UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അവർ വിപ്ലവകാരികളായിരുന്നു; ആ മുദ്രാവാക്യങ്ങൾ ഇന്നും മുഴങ്ങുന്നുമുണ്ട്

Avatar

രഞ്ജിത് ജി കാഞ്ഞിരത്തില്‍

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ കുറിച്ചുള്ള ചരിത്രം കോണ്‍ഗ്രസ് എന്ന സംഘടനയുടെ ചരിത്രം മാത്രമാവുകയും അതിന്റെ അച്ചുതണ്ട് ഗാന്ധി – നെഹ്രു ദ്വന്ദ്വങ്ങള്‍ ആവുകയും ചെയ്യുമ്പോള്‍ വിസ്മരിക്കപ്പെടുന്നത് സ്വാതന്ത്ര്യപ്രാപ്തിയുമായി ബന്ധപ്പെട്ട സാഗരസമാനമായ സംഭവങ്ങളാണ്. സമരം ചില പേരുകളില്‍ മാത്രമൊതുങ്ങുമ്പോള്‍ തങ്ങളുടെ ജീവിതവും യൗവനവും ധനവും നഷ്ടപ്പെടുത്തിയ പതിനായിരങ്ങളോടാണ് നമ്മുടെ ചരിത്രമെഴുത്തുകാർ നീതികേടു കാണിച്ചത്.

പലപ്പോഴും വിസ്മരിക്കപ്പെടുന്ന അത്തരമൊരു സംഭവമാണ് ചിറ്റഗോങ്ങ് വിപ്ലവം. അവിഭക്ത ഭാരതത്തിലെ കിഴക്കേ അറ്റത്ത് വംഗദേശത്തെ ഒരു ജില്ലയായിരുന്നു ചിറ്റഗോങ്ങ്. മലനിരകളാല്‍ ചുറ്റപ്പെട്ട പ്രദേശം. കര്‍നഫൂലി നദി ഊര്‍വരമാക്കുന്ന താഴ്‌വാരം. ചട്ടഗ്രാം എന്ന് തദ്ദേശീയമായി പറയുന്ന ഈ പ്രദേശം, ഇന്നത്തെ ബംഗ്ലാദേശിലെ ഒരു പ്രധാന നഗരവും തുറമുഖവുമാണ്. ചരിത്രത്തില്‍, ത്രിപുരയിലെ ഹിന്ദു രാജാക്കന്മാരുടെയും ബര്‍മീസ് ആരക്കന്‍ രാജാക്കന്മാരുടെയും കൈമറിഞ്ഞ ശേഷം മുഗളരും പോര്‍ച്ചുഗീസുകാരും ഒടുവില്‍ ബ്രിട്ടീഷുകാരും ഇവിടെ എത്തിച്ചേര്‍ന്നു. സ്വാതന്ത്ര്യ സമരം ഇന്ത്യയൊട്ടാകെ കൊടുമ്പിരികൊണ്ട നാളുകളില്‍ ബംഗാളില്‍ അത് വിപ്ലവപ്രവര്‍ത്തനമായി മാറിയിരുന്നു. യുഗാന്തര്‍, അനുശീലന്‍ സമിതി എന്നീ സംഘടനകള്‍ ബംഗാളില്‍ രൂപം കൊണ്ടവയാണ്.

യുഗാന്തര്‍
അരബിന്ദോ ഘോഷ്, സഹോദരനായ ബാരിന്‍ ഘോഷ്, ഭൂപേന്ദ്രനാഥ് ദത്ത, രാജാസുബോധ് മാലിക് എന്നിവര്‍ ചേര്‍ന്ന് 1906-ല്‍ കൊല്‍ക്കത്തയില്‍ ഈ സംഘടനയ്ക്ക് രൂപം നല്‍കി. അനുശീലന്‍ സമിതിയുടെ അനുബന്ധസംഘടനയായി ആയിരുന്നു തുടക്കം. ഭാരതത്തിലും വിദേശത്തുമുള്ള നിരവധി ദേശസ്‌നേഹികളുടെ സാമ്പത്തികസഹായം യുഗാന്തറിനു ലഭിച്ചു. ഒന്നാം ലോകയുദ്ധത്തില്‍ ജര്‍മനിയുടെ സഹായത്തോടെ ഇന്ത്യയെ മോചിപ്പിക്കാന്‍ യുഗാന്തര്‍ നടത്തിയ ശ്രമങ്ങള്‍ ഫലവത്തായില്ല. ഗാന്ധിജിയുടെ നേതൃത്വത്തില്‍ നടന്ന നിസ്സഹകരണപ്രസ്ഥാനത്തിനും യുഗാന്തര്‍ പിന്തുണനല്‍കി.

അനുശീലന്‍ സമിതി
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ മൂന്ന് ദശകങ്ങളില്‍ ബംഗാളിലാകമാനം വേരുറച്ച വിപ്ലവപ്രസ്ഥാനമാണ് അനുശീലന്‍ സമിതി. 1902ല്‍ പ്രമഥ് നാഥ് മിത്ര രൂപീകരിച്ച ഈ സംഘടന, ഭാരതത്തില്‍ സംഘടിതസ്വഭാവമുള്ള ആദ്യ വിപ്ലവപ്രസ്ഥാനങ്ങളിലൊന്നാണ്; കൊല്‍ക്കൊത്തയും ധാക്കയും പ്രസ്ഥാനത്തിന്റെ ശക്തികേന്ദ്രങ്ങളായിരുന്നു. അധിനിവേശത്തിനെതിരേ സായുധസമരമാര്‍ഗം അവലംബിച്ച പ്രസ്ഥാനം തങ്ങളുടെ അംഗങ്ങളെ വിദേശത്ത് പരിശീലനത്തിനയച്ചു.

ബംഗാള്‍ നവോത്ഥാനം എന്ന് വിശേഷിപ്പിക്കാവുന്ന സാമൂഹിക പരിവര്‍ത്തനം ഒരു ആവേശമായി മാറി. ആനന്ദമഠവും വന്ദേമാതരവും അവതരിക്കുന്നത് അപ്പോഴാണ്.

1919 ഗാന്ധിജി സമര രംഗത്ത് എത്തുന്നതോടെ സമരത്തിന്റെ ആകമാന രൂപവും ദിശയും മാറി. ഒരു കൂട്ടം യുവാക്കള്‍ സൂര്യ സെന്നിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു പ്രവര്‍ത്തനം തുടങ്ങി. നിസ്സഹകരണപ്രസ്ഥാനത്തിന്റെ വിജയത്തിനായി അഹോരാത്രം പ്രയത്‌നിച്ചവര്‍ ചൗരി ചൗരാ സംഭവത്തെ തുടര്‍ന്ന് ഗാന്ധിജി സമരം നിര്‍ത്തിയപ്പോള്‍ ഹതാശരായി.

പ്രേമാനന്ദ് ദത്ത, ഗണേഷ് ഘോഷ്, അനന്ത സിങ്ങ് തുടങ്ങിയവര്‍ യുവാക്കളെ സംഘടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജിംനേഷ്യങ്ങള്‍ തുടങ്ങി.1924-ല്‍ തീവ്രവാദിയാണ് എന്ന സംശയത്തെ തുടര്‍ന്ന് സുഭാഷ്ചന്ദ്ര ബോസിനെ അറസ്റ്റ് ചെയ്തു. ആദ്യം അലിപൂര്‍ ജയിലിലായിരുന്നു പാര്‍പ്പിച്ചിരുന്നതെങ്കിലും പിന്നീട് അദ്ദേഹത്തെ ബര്‍മ്മയിലേ മാന്‍ഡലെ ജയിലിലേക്ക് നാടുകടത്തി.

കാലക്രമത്തില്‍ ചിറ്റഗോങ്ങ് കോണ്‍ഗ്രസ് ഘടകത്തിനെ സൂര്യ സെന്‍ വിഭാഗം പിടിച്ചടക്കി. അവര്‍ ഇറ്റാലിയന്‍ വിപ്ലവ ചിന്തകനായിരുന്ന മസ്സീനി, ഐറിഷ് വിപ്ലവകാരി ആയിരുന്ന ഡാന്‍ ബ്രീന്‍ എന്നിവരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് കൊണ്ട് ഒരു രഹസ്യ സംഘടന സ്ഥാപിച്ചു- ഇന്ത്യന്‍ റിപബ്ലിക്കന്‍ ആര്‍മി. ഈ സംഘടന കോണ്‍ഗ്രസ്സിനുള്ളില്‍ നിന്ന് കൊണ്ടുതന്നെയാണ് പ്രവര്‍ത്തിച്ചത്. ചിറ്റഗോങ്ങ് ഡി സി സി ഓഫീസ് ആയിരുന്നു അവരുടെ പ്രവര്‍ത്തന കേന്ദ്രം. ഇന്‍ക്വിലാബ് സിന്ദാബാദ്, ജയ് ഹിന്ദ്‌ എന്നീ മുദ്രാവാക്യങ്ങള്‍ ചക്രവാളം പിടിച്ചെടുക്കുന്നത് വരെ വന്ദേമാതരം എന്ന മുദ്രാവാക്യമായിരുന്നു വിപ്ലവധ്വനി. അരബിന്ദോ, ബങ്കിം ചന്ദ്ര എന്നിവര്‍ മുന്നോട്ടു വെച്ച അമ്മദൈവസങ്കല്പത്തിലധിഷ്ടിതമായ രാഷ്ട്രസങ്കല്‍പമായിരുന്നു ഉണ്ടായിരുന്നത്.

ബ്രിട്ടന്റെ കരാളഹസ്തങ്ങളില്‍ പെട്ട് വലഞ്ഞ അയര്‍ലണ്ട് ആയിരുന്നു അവരുടെ പ്രകാശഗോപുരം. ഡബ്ലിനില്‍ ഐറിഷ് റിപബ്ലിക്കന്‍ ആര്‍മി നടത്തിയ ഈസ്റ്റര്‍ മുന്നേറ്റം ആയിരുന്നു ഇവരുടെ മാതൃക. സ്‌കോട്ട്ലണ്ട്, വെയില്‍സ് എന്നിവയെപ്പോലെ അയര്‍ലണ്ട് യു കെയുടെ ഭാഗമാണ് എന്നുള്ള പ്രചരണം നടത്തിയ ബ്രിട്ടനെ ഒരു ചെറു സംഘം വെല്ലുവിളിച്ച് ഡബ്ലിന്‍ നഗരം കൈവശപ്പെടുത്തി. സായുധ സമരത്തിന്റെ ഒടുവില്‍ അവര്‍ രക്തസാക്ഷിത്വം വരിച്ചു.

അധ്യാപകനായിരുന്ന സൂര്‍ജ്യ സെന്‍, (സൂര്യ സെന്‍, മാസ്റ്റര്‍ ദാ എന്നീ പേരുകളിലും അറിയപ്പെടുന്നു) ഒരു മികച്ച സംഘത്തെ വാര്‍ത്തെടുത്തു. ഗണേഷ് ഘോഷ്, ലോകേനാഥ് ബാല്‍, നിര്‍മല്‍ സേന്‍, അംബിക ചക്രവര്‍ത്തി, നരേഷ് റോയ്, ശശാങ്ക ദത്ത, അര്‍ദേന്ദു ദസ്തീദാര്‍, ഹരിഗോപാല്‍ ബാല്‍ (ടേഗ്ര), താരകേശ്വര്‍ ദസ്തീദാര്‍, അനന്ത സിംഗ്, ജിബാന്‍ ഘോഷാല്‍, ആനന്ത് ഗുപ്ത, പ്രീതിലതാ വദേദാര്‍, കല്പനാ ദത്ത, വിനോദ് വിഹാരി ചൌധരി, സുബോധ് റോയ് എന്നിവരായിരുന്നു മറ്റു പ്രധാന അംഗങ്ങള്‍.

ചിറ്റഗോങ്ങിലെ രണ്ടു ആയുധ സംഭരണശാലകള്‍, ടെലഗ്രാഫ് ഓഫീസ്, യൂറോപ്യന്‍ ക്ലബ് ഇവ പിടിച്ചെടുക്കുക. പിന്നെ അവിടെ നിന്നും ലഭിയ്ക്കുന്ന ആയുധങ്ങളുമായി ചിറ്റഗോങ്ങ് മുഴുവന്‍ പിടിച്ചെടുത്തു സ്വതന്ത്രമാക്കുക എന്നീ ലക്ഷ്യത്തോടെ അവര്‍ അതീവ രഹസ്യമായി പരിശീലനവും ആയുധ സംഭരണവും തുടങ്ങി. ഒരു രഹസ്യ വിപ്ലവസംഘത്തിന്റെ എല്ലാ ലക്ഷണങ്ങളോടു കൂടിയും അവര്‍ ഒറ്റ മനസ്സായി പ്രവര്‍ത്തിച്ചു. വെള്ളക്കാരുടെ എല്ലാവിധ രഹസ്യ നിരീക്ഷണ സംവിധാനങ്ങളെയും നിഷ്പ്രഭമാക്കി അവര്‍ വിപ്ലവം നടപ്പിലാക്കുക തന്നെ ചെയ്തു.

1930 ഏപ്രില്‍ 18നു രാത്രിയില്‍ റയില്‍വേലൈന്‍ അട്ടിമറിച്ച ശേഷം, ടെലഗ്രാഫ് ഓഫീസ് പിടിച്ചെടുത്ത സംഘം അതിയായ ആയാസം ഒന്നും കൂടാതെ യൂറോപ്യന്‍ ക്ലബില്‍ എത്തി ചേര്‍ന്നു. എന്നാല്‍ അന്ന് ദുഃഖ വെള്ളിയാഴ്ചയായിരുന്നു. യൂറോപ്യന്‍ ക്ലബില്‍ വെള്ളക്കാര്‍ ആരും ഉണ്ടായിരുന്നില്ല. അവരെല്ലാം പള്ളിയില്‍ പോയിരുന്നു. ആയുധപ്പുരകള്‍ രണ്ടും പിടിച്ചെടുത്ത വിപ്ലവകാരികള്‍ പക്ഷെ ഒഴിഞ്ഞ തോക്കുകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ലോകത്ത് ഒരു സൈന്യവും ഒരായുധപ്പുരയിലും ഉണ്ടകളും തോക്കുകളും കൂടി ഒരുമിച്ചു സൂക്ഷിക്കില്ല എന്ന സൈനിക നിയമം കലാപകാരികള്‍ക്ക് അറിയാതെ പോയി. ആയുധപ്പുരയുടെ കൊടിമരത്തില്‍ പാറിയിരുന്ന യൂണിയന്‍ ജാക്ക് അഗ്‌നിക്ക് സമര്‍പ്പിച്ച കലാപകാരികള്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തി. സൂര്യ സെന്‍ സല്യുട്ട് സ്വീകരിച്ചു. ഇന്ത്യന്‍ റിപ്പബ്ലിക്കന്‍ ആര്‍മിയുടെ നയപ്രഖ്യാപന ലഘുലേഖ വായിച്ചു. അതിനു ശേഷം അവര്‍ മലനിരകളിലെ സുരക്ഷിതത്വം തേടി പോയി.

ജലാലാബാദ് എന്ന സ്ഥലത്ത് ഏപ്രില്‍ 22ന് വിപ്ലവകാരികളും വെള്ളപ്പട്ടാളവുമായി ഏറ്റുമുട്ടി. എണ്‍പതിലധികം പട്ടാളക്കാരും പന്ത്രണ്ടു വിപ്ലവകാരികളും കൊല്ലപ്പെട്ടു. കുറേപ്പേര്‍ അറസ്റ്റ് ചെയ്യപ്പെട്ടു. സൂര്യ സെന്‍ തന്റെ സൈന്യത്തോട് പലതായി പിരിഞ്ഞു പല ഭാഗത്തേക്ക് പോകാന്‍ നിര്‍ദേശിച്ചു.  
ഇതില്‍ ഒരു സംഘം വീണ്ടും കൂട്ടം ചേര്‍ന്നു, പ്രീതിലതാ വദേദാര്‍ എന്ന മഹിളയുടെ നേതൃത്വത്തില്‍ യൂറോപ്യന്‍ ക്ലബ് ആക്രമിച്ചു നാശനഷ്ടങ്ങള്‍ വരുത്തി. Dogs and Indians not allowed എന്ന് പുറത്ത് എഴുതി വെച്ചിരുന്ന പഹര്‍ത്തലി യൂറോപ്യന്‍ ക്ലബ് അവര്‍ നാമാവശേഷമാക്കി.എന്നാല്‍ പൊലീസിനാല്‍ വലയം ചെയ്യപ്പെട്ട പ്രീതിലത സയനെയ്ഡ് വിഴുങ്ങി ആത്മഹത്യ ചെയ്തു.

ഒടുവില്‍ സംഘത്തില്‍ തന്നെയുള്ള ഒരാള്‍ ഒറ്റിയതിന്റെ ഫലമായി 1933 ഫെബ്രുവരിയില്‍ സൂര്യസെന്‍ അറസ്റ്റ് ചെയ്യപ്പെട്ടു. അറസ്റ്റ് ചെയ്യപ്പെടുന്നതിനു മുന്‍പുണ്ടായ ഏറ്റുമുട്ടലില്‍ ഒറ്റുകാരന്‍ സര്‍ക്കാരിന്റെ സമ്മാനം വാങ്ങുവാന്‍ കഴിയാതെ വിപ്ലവകാരികളുടെ കയ്യാല്‍ തന്നെ വധിക്കപ്പെട്ടു. കല്പന ദത്ത് പിന്നീട് പിടിയിലായി. കുറ്റവിചാരണക്ക് ശേഷം സൂര്യ സെന്‍, താരകേശ്വര്‍ ദാസ്തിദാര്‍ എന്നിവരെ തൂക്കിലിടാന്‍ വിധിച്ചു. 1934 ജനുവരി 12നു ഇരുവരെയും ചിറ്റഗോങ്ങ് ജയിലില്‍ തൂക്കിക്കൊന്നു. കൊല്ലുന്നതിനു മുന്‍പ് സൂര്യ സെന്നിനെ ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ ദയാരഹിതമായ പീഡനത്തിനു വിധേയനാക്കി. എല്ലാ പല്ലുകളും ചുറ്റിക ഉപയോഗിച്ച് തല്ലിക്കൊഴിച്ചു. എല്ലാ നഖങ്ങളും ചൂഴ്‌ന്നെടുത്തു. എല്ലാ സന്ധികളും കൂടം കൊണ്ട് അടിച്ചുടച്ചു. മൃഗീയമായ ക്രൂരതക്ക് ശേഷം അര്‍ദ്ധപ്രാണന്‍ അവശേഷിക്കെ ആ ധീരനായ വിപ്ലവകാരിയെ തൂക്കിലേറ്റി. അദ്ദേഹത്തിന്റെ ഭൌതികദേഹം ഒരു ഇരുമ്പ് പാത്രത്തില്‍ അടച്ച് ബംഗാള്‍ ഉള്‍ക്കടലില്‍ കൊണ്ടുചെന്നു തള്ളി.

ചിറ്റഗോങ്ങ് വിപ്ലവത്തില്‍ ജീവനോടെ ശേഷിച്ചവര്‍ സ്വാതന്ത്ര്യത്തിനു ശേഷം അന്തമാനിലെ സെല്ലുലാര്‍ ജയിലില്‍ നിന്ന് മോചിതരായി. പിന്നീട് അവര്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങളില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചു അവര്‍ ഇവരാണ്.

ഗണേഷ് ഘോഷ്
1946ല്‍ ജയില്‍ മോചിതനായ ഇദ്ദേഹം പിന്നീട് സിപിഐയില്‍ ചേരുകയും മൂന്ന് തവണ ബംഗാള്‍ നിയമസഭയിലേക്ക് ജയിക്കുകയും ചെയ്തു. പിളര്‍പ്പിന് ശേഷം സി പി എമ്മില്‍ പ്രവര്‍ത്തിച്ച ഗണേഷ് ഘോഷ് കല്‍ക്കട്ട സൗത്തില്‍ നിന്ന് ലോകസഭയില്‍ എത്തി. 1994ല്‍ അന്തരിച്ചു.

ലോകനാഥ ബാല്‍
ജയില്‍ മോചിതനായ ഇദ്ദേഹം എം എന്‍ റോയിക്ക് ഒപ്പം റാഡിക്കല്‍ ഡെമോക്രാറ്റിക് പാര്‍ടിയില്‍ ചേര്‍ന്നു. പിന്നീട് കോണ്‍ഗ്രസില്‍ എത്തി. കല്‍ക്കട്ട കോര്‍പറേഷന്‍ മേയര്‍ ആയി. 1964ല്‍ അന്തരിച്ചു.

അംബിക ചക്രവര്‍ത്തി. (അംബികാ ദാ)
ജയില്‍ മോചിതനായ ഇദ്ദേഹം പിന്നീട് സിപിഐയില്‍ ചേരുകയും ബംഗാള്‍ നിയമ സഭയിലേക്ക് ജയിക്കുകയും ചെയ്തു.1962ല്‍ ഒരു റോഡപകടത്തില്‍ കൊല്ലപ്പെട്ടു.

കല്‍പനാ ദത്ത(ജോഷി)
1939ല്‍ ജയില്‍ മോചിതയായ ഇവര്‍ പിന്നീട്1940ല്‍ സിപിഐയില്‍ ചേര്‍ന്നു. സി പി ഐ യുടെ ആദ്യ ജനറല്‍ സെക്രട്ടറി ആയിരുന്ന പി സി ജോഷിയെ 1943ല്‍ വിവാഹം കഴിച്ച കല്പനാ ദത്ത,1995ല്‍ മരിക്കുന്നത് വരെ ഇടതുപക്ഷത്ത് നിലയുറപ്പിച്ചു.

ബിനോദ് ബിഹാരി ചൌധരി

വിപ്ലവകാരികളുടെ കൂട്ടത്തില്‍ ബംഗ്ലാദേശില്‍ തുടര്‍ന്ന ഏക വ്യക്തി. അയൂബ് ഖാന്റെ പട്ടാള നിയമങ്ങളില്‍ പ്രതിഷേധിച്ചു എല്ലാ രാഷ്ട്രീയ പ്രവര്‍ത്തനവും അവസാനിപ്പിച്ചു. ബംഗ്ലാദേശ് സ്വാതന്ത്ര്യത്തിനു ശേഷം അവിടുത്തെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രധാന വ്യക്തിയായി. 2013 ഏപ്രില്‍ പത്തിന് 102 വയസ്സില്‍ ബിനോദ് ബിഹാരി ചൌധരി ചിറ്റഗോങ്ങില്‍ അന്തരിച്ചു.

സുബോധ് റോയ്
1946ല്‍ ജയില്‍ മോചിതനായ സുബോധ് റോയ് പിന്നീട് സിപിഐയില്‍, പിളര്‍പ്പിന് ശേഷം സിപിഎമ്മില്‍ പ്രവര്‍ത്തിച്ചു. സി പി എമ്മിന്റെ ബംഗാള്‍ സംസ്ഥാന കമ്മിറ്റി അംഗമായി ദീര്‍ഘകാലം പ്രവര്‍ത്തനം നടത്തി. ‘Communism in India: Unpublished Documents’ എന്നൊരു പുസ്തകം പുറത്തിറക്കി. 2006ല്‍ അന്തരിച്ചു.

സൂര്യ സെന്നിന്റെ കഥ അനാവരണം ചെയ്യുന്ന പ്രശസ്ത പുസ്തകമാണ് മാനിനി എഴുതിയ Do and Die: The Chattagram Uprising 1930-34. കെ എന്‍ കെ നമ്പൂതിരി ഇത് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. കല്‍പനാ ദത്തിന്റെയും പി സി ജോഷിയുടെയും മകന്‍ ചന്ദ് ജോഷിയുടെ ഭാര്യയാണ് പത്രപ്രവര്‍ത്തക കൂടിയായ മാനിനി ചാറ്റര്‍ജി. ഈ പുസ്തകത്തെ അവലംബമാക്കിയാണ് അശുതോഷ് ഗവാരിക്കാര്‍, ഖേലേ ഹം ജീന്‍ ജാന്‍ സേ എന്ന ഹിന്ദി ചിത്രം നിര്‍മിച്ചിരിക്കുന്നത്. അഭിഷേക് ബച്ചന്‍, സൂര്യ സെന്നിന്റെ വേഷവും, ദീപിക പദുകോണ്‍ കല്പന ദത്തയുടെ വേഷവും ചെയ്തിരിക്കുന്നു. ബേദബ്രത പെയിനിന്റെ സംവിധാനത്തില്‍ 2012ല്‍ ചിറ്റഗോങ്ങ് എന്ന പേരില്‍ മറ്റൊരു ഹിന്ദി ചലച്ചിത്രം കൂടി പുറത്തിറങ്ങിയിട്ടുണ്ട്. 

ഖേലേ ഹം ജീന്‍ ജാന്‍ സേയുടെ കഥ കേട്ടപ്പോളായിരുന്നു സൂര്യ സെന്നിനെ കുറിച്ച് ആദ്യമായി കേട്ടത് എന്ന അഭിഷേക് ബച്ചന്റെ പ്രസ്താവന ചിന്തനീയമാണ്. കോണ്‍ഗ്രസ് മാത്രമായിരുന്നു സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തത് എന്നും മറ്റുള്ളവര്‍ അഗണ്യന്യൂനപക്ഷമായിരുന്നു എന്നുമുള്ള പ്രചരണം വരേണ്യ തലച്ചോറുകളുടെ സംഭാവനയാണ്. എന്നാല്‍ അങ്ങനെ മറച്ചു വെക്കുന്നത് കൊണ്ട് മാഞ്ഞുപോകുന്ന ഒന്നല്ല ചരിത്രം. 

ഏപ്രില്‍ 18 മുതല്‍ 22 വരെ ബംഗ്ലാദേശ് സര്‍ക്കാര്‍ എല്ലാ വര്‍ഷവും വിപുലമായ പരിപാടികളോടെ ചിറ്റഗോങ്ങ് വിപ്ലവത്തിന്റെ സ്മരണ പുതുക്കാറുണ്ട്.

(രാഷ്ട്രീയ നിരീക്ഷകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍