TopTop
Begin typing your search above and press return to search.

കുണ്ടറയിലെ മുത്തശ്ശന്‍ ഒറ്റപ്പെട്ട ഒന്നല്ല; കുട്ടികളെ പീഡിപ്പിച്ച കേസില്‍ മൂന്നാഴ്ചയ്ക്കിടെ അറസ്റ്റിലായത് 12 പേര്‍

കുണ്ടറയിലെ മുത്തശ്ശന്‍ ഒറ്റപ്പെട്ട ഒന്നല്ല; കുട്ടികളെ പീഡിപ്പിച്ച കേസില്‍ മൂന്നാഴ്ചയ്ക്കിടെ അറസ്റ്റിലായത് 12 പേര്‍

'മക്കളുണ്ടാകുന്നത് നല്ലതാണ്, കാരണം കൊച്ചുമക്കളുമുണ്ടാകും' എന്ന് പറഞ്ഞത് ആരാണെന്ന് അറിയില്ല. എന്തായാലും വാര്‍ദ്ധക്യത്തില്‍ ഏതൊരു മനുഷ്യനും എത്രമാത്രം ദാരിദ്ര്യത്തിലാണെങ്കിലും ഏറ്റവും അധികം ആഗ്രഹിക്കുന്നത് കൊച്ചുമക്കളുടെ സാമിപ്യമാണ്. മക്കളോട് വളരെയധികം കര്‍ക്കശക്കാരായ മാതാപിതാക്കള്‍ പോലും കൊച്ചുമക്കളുടെ അടുക്കലെത്തുമ്പോള്‍ സ്‌നേഹത്തിന്റെയും വാത്സല്യത്തിന്റെയും നിറകുടങ്ങളാകുന്നത് നമ്മുടെ സമൂഹത്തിലെ ഓരോ കുടുംബങ്ങളിലും കാണാനാകുന്ന കാഴ്ചയാണ്. രണ്ടാം ബാല്യമെന്നാണല്ലോ വാര്‍ദ്ധക്യത്തെ വിശേഷിപ്പിക്കുന്നത് തന്നെ. ഇവിടുത്തെ മഹാഭൂരിപക്ഷം മുത്തശ്ശന്മാരും മുത്തശ്ശിമാരും കൊച്ചുമക്കളെ ജീവനേക്കാളുപരി സ്‌നേഹിക്കുന്നവരാണെന്നിരിക്കെ തന്നെയാണ് കേരള സമൂഹത്തെയാകെ ഞെട്ടിച്ചുകൊണ്ട് കുണ്ടറയില്‍ പത്ത് വയസ്സുകാരിയുടെ മരണവുമായി ബന്ധപ്പെട്ടുള്ള പോലീസ് വെളിപ്പെടുത്തല്‍ വന്നിരിക്കുന്നത്.

കുട്ടിയെ പീഡിപ്പിച്ചത് മുത്തശ്ശന്‍ ആണെന്ന വാര്‍ത്ത കേരളത്തെ സംബന്ധിച്ച് ഏറെ ആഴത്തിലേറ്റിരിക്കുന്ന ഒരു മുറിവാണ്. സമീപകാലത്തെ സ്ത്രീപീഡനക്കേസുകളിലെയും പീഡോഫീല്‍ കേസുകളിലെയും ഏറ്റവും നിഷ്ഠൂരനായ പ്രതിയായി ഇയാള്‍ മാറിക്കഴിഞ്ഞു. തിരക്കേറിയ ജീവിതത്തില്‍ മക്കളെ സ്വന്തം മാതാപിതാക്കളെ പോലും ഏല്‍പ്പിച്ചിട്ട് പോകാനാകാത്ത ആശങ്കയിലേക്കാണ് ഈ 'മുത്തശ്ശന്‍?' നമ്മെ നയിച്ചിരിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചതിന്റെ പേരില്‍ കഴിഞ്ഞ മൂന്ന് ആഴ്ചയ്ക്കിടെ അറസ്റ്റിലാകുന്ന പന്ത്രണ്ടാമത്തെ ആളാണ് ഇയാള്‍.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ ക്രിസ്ത്യന്‍ പുരോഹിതന്‍ അറസ്റ്റിലായതോടെയാണ് സമീപകാലത്ത് കേരളത്തില്‍ ഇത്തരം കേസുകളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ കൂടുതലായി ഉയരാന്‍ തുടങ്ങിയത്. കണ്ണൂര്‍ ജില്ലയിലെ സെന്റ് സെബാസ്റ്റ്യന്‍ പള്ളിയിലെ വികാരിയായിരുന്നു അറസ്റ്റിലായ ഫാ. റോബിന്‍ വടക്കാഞ്ചേരി. 16-കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതിന് ഫെബ്രുവരി 27നാണ് ഇയാള്‍ അറസ്റ്റിലായത്. കുട്ടിയുടെ പിതാവിന് പണം നല്‍കി ഗര്‍ഭം അദ്ദേഹത്തെക്കൊണ്ട് ഏറ്റെടുപ്പിക്കാനുള്ള ഒരു ശ്രമവും ഇയാള്‍ നടത്തിയിരുന്നു. കുണ്ടറയിലും മുത്തശ്ശന്‍ കുറ്റം കുട്ടിയുടെ അച്ഛന്റെ തലയില്‍ കെട്ടിവയ്ക്കാനാണ് ശ്രമിച്ചത്.

ഏതായാലും കൊട്ടിയൂരിലെ സംഭവം പുറത്തുവന്നത് പെണ്‍കുട്ടി ഒരു കുഞ്ഞിന് ജന്മം നല്‍കിയതോടെയാണ്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച റോബിന്‍ വടക്കാഞ്ചേരിയെ സംരക്ഷിക്കാന്‍ ശ്രമിച്ച കുറ്റത്തിനും കേസ് മൂടിവയ്ക്കാന്‍ ശ്രമിച്ച കുറ്റത്തിനും ഒരു വൈദികനും രണ്ട് കന്യാസ്ത്രീകളും പോലീസിന് മുന്‍പില്‍ കീഴടങ്ങി. ഈ വൈദികനും കന്യാസ്ത്രീകളില്‍ ഒരാളും വയനാട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി(സിഡബ്ല്യുസി) യഥാക്രമം അധ്യക്ഷനും അംഗവും ആയിരുന്നു എന്നും ഓര്‍ക്കുക.

മാര്‍ച്ച് ഏഴിന് വയനാട്ടില്‍ തന്നെ മുട്ടില്‍ എന്ന സ്ഥലത്ത് ആറ് പേര്‍ അറസ്റ്റിലായതായിരുന്നു തൊട്ടടുത്ത സംഭവം. ഇവര്‍ ഒരു അനാഥാലയത്തിലെ അന്തേവാസികളും പ്രായപൂര്‍ത്തിയാകാത്തവരുമായ ഏഴ് പെണ്‍കുട്ടികളെ മിഠായി നല്‍കി പ്രലോഭിപ്പിച്ച് കടയിലേക്ക് വിളിച്ചുവരുത്തി കഴിഞ്ഞ രണ്ട് മാസമായി പീഡിപ്പിക്കുകയായിരുന്നുവെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

അന്നേ ദിവസം തന്നെ പാലക്കാട് ജില്ലയിലെ വാളയാറില്‍ സഹോദരിമാരായ രണ്ട് പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ കസ്റ്റഡിയിലാകുകയും ചെയ്തു. പതിനൊന്നും ഒന്‍പതും വയസ്സ് പ്രായമുള്ള ഈ കുട്ടികള്‍ ലൈംഗിക പീഡനത്തിന് ഇരയായതായും പോലീസ് കണ്ടെത്തി. ഇതില്‍ മൂത്ത പെണ്‍കുട്ടിയുടെ മൃതദേഹം ജനുവരി പതിനൊന്നിന് വീടിനുള്ളിലെ ഉത്തരത്തില്‍ കെട്ടിത്തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. രണ്ട് മാസത്തിന് ശേഷം മാര്‍ച്ച് നാലിന് ഇതേസ്ഥലത്ത് തന്നെ ഇളയകുട്ടിയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അതേസമയം കുട്ടികള്‍ക്ക് തൂങ്ങിമരിക്കാന്‍ പറ്റാവുന്നതിനേക്കാള്‍ ഉയരത്തിലുള്ള ഉത്തരത്തില്‍ കണ്ട മൃതദേഹങ്ങള്‍ സംശയം വര്‍ദ്ധിപ്പിക്കുകയും രണ്ടാമത്തെ കുട്ടിയുടെ മരണത്തിന് ശേഷം അന്വേഷണം ഊര്‍ജ്ജിതമാകുകയുമായിരുന്നു. ആദ്യ കുട്ടി മരിച്ചപ്പോള്‍ തന്നെ പോലീസ് ജാഗ്രത പുലര്‍ത്തിയിരുന്നെങ്കില്‍ രണ്ടാമത്തെ കുട്ടിയെയെങ്കിലും രക്ഷിക്കാന്‍ സാധിക്കുമായിരുന്നു.

കുണ്ടറയിലെ പെണ്‍കുട്ടിയുടെ മരണത്തിലാണ് ഇതിന് മുമ്പ് നടന്ന അറസ്റ്റുണ്ടായത്. ഇപ്പോള്‍ പ്രതിയാണെന്ന് കണ്ടെത്തിയ മുത്തശ്ശനും കുട്ടിയുടെ അമ്മയും കുട്ടിയുടെ അച്ഛനാണ് പീഡിപ്പിച്ചതെന്ന് ആരോപിച്ചതിനെ തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഈ കേസില്‍ നടക്കുന്ന വിചാരണ നിര്‍ത്തിവയ്ക്കാന്‍ കോടതിയില്‍ ആവശ്യപ്പെടാന്‍ പോലീസ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുകയാണ്. കേസിന്റെ വാസ്തവത്തെക്കുറിച്ച് സംശയം ഉയര്‍ന്ന സാഹചര്യത്തിലാണ് ഇത്.

രാജ്യത്തെ ഏറ്റവും സാക്ഷരമായ സംസ്ഥാനത്ത് കുട്ടികളുടെ സുരക്ഷിതത്വത്തെക്കുറിച്ച് ആശങ്ക ഉയര്‍ത്തുന്നതാണ് ഈ സംഭവങ്ങളെല്ലാം. അതേസമയം കേരള പോലീസിന്റെ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ പുറത്തുവിടുന്ന കണക്കുകള്‍ ഇതിനേക്കാള്‍ ഭയാനകമാണ്. പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ അബ്യൂസ് (പോസ്‌കോ) നിയമമാണ് കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങളില്‍ പ്രതികള്‍ക്ക് മേല്‍ രജിസ്റ്റര്‍ ചെയ്യുന്നത്. 2016ല്‍ 2093 കേസുകള്‍ പോസ്‌കോ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ പറയുന്നത്.

Also Read: പീഡിപ്പിക്കപ്പെടുന്ന കുട്ടികളും അവര്‍ പ്രസവിക്കുന്ന കുഞ്ഞുങ്ങളും എവിടെപ്പോകുന്നു? ഞെട്ടിക്കും ഈ കണക്കുകള്‍

രാജ്യത്ത് രജിസ്റ്റര്‍ ചെയ്യപ്പെടുന്ന ലൈംഗിക അതിക്രമ കേസുകളില്‍ ഏതാണ്ട് എല്ലാം തന്നെ കേരളത്തിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ ശോഭ കോശി വെളിപ്പെടുത്തുന്നു. ഇത്തരം കേസുകള്‍ കേരളത്തില്‍ മാത്രമല്ല, എല്ലാ സംസ്ഥാനങ്ങളിലും ഉണ്ടാകുന്നുണ്ട്. എന്നാല്‍ അവിടങ്ങളിലൊന്നും ഇത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല എന്നതാണ് സത്യം.

അതേസമയം രജിസ്റ്റര്‍ ചെയ്യുന്ന ലൈംഗിക ചൂഷണക്കേസുകളുടെ എണ്ണത്തില്‍ ഓരോ വര്‍ഷവും വന്‍തോതിലുള്ള വളര്‍ച്ചയുണ്ടാകുമ്പോഴും തെളിയിക്കപ്പെടുന്ന കേസുകളുടെ എണ്ണം ഇപ്പോഴും വളരെയധികം കുറവാണ്. ഇത്തരം കേസുകള്‍ വര്‍ധിക്കാനുള്ള കാരണവും ഇത് തന്നെയാണ്. കുട്ടികള്‍ സംഭവം പുറത്തുപറയാന്‍ മടിക്കുമെന്നതിനാല്‍ പിടിക്കപ്പെടില്ലെന്നോ ഇനി അഥവ പിടിക്കപ്പെട്ടാല്‍ തന്നെ നിയമത്തിന്റെ പഴുതിലൂടെ രക്ഷപ്പെടാമെന്നും അതിനാല്‍ ശിക്ഷിക്കപ്പെടില്ലെന്നും പലരും വിശ്വസിക്കുന്നു.

പ്രത്യേക പോസ്‌കോ കോടതിയില്‍ നിന്നും ലഭിക്കുന്ന രേഖകള്‍ അനുസരിച്ച് നവംബര്‍ 2012നും ഡിസംബര്‍ 2015നും ഇടയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട 3,611 കേസുകളില്‍ 261 എണ്ണം മാത്രമാണ് തെളിയിക്കാന്‍ സാധിച്ചത്. 53 പ്രതികള്‍ ശിക്ഷിക്കപ്പെട്ടപ്പോള്‍ 197 പേര്‍ കുറ്റവിമുക്തരാക്കപ്പെട്ടു. ഇപ്പോള്‍ കുണ്ടറ സംഭവത്തില്‍ പോലീസ് കസ്റ്റഡിയില്‍ കഴിയുന്നയാള്‍ കൊല്ലത്തെ ഒരു പ്രമുഖ അഭിഭാഷകന്റെ ഗുമസ്തനായി ജോലി ചെയ്ത വ്യക്തിയാണ്. നിയമത്തിന്റെ എല്ലാ പഴുതുകളെക്കുറിച്ചും വ്യക്തമായ ധാരണയുള്ള ഇയാള്‍ നാളെ കുറ്റവിമുക്തനാക്കപ്പെട്ടാലും അത്ഭുതപ്പെടാനില്ല.

കുറ്റവിമുക്തരാക്കപ്പെടുന്നതിന്റെ എണ്ണത്തിലെ വര്‍ദ്ധനവിന്റെ മുഖ്യകാരണമായി പോലീസ് ചൂണ്ടിക്കാട്ടുന്നത് ഇരകളുടെയും ബന്ധുക്കളുടെയും നിസഹകരണമാണ്. കുട്ടികള്‍ക്കു നേരെ വര്‍ദ്ധിച്ചുവരുന്ന ലൈംഗിക ചൂഷണത്തിന്റെ ഒരു മുഖ്യകാരണമായി വിദഗ്ധര്‍ പറയുന്നത് മനഃശാസ്ത്രപരമായ പ്രതിസന്ധിയാണ്. 2015ലെ കണക്കുകള്‍ അനുസരിച്ച് ഇത്തരം കേസുകളില്‍ കുറ്റാരോപിതരായവരില്‍ 97 ശതമാനവും പുരുഷന്മാരാണ്. ഇതില്‍ 54 ശതമാനം 19നും 40നും ഇടയില്‍ പ്രായമുള്ളവരാണ്. 19 ശതമാനം പേരാകട്ടെ 41നും 60നും ഇടയില്‍ പ്രായമുള്ളവരും. സാധാരണഗതിയില്‍ 45നും 55നും ഇടയില്‍ പ്രായമുള്ള പുരുഷന്മാരാണ് മനഃശാസ്ത്രപരമായ പ്രതിസന്ധി നേരിടുന്നത്. ഈ പ്രായത്തില്‍ അവര്‍ നേരിടുന്ന ലൈംഗിക ഒറ്റപ്പെടലാണ് ഇതിന് കാരണം. ഈ പ്രതിസന്ധിയാണ് കൊച്ചുകുട്ടികളെ തങ്ങളുടെ ലൈംഗിക സംതൃപ്തിക്കായി ഉപയോഗിക്കാന്‍ ഇവരെ പ്രേരിപ്പിക്കുന്നത്. ഇരകളെ ഭീഷണിപ്പെടുത്തിയും മറ്റും ശിക്ഷിക്കപ്പെടില്ലെന്ന് ഇവര്‍ ഉറപ്പാക്കുകയും ചെയ്യുന്നു.

Also Read: ഞെട്ടിക്കുന്ന ലൈംഗിക പീഡനങ്ങള്‍; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

സത്യത്തില്‍ ബാലലൈംഗിക പീഡനക്കേസുകളില്‍ ഇരകള്‍ തന്നെയാണ് ശിക്ഷിക്കപ്പെടുന്നത്. കാരണം, പീഡന വിവരം പുറത്തുവരുന്നതോടെ ഷെല്‍റ്റര്‍ ഹോമുകളിലേക്കും മറ്റും മാറ്റപ്പെടുന്ന കുട്ടികള്‍ പ്രായപൂര്‍ത്തി ആകുന്നതു വരെ ഏകദേശം തടവറയില്‍ തന്നെ കഴിയുകയാണ്. എന്നാല്‍ പ്രതികളോ? രണ്ടോ മൂന്നോ വര്‍ഷം നീളുന്ന വിചാരണയ്‌ക്കൊടുവില്‍ കുറ്റവിമുക്തരാക്കപ്പെടുകയും ചെയ്യുന്നു. അതിനായി ഇരകളുടെ ബന്ധുക്കളെ സ്വാധീനിക്കുകയോ അല്ലെങ്കില്‍ കേസിന്റെ പിന്നാലെ അലഞ്ഞ് ഇരയ്ക്കും ബന്ധുക്കള്‍ക്കും സമൂഹത്തില്‍ നിന്ന് നേരിടേണ്ടി വരുന്ന ഒറ്റപ്പെടല്‍ പ്രതികള്‍ക്ക് അനുകൂലമാകുകയോ ചെയ്യുകയാണ് സംഭവിക്കാറ്.

നിരാശയില്‍ നിന്നും ഇവരില്‍ രൂപപ്പെടുന്ന നിസംഗത പിന്നീട് കേസില്‍ നിസഹകരണമായും മാറുന്നു. ഇതോടെ പ്രതികള്‍ രക്ഷപ്പെടുകയും ചെയ്യും. ഇരകള്‍ തങ്ങള്‍ നേരിടേണ്ടി വന്ന ദുരന്തത്തിന്റെ തടവറയിലായിരിക്കുമ്പോള്‍ പ്രതികള്‍ തങ്ങളുടെ കഴുകന്‍ കണ്ണുകളുമായി വീണ്ടും കുരുന്നു ശരീരങ്ങളെ തേടി ഈ സമൂഹത്തില്‍ തന്നെ ജീവിക്കുന്നുമുണ്ടാകും.


Next Story

Related Stories