TopTop
Begin typing your search above and press return to search.

മലയാള സിനിമാ ഗാന ലോകം ചിറയിന്‍കീഴ് മനോഹരനോട് ചെയ്തത്

മലയാള സിനിമാ ഗാന ലോകം ചിറയിന്‍കീഴ് മനോഹരനോട് ചെയ്തത്
കേശഭാരം കബരിയിലണിയും
കേരളനൃത്തകലാ സൗന്ദര്യമേ നിന്റെ
തോടയം പുറപ്പാടിന്നരികില്‍ നില്‍പ്പൂ പുഷ്പ
തോരണം ചാര്‍ത്തിയ പ്രകൃതീ...

മനോഹരേട്ടന്‍ ഒരിക്കല്‍ കൂടി ആ പാട്ടൊന്നു പാടി... 'വ്യക്തിത്വമുള്ള ശബ്ദം' എന്ന് 1973 ല്‍ ഇറങ്ങിയ ഇന്ത്യന്‍ എക്‌സ്പ്രസ് പത്രം വിശേഷിപ്പിച്ച ഒരു ഗായകന്റെ ശബ്ദം പക്ഷെ ഇപ്പോള്‍ ഇടറിയിട്ടുണ്ട്. ഒറ്റപ്പാട്ടു കൊണ്ട് കേരളം നെഞ്ചിലേറ്റിയ ചിറയിന്‍കീഴ് മനോഹരന്‍ എന്ന ഗായകന് ശ്രുതി തെറ്റാതെ പാടാന്‍ ഇപ്പോഴും കഴിയുമെങ്കിലും എന്നോ മരിച്ച തന്നിലെ പാട്ടുകാരനെ വീണ്ടുമോര്‍മിച്ചപ്പോള്‍ നെഞ്ച് പിടഞ്ഞുപോയതാകണം. ആര്‍ക്കോ വേണ്ടി പണിതീര്‍ത്തിട്ടിരിക്കുന്ന വില്ലകളുടെ കാവല്‍ക്കാരനിപ്പോള്‍ ജീവിതത്തിന്റെ ബാക്കിയുള്ള വരികള്‍ സ്വയം തെരഞ്ഞെടുത്ത താളത്തിനൊപ്പം മൂളാന്‍ മാത്രമാണ് ശ്രമിക്കുന്നത്. 'അര്‍ഹതയുണ്ടായിട്ടും ഒന്നും കിട്ടിയില്ല. അയാം ആന്‍ അണ്‍ലക്ക് ഫെലോ, നിര്‍ഭാഗ്യങ്ങളുടെ പാട്ടുകാരന്‍...' പാതിയില്‍ നിര്‍ത്തിയ പാട്ടിന്റെ ബാക്കിയായി ആ ഗായകന്‍ സ്വയമങ്ങനെ അടയാളപ്പെടുത്തി...

1965- ഓള്‍ ഇന്ത്യ റേഡിയോ സംഘടിപ്പിച്ച സംഗീത മത്സരത്തില്‍ ഒന്നാം സ്ഥാനത്തെത്തുമ്പോള്‍ ചിറയിന്‍കീഴ് സ്‌കൂളില്‍ എട്ടാംതരത്തില്‍ പഠിക്കുകയാണ് മനോഹരന്‍. സംഗീതം ശാസ്ത്രീയമായി പഠിച്ചിട്ടില്ലാത്ത കുട്ടി. അച്ഛന്‍ നല്ലൊരു സംഗീതാസ്വാദകനാണെന്നതു മാത്രമാണ് ആ കുടുംബത്തിനു പറയാനുള്ള ഏക രാഗവിശേഷം. അച്ഛന്റെ വാസന ഏഴു മക്കളിലേക്കും പകര്‍ന്നിരുന്നു. കൂട്ടത്തില്‍ മനോഹരന് അതല്‍പ്പം കൂടുതലായിരുന്നുവെന്നു മാത്രം. പഠിക്കാന്‍ അത്ര മിടുക്കനല്ലാതിരുന്നിട്ടും അധ്യാപകരുടെ പ്രിയപ്പെട്ട കുട്ടിയായി മാറാന്‍ കാരണവും നന്നായി പാടുമെന്നതാണ്. ലതാ മങ്കേഷ്‌കര്‍ എന്ന വാനമ്പാടിയെ ഇന്ത്യക്ക് സമ്മാനിച്ച, സലില്‍ ചൗധരിയെന്ന സംഗീത സംവിധായകനെ അടയാളപ്പെടുത്തിയ, മധുമതിയിലെ 'ആജാരേ പരദേശി' എന്ന ഗാനം പാടി മൂന്നു കൊല്ലം സ്‌കൂളില്‍ പാട്ടുമത്സരത്തിന് ഒന്നാം സ്ഥാനം നേടിയിട്ടുണ്ട് മനോഹരന്‍. ഇതിനിടയിലാണ് ആകാശവാണിയില്‍ മത്സരത്തിനു പോകുന്നത്.

ചിറയിന്‍കീഴ് ശ്രീണ്ഠന്‍ നായരെന്ന സുഹൃത്തും (പ്രശസ്തനായ ചിത്രകാരനായി മാറി പിന്നീട് ശ്രീകണ്ഠന്‍ നായര്‍) കൂടെയുണ്ടായിരുന്നു. പാടേണ്ടത് ജഡ്ജസിനു മുന്നിലല്ല, അവരെവിടെയിരിക്കുന്നുവെന്ന് കാണാന്‍ പറ്റില്ല. ഒരു മൈക്കുണ്ട്, ഒപ്പം തമ്പുരു മീട്ടാന്‍ ഒരാളും. മനോഹരനു വേണ്ടി അന്നു തമ്പുരു മീട്ടിയത് എം ജി രാധാകൃഷ്ണനായിരുന്നു. ആകാശവാണിയിലെ ഉദ്യോഗസ്ഥനായിരുന്നല്ലോ രാധാകൃഷ്ണന്‍. രണ്ടുപാട്ടാണ് പാടിയത്. 'പുല്ലാങ്കുഴലുമായി വരുമോ മേഘവര്‍ണ്ണാ...' എന്നു തുടങ്ങുന്നൊരു ഗാനവും പിന്നെ സ്വരങ്ങളെത്രയുണ്ടെന്നുപോലും നിശ്ചയമില്ലാതിരുന്ന കാലത്ത് സ്വയമെഴുതി ട്യൂണിട്ട സ്വന്തം ഗാനവും. പോരാന്‍ നേരത്ത് ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞു; "ഡേയ് മനോഹരാ..ഇതൊന്നും നമുക്ക് ഒത്തുവരില്ലഡേ..." മനോഹരനും മറുത്തൊന്നും പറയാനുണ്ടായിരുന്നില്ല.

ആഴ്ചകള്‍ കടന്നുപോയി. ഒരുദിവസം ക്ലാസിലിരിക്കുമ്പോള്‍ കണക്കുമാഷാണ് വിളിപ്പിച്ചത്.

"ഡേയ്..നീ ആകാശവാണിയില്‍ പാടാന്‍ പോയിരുന്നാ...?"

"ഊവ്വ്..."

"എന്നാ നിനക്കാണുകേട്ടാ ഫസ്റ്റ്. ദില്ലി വാര്‍ത്തേല്‍ പറയണുണ്ടായിരുന്നു."

കേട്ടത് നേരോ അതോ സ്വപ്‌നം കാണുന്നതോ! അല്‍പ്പനേരമെടുത്തു യാഥാര്‍ത്ഥ്യത്തിലേക്ക് എത്താന്‍. ആകാശവാണി സംഗീത മത്സരത്തില്‍ അക്കൊല്ലം മനോഹരന് തന്നെയായിരുന്നു ഒന്നാം സ്ഥാനം. അന്ന് ഒരേയൊരു സങ്കടമേ ഉണ്ടായുള്ളൂ. ഡല്‍ഹിയില്‍ പോയി രാഷ്ട്രപതിയുടെ കൈയില്‍ നിന്നും പ്രശസ്തി പത്രം വാങ്ങാമെന്നുള്ള മോഹം നടന്നില്ല. ഇന്തോ-ചൈനീസ് യുദ്ധത്തിന്റെ പശ്ചാത്തലത്തിലായിരുന്നു രാജ്യമെന്നതിനാല്‍ ആഘോഷ പരിപാടികള്‍ വേണ്ടെന്നുവെച്ചിരിക്കുകയാണ്. മനോഹരനുള്ള ഫലകവും 500 രൂപ ക്യാഷ് പ്രൈസും തിരുവനന്തപുരം ആകാശവാണിയിലേക്ക് അയച്ചുകൊടുക്കുകയായിരുന്നു.

റേഡിയോ മത്സരത്തിലെ ഒന്നാംസ്ഥാനക്കാരെന്ന ഖ്യാതികൂടി വന്നതോടെ മനോഹരന്‍ ചിറയിന്‍കീഴ് എന്ന സ്ഥലനാമം ചേര്‍ത്ത് അറിയപ്പെടാന്‍ തുടങ്ങി. അത്യാവശ്യം ഗാനമേളകളില്‍ പാടാന്‍ പോയിത്തുടങ്ങിയതോടെ ആള്‍ക്കാരും തിരിച്ചറിയാന്‍ തുടങ്ങി. അപ്പോഴും മനോഹരന്‍ ആലോചിക്കാതിരുന്നൊരുകാര്യം അച്ഛന്‍ മനസ്സില്‍ കണ്ടു; ഇവനെ സംഗീതം പഠിപ്പിക്കണം. അങ്ങനെ തിരുവനന്തപുരം സംഗീതകോളേജില്‍ മനോഹരന്‍ വിദ്യാര്‍ത്ഥി ജീവിതം ആരംഭിച്ചു .

ഒന്നാം വര്‍ഷത്തെ ക്ലാസ് നടന്നുപോകുന്നതിനിടയില്‍ ഒരു ദിവസം മനോഹരനെ കാണാനായി ഒരാള്‍ കോളേജില്‍ എത്തി. ആളുടെ പേര് പറഞ്ഞപ്പോള്‍ മനോഹരന്റെ നാവില്‍ കിനിഞ്ഞതൊരു പാട്ടാണ്...അക്കാലത്ത് നാവോടുനാവുകള്‍ പാടിയിരുന്ന മാനത്തെ കായലിന്‍ മണപ്പുറത്തിന്നൊരു താമര കളിത്തോണി...എന്ന പാട്ട്. തന്നെ തേടി വന്നിരിക്കുന്നത് സാക്ഷാല്‍ ബ്രഹ്മാനന്ദന്‍ ആണെന്നറിഞ്ഞപ്പോള്‍ മനോഹരനുണ്ടായ ആഹ്ലാദം ചെറുതല്ലായിരുന്നു. അവര്‍ക്കിടയില്‍ ആകെയുണ്ടെന്നുപറയാന്‍ ഒരു ബന്ധമുള്ളത്, മനോഹരന് റേഡിയോ സംഗീതമത്സരത്തില്‍ ഒന്നാംസ്ഥാനം കിട്ടുന്നതിനു തൊട്ടുമുന്നിലത്തെ വര്‍ഷം ആ സ്ഥാനം നേടിയത് ബ്രഹ്മാനന്ദന്‍ ആയിരുന്നുവെന്നതാണ്. പക്ഷെ ഈ വരവിന് ബ്രഹ്മാനന്ദന് ഒരുദ്ദേശമുണ്ടായിരുന്നു. കള്ളിച്ചെല്ലമ്മയിലെ പാട്ടോടെ അത്യാവശ്യം ഓഫറുകളൊക്കെ തേടിവരാന്‍ തുടങ്ങി. സിനിമയില്‍ പാടണമെങ്കില്‍ മദ്രാസില്‍ നില്‍ക്കണം. ഇപ്പോഴത്തെ നിലയില്‍ അതിനു ചെറിയൊരു ബുദ്ധിമുട്ടുണ്ട്. ദേശാഭിമാനി തിയേറ്റേഴ്‌സിന്റെ പ്രധാന പാട്ടുകാരനായ തനിക്ക് അവിടെ നിന്നു മാറണമെങ്കില്‍ പകരം നല്ലൊരു പാട്ടുകാരനെ സംഘടിപ്പിച്ചു കൊടുക്കണമെന്നാണ് നിബന്ധന. മനോഹരന് ബുദ്ധിമുട്ടില്ലെങ്കില്‍ എനിക്കു പകരം സമിതിയില്‍ പാടണം; ബ്രഹ്മാനന്ദന്‍ വന്നകാര്യം പറഞ്ഞു. അക്കാലത്ത് ഒരു നാടക ട്രൂപ്പില്‍ പാടുകയെന്നത് സിനിമയില്‍ പാടുന്നതിനേക്കാള്‍ ബുദ്ധിമുട്ടാണ്. അപ്പോഴിതാ അവസരം തന്നെത്തേടി കോളേജില്‍ വന്നിരിക്കുന്നു; മനോഹരന്‍റെ ആഹ്ലാദം ആരോഹണമേറി.

തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍വെച്ചാണ് ബ്രഹ്മാനന്ദന്‍ പാട്ട് പഠിപ്പിക്കുന്നത്. പുനലൂര്‍ ബാലന്‍ എഴുതി ശിവന്‍-ശശി ദ്വയം സംഗീതമിട്ട 'അമരവധു രമണീ' എന്ന ഗാനമാണ്. അഗ്നിപുത്രി എന്ന നാടകത്തിനുവേണ്ടിയാണ് പാടേണ്ടത്. മോശമല്ലാത്ത ഗ്രാഹ്യശക്തി ഉള്ളതുകൊണ്ട് പാട്ട് വേഗം പഠിച്ചു. ബാക്കിയെല്ലാം സമതിയില്‍ ചെന്നശേഷം. ബ്രഹന്മാന്ദന്‍ അവിടെ നിന്നു മദ്രാസിലേക്കും മനോഹരന്‍ ദേശാഭിമാനി തിയേറ്റേഴ്‌സിലേക്കും പോയി.

ദേശാഭിമാനി തിയേറ്റേഴ്‌സിന്റെ മാനേജര്‍ അക്കാലത്ത് ജയറാം ആയിരുന്നു (പില്‍ക്കാലത്ത് ആറ്റിങ്ങല്‍ മുന്‍സിപ്പാലിറ്റി ചെയര്‍മാനൊക്കെയായ പ്രമുഖ സിപിഎം നേതാവ്). അന്ന് ജയറാമിനൊപ്പം ഒരു സഹായി ഉണ്ടായിരുന്നു, ആനന്ദന്‍. കക്ഷത്തിലെപ്പോഴും ഒരു ഡയറിയുമായി നടക്കുന്ന തീപ്പൊരി പ്രാസംഗികനായ ആനന്ദന്‍ പിന്നീട് ആനത്തലവട്ടം ആനന്ദനായി. സിപിഎമ്മിന്റെ സമ്മുന്നതനായ നേതാവും എംഎല്‍എയുമൊക്കെയായി, ഒപ്പം മനോഹരന്റെ നല്ലൊരു സുഹൃത്തും.

എന്തായാലും സമിതിക്കാര്‍ക്ക് മനോഹരന്റെ പാട്ട് ഇഷ്ട്ടമായി. അതോടെ ചിറയിന്‍കീഴ് മനോഹരന്‍ മാറി ദേശാഭിമാനി മനോഹരനായി. പകല്‍ കോളേജ്‌,
രാത്രി നാടകം എന്ന കണക്കിന് ജീവിതം മുന്നോട്ടുപോയി. ഒടുവില്‍ റിസല്‍ട്ട് വന്നപ്പോള്‍ പ്രാക്ടിക്കല്‍ കിട്ടി, തിയറി പോയി. വര്‍ഷാവസാനം തിയറി എഴുതിയെടുത്തു. 1973 ല്‍ സംഗീത കോളേജില്‍ നിന്ന് ഗാനഭൂഷണം പാസ്സായി പുറത്തുവന്നു. പക്ഷെ അപ്പോഴേക്കും കാര്യങ്ങള്‍ കുറച്ച് പരുവേക്കാടിയിരുന്നു. ദേശാഭിമാനി പഴയപോലെ ഓടുന്നില്ല. ജയറാം പടിയിറങ്ങിയതോടെ സിമിതിയുടെ താളം തെറ്റി. നാടകമില്ലാതായതോടെ ജീവിതം കുറച്ചു ബുദ്ധിമുട്ടിലായി. രക്ഷപ്പെടും എന്ന വിശ്വാസം മാത്രമാണ് കൈമുതല്‍. ആ വിശ്വാസം ചതിച്ചില്ല.

യാദൃശ്ചികമായി വൈക്കം ചന്ദ്രശേഖരന്‍ നായരെ കണ്ടുമുട്ടി. ചെറിയ പരിചയമുണ്ട്. എന്താടോ പരിപാടിയെന്നു ചോദിക്കേണ്ട താമസം അവസ്ഥകളെല്ലാം പറഞ്ഞു. നീയൊരുകാര്യം ചെയ്യ്, ഞാന്‍ തരുന്ന കത്തുമായി ദേവരാജനെ പോയി കാണൂ. കാളിദാസ കലാകേന്ദ്രയുടെ ഡോക്ടര്‍ നാടകത്തിലൂടെ വൈക്കവും ദേവരാജനും തമ്മില്‍ നല്ല ബന്ധത്തിലെത്തിയിരുന്നു. നാടകമെഴുതിയത് വൈക്കവും സംഗീതം ദേവരാജനുമാണ്. വഴിയില്‍ കണ്ടുമുട്ടിയ ദൈവമാണോ തന്റെ മുന്നിലെന്ന അത്ഭുതത്തോടെ മനോഹരന്‍ ചന്ദ്രശേഖരന്‍ നായരെ തന്നെ നോക്കി നിന്നൂ. മനസ്സില്‍ സന്തോഷം അമൃതവര്‍ഷിണിയിലെന്നപോലെ പൊഴിയുകയാണ്. തന്റെ ജീവിതം ഇതാ ഈ വഴിയോരത്തു നിന്നു മാറാന്‍ തുടങ്ങുന്നു...

1973 ഏപ്രില്‍ മാസം. മദ്രാസിലേക്ക് യാത്ര തിരിക്കുകയാണ്. പോകുന്നതിനു മുമ്പ് അച്ഛന്‍ മകനെ അടുത്തുവിളിച്ചു. ഇക്കാലമത്രയും മനോഹരന്‍ മറക്കാതെ സൂക്ഷിക്കുന്നൊരു ഉപദേശമായിരുന്നു അച്ഛന് അന്നു കൊടുക്കാനുണ്ടായിരുന്നത്- 'സംഗീതം വലിയൊരു സാഗരമാണ്. എത്രയോ കഴിവുള്ള കലാകാരന്മാര്‍ അവിടെ വീണുപോയിട്ടുണ്ട്. നിന്നെ കാത്തിരിക്കുന്നത് വിജയോ പരാജയമോ ആകാം. പരാജയപ്പെട്ടാലും നീ വിഷമിക്കരുത്‌'. മനസ്സില്‍ പൊതിഞ്ഞെടുത്ത ആ വാക്കുകളുമായി ആ ചെറുപ്പക്കാരന്‍ തീവണ്ടി കയറി...അവന്റെ സ്വപ്‌നങ്ങളിലേക്കാണ് തീവണ്ടി ചക്രങ്ങളുരുണ്ടു നീങ്ങുന്നതെന്നു തോന്നി.

ദേഹം മുഴുവന്‍ വിറയ്ക്കുകയാണ്. ആകെയുള്ള കരുത്ത് പോക്കറ്റില്‍ ഭദ്രമായി മടക്കിവച്ചിരിക്കുന്ന ആ കത്താണ്. കാണാന്‍ പോകുന്നത് സാക്ഷാല്‍ ദേവരാജനെ ആകുമ്പോള്‍ ആര്‍ക്കുമുണ്ടാകുന്ന സംഭ്രമം മനോഹരന് അല്‍പ്പം കൂടുതലായിരുന്നു. വീടു കണ്ടെത്തി, അകത്താളുണ്ടോയെന്നു വിളിച്ചു ചേദിച്ചു. വാതിലിന്റെ അല്‍പ്പം തുറന്ന് ഒരു തല മാത്രം പുറത്തേക്ക് നീണ്ടു. ദേവരാജനാണ്. പരിചയക്കാരാണെങ്കില്‍ മാത്രമേ ആ വാതില്‍ മുഴുവന്‍ തുറക്കാറുള്ളു. അറിയാത്തവരാണെങ്കില്‍ തലമാത്രം നീളും. അപരിചിതനെ കണ്ടപ്പോള്‍ പതിവുള്ള ചോദ്യം; ആരാ? മറുപടി പറയുന്നതിനു മുമ്പ് വൈക്കം ചന്ദ്രശേഖരന്‍ നായരുടെ കൈപ്പട പതിഞ്ഞ കത്ത് നീട്ടി. പിന്നെ കാര്യം പറഞ്ഞു. മനോഹരനു മുന്നില്‍ കതകു തുറക്കപ്പെട്ടു. അകത്തേക്ക് പ്രവേശനവും കിട്ടി. സിനിമയില്‍ പാടാന്‍ വന്നതാണല്ലേ? കത്ത് മടക്കി കൊണ്ട് ദേവരാജന്റെ പരുക്കന്‍ ചോദ്യം വീണു. മറുപടി പറയുന്നതിനു മുന്നേ വീണ്ടുമൊരിക്കല്‍ കൂടി മാഷ് വായ തുറന്നു; ശരി പോ...അറിയിക്കാം. കഴിഞ്ഞു, ഇനി ഒന്നും പറയേണ്ടതില്ല. വാതില്‍ കടന്ന് മനോഹരന്‍ മദ്രാസിന്റെ ചൂടിലേക്ക് ഇറങ്ങി നടന്നു.കൈയില്‍ കാര്യമായിട്ട് കാശൊന്നുമില്ല. ഉള്ളതുവെച്ച് ആദ്യമൊരു താമസസ്ഥലം ശരിയാക്കി ദേവരാജന്‍ മാഷിന്റെ വിളിയും കാത്തിരുന്നു. ദിവസങ്ങള്‍ കഴിയുന്തോറും മനസ് അസ്വസ്ഥമാകാന്‍ തുടങ്ങി. അന്യനാടാണ്. കൈയിലെ കാശും തീരുകയാണ്. അങ്ങനെയാണ് ചീറയിന്‍കീഴുകാരനും നാട്ടില്‍വെച്ചു തന്റെയൊരു അഭ്യുദയകാംക്ഷിയുമായ പ്രേം നവാസിനെ കാണാന്‍ പോകുന്നത്. നവാസ് അന്ന് നസീര്‍ സാറിനൊപ്പം മദ്രാസിലുണ്ട്. മനോഹരനെ കൈവിടാന്‍ നവാസിന് കഴിയുമായിരുന്നില്ല. അതുകൊണ്ട് മനോഹരനെയും കൂട്ടി തന്റെ സുഹൃത്ത് കൂടിയായ ബാബുരാജിനെ കാണാന്‍ പോയി. കാര്യങ്ങളൊക്കെ ധരിപ്പിച്ച് ബാബുക്കായെ പരിചയപ്പെടുത്തുകയും ചെയ്തു. എന്തെങ്കിലും ചാന്‍സ് വന്നാല്‍ വിളിക്കാമെന്ന് ബാബുരാജ് ഉറപ്പുനല്‍കി.പിന്നെയും കാത്തിരിപ്പാണ്. ദേവരാജനോ ബാബുരാജോ; ആരെങ്കിലുമൊന്ന് വിളിച്ചിരുന്നെങ്കില്‍...

രണ്ടാഴ്ച്ച കഴിഞ്ഞുകാണും. ഒരുദിവസം മനോഹരനെ തേടി ഒരു തമിഴന്‍ എത്തി. ദേവരാജന്റെ ഓര്‍ക്കസ്ട്ര ഇന്‍ഫോര്‍മറാണ്. നീങ്കളെ കൂപ്പിടറ്... അയാള്‍ തന്റെ പക്കലുള്ള സന്ദേശം കൈമാറി. മനോഹരന്‍ നേരെ നടന്നു ദേവരാജന്‍ മാഷിന്റെ വീട് ലക്ഷ്യമാക്കി.

ഇത്തവണ വാതില്‍ തുറന്നത് മാഷല്ലായിരുന്നു. മാധുരിയായിരുന്നു. മാഷ് അകത്തിരുപ്പുണ്ട്. ചോദ്യോം പറച്ചിലൊന്നും ഉണ്ടായില്ല. മുറിയിലെ സോഫായില്‍ ചെറിയ പൊക്കത്തില്‍ അടുക്കിവച്ചിരിക്കുന്ന ഗ്രാമഫോണ്‍ ഡിസ്‌ക്കുകളിലേക്കു വിരല്‍ ചൂണ്ടി; അതെല്ലാമെടുത്ത് മുകളിലോട്ട് പോ..അനുസരണയോടെ ഡിസ്‌കുകള്‍ അടുക്കിപ്പിടിച്ച് മനോഹരന്‍ സ്‌റ്റെപ്പുകള്‍ കയറി. പുറകെ ദേവരാജനുമുണ്ട്. മുകളിലത്തെ മുറിയില്‍ ഒരു ഗ്രാമഫോണുണ്ട്. ഒരു ഡിസ്ക് എടുത്ത് ഗ്രാമഫോണിലേക്ക് ഘടിപ്പിച്ചു, നീ നോക്കി പഠിച്ചോളണം എന്നൊരു നിര്‍ദശവും ഒപ്പമുണ്ടായിരുന്നു. ഗ്രാമഫോണ്‍ പാടിത്തുടങ്ങി; അരയിലൊറ്റ മുണ്ടുടുത്ത പെണ്ണേ...യേശുദാസിന്റെ ശബ്ദം മുറിയില്‍ നിറഞ്ഞു. ഈ ഡിസ്‌കുകളിലുള്ള പാട്ടെല്ലാം കേട്ട് ഇതേപോലെ പഠിക്കണം; സുഗ്രീവാജ്ഞയും നല്‍കി ദേവരാജന്‍ മുറിവിട്ടു. അടുത്ത മൂന്നുദിവസം മനോഹരന്റെ പാട്ടുപഠനമായിരുന്നു. ഉച്ചസമയത്ത് ദേവരാജന്റെ ഭാര്യ ഉണ്ണാന്‍ വിളിക്കും. നൂറ്റമ്പതോളം പാട്ടുകളുണ്ടായിരുന്നു. എല്ലാം യേശുദാസിന്റെതും. അവസാന പാട്ടും പാടിക്കഴിഞ്ഞ് വീണ്ടും മനോഹരന് ദേവരാജന് മുന്നിലെത്തി. മാഷ് എന്തു പറയുമെന്നതിന് കാത്തുനിന്നു. ഇനി പോ...അതായിരുന്നു ദേവരാജന് പറയാനുണ്ടായിരുന്നത്.

വീണ്ടുമൊരു രണ്ടാഴ്ച്ചകൂടി. മനോഹരന്റെ ജീവിതം ചുട്ടുപൊള്ളിത്തുടങ്ങിയിരുന്നു. തളര്‍ന്നു തുടങ്ങിയെന്നു തോന്നിത്തുടങ്ങിയതിനിടയില്‍ ഒരു ദിവസം മാഷിന്റെ സന്ദേശം മനോഹരനെ തേടി വീണ്ടുമെത്തി. എവിഎം സ്റ്റുഡിയോവിലെത്തണം. സ്ഥലം തിരക്കിപ്പിടിച്ച് എവിഎമ്മിലെത്തി. ഏതോ പടത്തിന്റെ പൂജയും സോംഗ് റെക്കോര്‍ഡിംഗും നടക്കുകയാണ്. മാഷിനെ ചെന്നു കണ്ടു. നീ ഒരു പാട്ട് പാട്, മാഷ് പറഞ്ഞു. ശബ്ദം ടെസ്റ്റ് ചെയ്യാനാണന്നു മനോഹരനനു മനസിലായി. ഏതു പാട്ടുപാടും? സാധാരണ എല്ലാവരും ചെയ്യുക യേശുദാസിന്റെ ഒരു പാട്ടുപാടുകയെന്നതാണ്. പക്ഷെ മനോഹരന് ഒരു കാര്യത്തില്‍ തീര്‍ച്ചയുണ്ടായിരുന്നു. യേശുദാസിന്റെ പാട്ട് അദ്ദേഹം പാടിയപോലെ ഫലിപ്പിക്കണമെങ്കില്‍ സ്പഷ്ടമായി അനുകരിക്കണം. ഗാനമേള വേദികളില്‍ നിന്ന് അത്തരം അനുഭവങ്ങളുണ്ടായിട്ടുണ്ട്. ഇവിടെ അതുവേണ്ട. തനിക്കു തന്റേതായ ശബ്ദമുണ്ട്. പിന്നെയെന്തിന് അനുകരണം. താന്‍ തന്നെ പാടിയൊരു നാടകഗാനമാണ് മനോഹരന്‍ അന്നു തെരഞ്ഞെടുത്തത്. ദേശാഭിമാനിക്ക് നടകം കുറഞ്ഞ സമയത്ത് ആലപ്പുഴ ശില്‍പ്പശാലയുടെ ഒരു നാടകത്തില്‍ പാടാന്‍ പോയിരുന്നു. കണ്ണൂര്‍ രാജന്‍ ഈണമിട്ട മനോഹരമായൊരു ഗാനമുണ്ട് ഇതിഹാസങ്ങളെ...വേദാന്തങ്ങളെ എന്നുതുടങ്ങുന്ന ആ ഗാനമാണ് ദേവരാജനു മുന്നില്‍ ആലപിച്ചത്. മാഷ് അഭിപ്രായമൊന്നും പറഞ്ഞില്ല. എന്നാല്‍ മനോഹരനന്റെ പാട്ട് ഇഷ്ടമായ മറ്റൊരാള്‍ വന്ന് അഭിനന്ദിച്ചു. പിന്നീടെപ്പോഴോ ആണ് നന്നായി പാടിയെന്ന് പറഞ്ഞു ചുമലില്‍ തട്ടിയിട്ടുപോയ ആളുടെ പേര് ശ്രീകുമാരന്‍ തമ്പിയാണെന്നു മനോഹരന്‍ തിരിച്ചറിഞ്ഞത്.

ശബ്ദം ടെസ്റ്റ് ചെയ്തു കഴിഞ്ഞിട്ടും കാത്തിരിപ്പ് തുടരുകയാണ്. അച്ഛന്‍ പറഞ്ഞതുപോലെ സംഗീതമെന്ന വലിയ ലോകത്ത് തന്നെ ഏതു വിധിയാണ് കാത്തിരിക്കുന്നതെന്ന് മനോഹരന്‍ ആലോചിക്കാന്‍ തുടങ്ങി. അപ്പോഴേക്കും ബാബുരാജിന്റെ വിളിവന്നു. ആദ്യ സിനിമാപ്പാട്ട് പാടാനുള്ള ക്ഷണം കൂടിയായിരുന്നു അത്. അങ്ങനെ ക്രിമിനല്‍സ് എന്ന പടത്തില്‍ പൂവച്ചല്‍ ഖാദര്‍ എഴുതി ബാബുരാജ് ഈണമിട്ടൊരു ഡ്യൂയറ്റിലൂടെ മനോഹരന്‍ സിനിമ പിന്നണി ഗായകനായി. എല്‍ ആര്‍ ഈശ്വരിയുടെ സഹോദരി എല്‍ ആര്‍ അഞ്ജലി ആയിരുന്നു ഫീമെയില്‍ വോയിസ്. റഫി പാടിയൊരു ഹിന്ദി പാട്ടിന്റെ പാരഡിയെന്നു പറയാവുന്നൊരു പാട്ടായിരുന്നു അത്. ദൈവം വന്നു വിളിച്ചാല്‍ പോലും ഞാനില്ല.../ ഈ ഭൂമിയിലിപ്പോള്‍ സിനിമാതാരങ്ങളണല്ലോ ദൈവങ്ങള്‍ എന്നു തുടങ്ങുന്ന ആ ഗാനം അത്രവലുതായിട്ട് ശ്രദ്ധിക്കപ്പെട്ടൊന്നുമില്ല. താനൊരു നല്ല ഗായകനാണെന്നു തെളിയിക്കാന്‍ പറ്റിയ പാട്ടല്ല പാടിയതെന്നു മനോഹരനു തന്നെ അറിയാമായിരുന്നു. ആകെയുള്ള ആശ്വാസം ബാബുരാജിന് തന്നെ ഇഷ്ടമായി എന്നതുമാത്രമാണ്. പക്ഷെ ബാബുരാജിന്റെ ഒരൊറ്റ പാട്ടുപാടിയാല്‍ മതി മനോഹരനെന്നായിരുന്നു വിധിയുടെ തീരുമാനം. മലയാള ചലച്ചിത്രഗാനങ്ങളെ സുറുമയെഴുതിച്ച ആ സംഗീത സംവിധായകനെ ദൈവം തിരികെ വിളിച്ചു.

ക്രിമിനല്‍സിലെ പാട്ട് പാടി ഒരാഴ്ച്ച കഴിഞ്ഞപ്പോള്‍ മനോഹരനെ തേടി ഒരിക്കല്‍ കൂടി ദേവരാജന്റെ ഇന്‍ഫോര്‍മര്‍ എത്തി. എവിഎമ്മിലായിരുന്നു മാഷ്. നിന്റെ കൈയില്‍ പേപ്പറുണ്ടോ? ചെന്നയുടനെയുള്ള ചോദ്യം അതായിരുന്നു. ഇല്ലെന്നു പറഞ്ഞപ്പോള്‍ ലെറ്റര്‍ പാഡില്‍ നിന്ന് ഒരു പേപ്പര്‍ കീറിയെടുത്തു നല്‍കി. ഒപ്പം മറ്റൊരു പേപ്പര്‍ കൂടി. അതിലുള്ള വരികള്‍ പകര്‍ത്തിയെടുക്കൂ; ദേവരാജന്റെ ആജ്ഞ. നിശബ്ദം അനുസരിച്ച് മനോഹരന്‍ പകര്‍ത്തല്‍ തുടങ്ങി. അതിനു മുമ്പായി മാഷ് കൈയില്‍ തന്ന കടലാസിന്റെ മുകളിലായി ഒരു പേര് കുറിച്ചിട്ടിരിക്കുന്നത് കണ്ടു; വയലാര്‍ രാമവര്‍മ്മ...ഉള്ളിലുണ്ടായ വികാരമൊന്നും പുറമേക്ക് കാണിക്കാതെ മനോഹരന്‍ പേന ചലിപ്പിച്ചു- കേശഭാരം കബരിയില്‍ അണിയും...

വരികള്‍ പകര്‍ത്തി കഴിഞ്ഞപ്പോള്‍ ദേവരാജന്‍ താനിട്ട ഈണത്തില്‍ പാട്ട് പാടിക്കൊടുത്തു. മനോഹരന്‍ അതേപോലെ കേട്ടുപാടി. ഇനി നീ പോയിട്ട് നാളെ വാ...തിരിഞ്ഞു നടക്കാന്‍ തുടങ്ങുമ്പോള്‍ മറ്റൊരു നിര്‍ദേശം കൂടി; ഇനിയീ പാട്ട് നീ പാടിനോക്കരുത്. അതെന്തുകൊണ്ടായിരിക്കുമെന്ന് മനോഹരന് മനസിലായി. പറഞ്ഞു തന്നതിനപ്പുറം തെറ്റായിട്ടാണ് താന്‍ ഇനി പാടി നോക്കുന്നതെങ്കില്‍ നാളെയാകുമ്പോഴേക്കും ആ തെറ്റ് പാടി പഠിച്ചിട്ടുണ്ടായിരിക്കും. മനോഹരന്‍ പാടിയില്ല...

പിറ്റേദിവസം, താനെന്തു സ്വപ്‌നമായിട്ട് ഈ മദ്രാസിലേക്ക് വന്നോ അതു യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നു. കണ്ണാട്ടിക്കൂടിനുള്ളില്‍ നില്‍ക്കുമ്പോള്‍ മനോഹരന്റെ ചിന്ത പലവഴി സഞ്ചരിച്ചു. തനിക്ക് കിട്ടിയിരിക്കുന്ന ഏറ്റവും വലിയ ചാന്‍സാണിത്. പ്രശസ്ത ബാനറായ സുപ്രിയ നിര്‍മിക്കുന്ന പടമാണ് രാജഹംസം. അതിലേക്കാണ് താന്‍ പാടാന്‍ പോകുന്നത്. അതും വയലാര്‍-ദേവരാജന്‍ ടീമിന്റെ പാട്ട്. മറ്റേതോ ലോകത്തെന്നപോലെ നില്‍ക്കുമ്പോഴാണ് ആരോ ഒരാള്‍ കൈരണ്ടും പിറകില്‍കെട്ടി കണ്ണാടി ചില്ലിലൂടെ തന്നെ നോക്കിയിട്ടു പോകുന്നത് മനോഹരന്‍ കണ്ടത്. മറ്റാരുമായിരുന്നില്ല, സിനിമയുടെ നിര്‍മാതാവ് ഹരി പോത്തനായിരുന്നു അത്. സംഗീതം ദേവരാജന്‍ ആയതുകൊണ്ട് അദ്ദേഹത്തിനൊഴികെ ഒരാള്‍ക്കും ആരൊക്കെയാണ് പാട്ടുകാരെന്ന് അറിയാന്‍ കഴിയില്ല. ഇനിയിപ്പോള്‍ നിര്‍മാതാവോ സംവിധായകനോ നേരത്തെയെങ്ങാനും തിരിക്കിയാല്‍, അതു നാളെ പാടുമ്പോള്‍ കണ്ടാല്‍ മതീന്ന് അറുത്തുമുറിച്ചൊരു മറുപടിയായിരിക്കും കിട്ടുക.

കണ്‍സോള്‍ റൂമിലിരുന്ന ദേവരാജന്‍ നിര്‍ദേശം നല്‍കി. ആദ്യമൊരു റിഹേഴ്‌സല്‍. പിന്നെ ആദ്യ ടേക്ക്. ഫൈനല്‍ ടേക്കും എടുത്തു. ആദ്യ ടേക്ക് തന്നെ ഉപയോഗിക്കാന്‍ തീരുമാനിച്ചു. പക്ഷെ പാടിക്കഴിഞ്ഞിട്ടും നല്ലതോ ചീത്തയോ എന്നൊരു വാക്ക് മാത്രം ദേവരാജന്റെ വായില്‍ നിന്നു വീണില്ല. രണ്ടുമാസത്തിനിപ്പുറം രാജഹംസം റിലീസ് ചെയ്തപ്പോള്‍ മനോഹഹരന്റെ പാട്ടിനെക്കുറിച്ച് പറയാന്‍ ആയിരമായിരം നാവുകള്‍ പൊങ്ങി. പത്രങ്ങള്‍ മനോഹരനെക്കുറിച്ച് ഫീച്ചറുകള്‍ എഴുതി. ചലച്ചിത്രഗാനരംഗത്ത് ചിറയിന്‍കീഴ് മനോഹരന്‍ എന്ന ഗായകന്‍ തനിയൊരുത്തനായി മാറി. അനുകരണമില്ല, തനതു ശബ്ദം. ഈ ചെറുപ്പക്കാരനെ കാത്തിരിക്കുന്നത് വലിയൊരു ഭാവിയെന്ന് എവരും പറഞ്ഞു.

പക്ഷേ...എവിടെയൊക്കയോ ശ്രുതി പിഴച്ചിരുന്നു. വീണ്ടുമൊരിക്കല്‍ കൂടി ദേവരാജന്റെ സന്ദേശം തന്നെ തേടി വരുമെന്ന് കരുതി കാത്തിരുന്നിട്ടും ഉണ്ടായില്ല. ഒടുവില്‍ ഒരു സന്ദേശമെത്തി. മാഷിനെ ചെന്നുകാണണം. എന്തിനെന്നറിയാതെ മനോഹരന്‍ ദേവരാജന്‍ മാഷിന്റെ വീട് ലക്ഷ്യമാക്കി ഇറങ്ങി.

ഇത്തവണ മാഷ് പുറത്തേക്ക് ഇറങ്ങി വന്നു. മനോഹരനോട് സിറ്റൗട്ടിലേക്ക് ഇരിക്കാന്‍ പറഞ്ഞു. ശേഷം അകത്തേക്കു കയറിപ്പോയി കൈയിലൊരു പ്രസിദ്ധീകരണവുമായി തിരികെ വന്നു. നാന സിനിമ വാരികയാണ്. അവസാന പേജ് മറിച്ചെടുത്ത് മനോഹരനു നേരെ നീട്ടി. നീ അതൊന്നു വായിക്ക്; കനംനിറഞ്ഞ ശബ്ദം. മനോഹരന്‍ കൈ നീട്ടി വാരിക വാങ്ങി. സിനിമയ്ക്കുള്ളിലെ സിനിമ എന്ന തലക്കെട്ടുള്ളൊരു പംക്തിയാണ് മാഷ് വായിക്കാന്‍ കൊടുത്തത്. നാനയുടെ അവസാന പേജിലെ സിനിമയ്ക്കുള്ളിലെ സിനിമ കൈകാര്യം ചെയ്യുന്നത് പ്രശസ്തരുടെ യഥാര്‍ത്ഥ ജീവിതത്തിന്റെ കറുപ്പും വെളുപ്പുമാണ്. ആ ലക്കത്തില്‍ ദേവരാജന്‍ ആയിരുന്നു കേന്ദ്രകഥാപാത്രം. മാധുരിയുമായുള്ള ബന്ധം പരാമര്‍ശിച്ചു നീളുന്ന കുറിപ്പിലൂടെ കണ്ണോടിച്ച് മനോഹരനെത്തിയത് സ്വന്തം പേരിലേക്കാണ്. ചിറയിന്‍കീഴില്‍ നിന്നെത്തിയ മനോഹരന്‍ എന്ന ചെറുപ്പക്കാരന്‍ മനോഹരമായി പാടിയിട്ടുപോലും ദേവരാജന്‍ ആയാളെ പുച്ഛിച്ചു എന്നാണ് എഴുതിയിരിക്കുന്നത്. മനോഹരന് ഒന്നും മനസ്സിലായില്ല. മധു വൈപ്പിന എന്നയാളാണ് എഴുതിയിരിക്കുന്നത്. എന്നാലും അയാളെ കണ്ട ഓര്‍മ പോലും മനോഹരന് വന്നില്ല. എപ്പോഴാണ് ദേവരാജന്‍ മാഷ് തന്നെ അപമാനിച്ചത്? താനറിയാത്തൊരു കാര്യം ഈ ലേഖകന്‍ എങ്ങനെ അറിഞ്ഞു? മനോഹരന് ആശയക്കുഴപ്പമായി. ശരിയാണ്, അങ്ങനൊരു സംഭവം നടന്നത് മനോഹരന്‍ അറിഞ്ഞിട്ടേയില്ല. എന്നാല്‍ നാനയുടെ മദ്രാസ് ലേഖകനായ മധു താന്‍ സാക്ഷിയായൊരു കാര്യം തന്നെയാണ് എഴുതിയിരിക്കുന്നത്. രാജഹംസത്തിലെ ഗാനം മനോഹരമായി തന്നെ മനോഹരന്‍ പാടിയെങ്കിലും ദേവരാജന്റെ വായില്‍ നിന്നുവീണത് നല്ലവാക്കുകളല്ലായിരുന്നു. പാടിയത് ഇഷ്ടമായിട്ടുപോലും എല്ലാവരെയും എന്തെങ്കിലും കുറ്റപ്പെടുത്തി പറയുക എന്ന ബാഡ് ഹാബിറ്റ് ഉള്ള ദേവരാജന്‍ കണ്‍സോളിലിരുന്നു പറഞ്ഞത് അല്‍പ്പം ഉറക്കെ തന്നെയായിരുന്നു. ഗാനപാഷാണോം പാസായി ഓരോരുത്തനും പിറ്റേദിവസം തന്നെ വണ്ടി കയറിക്കോളും സിനിമേല്‍ പാടാന്‍ വേണ്ടി; മനോഹരനെ കുറിച്ചുള്ള പരാമര്‍ശം അതിരു കടന്നതെന്നു മനസ്സിലാക്കി തന്നെയാണ് മധു വൈപ്പിന നാനയില്‍ അതെഴുതിയതും. മനോഹരനെ അനുകൂലിച്ചാണു ചെയ്തതെങ്കിലും ചിറയിന്‍കീഴ് മനോഹരന്‍ എന്ന ഗായകന്റെ അന്ത്യവിധിയായിരുന്നു അത്.

മനോഹരന്‍ വാരികയില്‍ നിന്നു തലയുയര്‍ത്തി. നിര്‍വികാരികതയോടെ നില്‍ക്കുകയാണ് ദേവരാജന്‍. മാഷേ എനിക്കൊന്നും അറിയില്ല, ഈ മധു വൈപ്പിനയെ ഞാനിതുവരെ കണ്ടിട്ടുപോലുമില്ല. മാഷ് കണ്‍സോളിലിരുന്ന് എന്നെക്കുറിച്ച് എന്തു പറഞ്ഞെന്നു ഞാനെങ്ങനെ അറിയാനാണ്? മനോഹരന്റെ വാക്കുകളില്‍ കണ്ണീരു പൊടിഞ്ഞിരുന്നു. അതൊന്നും ദേവരാജന്റെ കാതുകളിലേക്ക് എത്തിയില്ല. നീ പറഞ്ഞോ ഇല്ലയോ എന്നൊന്നും എനിക്കറിയണ്ട. നീ ഇനിയെന്തായാലും എന്റെ പാട്ട് പാടില്ല. നിനക്ക് പാട്ടുതരാന്‍ നാനക്കാരോടു പറ, അല്ലെങ്കില്‍ മധു തരും നിനക്ക് പാട്ട്. ഇളകാത്ത കല്ലുപോലെയാണ് ദേവരാജന്റെ തീരുമാനങ്ങള്‍. നാളെയത് തെറ്റാണെന്നു തിരിച്ചറിഞ്ഞാല്‍പ്പോലും മാറ്റമുണ്ടാവില്ല. മനോഹരന്‍ പുറത്തേക്കിറങ്ങി കണ്ണുകള്‍ നിറഞ്ഞൊഴുകുകയാണ്. ഹൃദയം പിടഞ്ഞു നിന്നുപോകുമെന്നു തോന്നി. ചുറ്റും ഇരുള്‍. എല്ലാം തനിക്കു മുന്നില്‍ അവസാനിക്കുകയാണോ?

ഓര്‍മകളുടെ ഒഴുക്ക് പെട്ടെന്ന് തടസ്സപ്പെട്ടതുപോലെ മനോഹരേട്ടന്‍ നിശബ്ദനായി. ചെറിയൊരു കണ്ണീര്‍ച്ചാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറവും ആ ദിവസത്തെക്കുറിച്ച് ഓര്‍ത്തപ്പോള്‍ മനോഹരേട്ടന്റെ മുഖത്ത്. ആ ദിവസം ശരിക്കും എന്നിലെ ഗായകന്റെ മരണദിവസമായിരുന്നു. ദേവരാജന്‍ മാഷ് പിന്നെ എന്നെ പാടിപ്പിച്ചിട്ടില്ല. ഒരു തെറ്റും എന്റെ ഭാഗത്ത് ഇല്ലായെന്ന് മാഷ് തിരിച്ചറിഞ്ഞിട്ടുണ്ടാവാം. എന്നാലും മാഷ് തീരുമാനം മാറ്റില്ല. അതാണ് അദ്ദേഹത്തിന്റെ ക്യാരക്ടര്‍.

എന്നാലും ജി ദേവരാജനോടുള്ള മനോഹരന്റെ ബഹുമാനത്തിന് ഇളക്കം തട്ടിയിരുന്നില്ല. ഒരു തെറ്റിദ്ധാരണയുടെ പുറത്ത് തന്റെ ജീവിതം മാറ്റിയെഴുതിയൊരാളോടാണ് ഈ ബഹുമാനം. എത്രവലിയവനെങ്കിലും തെറ്റ് തന്നെയല്ലേ ദേവരാജന്‍ മാഷ് ചെയ്തത്. പക്ഷേ മനോഹരേട്ടന്‍ ഇന്നും ദേവരാജന്‍ മാഷിനെ ബഹുമാനിക്കുന്നു, ഏറെയിഷ്ടപ്പെടുന്നു. എന്നിട്ട് സ്വയം താനൊരു നിര്‍ഭാഗ്യവാനാണെന്ന് കുറ്റപ്പെടുത്തുന്നു...

ഇടയില്‍ മൗനം തളംകെട്ടിയപ്പോള്‍ പുറത്തേക്കൊന്നു നടക്കാമെന്ന ചിന്തയുദിച്ചു. മതില്‍കെട്ടിന്റെ കറുത്ത വലിയ ഗേറ്റ് കടന്നു പുറത്തെത്തുമ്പോഴേക്കും മഴ വീണ്ടും ചാറിത്തുടങ്ങിയിരിക്കുന്നു. തിരികെയെത്തുമ്പോഴേക്കും മഴ സാമാന്യം ശക്തമായിരുന്നു. മനോഹരേട്ടന്റെ ഓര്‍മകള്‍ മദ്രാസിലേക്ക് മടങ്ങിച്ചെന്നു...

ദേവരാജന്‍ മാഷിന്റെ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോന്നശേഷമുള്ള ദിനങ്ങളാണ്. ഇനി എന്തു ചെയ്യും എന്ന ചിന്തയാണ് മനസ്സില്‍. നാട്ടിലേക്ക് മടങ്ങണോ? മനസതിന് സമ്മതിച്ചില്ല. ഒന്നുമാകാതെയുള്ള മടക്കം വേണ്ടെന്നു തീരുമാനിച്ചു. നാട്ടിലെത്തി ശ്രമിച്ചാല്‍ എവിടെയെങ്കിലും സംഗീതാധ്യാപകനായി കയറാം. ജീവിതമാര്‍ഗ്ഗവുമാകും. പക്ഷെ വേണ്ട. ഈ നഗരത്തില്‍ തന്നെ നില്‍ക്കണം, പരാജയങ്ങള്‍ ഉണ്ടാകുമായിരിക്കാം, എന്നാലും സ്വയം തോല്‍ക്കരുതല്ലോ, മനോഹഹരന്റെ തീരുമാനങ്ങളില്‍ ഒരുറപ്പ് വന്നു. രാജഹംസത്തിലെ പാട്ട് ഒരു റെക്കോര്‍ഡിലാക്കി നിര്‍മാതാക്കളുടെയും സംഗീത സംവിധായകരുടെയും വീടുകളും സ്റ്റുഡിയോകളിലുമായി കയറിയിറങ്ങി. മിക്കയിടത്തും വാതിലുകള്‍ അടഞ്ഞു. ചിലര്‍ തുറന്നു. അവസരങ്ങള്‍ തന്നു. രാഘവന്‍ മാഷും അര്‍ജുനന്‍ മാഷും കണ്ണൂര്‍ രാജനും എ ടി ഉമ്മറുമൊക്കെ വിളിച്ചു പാടിച്ചു. പക്ഷെ അതൊന്നും മനോഹരന്‍ എന്ന ഗായകനെ എസ്റ്റാബ്ലിഷ്ഡ് ആക്കുന്നതിന് ഉപകരിച്ചില്ല എന്നതാണ് സത്യം. രാജഹംസത്തിലൊഴിച്ച് സോളോ സോംഗ്‌സ് ഒന്നും തന്നെ കിട്ടിയില്ല. ജീവിതം ശ്രുതി തെറ്റിയാണ് മുന്നോട്ടു പോയത്. വല്ലപ്പോഴുമൊക്കെ ഒരു പാട്ടുകിട്ടിയാലായി. പണം ഒരു വലിയ പ്രതിസന്ധിയായി.

ഇതിനിടയിലാണ് ഭരതനെ പരിചയപ്പെടുന്നത്. അതൊരു ഉപകാരമായി. പ്രയാണം എന്ന ചിത്രത്തിന്റെ സമയം വന്നപ്പോള്‍ ഭരതനാണ് എം ബി ശ്രീനിവാസനെ പരിചയപ്പെടുത്തുന്നത്. നിര്‍ബന്ധങ്ങളില്ലാത്ത സംഗീത സംവിധായകനായിരുന്നു എംബിഎസ്. തന്റെ പാട്ട് താന്‍ പറയുന്നതുപോലെ പാടണം എന്നുമാത്രമേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ, പാടുന്നത് ആരുമാകാം. അങ്ങനെ പ്രയാണത്തില്‍ ഒരു പാട്ടുപാടി. ലത രാജുവിനൊപ്പം ഒരു യുഗ്മഗാനം. ഭരതന്‍ വഴി എംബിഎസിനെ പരിചയപ്പെട്ടത് മറ്റൊരു തരത്തില്‍ക്കൂടി മനോഹരന് സഹായകമായി. എംബിഎസ് ആ സമയത്ത് ആകാശവാണിക്കുവേണ്ടി കോറസ് മ്യൂസിക് ഒരുക്കാന്‍ തയ്യാറെടുക്കുകയായിരുന്നു. വിവിധ ഭാഷകളില്‍ നിന്നായി തെരഞ്ഞെടുത്ത പതിനഞ്ചോളം ഗായകരെ ഒരുമിപ്പിച്ച് മാസത്തില്‍ ഒരു പാട്ട്, മിക്കവാറും ദേശഭക്തിപരമായ ഒന്ന്. മലയാളത്തില്‍ നിന്ന് മനോഹരനെയും സി ഒ ആന്റോയെയുമാണ് തെരഞ്ഞെടുത്തത്. പതിനഞ്ചു ദിവസം റിഹേഴ്‌സല്‍ ഉണ്ട്. റിഹേഴ്‌സല്‍ ദിവസം ചെലവു കാശായിട്ട് പതിനഞ്ച് രൂപ വിതം നല്‍കും. പാട്ടിന് 200 രൂപയും. അതെന്തായാലും ചെറിയൊരു വരുമാനമായി. മാസത്തില്‍ പത്തുനാന്നൂറു രൂപ കൈയില്‍ വരും. പട്ടിണി മാറി കിട്ടി.

ഇതിനിടയില്‍ ഗുണ സിംഗിനൊപ്പം ചേരാനുള്ള അവസരവും മനോഹരനെ തേടിയെത്തി. ഗുണ ആ സമയത്ത് മലയാളത്തിലെ തിരക്കേറിയ റി റെക്കോഡിസ്റ്റാണ്. കര്‍ണാടകക്കാരനായ ഗുണയ്ക്ക് ഭാഷ ഒരു പ്രശ്‌നമാണ്. അങ്ങനെ ഗുണ സിംഗിന്റെ സഹായിയായി പുതിയൊരു വേഷത്തിലേക്ക് മനോഹരന്‍ മാറി. റി റെക്കോഡിംഗിനു പുറമെ പാട്ടുകള്‍ ഒരുക്കാനും ഗുണയെ തേടി അവസരങ്ങള്‍ വരുന്നുണ്ടായിരുന്നു. വെറും ട്യൂണ്‍മാത്രമേ ഗുണ ഉണ്ടാക്കൂ. അത് രചയിതാവിനോട് പറഞ്ഞുകൊടുത്ത് വരികളെഴുതിപ്പിക്കുന്നതുതൊട്ട് പാട്ട് ഗായകര്‍ക്ക് പറഞ്ഞുകൊടുക്കുന്നതും പാട്ട് കണ്ടക്ട് ചെയ്യുന്നതുംവരെ മനോഹരന്റെ ജോലിയാണ്. ഗുണ സിംഗ് വെറും ന്യൂഡ് ട്യൂണ്‍ മാത്രമാണ് എനിക്കു തരുന്നത്. അതിനെ വസ്ത്രം ധരിപ്പിച്ച് കണ്ണെഴുതി പൊട്ടുതൊടുവിച്ച് അണിയിച്ചൊരുക്കുന്നത് ഞാനായിരുന്നു, തന്റെ ജോലിയെക്കുറിച്ച് മനോഹരന്‍ പറയുന്നത് ഇപ്രകാരമാണ്. ഗുണയ്ക്കു മനോഹരന്‍ ഏറെ പ്രിയപ്പെട്ടതാകാന്‍ വലിയ കാലതാമസമൊന്നും വേണ്ടിവന്നില്ല.

ഗുണ സിംഗിനൊപ്പമുള്ള നാളുകളിലാണ് മനോഹരന്‍ ആദ്യമായി മദ്യപസദസ്സുകളിലെ അംഗമാകുന്നത്. കുടിക്കാനല്ല, അത്തരമൊരു പഴക്കം വേണ്ടെന്ന് നാടക സമിതിയിലുണ്ടായിരുന്ന കാലത്തെയുള്ള തീരുമാനമാണ്. ഇവിടെയിപ്പോള്‍ ഇത്തരമൊരു സദസ്സുകളുടെ ഭാഗമാകേണ്ടി വന്നത് ജീവിതോപാധി നഷ്ടപ്പെടുത്തരുതെന്ന് കരുതിയാണ്. അതിനു കാരണവുമുണ്ട്. എല്ലാ ഞായറാഴ്ച്ചയും ഗുണ സിംഗിന്റെ വീട്ടില്‍ ആഘോഷമുണ്ട്. മദ്യവും ഭക്ഷണവുമെല്ലാം അദ്ദേഹത്തിന്റെ വക. നല്ലൊരു കൂട്ടം തന്നെ ഇതിനായി എത്തും. ഇന്‍സ്ട്രുമെന്റ്പ്ലെയേഴ്‌സ് മുതല്‍ സംഗീത സംവിധായകന്മാര്‍ വരെ ഉണ്ടാകും. മനോഹരന്‍ ഭക്ഷണം കഴിച്ചു സ്ഥലം വിടുകയാണ് പതിവ്. ആരെങ്കിലും മനോഹരനു നേരെ മദ്യ ഗ്ലാസ് നീട്ടിയാല്‍ ഗുണ തടയും, അവനതൊന്നും കഴിക്കില്ല. കാര്യങ്ങളിങ്ങനെ പോകുമ്പോള്‍ ചില ദിവസങ്ങളില്‍ മനോഹരനറിയാതെ ഗുണയുടെ റെക്കോര്‍ഡിംഗുകള്‍ നടക്കുന്നു. ആരെങ്കിലും വഴി ഈക്കാര്യം അറിഞ്ഞ് മനോഹരന്‍ എത്തുമ്പോള്‍ ഗുണ ക്ഷമ ചോദിക്കും, റെക്കോഡിംഗിന്റെ കാര്യം നിന്നോടു പറയാന്‍ ഞാന്‍ മറന്നുപോയതാണ്. മനപൂര്‍വമല്ല അതെന്നു മനോഹരനും മനസ്സിലായി. തന്നെ ഇക്കാര്യം അറിയിക്കേണ്ട ഇന്‍ഫോര്‍മര്‍വരെ തലേന്നത്തെ മദ്യലഹരിയില്‍ അതെല്ലാം മറന്നുപോകുന്നതാണ്. ഗുണ തന്നെയാണ് അതിനൊരു പോംവഴി കണ്ടെത്തിയത്. നീ കുടിച്ചില്ലെങ്കില്‍ വേണ്ട, ഞങ്ങളുടെ പാര്‍ട്ടി തീരുംവരെ കൂടെയിരിക്കണം. ആരെങ്കിലും വന്ന് നാളെ റെക്കോഡിംഗ് ഉണ്ടെന്നു പറഞ്ഞാല്‍ നിനക്കെങ്കിലും ഓര്‍മ്മയില്‍ നില്‍ക്കുമല്ലോ- ഗുണയുടെ ആ നിര്‍ദേശം അനുസരിക്കേണ്ടത് മനോഹരന്റെ ആവശ്യമായിരുന്നു.

ഗുണ സിംഗ് പടയോട്ടത്തിന്റെ സംഗീത സംവിധാനം ചെയ്യുന്ന സമയം മനോഹരന്റെ ജീവിതത്തില്‍ മറ്റൊരു ട്രാജഡി കൂടി സംഭവിച്ചു.

കാവാലമാണ് പാട്ടെഴുതുന്നത്. സോംഗ് റെക്കോഡിംഗ് സമയത്ത് കാവാലത്തിന് മദ്രാസിലെത്താന്‍ സാധിച്ചില്ല. അദ്ദേഹം മനോഹരനെ വിളിച്ചു. മനോഹരാ...വരികളൊന്നു ശ്രദ്ധിച്ചോളണം, ആര്‍ക്കെങ്കിലും തെറ്റിയാല്‍ ഒന്നു തിരുത്തണം; കാവാലത്തിന്റെ ആവശ്യമതായിരുന്നു. ഗായകര്‍ ചിലപ്പോള്‍ തങ്ങളുടേതായ രീതിയില്‍ പാടിക്കളയാന്‍ സാധ്യതയുണ്ട്. 'ആഴിക്കങ്ങേ കരയുണ്ടോ..യാമങ്ങള്‍ക്കൊരു മുടിവുണ്ടോ...' എന്ന ഗാനം യേശുദാസ് പാടുകയാണ്. മനോഹരന്‍ യേശുദാസിന്റെ അടുത്ത് തന്നെ നില്‍പ്പുണ്ട്. ആദ്യ ടേക്ക് ഒക്കെ ആയെങ്കിലും ഗുണ സിംഗ് പറഞ്ഞതുകൊണ്ട് ഒരു ടേക്ക് കൂടി എടുത്തു. രണ്ടാംവട്ടം വരികളിലൊന്ന് തെറ്റി. പാട്ട് പൂര്‍ത്തിയാക്കി യേശുദാസ് ഹെഡ്‌ഫോണ്‍ ഊരുന്നതിനിടയിലാണ് മനോഹരന്‍ കടന്നുകൂടിയ തെറ്റിന്റെ കാര്യമോര്‍പ്പിച്ചത

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍

Next Story

Related Stories