TopTop
Begin typing your search above and press return to search.

ചൈനീസ് ഉത്പന്ന ബഹിഷ്‌കരണം; അല്ലെങ്കിലും രാംദേവിനെന്ത് നഷ്ടം? അത് ഉപഭോക്താക്കള്‍ക്കാണ്

ചൈനീസ് ഉത്പന്ന ബഹിഷ്‌കരണം; അല്ലെങ്കിലും രാംദേവിനെന്ത് നഷ്ടം? അത് ഉപഭോക്താക്കള്‍ക്കാണ്

അഴിമുഖം പ്രതിനിധി

ദീപാവലിക്ക് ഇന്ത്യയില്‍ ചൈനീസ് ഉത്പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തു പതഞ്ജലി ഗ്രൂപ്പിന്റെ ഉടമസ്ഥനും യോഗ ഗുരുവുമായ ബാബാ രാംദേവിന്റെ നേതൃത്വത്തില്‍ നടന്ന പ്രചാരണം ഫലം കണ്ടുവെന്നാണ് ഒരു വിഭാഗം സോഷ്യല്‍ മീഡിയയില്‍ ആഘോഷിക്കുന്നത്. എന്നാല്‍ ഇന്ത്യയുടെ ചൈനീസ് ഉത്പന്ന ബഹിഷ്‌കരണത്തെ പരിഹസിക്കുകയാണു ചൈനീസ് മാധ്യമങ്ങള്‍. ഈ പ്രശ്‌നത്തില്‍ കേന്ദ്ര സര്‍ക്കാര്‍ മൗനം തുടമ്പോള്‍ നഷ്ടം ഉപഭോക്താക്കള്‍ക്കു മാത്രമെന്നും റിപ്പോര്‍ട്ട്.

ബഹിഷ്‌കരണഭീഷണി ഇന്ത്യക്കു തന്നെ തിരിച്ചടിയാകുമെന്ന മുന്നറിയിപ്പാണ് ചൈന നല്‍കുന്നത്. ഏതു തരത്തിലുള്ള നീക്കവും ഇന്ത്യക്കാണ് തിക്തഫലം ഉണ്ടാക്കുന്നത്. നിക്ഷേപങ്ങളുടെ കാര്യത്തിലും വ്യാപരബന്ധത്തിലും തിരിച്ചടി നേരിടേണ്ടി വരിക ഇന്ത്യയാണെന്നും ചൈന നിലവിലെ സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ ഓര്‍മപ്പെടുത്തുന്നു. ബഹിഷകരണം ഏതെങ്കിലും തരത്തില്‍ ചൈനയുടെ വ്യാപാരനിലയ്ക്ക് ഹാനിയുണ്ടാക്കില്ല. പക്ഷേ കൃത്യമായൊരു ബദല്‍മാര്‍ഗമില്ലാതെ ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിച്ചാല്‍ ഇന്ത്യയിലെ കച്ചവടക്കാരും ഉപഭോക്താക്കളുമാണ് അതിന്റെ നഷ്ടം നേരിടേണ്ടി വരിക. ചൈനയുടെ മൊത്തം കയറ്റുമതി വ്യാപാരത്തില്‍ രണ്ടുശതമാനം മാത്രമാണ് ഇന്ത്യയിലേക്കുള്ളത്. അതിനാല്‍ തന്നെ ഇന്ത്യയില്‍ നിന്നുള്ള ബഹിഷ്‌കരണഭീഷണി ഒരുതരത്തിലും തങ്ങളെ ബാധിക്കില്ലെന്നും ചൈന വ്യക്തമാക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ വ്യാപരരാജ്യം തങ്ങളാണെന്നാണു ചൈന അവകാശപ്പെടുന്നത്. കഴിഞ്ഞവര്‍ഷത്തെ കണക്കനുസരിച്ച് 2276.5 ബില്യാണ്‍ അമേരിക്കന്‍ ഡോളറിന്റെ കയറ്റുമതി വ്യാപരമാണ് തങ്ങള്‍ നടത്തിയതെന്നും ചൈന പറയുന്നു.

ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിന് വിലക്കേര്‍പ്പെടുത്തണമെന്ന ഐക്യരാഷ്ട്ര സംഘടനയിലെ ഇന്ത്യയുടെ ആവശ്യം ചൈന തടഞ്ഞതിനെത്തുടര്‍ന്നാണ് യോഗാഗുരുവും കച്ചവടക്കാരനുമായ ബാബരാംദേവും സംഘവും ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണം എന്നാവശ്യപ്പെട്ട് രംഗത്തെത്തുന്നത്. ഉറി ഭീകരാക്രമണവും ഇന്ത്യയുടെ പ്രത്യാക്രമണവും ഇന്ത്യ പാക് ബന്ധത്തെ വീണ്ടും തളര്‍ത്തിയപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ക്യാമ്പയിന്‍ ഏറ്റെടുക്കാന്‍ ബിജെപി അണികളും രംഗത്തെത്തി.

ഇറക്കുമതി രംഗത്ത് ഇന്ത്യ ഏറ്റവുമധികം ആശ്രയിക്കുന്ന രാജ്യങ്ങളിലൊന്നാണ് ചൈന. മറ്റ് രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നതിനെക്കാള്‍ ഏഴിരട്ടിയാണ് ചൈനയില്‍ നിന്ന് രാജ്യത്ത് ഇറക്കുമതി ചെയ്യുന്നത്. 2015-16 ലെ കണക്കുകള്‍ അനുസരിച്ച് ഇന്ത്യയില്‍ നിന്ന് ചൈനയിലേക്കുള്ള ഒന്‍പത് ബില്യണിന്റെ കയറ്റുമതിയും ഏകദേശം 62 ബില്യണിന്റെ ഇറക്കുമതിയും ആണ് നടന്നിട്ടുള്ളത് ഏകദേശം 52.7 ബില്യണിന്റെ വ്യാപാരകമ്മി. ഗോവയിലെ ബ്രിക്‌സ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രധാനമന്ത്രി ഷി ജിന്‍പിങ്ങും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ഭികരവാദം നേരിടുന്നചിനെ കുറിച്ചു മാത്രമല്ല ഈ വ്യാപാരകമ്മിയെക്കുറിച്ചും ചര്‍ച്ചകള്‍ നടന്നിരുന്നു. കൂടിക്കാഴ്ചക്ക് ശേഷം സംയുക്ത വാര്‍ത്താസമ്മേളനം ഉണ്ടായിരുന്നില്ലെങ്കിലും ഇരുഭാഗത്തെയും വക്താക്കള്‍ ചര്‍ച്ചകളില്‍ തൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.

ഇന്ത്യയില്‍ ചൈനീസ് ഉത്പ്പനങ്ങളെ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനം തുടരുമ്പോഴും ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാരപങ്കാളി ചൈന തന്നെയാണ്. ബഹിഷ്‌കരണം ഇന്ത്യന്‍ വിപണിയില്‍ കാര്യമായ സ്വാധീനം ചെലുത്തിയിട്ടില്ല എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ വെള്ളയാഴ്ച ചൈനയിലെ ഔദ്യോഗിക മാധ്യമങ്ങള്‍ ഇത്തവണ ഉത്സവ സീസണില്‍ ചൈനീസ് ഉത്പന്നങ്ങളുടെ വിപണനം ഇന്ത്യയില്‍ സര്‍വ്വകാല റെക്കോഡിലെത്തിയതായും അവകാശവാദം ഉന്നയിച്ചു. ഇന്ത്യന്‍ സര്‍ക്കാര്‍ ഔദ്യോഗികമായി നിരോധനം ഏര്‍പ്പെടുത്താത്തതും സാധാരണക്കാരന്‍ ഉത്പന്നങ്ങളെ ബഹിഷ്‌കരിക്കാത്തതും മാധ്യമങ്ങള്‍ എടുത്തു പറയുന്നുണ്ട്. സര്‍വോപരി ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് ചൈനീസ് ഉതപന്നങ്ങളോട് ഗുണമേന്മയില്‍ കിടപിടിക്കാനാവില്ല എന്ന ആക്ഷേപവും ചൈനീസ് മാധ്യങ്ങള്‍ ഉന്നയിക്കുന്നുണ്ട്. ന്യു ഡല്‍ഹിക്ക് കുരയക്കാന്‍ മാത്രമേ കഴിയുവെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരകമ്മി കുറക്കാന്‍ യാതൊന്നും ചെയ്യാന്‍ സാധിക്കുന്നില്ലെന്നും ഇന്ത്യയുടെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതി അപ്രായോഗികമാണെന്നും പത്രങ്ങള്‍ എഴുതി. ഇന്ത്യന്‍ റോഡുകളുടെയും ഹൈവേകളുടെയും പരിതാപകരമായ അവസ്ഥയും ഊര്‍ജപ്രതിസന്ധിയും വെള്ളത്തിെ ന്റ ലഭ്യതയും വലിയ വെല്ലുവിളികളാണ്. എല്ലാറ്റിനേക്കാള്‍ ഉപരിയായി അടിതൊട്ട് മുടി വരെ സര്‍ക്കാര്‍ സംവിധാനങ്ങളെ ബാധിച്ച അഴിമതി പുരോഗതിക്ക് തടസം നില്‍ക്കുന്നതായും ചൈനീസ് വിദഗ്ധര്‍ നിരീക്ഷിക്കുന്നു. ഇന്തോ-അമേരിക്കന്‍ സൗഹൃദത്തേയും മാധ്യമങ്ങള്‍ പരിഹസിച്ചിട്ടുണ്ട്. ആരുടെയും സുഹൃത്തല്ലാത്ത അമേരിക്ക എന്നാണ് യുഎസിന്റെ നയതന്ത്രത്തെ ചൈന വിശേഷിപ്പിക്കുന്നത്.ഉത്സവ സീസണ്‍ ആരംഭിച്ചതോടെ ഇന്ത്യന്‍ പടക്കവിപണയിലാണ് ചൈനീസ് ഉത്പന്നങ്ങള്‍ ഏറ്റവും വലിയ പ്രതിസന്ധിയാകുന്നത്. ദില്ലിയിലെ ചാന്ദ്‌നി ചൗക്കിലും തിരക്കേറിയ മാര്‍ക്കറ്റുകളിലും പടക്ക കടകളില്‍ ഇത്തവണ നൂറ് കണക്കിന് കച്ചവടക്കാര്‍ ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കുകയാണ്. തമിഴ്‌നാട്ടിലെ ശിവകാശിയലെ പടക്കനിര്‍മാണശാലകളില്‍ നിന്നുള്ള പടക്കമാണ് ഇത്തവണ ഇവര്‍ ആശ്രയിക്കുന്നത്. നഷ്ടം വന്നാലും ഇത്തവണ ചൈനീസ് ഉത്പന്നങ്ങള്‍ വില്‍ക്കില്ല എന്ന തന്നെയാണ് ഇവര്‍ വ്യക്തമാക്കുന്നത്. കടകളില്‍ പടക്കം വാങ്ങാനെത്തുന്നവര്‍ ചൈനീസ് ഉത്പന്നങ്ങളായ മിസൈലുകളും, റോക്കറ്റുകളും വെള്ളം ഉപയോഗിച്ചുള്ള പടക്കങ്ങളുമൊക്കെ ആവശ്യപ്പെടുന്നുണ്ട്. ഏഴ് വര്‍ഷം മുന്‍പ് ഇന്ത്യന്‍ പടക്ക വിപണയില്‍ എത്തിയ ചൈനീസ് പടക്കങ്ങള്‍ വളരെ പെട്ടന്നാണ് വിപണി കീഴടക്കിയത്. വില കുറവും വൈവിധ്യവും ഉപഭോക്താക്കളെ ആകര്‍ഷിച്ചു.

ചൈനീസ് പടക്കങ്ങള്‍ സുരക്ഷിതമല്ല എന്ന് ചൂണ്ടികാട്ടി സെപ്തബറില്‍ ഡല്‍ഹി സര്‍ക്കാര്‍ ഇവ പൂര്‍ണമായും നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ചൈനീസ് പടക്കങ്ങള്‍ എങ്ങിനെ എപ്പോള്‍ അപകടം വരുത്തിവെക്കുമെന്ന് പറയാനാവില്ല എന്നാണ് ചില കച്ചവടക്കാര്‍ ചുണ്ടികാട്ടുന്നത്. ഇന്ത്യയിലെ തൊഴില്ലിലായ്മ പരിഹരിക്കാന്‍ ചൈനീസ് പടക്കങ്ങളുടെ നിരോധനം സഹായിക്കുമെന്ന് കരുതുന്നവരുമുണ്ട്. ഇന്ത്യന്‍ ബ്രാന്‍ഡുകളായ കോറോണേഷനും, സ്‌കോര്‍പിയോയും, രാജേശ്വരിയുമൊക്കെ വില കുറച്ചു ലഭിക്കുമെന്നും ഇവര്‍ പറയുന്നു.

ചൈനീസ് ഉത്പന്നങ്ങളുടെ നിരോധനത്തെ തുടര്‍ന്ന് 30 ശതമാനം കച്ചവടം കുറഞ്ഞതായി ചില കച്ചവടക്കാര്‍ സൂചിപ്പിക്കുന്നു. വന്‍കിട കച്ചവടക്കാര്‍ ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ നിര്‍ബന്ധിതമാകുമ്പോള്‍ ചെറുകിട കച്ചവടക്കാരാണ് ഇത്തവണ ഇതില്‍ നിന്ന് രക്ഷപ്പെടുന്നത്.

ഇന്ത്യന്‍ വാണിജ്യരംഗത്തെ സംബന്ധിച്ചിടത്തോളം ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കുന്നത് ഗുണത്തേക്കാളേറേ ദോഷമാണ് വരുത്തിവെക്കുക. പ്രത്യേകിച്ച് ലോകത്തിലെ ഏറ്റവും വലിയ പ്രതിമ എന്നു പ്രതീക്ഷിക്കുന്ന നര്‍മ്മദയിലെ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ നിര്‍ദ്ദിഷ്ട പ്രതിമ മുതല്‍ ഹൈസ്പീഡ് റേയില്‍വെ ടെക്‌നോളജി വരെ മേക്ക് ഇന്‍ ഇന്ത്യയലൂടെയല്ല എന്ന് വ്യക്തമായിട്ടുള്ള സാഹചര്യത്തില്‍. ചൈനീസ് നിര്‍മിതമായ ഐ ഫോണിലൂടെ ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത് യോഗാ ഗുരുവിനില്ലെങ്കിലും ഈ ഉത്സവ കാലത്ത് പടക്കം വാങ്ങാന്‍ കടകളിലെത്തുന്നവര്‍ക്ക് നഷ്ടകച്ചവടം തന്നെയാണ് ഫലം എന്നതും തീര്‍ച്ചയാണ്.


Next Story

Related Stories