TopTop
Begin typing your search above and press return to search.

ബാഹുബലിയുടെ അണിയറയിലെ ചതി

ബാഹുബലിയുടെ അണിയറയിലെ ചതി

മനു ജഗദ്/ അഭിമന്യു

ബാഹുബലിയുടെ വിശേഷങ്ങള്‍ എത്ര പറഞ്ഞിട്ടും മതിയാകുന്നില്ല സിനിമാ പ്രേമികള്‍ക്ക്. കട്ടപ്പ എന്തിനാണ് ബാഹുബലിയെ കൊന്നതെന്ന് ഫഌപ്ക്കാര്‍ട്ടിനോടു വരെ ചോദിച്ചു കഴിഞ്ഞു നമ്മള്‍. ബാഹുബലിയുടെ വിജയത്തില്‍ മലയാളിക്കും അഭിമാനിക്കാനുണ്ട്. ഇതു കേള്‍ക്കുമ്പോള്‍ ആദ്യം മനസില്‍ ഓടിയെത്തുന്ന പേര് കലാസംവിധായകന്‍ സാബു സിറിലിന്റെയായിരിക്കും. എന്നാല്‍ ബാഹുബലിയോട് കട്ടപ്പ ചെയ്തതിനേക്കാള്‍ വലിയ ചതി സിനിമയുടെ അണിയറയില്‍ സംഭവിച്ചിരിക്കുന്നു. കഴിഞ്ഞ ദിവസം കലാസംവിധായകന്‍ മനു ജഗദ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പോടെയാണ് ഇക്കാര്യം മിക്കവരും അറിയുന്നത്. ബാഹുബലിയുടെ കലാസംവിധാനം നിര്‍വഹിച്ചത് മനു ജഗദാണ്. സാബു സിറില്‍ പ്രൊഡക്ഷന്‍ ഡിസൈനറാണത്രേ. മലയാളത്തിലെ ഒരു പ്രമുഖ ദിനപത്രം കഴിഞ്ഞ ദിവസം സാബു സിറിലിന്റെ അഭിമുഖം പ്രസിദ്ധീകരിച്ചിരുന്നു. ഇതിനു മറുപടി എന്ന നിലയിലാണ് മനു ഫെയ്‌സ്ബുക്കില്‍ തന്റെ ഭാഗം വിശദീകരിച്ചുള്ള കുറിപ്പ് പോസ്റ്റ് ചെയ്തത്. ദേശീയ അവാര്‍ഡ് വരെ ലഭിക്കാവുന്ന തരത്തിലുള്ള കലാസംവിധാനമാണ് ബാഹുബലിയില്‍ കാസര്‍കോഡ് സ്വദേശിയായ മനു ഒരുക്കിയത്. എന്നാല്‍ ആര്‍ട്ട് അസിസ്റ്റന്റ് എന്ന ടൈറ്റിലിനു താഴെയാണ് മനുവിന്റെ പേരു സിനിമയില്‍ കാണിക്കുന്നത്. ഇന്നത്തെ ഒരു പ്രമുഖ പത്രത്തിലെ തലക്കെട്ട് കണ്ടതുകൊണ്ട് എഴുതിപ്പോയതാണ്. തലക്കെട്ട് ഇങ്ങനെ, ആ കോട്ട കൊത്തളങ്ങളും ആയുധ ശേഖരവും മൃഗ സഞ്ചയവും സാബുവിന്റെതാണ്. മനുവിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് ആരംഭിക്കുന്നത് ഇങ്ങനെയാണ്. ബാഹുബലിയുടെ പിറകില്‍ നടന്ന ചതിയുടെ കഥ മനു ജഗദ് തന്നെ വിശദീകരിക്കുന്നു.

ആര്‍ട്ട് ഡയറക്ടറാന്‍ ക്ഷണിച്ചു

ബാഹുബലിയുടെ കലാസംവിധാനം ഒരുക്കാനാണ് എന്നെ വിളിക്കുത്. സിനിമയിലെ എന്റെ ഗുരുനാഥന്‍ കൂടിയായ സാബു സിറിലാണ് എന്നെ ക്ഷണിക്കുന്നത്. സിനിമയുടെ പ്രൊഡക്ഷന്‍ ഡിസൈന്‍ ചെയ്യുന്നത് അദ്ദേഹമാണെന്നും പറഞ്ഞു. എന്നോട് ആവശ്യപ്പെട്ടത് ആര്‍ട്ട് ഡയറക്ടറായി വര്‍ക്ക് ചെയ്യാനാണ്. പത്തു വര്‍ഷത്തോളം സാബു സിറിലിന്റെ അസിസ്റ്റന്റായി ഞാന്‍ വര്‍ക്ക് ചെയ്തിരുന്നു. ഒരു വര്‍ഷമാണ് ബാഹുബലിക്കായി വര്‍ക്ക് ചെയ്തത്. ബാഹുബലിയുടെ ഒരോ ഫ്രെയ്മിലും എന്റെ കൈയൊപ്പുകളുണ്ട്. ഞാന്‍ തയ്യാറാക്കിയ സ്‌കെച്ചുകളാണ് സിനിമയില്‍ മിക്കയിടത്തും കാണിക്കുന്നത്. ആര്‍ട്ടിന് പുറമെ കോസ്റ്റ്യൂമിലും എന്റെ സംഭാവനയുണ്ട്. സിനിമ പുറത്തിറങ്ങിയപ്പോഴാണ് ചതിക്കപ്പെട്ടതായി മനസിലാക്കിയത്. കുടുംബത്തോടൊപ്പമാണ് സിനിമ കാണാന്‍ പോയത്. ആര്‍ട്ട് അസിസ്റ്റന്റായി ഒതുക്കിയത് അറിഞ്ഞ് സാബു സിറിലിന് ഒരു മെസേജ് അയച്ചു. എന്നെ ആര്‍ട്ട് ഡയറക്ടറാക്കിയത് സാറാണ്, ഇപ്പോള്‍ തരം താഴ്ത്തിയും സാറു തന്നെ.

നിരവധി പേരുടെ അധ്വാനമാണ് ബാഹുബലി. എന്റെ കൂടെ മലയാളത്തില്‍ സഹകരിച്ചിരുന്ന ഏതാനും പേര്‍ ബാഹുബലിയിലും സഹകരിച്ചിട്ടുണ്ട്. ഇവരുടെയൊന്നും പേരുകളും സിനിമയില്‍ കാണിക്കുന്നില്ല. പണമല്ല അംഗീകാരമാണ് ഒരു കാലാകാരന് ഏറ്റവും വലുത്. എന്റെ ഒരു വര്‍ഷത്തെ അധ്വാനത്തിന് ഒരു വിലയും ഇല്ലാതെയായി. ടൈറ്റില്‍ തയാറാക്കുന്നതിനിടെ പറ്റിയ അബദ്ധമാണിതെന്നാണ് ആദ്യം ലഭിച്ച വിശദീകരണം.എന്നാല്‍ സിനിമ പുറത്തിറങ്ങിയിട്ട് ഒരു മാസത്തോളമായി. ഇതുവരെ ഈ അബദ്ധം തിരുത്താന്‍ ആരും ശ്രമിച്ചിട്ടില്ല. ഇതോടെയാണ് ഫെയ്‌സ്ബുക്കിലൂടെ ഒരോ സ്‌കെച്ചും ഞാന്‍ പുറത്ത് വിടുന്നത്. സിനിമയില്‍ ഇങ്ങനെ അവഗണിക്കപ്പെടു നിരവധി കലാകാരന്‍മാരുണ്ട്. പ്രതികരിക്കാന്‍ പലര്‍ക്കും പേടിയാണ്. ഇവര്‍ക്കെല്ലാം ധൈര്യം ലഭിക്കട്ടേയെന്ന് കരുതിയാണിപ്പോള്‍ പ്രതികരിക്കുന്നത്. ആരോടും പരാതി പറയാനും സഹതാപം നേടിയെടുക്കാനും താത്പര്യമില്ല - മനു വ്യക്തമാക്കി.

സാബു സിറിള്‍ എന്ന ഗുരുനാഥന്‍

ഗുരുനാഥനായ സാബു സിറിളിനെക്കുറിച്ച് മനു തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നത് ഇപ്രകാരമാണ്- ഞാനേറെ ബഹുമാനിക്കുകയും അതിലേറെ ആരാധിക്കുകയും ഒരുപാടിഷ്ടപ്പെടുകയും ചെയുന്ന ഇന്ത്യന്‍ സിനിമയുടെ തന്നെ അഭിമാനമാണ് ശ്രീ സാബു സിറിള്‍. 10 വര്‍ഷത്തോളം അദ്ദേഹത്തിന്റെ കൂടെ ശിഷ്യനായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു എന്നത് എന്നും എനിക്ക് അഭിമാനം തരുന്നൊരു കാര്യവുമാണ്. ഇന്നും എന്നും ആ ഗുരുഭക്തിയും സ്‌നേഹവും ഒട്ടും കുറയാതെ എനിക്ക് അദ്ദേഹത്തോട് ഉണ്ട്. എന്റെ ജീവിതത്തില്‍ ഞാനിന്നു എന്തേലും ആയിട്ടുണ്ടെങ്കില്‍ അത് അദ്ദേഹത്തിന്റെയും എന്റെ അമ്മയുടെയും അനുഗ്രഹം കൊണ്ട് മാത്രാണ്. ഇപ്പോള്‍ ഇങ്ങനെ ഈ ഒരു വിവരണം എഴുതാനുള്ള കാരണം ഇത്ര മാത്രം.

അതായത് ഈ അടുത്തിറങ്ങി തിയറ്ററുകളെ പ്രകമ്പനം കൊള്ളിച്ചു മുന്നേറുന്ന ബാഹുബലി എന്ന ചിത്രത്തെ കുറിച്ചാണ്. ഈ ചിത്രം തുടങ്ങുതിനു മുമ്പേ സാബു സര്‍ എന്നെ ഈ ചിത്രത്തിലേക്ക് വിളിക്കുകയും ചിത്രത്തില്‍ ഒരു ആര്‍ട്ട് ഡയറക്ടര്‍ ആയി താന്‍ എന്റെ കൂടെ നില്‍ക്കണം, ഞാന്‍ ഈ ചിത്രത്തില്‍ പ്രൊഡക്ഷന്‍ ഡിസൈനറാണ്. ഒരുപാട് സാദ്ധ്യതകള്‍ ഉള്ളൊരു വെല്ലുവിളിയുള്ളൊരു ഫിലിം ആണിതെന്നും പറഞ്ഞ പ്രകാരം സന്തോഷത്തോടെ ഈ പ്രോജക്റ്റില്‍ സാറിനൊപ്പം ഞാനും ചേര്‍ന്നു.പിന്നീടങ്ങോട്ട് ഒരു വര്‍ഷം ഞാന്‍ ആ സിനിമയോടൊപ്പം ആയിരുന്നു. കൂടെ എന്റെ സഹപ്രവര്‍ത്തകരും ഉണ്ടായിരുന്നു. രാപ്പകലില്ലാതെ ഞങ്ങള്‍ ആ സിനിമയ്ക്ക് വേണ്ടി പ്രയത്‌നിച്ചു. സാബു സാറിന്റെ നിര്‍ദേശപ്രകാരം കോസ്റ്റ്യൂം ഡിസൈനര്‍ക്ക് വേണ്ടിപ്പോലും ഞാന്‍ ഒരുപാട് ഡിസൈന്‍ ചെയ്തു നല്‍കി മാത്രമല്ല ഓരോ കഥാപാത്രവും നെറ്റിയില്‍ തൊടുന്ന പൊട്ടുപോലും ഞാന്‍ ചെയ്തു കൊടുത്തിട്ടുണ്ട് . കാരണം സാബുസാര്‍ ഈ സിനിമയുടെ പ്രൊഡക്ഷന്‍ ഡിസൈനര്‍ ആണ്. ഒരു ആര്‍ട്ട് ഡയറക്റ്റര്‍, കോസ്റ്റും ഡിസൈനര്‍, ആ സിനിമയുടെ ഒരു കളര്‍ സ്‌കീം അങ്ങനെ ആ സിനിമയുടെ വ്യത്യസ്ത മേഖലയിലുള്ള ഓരോ വിഭാഗവും ഒരു പ്രൊഡക്ഷന്‍ ഡിസൈനറിന്റെ മേല്‍നോട്ടത്തിലാണ് കാര്യങ്ങള്‍ തീരുമാനിക്കപ്പെടുക. ഇതൊരു വലിയ ടീം വര്‍ക്ക് ആണ്. ഓരോരുത്തര്‍ക്കും അവരവരുടെ ജോലിയില്‍ പ്രാധാന്യമുണ്ട്- ഇങ്ങനെ പോകുന്നു ഫെയ്‌സ്ബുക്ക് പോസ്റ്റ്.

ഒരു യൂണിവേഴ്‌സിറ്റിയെന്നു വിളിക്കാം സാബു സിറിലിനെ- മനു പറയുന്നു. അദ്ദേഹത്തിന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞത് ഭാഗ്യമാണെന്നേ പറയാന്‍ പറ്റൂ. ചുറ്റുപാടുകള്‍ മനസിലാക്കി പ്രവര്‍ത്തിക്കാനും പ്രശ്‌നങ്ങള്‍ പരിഹരിക്കാനും അദ്ദേഹത്തിനുള്ള കഴിവ് അപാരമാണ്. അന്യന്‍, യുവ, അശോക തുടങ്ങിയ ചിത്രങ്ങളില്‍ സാബു സാറിനൊപ്പം വര്‍ക്ക് ചെയ്തത് മറക്കാന്‍ പറ്റാത്ത അനുഭവങ്ങളാണ് തന്നത്.

സ്വതന്ത്രനായി മാറിയത് തമിഴില്‍

തമിഴ് സിനിമയിലൂടെയാണ് മനു സ്വതന്ത്ര കലാസംവിധായകനായി മാറുന്നത്. സര്‍വമാണ് ആദ്യ ചിത്രം. സത്യന്‍ അന്തിക്കാട് ചിത്രമായ വിനോദയാത്രയിലൂടെയാണ് മലയാളത്തിലെത്തുന്നത്. കല്‍ക്കട്ട ന്യൂസ്, ശിക്കാര്‍, പ്രാഞ്ചിയേട്ടന്‍, ജനപ്രിയന്‍, മിഷന്‍ 90 ഡേയ്‌സ് തുടങ്ങിയ ചിത്രങ്ങളാണ് മനുവിന്റെ മലയാളത്തിലെ ശ്രദ്ധേയമായ വര്‍ക്കുകള്‍. കല്‍ക്കട്ട ന്യൂസ് ഏറെ വെല്ലുവിളികള്‍ ഉയര്‍ത്തിയ ചിത്രമാണ്. കല്‍ക്കട്ടയില്‍ വെള്ളപ്പൊക്കമായതിനാല്‍ സിനിമയുടെ അമ്പത് ശതമാനവും ചിത്രീകരിച്ചത് കൊച്ചിയിലാണ്. ചെറുപുഷ്പം സ്റ്റുഡിയോയിലായിരുന്നു ചിത്രീകരണം. മീര ജാസ്മിനെ കണ്ടെത്തുന്ന തെരുവും ദിലീപിന്റെ വീടുമെല്ലാം കൊച്ചിയില്‍ സെറ്റിട്ടതാണ്. ബ്രിട്ടീഷ് സംസ്‌കാരം ഇപ്പോഴുമുള്ള നഗരമാണ് കല്‍ക്കട്ട. കല്‍ക്കട്ടയിലെ തെരുവുകള്‍ക്കും കെട്ടിടങ്ങള്‍ക്കുമെല്ലാം ഇപ്പോഴും ഒരു ബ്രിട്ടീഷ് ടച്ചുണ്ട്. ഇതു പുനസൃഷ്ടിക്കല്‍ വെല്ലുവിളിയായിരുന്നു. ശിക്കാറും ഇത്തരത്തില്‍ വലിയ വര്‍ക്ക് വേണ്ടി വന്ന സിനിമയാണ്. ഈറ്റവെട്ടുന്ന തൊഴിലാളികളുടെ ഗ്രാമം ഒരുക്കുന്നതും വലിയ വെല്ലുവിളിയായിരുന്നു. നിരവധി പ്രശംസകള്‍ നേടി തന്ന ചിത്രമാണ് ശിക്കാര്‍. മോഹന്‍ലാലിന്റെ വീടും ലാലു അലക്‌സിന്റെ ഹോട്ടലുമെല്ലാം നിര്‍മിച്ചത് നിരവധി പേരുടെ അഭിനന്ദനങ്ങള്‍ നേടി തന്നു. കഴിവുള്ള ഒട്ടനവധി കലാസംവിധായകര്‍ മലയാളത്തിലുണ്ട്. എന്നാല്‍ കേരളത്തിലെ ചെറിയ ബജറ്റില്‍ വലിയ ചിത്രങ്ങള്‍ ഒരുക്കാന്‍ സാധിക്കുകയില്ല. മലയാള സിനിമകള്‍ക്ക് നമ്മുടെ നാട്ടില്‍ മാത്രമാണ് മാര്‍ക്കറ്റുള്ളത്. തമിഴ്, ഹിന്ദി സിനിമകള്‍ക്കെല്ലാം വലിയ മാര്‍ക്കറ്റാണുള്ളത്. തമിഴ് സിനിമകളെല്ലാം കേരളത്തിലും മറ്റും നിരവധി കേന്ദ്രങ്ങളില്‍ റിലീസ് ചെയ്യുന്നു. ഇതിനാല്‍ വന്‍ ബജറ്റിലാണ് ഒരോ സിനിമയും ഒരുക്കുന്നത്. മലയാളത്തില്‍ ഇതു സാധ്യമല്ല. ചെറിയ ബജറ്റിലാണ് മലയാളത്തില്‍ സിനിമയൊരുക്കുന്നത്.സംവിധായകന്റെ സിനിമ

ഒരു സിനിമയൊരുങ്ങുന്നത് സംവിധായകന്റെ കാഴ്ചപ്പാടിലൂടെയാണ്. സംവിധായകന്‍, ആര്‍ട്ട് ഡയറക്ടര്‍, ക്യാമറാമാന്‍ എന്നിവര്‍ ഒരു പോലെ പ്രവര്‍ത്തിച്ചാല്‍ മാത്രമേ നല്ല സിനിമയുണ്ടാകൂ. സംവിധായകന്റെ കാഴ്ചപ്പാട് ആര്‍ട്ട് ഡയറക്ടര്‍ മനസിലാക്കണം. നല്ല രീതിയില്‍ കലാ സംവിധാനം നടത്തിയിട്ടും കാര്യമില്ല. ഇതു മനോഹരമായ ഫ്രെയ്മിലൂടെ ക്യാമറാമാന്‍ ഒപ്പിയെടുക്കുകയും വേണം. നല്ല ഇന്റീരിയല്‍ ഡക്കേറഷന്‍ ഒരുക്കിയ സീനില്‍ അഭിനേതാക്കളുടെ ക്ലോസപ്പാണ് എടുക്കുന്നതെങ്കില്‍ ഒരു കാര്യവുമില്ല. ആര്‍ട്ട് വര്‍ക്ക് മനോഹരമായി ക്യാമറയില്‍ പകര്‍ത്തുകയും വേണം. എന്നാല്‍ മാത്രമേ സിനിമ മികച്ച സൃഷ്ടിയാകൂ. മികച്ച സംവിധായകന്‍, ക്യാമറാന്‍മാന്‍ എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നത് നല്ല അനുഭവമാണ് തരുക.

ചെന്നൈയിലെ ഗവണ്‍മെന്റ് കോളെജ് ഒഫ് ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്, കെഎസ്എസ് സ്‌കൂള്‍ ഒഫ് ആര്‍ട്‌സ് കോട്ടയം എന്നിവിടങ്ങളില്‍ നിന്നും ചിത്രകല അഭ്യസിച്ചാണ് മനു സിനിമയിലേക്ക് എത്തുന്നത്. ബാഹുബലിക്ക് ശേഷം പുതിയ ചിത്രങ്ങള്‍ ഒരുക്കാനുള്ള ശ്രമത്തിലാണ് അദ്ദേഹം. കാസര്‍കോഡ് നീലേശ്വരം സ്വദേശിയായ ഇദ്ദേഹം വര്‍ഷങ്ങളായി കൊച്ചിയിലാണ് താമസം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുകNext Story

Related Stories