TopTop
Begin typing your search above and press return to search.

മറ്റൊരു ഗോര്‍ബച്ചേവാവാതിരിക്കാന്‍ ചൈനീസ് പ്രസിഡന്‍റ്

മറ്റൊരു ഗോര്‍ബച്ചേവാവാതിരിക്കാന്‍ ചൈനീസ് പ്രസിഡന്‍റ്

സിമോണ്‍ ഡെന്യര്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ചൈനീസ് പ്രസിഡന്‍റ് സി ജിന്‍പിംഗിന് ഇതൊരു വീട്ടിലേക്കുള്ള തിരിച്ചുവരലായിരുന്നു.

വസന്തോത്സവത്തില്‍ പങ്കെടുക്കാന്‍ ഫെബ്രുവരി മധ്യത്തില്‍ ചൈനയുടെ വടക്കേ അറ്റത്തുള്ള ലിയാംഗ് ജിയാഹെ എന്ന കൊച്ചു ഗ്രാമത്തിലേക്കാണ് അദ്ദേഹം പോയത്. ഇതേ ഗ്രാമത്തില്‍ നിന്നാണ് 1969 ല്‍ ഒരു പതിനഞ്ചുകാരനായിരിക്കെ ഒരു ലഹളക്കിടെ അദ്ദേഹം ഓടിപ്പോന്നത്. ഇതേ ഗ്രാമത്തിലാണ് അദ്ദേഹം 7 കൊല്ലത്തോളം ജോലിചെയ്തിരുന്നത്. ഇവിടെ വെച്ചാണ് കമ്മ്യൂണിസ്റ്റ്‌ പാര്‍ടി അംഗമാകുന്നത്.

മാവോ സെതൂങ്ങിന്റെ കാലത്ത് ജിന്‍പിങ്ങിന്റെ അച്ഛന്‍ കള്ളക്കേസില്‍ ജയിലില്‍ അടക്കപ്പെട്ടു. ഈ സമയത്ത് ജിന്‍പിങ്ങും ഒരുപാടു നാണക്കേടുകള്‍ സഹിക്കുകയും, ഏകാന്ത ജീവിതം നയിക്കാന്‍ നിര്‍ബന്ധിതനാകുകയും ചെയ്തു. ഗുഹകളിലും മറ്റും ഉറങ്ങി, ചാണകവും മറ്റും ശേഖരിച്ചു വിറ്റും, റോഡു പണികള്‍ ചെയ്തും ആണ് അദ്ദേഹം ജീവിച്ചിരുന്നത് എന്ന്‍ ഔദ്യോഗികരേഖകള്‍ പറയുന്നു. അതിനുശേഷം ഗ്രാമത്തിലേക്ക് നാടുകടത്തപ്പെട്ട ഇദ്ദേഹം ആദ്യം അമ്പരന്നു. എന്നാല്‍ ഈ ഗ്രാമത്തിലെ ഇത്തരം അനുഭവങ്ങള്‍ ആണ് അദ്ദേഹത്തെ ഇന്ന് കാണുന്ന ഒരു നേതാവാകാന്‍ സഹായിച്ചത് എന്ന് ഓര്‍ക്കുക തന്നെ വേണം.

ഒരു ജനകീയ നേതാവ് എന്ന നിലയില്‍ വളരാന്‍ അദ്ദേഹത്തെ സഹായിച്ചതും ഈ ഗ്രാമ ജീവിതം തന്നെ. 'താന്‍ ഈ ഗ്രാമം വിട്ടു പോയെങ്കിലും തന്റെ ഹൃദയം എന്നും ഇവിടെ തന്നെ ആയിരുന്നു എന്നും ഈ ഗ്രാമം തന്ന അനുഭവങ്ങള്‍ എന്നും തന്നില്‍ ഉണ്ടെന്നും' സി ഗ്രാമവാസികളോട് പറഞ്ഞു. ഈ അനുഭവങ്ങളാണ് മാവോക്ക്‌ ശേഷം ചൈന കണ്ട ഏറ്റവും ശക്തനായ നേതാവായി വളരാന്‍ അദ്ദേഹത്തെ സഹായിച്ചത്.

കമ്മ്യൂണിസ്റ്റ് ഭരണം ശക്തിപ്പെടുത്തുക എന്ന സ്വപ്നസാക്ഷാത്കാരം ലക്‌ഷ്യംവയ്ക്കുന്ന, അളവില്ലാത്ത അധികാരങ്ങള്‍ കൈവശമുള്ള ഒരു ഭരണാധികാരി എന്ന നിലയില്‍ സെപ്റ്റംബറില്‍ ഒരു അമേരിക്കന്‍ സന്ദര്‍ശനത്തിനു ഒരുങ്ങുകയാണ് ജിന്‍പിങ്. ചൈനയെ കുറിച്ചുള്ള നയങ്ങളും, ലോകവീക്ഷണവും രണ്ടു ചരിത്രപ്രധാനമായ വിഷമഘട്ടത്തിലൂടെ കടന്നുപോയതിനു ശേഷം ഉണ്ടാക്കിയെടുത്ത ഒരു പ്രസിഡന്‍റ് എന്ന വിശേഷണവും അദ്ദേഹത്തിനുണ്ട്.സാംസ്‌കാരിക വിപ്ലവത്തിന്റെ വിഷമതകള്‍ ആണ് ഇതില്‍ ഒന്നാമത്തേത്. തന്‍റെ പാര്‍ടിയെ ശിഥിലീകരിക്കാന്‍ മാവോ ആളുകളെ ഉപയോഗിച്ചിരുന്ന തന്ത്രത്തിന്റെ വിഷമതകള്‍ അനുഭവിക്കേണ്ടി വന്നത് ജിന്‍പിങ്ങിനാനെന്നു മാത്രം, 1991 ല്‍ മിഖൈല്‍ ഗോര്‍ബച്ചേവിന്റെ കാലത്ത് നടന്ന സോവിയറ്റ് യൂണിയന്റെ തകര്‍ച്ച ആണ് രണ്ടാമത്തേത്. കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി തകര്‍ന്നടിയുകയും ജനങ്ങള്‍ ആ തകര്‍ച്ചയില്‍ നിന്ന് ഉയര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്തു.

ഇപ്പോള്‍ നേരിട്ടു കൊണ്ടിരിക്കുന്ന തകര്‍ച്ചയില്‍ നിന്ന് കമൂണിസ്റ്റ് പാര്‍ട്ടിയെ രക്ഷിക്കാന്‍ നിയോഗിക്കപ്പെട്ട വ്യക്തി എന്നനിലയില്‍ തന്നെ സ്വയം അവരോധിച്ച ജിന്‍പിങ്, പക്ഷെ, ഇത്തരം മാറ്റങ്ങളുടെ മുഴുവന്‍ ചുക്കാനും തന്‍റെ കയ്യില്‍ തന്നെ വേണം എന്ന നിര്‍ബന്ധബുദ്ധിക്കാരന്‍ ആണ്. ഒരുപക്ഷെ മാവോയും ഗോബെര്‍ച്ചേവും ചെയ്യാന്‍ മറന്നു പോയതും ഇതാകും.

നേരത്തെ സൂചിപ്പിച്ച വിഷമഘട്ടങ്ങളാണ് ജിന്‍പിങ്ങിനെക്കൊണ്ട് ഇത്തരം തീരുമാനങ്ങള്‍ എടുപ്പിക്കുന്നത് എന്ന് വേണം കരുതാന്‍. അഴിമതിക്കെതിരെ അദ്ദേഹം നടത്തുന്ന നടപടികളില്‍ ജനങ്ങളെ ഒഴിവാക്കി നിര്‍ത്തുന്ന പ്രവണത പോലും ഇതിനു ഉദാഹരണമായി കാണാം. എന്നാല്‍ ഇത്തരം നടപടികള്‍ പ്രശ്നങ്ങളെ കൂടുതല്‍ വഷളാക്കുകയാണ് പതിവ്. വളര്‍ന്നു വരുന്നതിനിടെ ജിന്‍പിങ് അനുഭവിച്ച മാനസിക വിഷമങ്ങളും, പിന്നീട് സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയുടെ ഭാഗമായി ഉണ്ടായ സംഘര്‍ഷങ്ങളും കൂടി ഉണ്ടാക്കിയ- അതായത് ഒന്ന് ആഭ്യന്തരമായതും മറ്റേതു വൈദേശികമായതും- അവസ്ഥകള്‍ അദ്ദേഹത്തിന്റെ സ്വഭാവ രൂപീകരണത്തില്‍ ഏറെ പങ്ക് വഹിച്ചിട്ടുണ്ട്‌. ഹാര്‍വാഡ് യൂണിവേഴ്സിറ്റിയില്‍ ചൈനീസ് രാഷ്ട്രീയത്തിന്റെ ചിന്തകനായ റോഡെറിക് മാക്ഫര്‍ഖുഹാര്‍ പറയുന്നു. " ഒരു രാഷ്ട്രീയപാര്‍ടിയിലും ഭരണത്തിലും ഒരു പരിധിയില്‍ കവിഞ്ഞു വിമര്‍ശത്തിനു അവസരം നല്‍കിയാല്‍ എന്ത് സംഭവിക്കും എന്ന് അദ്ദേഹത്തിന് നല്ലപോലെ അറിയാം."

ജിന്‍പിങ്ങില്‍ നിന്നും ഏറെ വ്യത്യസ്തമായ നിലപാടുകള്‍ ആണ് സ്വീകരിച്ചിരുന്നത് എങ്കിലും, ഗോര്‍ബചെവും മാവോയും സ്വന്തം പാര്‍ടിയില്‍ നിന്നുതന്നെ വിമര്‍ശനവും, ശിഥിലീകരണവും ഏറെ അനുഭവിച്ചവരാണ്. എന്നാല്‍ ശത്രുക്കളെ ഇല്ലാതാക്കാനും അധികാരം കൈടക്കി വയ്ക്കാനും ജിന്‍പിങ് ബോധപൂര്‍വം ശ്രമിക്കുന്നു. പാര്‍ടി ശിഥിലമായപ്പോള്‍ നേരിടേണ്ടി വന്ന കുഴപ്പങ്ങളെ കുറിച്ച് അദ്ദേഹത്തിന് നല്ല ബോധ്യം ഉണ്ട്. അതിനാല്‍ തന്നെ ആണ് ചൈനീസ്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാന്‍ അദ്ദേഹം നിരന്തരം പരിശ്രമിക്കുന്നത്.

ഏകാധികാര ഭരണം ഇല്ലാതാകും എന്ന ഭയം മൂലമാണ് പത്ര സ്വാതന്ത്ര്യം, ജനാധിപത്യം, അധികാര വികേന്ദ്രീകരണം എന്നിങ്ങനെയുള്ള വൈദേശിക മൂല്യങ്ങളെ അദ്ദേഹം എതിര്‍ക്കുന്നത്.പത്രമാധ്യമങ്ങള്‍ തുടങ്ങി പട്ടാളം വരെ എല്ലാം തന്‍റെ കൈപിടിയില്‍ ഒതുക്കിയാല്‍ സോവിയറ്റ്‌ യുണിയന്റെ അവസ്ഥ ചൈനക്ക് ഉണ്ടാകില്ല എന്നദ്ദേഹം ഉറച്ചു വിശ്വസിക്കുന്നു. എന്നാല്‍ മറ്റു രാജ്യങ്ങളില്‍ നിന്ന് ഒറ്റപ്പെട്ടു നില്‍ക്കുന്നതും നിലാടുകള്‍ കൈക്കൊള്ളുന്നതും അബദ്ധമാണെന്നും അദ്ദേഹത്തിനറിയാം. സോവിയറ്റ്‌ യുണിയനും മാവോയുടെ ചൈനക്കും ഒരു കാലത്ത് സംഭവിച്ചതും ഇത് തന്നെ. ഈ രാജ്യത്തിനുള്ളില്‍ കൊണ്ടുവരുന്ന നിയന്ത്രണവും വിദേശ നിലപാടുകളില്‍ കൈക്കൊള്ളുന്ന കടുത്ത എതിര്‍പ്പും സൃഷ്ടിക്കുന്ന വൈരുദ്ധ്യാത്മകതയാണ് ഇപ്പോള്‍ ജിന്‍പിങ്ങിന്റെ രാജ്യത്തില്‍ കുഴപ്പങ്ങള്‍ക്ക് കാരണം.

'വിദേശ നിലപാടുകള്‍ക്കുനേരെ കാണിക്കുന്ന എതിര്‍പ്പ് അദ്ദേഹം ഇപ്പോള്‍ അഴിമതിക്കെതിരെ നടത്തുന്ന സമരങ്ങള്‍ പോലെ തന്നെ കടുത്തതാകും' എന്ന് ചൈനീസ് സോഷ്യല്‍ സയന്‍സ് അക്കാദമിയിലെ മാര്‍ക്സിസം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ചെങ് എന്‍ഫു പറയുന്നു.

അതിശക്തന്‍ എന്ന് സ്വയം കരുതുന്ന ജിന്‍പിങ് സോവിയറ്റ് ഭരണത്തിന്റെ അവശേഷിപ്പുകളില്‍ നിന്നും ഉയര്‍ന്നു വന്നവനാണ്. 'സോവിയറ്റ് കമ്മ്യൂണിസ്റ്റ്‌ പാര്‍ടിയില്‍ നമ്മള്‍ക്കുള്ളതിനേക്കാള്‍ കൂടുതല്‍ അംഗങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഒരു തകര്‍ച്ചയുടെ ഘട്ടത്തില്‍ മുന്നില്‍ നിന്ന് നയിക്കാനോ അതിനെ നേരിടാനോ ആര്‍ക്കും കരുത്തുണ്ടായില്ല' എന്ന് ജിന്‍പിങ് 2012ല്‍ പാര്‍ടി നേതൃത്വം ഏറ്റെടുത്ത വേളയില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു.

ഇന്ന് അദ്ദേഹം വളരെ ലാളിത്യമുള്ള ഒരു നേതാവാണ്‌. അന്ന് ഗ്രാമത്തില്‍ കൃഷിചെയ്തു ജീവിച്ചിരുന്നപോലെ തന്റെ കോട്ടിന്റെ കൈകള്‍ മടക്കിവച്ചു അദ്ദേഹം വീണ്ടും മണ്ണിലേക്കിറങ്ങി വന്നിരിക്കുന്നു. മവോവിനു ശേഷം ഏറ്റവും ജനകീയനായ നേതാവായി മാറാന്‍ അദ്ദേഹത്തെ സഹായിക്കുന്നതും ഈ സ്വഭാവം തന്നെ. മാവോയുടെ തെറ്റുകളില്‍ നിന്നു അദ്ദേഹം പാഠങ്ങള്‍ ഉള്‍ക്കൊണ്ടു; അദ്ദേഹം അത് സമ്മതിച്ചു തരില്ലെങ്കില്‍ കൂടി.

മാവോയുടെ സാംസ്കാരിക വിപ്ലവം ചൈനയെ നാശത്തിന്റെ വക്കില്‍ കൊണ്ടെത്തിച്ചു. എന്നാല്‍ ജിങ്ങ്പിങ്ങിന്റെ അഴിമതിക്കെതിരെ നടക്കുന്ന യുദ്ധം വളരെ നിയന്ത്രിതമായ അന്തരീക്ഷത്തിലാണ് നടപ്പിലാക്കുന്നത്. ഈ നടപടികള്‍ ആരംഭിച്ചതിനു ശേഷം ഏകദേശം ഒരു ലക്ഷം പ്രവര്‍ത്തകര്‍ അച്ചടക്ക നടപടികള്‍ക്ക് വിധേയരായി. എന്നാല്‍ ഈ നടപടികളും പ്രതിഷേധവും എല്ലാം പാര്‍ടിക്കുള്ളില്‍ തന്നെ ഒതുങ്ങി എന്നാണ് അതിന്റെ പ്രാധാന്യം. പൊതുജനങ്ങള്‍ക്ക് ഈ കാര്യങ്ങളില്‍ യാതൊരു പങ്കാളിത്തമോ പ്രാധാന്യമോ നല്കിയില്ല. എന്നാല്‍ നഗരത്തില്‍ അഴിമതിക്കെതിരെ പ്രവര്‍ത്തിക്കുന്ന നിരവധി ആളുകള്‍ ജയിലിലാണ്. അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ വലിയ പ്രതിഷേധമൊന്നും ഉണ്ടായില്ല. അതിന്റെ പരിണിതഫലം എന്തായിരിക്കും എന്ന് ജിന്‍പിങ്ങിന്റെ അനുയായികള്‍ക്കറിയാം.

'അഴിമതിക്കെതിരെ നടക്കുന്ന നടപടികളുടെ പൂര്‍ണ നിയന്ത്രണം പാര്‍ട്ടിക്കായിരിക്കണം എന്ന് അവര്‍ക്ക് നിര്‍ബന്ധം ഉണ്ട്. കൂടുതല്‍ പൊതുജനപങ്കാളിത്തം ഒരു സാംസ്കാരിക വിപ്ലവത്തിന് വഴിവയ്ക്കുമെന്നും അത് പ്രശ്നങ്ങളെ കൂടുതല്‍ കുഴപ്പിക്കുമെന്നും ഇവര്‍ ഭയക്കുന്നതായി' ചരിത്രകാരന്‍ ഴാംഗ് ലിഫാന്‍ അഭിപ്രായപ്പെടുന്നു.

'സോവിയറ്റ് യുണിയന്റെ തകര്‍ച്ച ചൈനീസ് കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയെ ഇപ്പോഴും ഭയപ്പെടുത്തുന്നുവെന്നു' ജോര്‍ജ് വാഷിംഗ്‌ടണ്‍ യൂണിവേര്‍‌സിറ്റിയിലെ ചൈനീസ് പോളിസി പ്രോഗ്രാം ഡയരക്ടര്‍ ഡേവിഡ്‌ ഷാംബോക് പറയുന്നു. ഈ തകര്‍ച്ചയെ കുറിച്ച് ആഴത്തില്‍ പഠിക്കാനും, അതില്‍ നിന്നും പാഠങ്ങള്‍ ഉള്‍കൊള്ളാനും ഒരു പുതിയ വിഭാഗം ഉയര്‍ന്നു വരിക കൂടി ചെയ്തു.ഗോര്‍ബച്ചേവിനെ ഒരു വിഡ്ഢിയും അശക്തനും ആയ ഒരു നേതാവെന്നാണ് ആദ്യമൊക്കെ ചൈന കുറ്റപ്പെടുത്തിയിരുന്നത്. എന്നാല്‍ വര്‍ഷങ്ങള്‍ കടന്നു പോയപ്പോള്‍ അഴിമതിക്കുപുറമേ സോവിയറ്റ് യുണിയനില്‍ നിലനിന്ന ആഭ്യന്തര കലഹങ്ങളും, സാമ്പത്തികവും, രാഷ്ട്രീയവുമായ സ്തംഭനവും ഈ തകര്‍ച്ചക്ക് വഴി വഴിവച്ചിട്ടുണ്ട് എന്ന് ചൈനീസ്‌ ചിന്തകര്‍ കണ്ടെത്തി.

സ്വന്തം പാര്‍ടിക്കുള്ളില്‍ നിന്ന് തന്നെ എതിര്‍പ്പുകള്‍നേരിടേണ്ടി വന്നിരുന്നു എന്നതാണ് ഗോര്‍ബച്ചേവ് അനുഭവിച്ച ഏറ്റവും വലിയ പ്രശ്നം. എന്നാല്‍ ഇപ്പോള്‍ നടക്കുന്ന അഴിമതി വിരുദ്ധ നടപടികളുടെ പൂര്‍ണ നിയന്ത്രണം ജിന്‍പിങ്ങില്‍ അധിഷ്ഠിതമായതിനാല്‍ അത്തരം പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യത ഇല്ല.

പാര്‍ട്ടിയുടെ ചിന്താഗതിയിലുണ്ടായ വ്യതിചലനത്തിനു ജിന്‍പിങ് ഒരു വിശദീകരണം നല്‍കിയിരുന്നു. "ഭരിക്കാനും നയിക്കാനും പാര്‍ടിക്കുള്ള പാരമ്പര്യത്തില്‍ അഭിമാനിക്കുകയും ആത്മവിശ്വാസം ഉണ്ടാക്കുകയുമാണ് നാം ചെയ്യേണ്ടത്." അദ്ദേഹം പറഞ്ഞു. മാവോയെ പോലുള്ള ചരിത്രങ്ങളെ ലൈബ്രറിയുടെ ഏതെങ്കിലും ഷെല്‍ഫില്‍ ഒതുക്കി വച്ച് ദെങ് സിയാവോ പിങ് പോലുള്ളവരുടെയും, ചൈനയുടെ മഹത്തായ ഭരണത്തിന്റെ ചരിത്രത്തെയും ഒരു നവോത്ഥാനത്തിനായി പൊടി തട്ടി എടുക്കുകയാണ് ഇന്ന്.

2012 ഡിസംബറില്‍ നടത്തിയ പ്രസംഗത്തില്‍ "എന്തുകൊണ്ടാണ് സോവിയറ്റ് യൂണിയന്‍ തകര്‍ന്നത്? അവിടത്തെ പാര്‍ടി ഇല്ലാതായത്? എന്നീ ചോദ്യങ്ങള്‍ ജിന്‍പിങ് ഉന്നയിച്ചു. "ഇതൊരു പാഠമാകണം നമുക്ക്. നിങ്ങള്‍ സോവിയറ്റ് യൂണിയനെ, അതിന്റെ ചരിത്രത്തെ മറക്കൂ; ലെനിനേയും സ്റ്റാലിനെയും മറക്കൂ; സോവിയറ്റ് യൂണിയന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ മറക്കൂ; ചരിത്രത്തിലെ എല്ലാ നിഷേധങ്ങളെയും മറക്കൂ. ഇവയെല്ലാം നമ്മെയും നമ്മുടെ ചിന്തയേയും കുഴപ്പിക്കുന്നു. ഒരു പാര്‍ട്ടിയുടെ വളര്‍ച്ചക്ക് ഇത്തരം ആശയ കുഴപ്പങ്ങള്‍ ദോഷം ചെയ്യും." ജിന്‍പിങ് പറഞ്ഞു നിര്‍ത്തുന്നു.

'എന്നാല്‍ പുതുതായൊന്നും മുന്നോട്ടു വയ്ക്കാന്‍ ജിന്‍പിങ്ങിന് സാധിക്കുന്നില്ല എന്നതാണ് പ്രശ്നം' എന്ന് ഹാവാര്‍ഡിലെ മാക് ഫര്‍ഖുആര്‍ പറയുന്നു. വൈദേശിക ആശയങ്ങളില്‍ നിന്നും പുതിയ "ആയുധങ്ങള്‍" ഒന്നും കണ്ടെത്താന്‍ സാധിക്കാതെ വന്നപ്പോള്‍ അതിനെ എതിര്‍ക്കുക എന്ന നയമാണ് അദ്ദേഹം സ്വീകരിച്ചത്. നവീനമായ ഒരു സമൂഹത്തെ കെട്ടിപ്പടുക്കാന്‍ ശ്രമിക്കുമ്പോള്‍, ഇത്തരം ആശയങ്ങളെ നിരാകരിക്കുക എന്നത് വളരെ വൈരുദ്ധ്യം നിറഞ്ഞ ഒന്നാണ്.

എന്നാല്‍ ഷാംബോക് പറയുന്നതിങ്ങനെയാണ്. "സോവിയറ്റ്‌ യൂണിയന്‍ തകര്‍ന്നപ്പോള്‍ പാര്‍ടി കുറച്ചുകൂടി ഉത്തരവാദിത്വത്തോടെയും ഊര്‍ജസ്വലതയോടെയും നവീകരിക്കപ്പെടെണ്ടതുണ്ടെന്ന തീരുമാനത്തിലാണ് ചൈനീസ്‌ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എത്തിച്ചേര്‍ന്നത്. എന്നാല്‍ 2008 മുതല്‍ തിബറ്റിലും സിംഗ്ജിയാങ്ങിലും ഉണ്ടായ ലഹളകള്‍, 'വര്‍ണ്ണ വിപ്ലവം' പോലുള്ള കലാപങ്ങള്‍, അറബ് രാഷ്ട്രങ്ങളുടെ അധിനിവേശ സാധ്യത, ജനാധിപത്യം ആവശ്യപ്പെട്ട് ചിന്തകരും, ജനങ്ങളും നടത്തുന്ന സമരങ്ങള്‍ തുടങ്ങിയ നീണ്ട പ്രശ്ന പരമ്പര, ഇത്തരം നടപടികള്‍ വേണ്ട എന്ന് വയ്ക്കാന്‍ പാര്‍ടിയെ നിര്‍ബന്ധിതമാക്കി.""ഈ സാഹചര്യങ്ങളോട് എങ്ങനെ പൊരുത്തപ്പെടാം എന്നതിനു പകരം അടിച്ചമര്‍ത്തി പ്രശ്നങ്ങളെ പരിഹരിക്കാം എന്ന നിലപാടാണ് ഇന്ന് നിലനില്‍ക്കുന്നത്. തന്‍റെ മുന്‍ഗാമിയായ ഹു ജിന്റോ കൈക്കൊണ്ട ഇത്തരം നടപടികളെ ഒന്നുകൂടി ശക്തമാക്കാനാണ് ജിന്‍പിങ് ശ്രമിച്ചത്‌." ഷാംബോക് കൂട്ടിച്ചേര്‍ത്തു.

സോവിയറ്റ് യൂണിയന്‍ തകര്‍ച്ചയുടെ ഒരു വീഡിയോ എല്ലാ പാര്‍ട്ടി അംഗങ്ങളും കണ്ടിരിക്കണം എന്ന നിയമം 2013ല്‍ നിലവില്‍ വന്നിരുന്നു. എന്നാല്‍ ആ തകര്‍ച്ചയില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളുക എന്നതല്ല ഈ കാഴ്ചയുടെ ലക്‌ഷ്യം. മറിച്ച് ഗോര്‍ബച്ചേവിന്റെ കുറ്റങ്ങള്‍ കണ്ടെത്തുക എന്നതാണ്.

വൈദേശിക മൂല്യങ്ങള്‍ പിന്തുടര്‍ന്നതാണ് ഗോര്‍ബച്ചേവിന്റെ പരിഷ്ക്കരണ പ്രവര്‍ത്തനങ്ങള്‍ പരാജയപ്പെടാന്‍ കാരണം എന്നാണ് വീഡിയോ പറയുന്നത്. ഇതേ തെറ്റുകള്‍ ആവര്‍ത്തിക്കരുത് എന്നും അതില്‍ പറയുന്നുണ്ടെന്നു മാര്‍ക്സിയന്‍ പഠനവിഭാഗം തലവന്‍ ചെങ് പറയുന്നു.

സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഗോര്‍ബച്ചേവ് പുറമേ നിന്നുള്ള സഹായം തേടിയിരുന്നു. എന്നാല്‍ പാര്‍ട്ടിക്ക് സ്വയം തിരുത്താന്‍ ആകും എന്നാണ് ജിന്‍പിങ് വിശ്വസിക്കുന്നത്. കമ്മ്യൂണിസ്റ്റ് നവോത്ഥാനം നിയന്ത്രിക്കാന്‍ ആകുന്നതാണ്.


Next Story

Related Stories