TopTop
Begin typing your search above and press return to search.

ചില കളിക്കൂട്ടുകളുടെ കണ്ണുനിറയ്ക്കുന്ന ഓര്‍മകള്‍- സൈറ മുഹമ്മദ് എഴുതുന്നു

ചില കളിക്കൂട്ടുകളുടെ കണ്ണുനിറയ്ക്കുന്ന ഓര്‍മകള്‍- സൈറ മുഹമ്മദ് എഴുതുന്നു

വീട്ടില്‍ നിന്ന് അത്ര ദൂരെയൊന്നുമായിരുന്നില്ല പുഴ. ആഞ്ഞൊന്നു ഓടാനുള്ള ദൂരമേ ഉണ്ടായിരുന്നുള്ളു. പുഴയിലേക്കു പോവുന്ന വഴിയിലായിരുന്നു അവന്റെ വീട്. എന്റെ അനിയത്തിയുടെ പ്രായമായിരുന്നു അവന്. സ്കൂളില്‍ പോവാതെ അടുത്ത വീട്ടിലെ മാവിനു കല്ലെറിഞ്ഞും സമപ്രായക്കാരായ കുട്ടികളോടെല്ലാം അടികൂടിയും വലിയവര്‍ വലിച്ചെറിയുന്ന ബീഡിക്കുറ്റി പെറുക്കി വലിച്ചും നടന്നിരുന്ന അവനെ ആര്‍ക്കും ഇഷ്ടമല്ലായിരുന്നു. രണ്ടു വയസുള്ളപ്പോള്‍ ഉപേക്ഷിച്ചു പോയ അവന്റെ ബാപ്പ എവിടെയാണെന്ന് ആര്‍ക്കും അറിയില്ല എന്നെല്ലാം വലിയവര്‍ പറഞ്ഞുകേട്ട അറിവേ ഞങ്ങള്‍ക്കും ഉണ്ടായിരുന്നുള്ളു. പിന്നീട് ഉമ്മ വീണ്ടും വിവാഹിതയായപ്പോള്‍ ആരും ലാളിക്കാനോ ശകാരിക്കാനോ ഇല്ലാതെ അമ്മാവന്റെ വീട്ടില്‍ വളര്‍ന്ന അവന്‍ തീര്‍ത്തും അനാഥനായിപോയിരുന്നു.

ആരാണവനെ ഞങ്ങളുടെ വീട്ടില്‍ കൊണ്ടു വന്നാക്കിയത് എന്നെനിക്കറിയില്ല. സാധനങ്ങള്‍ കടിയില്‍ പോയി വാങ്ങലും ബാപ്പ വീട്ടിലുള്ള ദിവസങ്ങളില്‍ ബാപ്പയെ കാണാന്‍ വരുന്ന അതിഥികള്‍ക്ക് ചായ കൊണ്ടു പോയി കൊടുക്കലും കഴിഞ്ഞാല്‍ ബാക്കി സമയം മുഴുവന്‍ ജ്യേഷ്ഠന്റെ പിറകെ ഒരു വാലായി അവനുണ്ടാവും. ട്യൂഷന്‍ മാസ്റ്റര്‍ വരാത്ത ദിവസങ്ങളില്‍ വൈകുന്നേരങ്ങളില്‍ ജ്യേഷ്ടന്റെ കൂടെ അയല്‍പ്പക്കത്തെ കുട്ടികളോടൊപ്പം കണ്ണു ചുവക്കുന്നതു വരെ പുഴയില്‍ നീന്തുമ്പോള്‍ വെള്ളത്തില്‍ എത്ര നേരം വേണമെങ്കിലും മുങ്ങികിടക്കാന്‍ മിടുക്കനായിരുന്നു അവന്‍. അക്കാര്യത്തില്‍ ഞങ്ങള്‍ക്കെല്ലാം അവനോട് ഇത്തിരി അസൂയയുണ്ടായിരുന്നു എന്നതാണ് നേര്. എന്നേയും അനിയത്തിമാരേയും വലിയ സ്നേഹമായിരുന്നു അവന്. കൂട്ടുകാരുമൊത്ത് മോതിര കല്ലും കിളിമാസും കളിക്കുമ്പോള്‍ വഴക്കിലവസാനിക്കുന്ന ദിവസങ്ങളിലെല്ലാം ഞങ്ങള്‍ക്ക് വേണ്ടി വാദിച്ചിരുന്നതും വേണ്ടി വന്നാല്‍ വഴക്കടിച്ചിരുന്നതും ആരും പറഞ്ഞിട്ടല്ലായിരുന്നു. പക്ഷേ ഇങ്ങനെയൊക്കെയാണെങ്കിലും ഒരു ദിവസം പെറുക്കി വലിക്കുന്നത് കണ്ടുപിടിച്ച അനിയത്തി ഉമ്മയോട് പോയി പറഞ്ഞുകൊടുത്ത് വഴക്കു കേള്‍പ്പിച്ചു എന്നും പറഞ്ഞ് അടുത്ത ദിവസം പുഴയില്‍ നീന്തുന്നതിനിടെ ഉരുളന്‍ കല്ലെടുത്ത് എറിഞ്ഞു പകരം വീട്ടിയിട്ടാണ് അവന് സമാധാനമായത്. ആ ബീഡി വലി എത്ര വഴക്കു കേട്ടിട്ടും അവന് ഉപേക്ഷിക്കാനായതേ ഇല്ല.

ഇരുപതു വയസിലായിരുന്നു അവന്റെ വിവാഹം. അതിനിടയില്‍ ഗള്‍ഫില്‍ ഗദ്ദാമയായി ജോലി ചെയ്തിരുന്ന അവന്റെ ഉമ്മ ഏതോ ഏജന്റിനോട് പറഞ്ഞ് അവനൊരു വിസ സംഘടിപ്പിച്ചു കൊടുത്തു. യാത്ര പറയാന്‍ വന്ന ദിവസം വലിയ സന്തോഷത്തിലായിരുന്നു അവന്‍. ഇടക്കെപ്പോഴോ വീട്ടുവിശേഷം പറയുന്നതിനിടെ അവന്‍ ഗള്‍ഫില്‍ നിന്ന് തിരിച്ചു വന്നതും പഴയ പോലെ ലോഡിങ്ങും മണല്‍കോരലുമൊക്കെയായി സുഖമായിരിക്കുന്നു എന്നും ഉമ്മ പറഞ്ഞറിഞ്ഞിരുന്നു.

ബെസ്റ്റ് ഓഫ് അഴിമുഖം

ശൈശവ വിവാഹക്കാര്‍ അറിയേണ്ട പാത്തു അമ്മായിയുടെ ജീവിതം
ഒരു ഇത്ത(ദ്ദ) കാലത്തിന്റെ ഓര്‍മയ്ക്ക്
പെണ്‍കുപ്പായങ്ങളിലെ എക്‌സ്ട്രാ കുടുക്കുകള്‍
മാതൃകയാകേണ്ടവരാണ് മാതാപിതാക്കള്‍
വിവാഹിതകളേ അതിലേ ഇതിലേ!

ഞങ്ങളെല്ലാം വിവാഹിതരായി പല സ്ഥലങ്ങളില്‍ താമസമായ ശേഷം നിലമ്പൂരിലെ വീട്ടിലേക്കുള്ള സന്ദര്‍ശനം പെരുന്നാളിനോ കൂട്ടുകാരുടേയോ ബന്ധുവീടുകളിലേയോ കല്യാണങ്ങള്‍ക്ക് വരുമ്പോള്‍ മാത്രമായോ ചുരുങ്ങിയിരുന്നു. പരസ്പരം കാണല്‍ കുറവായിരുന്നു. ഞങ്ങളുടെ മക്കള്‍ക്കും അവനെ വലിയ ഇഷ്ടമായിരുന്നു. കുട്ടികളായിരുന്നപ്പോള്‍ ഞങ്ങള്‍ ചെയ്തുകൂട്ടിയ വിഡ്ഡിത്തങ്ങള്‍ പൊടിപ്പും തൊങ്ങലും വെച്ചു പറഞ്ഞു കൊടുക്കാന്‍ കേമനായിരുന്നു അവന്‍. പഴയ ഒരു ചങ്ങാതിയുടെ മകളുടെ വിവാഹദിവസമാണ് അവനെ വീണ്ടും കണ്ടത്. സാധാരണയായി ഞങ്ങളെയെല്ലാം ഒന്നിച്ചു കാണുമ്പോള്‍ ഓടി അടുത്ത് വന്ന് സന്തോഷത്തോടെ സംസാരിക്കുന്ന ആള്‍ക്ക് അന്ന് വലിയ ഉതസാഹമൊന്നും കണ്ടില്ല. നിര്‍ത്താതെ വിശേഷം പറഞ്ഞും അനിയത്തിയെ എന്തെങ്കിലും പറഞ്ഞു ശുണ്ഠി പിടിപ്പിച്ചും ആ പഴയ എട്ടുവയസുകാരനാവുന്ന അവനെ അന്ന് നിശബ്ദനായി കണ്ടപ്പോള്‍ വിഷമം തോന്നി. ഭക്ഷണം കഴിക്കുമ്പോഴും പഴയ കൂട്ടുകാരെല്ലാം മാറിയിരുന്ന് കുട്ടിക്കാലത്തെ തമാശകള്‍ പറഞ്ഞ് പരസ്പരം കളിയാക്കുമ്പോഴും അവന്‍ മാത്രം നിശബ്ദനായിരുന്നു.

കല്യാണ വീട്ടില്‍ നിന്ന് തിരിച്ചു പോരാന്‍ നേരം, നാളത്തെ പത്രത്തില്‍ മിക്കവാറും എന്റെ ഫോട്ടോ ഉണ്ടാവും എന്നുപറഞ്ഞപ്പോള്‍ ഈ ചെക്കനെന്തു പറ്റിയെന്നോര്‍ത്തു ഞാന്‍. വീണ്ടും വീണ്ടും ചോദിച്ചപ്പോഴാണ് മണല്‍ കോരിയ കുറ്റത്തിന് പോലീസ് പിടിച്ചതും ഫൈന്‍ അടക്കാന്‍ കാശില്ലാതെ വിഷമിച്ചതും മണല്‍ വേട്ടയെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ വന്ന ഏതോ പത്രക്കാര്‍ പോലീസുകാര്‍ക്കൊപ്പം നിര്‍ത്തി ഫോട്ടോ എടുത്തതുമെല്ലാം അവന്‍ വിശദീകരിച്ചത്. മണല്‍ കോരുന്നതിനിടെ പോലീസ് വന്നതും ഓടരുതെന്ന് വിളിച്ചു കൂവി പോലീസുകാര്‍ പിറകെ കൂടിയതും, കൂടെയുള്ളവരെല്ലാം ഓടി രക്ഷപ്പെട്ടപ്പോള്‍ അവന്‍ മാത്രം നിന്നതും, അവന്റെ ദാരിദ്ര്യവും സങ്കടവുമെല്ലാം അറിയുന്ന നാട്ടുകാരനും ഞങ്ങളുടെ പഴയ ചങ്ങാതിയുമായ എസ് ഐ താനെന്തിനാ നിന്നത് തനിക്കും ഓടാമായിരുന്നില്ലേ എന്നു ചോദിച്ചതുമെല്ലാം അവന്‍ സ്വതസിദ്ധമായ തമാശയിലൂടെ പറയുന്നത് കേട്ടപ്പോള്‍ ചിരി വന്നുപോയി. സമ്പത്തും സുഖവും ദാരിദ്ര്യവും പട്ടിണിയുമെല്ലാം വീതം വെച്ചു കൊടുത്തപ്പോള്‍ സുഖവും സന്തോഷവും ചിലര്‍ക്കു മാത്രം കൊടുത്ത്, എന്നെ പോലുള്ളവര്‍ക്കെന്നും സങ്കടവും ദാരിദ്ര്യവും മാത്രം തന്ന പടച്ചവന്‍ ശരിയല്ല എന്നു പറഞ്ഞു ചിരിച്ചു കൊണ്ട് കൈവീശി ഞങ്ങളെ യാത്രയാക്കുമ്പോള്‍ അവന്റെ കണ്ണുകള്‍ നനഞ്ഞിരുന്നു.


Next Story

Related Stories