TopTop
Begin typing your search above and press return to search.

ചെമ്മീന്‍@50 വര്‍ഷം; ചെമ്മീനിന്‍റെ നിശ്ചലഛായാഗ്രാഹകന്‍ ശിവന്‍ സംസാരിക്കുന്നു

ചെമ്മീന്‍@50 വര്‍ഷം; ചെമ്മീനിന്‍റെ നിശ്ചലഛായാഗ്രാഹകന്‍ ശിവന്‍ സംസാരിക്കുന്നു

ചെമ്മീന്‍, മലയാളത്തിലെ ആദ്യത്തെ ക്ലാസിക് സിനിമ- റിലീസ് ചെയ്തിട്ട് ഇന്ന് 50 വര്‍ഷം തികയുന്നു. തിരുവനന്തപുരം സ്റ്റാച്യുവിലുള്ള ശിവന്‍സ് സ്റ്റുഡിയോയുടെ ഓഫിസില്‍ സംവിധായകനും ചെമ്മീനിന്‍റെ നിശ്ചലഛായാഗ്രഹകനുമായ ശിവന്‍, മനസ്സിന്റെ ഫ്രെയിമുകളില്‍ നിന്ന് ചെമ്മീനെ കുറിച്ചുള്ള ഓര്‍മ്മകള്‍ തിരയുകയാണ്. തയ്യാറാക്കിയത് രാകേഷ് നായര്‍

ഒരു ദിവസം പെട്ടെന്ന് രാമു കാര്യാട്ട് ഓഫീസിലേക്ക് കയറിവന്നു. വിളിച്ചു പറഞ്ഞിട്ടാണ് സാധാരണ വരാറുള്ളത്. ഞാനന്ന് കൂടുതലും ബോംബെയിലും മറ്റുമാണ്. നാഷണല്‍ ജ്യോഗ്രഫിക് മാഗസിന്‍, ഇല്ലസ്‌ട്രേറ്റഡ് വീക്കിലി, ടൈംസ് ഓഫ് ഇന്ത്യ തുടങ്ങിയവയ്ക്കായി കളര്‍ ഫോട്ടോസ് എടുക്കുന്ന കാലമാണ്. അതുകൊണ്ട് തന്നെ തിരുവനന്തപുരത്ത് ഞാനുണ്ടോ എന്നു ചോദിച്ചറിഞ്ഞിട്ടേ രാമു വരാറുള്ളൂ. എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളായിരുന്നു രാമു. പക്ഷെ ഇത്തവണത്തെ വരവ് ശരിക്കും അപ്രതീക്ഷിതമായിരുന്നു. ഒറ്റയ്ക്കുമല്ല, കൂടെ രണ്ടുപേരുണ്ട്. ഒരു ഗൗരവക്കാരന്‍, അധികം പ്രായമൊന്നുമില്ലാത്തൊരു ചെറുപ്പക്കാരനാണ് മറ്റെയാള്‍. രണ്ടുപേരെയും എനിക്കു പരിചയപ്പെടുത്തി; മാര്‍ക്കസ് ബാര്‍ട്‌ലിയും ബാബുവും. പെട്ടെന്നുള്ള വരവിന്റെ ഉദ്ദേശം അതിനുശേഷമാണ് പറഞ്ഞത്. 'ഞാനൊരു പടം എടുക്കാന്‍ പോകുന്ന കാര്യം ശിവന്‍ അറിഞ്ഞു കാണുമല്ലോ, ചെമ്മീന്‍..' 'കേട്ടു', ഞാന്‍ പറഞ്ഞു. ആഹ്ഹ..ഒന്നു മൂളിക്കൊണ്ട് രാമു തുടര്‍ന്നു, 'കാമറ ചെയ്യുന്നത് മാര്‍കസ് ആണ്, ബാബുവാണ് പ്രൊഡ്യൂസര്‍. ശിവന്‍ ഫോട്ടോസ് എടുക്കണം...' 'അതിനെന്താ..എല്ലാവരുമുള്ളൊരു ദിവസം അറിയിച്ചാല്‍ വന്നു പടം എടുത്തു തരാം'. രാമുവിനുവേണ്ടി എന്തെങ്കിലും ചെയ്യുന്നതിലുള്ള സന്തോഷം ഞാന്‍ വ്യക്തമാക്കി. 'അതുപോരാ...താന്‍ എന്റെ കൂടെ മുഴുവന്‍ സമയംവേണം', രാമു സീരിയസായി. ഞാന്‍ പക്ഷെ നിസ്സഹായനായിരുന്നു. രാമുവിനോട് നോ എന്നു പറയാന്‍ വയ്യ. മറ്റാരെങ്കിലുമായിരുന്നു മുന്നിലിരുന്ന് ഇതേ ആവശ്യം പറഞ്ഞിരുന്നെങ്കില്‍ എന്റെ ബുദ്ധിമുട്ടറിയിക്കാന്‍ ഒരു തടസ്സവുമില്ലായിരുന്നു. ഒരു സിനിമയില്‍ വര്‍ക്ക് ചെയ്യുന്നതിനേക്കാള്‍ എന്തുകൊണ്ടും ഗുണം പ്രസ് ഫോട്ടോസ് എടുക്കുന്നതിനാണ്. ഇതുപക്ഷേ രാമുവാണ്. ഞങ്ങള്‍ തമമ്മിലുള്ള ബന്ധം അത്ര ദൃഢമാണ്. എന്നാലും ഏറ്റെടുത്ത അസ്സൈന്‍മെന്റ്‌സ് ഒഴിവാക്കാന്‍ പറ്റില്ല. 'തിരക്കുണ്ട് രാമൂ'. എന്റെ നിസ്സഹാത മനസ്സിലാക്കിക്കൊണ്ട് മേശപ്പുറത്തിരുന്ന ഡയറി എടുത്തു നോക്കി, അതില്‍ ഞാനൊരോ അസൈന്‍മെന്റിന്റെയും തീയതി കുറിച്ചിട്ടുണ്ട്. അതെല്ലാം വായിച്ചുനോക്കിയിട്ട് രാമു പറഞ്ഞു; 'ഇതിനപ്പുറം ഒന്നും ഏറ്റെടുക്കരുത്, ശിവനെ എനിക്കു വേണം. ഷൂട്ടിംഗ് എന്നു തുടങ്ങുമെന്നകാര്യം എഴുതാം.' അത് രാമു എന്നില്‍ നിന്നും വാങ്ങിയ ഉറപ്പായിരുന്നു...


ശിവന്‍

തകഴി കണ്ട പുറക്കാടും രാമു കാര്യാട്ട് തെരഞ്ഞെടുത്ത നാട്ടികയും
നാട്ടിക കടപ്പുറത്തായിരുന്നു ചെമ്മീന്റെ ഷൂട്ടിംഗ്. തകഴി ചേട്ടന്‍ നോവല്‍ എഴുതിയത് പുറക്കാട് കടപ്പുറം പശ്ചാത്തലമാക്കിയാണ്. എസ് എല്‍ പുരം സംഭാഷണമൊരുക്കിയതും പുറക്കാട്ടെ ഭാഷാശൈലിയിലാണ്. പക്ഷെ സിനിമ ചിത്രീകരിക്കാന്‍ രാമു കാര്യാട്ട് തെരഞ്ഞെടുത്തത് നാട്ടികയാണ്. എല്ലാ കടപ്പുറങ്ങളും സൗന്ദര്യമുള്ളതാണ്. പക്ഷെ പുറക്കാടിനെക്കാള്‍ വിഷ്വലി കുറച്ചുകൂടി സിനിമയ്ക്ക് ചേരുന്നത് നാട്ടികയാണെന്ന്‍ രാമുവിന് തോന്നി. അതിന്റെ ദൃശ്യസംസ്‌കാരം വേറെയാണ്. അവിടെയാണ് അരയന്മാര്‍ തൊട്ടിലുപോലെ ഒരു കമ്പിന്റെ രണ്ടറ്റത്തും കൊട്ടകള്‍ തൂക്കി മീനുമായി പോകുന്നത്. പുറക്കാടൊക്കെ കൊട്ടയില്‍ തലച്ചുമടായാണ്. നാട്ടിക രാമുവിന്റെ വീടിന് അടുത്തുമാണ്. അതുപക്ഷേ ഒരു കാരണമായിരുന്നില്ല. സിനിമയ്ക്ക യോജിച്ചയിടം എന്ന തിരിച്ചറിവു മാത്രമായിരുന്നു നാട്ടിക ലൊേേക്കഷനാക്കാന്‍ രാമുവിനെ പ്രേരിപ്പിച്ചത്. ചെമ്മീന്‍ എന്ന ചലച്ചിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ടൊരു ക്യാരക്ടറാണ് ആ കടപ്പുറം.

ഷൂട്ടിംഗ് തുടങ്ങി ആദ്യ ദിവസങ്ങളില്‍ കടപ്പുറത്തുള്ളവര്‍ക്ക് ഒരത്ഭുതമായിരുന്നു. രണ്ടുദിവസം കഴിഞ്ഞതോടെ അവര്‍ ഞങ്ങളോടു വളരെ അടുത്തു. അവരുടെ കൂട്ടത്തിലുള്ളവരായി ഞങ്ങളും മാറി. അവരുടെ കുടിലുകളിള്‍ വിശ്രമൊരുക്കാനും ഭക്ഷണം തയ്യാറാക്കാനുമൊക്കെ അവര്‍ ഉത്സാഹിച്ചു, രാമുവും സത്യന്‍ മാസ്റ്ററുമെല്ലാം അവരോട് വളരെ അടുത്ത് ഇടപഴകി. ഞാനും സത്യന്‍ മാഷും അവരൊടൊപ്പം ഭക്ഷണം കഴിച്ചിട്ടുണ്ട്. കഥാപാത്രങ്ങള്‍ക്കായി സൂക്ഷ്മനിരീക്ഷണം നടത്തും മാസ്റ്റര്‍. ചെമ്മീനില്‍ ചോറുണ്ണുന്നൊരു സീന്‍ ശ്രദ്ധിക്കണം, ഒരു വശത്താക്കി ചോറുരുള്ളയിട്ടുകൊണ്ട് സംസാരിക്കുന്നത് അരയക്കുടിയിലെ രീതികള്‍ കണ്ടു മനസ്സിലാക്കി ചെയ്തതാണ്. ഇതുപോലെയായിരുന്നു ഓടയില്‍ നിന്നിന്റെ ഷൂട്ടിംഗിനു മുമ്പും. ഒരു ഞായറാഴ്ച എന്നെയും കൂട്ടി കൊല്ലം റെയില്‍വേ സ്റ്റേഷന്റെ മുന്നിലെത്തി. അവിടെ ധാരാളം റിക്ഷാക്കാരുണ്ട്. അവരുടെ ശൈലികള്‍ നോക്കി മനസ്സിലാക്കാനാണ്. അവിരൊലാരാള്‍ കാലുകൊണ്ട് തട്ടി വണ്ടിക്കൈ പൊക്കിയെടുക്കുന്നത് കണ്ടു. ആ സ്റ്റൈല്‍ ആണ് സിനിമയില്‍ കാണിച്ചിരിക്കുന്നത്.ആദ്യസമയങ്ങളില്‍ തൃശൂര്‍ പോയിട്ടായിരുന്ന ഞങ്ങള്‍ ഭക്ഷണം കഴിച്ചിരുന്നത്. സമയനഷ്ടം, കൂടുതല്‍ പണച്ചെലവ് എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് ഞാനാണ് ബാബുവിനോട് ഭക്ഷണം നമുക്ക് ഇവിടെ തന്നെയൊരുക്കിയാല്ലോ എന്നു ചോദിച്ചത്. പ്രായോഗികമാകുമോ എന്നായിരുന്നു ബാബുവിന് സംശയം. പിന്നീട് അതുതന്നെ വേണ്ടിവന്നു. ബാലന്‍ എന്നൊരാളുടെ വീട്ടിലായിരുന്നു ഭക്ഷണമൊരുക്കിയിരുന്നത്. ആ നാട്ടുകാരോടുള്ള ആത്മബന്ധം ഞങ്ങള്‍ക്കെല്ലാവര്‍ക്കും ആഴത്തിലുളളതായിരുന്നു. രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു യാത്ര കഴിഞ്ഞു മടങ്ങും വഴി ഞാന്‍ നാട്ടികയെത്തിയപ്പോള്‍ കാര്‍ നിര്‍ത്തി. കൈയിലുണ്ടായിരുന്നു കാമറയുമായി പുറത്തിറങ്ങി. കുറെ നേരം ആ കടപ്പുറത്ത് നിന്നു. പല ഓര്‍മകളും മനസ്സിലേക്ക് തിരിയടിച്ചു കയറിവന്നു. പെട്ടെന്ന് ഒരാള്‍ എന്റെ മുന്നിലേക്ക് വന്നു. ഏറെ നാളുകള്‍ക്കുശേഷം വളരെ പ്രിയപ്പെട്ടൊരാളെ മുന്നില്‍ കണ്ടതിന്റെ സന്തോഷത്തോടെ അയാള്‍ എന്റെ പേര് നീട്ടിവിളിച്ചു. അധികം സമയം വേണ്ടിവന്നില്ല എനിക്കും അയാളെ തിരിച്ചറിയാന്‍, ബാലന്‍...പഴയ ബാലന്‍... ഇരുവര്‍ക്കും വലിയ സന്തോഷമായി. വര്‍ഷങ്ങള്‍ക്കിപ്പറവും അവരെന്നെ ഓര്‍ത്തിരിക്കുന്നു. അന്നു ബാലന്റെയും പിന്നെയൊരു ഷണ്‍മുഖന്റെയും വീട്ടില്‍ ഞാന്‍ പോയി. അതിനിടയില്‍ പഴയ പരിചയക്കാരില്‍ ചിലരെയും കാണാന്‍ സാധിച്ചു. ചെമ്മീന്‍ എന്ന സിനിമയുടെ ഭാഗമായതിലൂടെ എനിക്ക് കിട്ടിയ സൗഭാഗ്യം ഇത്തരം സൗഹൃദങ്ങളും അവരുടെ കടലോളമുള്ള സ്‌നേഹവുമാണ്.

ചില പരാതികളും അഭിനന്ദനവും
ഷൂട്ടിംഗ് തുടങ്ങി, രാമു പറഞ്ഞപോലെ ഫോട്ടോസ് എടുക്കുന്നതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ എനിക്കവിടെ ചെയ്യേണ്ടി വന്നു. രാമുവിന്റെ കൂടെ എപ്പോഴും വേണം. ഒരു ദിവസം പറഞ്ഞു, തൃശൂര്‍ പോയി നമുക്ക് ആര്‍ട്ടിസ്റ്റുകള്‍ക്കുള്ള ഡ്രസ് സെലക്ട് ചെയ്യണം. അതിനെന്തിനാണ് തൃശൂര്‍ പോകുന്നത്. ഇവിടെയുള്ളവര്‍ തുണി വാങ്ങുന്നത് തൃശൂര്‍ പോയിട്ടാണോ, ഇവിടെയുള്ള കടകളില്‍ നിന്നല്ലേ, നമുക്ക് അവിടെ നിന്നെടുക്കാം; ഞാനെന്റെ അഭിപ്രായം പറഞ്ഞു. മറിച്ചൊന്നും രാമുവും പറഞ്ഞില്ല. ഇങ്ങനെ പലകാര്യങ്ങളിലും എനിക്ക് വ്യാപൃതനാകേണ്ടി വന്നു. എല്ലാം ചെയ്യുന്നുണ്ട്, വന്നതെന്തിനാണോ അതുമാത്രം ചെയ്യുന്നില്ല എന്ന പരാതി ഇതിനിടയില്‍ എനിക്കെതിരെ ഉയര്‍ന്നിരുന്നു, മാര്‍കസ് ബാര്‍ട്ട്‌ലിക്കായിരുന്നു ആ പരാതി. ഞാനതൊന്നും അറിയുന്നില്ല. എനിക്കൊരു പോളറേനിയന്‍ കാമറ വേണം; ഒരു ദിവസം ഞാന്‍ രാമുവിനോടു പറഞ്ഞു. അന്ന് കൈയിലുള്ള കാമറയില്‍ പടം എടുത്താല്‍, അത് ഡവലപ്പ് ചെയ്ത് കിട്ടാന്‍ ഏറെ സമയം എടുക്കും. പോളറേനിയന്‍ കാമറയില്‍ എടുക്കുന്ന പടം അപ്പോള്‍ തന്നെ കാണാം. ഫോട്ടോ ലാസ്റ്റ് ചെയ്യില്ലന്നെയുള്ളൂ. രാമു ബാബുവിനോട് കാര്യം അവതരിപ്പിച്ചു. ഒരാഴ്ച്ച കഴിഞ്ഞപ്പോള്‍ ബാബു അമേരിക്കയില്‍ നിന്ന കാമറ എത്തിച്ചു. അതിലെടുത്ത കളര്‍ സ്റ്റില്‍സ് കൊറിയോഗ്രഫര്‍ക്കും സിനിമാട്ടോഗ്രാഫര്‍ക്കുമൊക്കെ ഉപകാരപ്പെട്ടു. പക്ഷേ അപ്പോഴും ബാര്‍ട്ട്‌ലിക്ക് പരാതി ബാക്കിയാണ്. രാമുവിനോട് അതു പറയുകയും ചെയ്തു; ശിവന്‍ വന്നിട്ട് ഫോട്ടോസ് ഒന്നും എടുത്തു കാണുന്നില്ല, രാമു ഒന്നു ചോദിക്കണം. ഞാനെങ്ങനാ ശിവനോട് ചോദിക്കുക എന്നായിരുന്ന രാമുവിന്റെ മറുപടി. രാമുവിന്റെ പ്രകൃതം അങ്ങനെയാണ്. മുഖം കറുത്ത് അന്യരോടുപോലും സംസാരിക്കാത്ത ആളാണ്. ഈ കഥയൊന്നും അറിയാതെ ഞാന്‍ നൂറ്റിനാപ്പതോളം സ്റ്റില്‍സ് ഡവലപ്പ്‌ചെയ്യാനായി പുറത്തേക്ക് അയച്ചു കൊടുത്തിരുന്നു. ബാബുവിന്റെ അഡ്രസാണ് കൊടുത്തത്. പക്ഷെ പടം വരാന്‍ വൈകുന്നു. ഇക്കാര്യം ബാബു എന്നോട് സൂചിപ്പിച്ചു. അത്യാവശ്യമാണെന്നു പറഞ്ഞ് ഒരു കമ്പിയടിക്കാം; ബാബുവിനെ സമാധാനിപ്പിച്ചു.


മാര്‍കസ് ബാര്‍ട്‌ലി

ഒരു ദിവസം കുളി കഴിഞ്ഞിറങ്ങുമ്പോള്‍ കട്ടിലില്‍ ബാബുവും രാമുവും. എന്നെപ്പിടിച്ച് നടുക്കിരുത്തി. രണ്ടുപേരുംകൂടി വട്ടംപിടിച്ചു. രാമു എന്റെ കവിളൊക്കെ കടിച്ചു പറിക്കുകയാണ്. നല്ല സന്തോഷത്തിലാണ് രണ്ടുപേരുമെന്ന് മനസ്സിലായി. 'ശിവന്‍ വേഗം ഡ്രസ്സ് മാറു, പുറത്തുപോണം,' രാമു ധൃതിവച്ചു. സെന്‍ട്രല്‍ ഹോട്ടലിലേക്കാണ് പോകുന്നത്. മാര്‍കസ് ബാര്‍ട്‌ലി അവിടെയാണ് താമസം. ബാര്‍ട്‌ലിയുടെ മുറി. എനിക്ക് അത്ഭുതം തോന്നിയത് അദ്ദേഹത്തിന്റെ മുഖത്തെ ചിരി കണ്ടപ്പോഴാണ്. തമ്മില്‍ കണ്ടശേഷം ഇങ്ങനൊരു മുഖഭാവം ആദ്യമാണ്. ലൊക്കേഷനില്‍ ഒരാളോടുപോലും അവശ്യമില്ലാതെ സംസാരിക്കില്ല. വളരെ യാഥാസ്ഥിതികനായ കാമറമാന്‍. നമ്മളെന്തെങ്കിലുമൊക്കെ കളിചിരി പറഞ്ഞാല്‍ അതിനോടൊന്നും യോജിക്കില്ല, ഇവിടെ ടൂറിനു വന്നതാണോ എന്ന് ഒരിക്കല്‍ ചോദിച്ചിട്ടുണ്ട്. അങ്ങനെയുള്ളൊരാളുടെ ഭാവമാറ്റം ആരെയും അത്ഭുതപ്പെടുത്തും. 'ചെമ്മീന്‍ എന്ന സിനിമ എങ്ങനെയിരിക്കുമെന്ന് എനിക്ക് മനസ്സിലായി', ബാര്‍ട്‌ലി പറഞ്ഞു, അപ്പോഴാണ് ശ്രദ്ധിക്കുന്നത്, ഞനെടുത്ത ഫോട്ടോകള്‍ അദ്ദേഹത്തിന്റെ കൈയില്‍! 'വളരെ മനോഹരമായിരിക്കുന്നു ശിവന്‍, പക്ഷേ നിങ്ങളിതൊക്കെ എപ്പോള്‍ എടുത്തു? ഞങ്ങളാരും കണ്ടില്ലല്ലോ?' ബാര്‍ട്‌ലിക്കു മാത്രമല്ല, രാമുവിനും ബാബുവിനും അതേ സംശയവും ആഹ്ലാദവുമുണ്ടായിരുന്നു. ശരിയാണ്, ഞാന്‍ സ്റ്റില്‍സ് എടുക്കുന്ന കാര്യം ആര്‍ട്ടിസ്റ്റുകള്‍ പോലും അറിഞ്ഞിട്ടുണ്ടായിരുന്നില്ല. അന്നത്തെ പതിവ് ആര്‍ട്ടിസ്റ്റുകളെ ഓരോ പോസില്‍ നിര്‍ത്തി പടം എടുക്കുന്നതാണ്. ഞാനതിന് ശ്രമിച്ചില്ല, അവര്‍ അഭിനയിക്കുന്നതിനിടയില്‍ തന്നെ ഫോട്ടോകള്‍ പകര്‍ത്തി.

എന്തായാലും അന്നത്തോടെ ബര്‍ട്‌ലിയും ഞാനും നല്ല സൗഹൃദത്തിലായി, ഒരു ടെക്‌നീഷ്യന്‍ എന്ന നിലയില്‍ അദ്ദേഹമെനിക്ക് റെസ്‌പെക്ട് തന്നു. തന്റെ കാമറ മറ്റൊരാളെക്കൊണ്ടും തൊടീക്കാത്ത ആളാണ്, എനിക്കതിനുള്ള അവകാശം തന്നു. അദ്ദേഹത്തിന്റെ മരണം വരെ ആ ബന്ധം ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നു.

മാര്‍കസ് ബാര്‍ട്‌ലിയെ ചെമ്മീന്റെ കാമറമാനാക്കുന്നതിനും ഒരു കാരണമുണ്ട്. അന്ന് കളര്‍ ഫിലിം വേണമെങ്കില്‍ നാഷണല്‍ ഫിലിം ഫെഡറേഷന്റെ പെര്‍മിറ്റ് വേണം. അവരാണെങ്കില്‍ റിജീയണല്‍ ഫിലിംസിന് പെര്‍മിറ്റ് കൊടുക്കാറുമില്ല. തമിഴിലുള്ളൊരു പ്രൊഡക്ഷന്‍ കമ്പനിക്ക് കിട്ടിയ പെര്‍മിറ്റാണ് ചെമ്മീനു വേണ്ടി വാങ്ങിച്ചത്. അന്ന് ഒരു റോളിന് പതിനഞ്ചായിരമാണ് വില. ഇരട്ടിക്കാശ് കൊടുത്താണ് അവരില്‍ നിന്ന് ഫിലിം വാങ്ങിയത്. ആകെ കിട്ടിയത് മുപ്പത് റോള്‍. അതില്‍ സിനിമ തീര്‍ക്കണം. എത്രകാശ് കൊടുക്കാമെന്നു പറഞ്ഞാലും മുപ്പതില്‍ കൂടുതല്‍ റോള്‍ കിട്ടില്ല. അങ്ങനെ വന്നപ്പോള്‍ എഫിഷ്യന്റായൊരു കാമറമാന്‍ വേണമെന്ന് മനസ്സിലായി. ആ അന്വേഷണം ജമിനിയില്‍ എത്തി. അന്ന് ജമിനിയുടെ പ്രധാനപ്പെട്ട കാമറാമാനാണ് ബാര്‍ട്‌ലി. കാര്യം പറഞ്ഞപ്പോള്‍ അദ്ദേഹം ഒകെ പറഞ്ഞു. ലഭ്യമായ ഫിലിം റോളില്‍ ഷൂട്ട് ചെയ്യാമെന്ന് ഉറപ്പ് നല്‍കി. വളരെ കാല്‍കുല്ലേറ്റഡ് ആയ കാമറമാനായിരുന്നു ബാര്‍ട്‌ലി. ആ മിടുക്ക് അദ്ദേഹം ചെമ്മിനുവേണ്ടി പ്രകടിപ്പിച്ചു.

ഋഷിദാ വരുന്നൂ...
ജോര്‍ജ് എന്നൊരാളാണ് ചെമ്മീന്റെ എഡിറ്റിംഗ് ജോലികള്‍ ചെയ്തത്. അവസാനമാണ് ഋഷികേശ് വരുന്നത്. ബോംബെ ജീവിതത്തില്‍ എന്റെ സൗഹൃദവലയങ്ങളിലെ പ്രധാനികളായിരുന്നു ഋഷികേശ് മുഖര്‍ജി, സലീല്‍ ചൗധരി, ബിമല്‍ റോയി തുടങ്ങിയവര്‍. ഞങ്ങള്‍ തമ്മിലുള്ള അടുപ്പത്തിന്റെ പുറത്താണ് ഋഷിദാ എന്നോട് പറയുന്നത്, ശിവാ..കുറച്ചു ഷോട്ടുകള്‍ കൂടി കിട്ടിയിരുന്നെങ്കില്‍ നമുക്ക് നന്നാകുമായിരുന്നുവെന്ന്. ഞാനീക്കാര്യം രാമുവിനോടു പറഞ്ഞു. രാമു ഉടന്‍ തന്നെ ക്യാമറമാന്‍ രാജഗോപാലിനെ വിളിച്ചു. ഋഷികേശ് മുഖര്‍ജി മുന്നോട്ടുവച്ച ആവശ്യം എന്തായിരുന്നോ അത് രാമുവിലെ സംവിധായകന് ബോധ്യമായിരുന്നു. അതിനനുസരിച്ചുള്ള ഷോട്ടുകള്‍ തന്നെ തന്റെ എഡിറ്റര്‍ക്ക് നല്‍കുകയും ചെയ്തു.

വെട്ടിയൊട്ടിക്കാത്തൊരു പോസ്റ്റര്‍
അന്നത്തെ രീതി ചിത്രങ്ങള്‍ വെട്ടിക്കൂട്ടിവച്ച് പോസ്റ്റര്‍ തയ്യാറാക്കലാണ്. 'നമുക്കൊരു മാറ്റം വേണ്ടേ?' ഞാന്‍ രാമുവിനോട് ചോദിച്ചു. 'ശിവന്‍ ആലോചിക്കൂ...' ആ ചുമതല എനിക്കു കൈമാറിക്കൊണ്ട് രാമു പറഞ്ഞു. അവസാന രംഗത്ത് പരീക്കുട്ടിയും കറുത്തമ്മയും കടപ്പുറത്ത് മരിച്ചു കിടക്കുന്ന സീനുണ്ട്. ഞാനത് കാമറയില്‍ പകര്‍ത്തിയിട്ടുണ്ട്. ആ ഫോട്ടോ 30/40 ല്‍ എന്‍ലാര്‍ജ് ചെയ്‌തെടുത്താന്‍ എങ്ങനെയിരിക്കും? വേഗം തന്നെ അത് ഓഫിസിലേക്ക് അയച്ചുകൊടുത്ത് ആ വലിപ്പത്തില്‍ എന്‍ലാര്‍ജ് ചെയ്ത് തിരിച്ചയക്കാന്‍ ആവശ്യപ്പെട്ടു. തിരിച്ച് കൈയില്‍ കിട്ടിയപാടെ രാമുവിന്റെ താമസസ്ഥലത്തേക്ക് പോയി. വള്ളത്തിന്റെ മാതൃകയിലൊരു സാധനമുണ്ടാക്കി അതില്‍ ഡവലപ്പിംഗ് പ്രോസസിംഗ് തുടങ്ങി. ഞാനൊറ്റയ്ക്ക് ഒരു മുറിയിലാണ്. പുറത്ത് രാമുവും തകഴി ചേട്ടനും സലില്‍ദായുമൊക്കെയുണ്ട്. എതാണ്ട് രണ്ടു മണിക്കൂറിനുമേലായി ഞാനകത്ത് കയറിയിട്ട്. നേരമത്ര കഴിഞ്ഞിട്ടും കാണാതായപ്പോള്‍ അവര്‍ക്കൊക്കെ സംശയം. 'അവനകത്തു ഉറങ്ങുവോ മറ്റാണോ?' തകഴിച്ചേട്ടന്‍ സരസമായി ചോദിച്ചു. സലീല്‍ദാ അപ്പോഴും പറഞ്ഞു, 'ശിവന്‍ അല്ലേ അകത്ത്, അയാള്‍ നല്ലൊരു റിസള്‍ട്ട് തരും'. സലീല്‍ദായ്ക്ക് എന്നോട് വല്ലാത്തൊരു അടുപ്പമുണ്ട്. ഒത്തിരവട്ടം വീട്ടില്‍ താമസിച്ചിട്ടുണ്ട്. വീട്ടില്‍ വന്നാല്‍ പിന്നെ ഞാന്‍ പറയുന്നത് അനുസരിക്കും. മദ്യപാനം പാടില്ലെന്നതാണ് പ്രധാന നിര്‍ദേശം. പിന്നെ പോകുമ്പോഴാണ് പറയുക, ഇനിയെനിക്കൊരു ബിയര്‍ കുടിക്കാലോയെന്ന്. അങ്ങനെയൊരിക്കല്‍ കോവളത്ത് എത്തി. അന്നു ചെറിയൊരു ലഹരിയിലായിരുന്നു സലില്‍ദാ. കടലോരത്ത് കിടന്നൊരു കൈതക്കാലു കണ്ടപ്പോള്‍ ഓടിച്ചെന്നെടുത്തൂ. അതിനൊരു സംഗീതോപകരണത്തിന്റെ മോഡലുണ്ടത്രേ, 'ശിവന്‍ ഒരു ഫോട്ടോയെടുക്കണം, താനും കൂടി വന്നു നില്‍ക്കൂ', എന്നോടു പറഞ്ഞു. ഒരു പാറപ്പുറത്ത് സെല്‍ഫ് ടൈമര്‍ ഓണ്‍ ചെയ്തുവെച്ച് ഞങ്ങളൊരുമിച്ചു നിന്നൊരു ഫോട്ടോയെടുത്തു, സലില്‍ദായുടെ കൈയില്‍ ആ കൈതക്കാല്‍ സംഗീതോപകരണവുമുണ്ട്. ആ ഫോട്ടോ ഇന്നും ഞാന്‍ ഓഫിസില്‍ സൂക്ഷിച്ചിട്ടുണ്ട്.


സലില്‍ ചൗധരിക്കൊപ്പം ശിവന്‍

ഒടുവില്‍ ഞാന്‍ എന്റെ ജോലി പൂര്‍ത്തിയാക്കി പുറത്തെത്തി. അന്ന് ആദ്യമായാണ് അത്ര വലിയൊരു ഫോട്ടോ. കണ്ടപാടെ രാമു പറഞ്ഞു, ഇതുമതി, ഇതിലിനി ചെമ്മീന്‍ എന്നുമാത്രം എഴുതിയാല്‍ മതി. അങ്ങനെ വെട്ടിയൊട്ടിക്കാതെയുള്ള ആദ്യത്തെ പോസ്റ്റര്‍ ചെമ്മിനുവേണ്ടി ചെയ്യാന്‍ എനിക്കു സാധിച്ചു.

ഭയന്നു പോയ ദിവസം
ഇപ്പോഴും ചില അതിശയോക്തി കലര്‍ന്ന കഥകള്‍ പരക്കുന്നൊരു സംഭവം നടന്ന ദിവസം. ക്ലൈമാക്‌സ് സീനില്‍ പളനിയെ വലിയ സ്രാവ് വലിച്ചുകൊണ്ടുപോകുന്ന സീന്‍ ഷൂട്ട് ചെയ്യുകയാണ്. സത്യന്‍ മാസ്റ്റര്‍ വള്ളത്തില്‍ പോകുന്ന സീന്‍ ഷൂട്ട് ചെയ്തത് അഴിമുഖത്തിനടുത്തുള്ളൊരു കായലില്‍വെച്ചാണ്. മീന്‍ വലിച്ചുകൊണ്ടുപോകുന്നതായി കാണിക്കുന്നത് ഒരു ബോട്ടില്‍ വലിയ നൂല്‍ കെട്ടിവലിച്ചാണ്. നല്ല ടൈറ്റായി നേര്‍രേഖയില്‍ നൂല്‍ വലിച്ചുകൊണ്ടുപോകുന്നതുപോലെ തന്നെ തോന്നണം. ഈ സീന്‍ ഒരു ചങ്ങാടത്തില്‍ നിന്നുകൊണ്ടാണ് ഷൂട്ട് ചെയ്യുന്നത്. പെട്ടെന്നാണ് കരയില്‍ നിന്നവര്‍ വിളിച്ചു പറയുന്നത്, ഞങ്ങള്‍ പൊഴിയില്‍ നിന്ന് കടലിലെത്തിയിരിക്കുന്നു. പോകുന്നത് അപകടത്തിലേക്കാണെന്ന് മനസ്സിലായി. വെള്ളമടിച്ചു കയറുന്നു. പെട്ടെന്നു തന്നെ രണ്ടു ബോട്ടുകള്‍ ഞങ്ങളെ രക്ഷപ്പെടുത്താന്‍ വന്നു. അവര്‍ ആദ്യമെറിഞ്ഞു തന്ന രണ്ടു കയറുകളും പൊട്ടിപ്പോയി. ഒടുവില്‍ ഇരുമ്പ് റോപ്പ് ഇട്ടു തന്നു. അതില്‍പിടിച്ചാണ് കരയ്‌ക്കെത്തുന്നത്. ഇപ്പോള്‍ പറയുന്നതുപോലെ അന്നാരും ചങ്ങാടത്തില്‍ നിന്നു കടലില്‍ വീണിട്ടൊന്നുമില്ല. പക്ഷെ എല്ലാവരും മരണത്തെ മുഖാമുഖം കണ്ടിരുന്നു. ഈ സംഭവം വാര്‍ത്തയായി. വീട്ടുകാരൊക്കെ ആകെ പരിഭ്രാന്തിയിലായിരുന്നു. അന്നു രാത്രി സത്യന്‍ മാസ്റ്റര്‍ വന്നു, 'ശിവാ വീട്ടില്‍ പോണോന്നു തോന്നുണ്ടോ?' ഞാന്‍ മനസ്സുകൊണ്ട് ആഗ്രഹിച്ചിരുന്ന കാര്യമാണ്. പക്ഷെ എങ്ങനെ? 'ഇവര്‍ വിടുമോ?'. 'നമുക്ക് വെളുപ്പിനെ പോകാം', സത്യന്‍ മാസ്റ്റര്‍ പറഞ്ഞു. ഞങ്ങളിരുവരും തമ്മില്‍ അത്രയടുപ്പമാണ്. പക്ഷെ പ്ലാന്‍ പൊളിഞ്ഞു. പുലര്‍ച്ചെ ഞാന്‍ ഗേറ്റ് തുറക്കുമ്പോഴെ രാമു മുമ്പില്‍. 'മാസ്റ്റര്‍ക്ക് ഇന്നും നാളെയും ഷൂട്ടിംഗ് ഇല്ല, പക്ഷെ ശിവന്‍ പോയാലെങ്ങനാ?' രാമുവിനെ ധിക്കരിക്കാന്‍ എനിക്കാവില്ലായിരുന്നു. പിന്നെ ബാബുവിന്റെ ഭാര്യ എന്റെ വീട്ടിലേക്ക് വിളിച്ചു, ഞങ്ങളെല്ലാവരും സുരക്ഷിതരാണെന്നും ഒന്നും ഭയപ്പെടാനിലെന്നും ആശ്വസിപ്പിച്ചു. അതോടെ എനിക്കും ആശ്വാസമായി. രാമു എന്നെ വിടാതിരുന്നതിന്റെ ചെറിയ പരിഭവവും പോയി. പോകണ്ടാ, എന്നു രാമു പറയാന്‍ കാരണം, അദ്ദേഹത്തിന് എന്റെ മേലുള്ള സ്വാര്‍ത്ഥതയാണ്. ഒപ്പം വേണമെന്ന സ്വാര്‍ത്ഥത.ഒരു മുറിയിലായിരുന്നു ഞങ്ങളുടെ താമസംപോലും. എനിക്കാണെങ്കില്‍ മുറി പങ്കിടുന്നതിനോട് ഒട്ടും താല്‍പര്യമില്ല. ഒന്നാമതായി കാമറ കാണും കൈയില്‍. അതു സുരക്ഷിതമായി വയ്ക്കണം. പക്ഷെ ഇവിടെ അതൊന്നും നടന്നില്ല. ട്രെയിന്‍ ഇറങ്ങുമ്പോള്‍ എന്നെ സ്വീകരിക്കാനുണ്ടായിരുന്നത് ബാബുവിന്റെ കസിന്‍ കുഞ്ഞിമൂസയും രാമുവിന്റെ അസോസ്യേറ്റ് ഡയറക്ടര്‍, വലംകൈ എന്നു വിളിക്കുന്നതാണ് ഉചിതം, എ സി സാബുമായിരുന്നു. എപ്പോഴും ചിരിക്കുന്നൊരു മനുഷ്യനായിരുന്നു എ സി സാബ്. വലിയ സ്‌നേഹമായിരുന്നു എന്നോട്. ഞങ്ങള്‍ നേരെ ഹോട്ടലിലെത്തി. 'എവിടെയാണ് എനിക്കുള്ള മുറി?' ഞാന്‍ തിരക്കി. 'രാമു സാറിന്റെ മുറിയില്‍ ഇരിക്കാനാണ് പറഞ്ഞിരിക്കുന്നത്', അവര്‍ മറുപടി പറഞ്ഞു. രാമു വന്നു. 'എനിക്കു വേറെ മുറി വേണം', ഞാന്‍ ആവശ്യപ്പെട്ടൂ. 'പറ്റില്ല ശിവന്‍, ഈ മുറിയില്‍ തന്നെ മതി താമസം. ഞാനൊരു ശല്യവുമുണ്ടാക്കില്ല, ഒരു മൂലയില്‍ ഒതുങ്ങിക്കോളാം', രാമു ദയനീയമായി പറഞ്ഞു. മലയാളത്തിലെ പേരെടുത്തൊരു സംവിധായകനാണ് ഇതു പറയുന്നതെന്നോര്‍ക്കണം. കണ്ടാല്‍ വലിയ ഗൗരവക്കാരനാണെന്നും തോന്നുമെങ്കിലും ആ രൂപത്തിനപ്പുറം സ്‌നേഹിക്കാന്‍ മാത്രമറിയുന്നൊരു മനുഷ്യനായിരുന്നു രാമു കാര്യാട്ട്. ആരോടും ദേഷ്യമോ വെറുപ്പോ കൊണ്ടു നടക്കില്ല. കഴിയുന്നത്ര സഹായിക്കും. ചെമ്മീനിലെ പല വേഷങ്ങളും തന്നെ വന്നു കണ്ടവര്‍ക്കായി രാമു നല്‍കിയിട്ടുണ്ട്. പിന്നെ രാമുവിന്റെ ഒരു പ്രത്യേകത, ധൈര്യമാണ്. കടലിങ്ങോട്ട് കയറിവന്നാലും ഞാന്‍ നില്‍ക്കുന്നിടത്തു തന്നെ നില്‍ക്കുമെന്ന് രാമു പറയും. നിശ്ചയദാര്‍ഢ്യം അത്ഭുതപ്പെടുത്തുന്നതായിരുന്നു. ഞാന്‍ രാമുവിനൊപ്പം താമസിക്കുന്നത് എ സി സാബിനൊക്കെ സന്തോഷമുണ്ടാക്കിയിരുന്നു. രാത്രിയില്‍ ചെറുതായി മിനുങ്ങുന്ന ശീലമുണ്ട് രാമുവിന്. അരുതെന്ന് പറയാന്‍ അവര്‍ക്കാര്‍ക്കും കഴിയില്ല, നാളത്തെ ഷൂട്ടിംഗിനെ കുറിച്ചുള്ള ഡിസ്‌കഷന് ചിലപ്പോള്‍ രാമുവിന്റെ ആ 'ശീലം' തടസ്സമാകും. ശിവന്‍ ചേട്ടന്‍ ഒന്നു പറയണം, അത്തരം ഘട്ടങ്ങളില്‍ സാബ് എന്നോട് പറയും. രാമു എന്നോട് എതിര്‍ക്കില്ലെന്ന് അവര്‍ക്കറിയാം. ഞങ്ങളുടെ ബന്ധം അങ്ങനെയായിരുന്നു...വല്ലാത്തൊരു ആത്മബന്ധമായിരുന്നു.

രാമുവിനെ കുറിച്ച് ഓര്‍ത്തപ്പോള്‍ മറ്റൊരു മുഖം കൂടി മനസ്സില്‍ വേദനയുണ്ടാക്കുന്നു, അതു ബാബുവിന്റെതാണ്. ഒരു ട്രാജഡി ആയിരുന്നു ആ ജീവിതം. പരസ്പരം ഞങ്ങളും ഏറെ സ്‌നേഹിച്ചിരുന്നു. തകഴി ചേട്ടന്‍ നോവലിന്റെ പകര്‍പ്പവകാശം കണ്‍മണി ഫിലിംസിന്റെ ഒരു അയ്യര്‍ക്കാണ് നല്‍കിയിരുന്നത്. രാമുവിന് നോവല്‍ സിനിമയാക്കണമെന്ന് വലിയ ആശയായിരുന്നു. പക്ഷെ പകര്‍പ്പവകാശം കൊടുത്തുംപോയി. പിന്നെ അയ്യരെ കണ്ടൂ. വിസമ്മതമൊന്നും പറഞ്ഞില്ല. ഒരു കണ്ടീഷനുണ്ടായിരുന്നു, കണ്‍മണി ഫിലിംസിന്റെ പേരില്‍ സിനിമ വരണം. അയ്യരുടെ മകളുടെ പേരായിരുന്നു കണ്‍മണി. അതെല്ലാവര്‍ക്കും സമ്മതം. പക്ഷെ കോസ്റ്റ് ഓഫ് പ്രൊഡക്ഷന്‍ വലുതായിരുന്നു. മുപ്പതുലക്ഷത്തോളം വരും. അതെങ്ങനെ ഒപ്പിക്കും? എഡ്ഡി ആശാനാണ് അതിനൊരു വഴി കാണിച്ചത്. ഇതേ എഡ്ഡി ആശാനാണ് ചെമ്മീനില്‍ അരയന്മാരുടെ നേതാവായി അഭിനയിച്ചിരിക്കുന്നത്. കൊച്ചിക്കാരനാണ്. സ്‌നേഹനിധിയായൊരു മനുഷ്യന്‍. ഒരാളുണ്ടെന്ന് പറഞ്ഞു എഡ്ഡി ആശാനാണ് ബാബുവിനെ പരിചയപ്പെടുത്തുന്നത്. ബാബുവിന് കഥയൊക്കെ ഇഷ്ടമായി. സിനിമയെടുക്കാനും തയ്യാര്‍. ഒരു പ്രശ്‌നം, ആളു മൈനറാണ്. കാശ് കൈകാര്യം ചെയ്യണമെങ്കില്‍ രണ്ടു വര്‍ഷം കൂടി കഴിയണം, അപ്പോഴെ ബാബുവിന് പ്രായപൂര്‍ത്തിയാകൂ. വിഷമിക്കണ്ട, അതുവരെയുള്ള ചിലവു കാശൊക്കെ തരാമെന്നു ബാബു ഉറപ്പു പറഞ്ഞു. ചെമ്മീന്‍ യാഥാര്‍ത്ഥ്യമാകുന്നത് ബാബുവെന്ന പ്രൊഡ്യൂസറിന്റെ നിര്‍ലോഭമായ സഹകരണത്തോടെയാണ്.


കണ്‍മണി ബാബു

വലിയ സാമ്പത്തികശേഷിയുള്ള കുടുംബമായിരുന്നു ബാബുവിന്റെത്. തേങ്ങക്കച്ചവടമായിരുന്നു പ്രധാനം. കൊച്ചീ രാജാവിനു വരെ കടം കൊടുത്തിട്ടുണ്ട്. വായില്‍ വെള്ളിക്കരണ്ടിയുമായി പിറന്നൊരു മകന്‍. പണത്തിന്റെ ചെറിയ ശീലക്കേടുകളൊക്കെ ഉണ്ടായിരുന്നെങ്കിലും ബാബു ഹൃദയശുദ്ധിയും സഹജീവി സ്‌നേഹമുള്ളവനുമായിരുന്നു. പക്ഷെ ദുരിതങ്ങള്‍ അയാള്‍ക്കുമുണ്ടായിരുന്നു. കുട്ടികളുണ്ടാവാതിരുന്നതും ഭാര്യയുടെ അസുഖവും ബാബുവിനെ അലട്ടിക്കൊണ്ടിരുന്നു. എന്നോടു വലിയ സ്‌നേഹമായിരുന്നു. ഞങ്ങളുടെ കുടുംബങ്ങള്‍ തമ്മിലും നല്ല ബന്ധമായിരുന്നു. കവിത തിയേറ്ററിന്റെ ഇന്ററീരിയര്‍ ഞാനാണ് ചെയ്തത്. ശിവന്‍ ചെയ്താല്‍ മതിയെന്നു നിര്‍ബന്ധം പറഞ്ഞു. ചെമ്മീന്‍ റിലീസ് ചെയ്തത് കവിതയിലായിരുന്നു. ആദ്യ ഷോ തുടങ്ങും മുമ്പ് ബാല്‍ക്കണിയുടെ ബാക് ഡോര്‍ തുറന്ന് ഞാനും ബാബുവും കൂടി തിയെറ്ററിനകത്ത് കയറി. പെര്‍ഫ്യൂം അടിച്ചിട്ടുണ്ട്. ഈ മണമല്ല, വേണ്ടത് നല്ല മീന്‍ മണമാണെന്ന എന്റെ തമാശ ബാബുവിനെ ഒരുപാടു പൊട്ടിച്ചിരിപ്പിച്ചു. സൗഭാഗ്യങ്ങളുടെ കാലം ബാബുവിന്റെ ജീവിതത്തില്‍ നിന്ന് അടര്‍ന്നുപോയിക്കൊണ്ടിരിക്കുകയായിരുന്നു. ഭാര്യ മരിച്ചു. കുടുംബക്കാര്‍ നിര്‍ബന്ധിച്ചാണ് രണ്ടാമത് വിവാഹം കഴിപ്പിച്ചത്. അതിലൊരു മകനുണ്ടായി. ഒരിക്കല്‍ എന്നെ കണ്ടപ്പോള്‍ പറഞ്ഞു, 'എന്റെ മകനൊന്നു വളര്‍ന്നുവരട്ടെ, ഞാന്‍ രക്ഷപ്പെടും'. പക്ഷെ ഒന്നിനും കാത്തു നില്‍ക്കാതെ ബാബു പോയി...

ചെമ്മീന്‍ തഴയപ്പെട്ടതാണ്
രണ്ടു മൂന്നു കൊല്ലങ്ങള്‍ക്കു മുമ്പ്, അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ജൂറിയായി ഞാന്‍ പ്രവര്‍ത്തിച്ചിരുന്നു. അന്നെന്റെ കൂടെയുണ്ടായിരുന്നയാളാണ് ഭാരതി മണി. തമിഴ്‌നാട്ടിലെ ഫിലിം സൊസൈറ്റികളുമൊക്കെയായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നയാളാണ്. അവാര്‍ഡ് ജൂറികളില്‍ ഓരോ ലാംഗ്വേജിലുമുള്ള സിനിമകളെക്കുറിച്ച് ജൂറിയംഗങ്ങളോട് പറഞ്ഞുകൊടുത്തിരുന്നതും അദ്ദേഹമാണ്. പരസ്പരം സംസാരിക്കാന്‍ സാഹചര്യം വന്നപ്പോഴാണ് ചെമ്മീന്റെ കാര്യം പറയുന്നത്. ചെമ്മീന്‍ ആദ്യഘട്ടത്തില്‍ ജൂറി തഴഞ്ഞ സിനിമയായിരുന്നു! അന്നൊക്കെ ഒരു സൗത്ത് ഇന്ത്യന്‍ സിനിമയ്ക്ക് അവാര്‍ഡ് കൊടുക്കാന്‍ അവര്‍ക്കൊട്ടും താത്പര്യവുമില്ലായിരുന്നു. പക്ഷെ ഭാരതി മണി ഇടപെട്ടു. സലില്‍ ചൗധരിയും ഋഷികേശ് മുഖര്‍ജിയും മാര്‍കസ് ബാര്‍ട്‌ലിയുമൊക്കെ വര്‍ക്ക് ചെയ്‌തൊരു സിനിമയാണ്. അതിങ്ങനെ പെട്ടെന്ന് തഴയരുത്. ഒരിക്കല്‍ കൂടി കാണണം; അദ്ദേഹത്തിന്റെ ആവശ്യം അവര്‍ പരിഗണിച്ചു. ഇക്കാര്യങ്ങളൊക്കെ ഉള്‍പ്പെടുത്തി തമിഴില്‍ അദ്ദേഹമൊരു പുസ്തകം എഴുതിയിട്ടുണ്ട്. അതുവരെ മറ്റുപല ബന്ധങ്ങളും ചെമ്മീന് അവാര്‍ഡ് കിട്ടാന്‍ കാരണമായിട്ടുണ്ടെന്നായിരുന്നു വിശ്വാസം. പക്ഷെ ഭാരതി മണിയെ കണ്ടു കഴിഞ്ഞപ്പോഴാണ്, അത്തരമൊരു ഇടപെടലാണ് എല്ലാത്തിനും കാരണമായതെന്ന് മനസ്സിലായത്. ഭാരതി മണിയുടെ വാക്കുകള്‍ ജൂറി പരിഗണിച്ചില്ലായിരുന്നെങ്കില്‍, ഇന്നു നമുക്ക് പറയാന്‍ ചെമ്മീന്റെ ചരിത്രം ഉണ്ടാകുമായിരുന്നില്ല...

ശിവന്‍ പറഞ്ഞു നിര്‍ത്തിയപ്പോള്‍, ഇടയ്ക്കുവെച്ച് മുറിഞ്ഞതുപോലെ... ഇനിയും പറയാനേറെയുണ്ടെന്നു തോന്നി. ആ കണ്ണുകളില്‍ ഓര്‍മകളുടെ തിരയിളകുന്നുണ്ട്...

(അഴിമുഖം സീനിയര്‍ റിപ്പോര്‍ട്ടറാണ് ലേഖകന്‍)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Next Story

Related Stories