TopTop
Begin typing your search above and press return to search.

ജനങ്ങളുമായി സംവദിക്കാന്‍ പുതിയ ഫെയ്‌സ്ബുക്ക് പേജുമായി മുഖ്യമന്ത്രി

ജനങ്ങളുമായി സംവദിക്കാന്‍ പുതിയ ഫെയ്‌സ്ബുക്ക് പേജുമായി മുഖ്യമന്ത്രി

അഴിമുഖം പ്രതിനിധി

മാധ്യമങ്ങളുമായി സംവദിക്കുന്നില്ലെന്നും മാധ്യമപ്രവര്‍ത്തരകരില്‍ നിന്നും ഒളിച്ചോടുന്നു എന്നുമുള്ള ആക്ഷേപങ്ങള്‍ക്കു നടുവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുതിയ ഫെയ്‌സ്ബുക്ക് പേജുമായി എത്തുന്നു. ചീഫ് മിനിസ്റ്റേഴ്‌സ് ഓഫിസ്‌, കേരള എന്നപേരിലാണ് പുതിയ പേജ് തുടങ്ങിയിരിക്കുന്നത്. നവ മാധ്യമങ്ങളുടെ കാലത്തു സര്‍ക്കാരിന്റെ പ്രവര്‍ത്തങ്ങള്‍ ജനങ്ങളില്‍ എത്തിക്കാന്‍ എന്ന വിശേഷണത്തോടെയാണ് പുതിയ പേജിന്റെ ആരംഭം കുറിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് നിയമസഭയില്‍ പ്രതിപക്ഷം മുഖ്യമന്ത്രി മാധ്യമങ്ങളോട് അയിത്തമാണെന്ന ആക്ഷേപം ഉന്നയിച്ചത്. മുഖ്യമന്ത്രി പിആര്‍ഒ പണിയെടുക്കേണ്ടയാള്‍ അല്ലെന്നായിരുന്നു പിണറായി അതിനു മറുപടി കൊടുത്തത്. എന്തായാലും മാധ്യമങ്ങളും മുഖ്യമന്ത്രിയുമായി അകല്‍ച്ചയിലാണെന്ന അന്തരീക്ഷം ഇല്ലാതാക്കാനുള്ള ശ്രമമാണ് പുതിയ ഫെയ്‌സ്ബുക്ക് പേജിലൂടെ മുഖ്യമന്ത്രി ലക്ഷ്യമിടുന്നതെന്നു കരുതുന്നു . മന്ത്രിസഭ തീരുമാനങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍ ബ്രീഫ് ചെയ്യുന്നില്ലെന്ന പരാതികൂടി ഒഴിവാക്കാനും പുതിയ ഫെയ്‌സ്ബുക്ക് പേജിലൂടെ പിണറായി ശ്രമിക്കുന്നുണ്ട്. പുതിയ പേജിലെ ആദ്യ പോസ്റ്റ് തന്നെ സര്‍ക്കാരിന്റെ ഇതുവരെയുള്ള 12 നേട്ടങ്ങള്‍ വിവരിച്ചും ജനങ്ങളോടു പൂര്‍ണ പിന്തുണ അഭ്യര്‍ത്ഥിച്ചുമാണ് ആദ്യ പോസ്‌റ് അവസാനിക്കുന്നത്.

പിണറായിയുടെ ഫെയ്‌സ്ബുക്ക് പേജിന്റെ പൂര്‍ണരൂപം;

പുതിയ ഗവണ്‍മെന്റ് കൈകാര്യം ചെയ്യുന്ന വിവിധ വിഷയങ്ങളെപ്പറ്റി അപ്പപ്പോള്‍ ജനങ്ങളോടു സംവദിക്കുവാനായി ഒരു ഫേസ്ബുക്ക് പേജ് തുറക്കുകയാണ്. ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനം സംബന്ധിച്ച കാര്യങ്ങള്‍ അറിയുവാനും നിങ്ങളുടെ വിലയേറിയ അഭിപ്രായനിര്‍ദ്ദേശങ്ങളും വിമര്‍ശനങ്ങളും അറിയിക്കുവാനുമുള്ള ഇടം കൂടിയാണിത്.

എല്ലാ പ്രവര്‍ത്തനങ്ങളിലും ജനങ്ങളുടെ പിന്തുണയും സഹകരണവുമാണ് ഈ സര്‍ക്കാരിന്റെ കരുത്ത്. കഴിഞ്ഞ ഒരു മാസക്കാലത്തെ പ്രവര്‍ത്തനത്തിന്റെ ഭാഗമായി എടുത്ത പ്രധാന തീരുമാനങ്ങള്‍ ഇതിനകം നിങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിരിക്കുമല്ലോ.

1. മന്ത്രിമാരുടെ എണ്ണം 19 ആയിക്കുറച്ചു. മന്ത്രിമന്ദിരങ്ങള്‍ മോടി കൂട്ടില്ല. പേഴ്‌സണല്‍ സ്റ്റാഫിന്റെ എണ്ണം 25 ആയി നിജപ്പെടുത്തി. ആദ്യമായി കേരളത്തിലെ മന്ത്രിസഭയില്‍ 2 വനിതകള്‍. മന്ത്രിമാരുടെയും മറ്റും സ്വീകരണത്തിന് കുട്ടികളും സ്ത്രീകളും താലം പിടിച്ച് നില്‍ക്കുന്ന രീതി ഒഴിവാക്കി.
2. ക്ഷേമപെന്‍ഷനുകള്‍ 1000 രൂപയായി വര്‍ദ്ധിപ്പിക്കുവാന്‍ തീരുമാനിച്ചു. പെന്‍ഷന്‍ ഗുണഭോക്താക്കളുടെ വീട്ടിലെത്തിക്കും.
3. പെരുമ്പാവൂരില്‍ ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട ജിഷയുടെ സഹോദരിക്ക് സര്‍ക്കാര്‍ ജോലി. അമ്മയ്ക്ക് 5000 രൂപ പ്രതിമാസ പെന്‍ഷന്‍. കേസന്വേഷണത്തിന് ഏഡിജിപി ബി. സന്ധ്യയുടെ നേതൃത്വത്തില്‍ പുതിയ സംഘം. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തു. ജിഷയുടെ അമ്മയ്ക്ക് വീട് നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കുവാന്‍ നടപടി.
4. കശുവണ്ടി കോര്‍പറേഷന്റെ കീഴിലുള്ള അടച്ചുപൂട്ടിയ എല്ലാ ഫാക്റ്ററികളും തുറക്കും.
5. പച്ചക്കറികള്‍ 30% വിലക്കുറവില്‍ ഹോര്‍ടികോര്‍പ് വഴി നല്‍കുവാന്‍ നടപടി എടുത്തു.
6. സര്‍ക്കാര്‍ ജോലി നേടി അവധിയെടുത്ത് വിദേശത്ത് പോയി തിരികെ വരാത്ത ഡോക്ടര്‍മാരെ പിരിച്ചുവിട്ടു.
7. ഫയലുകളില്‍ അനാവശ്യ കാലതാമസം വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി.
8. അടച്ചുപൂട്ടുവാന്‍ തീരുമാനിച്ച മലാപ്പറമ്പ്, മങ്ങാട്ടുമുറി, കിരാലൂര്‍, പാലാട്ട് എയ്ഡഡ് സ്‌കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു.
9. ഒഴിവുകള്‍ 10 ദിവസത്തിനുള്ളില്‍ പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്യുവാന്‍ കര്‍ശന നിര്‍ദേശം നല്‍കി. ഒരു മാസത്തിനുള്ളില്‍ 4300ല്‍ അധികം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
10. സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നുക്ഷാമത്തിന് പരിഹാരം. കാരുണ്യ ഫാര്‍മസികളില്‍ 37.2 കോടി രൂപയുടെ അവശ്യമരുന്നുകളെത്തിച്ചു. സ്‌കൂള്‍ പ്രവേശനത്തിന് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കി.
11. പാഠപുസ്തക വിതരണം ജൂണ്‍ 15നകം പൂര്‍ത്തിയാക്കി.
12. ആറന്മുളയിലും മെത്രാന്‍ കായലിലും കൃഷിയിറക്കുവാന്‍ നടപടി. നിരോധിക്കാത്തതും അതേ സമയം ഉപയോഗിച്ചു കൂടാത്തതുമായ കീടനാശിനികള്‍ പിടിച്ചെടുക്കുവാന്‍ നടപടി.
കൂടുതല്‍ ജനക്ഷേമകരവും അഴിമതിമുക്തവും പുരോഗമനാത്മകവുമായ തീരുമാനങ്ങളെടുക്കുവാനും നടപ്പിലാക്കുവാനും ഈ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. തുടര്‍പ്രവര്‍ത്തനങ്ങളില്‍ നിങ്ങളുടെ പൂര്‍ണ പിന്തുണ സര്‍ക്കാരിനുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.


Next Story

Related Stories