TopTop

കുട്ടിക്കളിയാകുന്ന കല്യാണം; ഇടുക്കിയില്‍ നിന്ന് ശൈശവ വിവാഹ വാര്‍ത്തകള്‍

കുട്ടിക്കളിയാകുന്ന കല്യാണം; ഇടുക്കിയില്‍ നിന്ന് ശൈശവ വിവാഹ വാര്‍ത്തകള്‍

സോജൻ സ്വരാജ് 


വിവാഹം കുട്ടിക്കളിയല്ലെന്നാണ് പൊതുവെ പറയാറ്. എന്നാൽ ഇടുക്കി ജില്ലയിൽ മാങ്കുളം പഞ്ചായത്തിലെ ആദിവാസി ഊരുകളിലെ പെൺകുട്ടികളുടെ ജീവിതം തെളിയിക്കുന്നത് അത് കുട്ടിക്കളിയേക്കാൾ ലഘുവായ ഒന്നാണെന്നാണ്. ഇവിടെ വിവാഹിതരാകുന്ന ഓരോ സ്ത്രീകൾക്കും ബാല്യത്തിലെ കുട്ടിക്കളി പൊലെ തോന്നിച്ച ഒരു കഥ പറയാനുണ്ടാകും. തങ്ങളുടെ ജീവിതം വച്ചാണ് കളിച്ചതെന്ന് തിരിച്ചറിയാതെ പോയ ഒന്ന്.

നാലാംക്ലാസ് വരെയുള്ള പ്രൈമറി സ്കൂൾ പഠനം അവസാനിപ്പിച്ച് കൂട്ടുകാരോടൊത്ത് കളിച്ച് നടക്കുന്ന കാലം. 11 മുതൽ 14 വരെയാകും മിക്ക പെൺകുട്ടികളുടെയും പ്രായം. പെട്ടെന്നൊരു ദിവസം അപ്പനും അമ്മയും ബന്ധുക്കളും ചേർന്ന് അവളെ കാടിനുള്ളിൽ കൊണ്ടുപോയി ഒളിപ്പിക്കും. എന്നിട്ട് രണ്ട് മൂന്ന് കൂട്ടുകാരെയും ഒപ്പമാക്കി ഇവിടെ തന്നെ ഒളിച്ചിരിക്കാൻ ആവശ്യപ്പെട്ട് അവർ തിരികെ പോകും. അവൾ കൂട്ടുകാരോടൊത്ത് കളിചിരികളുമായി നേരം പോക്കവെ ഊരിലുള്ള ഒരു ചേട്ടൻ ബന്ധുക്കളുമായി വന്ന് അവളെ കണ്ടുപിടിക്കും. ബാല്യത്തിൽ ചിരട്ടയിൽ മണ്ണപ്പം ചുട്ടതും കഞ്ഞിയും കറിയും കളിച്ചതും ഒളിച്ചേ കണ്ടേ കളിച്ചതുമൊന്നും ഏറെയകലെയല്ലാത്തതിനാൽ ഇതും കള്ളനും പൊലീസും പൊലൊരു കളിയാണെന്നാണ് ആദ്യമവൾ വിചാരിച്ചത്. നടന്നതെന്താണെന്ന് മനസിലാക്കാനാവാതെ മിഴിച്ച് നിൽക്കവെ മാതാപിതാക്കളും ബന്ധുക്കളും ഊരുമൂപ്പനും എത്തും. എല്ലാവരും ചേർന്ന് വൈകാതെ അവളെ ആനയിച്ച് കോളനിയിലേയ്ക്ക് കൊണ്ടുപോകും. ഊരുമുപ്പന്റെ സാന്നിദ്ധ്യത്തിൽഅവളെ എല്ലാവരും കൂടി കാട്ടിൽ വച്ച് കണ്ടുപിടിച്ച ചേട്ടനെഎൽപ്പിക്കും. ഈ നടക്കുന്നതെന്താണെന്നൊന്നും ആ കൊച്ചുപെൺകുട്ടിക്ക് പൂർണമായും മനസിലായിട്ടുണ്ടാവില്ല.

ഇടുക്കി ജില്ലയിലെ ചില ആദിവാസി ഊരുകളിൽ നടക്കുന്ന ശൈശവ വിവാഹത്തിന്റെ ഒരു നേർചിത്രമാണിത്. വിദ്യാഭ്യാസത്തിന്റെ കുറവും നിയമത്തിന്റെ അവബോധമില്ലായ്മയും അന്ധവിശ്വാസങ്ങളും കൂടിയാകുമ്പോൾ ബാല്യത്തിൽ കരിഞ്ഞ് വീഴുന്ന കാടിന്റെ പെൺപൂവുകളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്.11 വയസു മുതൽ തുടങ്ങും മിക്കവരുടെയും വിവാഹങ്ങൾ. 15 വയസാകുമ്പോഴെയ്ക്കും ഊരുകളിലെ ഭൂരിപക്ഷം പെൺകുട്ടികളും അമ്മമാരായി കഴിയും. സർക്കാർ അംഗീകരിക്കുന്ന വിവാഹപ്രായമായ 18 എത്തുമ്പോഴേയ്ക്കും കല്ല്യാണം കഴിക്കാൻ ഒരു പെൺകുട്ടിയും ഇവിടങ്ങളില്‍ അവശേഷിക്കില്ല. മുതുവാൻ വിഭാഗത്തിൽപ്പെടുന്ന ഇവർക്കിടയിൽ ഒരു പെൺകുട്ടി ഋതുമതിയായിക്കഴിഞ്ഞാൽ പിന്നെ ഏതു ദിവസവും അവളുടെ വിവാഹം നടത്തണമെന്നാണ് കീഴ്വഴക്കം. ഈ ഘട്ടം കഴിയുന്നതോടെ പെൺകുട്ടികളെ തേടി സ്വന്തം കോളനിയിലെയും സമീപ കോളനികളിലെയും യുവാക്കൾ എത്തും. അങ്ങനെ ഏതെങ്കിലും പുരുഷൻ ഏതെങ്കിലും പെൺകുട്ടിയെ വിവാഹം കഴിക്കാനുള്ള താൽപ്പര്യമറിയിച്ച് കൈയ്യിൽ പിടിച്ചാൽ വിവാഹം നടന്നതായാണ് ഇവരുടെ വിശ്വാസം. ഈ വിവാഹം നടത്തിയില്ലെങ്കിൽ പിന്നിട് നടക്കുക രണ്ടാം വിവാഹമാണെന്നും ഇത്തരം പെൺകുട്ടികൾ കുടികൾക്ക് ശാപമാണെന്നും ഇവർ കരുതുന്നു. അതിനാൽ എത്രയും വേഗം തോയ്മക്കാരന്റെ സാന്നിദ്ധ്യത്തിൽ പെൺകുട്ടിയെ വിവാഹം കഴിപ്പിച്ചയക്കും. മാതാപിതാക്കളുടെ അറിവും സമ്മതത്തോടും കൂടിയാണ് ഭൂരിപക്ഷം വിവാഹങ്ങളും നടക്കുന്നത്. ചിലത് സ്വന്തം ഇഷ്ടപ്രകാരം പുരുഷനൊപ്പം ഇറങ്ങിപ്പോകുന്നതും  ഉണ്ട്.

12നും 14നും മദ്ധ്യേ പ്രായമുള്ള പെൺകുട്ടികളെ 20 മുതൽ 35 വയസ് വരെ പ്രായമുള്ള യുവാക്കളാണ് വിവാഹം കഴിക്കുന്നത്. കഴിഞ്ഞ ഏഴ് മാസത്തിനിടെ ആറ് ബാലവിവാഹങ്ങളാണ് ശിശുസംരക്ഷണ സമിതി അധികൃതർ കണ്ടെത്തി തടഞ്ഞത്. ഉൾപ്രദേശങ്ങളിലെ ഊരുകളിൽ നടന്ന ബാലവിവാഹങ്ങളുടെ കണക്ക് പുറത്തുവന്നാൽ ഇപ്പോഴുണ്ടായിരിക്കുന്നതിന്റെ പത്തിരട്ടി വരുമെന്ന് അധികൃതർ തന്നെ വെളിപ്പെടുത്തുന്നു. അവ ഇപ്പോഴും പുറം ലോകമറിയാതെ തുടരുന്നുണ്ടെന്നാണ് വിവരം.ഇടുക്കി-തമിഴ്നാട് അതിർത്തി മേഖലയായ ദേവികുളം താലൂക്കിലെ അടിമാലി, മാങ്കുളം പ്രദേശത്തെ അമ്പതോളം ആദിവാസി ഊരുകളിലും കുമളി വണ്ടിപ്പെരിയാറ്റിലെ ഊരുകളിലുമാണ് ബാലവിവാഹം വ്യാപകമാകുന്നത്. ഭൂരിപക്ഷം വിവാഹങ്ങളും സമുദായ ആചാര പ്രകാരവും മാതാപിതാക്കളുടെ അറിവോടെയുമാണ് നടക്കുന്നത്. പതിനാലാം വയസിൽ പെൺകുട്ടികളെ വിവാഹം കഴിപ്പിച്ചയക്കണമെന്ന സമുദായത്തിന്റെ പൂർവാചാരങ്ങളാണ് ഇതിന് തണലാകുന്നത്. ശൈശവ വിവാഹം കണ്ടെത്തിയ കേസുകളിൽ പെൺകുട്ടികളെ ജില്ലാ ശിശുസംരക്ഷണ സമിതിയുടെ സംരക്ഷണയിലുള്ള കേന്ദ്രത്തിലാക്കുകയും മാതാപിതാക്കളെയും സഹായം ചെയ്തവരെയും അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഊരുകളിൽ തന്നെയുള്ള യുവാക്കളുമായി അടുപ്പത്തിലാകുകയും അവരോടൊപ്പം ഒളിച്ചോടി താമസിക്കുന്ന പ്രായപൂര്‍ത്തിയെത്താത്ത പെൺകുട്ടികളുടെ എണ്ണവും കുറവല്ല. ഇങ്ങനെ വീടുവിട്ട് പോകുന്ന പെൺകുട്ടികളെ പിന്തിരിപ്പിച്ച് വീട്ടിലെത്തിക്കാൻ രക്ഷിതാക്കളും ശ്രമിക്കാറില്ല.

ഇവിടെ നാലാം ക്ളാസ് വരെയുള്ള പ്രൈമറി വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാത്രമാണുള്ളത്. ഹോസ്റ്റൽ സൗകര്യം ലഭ്യമായ ട്രൈബൽ സ്കൂളുകൾ വേറെയുള്ളത് മൂന്നാർ, അടിമാലി, കുട്ടിക്കാനം എന്നിവിടങ്ങളിലാണ്. ഈ സ്കൂളുകളിൽ തുടർപഠനത്തിന് പോയാലും ഇവർ വൈകാതെ ഊരുകളിൽ തിരികെയെത്തും. ഇങ്ങനെ നാലും ആറും ക്ലാസുകളിൽ വിദ്യാഭ്യാസം അവസാനിപ്പിച്ച് കുടികളിൽ കഴിയുന്ന പെൺകുട്ടികളാണ് ശൈശവ വിവാഹത്തിന്റെ ചതിക്കുഴിയിലേക്ക് നടന്നടുക്കുന്നത്.

"പഠിച്ചുകൊണ്ടിരിക്കുമ്പോഴേ ചേട്ടനെ എനിക്ക് ഇഷ്ടമായിരുന്നു, കഴിഞ്ഞവര്‍ഷം പഠിത്തം നിര്‍ത്തിയത് മുതൽ ഞങ്ങൾ ഒന്നിച്ച് താമസിക്കുകയാണ്, ചേട്ടനെകുറിച്ച് ഒരു പരാതിയും ഇല്ല''. കഴി‌ഞ്ഞമാസം ശൈശവ വിവാഹത്തിൽ നിന്നും വേർപ്പെടുത്തി കൊണ്ടുവന്ന 12 വയസുള്ള പെൺകുട്ടി ജില്ലാ ശിശുസംരക്ഷണ സമിതി മുമ്പാകെ നൽകിയ മൊഴിയാണിത്. ശൈശവ വിവാഹം നടക്കുന്നുവെന്നത് അധികൃതർക്ക് ബോധ്യമാണെങ്കിലും എപ്പോൾ ആരുടെ കാർമികത്വത്തിൽ നടന്നുവെന്ന് തെളിയിക്കുന്ന ആധികാരിക രേഖകളൊന്നും ഉണ്ടാവാറില്ല. മിക്ക കുട്ടികൾക്കും പ്രായം തെളിയിക്കുന്നതിനുള്ള രേഖകളും കാണില്ല. പെൺകുട്ടിയും മാതാപിതാക്കളും പരാതിയും നൽകാത്തതിനാൽ ലൈംഗിക പീഡനത്തിന് കേസെടുക്കാൻ കഴിയാറില്ല. അതിനാൽ ഇത്തരം സംഭവങ്ങളിൽ നിയമ നടപടികളും കാര്യക്ഷമമാകാറില്ല. ഇങ്ങനെ പലരും കഴിയുന്നുണ്ടെങ്കിലും ഊരുകളിലെ ആളുകളുടെ പരാതിയോ സഹായമോ ലഭിക്കാത്തതിനാൽ അധികൃതർക്ക് ഇവരെ കണ്ടെത്താൻ കഴിയാറില്ല. അന്വേഷണം ശക്തമാക്കുമ്പോൾ ഇവർ തമിഴ്നാട്ടിലേക്ക് മുങ്ങുകയും ചെയ്യും.

അടിമാലിയിലെ ആദിവാസി ഊരുകളിൽ ശൈശവ വിവാഹം വ്യാപകമാകുന്നതായി ഇടുക്കി ജില്ലാ ശിശുസംരക്ഷണ സമിതി ചെയർമാൻ പി.ജി ഗോപാലകൃഷ്ണൻ നായർ പറഞ്ഞു. "ഈ വർഷത്തിൽ ആറെണ്ണം കണ്ടെത്തി തടയുന്നതിന് കഴിഞ്ഞിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ആദിവാസി ഊരുകൾ കേന്ദ്രികരിച്ച് സമഗ്രമായ ബോധവത്കരണവും ആരംഭിച്ചിട്ടുണ്ട്. മാതാപിതാക്കളുടെ അറിവോടെയും പെൺകുട്ടികളുടെയും സമ്മതത്തോടെയും നടക്കുന്ന വിവാഹങ്ങളായതിനാൽ ഇവ പുറംലോകം അറിയാറില്ല. രേഖകളും സാക്ഷികളും ഇല്ലാത്തതിനാൽ ബാലവിവാഹത്തിന്റെ പേരിൽ പലപ്പോഴും കേസെടുക്കാനും കഴിയാറില്ല. മാതാപിതാക്കൾ ഉൾപ്പെടെയുള്ളവർക്ക് സമഗ്രമായ ബോധവത്കരണമാണ് പരിഹാരം." പി.ജി ഗോപാലകൃഷ്ണൻ നായർ പറയുന്നു.

ശൈശവ വിവാഹം തടയുകയെന്ന ലക്ഷ്യത്തോടെ ആദിവാസി മേഖലയിലെ ആളുകൾ, ഊരുമൂപ്പൻമാർ എന്നിവരെ പങ്കെടുപ്പിച്ച് ചൈൽഡ് ലൈനും ശിശുസംരക്ഷണ സമിതിയും സംഘടിപ്പിച്ച ബോധവത്കരണ ക്യാമ്പിൽ പങ്കെടുത്ത ഊരുമൂപ്പൻ പറഞ്ഞത്  പൊലീസിനും സർക്കാരിനും തങ്ങളുടെ വിശ്വാസത്തെയും ആചാരങ്ങളെയും ഇല്ലാതാക്കാനാവില്ലെന്നാണ്. ശൈശവ വിവാഹം നിയമ വിരുദ്ധമാണെന്നും ഇതിന് കൂട്ടുനിന്നാൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടാകുമെന്ന ശിശുസംരക്ഷണ സമിതി അധികൃതരുടെ നിർദേശത്തോടുള്ള ഊരുമൂപ്പന്റെ പ്രതികരണമാണിത്.


ആറ് മാസങ്ങൾക്ക് മുമ്പാണ് കോളനിയിലെ 11 വയസുള്ള പെൺകുട്ടിയെ രക്ഷിതാക്കളുടെ അറിവോടെ വിവാഹം കഴിപ്പിച്ചിടത്ത് നിന്നും വേർപ്പെടുത്തി കൊണ്ടുവന്ന കഥയാണ് ഈ കോളനികൾ ഉൾപ്പെടുന്ന വാർഡിനെ  പ്രതിനിധീകരിക്കുന്ന മാങ്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോസഫിന് പറയാനുള്ളത്. 11 കാരിയെ 18 കാരൻ വിവാഹം കഴിച്ചതറിഞ്ഞ് ഇവർ സ്ഥലത്തെത്തി ഇടപെട്ടു. ഇതോടെ പെൺകുട്ടിയുമായി ഇയാൾ ഉൾപ്രദേശത്തേയ്ക്ക് മാറിത്താമസിച്ചു. വിരമറിഞ്ഞ് ഇവർ പൊലീസിന്റെ സഹായത്തോടെ ഇവിടെയെത്തി. 18 വയസ് പൂർത്തിയാകുമ്പോൾ ഒന്നിച്ച്  കഴിയാമെന്ന വ്യവസ്ഥയിൽ പെൺകുട്ടിയെ മാതാപിതാക്കൾക്കൊപ്പമാക്കി.

"വർഷങ്ങളായി ഇവിടെ ഇത്തരം വിവാഹങ്ങൾ പതിവാണെങ്കിലും അടുത്തകാലത്തായി പുറം ലോകം അറിയാൻ തുടങ്ങിയതോടെ മേഖലയിലെ ഓരാ പെൺകുട്ടികളിലും കാര്യമായ ശ്രദ്ധ പുലർത്തുന്നുണ്ട്. ഇപ്പോഴും രണ്ട് പെൺകുട്ടികൾ ശൈശവ വിവാഹത്തിന്റെ ഭീഷണി നേരിടുന്നുണ്ട്" ഷൈനി പറയുന്നു.


Next Story

Related Stories