TopTop

ഛോട്ടാരാജന്‍ മടങ്ങിയെത്തുമ്പോള്‍

ഛോട്ടാരാജന്‍ മടങ്ങിയെത്തുമ്പോള്‍

ടീം അഴിമുഖം

രാജ്യം സ്വതന്ത്രമായി ഏതാനും വര്‍ഷത്തിനകമാണ് രണ്ട് കുട്ടികളും പിറന്നത്. 1955ല്‍ പൊലീസ് കോണ്‍സ്റ്റബിളിന്റെ മകനായി കൊങ്കണി മുസ്ലീം കുടുംബത്തില്‍ ജനിച്ച കുട്ടി മുംബൈയിലെ ദോംഗ്രി പ്രദേശത്ത് വളര്‍ന്നു. നഗരപ്രാന്തമായ ചെമ്പൂരിലെ ബുദ്ധമതക്കാരായ മറാഠി കുടുംബത്തില്‍ അഞ്ചു വര്‍ഷത്തിനുശേഷമായിരുന്നു രണ്ടാമന്റെ ജനനം. ലോകത്തെ ഏറ്റവും വലിയ കുറ്റകൃത്യ ശൃംഖലകളിലൊന്ന് ഇരുവരുംകൂടി പിന്നീട് വളര്‍ത്തിയെടുക്കുകയായിരുന്നു. തമ്മിലടിച്ച് ചോരചിന്തി പിരിയും വരെ.

വര്‍ത്തമാനകാലത്തിന്റെ നിരവധി മുഖങ്ങള്‍ നിര്‍വചിക്കാന്‍ പ്രാപ്തമാണ് ഇവരുടെ സൗഹൃദവും വൈരവും. ഇന്ത്യന്‍ ഭരണകൂടത്തോടുള്ള വെല്ലുവിളി, സംഘടിത കുറ്റകൃത്യങ്ങളില്‍ നിന്നു രാജ്യം നേരിടുന്ന ഭീഷണി, സുരക്ഷാ സംവിധാനത്തില്‍ നിലനില്‍ക്കുന്ന വക്രിച്ച സാമുദായിക സന്തുലനം എന്നിവയൊക്കെ ഇതില്‍പ്പെടും.

രാജന്‍ നായര്‍ക്കൊപ്പമാണ് ഛോട്ടാ രാജന്‍ തന്റെ കുറ്റകൃത്യ ജീവിതം തുടങ്ങിയത്. (അഭിമന്യു എന്ന സിനിയയില്‍ മോഹന്‍ലാലിന്റെ കഥാപാത്രം നായരുടെ മാതൃകയിലാണെന്ന് പറയുന്നു.) ശങ്കര്‍ മൂവിഹാളില്‍ കരിഞ്ചന്തയില്‍ ടിക്കറ്റ് വില്‍ക്കാന്‍ രണ്ട് രാജന്‍മാരും സജീവമായിരുന്നു. പിന്നീട് ബഡാ രാജന്‍ കൊല്ലപ്പെട്ടപ്പോള്‍ ഛോട്ടാ രാജന്‍ സംഘത്തലവനായി.

സഹോദരന്‍ ഷബീറിനൊപ്പമാണ് ദാവൂദ് ഇബ്രാഹിം കുറ്റകൃത്യങ്ങളുടെ ലോകത്തെത്തുന്നത്. ഹാജി മസ്താന്‍ സംഘവുമായി അവിചാരിതമായുണ്ടായ ഒരു ഉരസലാണ് അവരെ കുറ്റകൃത്യങ്ങളിലേക്ക് കടക്കാന്‍ പ്രേരിപ്പിച്ചത്.

എണ്‍പതുകളില്‍ മുംബൈയില്‍ കുഴല്‍പ്പണ, നിര്‍മ്മാണമേഖലകളും ഭീഷണിപ്പെടുത്തിയുള്ള പണം വാങ്ങലും നിയന്ത്രിച്ചിരുന്ന ദാവൂദ് സംഘത്തിലെ അവിഭാജ്യ ഘടകമായി രാജന്‍. പിന്നീട് ദാവൂദും രാജനുമടക്കം സംഘത്തിലെ പ്രധാനികളെല്ലാം ദുബായിലേക്കു മാറി.

സുന്ദരനും ക്രൂരനുമായ ദാവൂദിന്റെ നിഴലില്‍ ഇന്ത്യകണ്ട ഏറ്റവും വലിയ കുറ്റവാളി സംഘത്തില്‍ വളര്‍ച്ചയുടെ പടവുകള്‍ കയറിപ്പോകുന്നതില്‍ സന്തുഷ്ടനായിരുന്നു രാജന്‍. 1993ലെ മുംബൈ സ്‌ഫോടനം വരെ കാര്യങ്ങള്‍ അങ്ങനെ തുടര്‍ന്നു.

എന്നാണെന്ന് കൃത്യമായി ആര്‍ക്കുമറിയില്ലെങ്കിലും തൊണ്ണൂറുകളുടെ തുടക്കത്തോടെ രാജന്‍ ദാവൂദുമായി അകന്നു തുടങ്ങി. സ്‌ഫോടന പരമ്പരയോടെ വിയോജിപ്പ് പൂര്‍ണമായി.

ദേശവിരുദ്ധ പ്രവര്‍ത്തനത്തിലെ ദാവൂദിന്റെ പങ്കിനെതിരെ രാജന്‍ ശബ്ദമുയര്‍ത്തി. ഇന്ത്യയെ ആക്രമിച്ചവര്‍ക്കെതിരെ പ്രതികാരം ചെയ്യുമെന്നു ഭീഷണി മുഴക്കി. ഒരു സാധാരണ കുറ്റവാളി എന്നതില്‍നിന്ന് 'ഹിന്ദു അധോലോക നായക'നായി രാജന്‍ മാറി.

സ്‌ഫോടനത്തിനു ശേഷം തീവ്രനൈരാശ്യവും സാമുദായികവൈരവും ബാധിച്ച സുരക്ഷാ സംവിധാനം രാജനെ പരിപോഷിപ്പിച്ചു. ശിവസേനയ്ക്ക് രാജന്‍ ആരാധനാപാത്രമായി. സ്‌കൂള്‍ വിദ്യാഭ്യാസം പോലും പൂര്‍ത്തിയാക്കാത്ത, നിരവധി കൊലപാതകങ്ങളുടെയും മറ്റു കുറ്റകൃത്യങ്ങളുടെയും പേരില്‍ മുംബൈ പോലീസ് തിരഞ്ഞുകൊണ്ടിരുന്ന ഒരാള്‍ക്ക് ലഭിച്ച വലിയൊരു മുന്‍കൈ ആയിരുന്നു അത്.


ദാവൂദ് ഇബ്രാഹിമും ഛോട്ടാ രാജനും

രാജന്റെ ജീവിതം വൈരുദ്ധ്യങ്ങളുടെ ഒരു നീണ്ട പട്ടികയാണ്. ഒരു ബുദ്ധമതക്കാരന്‍ എങ്ങനെയാണ് ഒരു ഹിന്ദു അധോലോക നായകനായി ആഘോഷിക്കപ്പെടുന്നത്?

ബാലിയില്‍ നിന്ന് രാജന്‍ ഇന്ത്യയിലെത്തിക്കഴിഞ്ഞു. ഇക്കാര്യത്തിലുള്ള വിരോധാഭാസം ഇനി കൂടുതലാകും. നാമാവശേഷമായിക്കഴിഞ്ഞ തന്റെ സംഘമില്ലാതെയാണ് അയാളെ ഇവിടെയെത്തിച്ചിരിക്കുന്നത്. സഹായികളെയെല്ലാം എതിരാളികളോ അല്ലെങ്കില്‍ ഭയവിഭ്രാന്തി ബാധിച്ച രാജന്‍ തന്നെയോ വധിച്ചുകഴിഞ്ഞു. പത്തിമടങ്ങിയ പാമ്പാണെങ്കിലും ഇന്ത്യന്‍ സുരക്ഷ സംവിധാനത്തില്‍ ഇപ്പോളുമുള്ള ഒട്ടും മോശമല്ലാത്ത സ്വാധീനത്തെയാണ് രാജന്റെ മടങ്ങിവരവ് കാണിക്കുന്നത്.

രാജന്‍ ഹിന്ദു അധോലോക നായകനാകുന്നു
ബാബരി മസ്ജിദ് തകര്‍ത്തതിന് ശേഷം മുസ്ലീങ്ങള്‍ക്കു നേരെ നടന്ന കടുത്ത വര്‍ഗീയ കലാപങ്ങള്‍ക്ക് പകരം വീട്ടാന്‍ ദാവൂദ് ഇബ്രാഹിമും ടൈഗര്‍ മേമനും ആസൂത്രണം ചെയ്ത 1993ലെ മുംബൈ സ്‌ഫോടന പരമ്പര ഇന്ത്യന്‍ സുരക്ഷാ സംവിധാനത്തിന്, പ്രത്യേകിച്ച് മുംബൈ പൊലീസിന് പുതിയ വെല്ലുവിളികളാണ് ഉയര്‍ത്തിയത്. സാമുദായിക സംഘര്‍ഷത്തിന്റെ പുകയുന്ന അന്തരീക്ഷത്തോടു മല്ലിടുന്നതിനിടെ വന്ന സ്‌ഫോടനങ്ങള്‍ കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടേറിയ മറ്റൊരു രാക്ഷസനെക്കൂടിയാണ് ആ സമയം അവര്‍ക്കു സമ്മാനിച്ചത്.

സ്‌ഫോടനക്കേസില്‍ തെളിവുകള്‍ പെട്ടന്നു ലഭിച്ചെങ്കിലും അതിന്റെ പിന്നിലെ അധോലോക കുറ്റവാളികളെയും സാമ്പത്തിക ശൃംഖലകളെയും കയ്യാളുകളെയും സൂത്രധാരരെയും കണ്ടെത്തുക എന്നത് ഒട്ടും എളുപ്പമായിരുന്നില്ല. ദുബായില്‍നിന്നു കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്ന ദാവൂദ് സംഘം സ്‌ഫോടനത്തോടെ പാകിസ്ഥാനിലേക്ക് കടന്നു.

വിശദാംശങ്ങള്‍ വ്യക്തമല്ലെങ്കിലും സ്‌ഫോടനത്തില്‍ ദാവൂദിന്റെ പങ്കിനെ എതിര്‍ക്കുക മാത്രമല്ല ഇന്ത്യന്‍ സുരക്ഷ സംവിധാനവുമായി അടുക്കുകകൂടി ചെയ്തു രാജന്‍. സംഘത്തിലെ ഛോട്ടാ ഷക്കീലിനെപ്പോലുള്ളവര്‍ തനിക്കെതിരെ നീങ്ങുന്നു എന്നത് രാജനെ അരക്ഷിതനാക്കിയിരുന്നു എന്നാണ് ഒരുവാദം. എന്തായാലും കുറ്റവാളികളുടെ ലോകത്തെ ഏറ്റവും രക്തരൂഷിതമായ കുടിപ്പകയ്ക്കു തുടക്കമിട്ട് ഏറെ വൈകാതെ രാജന്‍ ദാവൂദുമായി പിരിഞ്ഞു.

ദാവൂദ് ഇബ്രാഹിം, ടൈഗര്‍ മേമന്‍, ഐ എസ് ഐയെ എന്നിങ്ങനെ പലരെയും പലതിനെയുംപറ്റി ഇന്ത്യന്‍ സുരക്ഷ ഏജന്‍സികള്‍ക്ക് ഛോട്ട രാജന്‍ വിവരങ്ങള്‍ കൈമാറി. വിവരങ്ങള്‍ കൃത്യമാകുംതോറും സുരക്ഷാ ഏജന്‍സികള്‍ക്കിടയില്‍ രാജന്റെ വിശ്വാസ്യതയും പ്രാധാന്യവും വര്‍ധിച്ചു.

സ്‌ഫോടനക്കേസിലെ ദാവൂദ് സംഘാംഗങ്ങളെ വകവരുത്തി ദേശത്തോടുള്ള പ്രതിബദ്ധത തെളിയിക്കാനും രാജന്‍ മുതിര്‍ന്നു. സ്‌ഫോടനക്കേസിലെ നാലുപ്രതികളെയെങ്കിലും രാജന്‍ സംഘം കൊലപ്പെടുത്തി.


മുംബൈ സ്ഫോടനം

കൊലപാതകങ്ങള്‍ ഒരു വശത്ത് മാത്രമായിരുന്നില്ല. ദാവൂദ് ഒട്ടും നിസാരനായിരുന്നില്ല. ലോകത്തിന്റെ പല ഭാഗത്തും ഇരുസംഘങ്ങളും ഏറ്റുമുട്ടി. ഇങ്ങനെ നൂറിലേറെ കൊലപാതകങ്ങള്‍. ഏറെയും മുംബൈയില്‍. പിന്നെ നേപ്പാള്‍, ദുബായ്, തായ്‌ലാന്‍ഡ് എന്നിവിടങ്ങളില്‍.

ഹോട്ടല്‍ ഉടമകള്‍, കെട്ടിട നിര്‍മ്മാതാക്കള്‍, സിനിമ നിര്‍മാതാക്കള്‍, ഷാര്‍പ്പ് ഷൂട്ടേഴ്സ് അങ്ങനെ പലരും വെടിയുണ്ടകളിലൊടുങ്ങി. രാജനുമായുള്ള അടുപ്പത്തിന്റെ പേരിലാണ് ബോളിവുഡ് നിര്‍മാതാവ് മുകേഷ് ദുഗ്ഗല്‍ കൊല്ലപ്പെട്ടതെങ്കില്‍, ഈസ്റ്റ് വെസ്റ്റ് എയര്‍ലൈന്‍സ് സ്ഥാപകന്‍ തക്കിയുദ്ദീന്‍ വാഹിദ് കൊല്ലപ്പെട്ടത് ദാവൂദിന്റെ ആളെന്ന നിലയ്ക്കാണ്. രാജന്റെ സുഹൃത്തായിരുന്നു കൊല്ലപ്പെട്ട കെട്ടിട നിര്‍മാതാവ് ഒ പി കുക്രെജ. പട്ടാപ്പകലാണ് ദാവൂദിന്റെ ഉന്നം പിഴയ്ക്കാത്ത വെടിവയ്പുകാരന്‍ സുനില്‍ സാവന്ത് കൊല്ലപ്പെട്ടത്.

അന്തമില്ലാതെ അഴിഞ്ഞാടുന്ന ഒരു അധോലോകനായകനല്ല രാജനെന്നും ആയാള്‍ക്ക് ഔദ്യോഗിക സംവിധാനത്തിന്റെ പിന്തുണയുണ്ടെന്നും വ്യക്തമായിരുന്നു. 1998ല്‍ നേപ്പാളില്‍ തന്റെ ഭാര്യമാരിലൊരാളുടെ വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന മുന്‍മന്ത്രി മിര്‍സാദ് ദില്‍ഷാദ് ബേഗ് കൊല്ലപ്പെട്ടതോടെ ഇത് വ്യക്തമായി. ഇവിടെ ദാവൂദിന്റെ സംഘത്തലവന്‍ കൂടിയായിരുന്നു ബേഗ്. ആയുധക്കടത്തിനും മയക്കുമരുന്നു കടത്തിനുമായി ശക്തമായ അടിത്തറയും ഉണ്ടാക്കിയിരുന്നു.

നേപ്പാളിലെ ബേഗിന്റെ സ്വാധീനത്തില്‍ ഏറെക്കാലമായി അസ്വസ്ഥരായിരുന്നു ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍. ഒടുവില്‍ രാജന്‍ ദൗത്യം നടപ്പാക്കി. ഇന്ത്യന്‍ ഏജന്‍സികള്‍ക്ക് വേണ്ടിയാണ് രാജന്‍ പ്രവര്‍ത്തിച്ചതെന്ന അഭ്യൂഹം ശക്തമായിരുന്നു.

ഇന്ത്യന്‍ സുരക്ഷാസംവിധാനവുമായുള്ള രാജന്റെ ബന്ധം മിക്കവാറും അഭ്യൂഹങ്ങള്‍ മാത്രമായിരുന്നു. എന്നാല്‍ 2005 ജൂലൈയില്‍ ഈ ബന്ധം പരസ്യമായി. മുംബൈ പോലീസിന്റെ ഒരു സംഘം ന്യൂഡല്‍ഹിയില്‍ ഒരു കാര്‍ തടഞ്ഞു. ഇപ്പോഴത്തെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ദോവല്‍, രാജന്റെ അടുത്ത കൂട്ടാളികളായ വിക്കി മല്‍ഹോത്ര, ഫരീദ് തനാശ എന്നിവരാണ് കാറില്‍ ഉണ്ടായിരുന്നത്.

മകളുടെ വിവാഹത്തിനായി ദുബായിലെത്തുന്ന ദാവൂദിനെ പിടികൂടാന്‍ ദോവല്‍ രാജന്റെ സംഘത്തോടൊപ്പം പ്രവര്‍ത്തിക്കുന്നുവെന്നായിരുന്നു പെട്ടെന്നു പുറത്തുവന്ന അനുമാനം. മുംബൈ പൊലീസിലെ ദാവൂദുമായി ബന്ധമുള്ള ഒരു ഇന്‍സ്‌പെക്ടര്‍ ദോവലിന്റെ പദ്ധതി പൊളിക്കുകയും മൂന്നുപേരെയും പിടികൂടുകയുമായിരുന്നു.

ഡല്‍ഹി സംഭവം അപവാദമാണെങ്കിലും ദാവൂദ് സംഘത്തെ ലക്ഷ്യമിട്ട് സുരക്ഷ ഏജന്‍സികളുമായി കൈകോര്‍ത്തുള്ള രാജന്റെ നീക്കങ്ങള്‍ അത്ര പരസ്യമായിരുന്നില്ല. പക്ഷേ അതെപ്പോഴും രക്തച്ചാലുകള്‍ തീര്‍ത്തിരുന്നു.

രാജന്റെ സുരക്ഷാ ഏജന്‍സി ബന്ധങ്ങള്‍ വെറും വിവരസ്രോതസ് എന്ന നിലക്കായിരുന്നില്ല എന്നു വ്യക്തമായിരുന്നു. 2010 ഫെബ്രുവരി 11നു അഭിഭാഷകനായ ഷഹീദ് അസ്മി കൊല്ലപ്പെട്ടതു പോലുള്ള സംഭവങ്ങളില്‍ അത് പുറത്തുവരികയും ചെയ്തു. മുംബൈ കലാപത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് 14 വയസില്‍ പൊലീസ് പിടികൂടിയ അസ്മി പിന്നീട് പ്രഗത്ഭനായ ഒരഭിഭാഷകനാകുകയും മിക്കപ്പോഴും ഭീകരാക്രമണ കേസുകളില്‍ കുടുങ്ങിയ മുസ്ലിങ്ങള്‍ക്കുവേണ്ടി വാദിക്കുകയും ചെയ്തിരുന്നു.

പൊലീസിന്റെയും സുരക്ഷാ ഏജന്‍സികളുടെയും പിടിപ്പുകേടിനെ തുറന്നുകാട്ടിയ അസ്മിയെ രാജന്റെ ആളുകള്‍ ഓഫിസില്‍ വച്ച് വെടിവച്ചു കൊല്ലുകയായിരുന്നു. അധികൃതരുടെ പക്ഷപാതവും പിടിപ്പുകെട്ട അന്വേഷണ രീതികളും മറച്ചുവയ്ക്കാന്‍ രാജന്‍ അവരെ സഹായിക്കുകയായിരുന്നോ?


വരദരാജ മുതലിയാരും ഹാജി മസ്താനും

രാജന്റെ ബാലി നാടകവും മുംബൈയിലേക്കുള്ള മടക്കവും
ബാലിയില്‍ കീഴടങ്ങിയ രാജന്‍ ദുര്‍ബലനാണ്. സംഘബലമില്ലാത്ത, മരണഭയമുള്ള പഴയ അധോലോക നായകന്റെ നിഴല്‍. 'ഏറെക്കാലമായി രാജന്‍ ഒളിച്ചോടിനടക്കുകയാണ്. ഇന്ത്യന്‍ തടവറയാണ് രാജനു ലഭിക്കാവുന്ന ഏറ്റവും സുരക്ഷിതമായ ഇടം' ഒരു മുതിര്‍ന്ന രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ പറയുന്നു. സര്‍ക്കാരിലെ പല നിര്‍ണായക വ്യക്തികള്‍ക്കും അറിയാമായിരുന്ന ഒരു ധാരണയുടെ ഭാഗമാണ് രാജന്റെ കീഴടങ്ങലെന്ന് പലരും കരുതുന്നു.

രാജന്റെ പ്രധാന സഹായികളില്‍ പലരും മരിച്ചു, അല്ലെങ്കില്‍ പഴയ സംഘം വിട്ട് സ്വന്തം സംഘങ്ങളുണ്ടാക്കി. എങ്കിലും മുംബൈയില്‍ ഭൂമി കച്ചവടത്തിലും മറ്റ് ബിസിനസുകളിലും രാജന്‍ നടത്തിയ നിക്ഷേപങ്ങള്‍ സുരക്ഷിതമാണെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇവയില്‍ മിക്കതും ഭാര്യവഴിയാണ്.

രാജന്റെ സംഘം ചിതറിപ്പോകാന്‍ പല കാരണങ്ങളുണ്ട്. ഇവയില്‍ മൂന്നെണ്ണമാണ് പ്രധാനം: ഒന്ന് - പൊലീസിന്റെയും രഹസ്യാന്വേഷണ ഏജന്‍സികളുടെയും സാങ്കേതിക മികവ്; ഫോണ്‍ വഴി ഒരു സംഘത്തെ കൊണ്ടുനടക്കുന്നത് ഏറെ ദുഷ്‌കരമാക്കി.

രണ്ട് - മാധ്യമപ്രവര്‍ത്തക ജ്യോതിര്‍മോയ് ഡേ കൊല്ലപ്പെട്ടശേഷം മുംബൈ പോലീസ് രാജന്‍ സംഘത്തെ അടിച്ചമര്‍ത്തിത്തുടങ്ങി. അവരുടെ പണമൊഴുക്ക് തടഞ്ഞു.

മൂന്ന് - രാജനും ദാവൂദിനെപ്പോലെ മറ്റൊരു കുറ്റവാളി മാത്രമാണെന്നു തിരിച്ചറിഞ്ഞ മുംബൈയിലെ പല മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും രാജന് ഹിന്ദു അധോലോകനായകനെന്ന അയവൊന്നും നല്‍കിയില്ല. ഈ ഘടകങ്ങളെല്ലാം ഒരുമിക്കുകയും ദാവൂദ് സംഘം രാജന് പിറകെ പാഞ്ഞടുക്കുകയും ചെയ്തതോടെ 'ഹിന്ദു അധോലക നായകന്‍' ഭീതിദനായൊരു മനുഷ്യന്‍ മാത്രമായി.

ഇന്ത്യയിലെ തടവറയില്‍ രാജന് പുതു ജീവിതത്തിലേക്ക് പ്രതീക്ഷ വയ്ക്കാം. ദാവൂദ് ഇബ്രാഹിമിനെ ഭയക്കാത്ത ദിനങ്ങളിലേക്ക്. 2005ല്‍ പോര്‍ച്ചുഗലില്‍ നിന്നു പിടികൂടപ്പെട്ട തന്റെ മുന്‍ കൂട്ടാളി അബു സലേമിനെപ്പോലെ കോടതിമുറികളിലും തടവറയുടെ സുരക്ഷിതത്വത്തിലുള്ള ഒരു ജീവിതം. അല്ലെങ്കില്‍ മറ്റൊരു കൂട്ടാളി അരുണ്‍ ഗാവ്‌ലിയെ പോലെ നീതിന്യായ സംവിധാനത്തിന്റെ പഴുതുകള്‍ ഉപയോഗിച്ച് സ്വതന്ത്രനാകാം. പിന്നെ രാഷ്ട്രീയത്തിലും കച്ചവടത്തിലും ഒരു കൈ നോക്കാം. അതുമല്ലെങ്കില്‍ മറ്റൊരു കൂട്ടാളിയായിരുന്ന ഒ പി സിങ്ങിനെ പോലെ രാജനും തടവറയില്‍ത്തന്നെ തന്റെ അന്തിമവിധിയെ മുഖാമുഖം കാണും. ഒടുക്കം എന്തായാലും ഇന്ത്യയുടെ ആദ്യ 'ദേശഭക്തഅധോലോക നായക'ന്റെ കഥ തുടരുക തന്നെയാണ്.


അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Next Story

Related Stories