TopTop
Begin typing your search above and press return to search.

കുട്ടികളെ പറത്തിക്കളിക്കുന്ന മാതാപിതാക്കളോട്

കുട്ടികളെ പറത്തിക്കളിക്കുന്ന മാതാപിതാക്കളോട്

ഡോ. അരുണ്‍ ബി നായര്‍

കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് മാധ്യമങ്ങളില്‍ വന്ന ഒരു വാര്‍ത്ത മനസ്സാക്ഷിയുള്ള എവരെയും ഞെട്ടിച്ചു. കേവലം പതിനൊന്നു മാസം മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ അതിന്റെ മാതാപിതാക്കള്‍ പാരഗ്ലൈഡിംഗ് എന്ന വിനോദത്തിനു വിധേയമാക്കിയതായിരുന്നു ആ വാര്‍ത്ത! തന്റെ കുട്ടിക്ക് അത് താങ്ങാനാകും എന്ന് ആ രക്ഷിതാവ് പറഞ്ഞതായും പത്രങ്ങളില്‍ കണ്ടു. 'എത്ര മനോഹരമായ കേരളം' എന്നാണ് ഈ വാര്‍ത്ത വായിച്ചപ്പോള്‍ മനസ്സില്‍ തോന്നിയത്.

എന്തായിരിക്കാം തങ്ങളുടെ കുഞ്ഞിനെക്കൊണ്ട് ഇങ്ങനെയൊരു കാര്യം ചെയ്യാന്‍ ആ രക്ഷിതാക്കളെ പ്രേരിപ്പിച്ചത്? മാറി വരുന്ന സാമൂഹ്യ കാഴ്ചപ്പാടുകളുടെ ഒരു പ്രതിഫലനമാണോ ഈ സംഭവം? അതോ ഒരു ഒറ്റപ്പെട്ട അനിഷ്ട സംഭവമായിക്കരുതി ഇതിനെ അവഗണിക്കാമോ? പാരഗ്ലൈഡിംഗ് ചെയ്ത ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ആള്‍ എന്ന റെക്കോര്‍ഡ് തങ്ങളുടെ കുഞ്ഞിനു കിട്ടണമെന്നായിരിക്കുമോ ആ രക്ഷിതാക്കള്‍ ആഗ്രഹിച്ചിരിക്കുക? അതോ ജീവിതത്തിലെ പ്രതിസന്ധികള്‍ നേരിടാനുള്ള പരിശീലനം വളരെ ചെറുപ്രായത്തിലെ കുഞ്ഞിനു നല്‍കിയതാകുമോ? അറിയില്ല. പക്ഷെ ഒരു കാര്യം വ്യക്തം. നിയമപരമായി നോക്കിയാലും മന:ശാസ്ത്രപരമായി വിശകലനം ചെയ്താലും ഈ രക്ഷിതാക്കളുടെ പ്രവര്‍ത്തി 'ബാല പീഡനം' (Child Abuse) എന്ന് പറയാവുന്ന ഒന്നാണ്. പോലീസ് ഈ രക്ഷിതാക്കളുടെ പേരില്‍ കേസ് എടുത്തതാണ് ഒടുവില്‍ കിട്ടിയ വാര്‍ത്ത.സാഹസികത എക്കാലത്തും മനുഷ്യനെ വളരെയേറെ ആകര്‍ഷിച്ച ഒന്നാണ്. സാഹസികത കൈമുതലായുള്ള കോമിക് നായകന്മാരെയും ചലച്ചിത്ര താരങ്ങളെയുമൊക്കെ ജനങ്ങള്‍ ഏറെ ആരാധിച്ചിരുന്നുവെന്നതും സത്യം.എന്നാല്‍ സാഹസികത മൂലം അപകടത്തില്‍പ്പെട്ടു ജീവനോ ആരോഗ്യമോ നഷ്ടപ്പെടെണ്ടിവന്ന താരങ്ങളുടെ കഥയും നമുക്ക് സുപരിചിതമാണ്. സുഹൃത്ത് ബൈക്ക് മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗത്തില്‍ ഓടിച്ചപ്പോള്‍ ബൈക്കിന്റെ പുറകിലിരുന്നു സ്പീഡോമീറ്റര്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ അപകടത്തില്‍പ്പെട്ടു തെറിച്ചു വീണു തല ചിതറിപ്പോയ ഒരു കൌമാരക്കരനെയും എനിക്കറിയാം.ഏതു പ്രായത്തിലാണ് ഒരു കുട്ടി സാഹസികത ആസ്വദിക്കാന്‍ തുടങ്ങുന്നത്? എന്തായാലം പതിനൊന്നു മാസത്തിലാകാന്‍ തരമില്ല എന്ന് സാമാന്യ ബുദ്ധിയുള്ള ഏതു മനുഷ്യനും അറിയാം. ഒരു കുട്ടിയുടെ വളര്‍ച്ചയില്‍ വിവിധ ഘട്ടങ്ങളുണ്ട്. ശാരീരിക വളര്‍ച്ചക്ക് സമാന്തരമായി മാനസിക, വൈകാരിക, ബൗദ്ധിക വളര്‍ച്ചകളും സംഭവിക്കുന്നുണ്ട്. എന്നാല്‍ ഒരു വയസില്‍ താഴെയുള്ള കുട്ടി പ്രധാനമായും ചുറ്റും കാണുന്ന കാര്യങ്ങള്‍ നിരീക്ഷിച്ചു മനസ്സിലാക്കാന്‍ ശ്രമിച്ചു തുടങ്ങുന്ന ഘട്ടത്തിലാണ്. ഈ ഘട്ടത്തില്‍ അധികം വേദനയോ ഞെട്ടലോ ഉണ്ടാകാത്ത രീതിയിലുള്ള സ്വാഭാവിക അനുഭവങ്ങളായിരിക്കും കുട്ടിയുടെ വളര്‍ച്ചക്ക് നല്ലത്. ഈ പ്രായത്തില്‍ ഉണ്ടാകുന്ന വേദനാജനകമായ അനുഭവങ്ങള്‍ കുഞ്ഞിന്റെ മാനസിക നിലയെ ദീര്‍ഘകാല അടിസ്ഥാനത്തില്‍ തന്നെ ദോഷകരമായി ബാധിക്കാന്‍ സാധ്യതയുണ്ട്. അമിത ഉത്കണ്ഠ, വിഷാദരോഗം തുടങ്ങിയ വൈകാരിക പ്രശ്‌നങ്ങളും അമിതവികൃതി, പിരുപിരുപ്പ്, അക്രമവാസന തുടങ്ങിയ പെരുമാറ്റ പ്രശ്‌നങ്ങളും ശ്രദ്ധക്കുറവ്, ഏകാഗ്രതയില്ലായ്മ തുടങ്ങി പഠനത്തെ ബാധിക്കുന്ന പ്രശ്‌നങ്ങളുമൊക്കെ കുട്ടിക്കാലത്ത് അമിത സമ്മര്‍ദ്ദം അനുഭവിക്കേണ്ടി വന്ന കുട്ടികളില്‍ കൂടുതലായി കണ്ടുവരുന്നുണ്ട്.

ബാല്യത്തിന്റെ ഉത്തരാര്‍ദ്ധത്തിലോ കൌമാരത്തിന്റെ ആദ്യഘട്ടത്തിലോ മാത്രമേ സാഹസിക കര്‍മ്മങ്ങള്‍ ആസ്വദിക്കാനുള്ള വൈകാരിക പാകത കുട്ടികള്‍ക്ക് വരികയുള്ളു. ഒരു സാഹസിക കര്‍മ്മത്തില്‍ ഏര്‍പ്പെടുമ്പോള്‍ രക്തത്തിലേക്ക് അഡ്രിനാലിന്‍, നോര്‍ അഡ്രിനാലിന്‍ തുടങ്ങിയ രാസപദാര്‍ത്ഥങ്ങള്‍ അമിതമായി ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. ഇത് ഹ്രദയമിടിപ്പ്, രക്തസമ്മര്‍ദ്ദം തുടങ്ങിയ ജൈവ പ്രവര്‍ത്തനങ്ങളുടെ തോത് വര്‍ധിപ്പിക്കും. ഒരു വയസില്‍ താഴെ പ്രായമുള്ള ഒരു കുട്ടിക്ക് ഈ സംഗതികള്‍ ശാരീരിക, ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകാം.കേരളത്തില്‍ ഇന്ന് ഏതു സംഗതികള്‍ക്കും പരിശീലനം കൊടുക്കുന്ന കേന്ദ്രങ്ങളുണ്ട്. വിവാഹത്തിന് മുന്‍പ് പ്രീ മാരിറ്റല്‍ കൌണ്‍സിലിംഗ് കൊടുക്കുന്ന രീതി ചില സമുദായങ്ങളിലുണ്ട്. എന്നാല്‍ കുട്ടികളെ എങ്ങനെ നന്നായി വളര്‍ത്താം എന്ന പരിശീലനം അത്ര സാര്‍വത്രികമല്ല. ലോകത്തിലെ ഏറ്റവും ശ്രമകരമായ ജോലിയാണ് 'പേരന്ടിംഗ്' അഥവാ 'കുട്ടികളെ വളര്‍ത്തല്‍'. വ്യക്തമായ ധാരണയും കൃത്യമായ ആസൂത്രണവും ഏറെ സമര്‍പ്പണവും ആവശ്യമുള്ള ഒരു കാര്യമാണിത്. കുട്ടികളെ സൂപ്പര്‍മാന്മാരക്കാനുള്ള ശ്രമത്തിനിടയില്‍ അവര്‍ക്കുണ്ടാകുന്ന ശാരീരിക, മാനസിക പ്രശ്‌നങ്ങള്‍ ഒരു ജീവിതം തന്നെ തകര്‍ക്കാന്‍ കാരണമായേക്കാം. അതുകൊണ്ട് തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുന്ന ഈ ഏര്‍പ്പാട് അവസാനിപ്പിക്കാം. കുട്ടികള്‍ സ്വാഭാവികമായ അന്തരീക്ഷത്തില്‍ കളിച്ചു വളരട്ടെ. അവരെ അതിനനുവദിക്കൂ.

(തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സൈക്ക്യാട്രി വിഭാഗത്തില്‍ അസി.പ്രൊഫസറാണ് ലേഖകന്‍)


Next Story

Related Stories