TopTop
Begin typing your search above and press return to search.

ബാലവേല; അത്ര നിസ്സാരമല്ല കാര്യങ്ങൾ

ബാലവേല; അത്ര നിസ്സാരമല്ല കാര്യങ്ങൾ

ടീം അഴിമുഖം

നിങ്ങള്‍ ന്യൂഡല്‍ഹിയില്‍ കൊണാട്ട് പ്ലെയ്‌സിലുള്ള ബാബാ ഖരക് സിംഗ് മാര്‍ഗില്‍ സ്ഥിതി ചെയ്യുന്ന ഹനുമാന്‍ ക്ഷേത്രത്തിലോ വന്നിട്ടുണ്ടോ? ഒ വി വിജയന്‍റേതടക്കം പല മലയാളം നോവലുകളിലും ഈ ക്ഷേത്രം കടന്നുവന്നിട്ടുണ്ട്.

ക്ഷേത്രത്തെ കുറിച്ചല്ല പറയുന്നത്, അതിനു പുറത്തെ കാഴ്ചകളെക്കുറിച്ചാണ്. ഈ ഹനുമാന്‍ ക്ഷേത്രത്തിന്റെ പുറത്ത് നിരവധി കുട്ടികള്‍ ഭിക്ഷയാചിക്കുന്നത് കാണാം. നമ്മുടെ വിശ്വാസം അനുസരിച്ച് ദാനം കൊടുക്കുന്നത് ജീവിതത്തിന്റെ ഉല്‍കര്‍ഷേച്ചയ്ക്ക് ഉപകാരപ്പെടുമെന്നാണല്ലോ. ഹനുമാന്‍ ക്ഷേത്രപരിസരത്തെ ഈ കാഴ്ച തന്നെ അവിടെ നിന്ന് അല്‍പ്പ ദൂരം മാത്രം സ്ഥിതി ചെയ്യുന്ന ഗോള്‍ഡഖാന കത്തീഡ്രലിനു മുന്നിലും കാണാം. ഇവിടെ രണ്ടിടങ്ങളില്‍ മാത്രമല്ല, ഈ കാഴ്ചകള്‍ നമുക്ക് രാജ്യത്തെ ഏതു ദേവാലയങ്ങള്‍ക്കു മുന്നിലും കാണാനാകുമെന്നതാണ് വാസ്തവം. നീട്ടിപ്പിടിച്ചു നില്‍ക്കുന്ന കൈകളിലേക്ക് ഏതാനും നാണയത്തുട്ടുകള്‍ എറിഞ്ഞുകൊടുക്കുന്ന ദാനധര്‍മ്മര്‍ത്തിലൂടെ ജീവിതത്തിന് മോക്ഷം കിട്ടുമെന്ന വിചിത്രമായ വിശ്വാസം ഒരു തരത്തില്‍ ഭിഷാടനം വര്‍ദ്ധിക്കുന്നതിനുള്ള പ്രധാന കാരണങ്ങളില്‍ ഒന്നായി തീര്‍ന്നിരിക്കുന്നു.

ഹനുമാന്‍ ക്ഷേത്രത്തിലക്ക് തിരിച്ചുവരാം. ഭിക്ഷാടനം നടത്തുന്ന കുട്ടികള്‍ക്കിടയിലൂടെ വെറുതെ നടക്കാം. എന്നിട്ട് അവരോട് യാദൃശ്ചികമാം വിധത്തില്‍ അവരുടെ ജീവിതത്തെ കുറിച്ച് ചോദിച്ചുനോക്കൂ. എല്ലാവര്‍ക്കും പറയാന്‍ ഏതാണ്ട് ഒരേ അച്ചില്‍ ഉണ്ടാക്കിയ കഥ തന്നെയായിരിക്കും കാണുക. വളരെ കുറച്ചു പേര്‍മാത്രമെ അവരില്‍ അനാഥരായവരുള്ളൂ. ഭൂരിഭാഗത്തിനും മാതാപിതാക്കളും വീടുമുണ്ട്. പക്ഷെ തീര്‍ത്തും നിര്‍ദ്ധനരായവരാണവര്‍. പശ്ചിമ യു പിയില്‍ നിന്നുള്ളവരായിരിക്കും ഇവരില്‍ കൂടുതലും. ഒന്നുകില്‍ അവരുടെ മാതാപിതാക്കള്‍ക്ക് ജോലിയുണ്ടാവില്ല,അല്ലെങ്കില്‍ അച്ഛനമ്മമാരില്‍ ഒരാള്‍ രോഗിയായിരിക്കും. അതുമല്ലെങ്കില്‍ മാതാവോ പിതാവോ ഇവരിലാരെങ്കിലുമൊരാള്‍ മാത്രമുള്ളവരായിരിക്കും അവര്‍. മാന്യമായ വരുമാനം അവര്‍ ഇവിടെ നിന്ന് ഉണ്ടാക്കുന്നുണ്ട്. അത് എണ്ണായിരം മുതല്‍ പതിനായിരം രൂപ വരെ വരും. ഓരോ രണ്ടു മാസം കൂടുംതോറും തനിക്കു കിട്ടിയ തുകയുമായി ഈ കുട്ടികള്‍ അവരവരുടെ വീടുകളിലേക്ക് പോകും. എന്നിട്ട് തന്റെ സമ്പാദ്യം മാതാപിതാക്കളെ ഏല്‍പ്പിക്കും. കുറച്ച് ദിവസങ്ങള്‍ വീട്ടില്‍ നിന്നശേഷം തിരികെ ഡല്‍ഹിയിലേക്ക് വരും. ഈ കുട്ടികള്‍ ഏല്‍പ്പിക്കുന്ന പണമായിരിക്കും ഒരു കുടുംബത്തെ താങ്ങിനിര്‍ത്തുന്നത്. രോഗികളായ മാതാപിതാക്കള്‍ക്ക് മരുന്ന് വാങ്ങാനും, സഹോദരങ്ങളെ പഠിപ്പിക്കാനും ഈ പണമാണ് ഉതകുന്നത്. ദാരിദ്ര്യം കൊണ്ട് ആത്മഹത്യ ചെയ്യാതിരിക്കാനും പട്ടിണികിടന്നു മരിക്കാതിരിക്കാനും പിച്ച തെണ്ടിക്കിട്ടുന്ന പണം എത്രയോ കുടുംബങ്ങളെ സഹായിക്കുന്നു.വാസ്തവം പറഞ്ഞാല്‍, നമ്മുടെ നഗരങ്ങളില്‍ ഭിക്ഷയെടുക്കുന്ന കുട്ടികളൊക്കെയും തന്നെ മാന്യമായൊരു തുക ഇതുവഴി സമ്പാദിക്കുകയും അതുപയോഗിച്ച് ദാരിദ്ര്യം നിറഞ്ഞ തങ്ങളുടെ കുടുംബങ്ങളെ മുന്നോട്ടുകൊണ്ടുപോവുകയും ചെയ്യുന്നുണ്ട്. ഭിക്ഷാടനം നടത്തുന്ന കുട്ടികളുടെ മാത്രമല്ല, മൊറാദാബാദിലുള്ള ഖനികളിലും പിച്ചള കമ്പനികളിലും ടെക്സ്റ്റൈല്‍ മില്ലുകളിലും പണിയെടുക്കുന്ന കുട്ടികളുടെ കഥയും ഇതു തന്നെയാണ്. അവരും ആ ചെറിയ പ്രായത്തില്‍ തന്നെ ഒരു കുടുംബത്തിന്റെ ഉത്തരവാദിത്വം പേറുകയാണ്. സാമൂഹിക സുരക്ഷിതത്വമില്ലാത്ത, കഴിവുകെട്ടതും നിര്‍ജീവവുമായ ഭരണകൂടങ്ങളുള്ള ഒരു രാജ്യത്ത് ഈ കുട്ടികള്‍ തങ്ങളുടെ കഷ്ടപ്പാടുകളിലൂടെ കൂട്ട ആത്മഹത്യയിലൂടെയും പട്ടിണിയും പോഷകാഹാര കുറവുകൊണ്ടും ഇല്ലാതാകുമായിരുന്ന ആയിരക്കണക്കിനു ജീവനുകളാണ് നിലനിര്‍ത്തുന്നത്. നമ്മുടെ കേരളത്തില്‍ തന്നെ ചെറുപ്രായത്തില്‍ ജോലി ചെയ്യേണ്ടി വരുന്ന ഒരു കുട്ടിയെ കാണുകയാണെങ്കില്‍ അവന്‍ പറയുന്ന കഥയും ഉത്തരേന്ത്യയിലെ കുട്ടികള്‍ പറയുന്നതുമായിട്ട് പറയത്തക്ക വ്യത്യാസമൊന്നും കാണില്ല.

ബെസ്റ്റ് ഓഫ് അഴിമുഖം


തീവ്രവാദിയാക്കുന്നതിന് മുന്‍പ് പട്ടിണിയെക്കുറിച്ചും ചിലത് പറയേണ്ടതുണ്ട്
രോഗ പ്രതിരോധം പോളിയോയില്‍ ഒതുങ്ങിയാല്‍ മതിയോ?
ദരിദ്രരുടെ ക്ഷേമം കാക്കാന്‍ ഡെല്‍ഹി ഹൈകോടതി വിധി
ശിശുദിന കാഴ്ചകള്‍ (കാണാന്‍ ഇഷ്ടപ്പെടാത്തവ)
18 തികഞ്ഞാല്‍ ബലാത്സംഗം ചെയ്യാമോ?
ഇത്തരമൊരു സാഹചര്യം നിലനില്‍ക്കുന്നിടത്താണ് ബച്പന്‍ ബച്ചാവോ ആന്ദോളന്‍ എന്ന സംഘടനയുടെ സ്ഥാപകന്‍ കൈലാഷ് സത്യാര്‍ത്ഥിക്ക് സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം നല്‍കാനുള്ള തീരുമാനത്തിന് പ്രാധാന്യമേറുന്നത്. ബാലവേലയില്‍ നിന്ന് കുട്ടികളെ മോചിപ്പിക്കാനാണ് സത്യാര്‍ത്ഥി തന്റെ ജീവിതം ഉപയോഗിക്കുന്നത്. ഫാക്ടറികളിലെ പീഢനങ്ങളില്‍ നിന്ന് മോചനം നേടി കുട്ടികള്‍ക്ക് അവരുടെ ബാല്യകാലം തിരിച്ചുനല്‍കുകയും അവരെ വിദ്യാഭ്യാസത്തിനയക്കുകയുമാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. യഥാര്‍ത്ഥത്തില്‍ ഈ കാര്യത്തില്‍ സത്യാര്‍ത്ഥിയെയല്ല, സ്വാമി അഗ്നിവേശിനെയാണ് മാര്‍ഗ്ഗദര്‍ശിയായി കാണേണ്ടത്. അഗ്നിവേശിനൊപ്പം സത്യാര്‍ത്ഥി പ്രവര്‍ത്തിക്കുന്നകാലത്താണ് അദ്ദേഹം ബാലവേലയ്‌ക്കെതിരെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നത്. ഈ കൂട്ടായപ്രവര്‍ത്തനത്തിലൂടെ നിരവധി കുട്ടികളെ സ്വതന്ത്രരാക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഈ കുട്ടികളെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ കൊണ്ടുവരുകയും അതുവഴി ഇരുവരും അംഗീകരിക്കപ്പെടുകയും ബഹുമതികള്‍ സ്വന്തമാക്കുകയും തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നേടിയെടുക്കുയുമൊക്കെ ചെയ്തു.സത്യാര്‍ത്ഥിക്ക് നൊബേല്‍ പുരസ്‌കാരം ലഭിച്ച വഴി ഏറ്റവും പൈശാചിക കുറ്റമായ ബാലവേലയ്‌ക്കെതിരെ ലോകത്തിന്റെ ശ്രദ്ധ കൂടുതല്‍ പതിയുമെന്ന് കരുതാം. അതേസമയം ബാലവേല എന്ന സങ്കീര്‍ണ്ണമായ പ്രശ്‌നത്തെ പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ ഇതുകൊണ്ട് കഴിയണമെന്നില്ല. ബാലവേല വെറുമൊരു ബ്ലാക് ആന്‍ഡ് വൈറ്റ് ഇഷ്യുമാത്രമായി കാണരുതെന്ന് ചില സാമ്പത്തികവിദഗ്ദര്‍ പറഞ്ഞുതുടങ്ങിയിട്ടുണ്ട്. ഇതിലൂടെ ഈ കുട്ടികള്‍ അവരുടെ സമൂഹത്തില്‍ നിര്‍വ്വഹിക്കുന്ന ഒരു സാമ്പത്തിക പ്രക്രിയതന്നെയുണ്ട്. അതിനാല്‍ ബാലവേല നിരോധിക്കുകയാണെങ്കില്‍ അത് വിപരീതവും സങ്കീര്‍ണ്ണവുമായ ഫലമായിരിക്കും ഉണ്ടാക്കുക. ഈ കുട്ടികളില്‍ ജീവിതത്തിന്റെ പ്രതീക്ഷകള്‍വച്ചു പുലര്‍ത്തുന്ന കുറെ കുടുംബങ്ങളുടെയും ആ കുടുംബങ്ങളിലുള്ള മറ്റു കുട്ടികളുടെയും വിധി മറ്റൊന്നായിമാറാന്‍ ഇത്തരം നിരോധനം വഴിവച്ചേക്കും.

ബാലവേല നിര്‍മ്മാര്‍ജ്ജനമാണ് ലക്ഷ്യമെങ്കില്‍ അതിന് സമഗ്രമായ മാറ്റമാണ് വേണ്ടത്. നമ്മുടെ നിയമവ്യവസ്ഥകള്‍ ശക്തമാക്കണം, ജനങ്ങളുടെ സാമൂഹിക സുരക്ഷിതത്വം ഉറപ്പാക്കാണം. ദാരിദ്ര്യം എന്ന യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊണ്ട് അതില്ലാതാക്കാനുള്ള ശക്തമായ ഭരണസംവിധാനം വേണം. ഒരു രൂപയില്‍ നിന്ന് വെറും പതിനാറ് പൈസ മാത്രം പാവങ്ങള്‍ക്കിടയില്‍ എത്തിച്ചേരുന്ന നമ്മുടെ പൊതുവിതരണ സമ്പ്രദായം നിലനില്‍ക്കുന്നിടത്തോളം ഇന്ത്യയില്‍ നിന്ന് ബാലവേല തുടച്ചുനീക്കാന്‍ സാധ്യമല്ല. ഇവിടുത്തെ ദരിദ്രരുടെ ജീവിതം മുന്നോട്ട് പോകണമെങ്കില്‍ അവരുടെ കുട്ടികള്‍ ഭിക്ഷയെടുത്തു കൊണ്ടുവരികതന്നെ വേണം.


Next Story

Related Stories