TopTop
Begin typing your search above and press return to search.

ടിബറ്റന്‍ സംസ്കാരത്തിന്റെ കളിത്തൊട്ടിലിനെ ‘വിമോചിപ്പിക്കാന്‍’ ചൈനീസ് പദ്ധതി

ടിബറ്റന്‍ സംസ്കാരത്തിന്റെ കളിത്തൊട്ടിലിനെ ‘വിമോചിപ്പിക്കാന്‍’ ചൈനീസ് പദ്ധതി

എമിലി റൌഹാല
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ടിബറ്റന്‍ കര്‍ഷകന്‍ ചുവരുകളില്‍ രണ്ടു ചിത്രങ്ങള്‍ തൂക്കിയിരിക്കുന്നു. മുന്‍വശത്ത് വെള്ളിനിറമുള്ള ചട്ടക്കൂടില്‍ ചൈനയുടെ പ്രസിഡണ്ട് ക്സി ജിന്‍പിങ് ചിരിക്കുന്നു. അകത്ത് യാക്ക് നെയ്യൊഴിച്ച് മുനിഞ്ഞു കത്തുന്ന വിളക്കിന്റെ വെളിച്ചത്തില്‍ ദലൈ ലാമ.

ഇവിടെ, ക്വിങ്ഗൈ എന്നു ചൈനീസിലും അംദോ എന്നു ടിബറ്റിനിലും വിളിക്കുന്ന ഈ പ്രദേശത്ത്,ടോങ്ഗ്റെന്‍ അഥവാ റെബ്കോങ് എന്ന ഈ പട്ടണത്തില്‍ ആരോടാണ് ചോദിക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും ഈ പരസപരബന്ധമില്ലാത്ത ജോഡികളുടെ അസ്തിത്വം. രണ്ടു ഛായാചിത്രങ്ങള്‍. രണ്ടു ഭാഷകള്‍. ഒരു പൊതു മുഖവും ഒരു സ്വകാര്യ മുഖവും.

ഈ വര്‍ഷം ഇന്നാട്ടുകാരുടെ ജീവിതത്തിലേക്ക് കൂടുതല്‍ കടന്നുകയറുന്ന 20 ഇന നിര്‍ദേശങ്ങളാണ് അധികൃതര്‍ നല്കിയിരിക്കുന്നത്. ടിബറ്റന്‍ സംസ്കാരത്തിന്റെ കളിത്തൊട്ടിലായിരുന്നു ഇവിടം. സന്യാസിമഠങ്ങളുടെ നഗരം. നാട്ടുകാര്‍ അഭിമാനത്തോടെ തദ്ദേശ ഭാഷ സംസാരിക്കുകയും തങ്ഗ്കാസ് എന്ന ചുരുളുകളില്‍ വരക്കുന്ന ചിത്രരചനാരീതിയുള്ള പ്രദേശം.

നിരവധി ടിബറ്റന്‍കാര്‍ പിതൃതുല്യനായി കാണുന്ന ദലൈ ലാമ ജനിച്ചത് ഇവിടെനിന്നും ഏറെ അകലെയല്ല. പരാജയപ്പെട്ട ഒരു ചൈനീസ് വിരുദ്ധ മുന്നേറ്റത്തിന് ശേഷം അദ്ദേഹം 1959-ല്‍ മലകള്‍ കടന്നു ഇന്ത്യയിലേക്ക് പലായനം ചെയ്തു. പിന്നീട് തിരിച്ചുവരവ് അനുവദിക്കപ്പെട്ടില്ല.

അദ്ദേഹത്തിന്റെ ജന്മനാടായ അംദോയിലും ടിബറ്റന്‍ പീഠഭൂമിയിലാകെയും ദലൈലാമയുടെ അസാന്നിധ്യം ഇപ്പൊഴും അസ്വസ്ഥതയുണര്‍ത്തുന്നു. ഈ കര്‍ഷകനെപ്പോലെ പലരും അദ്ദേഹത്തിന്റെ ചിത്രം അകത്തെ മുറിയില്‍ സൂക്ഷിക്കുന്നു. അല്ലെങ്കില്‍ പാസ്പോര്‍ട് വലിപ്പത്തിലുള്ള ഒരു ചിത്രം വസ്ത്രത്തിനിടയില്‍ വെക്കുന്നു. അവര്‍ അദ്ദേഹത്തിനായി പ്രാര്‍ത്ഥിക്കുന്നുണ്ട്.

പക്ഷേ പടിഞ്ഞാറന്‍ ഭാഗത്തുള്ള ടിബറ്റ് സ്വയംഭരണ മേഖലയിലെ നിയമങ്ങളെ അനുസ്മരിപ്പിക്കുന്ന ചൈനീസ് അധികൃതരുടെ പുതിയ ചട്ടങ്ങള്‍ ഇത്തരം ദൈനംദിന വിശ്വാസരീതികളെ ഭരണകൂടത്തിനെതിരായ കുറ്റമായാണ് കണക്കാക്കുന്നത്. മതപരമായ ആഘോഷങ്ങളില്‍ ദലൈലാമയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കരുതെന്ന് നിര്‍ദേശത്തില്‍ പറയുന്നു. പൊതുസ്ഥലങ്ങളില്‍ അദ്ദേഹത്തിന്റെ ചിത്രം കൊണ്ടുനടക്കരുത്.

നിര്‍ദേശങ്ങള്‍ പ്രകാരം മാതൃഭാഷ സംരക്ഷിക്കുക, ഭക്ഷ്യ സുരക്ഷ, സാക്ഷരത, വന്യജീവി സംരക്ഷണം എന്നിവ്ക്കുള്ള ടിബറ്റന്‍ ആഹ്വാനങ്ങളെല്ലാം വിഘടനവാദത്തിനുള്ള മറകളാണ്. അതുകൊണ്ടുതന്നെ ‘സാമൂഹ്യ ഭദ്രത’യ്ക്കു-രാഷ്ട്രീയ അടിച്ചമര്‍ത്തലുകള്‍ക്കുള്ള കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെ ന്യായീകരണം- എതിരും.ഇപ്പോള്‍ മലകളില്‍ മഞ്ഞുവീഴുന്ന കാലത്ത്, കര്‍ഷകര്‍ കൃഷിയിടങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുന്ന സമയത്ത്,‘ഭദ്രത നിലനിര്‍ത്താനുള്ള കാലമായി’ പ്രാദേശിക അധികൃതര്‍ ഇതിനെ കൊണ്ടാടുന്നു. കടുത്ത നിയന്ത്രണങ്ങള്‍ അസ്വസ്ഥമായ ശൈത്യകാലത്ത് സമാധാനം നിലനിര്‍ത്തുമെന്ന് അവര്‍ വിശ്വസിക്കുന്നു. എന്നാല്‍ കൂടുതല്‍ തീവ്രമായ നിയന്ത്രണങ്ങള്‍ പ്രതിഷേധം കൂട്ടുകയെ ഉള്ളൂവെന്ന് പലായനം ചെയ്ത ടിബട്ടുകാരും മനുഷ്യാവകാശ സംഘടനകളും വിദഗ്ദ്ധരും പറയുന്നു. റെബ്കൊങ്ങില്‍ ഇപ്പോള്‍ സംഭവിക്കുന്ന സുരക്ഷാ നടപടികള്‍ ലാഹ്സ അടക്കമുള്ള മറ്റ് ടിബറ്റന്‍ മേഖലകളെ ശ്വാസം മുട്ടിക്കുന്നതരം നിയന്ത്രണങ്ങളിലേക്കുള്ള പോക്കാണെന്ന് അവര്‍ ഭയക്കുന്നു.

“രാഷ്ട്രീയത്തെക്കുറിച്ചുള്ള ഈ സുരക്ഷാ കേന്ദ്രീകൃത ധാരണ മധ്യ ടിബറ്റില്‍ നിന്നും കിഴക്കന്‍ ടിബറ്റുവരെയുള്ളഭാഗങ്ങളിലേക്ക് വ്യാപിക്കുകയാണ്,” കൊളംബിയ സര്‍വ്വകലാശാലയിലെ ടിബറ്റന്‍ പഠനവിഭാഗം തലവന്‍ റോബര്‍ട് ബാര്‍നെറ്റ് പറഞ്ഞു. “ഇപ്പോള്‍ എല്ലാം ഭദ്രത നിലനിര്‍ത്തുന്നതിന് ചുറ്റുമാണ്-ടിബറ്റന്‍ ജീവിതത്തിലെ വലിയ പ്രമേയം അതായിരിക്കുന്നു.”

റെബ്കൊങ്ങില്‍ ജീവിതം മാറ്റങ്ങളിലൂടെയാണ് പോകുന്നത്.

ടിബറ്റന്‍ പീഠഭൂമിയുടെ കിഴക്കന്‍ അറ്റത്ത് താഴ്ന്ന കുന്നുകള്‍ക്കിടയിലുള്ള റെബ്കോങ് നിരവധി എഴുത്തുകാരുടെ ജന്മസ്ഥലമാണ്-നൂറ്റാണ്ടുകള്‍ പഴക്കമുള്ള റോങ്ഗ്വോ സന്യാസി മഠത്തിന്റെ ആസ്ഥാനവും.

സന്യാസി മഠം എത്രയോ നാളായി ഈ പട്ടണത്തിന്റെ കേന്ദ്രമായിരുന്നു. എന്നാലത് വളരെവേഗത്തില്‍ മാറുകയാണ്. 2008-ലെ ലാഹ്സ ഭൂകമ്പത്തെ തുടര്‍ന്ന് പ്രദേശത്തുണ്ടായ ത്വരിതഗതിയിലുള്ള കെട്ടിടനിര്‍മ്മാണത്തില്‍ സര്‍ക്കാര്‍ പല പൊതുസ്ഥലങ്ങളും പുതുക്കിപ്പണിതു. മഠത്തിന്റെ വാതില്‍ക്കലുള്ള ദോല്‍മ ചത്വരം മോടിപിടിപ്പിച്ചു.

സര്‍ക്കാര്‍ ധനസഹായത്തില്‍-തീര നഗരമായ ടിയാന്‍ജിന്‍ നഗരത്തില്‍ നിന്നുള്ള ഏറെ പരസ്യപ്പെടുത്തിയ- നഗരത്തിന്റെ മറുവശത്ത് രണ്ടാമതൊരു ചത്വരം കൂടി പണിതു. പുതിയ പാതകളും കിഴക്കുനിന്നുള്ള കുടിയേറ്റക്കാര്‍ക്ക് യോജിക്കും വിധത്തില്‍ കെട്ടിടങ്ങളും വന്നു.

ടിബറ്റിനെ ‘വിമോചിപ്പിക്കാനുള്ള’ സര്‍ക്കാരിന്റെ ശ്രമങ്ങളുടെ നേട്ടമായാണ് ഔദ്യോഗിക മാധ്യമങ്ങള്‍ ഇതിനെ കാണുന്നത്.

“അവര്‍ ഒരു രക്ഷകന്റെ വേഷത്തില്‍ അവതരിപ്പിക്കുകയാണ്,ടിബറ്റുകാരുടെ അഭ്യുദയകാംക്ഷി എന്ന നിലയില്‍,”ടിബറ്റന്‍ കവിയും എഴുത്തുകാരനുമായ വോയേസേര്‍ പറഞ്ഞു.

പക്ഷേ ഈ സര്‍ക്കാര്‍ നേതൃത്വത്തിലുള്ള വികസനത്തില്‍ നേടിയതെന്ത്, നഷ്ടപ്പെട്ടതെന്ത് എന്നതിനെക്കുറിച്ച് ചോദ്യങ്ങള്‍ ഉയരുന്നു.

“എല്ലാ നിര്‍മ്മാണങ്ങളുടെയും, പാതകളുടെയും, ഗുണഫലത്തിന്റെ ഭൂരിഭാഗവും കുടിയേറ്റക്കാര്‍ക്കാണ് ലഭിക്കുന്നത്,” പൌരസ്ത്യ ഗവേഷകന്‍ യാങ്ഡോണ്‍ ധോന്ദപ് പറയുന്നു. “തെരുവുകള്‍ നന്നായിട്ടുണ്ടെന്നത് ശരിതന്നെ. പക്ഷേ അതിലെ പണം ടിബറ്റന്‍കാര്‍ക്കല്ല ലഭിക്കുന്നത്.”

“റെബ്കോങ്ങും ലാഹ്സയുടെ അതേ വഴിക്കാണ് നീങ്ങുന്നത്. കുടിയേറ്റം മൂലം അടുത്തുതന്നെ അത് മറ്റേത് ചൈനീസ് നഗരത്തെപ്പോലെയുമാകും-അതാണ് ലക്ഷ്യവും. സാധ്യമാകുന്നിടത്തോളം ടിബറ്റന്‍ സ്വത്വത്തെ ദുര്‍ബ്ബലമാക്കുക.”

ഈ ഭയം നഗരത്തിലെ ചത്വരങ്ങളെയും തെരുവുകളെയും ചെറുത്തുനില്‍പ്പിന്റെ കേന്ദ്രങ്ങളാക്കിയിരിക്കുന്നു.

2010-ല്‍ ഔദ്യോഗിക വിനിമയ ഭാഷ ടിബറ്റനില്‍ നിന്നും ചൈനീസിലേക്ക് മാറ്റാനുള്ള ശ്രമത്തെ എതിര്‍ക്കാന്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ തെരുവിലിറങ്ങി. “ജനങ്ങള്‍ക്ക് സമത്വം; ഭാഷയ്ക്ക് തുല്യത”എന്നായിരുന്നു മുദ്രാവാക്യം.

റെബ്കൊങ്ങിലെ തെരുവുകളില്‍പ്രതിഷേധങ്ങള്‍ക്കിടയ്ക്ക് നടന്ന നിരവധി ആത്മാഹുതി ശ്രമങ്ങളില്‍ 140 പേരാണ് മരിച്ചത്. 2012-ലെ ശൈത്യകാലത്ത് ഒറ്റ മാസത്തില്‍ മാത്രമായി 6 പേരാണ് ആത്മാഹുതി നടത്തിയത്.

ഇതിനുശേഷം ചോര്‍ന്നുകിട്ടിയ ഒരു സര്‍ക്കാര്‍ നിര്‍ദേശത്തില്‍ ആത്മാഹുതി നടത്തിയവരുടെ കുടുംബങ്ങള്‍ക്കും അവരുടെ ജന്മ നഗരങ്ങള്‍ക്കുമുള്ള സര്‍ക്കാര്‍ സഹായങ്ങള്‍ നിഷേധിക്കാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു.

ഈ വര്‍ഷത്തെ ഉത്തരവ് ഒരുപടികൂടി കടന്നു. ആളുകള്‍ ആത്മാഹുതി നടത്തിയവര്‍ക്കായി സുഗന്ധത്തിരികള്‍ കത്തിക്കുന്നതും, പ്രാര്‍ത്ഥിക്കുന്നതും മൃഗബലി നടത്തുന്നതും നെയ് വിളക്കുകള്‍ കത്തിക്കുന്നതും അവരുടെ കുടുംബാംഗങ്ങള്‍ക്ക് അഭിവാദ്യം അര്‍പ്പിക്കുന്നതും നിരോധിച്ചിരിക്കുന്നു.

വിഘടനവാദികളെ ഭയപ്പെടുത്തി ഒതുക്കാനാണ് ഈ ഉത്തരവുകളിലൂടെ ശ്രമിക്കുന്നത്. എന്നാല്‍ ഇത് നേരെ വിപരീതഫലം ചെയ്യും എന്നാണ് തോന്നുന്നത്. പ്രാദേശിക സര്‍ക്കാരും ടിബറ്റന്‍ ജനതയും തമ്മിലുള്ള അകല്‍ച്ച ഇത് വര്‍ദ്ധിപ്പിക്കും.

ആസ്ട്രേലിയയിലെ വിക്ടോറിയ സര്‍വ്വകലാശാലയില്‍ ടിബറ്റന്‍ കലാപഠനകേന്ദ്രത്തിലെ മാര്‍ക് സ്റ്റീവന്‍സന്‍ പറയുന്നത് ഈ അകല്‍ച്ച റെബ്കോങ്ങില്‍ വര്‍ധിക്കുകയാണ് എന്നാണ്.

“ഇപ്പോള്‍ റെബ്കൊങ്ങില്‍ പട്ടണത്തില്‍ സര്‍ക്കാര്‍ മൂലയും സന്യാസിമാരുടെ മൂലയും ഉണ്ട്. വിഭാഗീയത രൂക്ഷമാവുകയാണ്.”


Next Story

Related Stories