TopTop
Begin typing your search above and press return to search.

മര്‍ദ്ദനം ആരോപിച്ച് ഇന്ത്യന്‍ ദമ്പതികളുടെ കുട്ടിയെ നോര്‍വേ ഏറ്റെടുത്തു

മര്‍ദ്ദനം ആരോപിച്ച് ഇന്ത്യന്‍ ദമ്പതികളുടെ കുട്ടിയെ നോര്‍വേ ഏറ്റെടുത്തു

കുട്ടിയെ മര്‍ദ്ദിച്ചുവെന്ന് ആരോപിച്ച് മാതാപിതാക്കളില്‍ നിന്നും അഞ്ചുവയസ്സുകാരനെ ഏറ്റെടുത്ത നോര്‍വെ അധികൃതരുടെ നടപടി വീണ്ടും വിവാദമാകുന്നു. ഇന്ത്യന്‍ മാതാപിതാക്കളാണ് ഇപ്പോള്‍ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. പഞ്ചാബില്‍ നിന്നും നോര്‍വെയിലേക്ക് കുടിയേറി അനില്‍കുമാര്‍-ഗുര്‍വിന്ദര്‍ജിത് കൗര്‍ ദമ്പതികളുടെ മകനെയാണ് നോര്‍വെ ശിശുക്ഷേമ വകുപ്പ് മാതാപിതാക്കളുടെ സംരക്ഷണയില്‍ നിന്നും അടര്‍ത്തി മാറ്റിയത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടിയില്‍ ഉണ്ടാവുന്ന സമാനമായ മൂന്നാമത്തെ സംഭവമാണിത്.

ഈ മാസം 13-നാണ് സംഭവം. രാവിലെ ഒമ്പതര മണിക്ക് കുട്ടിയെ കിന്റര്‍ഗാഡനില്‍ നിന്നും നോര്‍വെ ശിശുക്ഷേമ വകുപ്പ് ഏറ്റെടുക്കുകയായിരുന്നുവെന്ന് കുട്ടിയുടെ അച്ഛന്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. മാതാപിതാക്കളെ മുന്‍കൂട്ടി അറിയിക്കാതെയായിരുന്നു അധികൃതരുടെ നടപടി. അതേദിവസം പത്തുമണിയോടെ വീട്ടിലെത്തിയ നാല് പോലീസുകാര്‍ തന്റെ ഭാര്യയെ കസ്റ്റഡിയില്‍ എടുക്കുകയും മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്യുകയും ചെയ്തതായി അനില്‍കുമാര്‍ അറിയിച്ചു. രാജ്യത്തിന്റെ തലസ്ഥാനമായ ഓസ്ലയ്ക്ക് 150 കിലോമീറ്റര്‍ അകലെ ഹാമറില്‍ ഇന്ത്യന്‍ റസ്‌റ്റോറന്റ് നടത്തുകയാണ് അനില്‍കുമാര്‍.

കുട്ടിയെ കസ്റ്റഡിയിലെടുക്കാനുള്ള കാരണം അന്വേഷിച്ചപ്പോള്‍ കുട്ടിയെ തങ്ങള്‍ അടിച്ചതായി പോലീസ് പറഞ്ഞുവെന്ന് അദ്ദേഹം അറിയിച്ചു. കുട്ടിയെ ഒന്നര മണിക്കൂര്‍ ചോദ്യം ചെയ്യുന്ന വീഡിയോയും പോലീസ് കാണിച്ചു. അതില്‍ മാതാപിതാക്കള്‍ തമ്മില്‍ ഉച്ചത്തിലുള്ള വാഗ്വാദങ്ങള്‍ ഉണ്ടാവാറുണ്ടോയെന്നും കുട്ടിയെ അവര്‍ തല്ലാറുണ്ടോയെന്നും ചോദിച്ചപ്പോള്‍ ഇല്ലയെന്ന മറുപടിയാണ് കുട്ടി നല്‍കിയതെന്ന മറുപടിയാണ് പോലീസിന് ലഭിച്ചത്. മുത്തശ്ശന്‍ തല്ലാറുണ്ടോ എന്ന ചോദ്യം കുട്ടിയെ ദേഷ്യം പിടിപ്പിച്ചതായും അനില്‍കുമാര്‍ അവകാശപ്പെടുന്നു. എന്നാല്‍ കുട്ടിയെ മറ്റൊരു മുറിയിലേക്ക് കൊണ്ടുപോവുകയും തുടര്‍ന്ന് മടക്കിക്കൊണ്ടുവന്ന് ചോദ്യം ചെയ്യുകയും ചെയ്തപ്പോള്‍ മാതാപിതാക്കള്‍ തല്ലിയെന്നാണ് അവന്‍ മറുപടി പറഞ്ഞത്. ബിജിപി ഓസ്ലോ ഓവര്‍സീസ് ഫ്രണ്ട്‌സ് വൈസ് പ്രസിഡന്റായ അനില്‍കുമാര്‍ ഡല്‍ഹിയിലുള്ള നേതാക്കളുടെ സഹായം വിഷയത്തില്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

norway1

കഴിഞ്ഞ തിങ്കളാഴ്ച മാതാപിതാക്കള്‍ക്ക് കുട്ടിയെ കാണാന്‍ അവസരം ലഭിച്ചിരുന്നു. ഒരാഴ്ച മുമ്പ് സ്്കളില്‍ പോയപ്പോള്‍ ധരിച്ചിരുന്ന അതേ വസ്ത്രങ്ങളും അടിവസ്ത്രവുമാണ് അവന്‍ അപ്പോഴും ധരിച്ചിരുന്നതെന്ന് അനില്‍കുമാര്‍ ആരോപിക്കുന്നു. ശിശുക്ഷേ വകുപ്പ് തങ്ങളുടെ മകനെ വേണ്ട വിധം സംരക്ഷിക്കുന്നില്ലെന്നും തങ്ങളെ കണ്ട അവന്‍ വല്ലാതെ പൊട്ടിക്കരഞ്ഞെന്നും അനില്‍ പറഞ്ഞു. ദമ്പതികളുടെ ഒരേ ഒരു കുട്ടിയാണ് ഇപ്പോള്‍ കസ്റ്റഡിയില്‍ ഉള്ളത്. കുട്ടിയെ ഒരിക്കലും വഴക്ക് പറയുകയോ തല്ലുകയോ ചെയ്തിട്ടില്ലെന്നും കുടുംബം വളരെ വേദനയിലാണെന്നും അനില്‍കുമാര്‍ പറഞ്ഞു. ഹൃദ്രോഗിയായ മുത്തശ്ശന്‍ സംഭവത്തിന് ശേഷം ശരിയായി ആഹാരം പോലും കഴിച്ചിട്ടില്ല.

സംഭവുമായി ബന്ധപ്പെട്ട് രണ്ടു തവണം ശിശുക്ഷേമ വകുപ്പ് അധികൃതരെ സമീപിച്ചിരുന്നെങ്കിലും അവര്‍ക്ക് ആരോപണത്തെ സാധൂകരിക്കുന്ന തെളിവുകളൊന്നും നിരത്താന്‍ കഴിഞ്ഞില്ല. ഒരു വ്യക്തി പരാതി നല്‍കിയെന്ന് മാത്രമാണ് അവര്‍ പറയുന്നതെന്നും അനില്‍കുമാര്‍ ആരോപിക്കുന്നു. ഡല്‍ഹിയിലെ നോര്‍വീജന്‍ നയതന്ത്രകാര്യലയവുമായി ഇന്ത്യന്‍ എക്‌സ്പ്രസ് ബന്ധപ്പെട്ടപ്പോള്‍, ഓസ്ലോയില്‍ നിന്നും വിവരങ്ങള്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന മറുപടിയാണ് ലഭിച്ചത്. കുട്ടികളെ തല്ലുകയും വഴക്കുപറയുകയും ചെയ്യുന്നത് മിക്ക പാശ്ചാത്യ രാജ്യങ്ങളിലും ക്രിമിനല്‍ കുറ്റമായാണ് പരിഗണിക്കുന്നത്.

ഇതിന് മുമ്പ് 2011 ലും 2012 ലും ഇന്ത്യന്‍ ദമ്പതികള്‍ക്ക് സമാന അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. 2011ല്‍ സാഗരിക, അനുരൂപ് ഭട്ടാചാര്യ ദമ്പതികളില്‍ നിന്നും മുന്നും ഒന്നും വയസ്സുള്ള കുട്ടികളെ അധികൃതര്‍ ഏറ്റെടുത്തിരുന്നു. പിന്നീട് നോര്‍വീജിയന്‍ കോടതി അവരെ മാതാപിതാക്കളോടൊപ്പം മടങ്ങാന്‍ അനുവദിക്കുകയായിരുന്നു. എന്നാല്‍ 2012ല്‍ സമാന കേസില്‍ ഇന്ത്യന്‍ ദമ്പതികളെ നോര്‍വീജിയന്‍ കോടതി ശിക്ഷിച്ചിരുന്നു. അനുപമ വല്ലഭനേനിയെ 15 മാസം തടവിനും അവരുടെ ഭര്‍ത്താവ് ചന്ദ്രശേഖറിനെ 18 മാസം തടവിനുമാണ് ശിക്ഷിച്ചത്. ഏഴും രണ്ടും വയസുള്ള കുട്ടികളെ ഹൈദരാബാദിലുള്ള മുത്തശ്ശന്റെയും മുത്തശ്ശിയുടെയും അടുത്തേക്ക് അയയ്ക്കുകയുമായിരുന്നു അന്ന് സംഭവിച്ചത്.


Next Story

Related Stories