ഞുകൊണ്ട് ആ വൃദ്ധന്റെ മനസിലേയ്ക്ക് ചാരുകയാണ്.

'സര്‍..... ആഗ്രഹമാണ് സാര്‍, ഇടയ്ക്കിടെ വാത്സല്യത്തോടെ മോളേ എന്നു വിളിക്കാന്‍ തോളില്‍ കൈവച്ച് ആശ്വസിപ്പിക്കാന്‍ എനിക്കാരെങ്കിലും ഒരാള്‍ വേണം സര്‍.....'' എന്ന് ഊര്‍മ്മിള പറയുമ്പോള്‍ വായനക്കാരന്റെ കണ്ണും ഹൃദയവും ആര്‍ദ്രമാകുന്നു. അവള്‍ പുറത്തേയ്ക്ക് പോയപ്പോള്‍ മുറ്റത്തെ ചെടികളെല്ലാം ഒരുമിച്ചു പൂത്തുനില്‍ക്കുന്നു എന്ന് കഥാകൃത്ത് എഴുതിവയ്ക്കുമ്പോള്‍ ജീവിതത്തിന്റെ പ്രതീക്ഷാനിര്‍ഭരമായ ഒരു വസന്തമാണ് വായനക്കാരന്റെ മനസില്‍ വിരിയുന്നത്!

'രതയോഗം' എന്ന കഥയില്‍ യോഗാസനങ്ങളുടെ വിവരണങ്ങളിലൂടെ സ്ത്രീപുരുഷബന്ധത്തിന്റെ അവിസ്മരണീയ ചിത്രങ്ങളാണ് കഥാകൃത്ത് അവതരിപ്പിക്കുന്നത്. ഇക്കഥയില്‍ നിന്ന് മുഴങ്ങിക്കേള്‍ക്കുന്ന ആക്ഷേപഹാസ്യത്തിന്റെയും സാമൂഹിക വിമര്‍ശനത്തിന്റെയും ധ്വനികള്‍ കഥയുടെ അന്തരീക്ഷവുമായി ഏറെ പൊരുത്തപ്പെടുന്നു. പ്രേമലേഖനങ്ങള്‍ കിട്ടുന്ന സുസ്മിത ടീച്ചറെ അവതരിപ്പിച്ചുകൊണ്ട് 'ഈ കഥ നിങ്ങള്‍ക്കായി സ്‌പോണ്‍സര്‍ ചെയ്യുന്നത്' എന്ന തലക്കെട്ടിലെഴുതിയ കഥ പുതുമകൊണ്ടും എഴുത്തിന്റെ മാന്ത്രികത കൊണ്ടും ശ്രദ്ധേയമാണ്. കഥവായിച്ചു തീരുമ്പോഴേയ്ക്കും വലിഞ്ഞു മുറുകുന്ന ഒരു വികാരത്തിന് പൂര്‍ണവിരാമ ചിഹ്നം നല്‍കാതെ വായനക്കാരന്റെ ജിജ്ഞാസയിലേയ്ക്ക് അതിന്റെ ക്ലൈമാക്‌സ് കടത്തി വിടുന്ന ടെക്‌നിക് തീര്‍ച്ചയായും ഇക്കഥയെ വേറിട്ടു നിര്‍ത്തുന്നു. ഇങ്ങനൊരെണ്ണം മലയാളത്തില്‍ അപൂര്‍വ്വമാണ്.

കഥയില്‍ ശ്രീകുമാര്‍ സ്വന്തമായ ഒരു രചനാശൈലിയാണ് രൂപപ്പെടുത്തിയിരിക്കുന്നത്. ഓരോ സംഭവങ്ങള്‍ക്കും അന്തരീക്ഷത്തിനും യോജിച്ച 'ടോണ്‍' നിലനിര്‍ത്താന്‍ കഥാകൃത്തിന് കഴിഞ്ഞിട്ടുണ്ട്. വിവരണങ്ങളിലെ സൂക്ഷ്മതയും കണിശതയും പ്രത്യേകം ശ്രദ്ധിക്കേണ്ടതുതന്നെ.

പറയുമ്പോള്‍ വ്യത്യസ്തമായിരിക്കണം. എഴുതുമ്പോള്‍ വ്യതിരിക്തമായിരിക്കണം. ഇവിടെ ഇളവൂര്‍ ശ്രീകുമാര്‍ പറഞ്ഞുകൊണ്ട് എഴുതി വയ്ക്കുമ്പോള്‍ കഥകള്‍ക്ക് കാലത്തിലേയ്ക്കുള്ള രക്തയോട്ടം കിട്ടുന്നു. ഭാവനയുടെ പുതിയ സിരകള്‍ക്കായി അത് ദാഹിക്കുന്നു.


Next Story

Related Stories