TopTop
Begin typing your search above and press return to search.

ചൈനക്കാര്‍ കുറേക്കാലം ജീവിക്കും; പക്ഷേ ആവതില്ലാതെ...

ചൈനക്കാര്‍ കുറേക്കാലം ജീവിക്കും; പക്ഷേ ആവതില്ലാതെ...

ആഡം മിന്‍റര്‍
(ബ്ലൂംബര്‍ഗ്)

ശിഷ്ടജീവിതം ആരോഗ്യത്തോടെ കഴിച്ചുകൂട്ടണമെങ്കില്‍ നിങ്ങള്‍ ബീജിങ്ങില്‍ താമസിക്കരുത്. ഈ നഗരത്തിലെ ജനങ്ങളുടെ ശരാശരി ജീവിത ദൈര്‍ഘ്യം അമേരിക്കയിലേതിനേക്കാള്‍ കൂടുതലാണെന്നത് ശരി തന്നെ. എന്നാല്‍, ബീജിങ്ങിലെ സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്ഡ് പ്രിവെന്‍ഷന്‍ പുറത്തുവിട്ട വിവരങ്ങള്‍ അനുസരിച്ച് ഈ നഗരത്തിലെ ഒരു ശരാശരി 18 വയസ്സുകാരന്‍ തന്റെ ശിഷ്ടജീവിതത്തിന്റെ 40 ശതമാനത്തോളം വരുന്ന നീണ്ട കാലയളവ് പൂര്‍ണ ആരോഗ്യവാനല്ലാതെയാവും കഴിച്ചുകൂട്ടേണ്ടി വരിക. കാന്‍സര്‍, ഹൃദ്രോഗം, വാത സംബന്ധിയായ രോഗങ്ങള്‍ എന്നിവയ്ക്കൊപ്പം മറ്റനേകം രോഗങ്ങളാവും അവരെ കാത്തിരിക്കുന്നത്.

ഏറെ വയസ്സാവുന്ന ഒരു ജനത എന്തൊക്കെയാണെങ്കിലും നല്ല ആരോഗ്യമുള്ളവരായിരിക്കണമല്ലോ. ഡബ്ല്യു‌ എച്ച്‌ ഒ യുടെ 2011-ലെ കണക്കനുസരിച്ച് ചൈനീസ് പൌരന്‍മാര്‍ക്ക് 71 വയസ്സു വരെ ആയുര്‍ദൈര്‍ഘ്യം ഉണ്ട്. കമ്മ്യൂണിസ്റ്റ് പാര്ട്ടി ആദ്യമായി അധികാരത്തിലെത്തിയ 1949ലെ ചൈനയുടെ ശരാശരി ആയുര്‍ദൈര്‍ഘ്യത്തിന്റെ ഇരട്ടിയിലധികമാണിത്.പക്ഷേ, ഒരു സമൂഹത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ജീവിത ദൈര്‍ഘ്യം കൂട്ടിയിട്ട് മാത്രം കാര്യമില്ല. ഡബ്ല്യു എച്ച് ഒയും മറ്റ് പല പൊതുജനാരോഗ്യ പ്രസ്ഥാനങ്ങളും, സാധാരണനിലയില്‍ അസുഖങ്ങളില്ലാതെ ആരോഗ്യത്തോടെ ജീവിക്കാവുന്ന ഒരു ജീവിതകാലം തീര്‍ച്ചപ്പെടുത്താനായി “ഹെല്‍ത്ത് അഡ്ജസ്റ്റഡ് ലൈഫ് എക്സ്പെക്റ്റന്‍സി” (HALE)അഥവാ ആരോഗ്യ സംതുലിതമായ ആയുര്‍ ദൈര്‍ഘ്യം എന്നൊരാശയം രൂപീകരിച്ചിട്ടുണ്ട്. വികസിത രാജ്യങ്ങളിലെ ഉയര്ന്ന ജീവിതനിലവാരവും ചികിത്സാ-ആരോഗ്യ സംവിധാനങ്ങളും കണക്കിലെടുത്തുകൊണ്ട് അവിടങ്ങളിലെ പരമ്പരാഗത ജീവിത ദൈര്‍ഘ്യവും HALE അനുസരിച്ചുള്ള ആയുര്‍ദൈര്‍ഘ്യവും തമ്മിലുള്ള വ്യത്യാസം 8 മുതല്‍ 12 വര്ഷം വരെ ആണെന്ന് ലാന്‍സെറ്റ് 2012 ഇല്‍ പുറത്തിറക്കിയ ഒരു പഠനത്തില്‍ പറയുന്നു. ഉദാഹരണത്തിന്, 2010ല്‍ ജപ്പാനിലെ പുരുഷന്മാരുടെ HALE ആയുര്‍ദൈര്‍ഘ്യം 70.6 വര്‍ഷവുംപരമ്പരാഗത ആയുര്‍ ദൈര്‍ഘ്യം 79.3 വര്‍ഷവുമാണ്. അവിടത്തെ സ്ത്രീകളുടെ HALE കണക്ക് 75.5 വര്‍ഷവും നിലവിലേത് 85.9 വര്‍ഷവും ആണ്.

എന്നാല്‍, വികസ്വര രാഷ്ട്രങ്ങളില്‍ മികച്ച ചികിത്സാസൌകര്യങ്ങളുടെ അഭാവം മൂലം ഈ വ്യത്യാസം കുറഞ്ഞുവരുന്നു. ലാന്‍സെറ്റ് കണക്കുകള്‍ പ്രകാരം 2010ലെ ചൈനീസ് പുരുഷന്മാരുടെ HALE 65.5ഉം നിലവിലുള്ള പ്രതീക്ഷിത ജീവിതദൈര്‍ഘ്യം 72.9ഉം സ്ത്രീകളുടേത് യഥാക്രമം 70.4ഉം 79ഉം ആണ്.ചൈനയിലെ മറ്റിടങ്ങളെ അപേക്ഷിച്ച് ജീവിതനിലവാരവും പോഷകാഹാരത്തിന്റെ ലഭ്യതയും ചികിത്സാ സൌകര്യങ്ങളും ഏറെ മികച്ച ബീജിങ്ങില്‍ ഈ കണക്കുകള്‍ പ്രകാരം HALEഉം നിലവിലുള്ള ആയുര്‍ദൈര്‍ഘ്യവും തമ്മിലുള്ള വ്യത്യാസം കൂടിയിരിക്കും എന്നതായിരുന്നു 2012ല്‍ നഗരത്തിലെ 6040 പേരുടെ ഇടയില്‍ ഈ വിഷയത്തില്‍ സര്‍വേ നടത്താന്‍ തീരുമാനിച്ചപ്പോള്‍ ഡിസീസ് കണ്‍ട്രോള്‍ ആന്ഡ് പ്രിവെന്‍ഷന്‍ സെന്‍റര്‍ അധികൃതര്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, യഥാര്‍ഥത്തിലുള്ള കണക്കുകള്‍ ഞെട്ടിപ്പിക്കുന്നവയായിരുന്നു. ഇവിടത്തെ ആയുര്‍ദൈര്‍ഘ്യം ഉയര്‍ന്നെങ്കിലും HALE അനുപാതം സാരമായി ഇടിഞ്ഞിരുന്നു. സെന്‍ററിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിന്റെ സംക്ഷിപ്ത വിവരണം സൂചിപ്പിക്കുന്നത്, 18 വയസ്സുള്ള ഒരു ബീജിങ്ങുകാരന്റ്റെ ആയുര്‍ദൈര്‍ഘ്യം 80 ഉം HALE 61.4ഉം 18 വയസ്സുള്ള ഒരു പെണ്‍കുട്ടിയുടേത് യഥാക്രമം 84ഉം 56.06ഉം ആണ്. അതായത്, ഈ പെണ്‍കുട്ടിക്ക് തന്റെ ജീവിതത്തിന്റെ ഏതാണ്ട് 41 ശതമാനം വരുന്ന 28 വര്‍ഷങ്ങള്‍ അനാരോഗ്യവതിയായാണ് ജീവിക്കേണ്ടി വരിക.

ഈ കണക്കുകള്‍ മുഴുവന്‍ ജനസംഖ്യയെ കുറിച്ചുള്ളതാണ്. വ്യക്തികളെ പറ്റിയല്ല. എങ്കിലും, 2012ല്‍ ലാന്‍സെറ്റ് സര്‍വേ നടത്തിയ 100ലധികം രാജ്യങ്ങളില്‍ മറ്റൊന്നു പോലും HALEഉം ആയുര്‍ദൈര്‍ഘ്യവും തമ്മില്‍ ഇത്ര വലിയൊരു വ്യത്യാസം രേഖപ്പെടുത്തുന്നില്ല.എന്താകാം ഈ കണക്കുകള്‍ക്ക് പിന്നിലെ കാരണങ്ങള്‍? ഈ സെന്‍റര്‍ അതിനെക്കുറിച്ച് എന്തെങ്കിലും ചിന്തിക്കാനെ തയ്യാറായിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. മറിച്ച്, നിരന്തരമായ വ്യായാമത്തിലൂടെ ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കാമെന്ന് മാത്രമാണവര്‍ വെബ്സൈറ്റിലൂടെ ജനങ്ങളോട് പറയുന്നത്. 2013ല്‍ ഒരാധികാരിക പഠനം ചൂണ്ടിക്കാണിച്ച അന്തരീക്ഷ മലിനീകരണവും ബീജിങ്ങിലെ ആരോഗ്യതകര്‍ച്ചയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചോ, മറ്റൊരു പഠനം കണ്ടെത്തിയ വടക്കന്‍ ചൈനയിലെ കല്‍ക്കരി ഉപയോഗത്തിന്റെ ആരോഗ്യവശങ്ങളെക്കുറിച്ചോ ഒന്നു സൂചിപ്പിക്കുക പോലും അവര്‍ ചെയ്യുന്നില്ല.

അന്തരീക്ഷ മലിനീകരണത്തോടൊപ്പം ജല മലിനീകരണം, ഭക്ഷ്യവിഭവങ്ങളിലെ മാലിന്യം, കൃത്രിമ മരുന്നുകള്‍ എന്നിങ്ങനെ നിരവധി ഘടകങ്ങളാണ് ബീജിങ്ങിലെ ആരോഗ്യത്തിന് ഭീഷണി ഉയര്‍ത്തുന്നത്. ത്വരിതഗതിയില്‍ വയസ്സായിക്കൊണ്ടിരിക്കുന്ന ഈ നഗരത്തിലെ ജനതയുടെ ആരോഗ്യനിലവാരം ഇടിയുന്നതിനും ചികിത്സാ ചെലവുകള്‍ ഗണ്യമായി വര്‍ധിക്കുന്നതിനും ഈ പ്രശ്നങ്ങള്‍ കാരണമാവുന്നു.

തങ്ങളുടെ നഗരത്തില്‍ ഒരു മലിനീകരണ പ്രശ്നമുണ്ടെന്ന് തിരിച്ചറിയാന്‍ ബീജിങ്ങിന് ഇതിലധികം എന്തു സൂചനകളാണ് വേണ്ടത്? ഒന്നു ജനാല തുറന്നു നോക്കിയാല്‍ നഗരാധ്യക്ഷര്‍ക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ ഈ പ്രശ്നങ്ങള്‍. തങ്ങളുടെ പ്രതിച്ഛായ നഷ്ടമാകുന്നതിനും അപ്പുറം ഗൌരവതരമായ ഒരു പ്രശ്നം ഈ നഗരം നേരിടുന്നുണ്ടെന്ന് സെന്ററിന്റെ കണക്കുകള്‍ കൊണ്ടെങ്കിലും അവര്‍ക്ക് ബോധ്യമായേക്കാം. തങ്ങളെയും തങ്ങളുടെ കുടുംബങ്ങളേയും മുഴുവന്‍ നഗരത്തെയും സാരമായി ബാധിക്കുന്ന ഒരു നിര്‍ണായക ആരോഗ്യപ്രശ്നം തങ്ങളുടെ മൂക്കിന്‍ തുമ്പത്തു വളര്‍ന്നുകൊണ്ടിരിക്കുന്നു എന്ന്‍ ഇനിയെങ്കിലും അവര്‍ തിരിച്ചറിഞ്ഞേ മതിയാവൂ.


Next Story

Related Stories