TopTop
Begin typing your search above and press return to search.

ശുദ്ധവായു വേണം; ജപ്പാനിലേക്കൊഴുകുന്ന ചൈനക്കാര്‍

ശുദ്ധവായു വേണം; ജപ്പാനിലേക്കൊഴുകുന്ന ചൈനക്കാര്‍

അന്ന ഫിഫീല്‍ഡ്
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ഈയിടെയായി ചൈനയില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ ജപ്പാനിലെത്തുന്നത് അവരുടെ ഇഷ്ടഭോജനമായ സൂഷിക്കും ഷോപ്പിങ്ങിനും വേണ്ടി മാത്രമല്ല, പണം കൊണ്ടു കിട്ടാത്ത മറ്റൊരു കാര്യം കൂടി അവരെ ജപ്പാനിലേക്ക് ആകര്‍ഷിക്കുന്നു; ശ്വസിക്കാനുള്ള ശുദ്ധവായു!

'അത്രക്ക് തെളിഞ്ഞ ആകാശവും ശുദ്ധവായുവും ആണിവിടെ. ഇതൊന്നും നമുക്ക് നാട്ടില്‍ കിട്ടാത്തതാണ്.'' ദക്ഷിണ ചൈനയിലെ ഗുവാങ്‌സോ എന്ന വന്‍വ്യവസായ നഗരത്തില്‍ നിന്നുമെത്തിയ സൂ ജുന്‍ എന്ന വ്യവസായിക്ക് വടക്കന്‍ ജപ്പാനിലെ ദ്വീപായ ഹൊക്കൈഡോ സന്ദര്‍ശിച്ചപ്പോള്‍ തോന്നിയതിങ്ങനെയാണ്.

കഴിഞ്ഞ വര്‍ഷത്തെക്കാളും 83 ശതമാനം അധികം വിനോദ സഞ്ചാരികളാണ് ഈ വര്‍ഷം ചൈനയില്‍ നിന്നു ജപ്പാനിലെത്തിയിരിക്കുന്നത്. ജപ്പാനില്‍ എത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തിന്റെ കാര്യത്തില്‍ തായ്‌വാനും ദക്ഷിണ കൊറിയക്കും ശേഷം മൂന്നാമതാണ് ചൈന ഇപ്പോള്‍.

രാജ്യങ്ങള്‍ തമ്മിലുള്ള രാഷട്രീയതര്‍ക്കങ്ങള്‍ നിലനില്‍ക്കുമ്പോഴും അയല്‍പ്പക്ക രാജ്യങ്ങളുമായി യുദ്ധകാലാടിസ്ഥാനത്തില്‍ അക്രമം വെച്ചുപുലര്‍ത്തണമെന്ന് ജപ്പാനിലെ ഔദ്യോഗിക തീരുമാനം നിലനില്‍ക്കുമ്പോഴുമാണ് ഇത്തരത്തില്‍ വിനോദ സഞ്ചാരികള്‍ക്ക് ജപ്പാനോട് പ്രിയമേറുന്നത്.

ഷോപ്പിങ്ങിനുള്ള വന്‍ അവസരങ്ങളാലും ഡിസ്‌നിലാന്റ് റിസോര്‍ട്ടിനാലും പേരുകേട്ട നഗരമാണ് ടോക്യോ, എങ്കില്‍ക്കൂടി ശൈത്യകാലത്ത് ചൈനീസ് വിനോദ സഞ്ചാരികളില്‍ പകുതിപ്പേരും ഹൊക്കൈഡോ സന്ദര്‍ശിക്കാന്‍ താത്പര്യപ്പെടുന്നു. ജനവാസം കുറഞ്ഞ, വിശാലവും തുറസ്സായതുമായ സ്ഥലമാണ് കടല്‍ഭക്ഷണത്തിന് പേരുകേട്ട ഹൊക്കൈയ്ഡു.

സന്ദര്‍ശകരുടെ എണ്ണത്തില്‍ കുതിച്ചു ചാട്ടമുണ്ടായത് 2008ല്‍ ഈഫ് യു ആര്‍ ദി വണ്‍ എന്ന ചൈനീസ് ചിത്രം പുറത്തിറങ്ങുന്നതോടു കൂടിയാണ്. ഹൊക്കൈഡോയുടെ പ്രകൃതി ഭംഗിയായിരുന്നു ചിത്രത്തിന്റെ ആകര്‍ഷണീയത.

'ചൈനയില്‍ നിന്നുള്ളവര്‍ ഇവിടെ കാലുകുത്തുമ്പോള്‍ ആദ്യമൊന്ന് ദീര്‍ഘമായി ശ്വസിക്കുകയാണ് ചെയ്യുക.'' ജപ്പാന്‍ ടൂറിസം ബോര്‍ഡ് ചൈനീസ് ലാംഗ്വേജ് വെബ്‌സൈറ്റിന്റെ ഹെ വെന്‍ഫാന്‍ പറയുന്നു. 'ആളുകള്‍ പറയുന്നു, ഒടുവില്‍ എനിക്ക് ശ്വസിക്കാന്‍ കഴിഞ്ഞു.''

ഹൊക്കൈഡോയുടെ തലസ്ഥാനമായ സപ്പോറോയിലെ ഹിമോത്സവത്തില്‍ പങ്കെടുക്കാനായി നിരവധി പേരെത്തി. അവിടെ ജപ്പാന്‍ സൈനികര്‍ നിര്‍മിച്ച മഞ്ഞ് ശില്‍പ്പങ്ങള്‍ക്കിടയിലും ആവി പറക്കുന്ന നൂഡില്‍സ് വില്‍ക്കുന്ന പാചകശാലകളിലും ചൈനീസ് മാത്രമേ കേള്‍ക്കാന്‍ കഴിയുമായിരുന്നുള്ളൂ.

ഹിമോത്സവം കാണാന്‍ വേണ്ടി മാത്രമാണ് കോന്നി സോയിയും ഭര്‍ത്താവും സപ്പോറോയിലെത്തിയത്. ഉത്തര ചൈനയിലെ ഹാര്‍ബിന്‍ നഗരത്തിലെ ഹിമോത്സവത്തില്‍ പങ്കെടുത്തിട്ടുണ്ടോ എന്ന ചോദ്യത്തിന് സോയിയുടെ മറുപടി ഇങ്ങനെ ആയിരുന്നു, 'ഇല്ല, ഒരിക്കലുമില്ല. അവിടം വളരെ മലിനമാണ്. ജപ്പാന്‍ അതിനേക്കാളുമൊക്കെ വൃത്തിയുള്ള സ്ഥലമാണ്. പിന്നെ ഇവിടെയുള്ള ജനങ്ങളും വളരെ നല്ലവരാണ്.''ഹൊക്കൈഡോയിലെ സ്‌കീ റിസോര്‍ട്ടുകളിലും ചൈനീസ് പുതുവത്സര അവധിയോട് അനുബന്ധിച്ച് വിനോദ സഞ്ചാരികളുടെ തള്ളിക്കയറ്റമുണ്ടായി.

ഒരു കാലത്ത് താങ്ങാനാകാത്ത വിധം ചെലവേറിയ രാജ്യമായിരുന്നു ജപ്പാന്‍. എന്നാല്‍ ഇന്ന് ജപ്പാനീസ് യെന്നിന്റെ മൂല്യത്തിലുണ്ടായ ഇടിവ് ചൈനയില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ക്ക് ഗുണകരമായി. 'ടാക്‌സികളും ഭക്ഷണവും ചൈനയെക്കാള്‍ ഒരിത്തിരി ചെലവേറിയതാണ് ഇവിടെ, ഒരു ഇരുപത് ശതമാനത്തോളം. എന്നാല്‍ മറ്റ് കാര്യങ്ങളൊക്കെ ഇവിടെ ഏകദേശം ഒരു പോലെയാണ്.'' ആദ്യത്തെ ജപ്പാന്‍ സന്ദര്‍ശനം ഹൊക്കൈഡോയില്‍ സ്‌കീയിങ് നടത്തി ആസ്വദിക്കുന്ന യുവാന്‍ ക്‌സിയാങ് പറഞ്ഞു.

ജപ്പാന്‍ ടൂറിസം ഏജന്‍സിയുടെ വിലയിരുത്തലില്‍ ചൈനീസ് വിനോദ സഞ്ചാരികളാണ് പണം ചെലവഴിക്കുന്നതില്‍ മുന്‍പന്തിയിലുള്ളവര്‍. ജപ്പാനിലെത്തുന്ന വിദേശികളായ വിനോദ സഞ്ചാരികള്‍ ചെലവഴിക്കുന്ന തുകയുടെ നാലിലൊന്നും വരുന്നത് ചൈനക്കാരുടെ കീശയില്‍ നിന്നാണ്.

2011ലെ ഫുകുഷിമ ഭൂകമ്പവും സുനാമിയും ടൂറിസം മേഖലയെ ബാധിച്ചിരുന്നു. അത്തരത്തില്‍ തന്നെയാണ് ഇവിടുത്തെ രാഷ്ട്രീയ പ്രശ്‌നങ്ങളും മേഖലയെ ബാധിക്കുന്നത്. ദ്വീപുകളുടെ അധികാരത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ പെട്ടെന്ന് ആളിക്കത്തുന്നതും, ജപ്പാനിലെ യുദ്ധക്കുറ്റവാളികളെ ആദരിക്കുന്ന ഇടമായി ചൈനക്കാരും കൊറിയക്കാരും കണക്കാക്കുന്ന യാസുകിനി ദേവാലയം ഇവിടുത്തെ രാഷ്ട്രീയക്കാര്‍ സന്ദര്‍ശിക്കുന്നതും ടൂറിസം മേഖലയെ ബാധിക്കുന്നുണ്ട്.

"എല്ലാ വേനലിലും സഞ്ചാരികളുടെ എണ്ണത്തില്‍ പ്രകടമായ കുറവുണ്ടാകുന്നതിനാല്‍ ഞങ്ങള്‍ ഉത്കണ്ഠാകുലരാണ്.'' രണ്ടാം ലോകമഹായുദ്ധം അവസാനിച്ച ആഗസ്ത് മാസത്തെ സൂചിപ്പിച്ചുകൊണ്ട് ടൂറിസം ബോര്‍ഡിലെ ഹേ പറഞ്ഞു. രാജ്യത്തിന് സേവനം ചെയ്ത് മരിച്ചവര്‍ക്കായി പണിത യാസുകിനി ദേവാലയം ഈ സമയത്താണ് രാഷ്ട്രീയക്കാര്‍ സന്ദര്‍ശിക്കാറുള്ളത്(കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി ഷിന്‍സോ ആബെ ദേവാലയം സന്ദര്‍ശിച്ചില്ല, പകരം സഹായിയിലൂടെയാണ് ആദരവ് അര്‍പ്പിച്ചത്).

ബഹുനില ഇലക്ട്രോണിക് സ്‌റ്റോറില്‍ ഷോപ്പിങ്ങ് നടത്തുന്ന സൂ രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ തന്റെ അവധിക്കാലം തകര്‍ക്കാന്‍ താത്പര്യപ്പെടുന്നില്ല.

'അതെന്നെ ബാധിക്കുന്നതേയില്ല'', ചൈനീസ് ഡെബിറ്റ് കാര്‍ഡുകള്‍ സ്വീകരിക്കുന്ന, ചൈനീസ് സംസാരിക്കുന്ന ജീവനക്കാരുള്ള കടയില്‍ നിന്ന് 800 ഡോളറിന്റെ ക്യാമറ പരിശോധിച്ചു കൊണ്ട് സൂ പറഞ്ഞു. റൈസ് കുക്കര്‍ തൊട്ട് സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ വരെ വാങ്ങിക്കാനായെത്തിയ ചൈനീസ് വിനോദ സഞ്ചാരികളാല്‍ നിറഞ്ഞിരുന്നു ആ കട.രണ്ട് ദശാബ്ദത്തെ സാമ്പത്തിക മാന്ദ്യത്തില്‍നിന്ന് കരകയറാന്‍ ശ്രമിക്കുന്ന ഒരു രാജ്യത്ത് ഇത്തരത്തിലെത്തുന്ന വിദേശ പണം സ്വീകാര്യമാണ്. എന്നാല്‍ ഇത് പലപ്പോഴും സ്വീകരിക്കപ്പെടുന്നത് അത്ര എളുപ്പത്തിലല്ല.

ഒരാളില്‍ നിന്ന് വളരെയധികം മാന്യതയും അച്ചടക്കവും ആവശ്യപ്പെടുന്ന സംസ്‌കാരമാണ് ജപ്പാനിലേത്. ഒരു ലിഫ്റ്റ് തൊട്ട് തീന്‍മേശയില്‍ വരെ എങ്ങനെ പെരുമാറണമെന്നതിന് ഇവിടെ നിരവധി ചട്ടങ്ങളുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള നിയമങ്ങള്‍ക്കൊന്നും വഴങ്ങാന്‍ ചൈനയില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ തയ്യാറല്ല.

അവര്‍ വളരെയധികം ഉച്ചത്തിലാണ് സംസാരിക്കുന്നതെന്നാണ് പൊതുവെയുള്ള പരാതി, പിന്നെ ചുറ്റുമുള്ളവരെ പരിഗണിക്കാന്‍ അറിയില്ലെന്നും.

''ബ്രോഷറുകള്‍ പോലെ എന്തെങ്കിലും കാര്യം സൗജന്യമാണെന്ന് കേള്‍ക്കുമ്പോള്‍ തന്നെ അവര്‍ തങ്ങള്‍ക്ക് കഴിയാവുന്നത്രയും കൊണ്ടുപോകും.'' സപ്പോറോയിലെ വിനോദസഞ്ചാരകേന്ദ്രത്തിലെ സന്നദ്ധ പ്രവര്‍ത്തകനായ ടോകീ ശിമോമുറ ചൈനീസ് സന്ദര്‍ശകരെക്കുറിച്ച് പറഞ്ഞു. ''ട്രെയിനിലെ സീറ്റുകളില്‍ തങ്ങളുടെ കുട്ടികളെ ചെരിപ്പുകള്‍ ഊരാതെ തന്നെ കയറാന്‍ അവര്‍ സമ്മതിക്കും. ഇവിടുത്തെ ആളുകള്‍ അവരെ തടയുകയോ ഷൂ അഴിച്ചു കൊടുക്കുകയോ ചെയ്യും.''

രാജ്യത്തിന് പുറത്തെ ഇത്തരം മതിപ്പുകേടുകള്‍ ചൈനക്കകത്തും ശ്രദ്ധിക്കപ്പെടുന്നുണ്ട്. ചൈനയുടെ പ്രസിഡന്റ് സി ജിന്‍പിങ് കഴിഞ്ഞ വര്‍ഷം തന്റെ നാട്ടുകാരോട് യാത്ര ചെയ്യുമ്പോള്‍ കുറച്ചു കൂടി മാന്യമായി പെരുമാറാന്‍ ആവശ്യപ്പെട്ടിരുന്നു.

രെയ്മന്‍ ആലിയിലെ കുഞ്ഞ് റെസ്റ്റോറന്റുകളില്‍ സപ്പോറോയിലെ സ്‌പെഷല്‍ ന്യൂഡില്‍സിനായി നിരവധി ചൈനീസ് സഞ്ചാരികള്‍ എത്താറുണ്ട്. ഇങ്ങനെ എത്തുന്നവരില്‍ ചിലര്‍ അവിടിരുന്ന് ബിയര്‍ കുടിക്കുന്നതിനെപ്പറ്റിയും കൈയ്യില്‍ കരുതിയ പൊതിഭക്ഷണം കഴിച്ച് പൊതി തറയില്‍ കളയുന്നതിനെപ്പറ്റിയും കടയുടമകള്‍ക്ക് പരാതികള്‍ ഒരുപാടുണ്ട്.

''ചൈനയില്‍ നിന്നുള്ള സഞ്ചാരികളില്ലാതെ ഇവിടെ ടൂറിസം വ്യവസായം നിലനിന്നു പോകില്ല, അതുകൊണ്ട് തന്നെ ഞങ്ങള്‍ അവരെപ്പറ്റി പരാതിപ്പെടാന്‍ ആഗ്രഹിക്കുന്നുമില്ല''. തന്റെ ഉപഭോക്താക്കളെ ശത്രുക്കളാക്കാതിരിക്കാന്‍ പേര് വെളിപ്പെടുത്തില്ല എന്ന വ്യവസ്ഥയിലാണ് ആ കടയുടമ സംസാരിച്ചത്.

''ഇവിടെ കൊടുക്കലും വാങ്ങലും തുല്യമാണ്. അവര്‍ വരുന്നതിനെ ഞങ്ങള്‍ അഭിനന്ദിക്കുന്നു, എന്നാല്‍ കുറച്ചുകൂടി സാംസ്‌കാരിക ബോധത്തോടു കൂടി അവര്‍ വന്നെങ്കിലെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നു.''


Next Story

Related Stories