TopTop
Begin typing your search above and press return to search.

ഒബാമയുടെ ചൈനീസ് അപരന്റെ ഉപജീവന മാര്‍ഗ്ഗങ്ങള്‍

ഒബാമയുടെ ചൈനീസ് അപരന്റെ ഉപജീവന മാര്‍ഗ്ഗങ്ങള്‍

എമിലി റൗഹല
(
വാഷിംഗ്ടന്‍ പോസ്റ്റ്)


ചൈനയിലെ ഷിയാവോ ജീഗുഒയ്ക്ക് തന്റെ പുരികങ്ങള്‍ ആണ് ഇന്നെല്ലാം. കുടിയേറ്റ തൊഴിലാളിയില്‍ നിന്നും അഭിനേതാവായി മാറിയ ഷിയാവോയ്ക്കു യുഎസ് പ്രസിഡന്‍റ് ബരാക് ഒബാമയുടെ ഔന്നത്യമുണ്ടായേക്കില്ല. കയ്യിലുള്ള പരിമിതമായ ഇംഗ്ലീഷ് ഭാഷ കൊണ്ട് ഒബാമയുടെ പ്രത്യേക താളത്തിലുള്ള പ്രസംഗം അനുകരിക്കാനും എളുപ്പമല്ല.

അതുകൊണ്ട് തന്നെ ഒബാമയെ അഭിനയിച്ചു ഫലിപ്പിക്കാന്‍ ചില പൊടിക്കൈകള്‍ ഉണ്ട് 29-കാരനായ ഷിയാഓയുടെ കയ്യില്‍: ആലോചനയിലാഴുമ്പോള്‍ ഉള്ള, ഗാംഭീര്യം വിടാത്ത ആ പുരികം ചുളിക്കല്‍. ഇടക്ക് കൂര്‍പ്പിച്ച നോട്ടം; 'നമുക്ക് എപ്പോള്‍ വേണമെങ്കിലും ഉപയോഗിക്കാവുന്ന നോട്ടം ആണത്,' കഴിഞ്ഞ ആഴ്ച ഒരു സിനിമാ സെറ്റില്‍ കണ്ടപ്പോള്‍ ഷിയാഓ പറഞ്ഞു. ഒപ്പം കീഴ്ത്താടിയുടെ ആ സ്വതസിദ്ധമായ വെട്ടിക്കലിലൂടെ ഗൗരവഭാവത്തില്‍ നിന്ന് സംശയാലുമട്ടിലേക്ക് മാറി.

ഷിയാഓ പുരികങ്ങള്‍ ഒന്നു കൂടെ ചുളിപ്പിച്ചു. 'പെട്ടെന്നു ഒന്നും പറയാന്‍ കിട്ടാതെ വന്നാല്‍ ഇങ്ങനെ നിന്നാല്‍ മതി'.

'ബ്രദര്‍ ഒബാമ', 'ബ്രദര്‍ മാ' എന്നൊക്കെ താന്‍ വിളിക്കുന്ന അമേരിക്കന്‍ പ്രസിഡന്റിനെ നേരിട്ടു കണ്ടിട്ടില്ലെന്ന് ഇദ്ദേഹം പറയുന്നു. യുഎസിനെ കുറിച്ച് ടിവിയില്‍ കാണാറുണ്ട്, 'ദി മമ്മി' (1999) എന്നിങ്ങനെ ചില ഹോളിവുഡ് സിനിമകള്‍ കണ്ടിട്ടുമുണ്ട്.

എന്നാല്‍ അമേരിക്കയുടെ 44-ാമത്തെ പ്രസിഡന്റ് ഷിയാഓയുടെ ജീവിതത്തെ വലുതായി സ്വാധീനിച്ചിരിക്കുകയാണ്.

താന്‍ ഒബാമയെ പോലെയിരിക്കുന്നുവെന്ന്‍ 2008-ല്‍ ഒരു സുഹൃത്തു പറഞ്ഞപ്പോള്‍ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ഷിയാഓ ചോദിച്ചു 'അതാരാ?'. ഇപ്പോള്‍ ഏഴു വര്‍ഷങ്ങള്‍ക്ക് ശേഷം, ദിവസത്തില്‍ മിക്ക സമയവും ഷിയാഓ ഒബാമയുടെ വേഷം അഭിനയിക്കുകയാണ്. അത് ചിലപ്പോള്‍ ടെലിവിഷനിലോ പരസ്യത്തിലോ ആവാം. ചിലപ്പോള്‍ ഹെഫേയിലെ ഒരു ഷോപ്പിങ് മാള്‍ ഉത്ഘാടനത്തിനും ആവാം.

തങ്ങളെ രണ്ടു പേരേയും വിസ്തൃതമായ ഒരേ ആകാശത്തിലെ രണ്ടു നക്ഷത്രങ്ങളായാണ് ഷിയാഓ കാണുന്നത്. ഒബാമ ഭൂമിയില്‍ പതിച്ചു, അമേരിക്കയില്‍ വളര്‍ന്ന് പ്രസിഡന്റ് ആയി. 'എന്റെ അഭിനയ ജീവിതവും അങ്ങനെ അഭിവൃദ്ധിപ്പെടില്ലേ?' ഷിയാഓ ചോദിക്കുന്നു.

ഷിയാഓയുടെ തുടക്കം ഒട്ടും എളുപ്പമായിരുന്നില്ല. 1986-ല്‍ സിസ്വാന്‍ പ്രവിശ്യയിലെ കര്‍ഷക ദമ്പതികള്‍ക്ക് പിറന്ന ഷിയാഓ ഗ്രാമത്തിലെ മുത്തച്ഛന്റെ കൂടെയാണ് വളര്‍ന്നത്. പതിനാറാം വയസ്സില്‍ പഠനം നിര്‍ത്തി, അച്ഛനമ്മമാരുടെ കൂടെ തെക്കന്‍ നഗരമായ ഗ്വാങ്‌ഷോയില്‍ ക്ലീനിങ് ജോലിയില്‍ തുടങ്ങിയ അദ്ധ്വാനം. വെയ്റ്റര്‍ ആയും പിന്നീട് 'മെയ്ഡ് ഇന്‍ ചൈന' തരംഗത്തില്‍ ഒരു ഷൂ നിര്‍മാണ ഫാക്ടറിയിലെ സെക്യൂരിറ്റി ഗാര്‍ഡ് ആയും ജോലി ചെയ്തു.എല്ലാ തരം സംഗീതവും ഇഷ്ടപ്പെട്ടിരുന്ന ഷിയാഒയ്ക്ക് 90-കളിലെ സൂപ്പര്‍ സ്റ്റാര്‍ ലെസ്ലി ഷ്വെങ്ങിന്റെ കന്റോനീസ് ഗാനങ്ങള്‍ വളരെ പ്രിയമായിരുന്നു. തങ്ങളെ കണ്ടാല്‍ ഒരു പോലെയിരിക്കുന്നുവെന്ന് ആളുകള്‍ പറഞ്ഞിരുന്നതായി ഷിയാഓ ഓര്‍ക്കുന്നു.

എന്നാല്‍ 2008-ല്‍ ബറാക്ക് ഒബാമ യുഎസ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടതോടെ ഇവര്‍ തമ്മില്‍ ഉള്ള സാദൃശ്യം എല്ലാവരും ശ്രദ്ധിക്കാന്‍ തുടങ്ങി. ലെസ്ലി ഷ്വെങ്ങുമായുള്ള ചെറിയ സാമ്യം ഏറെ ആസ്വദിച്ചിരുന്ന ഷിയാഓ പുതിയ യുഎസ് പ്രസിഡന്റുമായുള്ള കൂടുതല്‍ രൂപസാദൃശ്യം പതിയെ മനസിലാക്കി. 'കണ്ണാടിയില്‍ നോക്കിയപ്പോള്‍ എനിക്കും തോന്നി അത് സത്യമാണെന്ന്.'

2012-ല്‍ 'ചൈനീസ് ഡ്രീം ഷോ' എന്ന പരിപാടിയില്‍ പങ്കെടുത്ത ഷിയാഓ പീകിങ് ഒപെറായിലെ 'ദി ന്യൂ ഡ്രങ്ക് കോന്‍കുബൈന്‍' എന്ന പോപ് ഗാനം ആത്മവിശ്വാസത്തോടെ ആലപിച്ചെങ്കിലും അദ്ദേഹത്തിന്റെ 'ഒബാമ ലുക്ക്' ആണ് എല്ലാവരുടെയും ശ്രദ്ധ ആകര്‍ഷിച്ചത്.

സിനിമ മോഹവുമായി ബീജിങ്ങിലേക്ക് കുടിയേറിയ ഷിയാഒയ്ക്ക് വേഷങ്ങള്‍ കിട്ടാന്‍ ബുദ്ധിമുട്ടി. പലപ്പോഴും 30-50 യുവാന്‍ ദിവസ കൂലിയില്‍ ഉള്ള എക്‌സ്ട്രാ വേഷങ്ങള്‍ (ഏകദേശം അഞ്ച് മുതല്‍ എട്ടുവരെ ഡോളര്‍). അത് തന്നെ സ്ഥിരം ജോലിയില്ല. വന്‍ വാടക താങ്ങാനാവാതെ, 'റാറ്റ് ട്രൈബ്' എന്നറിയപ്പെട്ടിരുന്ന തലസ്ഥാന നഗരത്തിലെ ചെറുപ്പക്കാരായ മറ്റ് കുടിയേറ്റക്കാരെ പോലെ ഷിയാഓ ഒരു ബെഡ് വാടകയ്ക്ക് എടുത്തു. ഗ്രൗണ്ടില്‍ നിന്നു രണ്ട് ഫ്‌ലോര്‍ താഴെ. 2013-ലെ ചൈനീസ് പുതുവര്‍ഷത്തിന് വീട്ടില്‍ നിന്നകലെ, പട്ടിണിയില്‍ ആയിരുന്നു. 'അത് വളരെ മോശം കാലമായിരുന്നു' ഷിയാഓ പറഞ്ഞു.

സിനിമയില്‍ ആയിരുന്നെങ്കില്‍ അടുത്ത സീന്‍ ഒരു 'മൊണ്ടാഷ്' ആയേനെ: പതിയെ പ്രശസ്തിയിലേക്ക് ഉയരുന്ന ഷിയാഓ. ഗ്രാമത്തിലെ പട്ടിണിയും റോസാ പുഷ്പങ്ങള്‍ നിറഞ്ഞ പൂന്തോട്ടത്തിലെ വര്‍ണ ശബളമായ വിരുന്നും ഇട കലരുന്ന ഒരു സീന്‍. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ഷിയാഒയ്ക്ക് ബീജിങ് വിട്ടു മറ്റൊരു ഫിലിം സിറ്റിയില്‍ ജോലി തേടേണ്ടി വന്നു. പലതരം റോളുകള്‍ ചെയ്യാന്‍ ആഗ്രഹിച്ച ഷിയാഓ പക്ഷേ പെട്ടന്നു തന്നെ മനസിലാക്കി ഒബാമ ആണ് തന്റെ ഇനിയുള്ള പ്രതീക്ഷ എന്ന്. 'അതാണ് എന്നെ സ്‌പെഷ്യല്‍ ആക്കുന്നത്.'

ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും തന്നെത്തന്നെ വിപണനം ചെയ്യുന്നു ഷിയാഓ. ബിസിനസ് പുരോഗമിക്കുന്നു പക്ഷേ അത് കണക്കുകൂട്ടലുകള്‍ തെറ്റിക്കാറുണ്ട് പലപ്പോഴും എന്നും പറയുന്നു അദ്ദേഹം. സുരക്ഷാ ജീവനക്കാരന്റെ ജോലിയേക്കാള്‍ സാമ്പാദിക്കുന്നുണ്ടെങ്കിലും ഇപ്പോഴും കുടുംബവീട്ടില്‍ നിന്നു മാറാനുള്ള വരുമാനം ആയിട്ടില്ല. (ഒരു വീട് വാങ്ങാന്‍ ഉള്ളത് സ്വരുക്കൂട്ടുന്നുണ്ടോ? 'ഉവ്വ്, വൈറ്റ് ഹൗസിന്റെ തൊട്ടപ്പുറത്ത്' ഷിയാഓ തമാശ പറഞ്ഞു.)ഷിയാഓ തന്റെ ഒബാമ വേഷത്തിനുള്ള പരിശീലനം നടത്തുന്നത് യഥാര്‍ത്ഥ ഒബാമയുടെ ചിത്രങ്ങളും വീഡിയോകളും ഓണ്‍ലൈനില്‍ കണ്ടാണ്. കൂടാതെ 'ജിയ ഇംഗ്ലീഷ്' അഥവാ 'ഫേയ്ക് ഇംഗ്ലീഷ്' എന്നൊരു ഭാഷയും ഇദ്ദേഹം സ്വന്തമായി ഉണ്ടാക്കിയെടുത്തിട്ടുണ്ട്. 'ഹലോ എവരിബഡി' എന്നൊക്കെയുള്ള വാക്കുകളില്‍ തുടങ്ങി ഇംഗ്ലീഷ് പോലെ തോന്നിക്കുന്ന തട്ടിക്കൂട്ട് പദങ്ങള്‍ ആണ് ഈ ഭാഷയില്‍. ഇത് ജനങ്ങള്‍ക്ക് വളരെ രസിക്കുന്നുണ്ടെന്ന് ഷിയാഓ പറയുന്നു.

ഇദ്ദേഹത്തിന്റെ പുതിയ ജീവിതം സന്തോഷവും പ്രതീക്ഷയും ഒപ്പം കുറച്ചു വൈചിത്ര്യം നിറഞ്ഞതാണ്.

സിസ്വാനില്‍ നിന്നു രാജ്യത്തിന്റെ മുക്കിലും മൂലയിലേക്കും ഷിയാഓ യാത്ര ചെയ്യുന്നു; ആകെ ഒരു ബ്രൗണ്‍ പെട്ടിയും ഒബാമ മോഡല്‍ വസ്ത്രങ്ങളും ഒരു ഷര്‍ട്ട്, നേവി സ്യൂട്ട്, ടൈ ആയി. ഒബാമയെ പോലെ മുടി ഇടക്കിടെ നരപ്പിച്ചിട്ടുണ്ട്. എന്നാല്‍ പൂര്‍ണമായും യഥാര്‍ത്ഥ ഒബാമയെ പോലെ അല്ല, സിഗരറ്റ് വലിയുണ്ട്.

ആ ചൊവ്വാഴ്ച ഷിയാഓ സെറ്റിനു പുറത്തുള്ള ഒരു ഗോകാര്‍ട്ട് ട്രാക്കിലും വളര്‍ത്തു മൃഗങ്ങളുടെ കേന്ദ്രത്തിലും അലഞ്ഞു നടന്നു, കിം ജോംഗ് ഉന്നിന്റെ അപരനുമായുള്ള ഒരു സീന്‍ ഷൂട്ട് ചെയ്യാന്‍ ഉള്ള കാത്തിരിപ്പായിരുന്നു. ചൈനീസ് ഒബാമയും വേഷം അഴിക്കാതെ ചൈനീസ് കിമും ഒരുമിച്ച് ഡിന്നര്‍ കഴിക്കാന്‍ പുറത്തേക്ക്. ബീജിങ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തുള്ള ഒരു ഫിഷ് റെസ്റ്റോറന്റില്‍ അവര്‍ നോര്‍ത്ത് കൊറിയയ്ക്കും അമേരിക്കയ്ക്കും ചൈനക്കുമായി ഗ്ലാസ്സുകള്‍ ഉയര്‍ത്തി ടോസ്റ്റ് ചെയ്തു.

'അമേരിക്കക്കാര്‍ ചോറു കഴിക്കുമോ?' ഷിയാഓ ചോദിച്ചു.

കിം മറ്റൊരു ടോസ്റ്റ് ഉയര്‍ത്തി.

പിന്നീട്, തെരുവ് വിളക്കുകളുടെ വെളിച്ചത്തില്‍ ഹോട്ടലിലേക്ക് നടക്കുന്ന അവരെ നോക്കി നിന്നപ്പോള്‍ ചുമലുകളുടെ ചെരിവും, പോക്കറ്റില്‍ കൈ തിരുകി കൂനിയുള്ള അനായാസ നടത്തയും. ഒപ്പം പുറത്തേക്ക് വിടര്‍ന്ന ആ ചെവികളും.

ആ ചെവികള്‍... ഷിയാഓ പുരികങ്ങള്‍ വെട്ടിക്കാന്‍ പഠിച്ചു. പക്ഷേ ആ ചെവികള്‍... ഒരേ ആകാശത്തില്‍ ഉദിച്ച നക്ഷത്രങ്ങളില്‍ ആ വേറിട്ട ചെവികള്‍ എഴുതപ്പെട്ടിരുന്നു.

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുകNext Story

Related Stories