TopTop
Begin typing your search above and press return to search.

വയനാട്ടിലെ ചെമ്പ്രമല അന്നും ഇന്നും; കരളലിയിക്കും ഈ കാഴ്ച

വയനാട്ടിലെ ചെമ്പ്രമല അന്നും ഇന്നും; കരളലിയിക്കും ഈ കാഴ്ച

കത്തുന്ന വേനലിന്റെ നൊമ്പരമായി ചെമ്പ്രമല കരിമ്പടം പുതച്ചു. ദിവസങ്ങള്‍ക്ക് മുമ്പ് വരെയും പുല്‍മേടുകളെ പുണര്‍ന്ന് സഞ്ചാരികളെ മാടിവിളിച്ച ഈ മലനിരകളുടെ കാഴ്ചകള്‍ മണിക്കൂറുകള്‍ കൊണ്ട് കറുത്തതായി. ഏത് വേനലിലും തുളുമ്പി നില്‍ക്കുന്ന ഗിരിശൃംഗത്തിലെ തടാകക്കരയില്‍ ഇനിയൊരു പച്ചപ്പും അവശേഷിക്കുന്നില്ല. അടിക്കാടുകളുടെ മറപറ്റി വളര്‍ന്ന കുഞ്ഞുകുറിഞ്ഞികളെയും നീലാംബരികളെയും കാട്ടുതീ വിഴുങ്ങി. നീലാകാശത്തിനെ മറച്ച കറുത്ത പുകയ്ക്ക് താഴെ ഇനിയും അടങ്ങാത്ത കനലുകള്‍ക്കുള്ളില്‍ വലിയ മരങ്ങളും വെന്തുനീറുന്നു. ഇവിടെയെത്തിയ ഏതോ സഞ്ചാരി വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റിയോ മറ്റെന്താല്ലാമോ ചെറിയ സ്ഫുരണമായി വലിയ മലയെ കവര്‍ന്നെടുക്കുകയായിരുന്നു.

വയനാടിന്റെ സ്വാഭാവികമായ തനത് കാലാവസ്ഥയില്‍ മുടിയഴിച്ചിട്ടിരിക്കുകയായിരുന്നു ചെമ്പ്ര. ഈ മലയെ കാറ്റ് കോടമഞ്ഞണിയിക്കുന്നത് അങ്ങ് ദൂരെ നിന്നു പോലും കാണാമായിരുന്നു. നീല കാട്ടുപൂക്കളുടെ മൂക്കുത്തിയണിഞ്ഞ് ആകാശത്തിനെ പ്രണയിക്കുന്ന ഈ ഗിരിനിരകള്‍ക്ക് കാലത്തോട് പറയാന്‍ ഒരുപാട് വിശേഷങ്ങളുണ്ടായിരുന്നു. നെറുകയിലെ ഹൃദയതടാകത്തില്‍ നീന്തി തുടിച്ച് നൂറുകണക്കിന് സഞ്ചാരികളുടെ മനസ്സില്‍ ഇടം തേടിയ അവിസ്മരണീയമായൊരു സ്‌നേഹബന്ധം.

പശ്ചിമഘട്ടത്തിലെ ആനമുടിക്കും താഴെ ഇങ്ങ് വയനാട്ടില്‍ ചെമ്പ്രമല കാലത്തെ തോല്‍പ്പിച്ചു നില്‍ക്കുമ്പോള്‍ സാഹസികരായ യാത്രികര്‍ക്കും വെറുതെയിരിക്കാനായിരുന്നില്ല. മഴയെത്തും വെയിലത്തും ഒരു പോലെ ഈ മലയില്‍ സഞ്ചാരികളുടെ തിരക്കുണ്ടായിരുന്നു. താഴ്വാരത്തിലുള്ള ഗ്രാമീണര്‍ക്കു പോലും ഒരു നൂറുവട്ടം കയറിയാലും കൊതിതീരാത്ത യാത്രാനുഭവമാണ് ഈ മലയോരം നല്‍കിയിരുന്നത്.

പണ്ടുകാലത്ത് ഊട്ടി വഴി വയനാട്ടിലെത്തിയ ബ്രട്ടീഷുകാരാണ് ചെമ്പ്രയുടെ നെറുകയില്‍ ആദ്യമായെത്തിയ വിദേശികള്‍. പിന്നീടിങ്ങോട്ട് ഏതു സീസണിലും ഇവിടത്തേക്കുള്ള യാത്രയില്‍ വിദേശികളായ ടൂറിസ്റ്റുകളെ കണ്ടുമുട്ടും. കൃത്യമായി 6300 അടി. വയനാട്ടിലെ ഏറ്റവും വലിയ പര്‍വ്വതത്തിന്റെ ഉയരം കണക്കാക്കിയതും ബ്രട്ടീഷുകാര്‍ തന്നെയാണ്. പശ്ചിമഘട്ടത്തില്‍ ഇംഗ്‌ളീഷുകാര്‍ തമ്പടിച്ച ഏക പര്‍വ്വതമാണിത്. കുതിരലായവും ഗോള്‍ഫ് കോര്‍ട്ടുമെല്ലാം ഇതിനു താഴെയുണ്ടായിരുന്നു. നീലഗിരിയില്‍ നിന്നും സ്വിറ്റ്‌സര്‍ലാന്റിന് സമാനമായ വയനാടന്‍ മലനിരകളിലേക്കായിരുന്നു അന്നൊക്കെ സായ്പന്‍മാരുടെ പ്രയാണം. ചായത്തോട്ടങ്ങളും കാപ്പിത്തോട്ടങ്ങളും പടുത്തുയര്‍ത്താന്‍ വേണ്ടിയുള്ള യാത്രകള്‍. കൂട്ടത്തില്‍ സിങ്കോണ ചെടികളെയും വിദേശത്ത് നിന്നും എത്തിച്ചു. സ്വര്‍ണ്ണ ഖനനത്തിനും ഇംഗ്‌ളണ്ടില്‍ നിന്നും കമ്പനികളെത്തിയതോടെ ചെറിയൊരു യൂറോപ്പായി വയനാടും മാറുകയായിരുന്നു. ഇവരുടെയൊക്കെ ആവാസ കേന്ദവും ചെമ്പ്രയുടെ താഴ്‌വാരങ്ങളിലായിരുന്നു. മൃഗയാ വിനോദങ്ങള്‍ക്കും മദ്യപാനത്തിനും വേണ്ടി ഇവിടെയുള്ള ക്യാമ്പ് ഓഫീസുകള്‍ ഒരു കാലത്ത് രാപ്പകല്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നു. ഇതിന്റെയെല്ലാം ഓര്‍മ്മകള്‍ക്ക് സാക്ഷ്യമാണ് ചെമ്പ്ര.

ഇടവിട്ടുള്ള ചോല വന സമൃദ്ധിയില്‍ വെണ്‍തേക്കും ചടച്ചിയും ഞാവലുമൊക്കെയുണ്ട് ഇവിടെ. കാട്ടുകുരുമുളകും നന്നാറിയും ശതാവരിയും ഇവിടെ കാണാം. ആരോഗ്യപച്ചയും ദണ്ഡപാലയും ഇവിടെ അപൂര്‍വ്വമല്ല. മഴക്കാലത്ത് ഇവയെല്ലാം തളിരിട്ടു അടിക്കാടുകളില്‍ നിന്നും തലനീട്ടി നില്‍ക്കും. സാമ്പര്‍, കാട്ടുപന്നി, കരിങ്കുരങ്ങ്, പുള്ളിപ്പുലി തുടങ്ങിയ ജന്തുക്കളുടെ ആവാസമേഖല കൂടിയാണിത്. ഉഗ്ര വിഷമുള്ള പാമ്പുകള്‍ക്കും മലബാര്‍ ഫേണ്‍ഹില്‍ എന്നറിയപ്പെടുന്ന മലമുഴക്കി വേഴാമ്പലിന്റെയും വാസസ്ഥലമാണിത്. ചാലിയാറിന്റെയും കബനിയുടെയും വൃഷ്ടി പ്രദേശമാണ് ഈ മലനിരകള്‍. ഒരേ സമയം രണ്ടു ദിശകളിലേക്കാണ് ഇവിടെ നിന്നും ഉറവയെടുക്കുന്ന അരുവികള്‍ കടന്നുപോകുന്നത്. പുല്‍മേടുകളാണ് ഈ മലയുടെ സമ്പത്ത്. ഒരു കാലത്ത് അക്കേഷ്യ മരങ്ങള്‍ വെച്ചു പിടിപ്പിക്കാന്‍ വനം വകുപ്പ് നടപടികള്‍ തുടങ്ങിയപ്പോള്‍ ഇതിനെ പ്രകൃതി സ്‌നേഹികള്‍ ശക്തിയുക്തം എതിര്‍ക്കുകയായിരുന്നു.

ഇതൊക്കെയാണെങ്കിലും വേനല്‍ക്കാലം ചെമ്പ്രയുടെ ദുരിത കാലമാണ്. ഉണങ്ങിയ പുല്‍മേടുകളെ അഗ്നി വിഴുങ്ങിത്തീര്‍ക്കുന്നത് ദയനീയമായൊരു കാഴ്ചയാണ്. അശ്രദ്ധകൊണ്ടും സ്വാഭാവികമായുമൊക്കെ കാട്ടുതീ മലനിരകളിലേക്ക് പാഞ്ഞെത്തുമ്പോള്‍ നിസ്സഹായരായി അകലെ നിന്നും നോക്കിനില്‍ക്കാന്‍ മാത്രമാണ് പ്രകൃതി സ്‌നേഹികള്‍ക്ക് പോലും കഴിയുന്നത്. വേനല്‍ കടുത്തുവരുമ്പോള്‍ ഈ മലനിരകളിലേക്ക് വനം വകുപ്പ്‌ സഞ്ചാരികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും. എങ്കിലും തീ പടരുന്നതിന് കുറവില്ല. ചാരം മൂടിയ നിറത്തില്‍ ചേമ്പ്ര ഈ സമയങ്ങളില്‍ ഒരു നൊമ്പരപ്പെടുത്തുന്ന കാഴ്ചയാവും. പിന്നീട് ഇനി ഒരു മഴക്കാലമെത്തുമ്പോള്‍ മലനിരകള്‍ പച്ച പുതപ്പണിയും. അപ്പോഴേക്കും ഒരു പാട് ചെറുസസ്യങ്ങളും പരാദങ്ങളുമെല്ലാം ഇനിയൊരു ഉയര്‍ത്തെഴുന്നേല്‍പ്പില്ലാത്ത വിധം മാഞ്ഞുപോയിരിക്കും.

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories