TopTop
Begin typing your search above and press return to search.

മരണത്തെയും ഭോഗത്തെയും വായിക്കുമ്പോള്‍

മരണത്തെയും ഭോഗത്തെയും വായിക്കുമ്പോള്‍

ഈ ആഴ്ചയിലെ പുസ്തകം
ശൂന്യമനുഷ്യര്‍ (നോവല്‍)
പി. സുരേന്ദ്രന്‍
വില 110 രൂപ
ഡി.സി. ബുക്‌സ്


മരണത്തിന് എത്ര മുഖങ്ങളുണ്ട്? മരണത്തിന് എത്ര നിറങ്ങളുണ്ട്? എത്ര വാതിലുകളുണ്ട്? എത്ര തലങ്ങളുണ്ട്? ആത്മഹത്യ മരണത്തിന്റെ മുഖവുരയാണോ? - അങ്ങനെ ഒത്തിരി ചോദ്യങ്ങളുയര്‍ത്തുന്ന ഒന്നാണ് മരണം. വെളുത്ത മരണവും കറുത്ത മരണവും നീലമരണവുമൊക്കെ മൃത്യുവിന്റെ കാവ്യാത്മക ഭാഷ്യങ്ങളാണ്. മരണത്തോടെ സംജാതമാകുന്ന ശൂന്യത, ഒരര്‍ഥത്തില്‍ മനുഷ്യരെ ശൂന്യരാക്കുന്നു.

പി. സുരേന്ദ്രന്റെ ശൂന്യ മനുഷ്യര്‍ എന്ന നോവല്‍ മരണത്തിന്റെ അണമുറിയാത്ത ആവിഷ്‌ക്കാരമാണ്. ശൂന്യ മനുഷ്യരെ സൃഷ്ടിക്കുന്ന വിധിനിയോഗങ്ങളുടെ എഴുത്തകങ്ങളാണ് സുരേന്ദ്രന്‍ കാണിച്ചു തരുന്നത്. തീര്‍ച്ചയായും ഈ കൃതി മലയാള നോവലില്‍ ഒരു വഴിമാറി നടപ്പിന് ഇടയാക്കുന്ന സംരംഭമാണ്.

ഒരിക്കല്‍ ഈ ലോകത്ത് നിന്ന് ശൂന്യമാകേണ്ടിവരുമല്ലോ എന്ന ഭയം ഏതൊരു മനുഷ്യനുമുണ്ടാകും. ഭൗതിക ജീവിതത്തിലെ സുഖഭോഗങ്ങള്‍ വിട്ടൊഴിയാനുള്ള വിമുഖതയും അവനുണ്ടാകും. അവയൊക്കെ ഒരു നിമിഷം ഉപേക്ഷിക്കേണ്ടി വരുമല്ലോ എന്ന ആധിവ്യാധികള്‍ മനുഷ്യനെ അസ്വസ്ഥതയുടെ ചൂഴികളിലേയ്ക്ക് എറിയുന്നു.

സുരേന്ദ്രന്റെ നോവലിലെ കഥാപാത്രങ്ങള്‍ മരണത്തെ ഇഷ്ടപ്പെടുന്നവരാണ്. ആ ഇഷ്ടത്തെ അവര്‍ ആത്മഹത്യകൊണ്ട് അലംകൃതമാക്കുന്നു. ആത്മഘാതകരാല്‍ ശൂന്യമാക്കപ്പെടുന്ന ഇടങ്ങളാണ് നോവലിസ്റ്റ് സൂചിപ്പിക്കുന്നത്. എല്ലാറ്റില്‍ നിന്നുമുള്ള ഒരു ഒളിച്ചോട്ടം. അത് മരണത്തോടുള്ള മോഹമാണ്. അതിലൂടെയാണ് ശൂന്യമനുഷ്യര്‍ പുറത്തുചാടുന്നത്.

കൃഷ്ണ ചന്ദ്രന്‍ വാസുവിനോടും വാസു കൃഷ്ണചന്ദ്രനോടും പറയുന്ന കഥകള്‍ നോവലിന്റെ ഇതിവൃത്തത്തില്‍ നിറഞ്ഞു പരന്നൊഴുകുന്നു. സമാധിയായവരുടെ വിരലുകള്‍ പാറയുടെ മുകളില്‍ക്കിടന്നു വിലപിക്കുകയും പുരാലിഖിതങ്ങള്‍ വായിച്ചുവായിച്ച് ആത്മബലികളുടെ പൊരുള്‍തേടി വിന്ധ്യഗിരിയിലും ചന്ദ്രഗിരിയിലും അലയുന്ന കൃഷ്ണ ചന്ദ്രനെ വായനക്കാര്‍ക്ക് മറക്കാനാവില്ല. സന്ന്യാസിമാരുടേയും ഗൃഹസ്ഥാശ്രമികളുടെയും സല്ലേഖനത്തില്‍ ആകൃഷ്ണനാണ് അവന്‍. സല്ലേഖനം ആയുസിന്റെ പൂര്‍ണത ബോധ്യപ്പെട്ടതിനുശേഷമുള്ള ജീവിതം വെടിയലാണ്. കൃഷ്ണചന്ദ്രനെ സംബന്ധിച്ച് അത് വെളുത്ത മരണമാണ്. എന്നാല്‍ ആത്മഹത്യയാകട്ടെ കറുത്ത മരണവും.ശൂന്യതയിലേയ്ക്ക് വിലയിക്കുന്നതിന് മുമ്പ് അന്ത്യാഭിലാഷമായി അവന്റെ കുട്ടിമാമ കരുതിയ മണ്ണാത്തിപ്പാറുവിനെ ഭ്രാന്തമായി ഭോഗിക്കുന്നു. ആ കഥയില്‍ നിന്നാണ് കറുത്ത മരണങ്ങളെക്കുറിച്ച് അവന്‍ വാസുവിന് പരിചയപ്പെടുത്തുന്നത്.

രതിയുടെയും വിരതിയുടെയും കൂടിക്കുഴച്ചിലുകളും കാമത്തിന്റെയും നിഷ്‌കാമ കര്‍മ്മത്തിന്റെയും സംഘര്‍ഷങ്ങളും സുരേന്ദ്രന്‍ അതീവ ചാരുതയോടെ ഈ നോവലില്‍ ആലേഖനം ചെയ്യുന്നു.

വെളുത്ത മരണത്തിന്റെയും കറുത്ത മരണത്തിന്റെയും ദൃശ്യം പകര്‍ന്നു തരുന്നതാണ് ദമയന്തിയുടെയും ഗോപാലകൃഷ്ണന്റെയും ജീവിതം. ജന്മിയുടെ പാടത്തും പറമ്പിലും കളപ്പുരയിലുമൊക്കെ പണിയെടുക്കുന്ന കറുത്ത സുന്ദരിയാണ് ദമയന്തി. അദ്ധ്വാനത്തിലുറച്ച് പാകമായ ശരീരഭാഷ. അങ്ങനെയുള്ള ദമയന്തിയെയാണ് പണിയാളരുടെ അവകാശങ്ങള്‍ക്കുവേണ്ടി പോരാടുന്ന പ്രസ്ഥാനത്തോട് ആഭിമുഖ്യമുള്ള ഗോപാലകൃഷ്ണന്‍ ഇഷ്ടപ്പെടുന്നത്. പനമരങ്ങള്‍ അതിരിട്ടമേടില്‍ സ്ഥിതിചെയ്യുന്ന കളപ്പുരയില്‍, വിശാലമായ വയലുകളുടെ നടത്തിപ്പുകാരനായി ഗോപാലകൃഷ്ണന്‍ കൂടി. അയാള്‍ക്കേറെ വിശ്വസ്തനായ വയല്‍ പണിക്കാരന്റെ മകളായിരുന്നു ദമയന്തി. കളപ്പുരയിലെത്തുന്ന ദമയന്തിയെ ഗോപാലകൃഷ്ണന്‍ വല്ലാതെയങ്ങ് ഇഷ്ടപ്പെട്ടു. ആ ഇഷ്ടം ശാരീരികമായ ബന്ധവും കഴിഞ്ഞ് ദമയന്തിയുടെ ഗര്‍ഭത്തിലെത്തിച്ചേര്‍ന്നു. ഗര്‍ഭിണിയാണെന്നറിഞ്ഞ ദമയന്തി പനമരച്ചോട്ടില്‍ നിന്ന് കരഞ്ഞപ്പോള്‍ ഗോപാലകൃഷ്ണന്‍ അവളുടെ കണ്ണീര് മുഴുവന്‍ ഉമ്മവച്ച് വറ്റിച്ചു. ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഹൃദയാഘാതം മൂലം ഗോപാലകൃഷ്ണന്‍ മരണത്തിന് കീഴടങ്ങി. തന്റെ മുമ്പില്‍ തെളിഞ്ഞ ശൂന്യത മറികടക്കാനാവാതെ ദമയന്തി ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചു.

ദമയന്തിയുടെ വീടിന്റെ വടക്ക് ഭാഗത്ത് ചെറിയൊരു പുഴയുണ്ട്. അതിന്റെ അക്കരെ തീവണ്ടിപ്പാളം. തീവണ്ടി ചൂളം കുത്തിപ്പായുമ്പോള്‍ അവളുടെ അടിവയറ് പിടയ്ക്കും. ''എനിക്ക് മരിക്കണ്ട അമ്മേ' എന്ന് അടിവയറ്റിലെ കുഞ്ഞ് പറയുന്നതായി അവള്‍ക്കു തോന്നി. പക്ഷേ, നാട്ടുകാരുടെ പരിഹാസത്തിന് പാത്രമാകാന്‍ അവള്‍ തയ്യാറായില്ല. ഒരു പുലര്‍വേളയില്‍ അവള്‍ തീവണ്ടിയുടെ മുന്നിലേയ്ക്ക് എടുത്തു ചാടി. പക്ഷേ, കയ്യും കാലും മാത്രം മുറിച്ചെടുത്ത് വെളിഞ്ചേമ്പുകള്‍ക്കിടയിലേയ്ക്ക് തീവണ്ടി അവളെ വലിച്ചെറിഞ്ഞു. പരാജയം സമ്മതിച്ചില്ല അവള്‍. ജീവിതം ഉപേക്ഷിക്കാന്‍ ഇഴഞ്ഞിഴഞ്ഞ് പുഴകടന്നു. പാളത്തില്‍ തലചായ്ച്ചു കിടന്നു. ഒരു തീവണ്ടി അവളുടെ കണ്ഠമറുത്ത് പാഞ്ഞുപോയി. ഇവിടെ വെളുത്ത മരണവും കറുത്ത മരണവും കൊമ്പുകോര്‍ക്കുന്ന കാഴ്ച സുശിക്ഷിതനായ വായനക്കാരന് വായിച്ചെടുക്കാം.

'ആത്മഹത്യകളെക്കുറിച്ചുള്ള പുസ്തകം എങ്ങനെ എഴുതണമെന്നോ ആരുടെ അനുഭവത്തില്‍ നിന്ന് ആരംഭിക്കണമെന്നോ എനിക്ക് നിശ്ചയമില്ലായിരുന്നു. ഞങ്ങള്‍ അതേപ്പറ്റി പലതവണ ചര്‍ച്ച ചെയ്തു.'എവിടെ നിന്നെങ്കിലുമൊന്നു കുറിച്ചു തുടങ്ങ് വാസൂ. പിന്നെ നമുക്ക് ഓരോന്നായി കൂട്ടിച്ചേര്‍ക്കാം'.'ജല രോദനം' എന്ന അദ്ധ്യാത്തില്‍ നോവലിസ്റ്റ് ഇങ്ങനെ എഴുതുന്നു. വാസുവായി മാറിയ നോവലിസ്റ്റ് സന്‍ഗര്‍വാടിയെന്ന് പേരിട്ട ഗ്രാമത്തിലെ വിദ്യാലയത്തില്‍ ജോലി ചെയ്ത കാലം കണ്ടുമുട്ടിയ സുവര്‍ണലതയിലൂടെ അക്കഥ വിവരിക്കുന്നു.

ചെമ്പകനിറമുള്ള സുന്ദരിയായിരുന്നു സുവര്‍ണലത. പറവകളെ നിരീക്ഷിച്ചു നടക്കുന്നതിനിടയിലാണ് വാസുവിന് സുവര്‍ണലത എന്ന കൂട്ടുകാരിയെ കിട്ടിയത്. പാവപ്പെട്ട കുടുംബത്തില്‍ പിറന്ന സുവര്‍ണലതയെ സമ്പന്നനായ അടയ്ക്കാ കച്ചവടക്കാരന്റെ മകന് വിവാഹം കഴിച്ചുകൊടുക്കുന്നു. പക്ഷേ, അവള്‍ ചെന്നു പെട്ടെത് പടുകുഴിയിലായിരുന്നു. അച്ഛനെ പേടിക്കുന്ന മകന്റെ ഭാര്യയായി കഴിയേണ്ടി വന്ന ദുര്‍വിധി. ദുര്‍മരണം നടന്ന വീട്ടിലെ താമസം അവള്‍ക്കസഹ്യമായി. പോരാത്തതിന് ഭര്‍ത്താവിന്റെ അച്ഛനില്‍ നിന്ന് അവള്‍ക്ക് നേരിടേണ്ടി വന്ന ലൈംഗികാസക്തി. ഒടുവില്‍ സഹിക്കവയ്യാതെ അവള്‍ വാസുവിന്റെ അടുക്കലെത്തി ചോദിക്കുന്നു! ''എന്നെ രക്ഷിച്ചൂടെ ഇയാള്‍ക്ക്. എവിടെക്കെച്ചാ വരാ ഞാന്‍''.

സത്യത്തില്‍ വാസുവിന്റെ വിവാഹം നിശ്ചയിച്ചിരുന്നു. പിന്നെ വാസു അറിയുന്നത് സുവര്‍ണലത ആത്മഹത്യ ചെയ്ത വാര്‍ത്തയാണ്. ശരീരം മുഴുവന്‍ ചെമ്പുകമ്പി വരിഞ്ഞു ചുറ്റി അത് മോട്ടോര്‍ പുരയുടെ പ്ലഗ്ഗില്‍ ഘടിപ്പിച്ചാണ് അവള്‍ ആത്മഹത്യ ചെയ്തത്.

മരണത്തിന് മാങ്ങാച്ചുനയുടെ മണമാണെന്ന് നീലകണ്ഠന്റെ ആത്മത്യയിലൂടെ നോവലിസ്റ്റ് വായനക്കാരനെ അനുഭവിപ്പിക്കുന്നു. അതേസമയം വാര്യേത്ത് പടിക്കലെ ശ്രീധരന്‍ മാഷിന്റെ ആത്മഹത്യ നീലനിറമുള്ള മരണമായി. ഒരുന്മാദിയുടെ നീലമരണമായിരുന്നു അത്.

പുളിങ്കൊമ്പത്ത് തൂങ്ങിമരിച്ച ദേവകി. മുച്ചിറിയും കോങ്കണ്ണും നെറ്റിയിലൊരു മുഴയുമുണ്ടായിരുന്നു ദേവകിക്ക്. ഒരു പുരുഷന്റെ ഗന്ധമോ സ്പര്‍ശമോ ലഭിക്കാതിരുന്ന ദേവകി ഒരിക്കല്‍ കേശവന്‍കുട്ടിയെ അറിഞ്ഞു. അസാധാരണമായ ഒരനുഭവമായിരുന്നു അത്. അവര്‍ തമ്മിലുള്ള ശാരീരിക ബന്ധത്തെ നോവലിസ്റ്റ് അവതരിപ്പിക്കുന്നത് നോക്കുക:

''കേശവന്‍ കുട്ടിക്കു മുമ്പില്‍ അസാധാരണമായ വടിവും സമൃദ്ധിയുമായി പെണ്ണുടല്‍. സാന്ധ്യ വെളിച്ചത്തില്‍ ഉടലിലൂടെ തീക്കട്ട ഉരുകിയൊലിക്കും പോലെ. മകരമാസത്തിലെ പുലര്‍ വേളയില്‍ ചമ്മല കത്തിച്ചുണ്ടാക്കുന്ന തീക്കുണ്ഡത്തെ അവനോര്‍മ്മ വന്നു. ആ തീജ്വാലക്കുമേല്‍ കൈപ്പത്തി കാണിച്ച് ചൂടുപിടിപ്പിക്കുന്നതും. ആ ഓര്‍മ്മയില്‍ നിന്നുകൊണ്ട് ഉടല്‍ത്തീയിലേയ്ക്ക് അവന്‍ കൈനീട്ടി, അവള്‍ കേശവന്‍കുട്ടീ എന്നു വിളിച്ചു. ചിതറിയ വാക്കുകള്‍ വിരലുകളായി അവനെവന്നു തൊട്ടു. അവള്‍ സമ്മാനിച്ച രതിയുടെ പൊള്ളലില്‍ അലിഞ്ഞുപോകുമ്പോള്‍ കണ്‍തടത്തില്‍ അവളുടെ പല്ലുകൊണ്ടു മുറിഞ്ഞതും ചോര പൊടിഞ്ഞതും കേശവന്‍കുട്ടി അറിഞ്ഞില്ല. ''എന്നെ ഒരു പെണ്ണാക്കീലേ നീയ്യ്. ഇത്രേം മതി എനിക്ക് ജീവിതം. ഇനി ചത്താലെന്ത്?''

ദേവകിയുടെ ഈ വാചകം മരണത്തിന്റെ വാതില്‍ തുറക്കാനുള്ള താക്കോലാണെന്ന് നമ്മള്‍ അറിയാതെ വിശ്വസിച്ചു പോകുന്നു. തൂങ്ങിമരിച്ച ദേവകിയിലൂടെ മരണത്തിന്റെ ശൂന്യതയും ആ ശൂന്യത സൃഷ്ടിക്കുന്ന മനുഷ്യജീവിതത്തെയുമാണ് അനാവരണം ചെയ്യുന്നത്.

മനുഷ്യമനസ്സുകളെ അനാവരണം ചെയ്തുകൊണ്ട് നിഗൂഢഭാവങ്ങളെ പ്രത്യക്ഷമാക്കുന്ന ക്രാഫ്റ്റാണ് സുരേന്ദ്രന്‍ ഈ നോവലില്‍ കൈക്കൊണ്ടിട്ടുള്ളത്. ബന്ധങ്ങളുടെ ചേര്‍ച്ചയും ചാര്‍ച്ചയും വിവരിക്കുന്നതോടൊപ്പം ശൂന്യമാക്കപ്പെടുന്ന മനുഷ്യജീവിതത്തിന്റെ കാണാതലങ്ങളിലേക്കുകൂടി നോവലിസ്റ്റ് യാത്രചെയ്യുന്നു.

'കറുത്ത അനുഭവങ്ങളില്‍ നിന്നാണ് മനുഷ്യര്‍ വെളുത്ത ജീവിതം സ്വപ്നം കാണാന്‍ ശീലിക്കുക. ആത്മഹത്യാ മുനമ്പുകളില്‍ നിന്ന് തിരിച്ചുപോകാന്‍ പ്രേരിപ്പിക്കുന്ന ഒരു പുസ്തകം നമുക്കുണ്ടാക്കാന്‍ പറ്റിയാലോ?' എന്ന് നോവലിന്റെ ഒരു ഭാഗത്ത് നോവലിസ്റ്റ് ചോദിക്കുന്നത് ജീവിതാവബോധത്തിന്റെ ഏകാന്തമായ തുരുത്തില്‍ നിന്നുകൊണ്ടാണ്.

നോവല്‍ അവസാനിക്കുമ്പോള്‍ സുരേന്ദ്രന്‍ എഴുതിവച്ചിരിക്കുന്നത് മനുഷ്യജീവിതത്തിന്റെ സമഗ്രവും സാരവത്തുമായ ഒരു സന്ദേശമാണ്. സന്ദേശമെന്ന് വിളിക്കണ്ട. എഴുത്തുകാരന് സന്ദേശം നല്‍കാന്‍ അധികാരമില്ല. അയാളുടെ കൃതിയാണ് സന്ദേശം.

''കൃഷ്ണചന്ദ്രന്‍ ഒരിക്കലെന്നോട് പറഞ്ഞ സ്തൂപത്തെപ്പറ്റിയാണ് ഞാന്‍ ഓര്‍ത്തത്. ഏതോ ഒരു കുന്നിന്‍ മോളില്‍ കണ്ട സ്തൂപം. അതിന്റെ ഉള്ള് പൊള്ളയായിരുന്നു. നിറയെ തുളകളുണ്ടായിരുന്നു. കാറ്റു കടന്നുപോകുമ്പോള്‍ ആ തുളകളില്‍ നിന്ന് പുറപ്പെടുന്നത് സംഗീതമല്ല. ആത്മഘാതകരുടെ കരച്ചിലാണെന്ന് എനിക്കിപ്പോള്‍ തോന്നുന്നു''- ശരിയാണ്. ഇപ്പോള്‍ സംഗീതമില്ലാത്ത, കരച്ചില്‍ മാത്രമുള്ള ഒരു സാമൂഹിക വ്യവസ്ഥിതിയിലേയ്ക്കാണ് നമ്മള്‍ കൂപ്പുകുത്തുന്നത്.


Next Story

Related Stories