TopTop
Begin typing your search above and press return to search.

സര്‍ക്കാരിന്റെ സത്യവാങ്‌മൂല പരീക്ഷണങ്ങള്‍; മാധ്യമങ്ങളുടെ കണ്ണുകെട്ടി ജനത്തെ ആരാണ് പറ്റിക്കുന്നത്?

സര്‍ക്കാരിന്റെ സത്യവാങ്‌മൂല പരീക്ഷണങ്ങള്‍; മാധ്യമങ്ങളുടെ കണ്ണുകെട്ടി ജനത്തെ ആരാണ് പറ്റിക്കുന്നത്?

ഒരു നാടകം കാണുന്നവര്‍ എന്തൊക്കെയാണ്‌ കാണേണ്ടത്‌? എന്തൊക്കെ കാണേണ്ടതില്ല എന്നു തീരുമാനിക്കുന്നത്‌ നാടകസംഘത്തിന്റെ ഉത്തരവാദിത്തമാണ്‌. വേദിയില്‍ വന്നുപോകുന്ന കഥാപാത്രങ്ങളെയും അവരുടെ സംഭാഷണങ്ങളെയും അടിസ്‌ഥാനമാക്കി കാഴ്‌ചക്കാര്‍ ഒരു നിഗമനത്തിലെത്തുകയാണ്‌ ചെയ്യുന്നത്‌. ഇത്തരം ഒരു കാഴ്‌ചയാണ്‌ ഹൈക്കോടതിയിലും നടന്നു വരുന്നത്‌. മാധ്യമങ്ങള്‍ക്ക്‌ പ്രവേശനം നിഷേധിച്ച്‌ അഭിഭാഷകര്‍ പ്രതിരോധിക്കുമ്പോള്‍ പുറത്തറിയേണ്ടതെന്ന്‌ ചിലര്‍ നിശ്ചയിക്കുന്ന വാര്‍ത്തകള്‍ മാത്രമാണ്‌ പൊതുജനം അറിയുന്നത്‌. ഇനിയും നിലച്ചിട്ടില്ലാത്ത ചില സ്രോതസ്‌സുകളിലൂടെ മാധ്യമങ്ങള്‍ കണ്ടെത്തുന്ന ചുരുക്കം ചില വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ടെങ്കിലും വാര്‍ത്തകളെ ഇങ്ങനെ മാറ്റി നിറുത്താനാവുമോ? കേരളത്തില്‍ കോടതി വാര്‍ത്തകള്‍ റിപ്പോര്‍ട്ടു ചെയ്യാതിരുന്നിട്ട്‌ എന്തുസംഭവിച്ചു? ആകാശം ഇടിഞ്ഞു വീണോ? ഇവിടെ കോടതി വാര്‍ത്തകള്‍ റിപ്പോര്‍ട്ടു ചെയ്‌തില്ലെങ്കില്‍ ഒന്നും സംഭവിക്കില്ല. ഇത്തരത്തില്‍ പലരും അടുത്തിടെ ചാനല്‍ ചര്‍ച്ചകളിലും സോഷ്യല്‍ മീഡിയകളിലും പ്രതികരിക്കുന്നത്‌ കണ്ടു. വാര്‍ത്തകള്‍ അറിയപ്പെടാതെ പോകുന്നത്‌ ഒരുതരത്തിലും ബാധിക്കില്ലെന്ന്‌ ധരിക്കുന്നവര്‍ മൂഢസ്വര്‍ഗ്ഗത്തിലാണ്‌ ജീവിക്കുന്നത്‌. ഓരോ നിമിഷവും സംഭവിക്കുന്ന കാര്യങ്ങള്‍ തന്നെയോ തന്റെ കുടുംബത്തെയോ നേരിട്ടു ബാധിക്കുന്നില്ലെന്ന കാരണത്താല്‍ അറിയേണ്ടതില്ലെന്ന്‌ ആശ്വസിക്കുന്നത്‌ എത്രയോ ബാലിശമായ ചിന്തയാണ്‌.

കേരള ഹൈക്കോടതിയില്‍ മാധ്യമങ്ങള്‍ക്ക്‌ പ്രവേശനം നിഷേധിച്ചശേഷം എത്ര കേസുകളാണ്‌ കടന്നു വന്നത്‌? ഈ കേസുകളുടെയൊക്കെ സ്വഭാവമെന്താണെന്ന്‌ എങ്ങനെയാണ്‌ പുറം ലോകമറിയുക? ഒരുദാഹരണം പറയാം. ഒരു പീഡനക്കേസില്‍ ഇരയായ പെണ്‍കുട്ടിയെ ഇപ്പോള്‍ സര്‍ക്കാര്‍ താമസിപ്പിച്ചിരിക്കുന്ന കേന്ദ്രത്തില്‍ നിന്ന്‌ മാറ്റണമെന്ന്‌ ആവശ്യപ്പെട്ടൊരു ഹര്‍ജി ഹൈക്കോടതിയിലെത്തിയെന്ന്‌ കേള്‍ക്കുന്നു. പെണ്‍കുട്ടിക്ക്‌ പ്രായപൂര്‍ത്തിയായതിനാല്‍ ഇത്തരമൊരു കേന്ദ്രത്തില്‍ താമസിപ്പിക്കുന്നതിനെ ചോദ്യം ചെയ്‌താണ്‌ ഹര്‍ജി. എന്താണ്‌ ഇത്തരമൊരു ഹര്‍ജി ലക്ഷ്യമിടുന്നത്‌. പെണ്‍കുട്ടിയെ സര്‍ക്കാരിന്റെ സുരക്ഷിത കേന്ദ്രത്തില്‍ നിന്ന്‌ പുറത്തെത്തിച്ചാല്‍ സ്വാധീനിക്കാനാവുമെന്നാണോ? ഇനിയും വിചാരണ പൂര്‍ത്തിയാക്കാത്ത ഇത്തരം കേസുകളില്‍ ഹൈക്കോടതിയിലെത്തുന്ന ഹര്‍ജികളെ പൊതുജനം അറിയേണ്ടെന്ന്‌ ആരാണ്‌ പറയുന്നത്‌? തീരുന്നില്ല. മുഖ്യമന്ത്രിയുടെ നിയമോപദേഷ്‌ടാവ്‌ പദവി, ലാവ്‌ലിന്‍ കേസ്‌ റിവിഷന്‍ ഹര്‍ജി, ടി.പി. സെന്‍കുമാറിന്റെ ഹര്‍ജി, വിവിധ തിരഞ്ഞെടുപ്പു ഹര്‍ജികള്‍ ഇങ്ങനെ പൊതു സമൂഹം അറിയേണ്ട നിരവധി വാര്‍ത്തകളാണ്‌ ഹൈക്കോടതിയില്‍ മാധ്യമങ്ങളെ പ്രവേശിപ്പിക്കില്ലെന്ന അഭിഭാഷകരുടെ നിലപാടു മൂലം അറിയാതെ പോകുന്നത്‌. മാധ്യമങ്ങള്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്‌ കാഴ്‌ചയുടെ നേര്‍ക്കുറിപ്പുകളായല്ല. മറിച്ച്‌ അണിയറക്കാഴ്‌ചകളും ചര്‍ച്ചകളും ഒക്കെ ഉള്‍പ്പെടുത്തി സമഗ്രമായ റിപ്പോര്‍ട്ടുകളാണ്‌ തയ്യാറാക്കുന്നത്‌.

അഡ്വ. എം.കെ. ദാമോദരനെ നിയമോപദേഷ്‌ടാവായി നിയമിക്കുന്നതിനെതിരെ ബി.ജെ.പി സംസ്‌ഥാന പ്രസിഡന്റ്‌ കുമ്മനം രാജശേഖരന്‍ നല്‍കിയ ഹര്‍ജിയുടെ കാര്യം നോക്കുക. ഈ പദവി ഏറ്റെടുക്കാനില്ലെന്ന്‌ എം.കെ. ദാമോദരന്‍ വ്യക്തമാക്കിയതോടെ അദ്ദേഹത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ഇല്ലാതായി. ഇനി അദ്ദേഹത്തെ ഇതിലേക്ക്‌ വലിച്ചിഴയ്‌ക്കേണ്ടതുമില്ല. എന്നാല്‍ മുഖ്യമന്ത്രിയുടെ നിയമോപദേഷ്‌ടാവായി നിയമിക്കപ്പെടുന്ന അഭിഭാഷകന്‍ സിവില്‍, ക്രിമിനല്‍ കേസുകളില്‍ സര്‍ക്കാരിനെതിരെ ഹൈക്കോടതിയില്‍ ഉള്‍പ്പെടെ ഹാജരാകേണ്ടി വന്നാല്‍ അതില്‍ അപാകതയില്ലെന്ന്‌ സര്‍ക്കാര്‍ മറുപടി സത്യവാങ്‌മൂലം നല്‍കുമ്പോള്‍ അതില്‍ പോരായ്‌മകളുണ്ടെന്ന്‌ നിസംശയം പറയാന്‍ കഴിയും. സംസ്ഥാന സര്‍ക്കാരിന്റെ ഭാഗവും തലവനുമായ മുഖ്യമന്ത്രിയുടെ നിയമോപദേഷ്‌ടാവായി തുടരുന്ന അഭിഭാഷകന്‍ അതേ സര്‍ക്കാര്‍ എതിര്‍ കക്ഷിയായ കേസുകളില്‍ സര്‍ക്കാരിനെതിരെ ഹാജരാവുന്നതില്‍ അപാകതയില്ലെന്ന സര്‍ക്കാരിന്റെ വാദം എത്ര നിര്‍ഭാഗ്യകരമാണ്‌.സംസ്‌ഥാന സര്‍ക്കാരിനെതിരെ ബാര്‍ ഉടമകള്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയപ്പോള്‍ അവര്‍ക്കു വേണ്ടി അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി ഹാജരായതിനെ ശക്തിയുക്തം സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. അന്നു പ്രതിപക്ഷത്തായിരുന്ന സി.പി.എമ്മും ഇതിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ലോട്ടറിക്കേസില്‍ കോണ്‍ഗ്രസിന്റെ ദേശീയ നേതാവായ അഭിഷേക്‌ മനു സിങ്‌വി സാന്റിയാഗോ മാര്‍ട്ടിനു വേണ്ടി ഹാജരായപ്പോഴും സമാനമായ വിവാദങ്ങള്‍ ഉടലെടുത്തിരുന്നു. ഇതൊക്കെ ധാര്‍മ്മികതയിലൂന്നിയ വിമര്‍ശനങ്ങളായിരുന്നു. ഇതിലൊക്കെ ജനപക്ഷത്തു നിന്ന്‌ പ്രതിരോധിച്ച ഇടതു സര്‍ക്കാര്‍ മുഖ്യമന്ത്രിയുടെ നിയമോപദേഷ്‌ടാവായി നിയോഗിച്ച അഭിഭാഷകന്‍ മാര്‍ട്ടിനുവേണ്ടി ഹാജരായതില്‍ അപാകതയില്ലെന്നു പറയുമ്പോള്‍ എവിടെയാണ്‌ പിഴവെന്ന്‌ കണ്ടെത്തേണ്ടതുണ്ട്‌. അതു മാധ്യമ ധര്‍മ്മം തന്നെയാണ്‌.

നിയമോപദേഷ്‌ടാവിനൊക്കെ എന്തുമാകാം
മുഖ്യമന്ത്രിയുടെ നിയമോപദേഷ്‌ടാവായി നിയമിക്കപ്പെടുന്നയാളുടെ ചുമതല എന്താണെന്ന്‌ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ നല്‍കിയ സത്യവാങ്‌മൂലത്തില്‍ വിശദീകരിക്കുന്നുണ്ട്‌. മുഖ്യമന്ത്രിയെന്ന നിലയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ നേരിടേണ്ടി വരാവുന്ന നിയമപ്രശ്‌നങ്ങളിലും നടപടിക്രമങ്ങളിലും ഉപദേശം തേടാനാണ്‌ ഇത്തരമൊരു പദവിയെന്ന്‌ സത്യവാങ്‌മൂലത്തില്‍ സര്‍ക്കാര്‍ പറയുന്നു. ഇതു തന്നെയല്ലേ അഡ്വക്കേറ്റ്‌ ജനറല്‍ എന്ന ഭരണഘടനാനുസൃതമായ പദവി വഹിക്കുന്ന ആദരണീയനായ അഭിഭാഷകന്റെയും ധര്‍മ്മം. സര്‍ക്കാരിന്‌ വേണ്ട സമയത്ത്‌ നിയമോപദേശം നല്‍കുകയെന്നത്‌ അദ്ദേഹത്തില്‍ നിക്ഷിപ്‌തമായ കടമയാണ്‌. സര്‍ക്കാരിന്റെ ഭാഗമായ മുഖ്യമന്ത്രിക്കും അദ്ദേഹത്തില്‍ നിന്ന്‌ നിയമോപദേശം തേടാം. കഴിഞ്ഞ ഇടതു സര്‍ക്കാരിന്റെ കാലത്ത്‌ അഡ്വക്കേറ്റ്‌ ജനറലായിരുന്ന സി.പി സുധാകര പ്രസാദെന്ന ആദരണീയനായ അഭിഭാഷകന്‌ ഇത്തരത്തില്‍ വിദഗ്‌ദ്ധ ഉപദേശം നല്‍കാനുള്ള അറിവും പക്വതയും വേണ്ടുവോളമുണ്ട്‌; അതിനാലാണല്ലോ അദ്ദേഹത്തെ സര്‍ക്കാര്‍ എ.ജിയായി നിയമിച്ചതും. എ.ജിയ്‌ക്കു നല്‍കാന്‍ കഴിയാത്ത എന്തു നിയമോപദേശമാണ്‌ മുഖ്യമന്ത്രിക്കു മാത്രമായി കൂടുതല്‍ വേണ്ടി വരികയെന്ന്‌ സത്യവാങ്‌മൂലത്തില്‍ വ്യക്തമല്ല. നിയമോപദേഷ്‌ടാവിന്റെ നിയമനത്തിലെ ഇത്തരമൊരു അപാകതയാണ്‌ കുമ്മനത്തിന്റെ ഹര്‍ജിയില്‍ ഉന്നയിക്കുന്നത്‌.ഇനി കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ സ്‌ഥിതി പരിശോധിക്കാം. കേരളത്തിന്റെ ചരിത്രത്തില്‍ ഇത്രയധികം പണിയെടുക്കേണ്ടി വന്ന ഒരു അഡ്വക്കേറ്റ്‌ ജനറല്‍ ഇല്ലെന്നു തന്നെ പറയാനാവും. അഡ്വ. കെ.പി. ദണ്‌ഡപാണി വാങ്ങിയ കാശിന്‌ വേണ്ടുവോളം പണിയെടുത്തിട്ടുണ്ടെന്ന്‌ ആരും സമ്മതിക്കും. ഹൈക്കോടതിയില്‍ ഇത്രയേറെ വിമര്‍ശനങ്ങളും പരാതികളും നേരിട്ട സര്‍ക്കാര്‍ കേരളത്തില്‍ ഉണ്ടായിട്ടില്ല. വിമര്‍ശനങ്ങളെയും പ്രതിസന്ധികളെയും നേരിട്ട്‌ സര്‍ക്കാരിനെ രക്ഷപ്പെടുത്തുകയെന്ന എ.ജിയുടെ ധര്‍മ്മം ദണ്‌ഡപാണി സമര്‍ത്‌ഥമായി ചെയ്‌തിട്ടുമുണ്ട്‌. മുഖ്യമന്ത്രിക്കെതിരെ വിജിലന്‍സ്‌ കോടതിയുള്‍പ്പെടെയുള്ള ജുഡീഷ്യല്‍ സംവിധാനങ്ങളില്‍ നിന്ന്‌ നടപടിയുണ്ടായപ്പോള്‍ സര്‍ക്കാരിന്റെ ഭാഗമായി മുഖ്യമന്ത്രി എന്ന നിലയിലല്ല ഉമ്മന്‍ചാണ്ടി അത്തരം കേസുകളെ നേരിട്ടത്‌. അഡ്വ. എസ്‌. ശ്രീകുമാറിനെപ്പോലെയുള്ള പ്രഗത്‌ഭരെ നിയോഗിച്ച്‌ വ്യക്തിപരമായ നിലയിലാണ്‌ അദ്ദേഹം കേസിനെ നേരിട്ടത്‌. എന്നാല്‍ അതിനു വേണ്ടി ഒരാളെയും നിയമോപദേഷ്‌ടാവായി നിയോഗിച്ചിരുന്നില്ലെന്നും ഓര്‍ക്കുക.

സര്‍ക്കാര്‍ ഫയലിന്റെ പേരില്‍ കണ്ണുപൊത്തിക്കളി
ഇനി സത്യവാങ്‌മൂലത്തിലെ മറ്റൊരു വിശദീകരണം നോക്കണം. മുഖ്യമന്ത്രിയുടെ നിയമോപദേഷ്‌ടാവെന്ന പദവി ഗവണ്‍മെന്റ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കു തുല്യമാണെന്നും മുഖ്യമന്ത്രിയുടെ കാലാവധി കഴിയുന്നതുവരെയാണ്‌ നിയമനമെന്നും മാത്രമാണ്‌ ഉത്തരവില്‍ പറയുന്നത്‌. സെക്രട്ടേറിയറ്റില്‍ ഓഫീസോ നാല്‌ സ്റ്റാഫോ നിയമോപദേഷ്‌ടാവിനുണ്ടാവുമെന്ന്‌ ഉത്തരവില്‍ പറഞ്ഞിട്ടില്ല. സര്‍ക്കാര്‍ ഫയലുകള്‍ നിയമോപദേഷ്‌ടാവിന്‌ പരിശോധിക്കാമെന്നും ഉത്തരവില്‍ പറഞ്ഞിട്ടില്ല. ഇതൊക്കെ മാധ്യമങ്ങളുടെ കുപ്രചരണങ്ങളാണ്‌, എന്നാണ്. ഇത്രയും വിശദീകരിക്കുന്ന സര്‍ക്കാരിനോടു ചോദിക്കട്ടെ. ഗവണ്‍മെന്റ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പദവിയ്‌ക്കു തുല്യമായ പദവി വഹിക്കുന്ന ഒരാള്‍ക്ക്‌ സെക്രട്ടേറിയറ്റില്‍ ഒരു പരിഗണനയും വിലയും ലഭിക്കില്ലെന്ന്‌ ആരെയാണ്‌ വിശ്വസിപ്പിക്കുന്നത്‌? പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ റാങ്കിലുള്ള ഒരാള്‍ ഫയല്‍ പരിശോധിക്കാന്‍ ആവശ്യപ്പെട്ടാല്‍ സാറിന്റെ ഉത്തരവില്‍ അതു പറഞ്ഞിട്ടില്ല. അതിനാല്‍ നല്‍കാനാവില്ല എന്ന്‌ ഏതു ഉദ്യോഗസ്‌ഥനാണ്‌ പറയാനാവുക? മാധ്യമങ്ങളുടെ കുപ്രചരണമാണിതെന്ന്‌ വിശദീകരിക്കാന്‍ കാട്ടുന്ന ഉത്സാഹം ഉത്തരവിറക്കുന്നതിലും കാണിക്കണമായിരുന്നു. പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ റാങ്ക്‌ നല്‍കുന്നെങ്കിലും ഏതെങ്കിലും സര്‍ക്കാര്‍ ഫയല്‍ പരിശോധിക്കാനോ സര്‍ക്കാരുമായി ബന്‌ധപ്പെട്ട കേസുകളില്‍ ഇടപെടാനോ നിയമോപദേഷ്ടാവിന്‌ അധികാരമുണ്ടാവില്ലെന്ന്‌ ഉത്തരവില്‍ നല്ല വടിവൊത്ത കൈപ്പടയില്‍ എഴുതിച്ചേര്‍ത്തിരുന്നെങ്കില്‍ സത്യവാങ്‌മൂലത്തിന്റെ നട്ടെല്ലില്‍ ജനം ഉറപ്പു പറഞ്ഞേനേ. മുഖ്യമന്ത്രിയുടെ നിയമോപദേഷ്‌ടാവായി എത്തുന്ന ഏതൊരു അഭിഭാഷകനും സര്‍ക്കാര്‍ ഫയലുകള്‍ പരിശോധിക്കാന്‍ നിലവില്‍ സാഹചര്യമൊരുക്കിയിട്ട്‌ ഉത്തരവില്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്ന്‌ വിശദീകരിച്ചിട്ടെന്തുകാര്യം? ഇതൊക്കെ ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിക്കാനുള്ള സര്‍ക്കാരിന്റെ നീക്കമാണ്‌. പഴയ മുഖ്യന്‍ പറഞ്ഞപോലെ അരിയാഹാരം കഴിക്കുന്ന ആര്‍ക്കും മനസിലാകുന്ന കാര്യങ്ങളാണിതൊക്കെ.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories