Top

ഞങ്ങളുടെ ഭൂമി നിങ്ങള്‍ക്ക് വില്‍ക്കണമെന്നോ? സിയാറ്റില്‍ മൂപ്പന്റെ വാക്കുകള്‍ നമ്മളെ ചുട്ടുപൊള്ളിക്കുമ്പോള്‍

ഞങ്ങളുടെ ഭൂമി നിങ്ങള്‍ക്ക് വില്‍ക്കണമെന്നോ? സിയാറ്റില്‍ മൂപ്പന്റെ വാക്കുകള്‍ നമ്മളെ ചുട്ടുപൊള്ളിക്കുമ്പോള്‍

ഈ ആഴ്ചയിലെ പുസ്തകം
ഞങ്ങള്‍ നിങ്ങള്‍ക്ക് ഭൂമി വിറ്റാല്‍ (പ്രഭാഷണം)

സിയാറ്റില്‍ മൂപ്പന്‍
വിവര്‍ത്തനം: സക്കറിയ
വില: 80 രൂപ
ഡി സി ബുക്‌സ്

ഭൂമിയും അതിലെ ജൈവ സമ്പത്തും പ്രകൃതിയും തലമുറകളുടെ അന്തമായ സമ്പത്താണ്. നമ്മുടെ പൂര്‍വ്വകര്‍ നമുക്കായി പ്രകൃതിയില്‍ ശ്രദ്ധാപൂര്‍വ്വം കണ്ടുവച്ചവയാണ് ഇന്ന് നാം അനുഭവിക്കുന്നത്. ഭൂമിയില്‍ ഇതുവരെ വന്നുപോയവരും ഇനി വന്നുചേരാനുള്ളവരുമായ സര്‍വ്വ ജീവരാശികളുടേതുമാണ് മണ്ണും പുഴയും വായുവുമെല്ലാം. ഇക്കാര്യങ്ങള്‍ ഉള്‍ക്കൊണ്ട് പാരിസ്ഥിതിക ദര്‍ശനം നൂറ്റാണ്ടുകള്‍ക്കു മുമ്പ് മുന്നോട്ടുവച്ച സിയാറ്റില്‍ മൂപ്പന്റെ ചരിത്രപ്രസിദ്ധമായ പ്രസംഗത്തിന്റെ പരിഭാഷയാണ് 'ഞങ്ങള്‍ നിങ്ങള്‍ക്ക് ഭൂമി വിറ്റാല്‍' എന്ന അസാധാരണ പുസ്തകം. മലയാളത്തിന്റെ ശക്തനായ എഴുത്തുകാരന്‍ സക്കറിയയുടെ പരിഭാഷ പാരിസ്ഥിതിക പ്രശ്‌നത്തിന്റെ കാതലായ ഇടങ്ങളിലേക്ക് കടന്നുചെല്ലുന്നു.

പരിസ്ഥിതി പ്രവര്‍ത്തകരുടെ 'മാഗ്നാകാര്‍ട്ട' എന്ന് വിശേഷിപ്പിക്കാം സിയാറ്റിന്‍ മൂപ്പന്റെ പ്രഭാഷണം. നമ്മുടെ ഇന്നത്തെ സാമൂഹികാവസ്ഥയില്‍ചര്‍ച്ചകള്‍ക്കായി തുറന്നുവയ്ക്കാവുന്നതാണ് ഇതിലെ ഓരോ വാചകവും. ആവാസവ്യവസ്ഥയുടെ അവസാനത്തെ ഹരിതകണികവരെ വന്‍ലാഭത്തിനുവേണ്ടി ചൂഷണം ചെയ്തുകൊണ്ടിരിക്കുന്ന ഇന്നത്തെ സമൂഹത്തിന്റെ കണ്ണുതുറപ്പിക്കുന്നവയാണ് മൂപ്പന്റെ അഭിപ്രായങ്ങള്‍. ഒന്നര നൂറ്റാണ്ട് മുമ്പ് ഇക്കാര്യം ദീര്‍ഘദര്‍ശനം ചെയ്ത അമേരിന്ത്യന്‍ ഗോത്രവര്‍ഗ്ഗ നേതാവാണ് സിയാറ്റില്‍ മൂപ്പന്‍.

അമേരിക്കയിലെ വാഷിംഗ്ടണ്‍ സംസ്ഥാനത്തിന്റെ വടക്കുപടിഞ്ഞാറന്‍ തീരത്തെ ദ്വീപുകള്‍ നിറഞ്ഞ ഉള്‍ക്കടല്‍ മേഖലയിലാണ് സിയാറ്റില്‍ നഗരം. സിയാറ്റില്‍ എന്ന ഇന്നത്തെ മഹാനഗരമായിത്തീര്‍ന്ന വ്യാപാരകേന്ദ്രത്തിന് മൂപ്പന്റെ പേരിടാനുള്ള പ്രേരണ നല്‍കിയത് സുഹൃത്ത് ഡോ. ഉമയ്‌നാര്‍ഡ് ആണെന്ന് കരുതപ്പെടുന്നു. അന്ത്യകാലത്ത് മൂപ്പന്‍ ഫ്രഞ്ച് മിഷണറിമാരുടെ പ്രേരണയില്‍ കത്തോലിക്കനായിത്തീരുകയും 1866 ജൂണ്‍ 7 ന് പനിബാധിച്ച് മരിക്കുകയും ചെയ്തുവെന്നാണ് രേഖകള്‍ പറയുന്നത്.ആമുഖ കുറിപ്പില്‍ സക്കറിയ ഇങ്ങനെ എഴുതുന്നു: ''പ്രശസ്ത സംവിധായകന്‍ അരവിന്ദനാണ് 1982 ല്‍ സിയാറ്റില്‍ മൂപ്പന്റെ പ്രഭാഷണം 'ഇല്ലസ്‌ട്രേറ്റഡ് വീക്ക്‌ലി'യില്‍ പ്രസിദ്ധപ്പെടുത്തിയത് ചൂണ്ടിക്കാണിച്ച് 'തീര്‍ച്ചയായും വായിക്കണം' എന്ന് എന്നോട് പറഞ്ഞത്. വായിച്ച ശേഷം ഞാനത് പരിഭാഷപ്പെടുത്തി. രണ്ടു ഭാഗങ്ങളോളം കഴിഞ്ഞശേഷം അമേരിക്കയില്‍ ഇംഗ്ലീഷ് പ്രൊഫസറായ എന്റെ സ്‌നേഹിതന്‍ തോമസ് പാലക്കീല്‍ വഴി ഞാനതിലേക്ക് മടങ്ങിവന്നു.''

ചരിത്രപ്രസിദ്ധമായിത്തീര്‍ന്ന തന്റെ പ്രസംഗം മൂപ്പന്‍ നടത്തിയതിന്റെ പശ്ചാത്തലമിതാണ്: വാഷിംഗ്ടണ്‍ പ്രദേശത്തെ ഭൂമിയുടെ ഉടമസ്ഥാവകാശകാര്യത്തില്‍ ഇന്ത്യാക്കാരുമായി ഉടമ്പടി ഉണ്ടാക്കാന്‍ പതിനാലാമത്തെ അമേരിക്കന്‍ പ്രസിഡന്റ് ഫ്രാങ്ക്‌ലിന്‍ പിയേഴ്‌സ്, ഗവര്‍ണര്‍ ഐസക് ഇന്‍ ഗാല്‍ഡ് സ്റ്റീവന്‍സിനെ സിയാറ്റില്‍ നഗരത്തിന്റെ സ്ഥാനത്തുണ്ടായിരുന്ന കുടിയേറ്റക്കാരുടെ ചെറുകച്ചവടകേന്ദ്രത്തിലേക്ക് അയച്ചു. ഇന്ത്യാക്കാരുമായി ഉടമ്പടി ഉണ്ടാക്കി അവരുടെ ഭൂമി വാങ്ങാനാണ് പ്രസിഡന്റ് തന്നെ അയച്ചതെന്ന് ഗവര്‍ണര്‍ പറഞ്ഞു. പിന്നീട് പ്രസംഗിക്കാന്‍ എഴുന്നേറ്റത് സിയാറ്റില്‍ മൂപ്പനായിരുന്നു. ഗവര്‍ണറുടെ പ്രസംഗത്തിനുള്ള മറുപടിയായാണ് അദ്ദേഹത്തിന്റെ ഇന്ന് നാം അറിയുന്ന പ്രഭാഷണം. ഒരു കൈ ഗവര്‍ണറുടെ ശിരസ്സില്‍ വച്ചുകൊണ്ടും മറുകൈ ആകാശത്തിലേക്ക് ചൂണ്ടിക്കൊണ്ടുമാണ് മൂപ്പന്‍ പ്രസംഗം ആരംഭിച്ചത്:

''എണ്ണമറ്റ നൂറ്റാണ്ടുകള്‍ നീളെ ഞങ്ങളുടെ പൂര്‍വ്വികന്‍മാരുടെ മേല്‍ കനിവിന്റെ കണ്ണീര്‍ത്തുള്ളികള്‍ പൊഴിച്ച, ഞങ്ങള്‍ക്ക് അനശ്വരമെന്ന് തോന്നിക്കുന്ന ഈ ആകാശവും മാറിപ്പോകും. ഇന്നത് സ്വച്ഛമാണ്. നാളെയത് കാര്‍മേഘാവൃതമാകും.''

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുകപ്രഭാഷണത്തിന്റെ ഒടുവില്‍ മൂപ്പന്‍ ചില ലോകസത്യങ്ങളും വിളിച്ചുപറയുന്നുണ്ട്. പ്രകൃതിയുമായും ജീവിതവുമായും ബന്ധപ്പെട്ട സുപ്രധാന കാര്യങ്ങള്‍.

''എന്തുകൊണ്ടാണ് കാട്ടുപോത്തുകള്‍ കൊലചെയ്യപ്പെടുന്നതെന്നോ, കാട്ടുകുതിരകള്‍ മെരുക്കപ്പെടുന്നതെന്നോ, കാടിന്റെ മൂലകള്‍ പോലും അനവധി മനുഷ്യരുടെ ഗന്ധം കൊണ്ട് കനം പിടിച്ചവയാകുന്നതെന്നോ, മൂപ്പെത്തിയ മലകളുടെ ദൃശ്യങ്ങള്‍ സംസാരിക്കുന്ന കമ്പികളെക്കൊണ്ട് മറയ്ക്കപ്പെടുന്നതെന്നോ ഞങ്ങള്‍ക്ക് മനസ്സിലാവുന്നില്ല.

പൊന്തകളിവിടെ? പൊയ്ക്കഴിഞ്ഞു. കഴുകനെവിടെ? പൊയ്ക്കഴിഞ്ഞു.

ജീവിക്കലിന്റെ അന്ത്യം. അതിജീവനത്തിന്റെ തുടക്കം.''

ഒന്നാലോചിച്ചു നോക്കൂ... ഒന്നര നൂറ്റാണ്ടിനു മുമ്പ് മൂപ്പന്‍ ദീര്‍ഘദര്‍ശനം ചെയ്തവ ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്നു. ജീവിക്കലിന്റെ അന്ത്യമാണ് നമുക്ക് സംഭവിച്ചിരിക്കുന്നത്. അതിജീവനത്തിന്റെ അതിസങ്കീര്‍ണ്ണമായ അവസ്ഥകളിലൂടെയല്ലേ മനുഷ്യകുലത്തിന്റെ യാത്ര? അസാധാരണവും അനന്യവുമായ ചിന്തയുടെ ദൈവദശകമാണ് മൂപ്പനിലൂടെ നാം കേള്‍ക്കുന്നത്.

രണ്ട് അമേരിക്കന്‍ ഭൂഖണ്ഡങ്ങളിലും വസിക്കുന്ന ആയിരക്കണക്കിന് വര്‍ഗ്ഗങ്ങളുടെ വാചിക സാഹിത്യവും അവരുടെ പുണ്യാനുഷ്ഠാനങ്ങളും കലയും ജീവിതരീതിയും ഒക്കെ പഠിച്ചാല്‍ സിയാറ്റില്‍ മൂപ്പന്റെ പ്രഭാഷണത്തിന്റെ സത്ത വ്യക്തമായി തെളിഞ്ഞുകാണാം.തോമസ് പാലക്കീല്‍ തന്റെ പഠനത്തില്‍ ഇപ്രകാരം പറയുന്നു.

''സിയാറ്റില്‍ മൂപ്പനെപ്പോലെയുള്ള മൂല്യാധിഷ്ഠിത കുലപതികളുടെ പാരമ്പര്യത്തില്‍ നിന്നാണ് പുതിയ അമേരിക്കനിന്ത്യന്‍ സമൂഹം പുതിയ ദര്‍ശനം കെട്ടിപ്പടുക്കാന്‍ തുടങ്ങിയിരിക്കുന്നത്. ഗാന്ധിജിയുടെ പ്രാഗ്‌രൂപമാണ് സിയാറ്റില്‍ എന്ന കുലപതിയെ ഏറ്റുമുട്ടലില്‍ നിന്ന് പ്രകൃതിദര്‍ശനത്തിലേക്കും ഭാവിവിചാരത്തിലേക്കും നയിച്ചത്. മര്‍ദ്ദകനുമായി പടപൊരുതാനുള്ള പുതിയ യുക്തിയും തന്ത്രവും കണ്ടെത്താതെ വീരമൃത്യു അടയുന്നതില്‍ അര്‍ത്ഥമില്ലെന്നതിന്റെ തെളിവാണ് അമേരിക്കന്‍ - ഇന്ത്യന്‍ ചരിത്രം തന്നെ.''

അമേരിക്കന്‍ ഭൂഖണ്ഡങ്ങളില്‍ ഇന്ത്യന്‍ നേതൃത്വത്തിലുള്ള പരിസ്ഥിതി പ്രസ്ഥാനങ്ങള്‍ വളര്‍ന്നുവരുന്നുണ്ട്. എന്നാല്‍ ആഗോള ഉപഭോഗസംസ്‌കാരത്തിന്റെ ബഹളങ്ങള്‍ക്കിടെ അവയുടെ സാന്നിദ്ധ്യം വിരളമായേ പുറത്തറിയൂ. 1972 ലെ സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ച അമേരിക്കന്‍ - ഇന്ത്യന്‍ വനിത റിഗോബര്‍ത്ത മെഞ്ചു ഗ്വാട്ടിമലയില്‍ നടത്തിയ ആദിമനിവാസി സ്വാതന്ത്ര്യ പ്രസ്ഥാനം ഓര്‍ക്കുക. സിയാറ്റില്‍ മൂപ്പന്റെ പാരമ്പര്യമാണ് അവരുടെ ചിന്തയിലും പ്രഭാഷണത്തിലും.

''ഭൂമി മനുഷ്യന്റേതല്ല. മനുഷ്യന്‍ ഭൂമിയുടേതാണ്. ഒരു കുടുംബത്തെ ഒന്നാക്കുന്ന ഒരംഗത്തെപ്പോലെ എല്ലാം തമ്മില്‍ ബന്ധിപ്പിക്കുന്നവയാണ്. ഭൂമിക്ക് സംഭവിക്കുന്നതെല്ലാം ഭൂമിയുടെ മക്കള്‍ക്കും സംഭവിക്കും. ജീവന്റെ വല നെയ്തത് മനുഷ്യനല്ല. അവനതില്‍ ഒരു ഇഴ മാത്രമാണ്. ആ വലയോട് അവന്‍ ചെയ്യുന്നതെല്ലാം അവന്‍ തന്നോട് തന്നെയാണ് ചെയ്യുന്നത്." മൂപ്പന്റെ ഈ വാചകങ്ങള്‍ ജീവിതദര്‍ശനത്തിന്റെ പലതരം അര്‍ത്ഥങ്ങളാണ് നമ്മില്‍ ഉണര്‍ത്തുന്നത്. വാസ്തവത്തില്‍ ഭൂമിയുടെ ഭാവിയോര്‍ത്ത് നൊന്തുപൊള്ളുകയായിരുന്നു സിയാറ്റില്‍ മൂപ്പന്‍. ഭൂമിദേവിയുടെ സമ്പത്തിന് ലോകത്തിലുള്ള എല്ലാ മനുഷ്യരുടെയും ആവശ്യങ്ങള്‍ നിറവേറ്റാനുള്ള കെല്‍പ്പുണ്ട്. പക്ഷെ, ഒരൊറ്റ മനുഷ്യജീവിയുടെ പോലും ദുരമാറ്റാന്‍ ഭൂമിക്ക് വിഭവങ്ങളില്ല എന്ന ഗാന്ധിജിയുടെ വാചകം ഇവിടെ പ്രസക്തമാണ്. അതുകൊണ്ടാകണം ദുരമൂത്ത, ആര്‍ത്തി പെരുത്ത മനുഷ്യനോടായി മൂപ്പന്‍ ഇങ്ങനെ പറഞ്ഞത്:

''ഭൂമി നമ്മുടെ അമ്മയാണ്. മനുഷ്യന്‍ ഭൂമിയില്‍ തുപ്പുമ്പോള്‍ അവന്‍ അവനെത്തന്നെയാണ് തുപ്പുന്നത്.'' പരിഹാസവും പരിദേവനവും ക്ഷോഭവും താപവും കലര്‍ന്ന ഈ വാക്കുകള്‍ എല്ലാ കാലത്തെയും സാമൂഹിക പരിസരത്തിന് ഒരു ആഘാതമാണ്. അതില്‍ നിന്നുള്ള മോചനമാണ് നാം പ്രതീക്ഷിക്കേണ്ടത്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories