TopTop
Begin typing your search above and press return to search.

അവരുടെ വലിയ ആകാശങ്ങളെ അവര്‍ക്ക് തന്നെ വിട്ടുകൊടുക്കുക

അവരുടെ വലിയ ആകാശങ്ങളെ അവര്‍ക്ക് തന്നെ വിട്ടുകൊടുക്കുക

ഉഷ വെങ്കിടേഷിന്റെ മാജിക്‌ ഓഫ് ചൈല്‍ഡ്ഹുഡ് എന്ന പുസ്തകം നമുക്ക് കുട്ടികളോടുള്ള സമീപനത്തെ പുന:പരിശോധിക്കാന്‍ പ്രേരിപ്പിക്കുന്നതാണ്. ഇരുപത്തഞ്ചു വര്‍ഷത്തോളമായി ഒരു സ്കൂൾ നടത്തുന്ന ഉഷ, തന്റെ അനുഭവങ്ങളിലൂടെ മാതാപിതാക്കള്‍ക്ക് ഒരു ഗൈഡ് എഴുതുകയാണ്. വളരെ നിസാരമെന്നു തോന്നുന്ന പല കാര്യങ്ങളും കുട്ടികളില്‍ എത്രമാത്രം ഇമ്പാക്റ്റ് ഉണ്ടാക്കുമെന്ന് ആ പുസ്തകം എന്നെ ഓര്‍മപ്പെടുത്തി. കുട്ടികൾ നമ്മുടെ അതിഥികളെ പോലെ ആണെന്നും, അവർ വളരെ അധികം സ്നേഹവും ബഹുമാനവും അർഹിക്കുന്നുണ്ടെന്നും അവർ പറയുന്നു. കൂടാതെ കുട്ടികൾ നമ്മുടെ മറ്റൊരു സ്വകാര്യ സ്വത്തുവക അല്ലെന്നും കൂട്ടിചേര്ക്കുന്നു. കുട്ടികള്‍ക്ക് അവരുടെതായ വ്യക്തിത്വം ഉണ്ടെന്നും അവര്‍ക്ക് അവരുടേതായ ഇടവും സ്വാതന്ത്ര്യവും നല്കണമെന്നും മാതാപിതാക്കളോട് ഉഷ ആവശ്യപ്പെടുന്നു. നമ്മൾ കുട്ടികളെ പോലെ താഴുകയല്ല, അവരെ പോലെ ഉയരുകയാണ് വേണ്ടതെന്നു ഉഷ എന്നോട് ഒരിക്കൽ പറഞ്ഞിട്ടുണ്ട്.നമ്മുടെ നാട്ടിൽ പൊതുവെ കുട്ടികളുടെ അവകാശത്തെ നിസാരവൽക്കരിക്കുന്ന പ്രവണതയാണ് സമൂഹത്തില്‍ കണ്ടുവരുന്നത്. കുട്ടികളുടെ അവകാശത്തെ പറ്റി വളരെ കുറച്ചു പേർ മാത്രമേ ബോധപൂർവം പ്രവര്‍ത്തിക്കുകയും അതിനെ കുറിച്ച് ചര്‍ച്ച നടത്തുകയും ചെയ്യുന്നുള്ളൂ എന്നത് ദു:ഖകരമായ സത്യമാണ്. കുട്ടികളെ നമ്മൾ 'വ്യക്തികള്‍' ആയി പലപ്പോഴും കാണാറുമില്ല. അവരോടുള്ള നമ്മുടെ ദൈനംദിന ഇടപാടുകൾ ശ്രദ്ധിച്ചാല്‍ തന്നെ അത് മനസിലാകും. കൊച്ചു കുട്ടികൾ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ നമ്മൾ മറ്റു കാര്യങ്ങളിൽ ഏര്‍പ്പെടുന്നതും, ഹോംവര്‍ക്ക് തുടങ്ങിയ കാര്യങ്ങൾ ചെയ്യാൻ നമ്മൾ സഹായിക്കുമ്പോൾ "ശല്യം" എന്ന ഭാവം പ്രകടിപ്പിക്കുകയും, ഇതിനൊക്കെ പുറമേ മറ്റുള്ളവരുടെ മുന്നില് പാട്ട് പാടാൻ പറയുന്നതുമൊക്കെ ഒരു തരം ഹിംസ തന്നെയാണ്. നിങ്ങളുടെ കുട്ടിക്ക് പാടാൻ തോന്നുന്നുണ്ടെങ്കിൽ അവർ പാടിക്കൊള്ളും; പ്രോത്സാഹനവും, നിര്‍ബന്ധവും തമ്മിൽ നല്ല വ്യത്യാസമുണ്ട്. നിങ്ങളുടെ ശബ്ദത്തിലെ നേരിയ ചലനങ്ങള്‍ പോലും കുട്ടികള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ഉണ്ടാക്കാനും സന്തോഷിപ്പിക്കുവാനും സാധ്യതയുണ്ട്.കുട്ടികൾ പലപ്പോഴും "പറ്റില്ല" എന്ന് പറയുമ്പോൾ അത് നിങ്ങളുടെ ഇഗോയോടുള്ള യുദ്ധമായി ഒന്നും കരുതേണ്ട. അവരെ ഈ നന്ദി-കടമ discourse പറഞ്ഞു കുറെ മുതിർന്നവർ ചടപ്പിക്കാറുണ്ട്. പലപ്പോഴും ഇഷ്ടമില്ലാത്ത കാര്യങ്ങൾ ചെയ്യാൻ നിര്‍ബന്ധിക്കുമ്പോൾ നമ്മൾ സംവാദത്തിനുള്ള ഇടങ്ങളാണ് പൊളിച്ചു കളയുന്നത്. അവരുടെ പ്രതികരണങ്ങളെ അതിന്റെ ശരിയായ രീതിയില്‍ എടുക്കുവാൻ നിങ്ങള്‍ക്ക് കഴിഞ്ഞില്ലെങ്കിൽ ഭാവിയിൽ അവർ നിങ്ങളോട് ഒന്നും പങ്കു വെക്കുന്നില്ല എന്ന് പറഞ്ഞിട്ട് ഒരു കാര്യവുമില്ല. "പറ്റില്ല" നിങ്ങൾ ക്ഷമയോടെ എടുക്കണം എന്ന് മാത്രമല്ല, ഒരു രീതിയിൽ അതിനെ പ്രോത്സാഹിപ്പിക്കുകയും വേണം.

കുട്ടികള്‍ക്ക് വളരെ വേഗം അപകടം തിരിച്ചറിയാൻ സാധിക്കും. പലപ്പോഴും യാതൊരു സെക്സ് എഡ്യൂക്കേഷന്റെയും സഹായം ഇല്ലാതെ തന്നെ അവർ 'റോങ് ടച്സ്'നെ തിരിച്ചറിയും. "ആ അങ്കിളിനു ഒരു ഉമ്മ കൊടുത്തേ, നല്ല അങ്കിൾ അല്ലെ" എന്നൊക്കെ നിങ്ങൾ പറഞ്ഞിട്ടും കുട്ടികൾ അവരോടു അടുക്കുന്നില്ലെങ്കിൽ അതിനൊരു കാരണം ഉണ്ടാകുമെന്ന് മനസിലാക്കാനുള്ള വിവേകം നിങ്ങള്‍ക്കുണ്ടാകണം. അത് പോലെ കുട്ടികളുമായി നിരന്തരം വർത്തമാനങ്ങളിൽ നമ്മൾ ഏര്‍പ്പെടണം. എന്തും തുറന്നു പറയാനുള്ള ഇടം അവര്‍ക്ക് നല്കണം. തെറ്റ് കണ്ടാൽ ഒട്ടും judgemental അല്ലാതെ അത് ചൂണ്ടി കാണിക്കാൻ കഴിയണം. നിങ്ങള്‍ക്ക് അവരില്‍ ആദരവും സ്നേഹവും ഉളവാക്കാൻ കഴിഞ്ഞെങ്കിൽ തീര്‍ച്ചയായും അവർ നിങ്ങളുടെ പ്രവര്‍ത്തികളെ സ്വീകരിക്കും. ഇതിനൊക്കെ അത്ര എളുപ്പമല്ല എന്നത് വളരെ സത്യമാണ്. എന്നാൽ നല്ല മാതാപിതാക്കൾ ആകുന്നതിനു മുൻപ് നമ്മൾ നല്ല വ്യക്തികൾ ആണോ എന്ന് പുന:പരിശോധിക്കണം. വളരെ ഇടുങ്ങിയ ചിന്താഗതിയും മാറ്റങ്ങളുമായി ഇണങ്ങാന്‍ സാധിക്കാത്തവരും, എപ്പോഴും അസ്വസ്ഥരാവുന്നവരുമായി ആരും കൂട്ടുകൂടാറില്ല. അപ്പോൾ അങ്ങനെ ഉള്ളവരോട് കുട്ടികൾ, അവർ അച്ഛനമ്മമാരായി പോയി എന്നുള്ളത് കൊണ്ട് മാത്രം, സ്നേഹിക്കണം എന്ന് വാശി പിടിക്കുന്നതില്‍ എന്താണ് കാര്യം? അച്ഛനമ്മമാരോടുള്ള സ്നേഹം ഒരു പരിധിവരെ സോഷ്യൽ ആൻഡ്‌ കള്‍ച്ചറല്‍ തന്നെയാണ്. മറ്റേതു സ്നേഹം പോലെ തന്നെ അതും മാറ്റത്തിന് വിധേയമാണ്. അല്ലാതെ ഇത്തരം സ്നേഹത്തില്‍ നിരന്തരം സ്വത്തു തര്‍ക്കവും ഇറങ്ങിപ്പോക്കും (ഇറക്കിവിടലും) ഒന്നും ഉണ്ടാവില്ലല്ലോ?വീണ്ടും നോ പറച്ചിലിൽ എത്തട്ടെ. Shantaram എന്ന പുസ്തകത്തിൽ സ്വാതന്ത്ര്യം എന്താണെന്ന ചോദ്യത്തിന് ഒരു ആണ്‍ പറയുന്ന മറുപടി നോ പറയുവാൻ സാധിക്കുന്ന അവസ്ഥ എന്നാണ്. അപ്പോൾ പെണ്‍കുട്ടി പറയുന്നുണ്ട് അത് യെസ് പറയുവാനും കൂടിയുള്ള അവസ്ഥ എന്നാണ് എന്ന്‍. യെസ് ആണെങ്കിലും നോ ആണെങ്കിലും അത് പറയുവാനുള്ള ഇടം സ്വാതന്ത്ര്യത്തിലേക്കുള്ളതാണ്. ഒരു വ്യക്തിക്ക് തന്റെ ഇഷ്ടം പറയാനുള്ള സാഹചര്യത്തിൽ തന്നെ കൂടുതൽ ഉത്തരവാദിത്തം വന്നു ചേരുന്നുണ്ട്. ഉഷ തന്റെ പുസ്തകത്തിൽ പറയുന്ന മറ്റൊരു കാര്യം കുട്ടികളെ കൂടുതൽ ഉത്തരവാദിത്തങ്ങൾ എല്പ്പിക്കണമെന്നാണ് . കൂടുതൽ ബോധപൂർവമായ, ഉത്തരവാദിത്തമുള്ള ഇടപെടലുകൾ സമൂഹത്തില്‍ നടത്തുന്ന വ്യക്തികളെ ആണ് നമുക്കാവശ്യം.

പിന്നെ, "നന്ദി ഇല്ലാത്ത സന്തതികൾ" എന്ന വിളി കേൾക്കുന്നവർക്ക് വേണ്ടി ഒരു വാക്ക്. ഇത്തരം പറച്ചിലിലൂടെ നമ്മൾ parent -child ബന്ധത്തെ ഒരു ദിശയില്‍ മാത്രം നീങ്ങുന്ന വ്യവഹാരമായി കാണാറുണ്ട്. അത് തികച്ചും തെറ്റാണ്. ഒന്നാമതായി നിങ്ങൾ അനുഭവിച്ചു എന്ന് പറയുന്ന ബുദ്ധിമുട്ടുകൾ ഒരു പരിധി വരെ നിങ്ങളുടെ ചോയ്സ് ആയിരുന്നു. ഇല്ലെങ്കിൽ "വിശേഷമൊന്നുമായില്ലേ?" എന്ന് നാട്ടുകാര്‍ ചോദിച്ചപ്പോൾ അന്തംവിട്ട് പോയി കുട്ടിയെ ഉണ്ടാക്കിയ നിങ്ങൾ വരുത്തി വെച്ചതാണ്. കുട്ടി എന്നത് വളരെ വലിയ ഉത്തരവാദിത്തം തന്നെയാണ്. അതിനു നിങ്ങൾ തയാറാകാനുള്ള മനസില്ലാതെ ഈ ഒരു വലിയ 'ദൌത്യം' ഏറ്റെടുത്തത് നിങ്ങളുടെ തെറ്റല്ലേ? അതിനു കുട്ടികളോട് "എത്രെ കഷ്ടപ്പെട്ട് ഞാൻ വളര്‍ത്തിയതാണ് നിന്നെ" എന്ന് പറയുന്നതിലെ ബുദ്ധിശൂന്യത മനസിലാക്കണം. എന്നാൽ ആ ചോദ്യം വളരെ വാലിഡ്‌ ആണുതാനും. പക്ഷെ അത് ചോദിക്കേണ്ടത്‌ കുട്ടികളോടല്ല, സ്റ്റേറ്റ് എന്ന സംവിധാനത്തോടും സമൂഹത്തോടുമാണ്. രാപ്പകൽ കഷ്ടപെട്ടിട്ടും എന്തുകൊണ്ടാണ് നമുക്ക് നമ്മുടെ കുട്ടികളെ വളര്‍ത്താന്‍ ഇത്രെ കഷ്ടപ്പാട്? വെള്ളം തൊട്ടു അത്യാവശ്യ മരുന്നിനു വരെ തീവില ആയപ്പോഴും, വിദ്യാഭ്യാസം കച്ചവടമാക്കിയപ്പോഴും, സ്ത്രീധനത്തിനെതിരെ ചർച്ചകൾ ചെയ്തപ്പോഴും മിണ്ടാണ്ടിരുന്നില്ലേ? അപ്പൊ ദദാണ്!പെണ്‍കുട്ടികളുടെ നോ!
ബാംഗ്ലൂർ ഡയ്സിൽ കുഞ്ഞൂസ് ദോശ ചുട്ടോണ്ട് അമ്മയോട് തിരിച്ചു പറയുന്ന ഒരു ഡയലോഗുണ്ട്, എന്ത് പറഞ്ഞാലും അനുസരിച്ചോണം എന്ന് പറഞ്ഞു പഠിപ്പിച്ചതിന്റെ ആണ് ഇപ്പോൾ അനുഭവിക്കുന്നത് എന്നാണ് സാരം. നമ്മുടെ നാട്ടില പെണ്‍കുട്ടികള്‍ക്ക് തന്റെ ഇഷ്ടം പറയുവാനും ഇഷ്ടക്കേട് അറിയിക്കാനുമുള്ള ഇടങ്ങള്‍ വളരെ കുറവാണ്. ഇഷ്ടമുള്ള വിഷയം പഠിക്കുവാനും, ആരെ വിവാഹം ചെയ്യണം എന്നുള്ളത്, എന്തിന്, എന്ത് ധരിക്കണം എന്ന് വരെ ഉള്ളത് വല്ലോരുമൊക്കെ ആണ് തീരുമാനിക്കുക. പലപ്പോഴും ദല്ലാള്‍ക്ക് കിട്ടുന്ന അഭിപ്രായ സ്വാതന്ത്യം പോലും പെണ്‍കുട്ടികള്‍ക്കില്ല. വിദ്യാഭ്യാസവും ജോലിയുമൊക്കെ കല്യാണത്തിലേക്കെത്താനുള്ള മാർഗങ്ങൾ മാത്രമാണ്. കല്യാണം കഴിക്കാനായി കൈയിലുള്ള നല്ല സർക്കാർ ജോലി കളയാൻ പറഞ്ഞ വീട്ടുകാരെ കുറിച്ച് എന്നോട് ഒരു കൂട്ടുകാരി പറഞ്ഞത് "പിന്നെ എന്തിനാണ് ഇവർ ഇത്രേം കാലം ഇന്‍ഡിപെന്‍ഡന്‍റ് ആയി നില്ക്കണം എന്ന് എന്നെ പഠിപ്പിച്ചത്" എന്നാണ്? പെണ്‍കുട്ടികളുടെ കഷ്ടപ്പാടിന് ഒരു വിലയുമില്ലേ എന്ന ചോദ്യം കെട്ടടുക്കാറായ, പിന്നെ അമ്മയാകാൻ തയ്യാറെടുക്കുന്ന കൂടുകാരിൽ നിന്നും കുറെ ആയി ഞാൻ കേള്‍ക്കുന്നു.

സ്വന്തം ശരീരത്തിന്റെ കാര്യത്തിൽ പോലും പലപ്പോഴും അവര്‍ക്ക് ഒരു അവകാശവും നമ്മുടെ സമൂഹവും ഹെജിമോണിക് ആയ സംസ്കാരവും നല്ക്കുന്നില്ല എന്നത് ലജ്ജിക്കേണ്ട അവസ്ഥയാണ്. ഇപ്പോഴും കല്യാണത്തിന്റെ തലേന്ന് പറഞ്ഞു കൊടുക്കുന്ന സെക്സ് ടിപ്സ് കേട്ടാൽ നമ്മൾ ലജ്ജിച്ചു പോകും. "വേദന എടുത്താലും കുറച്ചു സഹിച്ചു കൊടുക്കണം, പറ്റില്ല എന്ന് പറയരുത്, നാണിക്കണം!" (സത്യകഥകൾ!) എന്നൊക്കെ ഒരു ഉളുപ്പുമില്ലാതെയാണ് നമ്മൾ നമ്മുടെ പെണ്‍കുട്ടികളോട് പറഞ്ഞു കൊടുക്കുന്ന്ന്നത്. യാതൊരു അടുപ്പവുമില്ലാത്ത ഏതോ ചെക്കനെ കെട്ടേണ്ടി വന്നുവെന്നും പറഞ്ഞു അന്ന് രാത്രി തന്നെ അങ്ങ് ലൈംഗിക ബന്ധത്തിന് "വഴങ്ങി" കൊടുക്കേണ്ടി വരുന്നത് യാതൊരു വികാരത്തിനും വില കൊടുക്കാത്ത സമൂഹത്തിന്റെ ശാസനയാണ്‌. ഇഷ്ടമില്ലെങ്കിൽ, സ്വന്തം ഭര്‍ത്താവാണെങ്കിലും കാമുകനാണെങ്കിലും നോ പറയാൻ നമ്മൾ പഠിക്കണം. നമ്മുടെ ശരീരത്തിന് ഒരുപാട് സുഖത്തിനുള്ള സാധ്യതകളുണ്ട്. (പക്ഷേ നമ്മള്‍ വേദനയുടെ കാര്യമാണ് എപ്പോഴും പെണ്‍കുട്ടികളോട് പറയുക) അത് നമുക്കിഷ്ടമുള്ളവരുമായി ആണ് പങ്കിടേണ്ടത്. സ്വയംഭോഗത്തെ കുറിച്ച് എന്തുകൊണ്ടാണ് നമ്മൾ പെണ്‍കുട്ടികളോട് സംസാരിക്കാത്തത്? സ്വന്തം ശരീരത്തെ മനസിലാക്കാനുള്ള ഒരു ശക്തമായ ഉപധിയാണെല്ലോ അത്. പെണ്‍കുട്ടികള്‍ തങ്ങളുടെ ശരീരം ഭാരമല്ലാത്ത സന്തോഷത്തിനും സ്വതന്ത്ര്യത്തിനുമുള്ള മീഡിയം ആയി മാറ്റണം.

നോ പറയാനും യെസ് പറയാനുമുള്ള ഇടങ്ങള നമ്മൾ വളർത്തിയെടുക്കണം. കുട്ടികളുടെ അവകാശത്തെ കൂടുതൽ ശ്രദ്ധയോടെ നമ്മൾ ഇനിയെങ്കിലും പഠിക്കണം. ഒരു ജീവിതവും ഒരു പട്ടിക്കൂട്ടിലും അടഞ്ഞു തീരാതിരിക്കട്ടെ.


വീണാ വിമല മണി

വീണാ വിമല മണി

ചെന്നൈയില്‍ അസി. പ്രൊഫസര്‍, ആലപ്പുഴ സ്വദേശി

Next Story

Related Stories