TopTop
Begin typing your search above and press return to search.

ചൈന പേടിക്കുന്നത് സ്വന്തം ജനതയെ തന്നെയാണ്

ചൈന പേടിക്കുന്നത് സ്വന്തം ജനതയെ തന്നെയാണ്

ആദം മിന്റര്‍
(ബ്ലൂംബര്‍ഗ് ന്യൂസ്)

ഒരു പതിറ്റാണ്ടിലധികം ചൈനയില്‍ താമസിക്കുകയും അവരുടെ സമ്പന്നമായ പൊതുമാധ്യമങ്ങള്‍ ഉപയോഗിക്കുകയും ചെയ്യുന്നതിനിടയില്‍ എന്റെ മനസ്സില്‍ ഏറ്റവും കൂടുതല്‍ തവണ ഉയര്‍ന്നു വന്ന ചോദ്യം ഇതായിരുന്നു -ഏത് മരത്തലയനാണ് ഇവിടെയുണ്ടായിരുന്ന ഓണ്‍ലൈന്‍ പോസ്റ്റ് സെന്‍സര്‍ ചെയ്തത്, അത്രമാത്രം അപകടകരമായതെന്താണാവോ ആ പോസ്റ്റിലുണ്ടായിരുന്നത് ?

എന്റെയീ നിരാശയില്‍ ഞാന്‍ തനിച്ചായിരുന്നില്ല. സോഷ്യല്‍ മീഡിയകള്‍ കമ്പ്യൂട്ടറും ഇന്റര്‍നെറ്റുമുള്ള ഏതൊരാള്‍ക്കും വിനോദം, കായീകം, രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങളിലുള്ള തങ്ങളുടെ അഭിപ്രായം ജനങ്ങള്‍ക്കു മുന്നില്‍ തുറന്നുപറയാനുള്ള സാമൂഹിക സാഹചര്യമൊരുക്കിയെങ്കിലും ഈ അഭിപ്രായ സ്വാതന്ത്ര്യത്തിലുള്ള പരിമിതികള്‍ അനുഭവിച്ചറിയാത്ത ഉപഭോക്താക്കള്‍ വളരെ കുറവാണ്. ചരിത്രത്തിലാദ്യമായ് ചൈനീസ് ജനത ഒന്നടങ്കം നേരിടുന്ന പ്രതിബന്ധമായ് സ്വന്തം ഭരണകൂടം മാറിയിരിക്കുകയാണ്. ഇത്തരത്തിലുള്ള രാഷ്ട്രീയ നീക്കങ്ങളുടെ ഉത്തരവാദിത്ത്വം ചൈനീസ് ഭരണകൂടം മാത്രമല്ല സോഷ്യല്‍ മീഡിയകളും പേറുന്നുണ്ടെന്നാണ് ഹാര്‍വര്‍ഡ് യൂനിവേര്‍സിറ്റിയിലെ ഒരു സംഘം ഗവേഷകര്‍ സയന്‍സ് മാസികയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നത്.

ചൈനയിലെ സെന്‍സര്‍ഷിപ്പ് സ്വകാര്യ പൊതുമേഖലകളുടെ പങ്കാളിത്തത്തിലാണ് നടക്കുന്നത്, ഭരണകൂടം നിര്‍ണ്ണയിക്കുന്ന പരിധിക്കുള്ളില്‍ നിന്നുകൊണ്ട് കറങ്ങിത്തിരിയാന്‍ മാത്രമേ ഇന്റര്‍നെറ്റ് കമ്പനികള്‍ക്ക് സാധിക്കുകയുള്ളൂ. തലതിരിഞ്ഞ രീതിയിലുള്ളൊരു ഭീഷണിയാണിത്: സര്‍ക്കാറിന്റെ താളത്തിനൊത്ത് തുള്ളിയില്ലെങ്കില്‍ രാജ്യ ദ്രോഹികളെ സഹായിക്കുന്നുവെന്ന കുറ്റമാരോപിച്ച് കമ്പനി അടച്ചിടാം. ഉപയോക്താക്കള്‍ക്ക് ഓണ്‍ലൈന്‍ ചര്‍ച്ചകളില്‍ ഏര്‍പ്പെടാന്‍ സൌകര്യമൊരുക്കുന്ന ഒരു വ്യാജ ഇന്റര്‍നെറ്റ് ബുള്ളെറ്റിന്‍ (BBS) സ്ഥാപിച്ചു കൊണ്ടാണ് ഹാര്‍വര്‍ഡ് സംഘം തങ്ങളുടെ പഠനം നടത്തിയത്. ഈ ബുള്ളറ്റിന്‍ പ്രവര്‍ത്തിക്കുന്ന സോഫ്റ്റ്‌വെയറില്‍ സെന്‍സറിങ്ങ് സാങ്കേതിക വിദ്യ ഉപയോഗിച്ചിരുന്നില്ല (കമ്പനി അടച്ചു പൂട്ടാതെ പോകണമെങ്കിലിത് നിര്‍ബന്ധമാണ്). സര്‍ക്കാറിന്റെ സെന്‍സറിംഗ് നടപ്പിലാക്കാന്‍ മറ്റുള്ള ഉപഭോക്താക്കള്‍ തിരഞ്ഞെടുത്ത സാങ്കേതിക വിദ്യ ഏതെന്നറിയാന്‍ ഗവേഷകര്‍ വെബ് ഹോസ്റ്റിംഗ് കമ്പനിയെ സമീപിച്ചു. സര്‍ക്കാര്‍ എജന്‍സികളും, ഉദ്യോഗസ്ഥരും നല്‍കിയ സൂചകപദങ്ങള്‍ സോഫ്റ്റ്‌വെയറിലേക്ക് ഫീഡ് ചെയ്തുകൊണ്ടാണ് ഭൂരിപക്ഷം ഇന്റര്‍നെറ്റ് കമ്പനികളും ഈ സെന്‍സറിംഗ് നടത്തുന്നത്. സൂചകപദങ്ങളില്ലാത്ത പോസ്റ്റുകള്‍ സ്വീകരിക്കപ്പെടുകയും മറ്റുള്ളവ പരിശോധനക്കു വെക്കുകയോ അല്ലെങ്കില്‍ അപ്രത്യക്ഷമാവുകയോ ചെയ്യും. പഠനത്തില്‍ കണ്ടെത്തിയ വിവരങ്ങള്‍ മുഴുവനും പുതുമയുള്ളതൊന്നുമല്ല. ചൈനയിലെ ഏറ്റവും വലിയ സെര്‍ച്ച് എഞ്ചിനായ ബൈഡുവില്‍ നിന്നും ചോര്‍ത്തിയ ഇന്റര്‍നെറ്റ നിരീക്ഷണത്തിനും സെന്‍സര്‍ഷിപ്പിനും വേണ്ടിയുള്ള മാര്‍ഗനിര്‍ദ്ദേശകരേഖകളാണ് ലേഖനത്തില്‍ കൂടുതലായും ഉള്ളത്.

ബെസ്റ്റ് ഓഫ് അഴിമുഖം

ഉയ്ഗുര്‍ വേട്ട: ന്യൂനപക്ഷാവകാശങ്ങള്‍ ചൈനയുടെ കണ്ണില്‍
മുന്‍ പി ബി അംഗത്തിനെതിരെ അഴിമതി അന്വേഷണം (ചൈനയിലാണ്)
ചൈനക്കാര്‍ കുറേക്കാലം ജീവിക്കും; പക്ഷേ ആവതില്ലാതെ...
ടിയാനന്‍മെന്‍ വിപ്ലവകാരികള്‍ ഇപ്പോളെവിടെ?
ചൈനയുടെ കളിഭ്രാന്ത്

സോഷ്യല്‍ മീഡിയ നിരീക്ഷിക്കാനും അന്വേഷണഫലം മേലുദ്യോഗസ്ഥരെ അറിയിക്കാനുമായ് 20 ലക്ഷത്തോളം ഇന്‍റര്‍നെറ്റ് ഒപീനിയന്‍ അനലിസ്റ്റുകള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരം 2013 ല്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മാധ്യമങ്ങള്‍ തന്നെയാണ് പുറത്തു വിട്ടത്. ഇത്രയധികം ജനങ്ങളെ ബാക്കിയുള്ള പൌരന്മാരെ നിരീക്ഷിക്കാന്‍ വേണ്ടി മാത്രം നിയമിക്കുക എന്ന കാര്യം ചിന്തിച്ചു നോക്കിയാല്‍ തന്നെ സംഭവത്തിന്റെ ഗൗരവം നമുക്ക് മനസ്സിലാകും. ഇതിനുള്ള ചിലവെല്ലാം വഹിക്കേണ്ടി വരുന്നത് പാവം ഇന്റര്‍നെറ്റ് കമ്പനികളും. അത്രമാത്രം കഷ്ടപ്പെട്ട് ചൈനീസ് സര്‍ക്കാര്‍ സെന്‍സര്‍ ചെയ്യാന്‍ ശ്രമിക്കുന്നത് എന്താണ് ? പോസ്റ്റുകള്‍ നീക്കം ചെയ്യപ്പെടുന്നതിനു മുമ്പ് കാണാനുള്ള ഉപാധി കണ്ടെത്തിയ ഗവേഷകരുടെ കൈയിലുണ്ട് ഈ ചോദ്യത്തിനുള്ള ഉത്തരം. സര്‍ക്കാറിനെ കുറ്റപ്പെടുത്താനുള്ള അവകാശമൊക്കെ ചൈനയില്‍ എല്ലാവര്‍ക്കുമുണ്ട്, പക്ഷെ ഒരേ ചിന്താഗതിക്കാരുമായി കൂട്ടു കൂടാനോ, ചര്‍ച്ച നടത്താനോ സാധ്യമല്ല. 'കളക്ടീവ് ആക്ഷന്‍' എന്നതുമായ് സാമ്യമുള്ള കൂട്ട പ്രകടനം, ബഹുജന സമ്മേളനം, ഓണ്‍ലൈന്‍ കാമ്പയിന്‍ തുടങ്ങിയ വാക്കുകളടങ്ങിയ പോസ്റ്റുകള്‍ സൂര്യോദയം കാണില്ല. എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ കസ്റ്റമര്‍ കെയറിലേക്ക് വിളിക്കുകയെന്ന നിര്‍ദ്ദേശമാണ് കമ്പനികള്‍ നല്‍കുന്നത്.ഡിജിറ്റല്‍ യുഗത്തിന്റെ വളര്‍ച്ചയില്‍ പ്രധാനപ്പെട്ട പങ്കു വഹിച്ച ചൈന ഭരണത്തില്‍ പിടിച്ചു തൂങ്ങാന്‍ വേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്ത കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ കെണിയിലകപ്പെട്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെയാണ് ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന ചൈനീസ് സോഷ്യല്‍ മീഡിയകള്‍ അടിമകളെപ്പോലെ തലകുമ്പിട്ട്, തമ്പ്രാന്‍ നല്‍കുന്ന കഞ്ഞിയും കുടിച്ച് ചൈനയെന്ന വലിയ പാടത്തിന്റെ വരമ്പു മുറിച്ചു കടക്കാന്‍ പറ്റാതെ ആകാശം നോക്കി അയവിറക്കുന്നത്.


Next Story

Related Stories