Top

എം കെ ദാമോദരന് ആരുടെ കേസും വാദിക്കാം; ന്യായീകരണവുമായി മുഖ്യമന്ത്രി

എം കെ ദാമോദരന് ആരുടെ കേസും വാദിക്കാം; ന്യായീകരണവുമായി മുഖ്യമന്ത്രി

അഴിമുഖം പ്രതിനിധി

മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് എന്ന നിലയില്‍ യാതൊരു പ്രതിഫലവും വാങ്ങാത്ത അഡ്വ. എം കെ ദാമോദരന് ഏതു കേസില്‍ ഹാജരാകാനും ഒരു തടസവുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു. ലോട്ടറി വ്യവസായി സാന്റിയാഗോ മാര്‍ട്ടിനുവേണ്ടി ദാമോദരന്‍ ഹാജരായതിനെതിരെ പ്രതിപക്ഷം ഉയര്‍ത്തിയ സബ്മിഷനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവായ ദാമോദരന്‍, സാന്റിയാഗോ മാര്‍ട്ടിനുവേണ്ടി ഹൈക്കോടതിയില്‍ ഹാജരായതിനെതിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് പ്രതിപക്ഷം ഉന്നയിച്ചത്. ദാമോദരന്‍ ജിഷയുടെ കൊലയാളിക്കുവേണ്ടിയും ഹാജരാകുമോയെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. ഇതിനു മറുപടിയായിട്ടാണ് ദാദോമരനെ പിന്തുണച്ച് മുഖ്യമന്ത്രി സംസാരിച്ചത്. വിവാദവിഷയത്തിലെ മുഖ്യമന്ത്രിയുടെ ആദ്യപ്രതികരണമാണിത്.

തന്നെപ്രതിയുള്ള വിവാദം കൊടുമ്പിരിക്കൊണ്ടിരിക്കുന്നതിനിടയിലും എം കെ ദാമോദരന്‍ ക്വാറി ഉടമകള്‍ക്കായി നാളെ ഹൈക്കോടതിയില്‍ ഹാജരാകും. ക്വാറിക്കു പരിസ്ഥിതി അനുമതി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹാജരാകുന്നത്. മുന്‍പും ഈ കേസില്‍ അദ്ദേഹം ഹാജരായിട്ടുണ്ട്.

മാര്‍ട്ടിന്റെ സ്വത്ത് കണ്ടുകെട്ടാനുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഉത്തരവിനെ ചോദ്യംചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ദാമോദരന്‍ ഹാജരായത്. ഇതര സംസ്ഥാന ലോട്ടറി തട്ടിപ്പുമായി ബന്ധപ്പെട്ട് മാര്‍ട്ടിനെതിരായ 23 കേസുകള്‍ സിബിഐ എഴുതിത്തള്ളിയതിനെതിരെ ഇടതു സര്‍ക്കാര്‍ ചുമതലയേറ്റ ശേഷം ഹര്‍ജി നല്‍കിയിരുന്നു. ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ മാര്‍ട്ടിനുവേണ്ടി ദാമോദരന്‍ തുടര്‍ച്ചയായി ഹാജരായതു വിവാദമായിരുന്നു.


Next Story

Related Stories