Top

മുട്ട ഒരു ഭീകരജീവിയല്ല; പക്ഷേ ആ മാധ്യമപ്രവര്‍ത്തകരെ സൂക്ഷിക്കണം

മുട്ട ഒരു ഭീകരജീവിയല്ല; പക്ഷേ ആ മാധ്യമപ്രവര്‍ത്തകരെ സൂക്ഷിക്കണം

കൃഷ്ണ ഗോവിന്ദ്‌

കേരളം മുഴുവനും ഇപ്പോള്‍ മുട്ടയുടെ പുറകെയാണ്. ചൈനീസ് മുട്ട, വ്യാജമുട്ട എന്നിങ്ങനെ പലപേരിലാണ് നമ്മുടെ പാവം മുട്ട കിടന്ന് കറങ്ങുന്നത്. ആരോ പടച്ചുവിട്ട ചൈനീസ് മുട്ടയ്ക്ക് യതൊരു അടിസ്ഥാനമില്ലെങ്കിലും മാധ്യമങ്ങള്‍ തങ്ങളുടെതായ ചില പൊടിപ്പുകളും ചേര്‍ത്ത് ഇറക്കിയപ്പോള്‍ സംഭവം നല്ല കളറായി. വാര്‍ത്തകള്‍ ഒക്കെ വ്യാജമാണെന്ന് പറഞ്ഞ് മാധ്യമങ്ങള്‍ വീണ്ടും വാര്‍ത്തകള്‍ കൊടുത്തപ്പോള്‍ അതിനെ ഒരു കൂട്ടം വായനക്കാരെ സ്വീകരിച്ചിട്ടുള്ളൂ. ബാക്കിയുള്ളവര്‍ ഇപ്പോഴും കോഴിമുട്ടയെ ലേശം ഭയത്തോടെയാണ് കാണുന്നത്. ഭൂരിഭാഗം ജനങ്ങളും 'ഈ പോളിടെക്‌നിക്ക്' പഠിച്ചിട്ടില്ലാത്തതിനാല്‍ ചൈനീസ് വ്യാജമുട്ടകളുടെ ശാസ്ത്രീയ വശം ഉള്‍കൊണ്ടിട്ടില്ല. ഇപ്പോഴും ഒരു വിഭാഗം ജനങ്ങളും മാധ്യമങ്ങള്‍ ആദ്യം പടച്ചുവിട്ട കളറു കഥകളില്‍ തന്നെ ചുറ്റിപ്പറ്റി നില്‍ക്കുകയാണ്.

അതിനു ഒരു കാരണം യതൊരു യുക്തിയുമില്ലാതെ വാര്‍ത്തകള്‍ കൊടുത്ത മാധ്യമങ്ങള്‍ തന്നെയാണ്. ആ വാര്‍ത്തകള്‍ മനസ്സില്‍ കിടക്കുന്ന ആളുകള്‍ക്ക് മുന്‍പുണ്ടായ ഒരു അനുഭവമോ അല്ലെങ്കില്‍ ഇനിയുണ്ടാകാന്‍ സാധ്യതയുള്ള അനുഭവങ്ങളോ കാരണം ചൈനീസ് മുട്ട വാര്‍ത്തകള്‍ വ്യാജമാണെന്ന് വിശ്വാസിക്കാന്‍ കുറച്ച് പാടുപെടും. ഉദാഹരണമായി ചൂടില്‍ മുട്ടകള്‍ പെട്ടന്ന് കേടായിപ്പോവാതിരിക്കാന്‍ ഫാമുകാര്‍ കടുപ്പം കൂടിയ രാസവസ്തുകള്‍ ഉപയോഗിക്കാറുണ്ട്. കൂടാതെ മുട്ടകള്‍ ഫ്രീസറില്‍ സൂക്ഷിക്കുന്നതിനാല്‍ അതിനുള്ളിലുള്ള വെള്ളയും മഞ്ഞക്കുരുവും തണുത്തുറഞ്ഞിരിക്കും. പിന്നീട് ഇവ പുറത്തെടുത്ത് വാഹനങ്ങളിലോ മറ്റോ കൊണ്ടുപോകുമ്പോള്‍ രൂപത്തിലും മാറ്റം സംഭവിക്കും. ഈ മുട്ട ഉപയോഗിക്കുന്ന ഒരു സാധാരാണക്കാരന്‍ ജീവിതത്തില്‍ ഇതുവരെ കാണാത്ത രീതിയിലുള്ള മുട്ട കണ്ട് ഇത് ചൈനീസ് വ്യാജമുട്ട തന്നെയെന്ന് ഉറപ്പിച്ചാല്‍ കുറ്റം പറയുവാന്‍ പറ്റുമോ? അപ്പോള്‍ അവരുടെ മുമ്പില്‍ ശാസ്ത്രീയ വശം ഒന്നും വരില്ല. വരുന്നത് ചൈനീസ് വ്യാജമുട്ട ഉപയോഗിച്ചാല്‍ ജീവനു വരെ ഭീഷണിയാകുകുമെന്ന മുമ്പ് പറഞ്ഞ മാധ്യമ വാര്‍ത്തകളായിരിക്കും.കഴിഞ്ഞ ദിവസങ്ങളില്‍ മലയാളത്തിലെ പ്രമുഖ പത്രങ്ങള്‍ തുടര്‍ച്ചയായി നല്‍കിയത് ചൈനീസ് വ്യാജമുട്ടയുടെ നിറംപിടിപ്പിച്ച ഭീകരകഥകളാണ്. ഇതുകാരണം ജനങ്ങള്‍ എത്രത്തോളം ഭീതിയിലാണെന്ന് ഈ പത്രങ്ങളിലെ വാര്‍ത്തകളില്‍ തന്നെയുണ്ട്. കഴിഞ്ഞ ദിവസം മാതൃഭൂമി നല്‍കിയ ഒരു വാര്‍ത്തയിതാണ് - 'ആരോഗ്യത്തിന് ഹാനികരമായ മാരകമായ രാസപദാര്‍ഥങ്ങളടങ്ങിയ ചൈനീസ് വ്യാജമുട്ട കേരളത്തില്‍ വ്യാപകമായി വിറ്റഴിക്കുന്നുവെന്ന വാര്‍ത്തയ്ക്ക് തെളിവ്. സംസ്ഥാനത്ത് രണ്ടിടത്ത് നിന്ന് മുട്ടകള്‍ പിടികൂടി. കൊച്ചിയിലെ കടവന്ത്രയിലുള്ള മോര്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് മുട്ട വാങ്ങിയ കുടുംബം വ്യാജനെ കണ്ടെത്തി. തുടര്‍ന്ന് മുഴുവന്‍ മുട്ടകളും പരിശോധിച്ചപ്പോള്‍ ചൈനീസ് മുട്ടകളാണെന്ന് വ്യക്തമായി. അതേസമയം ചാലയിലെ മൊത്തവ്യാപാര കേന്ദ്രത്തില്‍ നിന്ന് വാങ്ങിയ മുട്ടയും കൃത്രിമമാണെന്ന് കണ്ടെത്തി. പ്ലാസ്റ്റിക് പോലെ കട്ടിയേറിയ മുട്ട കണ്ടപ്പോള്‍ തന്നെ വ്യാജനാണെന്ന് മനസ്സിലായെന്ന് വാങ്ങിയ ആള്‍ പറഞ്ഞു.'

ചാലയില്‍ നിന്ന് മുട്ട വാങ്ങിയ ആള്‍ക്കും കടവന്ത്രകാരനും മുട്ട കണ്ടപ്പോള്‍ തന്നെ വ്യാജനാണെന്ന് മനസിലായി. ഇത് പരിശോധനയ്ക്ക് അയച്ചാല്‍ ഇത് ശരിക്കുള്ള മുട്ടയാണെന്നേ റിപ്പോര്‍ട്ട് വരൂ (ഇതില്‍ എത്ര തോതില്‍ രാസവസ്തുകള്‍ അടങ്ങിയിട്ടുണ്ടെന്നുള്ള കാര്യം അവര്‍ പറയാന്‍ സാധ്യതയില്ല. അത് വെറെകാര്യം.) മുട്ട കേടാകാതിരിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുക്കള്‍, തോടിലുള്ള സൂക്ഷ്മസുഷിരങ്ങളിലൂടെ മുട്ടകളുടെ ഉള്ളില്‍ എത്തി അതിന്റെ ഘടന മാറിയതാണ്. കൂടാതെ കോഴിത്തീറ്റയിലും അതിനാവശ്യമായ മരുന്നുകളോ മറ്റോ ചേര്‍ത്തുകൂടെന്നില്ല. അതുകൊണ്ടാവാം ചിലപ്പോള്‍ മുട്ട പുഴുങ്ങുമ്പോഴും, പൊട്ടിക്കുമ്പോഴും സ്വാഭാവികമല്ലാത്ത വിധം തോന്നാന്‍ കാരണമെന്ന് വിജയകുമാര്‍ ബ്ലാത്തൂര്‍ (ലൂക്ക ഓണ്‍ലൈന്‍ സയന്‍സ് മാഗസിന്റെ പത്രാധിപതിസംഘത്തിലെ അംഗം) പറയുന്നത്.

വിജയകുമാര്‍ ബ്ലാത്തൂരിന്റെ ചൈനീസ് മുട്ടയെപ്പറ്റിയുള്ള ലേഖനം വായിക്കുന്നതിന്- 'ഇഞ്ചിഞ്ചായി കൊല്ലാനോ ചൈനീസ് മുട്ട?'

തിരുവനന്തപുരം പാപ്പനംകോട് നാട്ടുകാര്‍ കഴിഞ്ഞ ദിവസം വ്യാജമുട്ട പിടിച്ചിരുന്നു. (വ്യാജമുട്ടയാണെന്ന് നാട്ടുകാരാണ് പറഞ്ഞിരിക്കുന്നത്). മുട്ട ഭീതിയിലെ ഏറ്റവും ഒടുവിലത്തെ വാര്‍ത്തയാണ് ഇടുക്കി വെള്ളത്തൂവലിനടുത്ത് നാട്ടുകാര്‍ വ്യാജമുട്ടയാണെന്ന് പറഞ്ഞു 'സാഹസികമായി' പിടിച്ച ഒരു ലോഡ് ലോറി മുട്ടകള്‍. ഇപ്പോള്‍ വ്യാജമുട്ട പിടുത്തം ട്രെന്‍ഡായികൊണ്ടിരിക്കുകയാണ്. വ്യാജമുട്ടകളെക്കുറിച്ചും ചൈനീസ് മുട്ടകളെക്കുറിച്ചുമുള്ള മുമ്പത്തെ വാര്‍ത്തകള്‍ വ്യാജമായിരുന്നുവെന്ന് മാധ്യമങ്ങള്‍ ആവര്‍ത്തിച്ചിട്ടും ജനങ്ങള്‍ ചൈനീസ് വ്യാജമുട്ടകളെ വിടാന്‍ ഒരുക്കമല്ലാത്ത ലക്ഷണമാണ്‌ കാണുന്നത്.

മലയാള മനോരമയും വ്യജമുട്ട വാര്‍ത്തയില്‍ മോശമായില്ല. അവര്‍ ഒരു പടിയും കൂടി കടന്ന് കൃത്രിമ മുട്ടയുടെ നിര്‍മാണ രീതി വിഡിയോ സഹിതമാണ് (മലയാള മനോരമ ഓണ്‍ലൈന്‍) കൊടുത്തത്. 'മനുഷ്യന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന വ്യാജ മുട്ട കേരളത്തിലെ വിപണികളില്‍ സുലഭം. ഒരാളുടെ ജീവന് തന്നെ ആപത്താണ് ഇത്തരം മുട്ടകള്‍. കോഴിയുടെ സഹായമില്ലാതെ രാസവസ്തുക്കള്‍ ഉപയോഗിച്ചാണ് ഇവ നിര്‍മിക്കുന്നത്. ആല്‍ഗനിക് ആസിഡ്, പൊട്ടാസ്യം, ആലം, ജലാറ്റിന്‍, കാല്‍സ്യം ക്ലോറൈഡ്, വെള്ളം, കൃത്രിമ നിറങ്ങള്‍ എന്നിവ ഉപയോഗിച്ചാണ് വ്യാജ മുട്ടയുടെ നിര്‍മാണം. വ്യാജ മുട്ട കഴിക്കുന്നവര്‍ക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാവും. കരള്‍, വൃക്ക, തലച്ചോര്‍ എന്നിവയ്ക്ക് തകരാറുകള്‍ സംഭവിക്കും. ഹോട്ടലുകളില്‍ നിന്നും തട്ടുകടകളില്‍ നിന്നും മുട്ട വാങ്ങി കഴിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം.' ഇങ്ങനെ പോകുന്ന മനോരമയുടെ മുട്ട മഹാത്മ്യം.ചൈനീസ് മുട്ടകളെക്കുറിച്ച് ജനങ്ങളെ ബോധവാന്‍മാരാക്കാന്‍ പലരും സാമൂഹികമാധ്യമങ്ങളിലൂടെ ശ്രമിക്കുന്നുണ്ട്. അത് ഒരു പരിധിവരെ വിജയിക്കുന്നുമുള്ളൂ. ഐക്യരാഷ്ട്ര സഭ പരിസ്ഥിതി സംഘടനയിലെ ഉദ്യോഗസ്ഥന്‍ മുരളി തുമ്മാരകുടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്ന യുകതിസഹജമെന്ന് തോന്നുന്ന ചിലകാര്യങ്ങള്‍ വായിക്കാം- ഒരു മുട്ടക്കിപ്പോള്‍ അഞ്ചു രൂപ വില വരും. അത് വില്‍ക്കുന്ന കച്ചവടക്കാരന് അത് നാലു രൂപയ്ക്കു കിട്ടുന്നുണ്ടാവണം. അപ്പോള്‍ അതിലും വളരെ താഴ്ന്ന വിലക്ക് കൃത്രിമ മുട്ട കിട്ടിയാലേ കച്ചവടക്കാരന്‍ അത് വില്‍ക്കാന്‍ തയ്യാറാകൂ. കാരണം മായം ചേര്‍ത്തതിന് പിടിച്ചാല്‍ ജയിലിലും നാട്ടുകാരറിഞ്ഞാല്‍ അടിയും ഉറപ്പാണ്. ആ റിസ്‌ക്ക് എടുക്കുന്നതിന് ഒരു രൂപ എങ്കിലും പ്രീമിയം കിട്ടണം. അപ്പോള്‍ വ്യാജ മുട്ട നാട്ടില്‍ മൂന്നു രൂപക്ക് എത്തിക്കണം. അത് തന്നെ നമ്മുടെ തുറമുഖത്തെ കസ്റ്റംസിന്റെയും പിന്നെ നാട്ടിലുള്ള സകല ഫുഡ് സേഫ്റ്റി സംവിധാനങ്ങളുടെയും മൂക്കിന്റെ താഴെക്കൂടി വേണം കടത്തി കൊണ്ടുവന്ന് ഒരു വിപണന ശൃംഖല ഉണ്ടാക്കാന്‍. നമ്മുടെ നാട്ടിലെ ഈ വക സംവിധാനങ്ങള്‍ക്ക് എന്തൊക്കെ കുഴപ്പമുണ്ടെങ്കിലും നാല് കാശ് കിട്ടാന്‍ വകുപ്പുള്ള ഒരു കാര്യവും അവര്‍ അറിയാതെ വരില്ല. അപ്പോള്‍ അന്‍പതു പൈസയെങ്കിലും അവരുടെ അക്കൗണ്ടിലും പെടുത്തണം.

ഇനി നമുക്ക് ചൈനയിലേക്ക് ചെല്ലാം. കാര്യം കമ്യൂണിസമൊക്കെ ആണെങ്കിലും കാര്യങ്ങള്‍ നമ്മളുടേത് പോലെ തന്നെയാണ് അവിടെയും. വ്യാജന്‍ ഉണ്ടാക്കി കണ്ടെയ്‌നര്‍ കണക്കിന് ലോകത്ത് എവിടെയും എത്തിക്കണമെങ്കില്‍ അവിടുത്തെ സംവിധാനത്തിനും കുറച്ചു കാശൊക്കെ കൊടുക്കേണ്ടി വരും. ഇതൊക്കെ കഴിഞ്ഞിട്ട് വേണം ഈ വ്യാജന്‍ ഉണ്ടാക്കുന്നവര്‍ക്ക് എന്തെങ്കിലും ലാഭം ഉണ്ടാക്കാന്‍. എന്നാല്‍ ഈ മുട്ടയാണെങ്കിലോ ഒടുക്കത്തെ പെര്‍ഫെക്ഷന്‍ ഉള്ള സൃഷ്ടിയും ആണ്. കൃത്രിമമായി ഉണ്ടാക്കി എടുക്കുക എളുപ്പമല്ല. നന്നായി 3D പ്രിന്റ് ചെയ്യണമെങ്കില്‍ ഒരു മുട്ടക്ക് ഒരു അയ്യായിരം രൂപയെങ്കിലും വരും. അയ്യായിരം രൂപക്ക് ഒരു മുട്ടയുണ്ടാക്കി അഞ്ചു രൂപക്ക് ഇടുക്കിയില്‍ എത്തിക്കുന്നതിന്റെ ബിസിനസ്സ് മോഡല്‍ ഇപ്പോള്‍ ചൈനയില്‍ ഇല്ല.

അതെ സമയം മാസ്സ് പ്രൊഡൂസ് ചെയ്യാനുള്ള സംവിധാനങ്ങള്‍ അതീവ സങ്കീര്‍ണ്ണമായിരിക്കും അതുകൊണ്ടു തന്നെ ചെലവേറിയതും. ഒരു നല്ല ഫാക്ടറി തന്നെ വേണം. അതിനു ലൈസന്‍സ് വേണം, ആധുനിക യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്ന പോളി ടെക്‌നിക്കില്‍ പഠിച്ച ആളുകള്‍ വേണം. ചുരുക്കത്തില്‍ സര്‍ക്കാര്‍ അറിയാതെ നടക്കുന്ന കാര്യമല്ല. കുടില്‍ വ്യവസായം പോലെ കോഴി മുട്ട ഉണ്ടാക്കാന്‍ പോയാല്‍ കൊഴുക്കട്ട പോലെ ഇരിക്കും. നാട്ടിലെ കോഴിക്ക് ഇതിന്റെ ആവശ്യമൊന്നുമില്ല. നെല്ലോ തവിടോ മറ്റു കോഴിത്തീറ്റയോ തട്ടി വിടുക, ദിവസവും ആസനം തുറന്ന് ഒരു മുട്ടയിടുക. ഫാക്ടറിയും വേണ്ട, രാസവസ്തുവും വേണ്ട, കൈക്കൂലിയും വേണ്ട. കോഴിയോട് മുട്ടയുടെ കാര്യത്തില്‍ മത്സരിക്കാന്‍ പറ്റിയ ഫാക്ടറിയൊന്നും തല്‍ക്കാലം ലോകത്ത് ഉണ്ടായിട്ടില്ല. അത് കൊണ്ട് തന്നെ ഈ വ്യാജ മുട്ടയുടെ വാര്‍ത്ത വ്യാജമാണെന്നാണ് എന്റെ ഉറച്ച വിശ്വാസം.

ചൈനീസ് മുട്ടകളെക്കുറിച്ച് ഫുഡ് കമ്മീഷണര്‍ അനുപമ ഐഎഎസും ജനങ്ങളുടെ ആശങ്കയകറ്റാന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടിട്ടുണ്ട്. അനുപമ ഐഎഎസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്- സംസ്ഥാനത്ത് ചൈനീസ് മുട്ടകള്‍ വ്യാപകമെന്ന പരാതിയില്‍ കഴമ്പില്ലെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടത്തിയതായി ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍. വെറ്റിനറി സര്‍വകലാശാലയുടെ സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സ്റ്റഡീസ് ഇന്‍ പൗള്‍ട്രി സയന്‍സില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. മൂവാറ്റുപുഴയില്‍ നിന്നുകൊണ്ടുവന്ന മുട്ടകളാണ് ഇവിടെ പരിശോധിച്ചത്. മുട്ടയുടെ വെള്ളക്കരുവും മഞ്ഞക്കരുവും എടുത്ത് ബോയ്ലിംഗ് ടെസ്റ്റ് ഉള്‍പ്പെടെ വിശദമായ പരിശോധനയാണ് നടത്തിയത്. ഇതിലാണ് പിടിച്ചെടുത്ത മുട്ടകളെല്ലാം സാധാരണ മുട്ടയാണെന്ന് തെളിഞ്ഞത്. ഇനി ഇടുക്കി, തിരുവനന്തപുരം എന്നിവിടങ്ങളിലെ സാംപിളുകള്‍ കൂടി പരിശോധിക്കാനുണ്ട്. മുട്ടയുടെ പുറംതോടും വിശദമായ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. ഇതിന്റെ ഫലം കിട്ടാന്‍ നാലു ദിവസമെങ്കിലും എടുക്കും. മുട്ട കൂടുതല്‍ ദിവസം കേടുകൂടാതെ ഇരിക്കാനായി ശീതീകരണിയില്‍ വെയ്ക്കുന്നത് മൂലമാണ് കട്ടിയുള്ള പുറംതോട് ഉണ്ടാകുന്നതെന്നും വെറ്റിനറി സര്‍വകലാശാല അധികൃതര്‍ നല്‍കുന്ന വിവരം. കൊച്ചിയിലെ മാളുകളില്‍ വ്യാജമുട്ടകള്‍ വില്‍ക്കുന്നുവെന്ന് വ്യാപക പരാതി ഉയര്‍ന്നിരുന്നു. ഇവിടെനിന്നുള്ള സാംപിളുകളും ശേഖരിച്ച് ഉദ്യോഗസ്ഥര്‍ പരിശോധനക്കയച്ചിട്ടുണ്ട്. ഇതിനിടെ പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് മാളുകളില്‍ മുട്ടവില്‍പന പൂര്‍ണമായും നിര്‍ത്തിയിട്ടുണ്ട്.

ചില ചീഞ്ഞ മുട്ടകള്‍ കഴിക്കുമ്പോഴോ, രാസവസ്തുകള്‍ ചേര്‍ത്ത മുട്ടകള്‍ ഉപയോഗിക്കുമ്പോഴോ അത് ആരോഗ്യത്തിന് ദോഷകരമായി ബാധിക്കും. അല്ലാതെ ചൈനീസ് വ്യാജമുട്ട എന്ന വ്യാജ വാര്‍ത്തകള്‍ കൊണ്ട് ആകെയുണ്ടാകുന്നത് ജനങ്ങളെ സംശയാലുക്കളും ഭീതിയിലുമാഴ്താം എന്നതാണ്‌. അതേസമയം മുട്ട കേടാകാതിരിക്കാന്‍ ഉപയോഗിക്കുന്ന മാര്‍ഗങ്ങളെക്കുറിച്ച് മാധ്യമങ്ങള്‍ അന്വേഷണം നടത്തി കൃത്യമായ വിവരങ്ങള്‍ ജനങ്ങളില്‍ എത്തിക്കുകയായിരുന്നുവെങ്കില്‍ അതൊരു ശരിയായ മാധ്യമപ്രവര്‍ത്തനവും സമൂഹത്തിന് ഒരു ഗുണമുള്ള കാര്യവും ആയിരുന്നേനെ. പക്ഷെ സംഭവിച്ചത് ചില വ്യാജ വാര്‍ത്തകളുടെ പിന്നാലെ പോയി കുറെ കഥകളുണ്ടാക്കി അവര്‍ ജനങ്ങളെ മണ്ടന്‍മാരാക്കിയെന്നതാണ്.

(അഴിമുഖം സ്റ്റാഫ് ജേര്‍ണലിസ്റ്റാണ് കൃഷ്ണ ഗോവിന്ദ്)

Next Story

Related Stories