TopTop

പ്രവാസലോകത്തെ ഈ കുട്ടികള്‍ എന്നാണ് പുഴയും കാടും മണ്ണും കണ്ണ് നിറയെ കാണുക

പ്രവാസലോകത്തെ ഈ കുട്ടികള്‍ എന്നാണ് പുഴയും കാടും മണ്ണും കണ്ണ് നിറയെ കാണുക
ഒരിക്കല്‍ ക്ലാസ്സില്‍ ബാല്യകാലാനുഭവങ്ങള്‍ അയവിറക്കുകയായിരുന്നു. കുട്ടികള്‍ക്ക് എന്തെല്ലാം നഷ്ടമാകുന്നുവെന്ന് ഇക്കാലത്തു പറയാന്‍ അതേ വഴിയുള്ളൂ. എന്റെ കുട്ടിക്കാലത്ത് ആഗ്രഹങ്ങള്‍ അടക്കി വെക്കാന്‍ പഠിച്ചിരുന്നു. ഇന്ന് എന്റെ മുന്നിലിരുന്ന കുട്ടികള്‍ എല്ലാം തികഞ്ഞവരാണ് തങ്ങള്‍ എന്നൊരു വിചാരത്തോടെയാണ് ക്ലാസ്സില്‍ ഇരിക്കുക. പക്ഷെ അവര്‍ക്ക് പഴയ കഥകള്‍ കേട്ടിരിക്കാന്‍ ഇഷ്ടമാണ്. അത്ര നേരം ക്ലാസ്സില്‍ സ്വാതന്ത്ര്യത്തോടെ ഇരിക്കണമെന്ന് ഒരു ആഗ്രഹവും ഉണ്ടായിരിക്കാന്‍ ഇടയുണ്ട്. അങ്ങനെ ഞാന്‍ പഠിച്ച സ്‌കൂളിനെ കുറിച്ച് പറയാന്‍ തുടങ്ങി.

ഞങ്ങളുടെ സ്‌കൂളിന് പിറകിലൂടെ ഒരു തോട് ഒഴുകുന്നുണ്ട്. ഉച്ചക്ക് ഭക്ഷണം കഴിച്ചുകഴിഞ്ഞാല്‍ ഞങ്ങള്‍ ചോറ്റുപാത്രവും കൊണ്ട് അങ്ങോട്ട് പോകും. പാത്രം കഴുകിയ ശേഷം തോട്ടിലെ വെള്ളത്തില്‍ നിന്ന് കുഞ്ഞു മീനുകളെ പിടിക്കും. അവയെ വീട്ടിലേക്കു കൊണ്ടു പോകും. എന്നിട്ടു വളര്‍ത്തും. ഇങ്ങനെ പറയുമ്പോള്‍ അവര്‍ തിളങ്ങുന്ന കണ്ണുകളോടെ ഇരുന്നു. തങ്ങള്‍ക്കും അങ്ങനെ ഒരവസരം കിട്ടിയെങ്കില്‍ എന്ന് ആ മുഖങ്ങള്‍ വിളിച്ചു പറയുന്നത് ഞാന്‍ കേട്ടു.

അടുത്ത ദിവസം ക്ലാസ്സില്‍ എത്തിയപ്പോള്‍ ഒരു പെണ്‍കുട്ടി എന്നോട് ടീച്ചര്‍ പഠിച്ച സ്‌കൂള്‍ ഇതാണോ എന്ന് ചോദിച്ചു കുറെ വിവരണം തന്നു. ഞാന്‍ അതിശയത്തോടെ അതെ എന്ന് അവളെ നോക്കി പറഞ്ഞപ്പോള്‍ അവള്‍ പറഞ്ഞു, എന്റെ അമ്മയും അവിടെയാണ് പഠിച്ചത്. അവള്‍ ഇക്കഥകള്‍ വീട്ടില്‍ ചെന്ന് വിവരിച്ചപ്പോള്‍ ആണ് അമ്മയ്ക്ക് മനസ്സിലായതെന്നും പറഞ്ഞു. എന്തോ, അന്ന് വല്ലാത്ത സന്തോഷം തോന്നി.

ഞങ്ങളുടെ സ്‌കൂളിന് സമീപം ഒരു പള്ളിയുണ്ടായിരുന്നു. അവിടെ എല്ലാ കൊല്ലവും പെരുന്നാള്‍ ഗംഭീരമായി ആഘോഷിക്കും. ഞാന്‍ അടക്കമുള്ള ഹിന്ദു കുട്ടികള്‍ അന്ന് പോയിരുന്നില്ല. കാരണം സ്‌കൂള്‍ കുറച്ചു ദൂരമായിരുന്നു. മാത്രമല്ല, അത്തരം തിരക്കുകളില്‍ പൊതുവെ പോയിരുന്നില്ല. എന്നാല്‍ എന്റെ ക്ലാസിലെ ക്രിസ്ത്യാനിപെണ്‍കുട്ടികള്‍ എല്ലാവരും അതില്‍ പങ്കെടുക്കും .സ്വാഭാവികമായും ആ ദിവസങ്ങളില്‍ സ്‌കൂള്‍ അവധിയായിരുന്നു. പെരുന്നാള്‍ കഴിഞ്ഞു സ്‌കൂള്‍ തുറക്കുമ്പോള്‍ ഞാന്‍ അവരെ കാണാനുള്ള ആവേശത്തോടെ സ്‌കൂളിലെത്തും. അപ്പോഴതാ, സമ്മാനങ്ങളുടെ പ്രവാഹമാണ്. ക്ലാസ്സിലെ ഓരോ കുട്ടിയും കുപ്പിവളകളും റബ്ബര്‍ ബാന്‍ഡും മറ്റു ചെറിയ സമ്മാനങ്ങളും തരും. അന്ന് കൈകള്‍ നിറയെ കുപ്പിവളകള്‍ അണിഞ്ഞുകൊണ്ട് ഞാന്‍ വീട്ടിലെത്തും. ഞങ്ങള്‍ കയറുന്ന വാനിലെ കുട്ടികള്‍ അസൂയയോടെ എന്നെ നോക്കുമ്പോള്‍ എന്റെ അഹങ്കാരം ഒന്നുകൂടി വര്‍ധിക്കും.എല്ലാ വെള്ളിയാഴ്ചകളിലും ഞങ്ങള്‍ക്ക് രണ്ടു മണിക്കൂര്‍ ഇടവേള ലഭിച്ചിരുന്നു. ആ സമയം ഭക്ഷണം കഴിച്ച ശേഷം പള്ളിയിലേക്ക് പോകും. അവിടെ ആനാവെള്ളം നോക്കും. ഉള്ളില്‍ കയറി പ്രാര്‍ത്ഥിക്കും. ക്രിസ്തുദേവന്റെ പ്രശാന്തമായ രൂപം എന്നെ ആകര്‍ഷിച്ചു. അക്കാലത്തു കൂട്ടുകാരികള്‍ തന്ന കുരിശു ഒരു കറുത്ത ചരടില്‍ കെട്ടി ഞാന്‍ കഴുത്തിലിട്ടിരുന്നു.പള്ളിമുറ്റം ആകെ ഞങ്ങള്‍ നടക്കും. സെമിത്തേരിയുടെ അടുത്ത് എത്തുമ്പോള്‍ ഒരൊറ്റ ഓട്ടമാണ്. അവിടെ പേടിപ്പെടുത്തുന്ന നിശ്ശബ്ദതയാണ്. പ്രേതങ്ങള്‍ ആ ഉച്ചനേരത്ത് ഇറങ്ങുമോ എന്ന ഭയം ഞങ്ങള്‍ക്ക് ഉണ്ടായിരുന്നു. അതിനാല്‍ അതൊരു കൂട്ട ഓട്ടം തന്നെയായിരിക്കും.

ഉച്ച കഴിഞ്ഞാല്‍ കെമിസ്ട്രി പീരിയഡ് ആണ്. ആ വിഷയം പഠിപ്പിച്ചിരുന്ന സര്‍ ഭയങ്കര ശുണ്ഠിക്കാരന്‍ ആയിരുന്നു. അടിക്കാന്‍ തുടങ്ങിയാല്‍ നിര്‍ത്തുകയില്ല. എന്റെ കയ്യില്‍ പലപ്പോഴും അടി കിട്ടി നീല നിറം ഉണ്ടായി. അതിലും വിഷമം ആ നീലനിറം അച്ഛന്റെയും അമ്മയുടെയും കണ്ണില്‍ പെടാതെ നോക്കാനായിരുന്നു. പള്ളിമുറ്റത്ത് പടര്‍ന്നു നിന്നിരുന്ന ചെറിയ പുല്ലുകളില്‍ ഒന്നിന് വൃത്താകാരമുള്ള ഇലകളായിരുന്നു. ആ ഇലകള്‍ വളരെ ചെറിയവയും. കൂട്ടുകാരിലൊരാള്‍ ആ ഇലകള്‍ നാവിന്റെ അടിയില്‍ വച്ച് ക്ലാസില്‍ ഇരുന്നാല്‍ അടി കിട്ടില്ലെന്ന് ഞങ്ങളോട് പറഞ്ഞു.ഞങ്ങള്‍ അത് വിശ്വസിച്ചു. പിന്നെയുള്ള ക്ലാസ്സുകളില്‍ നാവിന്റെ അടിയില്‍ ഇലകള്‍ വെച്ച് ഇരുന്നു. എന്തുകൊണ്ടോ, ഇലകള്‍ വച്ച ദിവസങ്ങളില്‍ അടി കിട്ടിയില്ല. സര്‍ ചോദ്യങ്ങള്‍ ചോദിച്ചതുമില്ല. അതൊരു ഉറച്ച വിശ്വാസം ആയി മാറി.

കന്യാസ്ത്രീകളായ അധ്യാപികമാര്‍ താമസിച്ചിരുന്ന മഠത്തില്‍ ഞങ്ങള്‍ ഇടയ്ക്കിടയ്ക്ക് പോയിരുന്നു. അവിടെ മുറ്റത്തുള്ള ചാമ്പങ്ങയും പുളിയും ഒക്കെ പറിക്കാന്‍ അനുവാദം ഉണ്ടായിരുന്നു. ഞങ്ങളെ അവര്‍ പ്ലാസ്റ്റിക് ബാഗുകള്‍ കെട്ടാന്‍ പഠിപ്പിച്ചിരുന്നു. മനോഹരമായ മുത്തുകള്‍ കൊണ്ട് അലങ്കരിച്ച ആ ബാഗുകള്‍ അവരെ കാണിക്കുമ്പോള്‍ അവര്‍ ആഹ്ലാദിച്ചു. എന്റെ കൈവിരലുകള്‍ പ്ലാസ്റ്റിക് വയര്‍ തട്ടി മുറിഞ്ഞിരുന്നു. എങ്കിലും ബാഗ് കെട്ടിയുണ്ടാക്കാന്‍ താല്പര്യം കൂടിയതേയുള്ളൂ. ചെറിയൊരു തൊഴില്‍ കൂടിയാണ് അന്ന് ഞങ്ങള്‍ പഠനത്തിന് പുറമെ പഠിച്ചത്. ഓരോ ആഴ്ചയിലും എടുത്ത പാഠഭാഗങ്ങള്‍ ആധാരമാക്കി അവര്‍ ഞങ്ങള്‍ക്ക് നോട്ടുകള്‍ തന്നു. പഠനത്തില്‍ താല്‍പര്യം ജനിപ്പിച്ചു. ആ മഠത്തില്‍ ചെന്ന് കയറുമ്പോള്‍ ഞാന്‍ അനുഭവിച്ച മനശ്ശാന്തിയും തണുപ്പും ഓര്‍മകളില്‍ ഇപ്പോഴും ബാക്കി കിടക്കുന്നു.

എന്റെ അച്ഛന്‍ അന്ന് കോഴിക്കോട് ഇടയ്ക്കിടയ്ക്ക് വരുമായിരുന്നു. ഒരിക്കല്‍ അച്ഛനോട് ഞാന്‍ ഒരാഗ്രഹം പറഞ്ഞു. കേട്ട ഉടനെ അച്ഛന്‍ പൊട്ടിച്ചിരിച്ചു. ഒരു തണ്ണിമത്തന്‍ ആയിരുന്നു എനിക്ക് വേണ്ടിയിരുന്നത്. അത് അവര്‍ക്കു കൊടുക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. ഏതോ ഒരു ദിവസം അവരിലൊരാള്‍ അത് കണ്ടില്ലെന്നു പറയുന്നത് ഞാന്‍ കേട്ടിരുന്നു. അച്ഛന്‍ കൊണ്ട് വന്ന തണ്ണിമത്തന്‍ ഞാന്‍ അവര്‍ക്കു നല്‍കി. വിശ്വാസം വരാതെ അവരെന്നെ നോക്കിയത് ഇപ്പോഴും ഓര്‍ക്കുന്നു. സ്‌കൂളില്‍ എല്ലാ കാലാ കായിക പരിപാടികള്‍ക്കും ഞങ്ങള്‍ പേര് കൊടുത്തു. ഒരിക്കല്‍ ഗാനമത്സരം അരങ്ങേറുകയാണ്. എന്റെ പേര് വിളിച്ചപ്പോള്‍ യാതൊരു ജാള്യവും കൂടാതെ ഞാന്‍ കയറിച്ചെന്നു. പകുതി പാടി. പിന്നെ മറന്നുപോയിരുന്നു. അതോടെ വിറയലായി. ഭാഗ്യത്തിന് വേഗം ഇറങ്ങി രക്ഷപ്പെട്ടു. പിന്നീട് അറിഞ്ഞു, സ്‌കൂളിലെ മൈക്ക് വഴി നാട്ടുകാരും എന്റെ ഗാനസുധയുടെ കയ്പ് അറിഞ്ഞിരുന്നു. അതില്‍ പിന്നെ പേര് കൊടുക്കാന്‍ പോയില്ല.ഇന്ന് ഗള്‍ഫിലെ ഒരു മികച്ച സ്‌കൂളില്‍ അധ്യാപികയായി ജോലി ചെയ്യുന്ന അവസരത്തിലും പണ്ട് പഠിച്ച സ്‌കൂളിലെ ഓരോ അനുഭവങ്ങളും ഞാന്‍ ഓര്‍ക്കുന്നു. ജീവിതത്തില്‍ ഒരിക്കലെങ്കിലും അവിടെ പോകണമെന്ന് ആഗ്രഹിക്കുന്നു. എന്റെ പല കൂട്ടുകാരികളുടെയും വിലാസം കയ്യിലില്ല. പക്ഷെ അവരെയെല്ലാം ഞാന്‍ വളരെ വ്യക്തമായി മനസ്സില്‍ വരച്ചിട്ടിരിക്കുന്നു. അന്ന് ക്ലാസ്സിലെ ഒരു പെണ്‍കുട്ടി വളരെ ദുഃഖിതയായി ഇരുന്നിരുന്നു. ഒരിക്കല്‍ ഞാന്‍ അവള്‍ക്കു ഒരു കഥാപുസ്തകം കൊടുത്തു. അങ്ങനെ ഞങ്ങള്‍ കൂട്ടുകാരായി. പിന്നീട് എല്ലാ ദിവസവും അവള്‍ എനിക്ക് ഒരു ആമ്പല്‍പ്പൂ സമ്മാനിച്ചു. അവള്‍ തോണിയില്‍ വരുമ്പോള്‍ എനിക്കായി പറിച്ചു കൊണ്ട് വരുകയാണ്. ഇന്നും ആ ഓര്‍മ എന്റെ കണ്ണ് നനയിക്കുന്നു. ആ പൂക്കളുടെ സുഗന്ധം എന്റെ മരണം വരെ പിന്തുടരും എന്ന് എനിക്കറിയാം.

ഇന്ന് കുട്ടികള്‍ക്ക് ആഗ്രഹങ്ങള്‍ കുറവാണ്. കാരണം അവര്‍ അറിയാതെ തന്നെ അവരുടെ ആഗ്രഹങ്ങള്‍ രക്ഷിതാക്കള്‍ സാധിച്ചുകൊടുക്കുന്നു. അടുത്തിരിക്കുന്നവരുടെ കുടുംബത്തെക്കുറിച്ചു അറിയാനോ പ്രശ്‌നങ്ങള്‍ അറിയാനോ ആര്‍ക്കും താല്‍പര്യം ഇല്ല. പുസ്തകവായനയും കുറവാണ്. പഠിക്കാന്‍ ഇഷ്ടം പോലെയുള്ളതിനാല്‍ ട്യൂഷനും പരീക്ഷയുമായി അവരുടെ ജീവിതം നീങ്ങുന്നു. സ്വന്തം ജീവിതം ഭദ്രമാക്കാനുള്ള സാമര്‍ഥ്യം മാത്രം നേടിയവരായി അവര്‍ മാറുന്നത് കാണുമ്പോള്‍ എന്തൊക്കെയോ നഷ്ടബോധം എനിക്ക് തോന്നാറുണ്ട്. എങ്കിലും അവര്‍ക്കു കഥകള്‍ കേള്‍ക്കാന്‍ ഇഷ്ടമാണ്. സ്‌പോര്‍ട്‌സില്‍ ഞാന്‍ വളരെ മിടുക്കിയായിരുന്നു എന്ന് പറയുമ്പോള്‍ അവര്‍ ആ കഥ പറയാന്‍ ആവശ്യപ്പെടും. ഓട്ടത്തില്‍ ഏറ്റവും പിറകില്‍ ആയതും കണ്ണ് കെട്ടി ചട്ടി പൊട്ടിക്കുന്ന മത്സരം നടക്കുമ്പോള്‍ കൂട്ടുകാരി ചട്ടി എന്ന് കരുതി എന്റെ തല അടിച്ചു പൊട്ടിച്ചതും കേള്‍ക്കുമ്പോള്‍ അവര്‍ ചിരിച്ചു മറിയും. എന്റെ പാവം കുട്ടികള്‍. അവരെന്നാണ് പുഴയും കാടും മണ്ണും കണ്ണ് നിറയെ കാണുക? എനിക്ക് സംശയമാണ്.സങ്കടമാണ്...

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Next Story

Related Stories