TopTop
Begin typing your search above and press return to search.

അന്യ സംസ്ഥാന അരിവണ്ടി കാത്ത് വയനാട്ടുകാര്‍, നെല്‍വിത്തുകളെ പ്രണയിച്ച് ചെറുവയല്‍ രാമന്‍

അന്യ സംസ്ഥാന അരിവണ്ടി കാത്ത് വയനാട്ടുകാര്‍, നെല്‍വിത്തുകളെ പ്രണയിച്ച് ചെറുവയല്‍ രാമന്‍

രമേഷ് കുമാര്‍ വെള്ളമുണ്ട

എങ്ങും പച്ചപ്പു നിറയുന്ന നെല്‍പ്പാടങ്ങള്‍,ചിങ്ങവെയിലേറ്റു കിടക്കുന്ന കതിര്‍നാമ്പുകള്‍. വയല്‍വക്കിന്റെ വരമ്പുകളില്‍ വെള്ളക്കാശി തുമ്പയുടെ വരി വരിയായുള്ള കാഴ്ചകള്‍. കൊങ്ങിണിക്കാടുകളും കാട്ടുപൂക്കളും മാത്രമുള്ള ഓണപ്പൂക്കളം. വയനാടെന്ന കര്‍ഷകനാടിന്റെ ഓര്‍മ്മകളില്‍ ഓണം സമൃദ്ധമാണ്.

കമ്മനയിലെ ചാണകം മെഴുകിയ തറയും പുല്ലുമേഞ്ഞ മേല്‍ക്കൂരയുമുളള വീടിന്റെ വരാന്തയില്‍ വയനാടിന്റെ കാര്‍ഷിക പെരുമയറിയാന്‍ എത്തുന്നവര്‍ക്കെല്ലാം തന്റെ കാര്‍ഷിക ജീവിതം കൊണ്ട് ഉത്തരം പറയുകയാണ് ചെറുവയല്‍ രാമന്‍. തൊണ്ടിയും ചോമാലയും തുടങ്ങി വയനാട്ടില്‍ നിന്നും അന്യമായിപ്പോയ നൂറ്റിയമ്പതില്‍പ്പരം നെല്‍വിത്തുകള്‍ ആറുപതിറ്റാണ്ടായി ഈ കര്‍ഷകന്‍ കൃഷിചെയ്ത് സംരക്ഷിക്കുകയാണ്. നാടിന്റെ നന്മയും നാട്ടുരുചിയുമുളള തനത് ഭക്ഷണ രീതികളും പാരമ്പര്യ അറിവുകളുമെല്ലാം ചേര്‍ന്ന് ചെറുവയല്‍ കുറിച്യത്തറവാട് വരച്ചിടുന്നത് പോയകാല വയനാടിന്റെ സമൃദ്ധിയാണ്. വയനാടിന്റെ നഷ്ട സ്മൃതികളെകുറിച്ചും പഴയകാലത്തെ ഓണത്തെക്കുറിച്ചും പറയുകയാണ് രാമന്‍.

പണ്ടായിരുന്നു ഞങ്ങള്‍ക്ക് ഓണമെല്ലാം. ഇന്നിപ്പോള്‍ കാലം മാറി. കര്‍ഷകരില്‍ നിന്നും നേരും നന്മയും വറ്റിപ്പോയിരിക്കുന്നു. കൃഷി പണം സമ്പാദിക്കാന്‍ മാത്രമായി. മണ്ണിനെ കൊന്നൊടുക്കിയ ഈ നാട്ടില്‍ ഇനിയൊന്നും ബാക്കിയില്ല.ഞങ്ങളുടെ കുറിച്യകുലം പരമ്പരാഗതമായി കൃഷിക്കാരായിരുന്നു. പഴശ്ശിയുടെ കാലഘട്ടത്തില്‍ ജന്മിയുടെ പാട്ടക്കാരായി കൃഷി നടത്തിയിരുന്ന ഞങ്ങള്‍ക്ക് ഭൂമിയില്‍ അവകാശം ലഭിച്ചുതുടങ്ങി. മറ്റുള്ള ആദിവാസി വിഭാഗങ്ങള്‍ അടിയാള വര്‍ഗ്ഗത്തിന്റെ പാതകളില്‍ സന്തുഷ്ടരായപ്പോള്‍ കുറിച്യര്‍ സ്വന്തം കാലില്‍ നില്‍ക്കാനുള്ള ശ്രമങ്ങള്‍ക്ക് അക്കാലത്ത് തുടക്കമിടുകയായിരുന്നു. കൂട്ടുകുടുംബമായി നാല്‍പ്പതും അമ്പതും പേരടങ്ങിയതായിരുന്നു ഓരോ തറവാടും. ഓടിട്ട വലിയ വീടുകളും പുല്ലുമേഞ്ഞ തറവാടുകളുമുണ്ടായിരുന്നു.

കാവി നിറം പിടിപ്പിച്ച കണ്ണാടിപോലെ മിനുസ്സമുള്ള വരാന്തയില്‍ എല്ലാവരും ഒരുമിച്ചാണ് ഓണസദ്യ കഴിക്കുക. തൂശനിലയിലെ നാടന്‍ സദ്യയില്‍ പുതുതലമുറയിലെ വിഭവങ്ങള്‍ ഒന്നുമില്ല. അവിയലും സാമ്പാറും കാളനും കൂട്ടുകറിയുമായി സ്വയം പര്യാപ്തമായ ഓണസദ്യ.

ആദ്യപന്തിയില്‍ നിഷ്ഠപ്രകാരം ആണുങ്ങള്‍ക്കാണ് സദ്യ വിളമ്പുക. തലമുതിര്‍ന്ന കാരണവര്‍മാരുടെ ഊഴം കഴിഞ്ഞാല്‍ ചെറുപ്പക്കാരും പിന്നീട് സ്ത്രീകളുമിരിക്കും. വിഷുവായാലും ഓണമായാലും കൈനീട്ടം പതിവാണ്. കുളിച്ചൊരുങ്ങി വെള്ള വസ്ത്രം ധരിച്ച് കാരണവരില്‍ നിന്നും ഒരാണ്ടത്തെ അനുഗ്രഹം വാങ്ങാന്‍ ബന്ധുക്കളൊക്കെ നേരത്തെ എത്തും. പിന്നെ ഒന്നാം ഓണം മുതല്‍ തിരുവോണം കഴിഞ്ഞ് നാലാം ഓണത്തിനാണ് ബന്ധുക്കളെല്ലാം പിരിയുക.

പായസമെന്നാല്‍ അരിപായസമാണ് പ്രധാനം. ഗന്ധകശാല അരികൊണ്ട് സുഗന്ധം പരക്കുന്ന രുചിക്കൂട്ട് ഒന്ന് വേറെ തന്നെയാണ്. വയനാടിന്റെ തനത് നെല്ലിനങ്ങളില്‍ ഇന്നും പേരുകേട്ട ഗന്ധകശാല സ്വന്തം കൃഷിയിടത്തില്‍ വിളഞ്ഞതാണ്. തുമ്പപ്പൂ ചോറെന്നാല്‍ ഇതുതന്നെയെന്ന് ആരും സമ്മതിച്ചുപോകും. തേങ്ങയും ശര്‍ക്കരയുമൊക്കെ ചേരുമ്പോള്‍ ഒന്നാന്തരം പായസമായി.

ചെറുവയല്‍ രാമന്‍ പറഞ്ഞു നിര്‍ത്തുന്നു.നഷ്ട സ്മൃതിയില്‍ കൃഷിക്കാലം
മുത്താറിയും ചാമയും വയനാടിന്റെ കൃഷിയിടങ്ങളുല്‍ ഒരുകാലത്ത് കൃഷിചെയ്തിരുന്നു. ആരോഗ്യദായകമായ ഈ ഭക്ഷ്യസംസ്‌കാരം ഇവിടെ നിന്നും മാഞ്ഞുപോയി. ഇന്‍സ്റ്റന്റ് ഭക്ഷണ രീതി വന്നതോടെ ഇവയെല്ലാം ഗൃഹാതുരമായി. ഗന്ധകശാല കതിരിട്ടാല്‍ ഒരു കിലോമീറ്ററോളം സുഗന്ധമെത്തും. വയനാടിന് ഇന്ന് നഷ്ടമായ തനതു വിത്തിനങ്ങളില്‍ ഇവയെല്ലാം പെട്ടുപോയി. വിശാലമായ നെല്‍വയലുകളും തിമിര്‍ത്തുപെയ്യുന്ന മഴയും കൊടുംതണുപ്പും മഞ്ഞുമായിരുന്നു വയനാടിന്റെ ചിത്രം. കാര്‍ഷിക ജീവിതത്തിന്റെ ആരവങ്ങള്‍ നിലയ്ക്കാത്ത ഗ്രാമങ്ങള്‍ മുതിര്‍ന്നവരുടെ ഓര്‍മ്മകളില്‍ ഇപ്പോഴുമുണ്ട്. വൃശ്ചികം കഴിയുന്നതിന് മുമ്പ് കര്‍ഷക തറവാട്ടിലെ ധാന്യപ്പുരകള്‍ സമൃദ്ധമാകും.പത്തായത്തിലെ അറകളില്‍ തൊണ്ടി,വെളിയന്‍,ഗന്ധകശാല ചോമാല തുടങ്ങി വേറെ വേറെ നെല്ലുകള്‍ ഒരു വര്‍ഷത്തെ ആവശ്യത്തിനായി മുന്‍ തലമുറ ശേഖരിച്ചുവെക്കും.ഭക്ഷ്യസുരക്ഷയുടെ ഈ സമ്പാദ്യമായിരുന്നു കര്‍ഷകരുടെയും ലക്ഷ്യം.ഒന്നിനും മറുനാട്ടുകാരെ ആശ്രയിക്കേണ്ടി വന്നിട്ടില്ലാത്ത ഓണക്കാലമാണ് മുതിര്‍ന്ന തലമുറയുടെ മനസ്സിലുള്ളത്.

കൃഷിനടത്താന്‍ പണിയാളുകള്‍ ധാരാളമുണ്ടായിരുന്നു. കന്നുകാലികളും കര്‍ഷക ഭവനങ്ങളില്‍ യഥേഷ്ടമുണ്ടായിരുന്നു. ജൈവരീതിയിലുളള കൃഷിനടത്താന്‍ ഇതൊക്കെ ധാരാളമായി. കടം കൊടുത്തും തിരിച്ചുവാങ്ങിയും നെല്ല് എന്ന സമ്പാദ്യത്തെ ജീവിതത്തിലേക്ക് കൂട്ടിയിണക്കിയിരുന്നു. ഗ്രാമങ്ങള്‍ തോറും ജന്മികള്‍ കടം കൊടുക്കാനും കടം കൊടുത്തത് തിരികെ വാങ്ങാനും കൂറ്റന്‍ അറപ്പുരകള്‍ സ്ഥാപിച്ചിട്ടുണ്ടായിരുന്നു. ഒരു വേലിക്കെട്ടിനകത്ത് രാത്രി കാലങ്ങളില്‍ കന്നുകാലികളെ സൂക്ഷിക്കുന്ന പിടാവുകളും വയനാടിന്റെ സ്വന്തം കാഴ്ചയായിരുന്നു. കൊയ്‌തൊഴിഞ്ഞ നെല്‍പ്പാടങ്ങളില്‍ പച്ചക്കറികൃഷിയും മുടങ്ങാതെ നടന്നിരുന്നു. നെല്‍ക്കളങ്ങളും അഭിവൃദ്ധിയുടെ പെരുമയായി മാറി. നെല്ലുകുത്തുപുരകളും കന്നുകാലികളും ഓരോ തറവാടിന്റെയും ഐശ്വര്യമായിരുന്നു. ആരാധനാമൂര്‍ത്തിയുടെ അനുഗ്രഹം ഒഴിച്ചുകൂടാനാവത്തതാണ്. നൂറിലധികം ക്ഷേത്രക്കാവുകള്‍ വയനാട്ടില്‍ ഉണ്ടായിരുന്നു.കര്‍ക്കടകത്തിലെ കറുത്തിരണ്ട മഴക്കാലം കഴിഞ്ഞ് ചിങ്ങവെയിലെത്തുമ്പോള്‍ ഉത്സവ പ്രതീതിയിലായിരിക്കും വയനാടിന്റെ മനസ്സു മുഴുവന്‍.എന്നാല്‍ ഇത്തവണ മഴ ഒന്നുകൂടി കനത്തുപെയ്തതിനാല്‍ ഗ്രാമങ്ങള്‍ ഉണരണമെങ്കില്‍ കുറച്ചുകൂടി കാത്തിരിക്കേണ്ടി വരും. കാലാവസ്ഥയുടെ മാറ്റം കര്‍ഷകനാടിനെ ഒന്നാകെ മാറ്റുകയാണ്. ഓണത്തിനും വരും കാലത്തില്‍ മാറ്റം വന്നേക്കാം. പൂക്കുടയും ഊഞ്ഞാലാട്ടവുമായി ഗ്രാമങ്ങള്‍ വരച്ചിട്ട ഓണക്കാഴ്ചകള്‍ ഇനിയെത്രകാലമെന്നാണ് ഇപ്പോള്‍ വയനാടിന്റെയും ചോദ്യം.

വയലൊഴിയും വയനാട്
കവുങ്ങുകള്‍ക്കും വാഴത്തോട്ടങ്ങള്‍ക്കും നടുവിലെ ഒരു തുണ്ട് പച്ചപ്പ് മാത്രമാണ് ഇന്ന് വയനാട്ടിലെ വയലുകള്‍. കൃഷി വന്‍ നഷ്ടമായതോടെ കര്‍ഷകരെല്ലാം മറ്റു തൊഴില്‍ തേടിപ്പോകുന്നു. സര്‍ക്കാര്‍ സഹായങ്ങള്‍ പൊള്ളയായ വാഗ്ദാനങ്ങള്‍ മാത്രമായി. കര്‍ഷകര്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ രാസവള കമ്പനികളും ബിനാമികളും കടത്തിക്കെണ്ടുപോകുന്നു. ഇതിനിടയിലും എല്ലാവരും പാടത്തേക്ക് എന്ന മുദ്രവാക്യത്തിന് യാതൊരു കുറവുമില്ല. അധിതൃതര്‍ കൃഷിയുടെ പെരുമ പറഞ്ഞ് റോഡ് ഷോ നടത്തുമ്പോള്‍ ചെളിപുരണ്ട് പാടത്ത് പണിയെടുക്കുന്ന കര്‍ഷകന്റെ കണ്ണീരും കടങ്ങളും ആരാണ് കാണുന്നത്.

നെല്‍കര്‍ഷകര്‍ക്ക് ഹെക്ടര്‍ ഒന്നിന് സാമ്പത്തിക സഹായം 5000 രൂപ ലഭിക്കുമെന്ന സര്‍ക്കാര്‍ വാഗ്ദാനം പാടെ വിശ്വസിച്ചവരാണ് വയനാട്ടുകാര്‍. വര്‍ഷങ്ങള്‍ പലതുകഴിഞ്ഞിട്ടും ഏക്കര്‍ ഒന്നിന് 400 രൂപയാണ് സര്‍ക്കാരിന്റെ 'സബ്‌സിഡി'.നാമമാത്രമായ സഹായത്തില്‍ ഇന്നും ഒതുങ്ങുകയാണ് സര്‍ക്കാരിന്റെ കര്‍ഷക സ്‌നേഹം. ഉത്പാദന ചെലവാകട്ടെ നൂറിരട്ടിയിലധികം കുതിച്ചുയര്‍ന്നത് ആരും അിറിഞ്ഞ ഭാവമില്ല. ആകെയുള്ള കൃഷിയിടങ്ങള്‍ വാഴകൃഷിക്ക് പാട്ടത്തിന് നല്‍കി അതില്‍ നിന്നുള്ള വരുമാനം കൊണ്ട് കുറച്ചുകാലമെങ്കിലും അരിവാങ്ങുന്ന കര്‍ഷകരെയാണ് ഇവിടെ കാണാന്‍ കഴിയുക.1973ല്‍ കേരളത്തിന്റെ അരിയുത്പാദനം 13.76 ലക്ഷം ടണ്ണായിരുന്നു. 2005 എത്തിയപ്പോഴെക്കും 6.67 ലക്ഷം ടണ്ണായി കുറഞ്ഞു. 8.81 ലക്ഷം ഹെക്ടര്‍ നെല്‍പ്പാടമുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ശേഷിക്കുന്നത് 2.89 ലക്ഷം ഹെക്ടര്‍ മാത്രമാണ്. 8.88 കോടി പരമ്പരാഗത തൊഴില്‍ ദിനങ്ങള്‍ കൂടിയാണ് ഇതോടെ ഇല്ലാതായത്. കേരളത്തിന്റെ വാര്‍ഷിക ഉപഭോഗത്തില്‍ എട്ടുലക്ഷം ടണ്‍ അരിയുടെ കുറവാണ് അന്യസംസ്ഥാനങ്ങള്‍ ഇപ്പോള്‍ നികത്തുന്നത്.1987ല്‍ ആറായിരം ഹെക്ടര്‍ നെല്‍കൃഷിയുണ്ടായിരുന്ന വയനാട്ടില്‍ 2232ഹെക്ടര്‍ വയലുകള്‍ മാത്രമാണ് ഇന്ന് അവശേഷിക്കുന്നത്.(അവലംബം:കാര്‍ഷിക സര്‍വെ 2012).

കാര്‍ഷിക മേഖലയില്‍ ഘടനാപരമായ പരിവര്‍ത്തനത്തിനും ഈ കാലയളവ് വേദിയായി. വയനാട്ടിലെ എഴുപത് ശതമാനത്തോളം കര്‍ഷകരും ദീര്‍ഘകാല വിളയെ ആശ്രയിച്ചവരായിരുന്നു. ഇവരൊക്കെ ഹ്രസ്വവിളകളുടെ പിറകെയാണ് ഇപ്പോള്‍. ഒരുവര്‍ഷം കൊണ്ട് പരമാവധിവിളവ് കൊയ്യാന്‍ കഴിയുന്ന വാഴക്കൃഷിയെ കൂട്ടുപിടിച്ചവരാണ് മിക്ക കര്‍ഷകരും.

നെല്‍കൃഷി നഷ്ടമാണ് എന്ന് ആവര്‍ത്തിക്കുന്നവര്‍ക്കിടയില്‍ ലാഭനഷ്ട കണക്കുകളൊന്നുമില്ലാതെ നെല്‍കൃഷിയുടെ പെരുമ പറയുന്ന ചെറുവയല്‍ രാമനെ പോലുള്ളവരാണ് വയനാടിന്റെ നിറം മങ്ങിയ ഓണക്കാഴ്ചകള്‍ക്കിടയിലെ ആശ്വാസ തുരുത്തുകള്‍.


Next Story

Related Stories