TopTop
Begin typing your search above and press return to search.

പ്രതീക്ഷയറ്റ ചൈനീസ് നീതിവ്യവസ്ഥയും നീതി നിഷേധത്തിന്റെ കോടതിയും

പ്രതീക്ഷയറ്റ ചൈനീസ് നീതിവ്യവസ്ഥയും നീതി നിഷേധത്തിന്റെ കോടതിയും

വില്യം വാന്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)


ചൈനയിലെ നിയമ വ്യവസ്ഥ വളരെ നിരാശാജനകമാണ്. കുറ്റം ആരോപിക്കപ്പെടുന്ന 99.9 ശതമാനം ആളുകളും നിയമത്തിനു മുന്നില്‍ കുറ്റവാളികളായി മാറുന്ന അവസ്ഥയാണ് ചൈനയില്‍. ലോകത്തിലെ മുഴുവന്‍ രാജ്യങ്ങളുടെയും വാര്‍ഷിക വധശിക്ഷാ കണക്കുകള്‍ കൂട്ടിയാലും ചൈനയില്‍ നടപ്പിലാക്കുന്ന അത്രയും വരില്ല എന്നതാണു യാഥാര്‍ഥ്യം.

നിര്‍ബന്ധിത കുറ്റസമ്മതം നടക്കുന്നതു കൊണ്ടാണ് ചൈനയില്‍ ഇത്രയുമധികമാളുകള്‍ ശിക്ഷിക്കപ്പെടുന്നത്. അങ്ങനെയാണ് എട്ടു വര്‍ഷം മുന്‍പ്, കുറ്റം ചെയ്യാതിരുന്നിട്ടു പോലും പലചരക്ക് കടയുടമയായ നിയാന്‍ ബിനിന്‍ ശിക്ഷ നേരിടേണ്ടി വന്നത്.

പോലീസ് കയ്യാമം വെച്ച് തന്നെ അറസ്റ്റ് ചെയ്യുകയാണുണ്ടായതെന്ന് ബിന്‍ പറഞ്ഞു. പിന്നീട് പോലീസ് അയാളെ മുളവടികൊണ്ട് വാരിയെല്ലില്‍ തുരുതുരെ അടിക്കുകയും, വയര്‍ വരിഞ്ഞു കെട്ടി ചുറ്റിക കൊണ്ട് മര്‍ദ്ദിക്കുകയും ചെയ്തു. പല്ലു കൊണ്ട് നാക്ക് മുറിച്ച് കളയാനും രക്തം വാര്‍ന്നെങ്കിലും മരിച്ചാല്‍ മതിയെന്നതുമായിരുന്നു തന്റെ അപ്പോഴത്തെ അവസ്ഥയെന്ന് ബിന്‍ ഓര്‍മിക്കുന്നു. ഭീഷണിപ്പെടുത്തി തന്റെു ഭാര്യയെ ചോദ്യം ചെയ്യുകയും ചെയ്തു. അതോടെ അയല്‍വാസിയേയും രണ്ടു കുട്ടികളെയും വിഷം കൊടുത്തു കൊന്നത് താനാണെന്ന് സമ്മതിക്കേണ്ടി വന്നു.

നാലു തവണ വിചാരണയും മൂന്നു തവണ അപ്പീലും സുപ്രീം കോടതിയുടെ വിശകലനത്തിനുമൊടുവില്‍ എട്ടു വര്‍ഷത്തിനു ശേഷം ബിന്‍ കുറ്റവിമുക്തനായി. വധശിക്ഷയില്‍ നിന്നും രക്ഷപ്പെട്ട ചുരുക്കം ചില ആളുകളിലൊരാളാണ് നിയാന്‍ ബിന്‍.

കൃത്യമായ തെളിവുകള്‍ നിരത്തി സൂക്ഷ്മ പരിശോധനകള്‍ നടത്തി പഴുതുകള്‍ കണ്ടെത്തിയാണ് ബിന്നിന്റെ വക്കീലിന് ഈ ചരിത്ര വിജയം നേടാനായത്. ചൈനയുടെ നിയമ വ്യവസ്ഥിതിയില്‍ നടന്നു കൊണ്ടിരിക്കുന്ന മാറ്റങ്ങളെയാണ് ഈ കേസ്സ് സൂചിപ്പിക്കുന്നതെന്ന് നിയമ വിദഗ്ധര്‍ വിലയിരുത്തുന്നു.


എന്നാല്‍ ഈ മാറ്റങ്ങള്‍ എത്ര കാലം നിലനില്‍ക്കുമെന്ന കാര്യത്തില്‍ പലരും സംശയം രേഖപ്പെടുത്തി. നിയാന്‍ പുറത്തു വന്നു എങ്കിലും എത്ര കാലത്തേക്കാകുമത് എന്ന കാര്യത്തില്‍ ആര്‍ക്കും ഒരുറപ്പുമില്ല.


വധശിക്ഷയ്ക്ക് വിധിച്ച പലരേയും പോലെ നിയാനെയും പോലീസ് എപ്പോഴും പ്രഹരിച്ചു കൊണ്ടേയിരുന്നു. വര്‍ഷങ്ങളോളം കൈകള്‍ ചങ്ങലയ്ക്കിട്ട് കാലുകളോട് കൂട്ടികെട്ടി. നിരത്തിയിട്ട പാത്രങ്ങളില്‍ നിന്നും പട്ടികളെ പോലെ കുനിഞ്ഞിരുന്നാണ് ഭക്ഷണം കഴിച്ചത്. കുറഞ്ഞ ശിക്ഷ ലഭിക്കുന്ന തടവുകാരാണ് പല്ലു തേയ്പ്പിക്കലും വസ്ത്രം മാറ്റലും കുളിപ്പിക്കലുമൊക്കെ ചെയ്തിരുന്നത്. കയ്യിലെ വേദന കാരണം പല രാത്രികളും ഉറങ്ങാതെ കഴിച്ചു കൂട്ടേണ്ടി വന്നിട്ടുണ്ട്.

'ഞാന്‍ നേരം പുലരുന്നതിനെ വല്ലാതെ ഭയന്നിരുന്നു. സഹ തടവുകാരെ വധശിക്ഷയ്ക്ക് പോലീസുകാര്‍ കൊണ്ടു പോകുമ്പോള്‍ എനിക്കു പേടിയായിരുന്നു. അടുത്ത പകല്‍ എനിക്കു കാണാന്‍ സാധിക്കുമോ എന്ന ചിന്തയായിരുന്നു ഓരോ രാത്രിയിലും' നിയാന്‍ പറഞ്ഞു

ചൈനയുടെ വടക്കന്‍ തീരത്തുള്ള മത്സ്യബന്ധന ദ്വീപായ പിങ്ട്ടണില്‍ 2007 ജൂലായ്27 ന്നായിരുന്നു നിയാന്റെ അയല്‍വാസിയായ ഡിങ് യുങ് കൊല്ലപ്പെട്ടത്. മരണം സംഭവിച്ചതിന്റെ തലേന്ന് ഉച്ചയ്ക്ക് വീട്ടുടമസ്ഥനും അവരുടെ മകളും ഡിങ്ങിന്റെ കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കുകയുണ്ടായി. മണിക്കൂറുകള്‍ക്ക് ശേഷം പത്തും എട്ടും വയസ്സുള്ള കുട്ടികള്‍ തളര്‍ന്നു വീണു. അടുത്ത ദിവസം അവര്‍ മരിച്ചു.

ചോദ്യം ചെയ്യാന്‍ വേണ്ടി നിയാനെ പോലീസ് അറസ്റ്റ് ചെയ്യുകയും ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ നിയാന്‍ കുറ്റക്കാരനാണെന്ന് സ്ഥാപിച്ചു കേസ്സ് അവസാനിപ്പിക്കുകയും ചെയ്തു. കച്ചവടരംഗത്തെ വിരോധമാണ് കൊലയ്ക്ക് പിന്നിലെന്ന് പോലീസ് പ്രസ്താവിച്ചു. ഡിങ്ങിന്റെ വീട്ടില്‍ നുഴഞ്ഞു കയറി ഭക്ഷണം പാകം ചെയ്യുന്ന പാത്രത്തില്‍ എലി വിഷമിട്ട് കൊല നടത്തുകയായിരുന്നു നിയാന്‍ എന്നു പോലീസ് പറഞ്ഞു.

പോലീസ് പ്രസ്താവനയ്ക്കു ശേഷം മരിച്ച കുട്ടികളുടെക്ഷുഭിതരായ ബന്ധുക്കള്‍ നിയാന്റെ് വീട് ആക്രമിച്ചു. നിയാന്റെ മാതാപിതാക്കളും, ഭാര്യയും നാലു വയസ്സുള്ള കുട്ടിയും അവിടെ നിന്നു ഓടി രക്ഷപെട്ടു.

പോലീസിന്റെസ വാദം തെറ്റാണെന്നു നിയാന്റെ സഹോദരി നിയാന്‍ ജിയാന്‍ലാറന്‍ പറഞ്ഞു. എട്ടു കുട്ടികളുള്ള തങ്ങളുടെ കുടുംബത്തിലെ ഏറ്റവും ദൈവഭക്തിയും കുടുംബ സ്‌നേഹവുമുള്ള വ്യക്തി നിയാനാണെന്ന് അവര്‍ പറഞ്ഞു.

നിയാന്റെ നിരപരാധിത്വം തെളിയിക്കാന്‍ വേണ്ടിയുള്ള എല്ലാ കാര്യങ്ങളും ചെയ്തത് ഇവരാണ്. ഒരു കെമിക്കല്‍ കമ്പനിയുടെ അകൗണ്ടന്റാണ് നിയാന്റെ സഹോദരി. നിയമ കാര്യങ്ങളെ കുറിച്ച് അറിവില്ലാഞ്ഞിട്ടു പോലും കഴിഞ്ഞ എട്ടു വര്‍ഷമായി നിയമ വിദഗ്ദ്ധരുടെ സഹായത്തോടെ നിയാന്റെ കേസിന് വേണ്ട എല്ലാ തെളിവുകളും കണ്ടെത്തി നിയാനെ പുറത്തു കൊണ്ടുവരാന്‍ ശ്രമിച്ചത് ഇവരാണ്. നാല്‍പ്പതു വയസ്സുകാരിയായ ജിയാന്‍ലാല്‍ കേസ് നടത്താന്‍ വേണ്ടി സ്വന്തം ജോലി ഉപേക്ഷിക്കുകയും വിവാഹ ജീവിതം വേണ്ട എന്നു വെക്കുകയും ചെയ്തു.

'ഈ കേസ്സ് തന്നെയാണ് എന്റെ ജീവിതം' അവര്‍ പറഞ്ഞു.
നിയാന്‍ കേസുമായി ബന്ധപ്പെട്ട് രണ്ടായിരത്തിലധികം പേജുകളുള്ള ഫോറന്‍സിക് റിപ്പോര്‍ട്ട് , ദൃക്‌സാക്ഷികളുടെ വെളിപ്പെടുത്തലുകള്‍, കോടതിയുടെ രേഖകള്‍, നാലു മണിക്കൂറിലധികമുള്ള കേസ് വിസ്താര വീഡിയോകള്‍, സംഭവസ്ഥലത്തില്‍ നിന്നെടുത്ത മുന്നൂറിലധികമുള്ള ചിത്രങ്ങള്‍ എന്നിവ വാഷിംഗ്ടണ്‍ പോസ്റ്റ് പരിശോധന നടത്തി.നിയാന്റെ നിര്‍ബന്ധിത കുറ്റ സമ്മതത്തില്‍ സൂചിപ്പിച്ച, കൊല ചെയ്യാനുപയോഗിച്ച വിഷം വിതരണം ചെയ്ത മനുഷ്യനെ കുറിച്ചുള്ള വിവരണങ്ങള്‍ തെറ്റാണെന്നു കേസ് വാദിച്ച ആദ്യത്തെ വക്കീല്‍ ചൂണ്ടി കാണിച്ചു. നിയാന്റെ വിവരണവും കോടതിയില്‍ ഹാജരാക്കിയ മനുഷ്യനും തമ്മില്‍ നല്ല വ്യത്യാസമുണ്ടെന്നും മരണത്തിനു കാരണമായ വിഷം ഇയാള്‍ വിതരണം ചെയ്യാറില്ലെന്നും അയാള്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ കോടതിക്ക് ഈ തെളിവുകള്‍ മതിയായിരുന്നില്ല. 2008ല്‍ നിയാന്‍ കുറ്റക്കാരനാണെന്ന് സ്ഥാപിക്കുകയും വധശിക്ഷ വിധിക്കുകയും ചെയ്തു.

ചൈനയിലെ മിക്ക ക്രിമിനല്‍ കേസുകളില്‍ സംഭവിക്കുന്നത് ഇതു തന്നെയാണ്. പ്രതിഭാഗം വക്കീലിന് പോലീസുകാര്‍ ശേഖരിച്ച ഫോറന്‍സിക് റിപ്പോര്‍ട്ടുകളോ മറ്റു തെളിവുകളോ കൈമാറാന്‍ അവര്‍ തയ്യാറായിരുന്നില്ല. കേസ് അന്വേഷകരെ ചോദ്യം ചെയ്യാനുള്ള അവസരവും നിഷേധിച്ചിരുന്നു. നിയാന്റെ വക്കീല്‍ സ്വതന്ത്രമായി ഫോറെന്‍സിക് റിപ്പോര്‍ട്ടുകള്‍ ഹാജരാക്കിയെങ്കിലും കോടതിയുടെ മുന്നില്‍ അതൊന്നും മതിയായ തെളിവുകളായിരുന്നില്ല.

നിബന്ധിത കുറ്റസമ്മതത്തെ കുറിച്ച് പ്രത്യക്ഷമായി വക്കീലിനു കോടതിയില്‍ പരാമര്‍ശം നടത്താന്‍ സാധിക്കുകയില്ല. മറിച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യമായ നടപടിക്രമങ്ങള്‍ സ്വീകരിച്ചില്ല എന്നു മാത്രം സൂചിപ്പിച്ചു കൊണ്ടിരുന്നു. ഭയം കൊണ്ടു മാത്രമാണു നിര്‍ബന്ധിത കുറ്റസമ്മതത്തെ കുറിച്ച് കോടതിയില്‍ പറയാന്‍ ആരും തയ്യാറാകാത്തത്.

1979 മുതല്‍ നിര്‍ബന്ധിത കുറ്റസമ്മതം നടത്തുന്നത് ചൈനയില്‍ നിയമ വിരുദ്ധമാക്കിയതാണ്. കേസിന്റെ് ഭാഗമായി ചോങ്ഗിങ് പോലീസ് തന്റെ് കക്ഷിയെ പ്രഹരിച്ചു നിര്‍ബന്ധിതമായി കുറ്റസമ്മതം നടത്താന്‍ പ്രേരിപ്പിച്ചു എന്നു വാദിച്ച വക്കീലിനെ രണ്ടു വര്‍ഷത്തേക്ക് തടവിലാക്കിയ ചരിത്രമാണ് ചൈനയിലുള്ളത്. അതിനാല്‍ ഇതിനെ പ്രത്യക്ഷമായി ചോദ്യം ചെയ്യാന്‍ എല്ലാരും ഭയക്കുന്നുണ്ട്.

നിയാനെ തടവിലാക്കിയതിന് ശേഷം നല്ലൊരു വക്കീലിനെ കണ്ടെത്താന്‍ വേണ്ടി ജീന്‍ലാന്‍ ബീജിങ്ങിലേക്ക് പോയി. അവിടെ വെച്ചാണ് സാങ് യാങ്ഗ്‌ശെങ് എന്ന വക്കീലിനെ കണ്ടെത്തിയത്. ബീജിങ്ങ് ലോയര്‍ അസ്സോസിയേഷന്റെ മുന്‍ ഡയറക്ടറും ജഡ്ജിയുമായ സാങ്ങിന്റെ നിയമ പാടവം വളരെ പ്രശസ്തമാണ്.


'ഒരു സ്ത്രീ ആയതിനാല്‍ അവര്‍ക്ക് ഞാന്‍ കടന്നു പോകുന്ന പ്രശ്‌നങ്ങളെ കുറിച്ച് നന്നായി മനസ്സിലാക്കാന്‍ പറ്റുമെന്ന് ഞാന്‍ വിശ്വസിച്ചു' ജീന്‍ലാന്‍ പറഞ്ഞു. വര്‍ഷങ്ങളോളം നീണ്ടു നിന്ന നിയാന്റെ കേസിന്റെ ഭാഗമായ ഇടപെടലിനു ശേഷം അഭിഭാഷകക്ഷി ബന്ധത്തിനപ്പുറം ഒരു കുടുംബം പോലെ ആയി ആ രണ്ടു സ്ത്രീകള്‍.

ഒരു വര്‍ഷത്തിനു ശേഷം യാങ് കേസിന് വേണ്ടി ഫീസ് വാങ്ങുന്നത് അവസാനിപ്പിച്ചു. മുപ്പതിലധികം അഭിഭാഷകരെയും ഫോറെന്‍സിക് വിദഗ്ദരെയും ഈ കേസിന്റെ ആവശ്യത്തിനായി അവര്‍ കൂടെ വിളിച്ചു.


'ഇതു ധാര്‍മികതയുടെ വിഷയമാണ്. നമ്മളീ കേസ്സ് മുന്നോട്ട് കൊണ്ടുപോയില്ലെങ്കില്‍ വേറെ ആരും ഇതു ചെയ്യാന്‍ പോകുന്നില്ല' അഭിഭാഷകയായ യാങ് പറഞ്ഞു.

കേസിലെ പാളിച്ചകള്‍ യാങ് സൂക്ഷമ പരിശോധന നടത്തി. ചോറ് കഴിച്ച ആളുകളല്ല മറിച്ച് മീന്‍ കഴിച്ച ആളുകളാണ് മരിച്ചതെന്ന് യാങ് കണ്ടെത്തി. പോലീസ് സമര്‍പ്പിച്ച തെളിവുകളിലും സംഭവ സ്ഥലത്തു നിന്നു ലഭിച്ച മറ്റു വിവരണങ്ങളിലും അപാകതകളുണ്ടെന്ന് യാങ് ചൂണ്ടിക്കാട്ടി.

നിയാന്റെ നിര്‍ബന്ധിത കുറ്റസമ്മതത്തിനെതിരെ യാങ് ശക്തമായി വാദിച്ചു. നിയാന്റെ വിചാരണ നടത്തുന്ന വീഡിയോ ടേപില്‍ ആദ്യത്തെ 11 മിനിറ്റ് വരെ നിയാന്‍ നിശബ്ദനായിരിക്കുകയാണെന്നും ശേഷം കാമറയുടെ കോണ്‍ മാറുകയും പിന്നീട് നിയാന്‍ കുറ്റസമ്മതം നടത്തുന്നത് രേഖപ്പെടുത്തുകയുമാണ് ചെയ്തിരിക്കുന്നത്. അതില്‍ നിയാന്‍ കരഞ്ഞു അവശനായിരിക്കുന്നതായി സ്പഷ്ടമായിരുന്നു. വിചാരണയ്ക്കിടയില്‍ രണ്ടു മണിക്കൂറിന്റെ വിടവുണ്ടെന്ന് യാങ് സൂചിപ്പിച്ചു. ഈ ഇടവേളയിലാണ് നിയാനെ പോലീസ് മര്‍ദ്ദിച്ചതും അയാളുടെ ഭാര്യയെ ഭീഷണിപ്പെടുത്തിയതും.

യാങ്ങിന്റെ ഈ ഇടപെടല്‍ മൂലം നിയാന്റെ കേസില്‍ രണ്ടാമതൊരു വിചാരണയ്ക്ക് കോടതി ഉത്തരവിട്ടെങ്കിലും അത് ഫലം കണ്ടില്ല. ഇത്തരത്തിലുള്ള രണ്ടാം വിചാരണകള്‍ നടത്തുന്നത് ആദ്യത്തെ ജഡ്ജിമാരും അഭിഭാഷകരും പോലീസ്സുകാരുമായതിനാല്‍ കേസ്സില്‍ ഒരു ഭേദഗതിക്കും സാധ്യത ഇല്ലാതാകുകയാണെന്ന് പല രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നു. അപ്പീലുകള്‍ ഒന്നിനു പുറകെ ഒന്നായി സമര്‍പ്പിച്ചെങ്കിലും വധശിക്ഷയില്‍ നിന്നു നിയാന് രക്ഷ ഉണ്ടാകില്ല എന്നു തെളിഞ്ഞു വന്നു. എങ്ങനെയെങ്കിലും മരണം കൊണ്ട് എല്ലാം അവസാനിച്ചാല്‍ മതിയായിരുന്നു എന്നു വരെ എത്തി നിയാന്റെ മാനസികനില.

ജയില്‍വാസ സമയത്ത് നിയാന്റെ അച്ഛന്‍ മരിച്ചു. അമ്മ വാര്‍ദ്ധക്യ സംബന്ധിയായ അസുഖങ്ങളാല്‍ കിടപ്പിലായി. ഈ അവസരത്തില്‍ ജീന്‍ലാന്‍ ഒരു ബൈബിള്‍ നിയാന് അയച്ചു കൊടുത്തു. എന്നും ബൈബിളിന്റെ പേജുകളില്‍ നിയാന്റെ അവശമായ വിരലുകള്‍ പരതികൊണ്ടെയിരുന്നു.
'ജീവിതത്തില്‍ ഒരു പ്രതീക്ഷയായിരുന്നു എനിക്കത്' നിയാന്‍ പറഞ്ഞു. ഈ സമയത്ത് ചൈനയിലെ നിയമ വ്യവസ്ഥകളില്‍ മാറ്റങ്ങള്‍ വരുത്തണമെന്നാവശ്യപ്പെട്ടുള്ള സമ്മര്‍ദ്ദങ്ങള്‍ നടന്നു കൊണ്ടിരിക്കുകയായിരുന്നു. നിയാന്റെ കേസ്സിനോടൊപ്പം തന്നെ 18 വര്‍ഷം മുന്‍പ് ബലാത്സംഘം ചെയ്തു കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഒരു യുവാവിന്റെ കേസ്സിനെ പറ്റിയുമായിരുന്നു പൊതു ചര്‍ച്ച. ഈ രണ്ടു കേസിലും നിര്‍ബന്ധിത കുറ്റസമ്മതമാണ് നടത്തിയെത്തിയതെന്നും വധശിക്ഷ പിന്‍വലിക്കണമെന്നുമായിരുന്നു പൊതു ആവശ്യം.

സമ്മര്‍ദ്ദം കാരണം നിലവിലുള്ള എല്ലാ വധശിക്ഷകളെയും പുന:പരിശോധന നടത്താന്‍ സുപ്രീം കോടതി ഉത്തരവിട്ടു.

ഇത്തവണ അന്വേഷണ ഉദ്യോഗസ്ഥരെ വിചാരണ ചെയ്യാനും സ്വതന്ത്ര ഫോറന്‍സിക് ശാസ്ത്രജ്ഞരെ വച്ച് തെളിവെടുക്കാനുമുള്ള അവസരം നിയാന്റെ അഭിഭാഷകര്‍ക്ക് ലഭിച്ചു. ഇതോടൊപ്പം നിര്‍ബന്ധിത കുറ്റസമ്മതത്തിനെതിരേയും സമര്‍പ്പിച്ച തെളിവുകള്‍ക്കെതിരെ വാദിക്കാനും നിയാന്റെ അഭിഭാഷകയായ യാങ്ങിന് സാധിച്ചു.

പോലീസിന്റെ പ്രസ്താവനകളിലെ വൈരുദ്ധ്യങ്ങളും തെളിവെടുപ്പിലെ പ്രശ്‌നങ്ങളും യാങ്ങിന്റെ് സംഘം കൃത്യമായി തെളിയിച്ചു. പോലീസ് ആദ്യം സംശയിച്ചത് നിയാനെ ആയിരുന്നില്ല മറ്റൊരാളെ ആയിരുന്നു എന്നും നിര്‍ബനന്ധിച്ച് കുറ്റസമ്മതം നടത്തിയതായിരുന്നുവെന്നും അവര്‍ വാദിച്ചു.
2013,ജൂലൈ 13നു പൊലിസിന്റെ കയ്യിലുള്ള തെളിവുകളായ 13 സ്ലൈഡുകള്‍ യാങ്ങിന് കൈമാറി. ഫ്‌ലൂറോസെട്ടേറ്റ് എന്ന വിഷം ഭക്ഷണം ഉണ്ടാക്കിയ പാത്രത്തിലും മരിച്ചവരുടെ ശരീരത്തിലും കണ്ടെത്തി എന്നായിരുന്നു പൊലിസിന്റെ വാദം. എന്നാല്‍ വിദഗ്ധ പരിശോധനയില്‍ അതില്‍ പ്രശ്‌നങ്ങളുണ്ടെന്ന് യാങ് കണ്ടെത്തി. അപ്പീല്‍ കൊടുത്തത്തിന് ശേഷം വീണ്ടും ഫൂജിയാന്‍ ഹൈക്കോടതിയില്‍ വിചാരണ നടത്തുകയും കേസ്സ് തല്‍ക്കാലത്തേക്ക് നിര്‍ത്തി വെക്കുകയും ചെയ്തു.

ആറു മാസങ്ങള്‍ക്കു ശേഷം ഫോറന്‍സി്ക് റിപ്പോര്‍ട്ടുകള്‍ വിദഗ്ധ പരിശോധനയ്ക്ക് വേണ്ടി ചൈനയ്ക്ക് പുറത്തുള്ള ഏതെങ്കിലും അധികാരികള്‍ക്ക് അയക്കാന്‍ യാങ് തീരുമാനിച്ചു. ജീന്‍ലാന്റെ അഭിപ്രായം മാനിച്ച് അവരത് ഹോങ്കോങ്ങിലെ വിരമിച്ച രസതന്ത്രജ്ഞനായ മോക് കിങ് കുയെനിന് അയച്ചു കൊടുത്തു. തെളിവുകളിലെ പാളിച്ചകള്‍ അദ്ദേഹം ചൂണ്ടിക്കാണിച്ചു. മരിച്ചയാളുടെ ഹൃദയത്തില്‍ നിന്നുള്ള രക്തവും ഛര്‍ദി യും പരിശോധിച്ച രേഖകളില്‍ അപാകതകളുണ്ടെന്ന് അദ്ദേഹം കണ്ടെത്തി. രണ്ടിനും വേണ്ടി ഒരു പരിശോധന മാത്രം നടത്തി രണ്ടു രേഖകള്‍ ഉണ്ടാക്കുകയാണ് പോലീസ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. മാത്രവുമല്ല പരിശോധനകള്‍ നടത്തിയ തീയതിക്കു മുന്‍പ് തന്നെ ഫോറെന്‍സിക് റിപ്പോര്‍ട്ടുകള്‍ പോലീസ് കെട്ടിച്ചമച്ച് എഴുതുകയാണ് ചെയ്തത്.ഈ തെളിവുകള്‍ ഹാജരാക്കിയതിനെ തുടര്‍ന്നു കോടതി നിയാനെ വെറുതെ വിട്ടു. പോലീസ് തന്റെ കൈവിലങ് അഴിച്ച ഉടനെ നിയാന്‍ തന്റെ സഹോദരിയെ ആലിംഗനം ചെയ്തു കൊണ്ട് താന്‍ നിരപരാധിയാണെന്ന് ഉറക്കെ വിളിച്ചു പറഞ്ഞു.

ഇത്രയും കാലയളവിന് ശേഷവും, നിയാന്റെ അഭിഭാഷക സമര്‍പ്പിച്ച ഈ തെളിവുകളുടെ പേരില്‍ നിയാന്‍ ജയില്‍ വിമുക്തനായി എന്നതു ചൈനയുടെ ചരിത്രത്തില്‍ വളരെ പ്രാധാന്യം അര്‍ഹിക്കുന്ന കേസാണ്. എങ്കിലും ഈ മാറ്റം പ്രതീക്ഷ നല്‍കുന്നില്ല എന്നും ചൈനയുടെ നിയമ വ്യവസ്ഥയില്‍ ഇനിയുമൊരുപാട് ഇടപെടലുകള്‍ ആവശ്യമുണ്ടെന്നും പല നിയമ വിദഗ്ദ്ധരും അഭിപ്രായപ്പെട്ടു. നിലവിലുള്ള കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിനെതിരെയുള്ള അതൃപ്തിയും രോഷവും അവര്‍ പ്രകടിപ്പിച്ചു.

'ഒരു കുടുംബത്തിന്റെ വര്‍ഷങ്ങളോളമുള്ള സഹനവും, പ്രതികൂല സാഹചര്യത്തിലും അഭിഭാഷകയുടെ ആത്മാര്‍ഥവുമായ ഇടപെടലും കാരണം മാത്രമാണു ഈ വിജയം ഉണ്ടായത്. സത്യം തെളിയിക്കാന്‍ ഇത്രയും പ്രയത്‌നങ്ങള്‍ ആവശ്യമാണ് എന്നതു ലജ്ജാകരമായ അവസ്ഥയാണ്' മനുഷ്യാവകാശ സംഘടനയിലെ ഗവേഷകയായ മായ വാങ് പറഞ്ഞു.

നിലനില്‍ക്കുന്ന വ്യവസ്ഥിതിയുടെ നീതി നിഷേധത്തിന്റെ യഥാര്‍ത്ഥ മുഖം പുറത്തു വന്നതു കേസ്സിന്റെ അവസാന ഘട്ടത്തില്‍ മാത്രമാണ്. പുറത്തിറങ്ങിയിട്ടും നിയാന്‍ പ്രശ്‌നങ്ങള്‍ അനുഭവിക്കുകയാണ്.

അദ്ദേഹത്തിന് പാസ്സ്‌പോര്‍ട്ട് നിഷേധിച്ചു. വിചാരണ അവസാനിച്ച കേസ്സില്‍ നിയാനെതിരെ പോലീസ് വീണ്ടും അന്വേഷണം നടത്തി വരികയാണ്. ഏതു നിമിഷവും നിയാനെ അറസ്റ്റ് ചെയ്യാന്‍ പൊലിസ്സിന് അധികാരമുണ്ട്. 'നമ്മുടെ സമയം വളരെ മോശമാണ്. കള്ളത്തരങ്ങളെ തുറന്നു കാണിച്ചതിനാല്‍ പോലീസ് നമ്മുടെ ശത്രുക്കളായിരിക്കുകയാണ്' ജിയാന്‍ലാന്‍ പറഞ്ഞു.
ഇതു സൂചിപ്പിക്കാന്‍ ജിയാന്‍ലാന്‍ വീണ്ടും അഭിഭാഷകയെ സന്ദര്‍ശിച്ചു. നിയാന് നീതി നിഷേധിച്ചതിന്റെ പേരില്‍ നഷ്ടപരിഹാരം നല്‍കണമെന്നും അധികാരം ദുര്‍വിനിയോഗം ചെയ്തതിന് പോലീസുകാരെ ശിക്ഷിക്കണം എന്നും ആവശ്യപ്പെട്ട് യാങ് കോടതിയില്‍ പരാതി നല്‍കിയിരിക്കുകയാണ്.


മരിച്ചവര്‍ കഴിച്ച ഭക്ഷണത്തില്‍ (ചോറിലും മീന്‍ കറിയിലും) സ്വാഭാവികമായും വിഷം കലരാനുള്ള സാധ്യതയും തളിക്കളയാനാകില്ല എന്ന വാദവുമായി വീണ്ടും രസതന്ത്രജ്ഞന്‍ മുന്നോട്ട് വന്നിരിക്കുകയാണ്. ഈ തെളിവുകള്‍ ഭാവിയില്‍ ഉണ്ടായേക്കാവുന്ന പോലീസ് ഇടപെടലിന്റെ സമയത്ത് കോടതിയില്‍ ഹാജരാക്കാമെന്ന് യാങ് പറഞ്ഞു.

കോടതി വെറുതെ വിട്ടെങ്കിലും നിയാന്‍ കുറ്റക്കാരന്‍ തന്നെയാണെന്നാണ് മരിച്ച കുട്ടികളുടെ ബന്ധുക്കള്‍ വിശ്വസിക്കുന്നത്.

'അവനാണത് ചെയ്തത്. അല്ലാതെ വേറൊരു സാധ്യതയുമില്ല' മരിച്ച കുട്ടിയുടെ അമ്മ ഡിങ് ഫോണില്‍ നല്‍കിയ അഭിമുഖത്തില്‍ പ്രതികരിച്ചു. തന്റെ രണ്ടു മക്കളുടെ മരണത്തിനു കാരണക്കാരനായ നിയാന്‍ പുറത്തിറങ്ങി ജീവിക്കുന്നത് അനീതിയാണെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു .

ഇപ്പോള്‍ നിയാന് പുറത്തുള്ള ജീവിതവും പ്രശ്‌നഭരിതമായിരിക്കുകയാണ്. തനിക്കു വേണ്ടി ഇത്രയും കാലം നിയമ യുദ്ധം ചെയ്ത സഹോദരിയോടു ദേഷ്യപ്പെടുകയും സ്വന്തം മകനോടു അകല്‍ച്ച കാണിക്കുകയും ചെയ്യുകയാണ് നിയാന്‍. ഇരുമ്പിന്റെ വാതില്‍ ഉച്ചത്തില്‍ അടയുമ്പോളും സ്റ്റീല്‍ ഉപകരണങ്ങളുടെ ശബ്ദം കേള്‍ക്കുമ്പോഴും നിയാന്‍ അനിയന്ത്രിതമായി ക്ഷുഭിതനാകുന്നു . നിയാന്റെ മാനസിക നില ആകെ തകരാറിലാണ്.

നിയാന്റെ സഹോദരിയും യാങ്ങും കൂടി നിയാനെ ഒരു മനശാസ്ത്രവിദഗ്ദ്ധനെ കാണിച്ചു. ജയിലിലെ അനുഭവങ്ങളെ തുടര്‍ന്നുണ്ടായ മാനസികാഘാതമാണ് അയാളെ ഈ അവസ്ഥയിലെത്തിച്ചതെന്ന് ഡോക്ടര്‍ പറഞ്ഞു. നിയാന്റെ കുടുംബത്തിന് ചികില്‍സ ചെയ്യാനുള്ള സാമ്പത്തിക ശേഷിയില്ല. നിയാനെ സൗജന്യമായി ചികിത്സിക്കാമെന്ന് പറഞ്ഞു കൊണ്ട് ഹോങ് കോങ്ങിലെ ഒരു ഡോക്ടര്‍ മുന്നോട്ട് വന്നിരുന്നു. എന്നാല്‍ നിയമ തടസ്സം മൂലം നിയാന് രാജ്യം വിട്ടു പോകാന്‍ സാധിച്ചില്ല.

'എന്റെ ശരീരം മാത്രമാണ് ജയില്‍ വിട്ടത്, എന്റെ മനസ്സ് ഇപ്പോഴും അവിടെ കുടുങ്ങി കിടക്കുകയാണ്' നിയാന്‍ പറഞ്ഞു. എങ്ങനെയാണ് ഒരു കുറ്റം ചെയ്യാത്ത ഒരാളെ നിങ്ങള്‍ക്ക് എട്ടു വര്ഷം തടവിലാക്കാന്‍ കഴിയുക? നീതി കിട്ടും വരെ തനിക്കു സമാധാനം ഉണ്ടാകില്ല എന്നും നിയാന്‍ പറയുന്നു. ഇപ്പൊഴും നിയാന്റെ വിരലുകള്‍ ബൈബിളിലെ പേജുകളിലൂടെ പ്രതീക്ഷയോടെ എന്തോ തിരഞ്ഞു കൊണ്ടിരിക്കുകയാണ്.


Next Story

Related Stories