TopTop
Begin typing your search above and press return to search.

കുട്ടികളെ പീഡിപ്പിക്കുന്നവരെ കുടുക്കാന്‍ ഇ-ബോക്സ്

കുട്ടികളെ പീഡിപ്പിക്കുന്നവരെ കുടുക്കാന്‍ ഇ-ബോക്സ്

ദീപ പ്രവീണ്‍

കുഞ്ഞുങ്ങളുടെ ലൈംഗിക സുരക്ഷ ആഗ്രഹിക്കുന്നവർ എല്ലാവരും The Protection of Children from Sexual Offences (POCSO) ഏർപ്പെടുത്തിയിരിക്കുന്ന പുതിയ e-Box സംവിധാനത്തെ കുറിച്ചു കുഞ്ഞുങ്ങളെ ബോധവാന്മാരാക്കണം. സമൂഹമാധ്യമത്തിന്റെ വർദ്ധിച്ചുവരുന്ന പ്രചാരവും മാതാപിതാക്കളുടെ ഓൺലൈൻ രംഗത്തെ സാന്നിദ്ധ്യവും മുന്നിൽ കണ്ടുകൊണ്ടാണ് ഇതു പറയുന്നത്.

ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ചു 53 % അധികം കുഞ്ഞുങ്ങൾ, അതിൽ ഏറെയും ആൺകുട്ടികൾ, ലൈംഗിക പീഡനത്തിനു ഇരയാകുന്ന നാടാണ് ഇന്ത്യ. ഈ കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്ന പീഡോഫൈൽ (Paedophile) എന്ന പേരിൽ അറിയപ്പെടുന്ന ക്രിമിനലുകളിൽ അധികവും ബന്ധുക്കളോ കുടുംബ സുഹൃത്തുക്കളോ അല്ലെങ്കിൽ അവര്‍ക്ക്‌ അടുത്തു പരിചയമുള്ള വ്യക്തികളോ ആണ്. അതുകൊണ്ടു തന്നെ അവരെ ഭയന്ന് അവരുടെ ഭീഷണിയിൽ വീഴുന്ന കുഞ്ഞുങ്ങൾ തങ്ങൾക്ക് നേരിട്ട ദുരന്തം ആരോടും പറയാനാകാതെ തീവ്രമായ മാനസിക സംഘർഷത്തിലൂടെ കടന്നു പോകുകയാണ് പതിവ്.

എന്നാൽ ഇത്തരം പീഡനങ്ങളിൽ നിന്ന് എങ്ങനെ ഫലപ്രദമായി പുറത്തു വരാമെന്നും ഇതിനെ കുറിച്ചു ആരോടു പരാതി പറയാമെന്നു നമ്മുടെ കുഞ്ഞുങ്ങൾക്ക് അറിയില്ല. ഈ അറിവില്ലായ്‍മയെയാണ് പീഡോഫൈലുകൾ ചൂഷണം ചെയ്യുന്നത്‌. ഇതിനെ ഫല പ്രദമായി തടുക്കുകയും ഇത്തരം പീഡനശ്രമങ്ങളെ കുറിച്ചു കുഞ്ഞുങ്ങളെ ബോധവാന്മാരാകുകയും, തങ്ങൾ എന്തെങ്കിലും തരത്തിലുള്ള ലൈംഗികാതിക്രമത്തിന്‌ ഇരയാകുകയാണെങ്കിൽ എത്രയും പെട്ടെന്നു ആ ലൈംഗിക അതിക്രമ ശ്രമം അധികാരികളെ അറിയിച്ചു കുഞ്ഞുങ്ങളെ സഹായിക്കുന്നതുമാണ് POCSO ഏർപ്പെടുത്തിയിരിക്കുന്ന പുഷ് ബട്ടൺ e-Box സംവിധാനം.

കുഞ്ഞുങ്ങൾക്ക് നേരെയുള്ള ലൈംഗികാതിക്രമ ശ്രമങ്ങൾ ആരെയും ഭയപ്പെടുത്തുന്ന തോതിലുള്ളതാണെങ്കിലും വളരെ ചെറിയ ശതമാനമാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നതെന്ന്‌ ഈ മേഖലയിൽ പഠനം നടത്തുന്ന RAHI (http://www.rahifoundation.org/)പോലെ യുള്ള NGO കൾ സാക്ഷ്യപ്പെടുത്തുന്നു. RAHI യുടേതടക്കം വിവിധ കാലങ്ങളിലായി കുഞ്ഞുങ്ങൾക്ക് എതിരെയുള്ള ലൈംഗിക ആക്രമണം തടയുന്നതിനെ സംബന്ധിച്ചു വിവിധ സർക്കാരുകൾക്ക് മുൻപിൽ സമർപ്പിക്കപ്പെട്ട റിപ്പോർട്ടുകളെല്ലാം ഊന്നിപ്പറയുന്ന ഒരു വസ്തുത ബാലസൗഹൃദപരമായ ഒരു റിപ്പോർട്ടിങ് സംവിധാനം ഇല്ല എന്നതാണ്.

അതിനുള്ള പരിഹാരമാണ് National Commission for Protection of Child Rights (NCPCR) ൻറെ വെബ്‌സൈറ്റിൽ ഉള്ള ഈ പുതിയ പുഷ് ബട്ടൺ പരാതി സംവിധാനം. വളരെ ലളിതമായ, കുഞ്ഞുങ്ങളെ മുന്നിൽ കണ്ടുകൊണ്ടു അനിമേഷന്റെ സാധ്യതകളൊക്കെ പ്രയോജനപ്പെടുത്തി വിഭാവനം ചെയ്തിരിക്കുന്ന ഒന്നാണ് ഈ പുതിയ വെബ്സൈറ്റ്. അതിൽ ഏറ്റവും കാതലായി തോന്നിയ ഭാഗം ആദ്യം തന്നെ കുഞ്ഞുങ്ങളിൽ ആത്മവിശ്വാസം നിറയ്ക്കുന്ന, സംഭവിച്ചതൊന്നും തങ്ങളുടെ തെറ്റല്ലെന്നും ഈ ലോകം മുഴുവനും അവർക്കൊപ്പം നിലകൊള്ളുന്നു എന്നും പറയുന്ന ഭാഗമാണ്. അതിനു ശേഷം കാണുന്ന ആനിമേറ്റഡ് ചിത്രങ്ങളിൽ നിന്ന് കുട്ടികൾക്ക് തങ്ങൾക്കു നേരിട്ട അപകടത്തെ അവിടെ രേഖപ്പെടുത്തുന്നതിനുള്ള സംവിധാനം കൊടുത്തിരിക്കുന്നു. ഒടുവിൽ കുട്ടി മൊബൈൽ നമ്പരും ഇമെയിൽ അഡ്രസും കൊടുക്കുമ്പോൾ തനതായ കംപ്ലൈന്റ്ന മ്പറിൽ അപ്പോൾ തന്നെ കുറ്റകൃത്യം രജിസ്റ്റർ ചെയ്‌പ്പെടുന്നു.സമയനഷ്ടം കൂടാതെ, തങ്ങളുടെ പരാതി സ്വയം നേരിട്ടറിയിക്കാനുള്ള സംവിധാനം കൂടുതല്‍ കുട്ടികളിലേക്ക് എത്തിക്കുകയാണ് ഇനി വേണ്ടത്. അത് ബെംഗളൂരു, ഡല്‍ഹി, മുംബൈ പോലുള്ള മെട്രോ പൊളിറ്റന്‍ നഗരങ്ങളിലെ വിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ക്കായാലും കേരളത്തിലെ ഒരു മലയോഗരഗ്രാമത്തിലെ കുട്ടിക്കായാലും പ്രാപ്തമാകണം.

കുഞ്ഞുങ്ങൾക്ക് എതിരെയുള്ള അക്രമങ്ങൾ ദിനംപ്രതി പുറത്തു വന്നു കൊണ്ടിരിക്കുന്നു. വീട്ടിലും കളിസ്ഥലങ്ങളിലും എന്തിനു, ദേവാലയങ്ങളിൽ പോലും കുഞ്ഞുങ്ങൾ പീഢനത്തിന്‌ ഇരകളാകുന്ന കാലമാണിത്. ഒരിക്കൽ ലൈംഗികാതിക്രമത്തിന്‌ ഇരയായാൽ അതിന്റെ മുറിവ്‌ ആ കുഞ്ഞിനെ അതിന്റെ ജീവിതകാലം മുഴുവൻ തുടരുമെന്നും, അവന്റെ വ്യക്തിത്വ വികാസത്തെ, ആത്മവിശ്വാസത്തെ, മറ്റുളളവരെ വിശ്വസിക്കുന്നതിനെ (trust issues ), ലൈംഗികതയെ കുറിച്ചുള്ള കാഴ്ചപ്പാടിനെ എല്ലാം തകര്‍ക്കുമെന്നും ഇതിൽ ചെറുതല്ലാത്ത ഒരു ശതമാനം പീഡോഫൈല്‍
(Pedophile) ആകാറുണ്ടെന്നും ലോകാരോഗ്യ സംഘടനയുടേതടക്കമുള്ള പഠനങ്ങൾ നമ്മോടു പറയുമ്പോൾ, നമ്മുടെ ഭാവി തലമുറയെ ശാരീരികവും മാനസികവും ലൈംഗികവുമായി ആരോഗ്യമുള്ള കുഞ്ഞുങ്ങളായി വളർത്തേണ്ടതു നമ്മുടെ ഉത്തരവാദിത്വമാണ്.

അതുകൊണ്ടു തന്നെ നവമാധ്യമങ്ങളിലൂടെയും, സ്കൂളുകൾ വഴിയും പഞ്ചായത്തു തലത്തിലും ഇത് കൂടുതൽ കുട്ടികളിൽ എത്തിക്കുകയാണ് വേണ്ടത്. ഇന്നും ഇന്ത്യയുടെ 70 % ഗ്രാമങ്ങളിലും കുഞ്ഞുങ്ങൾക്ക് കമ്പ്യൂട്ടർ സാക്ഷരതയില്ല. സൈബർ സ്പേസിൽ സാന്നിദ്ധ്യമായ ഒരു മലയാളിയെ ഇന്ത്യയില്‍ എവിടെയും കാണാനാകുമെന്നിരിക്കെ ഇത് ആ മലയാളിയുടെ ഉത്തരവാദിത്വമാക്കട്ടെ. ഒപ്പം ഓണക്കാലം മലയാളിയൂടെ കൂട്ടായ്‍മയുടെയും കുടുംബ സംഗമങ്ങളുടെയും കൂടി കാലമാകുമ്പോൾ അവിടെ കുട്ടികൾക്കായുള്ള ഈ പുതിയ സുരക്ഷാ സംവിധാനം കൂടി ചർച്ച ചെയ്യപ്പെടട്ടെ. പേടിയുടെ നിഴലിൽ ജീവിക്കാതെ നമ്മുടെ കുട്ടികൾ ഹൃദയം തുറന്നു പുഞ്ചിരിച്ചു ജീവിക്കട്ടെ.

Relevant Links: http://ncpcr.gov.in/


(നിയമത്തിലും (എം ജി യൂണിവേഴ്സിറ്റി) ക്രിമിനോളജിയിലും (സ്വാൻസി യൂണിവേഴ്സിറ്റി,യു കെ) ബിരുദാനന്തര ബിരുദം. ഇപ്പോൾ വെയില്‍സില്‍ താമസിക്കുന്നു. സ്വാൻസി യൂണിവേഴ്‌സിറ്റിയിൽ റിസർച്ച് അസോസിയേറ്റായും, ഗാര്‍ഹിക പീഡന ഇരകള്‍ക്ക് വേണ്ടിയും സ്ത്രീകള്‍ക്കുമായി പ്രവർത്തിക്കുന്ന Llanelli Womens Aid- ട്രസ്റ്റീ ആയും ഡയറക്ടർ ബോർഡ് മെമ്പർ ആയും പ്രവർത്തിച്ചിട്ടുണ്ട്.)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Next Story

Related Stories