TopTop
Begin typing your search above and press return to search.

സഖാവാകണം; ചിത്രലേഖ സിപിഎമ്മിനല്ല, തിരിച്ച്

സഖാവാകണം; ചിത്രലേഖ സിപിഎമ്മിനല്ല, തിരിച്ച്

കണ്ണൂര്‍ സ്വദേശിനിയായ ഓട്ടോറിക്ഷാ തൊഴിലാളി ചിത്രലേഖ പത്ത് കൊല്ലത്തിലേറെയായി ചെയ്തുവരുന്ന സമരം ഇന്ന് അതിന്റെ വ്യക്തിഗത ഉള്ളടക്കത്തെ പിന്നിട്ട് ദളിത്, സ്ത്രീപക്ഷ പോരാട്ടങ്ങളുടെ ഒരു പ്രതീകമായി വികസിച്ചിരിക്കുന്നു. പക്ഷേ എന്നിട്ടും അവരുടെ സമരത്തെ ഏത് നിലയ്ക്കാണ് അഭിസംബോധന ചെയ്യേണ്ടത്, ഏത് വീക്ഷണകോണില്‍ നിന്നാണ് അതുമായി ഐക്യപ്പെടെണ്ടത് എന്ന് നമ്മുടെ പൊതുസമൂഹത്തിലെ പുരോഗമന ചേരിയില്‍ ഉള്ളവര്‍ക്ക് പോലും വ്യക്തതയില്ല എന്നതാണ് വസ്തുത. പുലയ സമുദായത്തില്‍ പിറന്ന ഈ സ്ത്രീ ഒരു ദശാബ്ദക്കാലമായി തുടരുന്ന സമരം ഒരു തൊഴില്‍ പ്രശ്‌നത്തെ മുന്‍നിര്‍ത്തിയാണോ, അതോ സാമൂഹ്യവും ജാതീയവും ലിംഗപരവുമായ വിവേചനങ്ങള്‍ക്കെതിരേ ആണോ? അവര്‍ സമരം ചെയ്യുന്നത് സിപിഎം എന്ന സംഘടനയ്‌ക്കെതിരെ ആണെന്ന് നമുക്ക് അറിയാം. എന്നാല്‍ ആ സമരത്തിന്റെ ഉള്ളടക്കം ഒരു സംഘടനയിലേക്ക് ചുരുങ്ങുന്നതാണോ, അതോ സമൂഹത്തില്‍ അടിമുടി നിലനില്ക്കുന്ന ജാതീയ വിവേചനങ്ങള്‍ക്കും ആണ്‍കോയ്മയ്ക്കും എതിരായ പരിപ്രേക്ഷ്യം അത് ആവശ്യപ്പെടുന്നുണ്ടോ എന്ന കാര്യത്തിലും അവ്യക്തത തന്നെ ബാക്കി.


ചിത്രലേഖയ്ക്ക് അനുഭവിക്കേണ്ടി വന്ന നീതിനിഷേധത്തിന്റെ ഉള്ളടക്കത്തില്‍ ഈ പറഞ്ഞ ഘടകങ്ങള്‍ ഒക്കെയും നിലനില്ക്കുന്നു. എന്നാല്‍ അത് ഒറ്റയായല്ല താനും. വിവിധ തലങ്ങളില്‍ പ്രവര്‍ത്തിച്ചുകൊണ്ട് തന്റെ ഇരയിലേക്ക് കേന്ദ്രീകരിക്കുന്ന ഒരു രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക ഘടനയാണ് ഇതിനുള്ളത്. അതുകൊണ്ട് തന്നെ ആരില്‍ നിന്നാണ് ചിത്രലേഖയ്ക്ക് നീതി ലഭിക്കേണ്ടത് എന്ന ചോദ്യവും ഒറ്റവാക്കില്‍ ഉത്തരം പറഞ്ഞ് തീര്‍ക്കാനാവും വിധം ലളിതമല്ല. ഈ സമരത്തിന് വ്യാപക ശ്രദ്ധ നേടാനായത് ഒരു നിര്‍ദ്ധന ദളിത് പശ്ചാത്തലത്തില്‍ നിന്നുള്ള സ്ത്രീ ഒരു പക്ഷത്തും, സംസ്ഥാനത്തെ ഏറ്റവും വലിയ രാഷ്ട്രീയ സംഘടന മറുപക്ഷത്തും വരുന്നു എന്നതിനാല്‍ തന്നെയാണ്. പക്ഷേ ഈ പ്രശ്‌നത്തെ സിപിഎമ്മിലേക്ക് ചുരുക്കുന്നത് ആ സംഘടനയുടെ രാഷ്ട്രീയ എതിരാളികള്‍ക്കല്ലാതെ അവര്‍ അനുഭവിക്കുന്ന പ്രശ്‌നത്തിന്, അതിന്റെ പരിഹാരത്തിന് ഏതെങ്കിലും നിലയ്ക്ക് ഗുണം ചെയ്യുമെന്ന് തോന്നുന്നില്ല.

സിപിഎം Vs ചിത്രലേഖ
സിപിഎം മുഖ്യകക്ഷിയാകുന്ന കേരളത്തിലെ ഇടത് രാഷ്ട്രീയത്തിന്റെ അടിസ്ഥാനവര്‍ഗ്ഗ, ദളിത് പക്ഷ പുരോഗമന ഉള്ളടക്കത്തെ പ്രശ്‌നവല്‍ക്കരിക്കാനുള്ള ഒരു ആയുധം എന്ന നിലയില്‍ കൂടിയാണ് ചിത്രലേഖ സംഭവത്തെ നമ്മുടെ മാധ്യമങ്ങളും ബുദ്ധിജീവികളും ആക്ടിവിസ്റ്റുകളും ഒക്കെ ഏറ്റെടുത്തതും ഉപയോഗിക്കുന്നതും എന്ന് വ്യക്തം. എന്നാല്‍ ഒരു രാഷ്ട്രീയ സംഘടന എന്ന നിലയില്‍ സിപിഎമ്മിന് ചിത്രലേഖ എന്ന വ്യക്തിയോട് 'ശത്രുത' ഉണ്ടെങ്കില്‍ തന്നെ അത് രാഷ്ട്രീയതലത്തില്‍ ആയിരിക്കണം. അല്ലാത്തപക്ഷം വ്യക്തികള്‍ക്കല്ലാതെ ഒരു സംഘടനയ്ക്ക് മറ്റൊരു വ്യക്തിയോടോ, വ്യക്തികളോടോ വ്യക്തിവിരോധം ഉണ്ടാകാന്‍ നിവൃത്തിയില്ലല്ലൊ. അത്തരം ഒരു രാഷ്ട്രീയ ഉള്ളടക്കം ഈ പ്രശ്‌നത്തിനുള്ളതായി കാണുന്നില്ല. എന്നാല്‍ സിപിഎം എന്ന സംഘടന ചിത്രലേഖയ്‌ക്കെതിരേ മാര്‍ച്ച് വരെ നടത്തി എന്നത് ഒരു വസ്തുതയുമാണ്.

ജാതീയവും വംശീയവും ലിംഗപരവുമായ ചൂഷണങ്ങളുടെയും വിവേചനങ്ങളുടെയും വ്യാവഹാരിക ബ്രഹദാഖ്യാനങ്ങള്‍ ഒക്കെയും വര്‍ഗ്ഗസമരത്തിലൂടെ തൊഴിലാളിവര്‍ഗ സര്‍വ്വാധിപത്യം വരുന്നതോടെ സ്വയം ഇല്ലാതായിക്കൊള്ളും എന്ന് തെറ്റിദ്ധരിച്ചത് മാറ്റിവച്ചാല്‍ സിപിഎമ്മിനു പ്രത്യേകിച്ചോ ഇടത് രാഷ്ട്രീയ സംഘടനകള്‍ക്ക് പൊതുവിലോ ഇത്തരം വിവേചനങ്ങള്‍ നിലനില്‍ക്കുന്നുണ്ട് എന്ന കാര്യത്തിലോ, അവ സനാതന മൂല്യങ്ങളല്ല, മാറേണ്ടുന്ന സാമൂഹ്യതിന്മകള്‍ ആണെന്ന കാര്യത്തിലോ വിപരീത നിലപാടില്ല. വിയോജിപ്പുള്ളത് രീതിശാസ്ത്രത്തിലാണ്, മൂലദര്‍ശനത്തിലല്ല. ആ നിലയ്ക്ക് ചിത്രലേഖ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് കാരണം അന്വേഷിക്കുന്നത് സിപിഎമ്മിന്റെയോ, ഇടത് പക്ഷത്തിന്റെയോ രാഷ്ട്രീയത്തിലേക്ക് ചുരുങ്ങുമ്പോള്‍ സംഭവിക്കുന്നത് യഥാര്‍ത്ഥ പ്രശ്‌നത്തിന്റെ തമസ്‌കരണമാണ്.

സിപിഎം എന്ന സംഘടനയ്ക്ക് രാഷ്ട്രീയ മേല്‍ക്ക ഉള്ള ഒരു സ്ഥലത്ത് ജീവിക്കേണ്ടിവന്നു എന്നതല്ല അവര്‍ അനുഭവിച്ച വിവേചനങ്ങളുടെ ഹേതു. സിപിഎമ്മിനെ രാഷ്ട്രീയമായി ഉന്മൂലനം ചെയ്താല്‍ കേരളത്തില്‍ ഇന്നും ബാക്കിയാവുന്ന ജാതീയ വിവേചനങ്ങളുടെ പ്രയോഗ രൂപങ്ങള്‍ അവസാനിക്കുകയുമില്ല. കണ്ണൂരില്‍ മേല്‍ക്കൈ കോണ്‍ഗ്രസ്സിനോ ബിജെപിയ്‌ക്കോ ആയിരുന്നെങ്കില്‍ ഇതൊന്നും സംഭവിക്കില്ലായിരുന്നു എന്നും ഈ സംഘടനകളുടെ ചരിത്രം അറിയാവുന്ന ആരും വാദിക്കില്ല. അപ്പോള്‍ മനസിലാക്കേണ്ടത് തിന്മയുടെ നിരവധി അടരുകള്‍ ഇപ്പോഴും നീക്കിയിരിപ്പുള്ള ഒരു സാമൂഹ്യ വ്യവസ്ഥയുടെ ഇരയാണ് ചിത്രലേഖ എന്നും ആ വിഷയത്തില്‍ രേഖീയമായ തീര്‍പ്പുകള്‍ സാധ്യമല്ലെന്നും തന്നെയാണ്. ആ പ്രശ്‌നങ്ങളെ ഒന്നൊന്നായി വേര്‍തിരിച്ചെടുത്ത് തന്നെ വിശകലനം ചെയ്യേണ്ടതുണ്ട്.

നവക്ഷത്രിയരും ശ്രേണീവല്‍കൃത ജാതിവ്യവസ്ഥയും
കാഞ്ചാ ഏലയ്യ സ്വത്വവാദത്തിന്റെ ആശയപരിസരത്തെ ഒറ്റുകൊടുത്തുകൊണ്ട് അതിനുള്ളില്‍ തന്നെ നിലവില്‍ വരുന്ന ഒരു പുതിയ സ്വത്വത്തെ കുറിച്ച് തന്റെ 'എന്തുകൊണ്ട് ഞാന്‍ ഒരു ഹിന്ദുവല്ല'എന്ന പുസ്തകത്തില്‍ സൂചിപ്പിക്കുന്നുണ്ട്. അദ്ദേഹം ആ വിഭാഗത്തിന് നല്കുന്ന പേരാണ് 'നവ ക്ഷത്രിയര്‍'. വിശദാംശങ്ങളില്‍ സ്വത്വവാദത്തിനോട് പൊതുവില്‍ ഉള്ള വിയോജിപ്പുകള്‍ കാഞ്ചാ ഏലയ്യയുടെ ദര്‍ശനങ്ങളുമായി ഉള്ളപ്പോഴും അദ്ദേഹത്തിന്റെ ഈ പ്രയോഗം കേരളത്തിലെ ജാതീയതയെ വിശകലനം ചെയ്യാന്‍ അനുയോജ്യമായ ഒരു ഉപകരണം തന്നെയാണ്. ചിത്രലേഖയുടെ സവിശേഷ പ്രശ്‌നത്തിലും നിര്‍ണ്ണായകമായ ഉള്‍ക്കാഴ്ചകള്‍ നല്കാന്‍ ഈ പ്രയോഗത്തിന് കഴിയുന്നുണ്ട്.


കേരളീയ ജാതിവ്യവസ്ഥയില്‍ നവോത്ഥാനം നടത്തിയ ഇടപെടലുകള്‍ ഉണ്ടാക്കിയ പരിണാമത്തിന്റെ ദിശ മുകളില്‍ നിന്ന് താഴേയ്ക്കല്ല, താഴെനിന്ന് മുകളിലേയ്ക്കാണ്. അതായത് മുകള്‍ത്തട്ട് ആദര്‍ശവല്‍കൃതമായി തുടരുകയും സാംസ്‌കാരിക പരിണാമത്തിന്റെ ചലനശാസ്ത്രം ഭൗതികശാസ്ത്രത്തെ ധിക്കരിച്ചുകൊണ്ട് താഴെനിന്ന് മുകളിലേക്ക് സഞ്ചരിക്കുകയും ചെയ്യുന്നു. പറഞ്ഞുവരുന്നത് നാരായണഗുരു ഈഴവശിവനെ പ്രതിഷ്ഠിച്ചു കൊണ്ട് സാവര്‍ണ്യത്തോട് ചെയ്ത പ്രതിഷേധം ഫലത്തില്‍ ഈഴവനു താഴെയുള്ളവര്‍ക്കും ശിവക്ഷേത്രത്തിലേയ്ക്കുള്ള വാതില്‍ തുറക്കുകയല്ല , മറിച്ച് ഈഴവനെ ക്ഷത്രിയവല്‍ക്കരിച്ച് ബ്രാഹ്മണ്യത്തിലേയ്ക്ക് കോഓപ്റ്റ് ചെയ്യുകയാണ് സാധ്യമാക്കിയത്. ഏതാണ്ട് ആ ചരിത്രത്തിന്റെ ഭാഗമായി തന്നെ വേണം ഈഴവന്‍ ക്ഷത്രിയനായി കയറ്റം നേടിയ സാഹചര്യത്തില്‍ കേരളത്തിലെ ദളിതവിഭാഗങ്ങളില്‍ സംഖ്യാബലം കൊണ്ടും ചരിത്രപരമായും ഏറ്റവും പ്രബലമായ പുലയ വിഭാഗം ബ്രാഹ്മണിക് പ്രത്യയശാസ്ത്രത്തിന്റെ മൂര്‍ത്ത രാഷ്ട്രീയ രൂപമായ ബിജെപിയുമായി വെള്ളാപ്പള്ളി നടേശന്‍ എന്ന നവക്ഷത്രിയ നേതാവ് വഴി സഹകരിക്കാന്‍ തീരുമാനിച്ചതിനെയും കാണേണ്ടത്.

സണ്ണി എം കപിക്കാട് എറണാകുളത്തു വച്ച് നടന്ന മനുഷ്യസംഗമത്തില്‍ പ്രശ്‌നാധിഷ്ഠിതമായി പങ്കെടുത്തുകൊണ്ട് നടത്തിയ പ്രസംഗത്തില്‍ വൈറലായ പല വാചകങ്ങളില്‍ ഒന്നാണ് ഇവിടത്തെ എല്ലാ രാഷ്ട്രീയ സംഘടനകളിലും ഹിന്ദുത്വമുണ്ട്, തെളിയിക്കാന്‍ പറ്റും എന്നത്. അത് സത്യമാണ്. രാഷ്ട്രീയ സംഘടനകളില്‍ മാത്രമല്ല മത, സാമുദായിക സംഘടനകളില്‍ ഒട്ടാകെയും വേറിട്ട അനുപാതങ്ങളില്‍ അതുണ്ട്. അതുകൊണ്ടാണ് പുലയ മഹാസഭ ബിജെപി മുന്നണി വഴി ഹിന്ദു ആകാന്‍ തയ്യാറാകുന്നത്. ബ്രാഹ്മണ്യം എന്നത്, ബ്രാഹ്മണിക് ഹിന്ദുത്വം എന്നത് ഏറ്റവും ലളിതമായി നിര്‍വചിച്ചാല്‍ ഉച്ചനീചത്വങ്ങളുടെ ശ്രേണീവല്‍ക്കരണമാണ്. മനുഷ്യര്‍ ആ നിലയ്ക്ക് തുല്യരാവുന്നില്ല എന്നതാണ് അതിന്റെ മുഖ്യ പ്രമേയം. ജാതീയമോ മതപരമോ വംശീയമോ ലിംഗപരമോ ലൈംഗീകതാല്പര്യ ബന്ധിയായോ ഉള്ള ഒരുതരം സമത്വത്തിനെയും അതിന് അംഗീകരിക്കാനാവില്ല. അസമത്വങ്ങളുടെതായ ഈ വര്‍ഗ്ഗീകരണ യുക്തികളെ ഏതെങ്കിലും തലത്തില്‍ സ്വാംശീകരിക്കുന്ന സംഘടനകളില്‍ ഒക്കെ ബ്രാഹ്മണിക്ക് ഹിന്ദുത്വത്തിന്റെ അംശങ്ങളുണ്ട് എന്ന് തന്നെയാണ് മനസിലാക്കേണ്ടത്. ആ നിലയ്ക്ക് സണ്ണി എം കപിക്കാട് പറഞ്ഞത് പോലെ രാഷ്ട്രീയ, സാമുദായിക വ്യത്യാസമില്ലാതെ മനുഷ്യര്‍ കൂടുന്ന സംഘടനാരൂപങ്ങളില്‍ ഒക്കെയും അത് കടന്നുവരുന്നു. ഇന്ത്യന്‍ സാഹചര്യങ്ങളില്‍ ക്രിസ്ത്യന്‍, ഇസ്ലാം മതങ്ങള്‍ പോലും ഹിന്ദുത്വമൂല്യങ്ങള്‍ക്ക് അതീതമല്ല. ഈയൊരു സാമൂഹ്യ, സാംസ്‌കാരിക പരിസരത്ത് നിന്ന് കൂടി ചിത്രലേഖ സംഭവം വിശകലനം ചെയ്യപ്പെടേണ്ടതുണ്ട്.

ചിത്രലേഖ ചെയ്ത ആദ്യത്തെ അപരാധം; ജാത്യാധികാരലംഘനം
ചിത്രലേഖ ആദ്യം ചെയ്ത അപരാധം ഉരുത്തിരിഞ്ഞു വരുന്ന ഹിന്ദു സ്വത്വനിര്‍മ്മിതിയെ വീണ്ടും പ്രശ്‌നവല്‍ക്കരിച്ചുകൊണ്ട്, അതായത് ജാതിവ്യവസ്ഥയെ മാനവികമായി ആര്‍ജ്ജിക്കുന്ന തുല്യതയുടെ സാംസ്‌കാരിക പരിസരത്തുനിന്ന് ചോദ്യം ചെയ്യുക എന്നതാണ്. മനുഷ്യര്‍ എല്ലാവരും തുല്യരാണെന്ന് പ്രഖ്യാപിക്കുക മാത്രമല്ല, അവര്‍ കീഴാചാരങ്ങളെ ധിക്കരിച്ച് ഒരു നവക്ഷത്രിയനെ വിവാഹം കഴിക്കുകയും ചെയ്തു

വിധവാവിവാഹം ഇപ്പോഴും പൂര്‍ണ്ണമായി അംഗീകരിക്കപ്പെട്ടിട്ടില്ലാത്ത, കല്യാണം കഴിക്കാത്തതുകൊണ്ട് കാഞ്ചനമാലയുടെ പ്രണയം ഇതിഹാസവല്‍ക്കരിക്കപ്പെടുന്ന ഒരു സാംസ്‌കാരിക പശ്ചാത്തലത്തിലാണ് പുലയ വിഭാഗത്തില്‍ പിറന്ന ഒരു വിധവ ശ്രേണിയില്‍ മുകളില്‍ നില്ക്കുന്ന തീയ്യ വിഭാഗത്തില്‍ പെട്ട ഒരാളിനെ പുനര്‍വിവാഹം ചെയ്യുന്നത്. സിപിഎം 'കുടുംബ'ത്തില്‍ പിറന്ന ഒരാളായിരുന്നു വരന്‍ എന്ന് ഈ വിഷയത്തില്‍ എഴുതപ്പെട്ട കുറിപ്പുകളില്‍ ഒക്കെയും ആവര്‍ത്തിച്ച് കാണുന്നു. സംഗതി വസ്തുതയുമാണ്. പക്ഷേ തുടര്‍ന്നുവരുന്ന ജാതീയസ്പര്‍ദ്ധയുടെ കത്തിക്കല്‍ സിപിഎമ്മിന്റെയോ ഇടത് രാഷ്ട്രീയത്തിന്റെയോ ഉള്ളടക്കം കൊളുത്തിവിട്ടതായിരുന്നുവോ എന്നതാണ് ചോദിക്കാത്ത ചോദ്യം. ആദ്യ രാത്രിതന്നെ പ്രശ്‌നങ്ങള്‍ ഉണ്ടായി. ഡിവൈഎഫ്‌ഐയുടെ സജീവ പ്രവര്‍ത്തകന്‍ ആയിരുന്ന വരന്‍ ചിത്രലേഖയ്‌ക്കൊപ്പം തങ്ങളുടെ കൂട്ടായ തീരുമാനത്തില്‍ ഉറച്ചുനിന്നതുകൊണ്ട് സിപിഎം, സിഐടിയു, ഡിവൈഎഫ്‌ഐക്കാരായ കുടുംബക്കാര്‍ സാമ, ദാന, ഭേദ ദണ്ഢമുറകള്‍ ഒക്കെ പ്രയോഗിച്ചിട്ടും വിവാഹബന്ധം ഇന്നും തുടരുന്നു.

സി പി എമ്മിന്‍റെ വേട്ടയും ഉമ്മന്‍ ചാണ്ടിയുടെ ചതിയും; ചിത്രലേഖയ്ക്ക് പറയാനുള്ളത്
സഖാക്കളോടാണ്: ഓര്‍മയുണ്ടോ ചിത്രലേഖയെ? ഒരുനാള്‍ നിങ്ങള്‍ മറുപടി പറയേണ്ടി വരും

ചിത്രലേഖ: പാര്‍ട്ടിഗ്രാമത്തില്‍ നിന്ന് ബഹിഷ്‌കൃതയായ ദലിത് സ്ത്രീയുടെ ജീവിതം


അപ്പോള്‍ സജീവ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായിരുന്ന ഒരാള്‍ സാമുദായിക അധികാരത്തെ ധിക്കരിച്ച് ചെയ്ത ഒരു പ്രവര്‍ത്തി ചോദ്യം ചെയ്യപ്പെടുകയും ശത്രുതയായി വളരുകയും ഊരുവിലക്കായി കലാശിക്കുകയും ചെയ്ത സംഭവത്തെ രാഷ്ട്രീയം വച്ച് വിശകലനം ചെയ്യാനാവുമോ?ഉപയോഗിക്കാനാവും എന്നത് ഉറപ്പ്; അത് നടക്കുന്നുമുണ്ട്.

ചിത്രലേഖ ചെയ്ത പിന്നത്തെ അപരാധം; ലിംഗാധികാരലംഘനം
അങ്ങനെയിരിക്കുമ്പോഴാണ് പ്രായോഗികകാരണങ്ങള്‍ മുന്‍നിര്‍ത്തി ചെയ്തുകൊണ്ടിരുന്ന മിഡ്വൈഫ് പണി നിര്‍ത്തി ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി ഓട്ടോ ഡ്രൈവിങ്ങ് പഠിക്കാന്‍ ചിത്രലേഖ തീരുമാനിക്കുന്നതും തുടര്‍ന്ന് ലൈസന്‍സ് എടുത്ത് പി എം ആര്‍ വൈ സ്‌കീമില്‍ ലോണെടുത്തുവാങ്ങിയ ഓട്ടോറിക്ഷയുമായി അവര്‍ പയ്യന്നൂര്‍ ഓട്ടോസ്റ്റാന്‍ഡില്‍ ഓടാന്‍ എത്തുന്നതും. പെണ്‍കുട്ടികള്‍ ഓടുന്നതും ചാടുന്നതും മുതല്‍ മോട്ടോര്‍ സൈക്കിള്‍ ഓടിക്കുന്നത് വരെ പ്രശ്‌നവല്‍ക്കരിക്കപ്പെടുന്ന, അത്തരം വാദങ്ങള്‍ വരെ സ്വത്വപരമായി ന്യായീകരിക്കപ്പെടുന്ന ഒരു പശ്ചാത്തലത്തിലാണ് ആണ്മാത്ര ഇടമായിരുന്ന ഓട്ടോറിക്ഷ ഓടിക്കലിലേക്ക് ചിത്രലേഖ വന്നുകയറുന്നത്.

ഓട്ടോസ്റ്റാന്‍ഡില്‍ ചോദ്യം ചെയ്യപ്പെട്ടത് എന്തെന്നും മുറിവേറ്റത് എന്തിനെന്നും വ്യക്തമാണ്. 'തീയനെ കെട്ടി ജാത്യാധികാരത്തെ ചോദ്യം ചെയ്ത ഒരു പുലയത്തി' അവിടെയും നിര്‍ത്താതെ ആണുങ്ങളെ മുഴുവന്‍ വെല്ലുവിളിക്കുന്നു എന്നതാണ് ഇവിടെ ഉച്ചരിക്കപ്പെടാത്ത പ്രകോപനം. തനിക്ക് കൂടുതല്‍ ഓട്ടം കിട്ടുന്നതും ഒരു പ്രധാന പ്രശ്‌നമായിരുന്നു എന്ന് ചിത്രലേഖ തന്നെ പറയുന്നു. ആണ്‍കോയ്മ അതിന്റെ സംഗസീമകള്‍ വിട്ട് ബാലാല്കാരമായി പരക്കുന്ന സാഹചര്യത്തില്‍ വാക്കിന് ഏത് പെണ്ണിനെ കിട്ടിയാലും ബാലാത്സംഗം ചെയ്യാം എന്ന് സിദ്ധാന്തം തന്നെ ചമയ്ക്കുന്ന ആണ് പക്ഷേ തന്റെ ഭാര്യയും മകളും പെങ്ങളും മദ്ധ്യവയസ്സായ അമ്മ പോലും വീട് വിട്ട് സഞ്ചരിക്കേണ്ടിവന്നാല്‍ അത് ഒരു പെണ്ണിന്റെ ഓട്ടോയില്‍ മതി എന്ന് തീരുമാനിക്കുന്നത് നമ്മുടെ സാമൂഹ്യ സദാചാര ബോധങ്ങളില്‍ കാലം ഉണ്ടാക്കിയ പല വൈരുദ്ധ്യങ്ങളില്‍ ഒന്നാണ്. അതിന്റെ ഭാഗമായാണ് 'പെലയത്തി ആണെങ്കിലും പെണ്ണാണല്ലോ'എന്ന ആശ്വാസത്തെ 'ആ ഓട്ടോ മതി' എന്ന ആണ്‍ തീരുമാനത്തിലേക്ക് വളര്‍ത്തുന്നതും ചിത്രലേഖയ്ക്ക് കോള്‍ ബൂത്ത് വഴി ആയാലും ഓട്ടം കൂടുതല്‍ കിട്ടുന്നതും.

ഇവിടെ സ്റ്റാന്‍ഡില്‍ കിടക്കുന്ന ഡ്രൈവര്‍മാര്‍ക്ക് നേരിടേണ്ട പ്രശ്‌നം ഒന്നല്ലെന്നത് പോട്ടെ, രണ്ടുമല്ല മൂന്നാണ്. അതായത് ഒരു പെണ്ണ്, അതും ഒരു വിധവ തങ്ങളുടെ കൂട്ടത്തില്‍ ഒരുത്തനെ അടിച്ചെടുത്തത് കൂടാതെ തങ്ങളുടെ അതിജീവന മാര്‍ഗ്ഗത്തിലും വെല്ലുവിളിയായിരിക്കുന്നു. കൂടാതെ ആ മത്സരത്തില്‍ നിയമം ലംഘിക്കാതെ തന്നെ തങ്ങളെ പിന്തള്ളുകയും ചെയ്യുന്നു. അപ്പോള്‍ പിന്നെ ആണധികാരത്തിന്റെ നിയമ വ്യാഖ്യാന സാദ്ധ്യതകള്‍ തന്നെ ബാക്കി.

മൂന്നാമത്തെതും നിര്‍ണ്ണായകവുമായ അപരാധം
മൂന്നാമത്തേതാണ് നിര്‍ണ്ണായകവും ഒരുപാട് മാനങ്ങള്‍ ഉള്ളതുമായ അപരാധം. 'പോടീ തീയത്തീ'ന്ന് വിളിക്കുന്ന നായര്‍ക്കെതിരേ 'നീ പോടാ നായരേ' എന്ന് വിളിച്ചിട്ട് കാര്യമില്ല, 'നീ പോടാ നാറി നായരേ'എന്നെങ്കിലും വിളിച്ചാലേ ഭാഷാവിനിമയപരമായ തുല്യതയെങ്കിലും സ്ഥാപിക്കപ്പെടൂ. ജന്മം കൊണ്ടും അനുഭവം കൊണ്ടും അതറിയാവുന്ന, അത് പ്രയോഗിക്കാന്‍ മടിയില്ലാത്ത ഒരു പോരാളിയായിരുന്നു ആ സ്ത്രീ എന്നതാണ് നിര്‍ണ്ണായകമായ ആ മൂന്നാം അപരാധം.

ഗാന്ധിയന്‍ മാര്‍ഗ്ഗത്തില്‍ അസമത്വങ്ങള്‍ പ്രാകൃതികസത്യങ്ങളാണ്. ഒരു മരത്തിന്റെ ഇലകള്‍ എല്ലാം ഒന്നുപോലെ അല്ലല്ലോ. അപ്പോള്‍ അത്, ആ തുല്യതയില്ലായ്മ മരവും ചില്ലകളും ഇലകളും ഒക്കെ ഒരുപോലെ അംഗീകരിക്കണം എന്നതാണ് ഗാന്ധിയന്‍ ഹിന്ദുത്വ രാമരാജ്യത്തിന്റെ തുല്യതാദര്‍ശനം! അവിടെ വ്യവസ്ഥയ്ക്ക് പുറത്ത് വ്യക്തിയ്ക്ക് സ്വാതന്ത്ര്യമില്ല. തുല്യത അവകാശമല്ല, ഔദാര്യമാണ്. പിന്നെ ഉള്ളത് ഇതു രണ്ടും അനുസരിക്കുന്നവരുടെ സാഹോദര്യമാണ്. അതാവും ബിജെപിയാല്‍ ഏകീകരിക്കപ്പെടുന്ന നായാടി മുതല്‍ നമ്പൂതിരി വരെയുള്ള 'ഹിന്ദു'വിലെ സാഹോദര്യവ്യവസ്ഥയും. പക്ഷേ അത് ചിത്രലേഖയ്ക്ക് സ്വീകാര്യമല്ല. അവര്‍ക്ക് വേണ്ടത് സമത്വവും സ്വാതന്ത്ര്യവുമാണ്. അത് അംഗീകരിക്കാനാവില്ല എന്നതാണ് അവരോടുള്ള എതിര്‍പ്പുകളുടെ ആത്യന്തിക ഉള്ളടക്കം. അതാവട്ടെ സണ്ണി കപിക്കാട് പറഞ്ഞത് പോലെ എല്ലാ രാഷ്ട്രീയസംഘടനകളിലും അദ്ദേഹം പറയാതെ വിട്ട മത, സാമുദായിക സംഘടനകളിലും ഉണ്ട് താനും.

ഭീഷണികളെയും ചൂഷണങ്ങളെയും നിവര്‍ന്നുനിന്ന് എതിര്‍ക്കുന്നത് അധികാരത്തിന് ഉണ്ടാക്കുന്ന ജാള്യം ആണ് ചിത്രലേഖ പ്രശ്‌നത്തിന്റെ യഥാര്‍ത്ഥ ഉള്ളടക്കം. അവര്‍ അവമതിക്കുന്നത് ഇന്ത്യന്‍ സാഹചര്യങ്ങളില്‍ ഹിന്ദുത്വ അധികാരത്തെയാണ്. ആ അധികാരത്തിന്റെ ഇന്ത്യ കണ്ട ഏറ്റവും മൂര്‍ത്തമായ രൂപവുമായാണ് അവര്‍ കൂടി ഉള്‍പ്പെടുന്ന സമുദായത്തിന്റെ സംഘടന സന്ധി ചെയ്യുന്നത്. അപ്പോള്‍ മന:പൂര്‍വ്വം കൊടി പിടിപ്പിക്കാനുള്ള ശ്രമങ്ങള്‍ മാറ്റിവച്ചാല്‍ ചിത്രലേഖ അനഭിമതയാകുന്നത് ഹിന്ദുത്വത്തിന്റെ ജാതിമത ഭേദമില്ലാത്ത പൊതുസമൂഹത്തിന് മുഴുവനായാണ്.

വ്യത്യാസങ്ങളും സാമാന്യവല്‍ക്കരണങ്ങളും
അധികാരം സ്വയം സാധൂകരിക്കാനായി ഉപയോഗിക്കുന്ന പല സാംസ്‌കാരിക ഉപകരണങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് സാമാന്യവല്ക്കരണം. എന്നാല്‍ സര്‍ഗ്ഗപരമായ സാംസ്‌കാരിക ഇടപെടലുകള്‍ പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കുന്നതും അതാണ്. സകല രാഷ്ട്രീയസംഘടനകളിലും ഹിന്ദുത്വമുണ്ട് എന്നത് സത്യമാണ്. പക്ഷേ അവയിലേക്ക് അത് കടന്നുവരുന്നത്തിന്റെ വ്യാവഹാരികമായ രീതിശാസ്ത്രവും ഒന്നാണോ?

ചിത്രലേഖ ജീവിക്കുന്നത് കേരളത്തിലായതുകൊണ്ട് തന്നെ കേരളത്തിന്റെ കാര്യം എടുക്കാം. അവര്‍ വേട്ടയാടപ്പെടുന്നത് ഹിന്ദുത്വമൂല്യങ്ങളാലാണ് എന്നതും ഇതിനോടകം വ്യക്തം. ഇനി അറിയേണ്ടത് കേരളത്തിലെ ഏറ്റവും വലിയ ഹിന്ദുത്വശക്തി സിപിഎം ആണൊ എന്നത് മാത്രമാണ്. ഇവിടെയുള്ള രണ്ട് ഇതരകക്ഷികള്‍ ബിജെപിയും കോണ്‍ഗ്രസ്സുമാണ്. നെഹ്രുവിയന്‍ സോഷ്യലിസ്റ്റ് ധാര മാറ്റിവച്ചാല്‍ കോണ്‍ഗ്രസില്‍ എന്നും പ്രാമുഖ്യം ഹിന്ദുത്വത്തിന്റെ മൃദു, തീവ്ര, മധ്യവര്‍ത്തി മൂല്യങ്ങള്‍ക്കായിരുന്നു എന്നത് ഒരു ചരിത്രസത്യം. ബിജെപിയുടെ കാര്യത്തില്‍ അത് കൂടുതല്‍ പ്രത്യക്ഷവും പ്രത്യയശാസ്ത്രപരം തന്നെയും ആവുന്നു. എന്നാല്‍ ഇടതുപക്ഷത്തിന്റെ കാര്യത്തിലോ? കമ്യൂണിസ്റ്റ്, സോഷ്യലിസ്റ്റ് ധാരകളെ മുഴുവന്‍ എടുത്ത് പരിശോധിച്ചാലും ചാതുര്‍വര്‍ണ്യത്തിലെ മാനവികതാവിരുദ്ധതയെ അനുകൂലിക്കുന്ന ഉള്ളടക്കം അവയില്‍ കണ്ടെത്താനാവില്ല. എന്നാല്‍ ചിത്രലേഖ കേസില്‍ സിപിഎം മാര്‍ച്ചും നടത്തി. കാരണം ഇവിടെയുള്ള എല്ലാ രാഷ്ട്രീയസംഘടനകളിലും ഹിന്ദുത്വം ഉണ്ടെന്ന സാമാന്യവല്ക്കരണം ആണോ?

ഇതരസംഘടനകളുടെ പ്രത്യയശാസ്ത്രപരമായ ഉള്ളടക്കത്തില്‍ പോലും ഏറിയും കുറഞ്ഞും ഹിന്ദുത്വം ഉള്ളപ്പോള്‍ ഇടത് സംഘടനകളിലേക്ക് അത് കടത്തുന്നത് വ്യക്തികളുടെ സ്വത്വബോധമാണ്. വര്‍ഗ്ഗ ബോധത്തിലേക്ക് പരിവര്‍ത്തിപ്പിക്കുന്നതില്‍ ഇടത് രാഷ്ട്രീയം പരാജയപ്പെട്ട ആ സ്വത്വബോധമാണ് കണ്ണൂരില്‍ മാത്രമായാല്‍ പോലും സിപിഎം കൊടി പിടിച്ച് ചിത്രലേഖയെ വേട്ടയാടുന്നത്. അവരുടെ സദാചാരം അയഞ്ഞതാണ്, അവരുടെ മാതാവ് ലൈംഗിക തൊഴിലാളിയാണ് തുടങ്ങിയ ആരോപണങ്ങളെ ശക്തിയായി അപലപിക്കുന്നു. ഇനി അവ ശരിയാണെങ്കില്‍ പോലും അത് അവര്‍ ഇന്ന് നേരിടുന്ന നീതിനിഷേധത്തെ സാധൂകരിക്കുന്നില്ല. മദ്യം കഴിച്ചാണ് അവര്‍ വാഹനം ഓടിക്കുന്നതെങ്കില്‍ അത് പരിശോധിക്കാന്‍ ഇവിടെ നിയമവ്യവസ്ഥയുണ്ട്. അത് ചെയ്യാന്‍ പോലീസും. ആ ഉത്തരവാദിത്തം സിപിഎമ്മിന്റെയോ മറ്റേതെങ്കിലും രാഷ്ട്രീയ, സാമൂഹ്യ, സാമുദായിക സംഘടനയുടെയോ അല്ല .

പ്രശ്‌നവല്‍ക്കരണവും പരിഹാരവും
വര്‍ത്തമാന രാഷ്ട്രീയ സാഹചര്യങ്ങളില്‍ മിക്കവാറും എല്ലാ പ്രശ്‌നങ്ങളും നേരിടുന്ന ഒരു പ്രതിസന്ധിയാണ് പ്രശ്‌നവല്‍ക്കരണം പരിഹാരത്തില്‍ നിന്ന് വേറിട്ട് സ്വയം ഒരു പ്രസ്ഥാനമായി മാറുന്നു എന്നത്. ചിത്രലേഖയുടെ സമരവും ആ നിലയില്‍ പ്രശ്‌നവല്‍ക്കരണങ്ങളാല്‍ ഹൈജാക്ക് ചെയ്യപ്പെടാതിരിക്കേണ്ടതുണ്ട്. നീതിയുടെ അത്രയും ഒരു വീതമെങ്കിലും പൊതുസമൂഹം അവര്‍ക്ക്, ഒരു ദശാബ്ദം പിന്നിടുന്ന അവരുടെ സമരോര്‍ജ്ജത്തിന് നല്‍കേണ്ടതുണ്ട്. ഓരോ സമരവും അത് ചെയ്യുന്നവര്‍ക്ക് അതിജീവനത്തിന്റെ പ്രശ്‌നമാണെങ്കില്‍ അരികില്‍ നില്‍ക്കുന്നവര്‍ക്ക് പറ്റുമെങ്കില്‍ എടുത്ത് ഉപയോഗിക്കാവുന്ന ഒരു ആയുധവുമാണ്. ചിത്രലേഖ പ്രശ്‌നം അങ്ങനെ ചട്ടുകവല്‍ക്കരിക്കപ്പെട്ടിട്ടുണ്ട് എന്നതും സത്യമാണ്.

ഇവിടെയാണ് ഈ സമരത്തില്‍ ഐക്യദാര്‍ഢ്യമാകുന്ന ദളിത്, ഫെമിനിസ്റ്റ്, സ്ത്രീ സാന്നിദ്ധ്യങ്ങളുടെ ശബ്ദം മറ്റ് ആഖ്യാനങ്ങളില്‍ നിന്ന് വ്യത്യസ്തമാകുന്നത്. ഈ വിഷയത്തില്‍ രേഖാ രാജ് എഴുതിയ ലേഖനം വ്യത്യസ്തമാകുന്നത് അവര്‍ ഒരു ദളിതോ, സ്ത്രീയോ, ഫെമിനിസ്‌റ്റോ ആയത് കൊണ്ടല്ല, ഇതൊക്കെയും ആയതുകൊണ്ടാണ്. അവര്‍ എഴുതിയ 'ചിത്രലേഖ തോറ്റിട്ടില്ല, തോല്‍ക്കാതിരിക്കേണ്ടത് ജനാധിപത്യ രാഷ്ട്രീയത്തിന്റെ ആവശ്യം' എന്ന ലേഖനത്തില്‍ നടത്തുന്ന 'കേവല സി പി എം ഗുണ്ടായിസത്തിന് പുറത്ത് പ്രാദേശികമായി നിലനില്ക്കുന്ന ജാതി ബലതന്ത്രമാണ് അതിനു പിന്നില്‍ എന്ന് എനിക്ക് തോന്നുന്നു' എന്നും 'സി പി എം ഗുണ്ടായിസം എന്ന നിലയില്‍ ഇതിനെ ചുരുക്കി കാണുമ്പോള്‍ അതിനകത്തുള്ള ജാതിയുടെ സമവാക്യം വേണ്ടത്ര' അഡ്രസ്സ് ചെയ്യപ്പെടുന്നില്ല എന്നുമുള്ള നിരീക്ഷണങ്ങള്‍ തെളിയിക്കുന്നത് അതാണ് .

അതായത് ചിത്രലേഖയെക്കുറിച്ച് എഴുതുമ്പോള്‍ ആ പ്രശ്‌നവും അതിന്റെ ജാതീയവും ആണ്‍കൊയ്മാബന്ധിയുമായ രാഷ്ട്രീയവും, അതിലെ സിപിഎമ്മും എന്ന് കാണാനേ പാര്‍ശ്വവല്‍ക്കരണം എന്ന അനുഭവം സമഗ്രതലത്തില്‍ വിഭാവനം ചെയ്യാന്‍ കഴിയുന്ന, അത് അനുഭവിച്ചിട്ടുള്ള ഒരു സ്ത്രീയ്ക്ക് കഴിയൂ. ആ നിലയ്ക്ക് ചിത്രലേഖ ഇപ്പോഴും ഇടതുപക്ഷത്ത് തന്നെയാണ്. അവരെ മോളേ എന്നല്ല, സഖാവേ എന്ന് വിളിച്ചാല്‍ മാത്രം മതി. പക്ഷെ അതിന് ഇടതുപക്ഷത്തേയ്ക്കും നുഴഞ്ഞ് കയറി ആ പ്രത്യയശാസ്ത്രത്തിന്റെയും അപ്പനായി വാഴുന്ന ജാതീയതയുടെയും ആണ്‍കോയ്മയുടെയും ഏച്ചുകെട്ടലുകള്‍ അഴിച്ച് കളയാനുള്ള സാംസ്‌കാരിക ആര്‍ജ്ജവം അതിന്റെ പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും ഉണ്ടാവണം; അഥവാ വര്‍ഗ്ഗസമരം വഴി എല്ലാം കൊഴിഞ്ഞു പോകില്ല, കൊഴിയേണ്ടത് കൊഴിക്കാനായി പ്രയത്‌നിക്കണം എന്ന പ്രവര്‍ത്തിബന്ധിയായ ഉത്തരവാദിത്തബോധം അണികളില്‍ ഉല്‍പാദിപ്പിക്കാന്‍ അതിന്റെ നേതൃത്വത്തിനും ജൈവബുദ്ധിജീവികള്‍ക്കും ആവണം. അന്നും സ്വത്വരാഷ്ട്രീയവുമായി സഖ്യം ഉണ്ടാവില്ല, പക്ഷേ ചിത്രലേഖ സഖാവാകും.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Next Story

Related Stories