TopTop
Begin typing your search above and press return to search.

'ജനസൗഹൃദ' പോലീസ് ഇങ്ങനെയും; കഞ്ചാവ് പിടുത്തത്തിന്റെ ചെല്ലാനം മോഡല്‍

ജനസൗഹൃദ പോലീസ്  ഇങ്ങനെയും; കഞ്ചാവ് പിടുത്തത്തിന്റെ ചെല്ലാനം മോഡല്‍

'ആണുങ്ങളില്ലാത്ത പ്രദേശമാണിപ്പോഴിത്. പെണ്ണുങ്ങള്‍ മാത്രം അന്തിയുറങ്ങുന്ന വീടുകളായി ഞങ്ങളുടേത്. ചെറുപ്പക്കാരും മുതിര്‍ന്നവരുമുള്‍പ്പെടെ ആണുങ്ങളെല്ലാം ഒളിവില്‍ പോയിട്ട് പത്തിരുപത് ദിവസമായി. എവിടെയാണെന്നു ഞങ്ങള്‍ക്കൊരു ധാരണയുമില്ല. കുറേ അമ്മമാരും അവരുടെ പെണ്‍മക്കളും മാത്രം ഇവിടെ തീ തിന്നാന്‍ അവശേഷിക്കുന്നുണ്ട്. ഞങ്ങള്‍ ഉറങ്ങാറില്ല. കണ്ണടച്ചാല്‍ ചീറിക്കൊണ്ട് വരുന്ന പോലീസുകാരുടെ മുഖമാണ് മുന്നില്‍. ഞങ്ങളുടെ കുട്ടികള്‍ പഠിക്കാന്‍ പോവാറില്ല. ഭര്‍ത്താക്കന്‍മാര്‍ കടലില്‍ മീന്‍ പിടിക്കാന്‍ പോയി കൊണ്ടുവരുന്നതുകൊണ്ടാണ് കഞ്ഞികുടിച്ചിരുന്നത്. ഇവിടെ നിന്ന് ഒരു വള്ളമെങ്കിലും കടലില്‍ ഇറക്കിയിട്ട് പതിനഞ്ച് ദിവസത്തിലേറെയായി. പോലീസുകാരെ പേടിച്ച് എല്ലാവരും ഒളിവില്‍ പോയതോടെ കുടുംബങ്ങള്‍ പട്ടിണിയിലായി ' ചെല്ലാനം കമ്പനിപ്പടി സ്വദേശിനി റിനിയുടെ വാക്കുകളാണിത്.

'എന്റെ പെണ്‍മക്കള്‍ സന്ധ്യയാവുമ്പോഴേ ലൈറ്റുകള്‍ ഓഫ് ചെയ്യാന്‍ പറയും. ലൈറ്റ് ഓഫ് ചെയ്താല്‍ പോലീസ് വരില്ലെന്നാണ് അവരുടെ വിശ്വാസം. പത്താം ക്ലാസ്സിലും ഡിഗ്രിക്കും പഠിക്കുന്ന പെണ്‍മക്കളാണ് എനിക്കുള്ളത്. ഞങ്ങളുടെ വീട്ടിലെ ആരും ഒരു തെറ്റും ചെയ്തിട്ടില്ല. പോലീസ് അന്വേഷിക്കുന്നവരുടെ ബന്ധുക്കളായിപ്പോയി എന്ന ഒരു തെറ്റുമാത്രമാണുള്ളത്. രണ്ടു പിള്ളേരും പഠിക്കാന്‍ പോയിട്ട് ദിവസങ്ങളായി. ഉള്ളില്‍ ഭയം ഉള്ളതുകൊണ്ട് വീട്ടിലിരുന്ന് പഠിക്കാനും അവര്‍ക്കാവുന്നില്ല. പത്താം ക്ലാസ് പരീക്ഷ ആവാറായി. മക്കളുടെ ഭാവിയെക്കുറിച്ചെങ്കിലും പോലീസുകാര്‍ക്ക് ഒന്നോര്‍ത്തുകൂടെ? പെണ്ണുങ്ങള്‍ മാത്രം താമസിക്കുന്ന വീടുകളില്‍ കയറിയിറങ്ങി പോലീസുകാര്‍ കാട്ടിക്കൂട്ടുന്ന കൊള്ളരുതായ്മകള്‍ക്ക് കയ്യും കണക്കുമില്ല. പാതിരാത്രിയൊക്കെയാണ് അവര്‍ കൂട്ടമായെത്തുന്നത്. വാതില്‍ തുറന്നില്ലെങ്കില്‍ ചവിട്ടിതുറക്കും. വീട്ടിലുള്ളതെല്ലാം അരിച്ചുപെറുക്കും. കുട്ടികളുടെ മുന്നില്‍ വച്ച് കേട്ടാലറയ്ക്കുന്ന അസഭ്യം പറയും. ഞങ്ങള്‍ക്ക് സംരംക്ഷണം തരേണ്ട പോലീസുകാരാണ് ഇതൊക്കെ ചെയ്യുന്നത്. പെണ്ണുങ്ങള്‍ മാത്രമുള്ള വീടുകളില്‍ വനിത പോലീസുകാരില്ലാതെയാണ് പോലീസുകാര്‍ അഴിഞ്ഞാടുന്നത്'.' വീട്ടമ്മയായ ജീന തങ്ങളുടെ അവസ്ഥ പറയുന്നു.

ചെല്ലാനം എന്ന കടലോരഗ്രാമത്തില്‍ ഇനിയുമുണ്ട് ജീനയേയും റിനിയേയും പോലുള്ള വീട്ടമ്മമാര്‍. ഭയവും സങ്കടവും കലര്‍ന്ന വാക്കുകളോടെ തങ്ങളുടെ ദുരിതത്തെ കുറിച്ചു പറയാന്‍. ജീവിക്കുക എന്ന അത്രയേറെ ഭയമേറിയതായി മാറിയിരിക്കുകയാണിവര്‍ക്ക്.

ജനുവരി 20-നാണു ചെല്ലാനത്തെ ചിലരുടെ ജീവിതം മാറിമറിഞ്ഞത്. പള്ളിപ്പെരുന്നാളിന് ഗാനമേള നടക്കുന്നതിനിടെ ഉണ്ടായ ചെറിയ കശപിശയില്‍ കണ്ണമാലി പോലീസ് ഇടപെട്ടു. ഗാനമേളയ്‌ക്കൊപ്പം ചുവടുവച്ചിരുന്ന ചില ചെറുപ്പക്കാര്‍ തമ്മിലായിരുന്നു പ്രശ്‌നം. പറഞ്ഞൊതുക്കുകയോ താക്കീത് നല്‍കി വിട്ടയക്കുകയോ ചെയ്യാമായിരുന്ന പ്രശ്‌നമായിരുന്നിട്ടുകൂടി പോലീസുകാര്‍ ഇവരെ പള്ളിപ്പറമ്പില്‍ നിന്ന് തല്ലിയോടിച്ചു. ഇതിലൊന്നും പെടാതെ മാറിനില്‍ക്കുകയായിരുന്ന ഗ്ലാഡിന്‍ എന്ന യുവാവിനും പോലീസ് മര്‍ദ്ദനമേറ്റു. തലയ്ക്കും കയ്യിനും പരിക്കേറ്റ ഗ്ലാഡിന്‍ സ്റ്റേജില്‍ കയറി ഇക്കാര്യം പറയുകയും പോലീസ് നടപടിയെ ചോദ്യം ചെയ്യുകയും ചെയ്തു. ഇതോടെ ഒരു കൂട്ടം യുവാക്കളും പോലീസും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. സംഘര്‍ഷത്തിനിടെ നാട്ടുകാര്‍ക്കും പോലീസുകാര്‍ക്കും പരിക്ക് പറ്റി. ഈ സംഭവത്തില്‍ ഉള്‍പ്പെട്ട നാട്ടുകാരായ ചില യുവാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു. ഇത്രയുമാണ് ദൃക്‌സാക്ഷികളായ ചിലര്‍ സംഭവത്തെക്കുറിച്ച് പറയുന്നത്. പോലീസുകാര്‍ മദ്യപിച്ചിരുന്നതായും നാട്ടുകാരില്‍ ചിലര്‍ ആരോപിക്കുന്നു. പോലീസിനെ ആക്രമിച്ചതിനും ഗാനമേള തടസ്സപ്പെടുത്തിയതിന് പള്ളിക്കമ്മിറ്റിക്കാര്‍ നല്‍കിയ പരാതിയിലുമാണ് കേസ്.

അന്നുമുതല്‍ പോലീസിന്റെ ഗുണ്ടായിസമാണ് നടക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ടവര്‍ ഒളിവില്‍ പോയി. അവരെ തിരയാനെന്ന പേരിലാണ് അക്രമങ്ങള്‍ നടക്കുന്നത്. പള്ളിപ്പറമ്പിന് സമീപത്ത് താമസിക്കുന്ന ഫാബിന്‍ ഈ വിഷയത്തില്‍ നേരിട്ട് ബന്ധമുള്ളയാളല്ല. എന്നാല്‍ പോലീസുകാര്‍ ആദ്യമെത്തിയത് ഫാബിന്റെ വീട്ടിലാണ്. ' ഗാനമേള നടക്കുമ്പോഴും ഈ പ്രശ്‌നമൊക്കെയുണ്ടാവുമ്പോഴും ഫാബിന്‍ വീട്ടിലുണ്ടായിരുന്നു. അത്താഴം കഴിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് ഗ്ലാഡിന്റെ കാര്യം ആരോ ഫോണ്‍ ചെയ്ത് പറയുന്നത്. അന്ന് ഇറങ്ങിപ്പോയതാണ്. പോലീസുകാര്‍ ആദ്യം എത്തിയത് ഇവിടെയാണ്. ഫാബിന്റെ ഒരു വയസ്സുള്ള കുഞ്ഞിനെ ഉറക്കിക്കൊണ്ടിരിക്കുമ്പോഴാണ് വീടിനുള്ളില്‍ ബഹളം കേള്‍ക്കുന്നത്. വാതില്‍ ചവിട്ടിതുറന്നാണ് പോലീസുകാര്‍ അകത്ത് കയറിയത്. പതിനഞ്ച് പേരെങ്കിലും കാണും. ഡൈനിങ് ടേബിളും, ജനാലയും, ടി.വി.യും ബൈക്കും എല്ലാം അവര്‍ തകര്‍ത്തു. ഭിത്തിയില്‍ തൂക്കിയിരുന്ന യേശുവിന്റെ ഫോട്ടോ വലിച്ച് താഴെയിട്ടു. എന്റെ അനുജത്തിയുടെ ഭര്‍ത്താവ് ആ സമയം വീട്ടിലുണ്ടായിരുന്നു. അയാളെ പോലീസ് മര്‍ദ്ദിച്ചു. ഇതെല്ലാം കണ്ട് കുഞ്ഞിന് അന്ന് തുടങ്ങിയ പനിയാണ്. ഇതേവരെ മാറിയിട്ടില്ല. എന്റെ രണ്ടാമത്തെ മകന്റെ ഭാര്യ ഗര്‍ഭിണിയാണ്. അവള്‍ക്ക് ഈ സംഭവത്തോടെ ശ്വാസംമുട്ടലായി. ഇപ്പോള്‍ എല്ലാവരും ഇവിടുന്ന് മാറി നില്‍ക്കുകയാണ്.' ഫാബിന്റെ അമ്മ അമ്മിണി പറഞ്ഞു.

പോലീസിന്റെ നടപടികള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രദേശത്ത് ജനകീയ സമിതി രൂപീകരിച്ചിട്ടുണ്ട്. പോലീസിനെ ഭയന്ന് പ്രദേശത്തെ പലരും വീടുവിട്ടു പോയി. 'വീടുകളില്‍ ആളില്ലെന്ന് അറിഞ്ഞിട്ടും പോലീസുകാര്‍ വെറുതെയിരിക്കുന്നില്ല. രാത്രിയില്‍ വന്നു വീട് ചവിട്ടിത്തുറന്ന് കണ്ണില്‍കണ്ടതെല്ലാം നശിപ്പിച്ചിട്ട് പോവുകയാണ്. കമ്പനിപ്പടിയിലെ വാവച്ചന്റെ വീട്ടില്‍ നിന്ന് എല്ലാവരും വേറെ സ്ഥലത്തേക്ക് പോയി. അവിടുത്തെ രണ്ട് ആണ്‍കുട്ടികള്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. വീട്ടില്‍ ആരുമില്ലെന്നറിഞ്ഞിട്ടും രാത്രിയിലെത്തി അവര്‍ വാതില്‍ ചവിട്ടിത്തുറന്നു. വാഷിംഗ് മെഷീന്‍ തല്ലിത്തകര്‍ത്തു. വേറൊരു വീട്ടിലെ പാചകവാതക സിലിണ്ടര്‍ കിണറ്റിലെടുത്തിട്ടു. ഞങ്ങള്‍ക്ക് ആഴ്ചയിലൊരിക്കലാണ് കുടിവെള്ളം വിതരണം ചെയ്യുന്നത്. വെള്ളം പിടിച്ച് വച്ചിരുന്ന ടാങ്ക് തകര്‍ത്തു. എല്ലാ ദിവസവും പോലീസുകാര്‍ വരുന്നുണ്ട്. പകല് വരില്ല. രാത്രിയിലാണ്. പലതും തല്ലിയുടയ്ക്കുന്ന ശബ്ദം കേള്‍ക്കാറുണ്ട്. പക്ഷെ പേടിച്ചിട്ട് ആരും അങ്ങോട്ട് പോകാറില്ല' ജനകീയ സമിതി അംഗം കൂടിയായ റിനി പറയുന്നു.

എന്നാല്‍ കേസിലുള്‍പ്പെട്ടവരും അവരുടെ കുടുംബാംഗങ്ങളും അവസരം വിനിയോഗിച്ച് പോലീസുകാര്‍ക്കെതിരെ തിരിഞ്ഞിരിക്കുകയാണെന്നാണ് കണ്ണമാലി പോലീസ് സ്‌റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. പശ്ചിമകൊച്ചിയില്‍ കഞ്ചാവ് ഉപയോഗത്തിനും വില്‍പ്പനയ്ക്കുമായി ഏറ്റവുമധികം കേസുകളെടുത്തിട്ടുള്ളത് കണ്ണമാലി പോലീസ് ആണ്. ചെല്ലാനത്തെ മുതിര്‍ന്ന തലമുറക്കാര്‍ പ്രശ്‌നക്കാരല്ല. എന്നാല്‍ ചെറുപ്പക്കാര്‍ക്കിടയില്‍ കഞ്ചാവ് ഉപയോഗം കൂടുതലാണ്. ഇപ്പോഴത്തെ എസ്.ഐ. ചാര്‍ജെടുത്തിട്ട് ഒരു വര്‍ഷമാകുന്നു. അതിനിടയില്‍ നൂറോളം കേസുകളാണ് ഈ വിഷയത്തില്‍ എടുത്തിട്ടുള്ളത്. ഇത് നാട്ടുകാരെ പ്രകോപിതരാക്കിയിട്ടുണ്ടാവാം. ഇത് കൂടാതെ മത്സ്യ ബന്ധന ബോട്ടുകള്‍ക്ക് നല്‍കുന്ന മണ്ണെണ്ണ പെര്‍മിറ്റ് ദുരുപയോഗം ചെയ്ത് മണ്ണെണ്ണ കരിഞ്ചന്ത നടത്തിയവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഈ രണ്ടും വിഷയങ്ങളിലുള്ള എതിര്‍പ്പായിരിക്കാം പോലീസിന്റെ മേലുള്ള ദുരാരോപണത്തിന് പിന്നിലെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. കണ്ണമാലി എസ്.ഐ. ഷൈജു ഇബ്രാഹിം സംഭവത്തെക്കുറിച്ച് പറയുന്നതിങ്ങനെ ' ഗാനമേളയ്‌ക്കൊപ്പം തുള്ളിയവര്‍ തമ്മില്‍ അടിയുണ്ടായി. പള്ളിപ്പറമ്പിണ്ടായിരുന്ന പെണ്ണുങ്ങള്‍ ഇതുകണ്ട്് കരഞ്ഞു നിലവിളിച്ചപ്പോഴാണ് പോലീസ് അവിടേയ്ക്ക് ചെല്ലുന്നത്. പിന്നീട് സംഘര്‍ഷമുണ്ടായി. പരിക്ക് പറ്റിയ പോലീസുകാരെ ആശുപത്രിയിലാക്കിയതിന് ശേഷം ഇതിലുള്‍പ്പെട്ട ചിലരുടെ വീടുകളില്‍ പള്ളിക്കമ്മറ്റിക്കാര്‍ക്കൊപ്പം പോലീസുകാര്‍ എത്തി പരിശോധന നടത്തിയിരുന്നു. എന്നാല്‍ പിറ്റേന്ന് വന്ന വാര്‍ത്തകള്‍ പോലീസിനെതിരായിരുന്നു. പോലീസുകാര്‍ രാത്രിയില്‍ വീടുകയറി ആക്രമിച്ചു എന്ന രീതിയിലാണ് വാര്‍ത്തകള്‍ വന്നത്. അതൊന്നും പോലീസ് ചെയ്തതല്ലെങ്കിലും എതിരായ വാര്‍ത്ത വന്നപ്പോള്‍ രാത്രികാലങ്ങളില്‍ പോലീസ് വീടുകളില്‍ കയറേണ്ട എന്ന തീരുമാനമുണ്ടായി. ഇതേവരെ അവിടുത്തെ വീടുകളില്‍ രാത്രിയില്‍ കയറിയിട്ടില്ല. രണ്ട് ദിവസം മുമ്പ് രാത്രിയില്‍ പരിശോധനയ്ക്ക് ചെന്നിരുന്നു. എന്നാല്‍ അത് രാത്രി എട്ട് മണിയ്ക്ക് മുമ്പാണ്. അതും അയല്‍വാസികളുമായിട്ടാണ് പരിശോധനയ്ക്ക പോയത്. വാറണ്ടുള്ള ഒരു പ്രതിയെ പിടിക്കാന്‍ ചെന്നാല്‍ പോലും ആ പ്രദേശത്ത് വലിയ വിഷയങ്ങളുണ്ടാകും. സ്ത്രീകളില്‍ പലരും അതിനെതിരെ പ്രതിഷേധവുമായെത്തും. അങ്ങനെയുള്ള ഒരു സ്ഥലത്ത് ഞങ്ങള്‍ ഇത്തരത്തിലൊരു അതിക്രമം ചെയ്യുമെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. പോലീസിനെ ആക്രമിച്ച് കേസില്‍ 15 പേരും ഗാനമേള അലങ്കോലമാക്കിയതിന് പള്ളിക്കമ്മറ്റിക്കാര്‍ നല്‍കിയ കേസില്‍ ഇരുപതോളം പേര്‍ക്കുമെതിരെയാണ് കേസെടുത്തിട്ടുള്ളത്. സംഭവം നടന്ന് മൂന്നാം ദിവസം തന്നെ പലരും കുടുംബത്തോടെ അവിടെ നിന്ന് താമസം മാറ്റി. മിക്ക വീടുകളും പൂട്ടിക്കിടക്കുകയാണ്. അത് ആ പ്രദേശത്തിന്റെ പ്രത്യേകതയാണ്. എന്തെങ്കിലും അടിപിടിയുണ്ടായാല്‍, അത് പോലീസുകാരോട് തന്നെ വേണമെന്നില്ല, അങ്ങനെയുണ്ടായാല്‍ വീട്ടുകാര്‍ സഹിതം മാറിനില്‍ക്കും. കഴിഞ്ഞ ദിവസം വാതില്‍ ചവിട്ടിത്തുറന്നെന്ന് പറയുന്ന വാവച്ചന്റെ വീട്ടില്‍ നിന്ന് മുമ്പ് മണ്ണെണ്ണ കരിഞ്ചന്തയില്‍ വില്‍ക്കുന്നത് നേരിട്ട് കണ്ടെടുത്ത് കേസെടുത്തിട്ടുണ്ട്.'

' വര്‍ഷങ്ങളായി നടക്കുന്ന പള്ളിപ്പെരുന്നാളിന് ഗാനമേളയ്ക്കിടെ ചില വിഷയങ്ങള്‍ പതിവാണ്. എന്നാല്‍ അത് പരസ്പരം പറഞ്ഞ് തീര്‍ക്കുകയാണ് പതിവ്. പോലീസുകാര്‍ ഇതില്‍ ഇങ്ങനെ ഇടപെട്ടതെന്തിനാണെന്ന് മനസ്സിലാവുന്നില്ല. കേസിലുള്‍പ്പെട്ടവരെ കണ്ട് പിടിക്കാതെ വീടുകളില്‍ കയറി ഭീതിയുണ്ടാക്കുന്നതെന്തിനാണ്? ചെല്ലാനം സ്വദേശിയായ സെബാസ്റ്റ്യന്‍ പൊലീസിന്റെ ന്യായത്തേയും നടപടികളെയും ചോദ്യം ചെയ്യുന്നത് ഇപ്രകാരമാണ്.

സംഭവത്തില്‍ പ്രതിഷേധവുമായി മനുഷ്യാവകാശ പ്രവര്‍ത്തകരും എത്തിയിട്ടുണ്ട്. പോലീസ് അതിക്രമം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകരും ജനകീയസമിതിയും തിങ്കളാഴ്ച പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ചിനൊരുങ്ങുകയാണ്.

(മാധ്യമപ്രവര്‍ത്തകയാണ് ധന്യ)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ഡപ്യൂട്ടി എഡിറ്റര്‍

Next Story

Related Stories