TopTop
Begin typing your search above and press return to search.

സെന്‍ട്രല്‍ ടിഫിന്‍ റൂമിലെ ബെന്നെ ദോശ

സെന്‍ട്രല്‍ ടിഫിന്‍ റൂമിലെ ബെന്നെ ദോശ

ടിഫിന്‍ എന്ന ആശയം

സ്‌കൂളില്‍ പോകുമ്പോള്‍ അമ്മ സ്‌നേഹത്തോടെ തന്നുവിട്ടിരുന്ന ഭക്ഷണമാണ് ടിഫിന്‍. അമ്മയുണ്ടാക്കുന്ന ചട്‌നി സാന്‍ഡ്‌വിച്ചായിരുന്നു എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വിഭവം. ഒരു വികൃതിക്കുട്ടിയായിരുന്നില്ല ഞാന്‍. പക്ഷേ മറ്റുള്ളവരുടെ ടിഫിന്‍ രുചിച്ചുനോക്കുന്നത് എനിക്കിഷ്ടപ്പെട്ട കാര്യമായിരുന്നു. ആളുകളുടെ ഷൂ ലേസ് തമ്മില്‍ കൂട്ടിക്കെട്ടുന്നതും എന്റെ വിനോദമായിരുന്നു. കുട്ടിക്കാലത്തെ ചെറിയ സന്തോഷങ്ങള്‍!

ഇപ്പോള്‍ ഞാന്‍ മറ്റുള്ളവരുടെ ടിഫിന്‍ കഴിക്കാറില്ല. പക്ഷേ അവര്‍ എന്താണ് പാചകം ചെയ്യുന്നതെന്നും കഴിക്കുന്നതെന്നും അറിയാന്‍ ഇന്നും എനിക്കു കൗതുകമാണ്.

വിസ്മയിപ്പിക്കുന്ന കേക്കുകളും അമ്മ ഉണ്ടാക്കുമായിരുന്നു. പ്രഷര്‍ കുക്കറില്‍ ബേക്ക് ചെയ്തവ. കുക്കറില്‍ ഇടാന്‍ ആവശ്യമുള്ള മണല്‍ കൊണ്ടുവരിക എന്റെ ജോലിയായിരുന്നു. ഏതുതരം മണലാണു വേണ്ടതെന്ന് എനിക്കറിയാം. പക്ഷേ ഒരിക്കലും അതിന്റെ പേര് മനസിലാക്കിയില്ല. ഇപ്പോള്‍ എനിക്കറിയാം. നദി മണലാണ് ഏറ്റവും മികച്ചത്. മികച്ച ഡോനട്ടുകളും അമ്മ ഉണ്ടാക്കിയിരുന്നു. ഇന്ന് ഡോനട്ട് എന്ന പേരില്‍ കിട്ടുന്ന ബ്രെഡല്ല അത്.ടിഫിനെപ്പറ്റി പറയാം. പ്രഭാതഭക്ഷണം, രാവിലത്തെ ചായ, ഉച്ചഭക്ഷണം, വൈകിട്ടത്തെ ചായ എന്നിവയ്ക്ക് ഒപ്പം കഴിക്കാവുന്ന വിവിധതരം സ്‌നാക്കുകളാണ് ടിഫിന്‍ എന്ന് അറിയപ്പെടുന്നത്. എന്നാല്‍ പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും ഒരുമിക്കുന്ന ബ്രഞ്ചില്‍ ടിഫിനു സ്ഥാനമില്ല. ടിഫിന്‍ ഒരിക്കലും കനത്ത ഭക്ഷണമല്ല.

മുന്‍പ് ഓഫിസുകളില്‍ ജോലിക്കു പോകുന്നവര്‍ ബാഗുകള്‍ കൊണ്ടുപോകുന്ന പതിവുണ്ടായിരുന്നില്ല. ഓഫിസ് ജോലി വീട്ടിലേക്കു കൊണ്ടുവരുന്നുമുണ്ടായിരുന്നില്ല. പക്ഷേ എല്ലാവരും ഉച്ചഭക്ഷണം അടങ്ങിയ ടിഫിന്‍ കാരിയറുകള്‍ കൊണ്ടുപോയിരുന്നു. ദക്ഷിണേന്ത്യയാണ് ടിഫിന്‍ എന്ന ആശയത്തെ സ്ഥാപനവല്‍ക്കരിക്കുകയും വിജയകരമായി കച്ചവടവല്‍ക്കരിക്കുകയും ചെയ്തത്.വര്‍ഷങ്ങളായി പല പ്രശസ്ത ടിഫിന്‍ സെന്ററുകളും ഞാന്‍ കാണുന്നു. ബംഗളൂരുവിലെ ഏറ്റവും പ്രശസ്തമായ ടിഫിന്‍ സെന്റര്‍ മാവള്ളി ടിഫിന്‍ റൂം അഥവാ എംടിആര്‍ ആണ്. ലാല്‍ ബാഗ് പ്രദേശത്താണിത്. അനുകരിക്കാനാകാത്ത തരം വിഭവങ്ങള്‍ നല്‍കുന്ന ഇത്തരം സ്ഥലങ്ങള്‍ എനിക്ക് വളരെ ഇഷ്ടമാണ്. തൊട്ടടുത്ത പ്രദേശങ്ങള്‍ ഒഴികെ മറ്റൊരിടത്തും ഇത്തരം സ്ഥലങ്ങള്‍ അറിയപ്പെടുന്നില്ല. പക്ഷേ അറിയപ്പെടുന്ന പ്രദേശങ്ങളില്‍ അവയ്ക്ക് റോക്ക് താരങ്ങളുടെ പദവിയാണ്.

സെന്‍ട്രല്‍ ടിഫിന്‍ റൂമിലെ ബെന്നെ ദോശ

ബെന്നെ ദോശ ഞാന്‍ പരിചയപ്പെടുന്നത് പുനെയിലാണ്. അവിടെ അത് തെരുവോര ഭക്ഷണരംഗത്ത് പടരുകയാണ്. ബെന്നെ എന്ന കന്നഡ വാക്കിന് വെണ്ണ എന്നാണ് അര്‍ത്ഥം. പുനെയില്‍ ഇതിന്റെ പേര് ലോനി ദോശ എന്നാണ്. മറാത്തിയില്‍ ലോനി എന്നാല്‍ വെളുത്ത വെണ്ണയാണ്. ഞാന്‍ ഇതിന്റെ ആരാധകനാണ്. ദോശയില്‍ വെണ്ണ അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്നു.പുനെയില്‍ ദേവനാഗരി രീതിയിലാണ് ബെന്നെ ദോശ. പുതുതായി അരച്ച മാവില്‍ സോഡക്കാരം ചേര്‍ത്ത് പുളിപ്പിക്കുകയാണ് ചെയ്യുന്നത്. സെന്‍ട്രല്‍ ടിഫിന്‍ റൂമില്‍ അരിയും ഉഴുന്നും അരച്ച് പുളിപ്പിച്ചാണ് ദോശ ഉണ്ടാക്കുന്നത്. ദോശ ചെറിയ തീയിലാണ് ഉണ്ടാക്കുക. വളരെയധികം വെണ്ണ ചേര്‍ക്കും. ഉപരിതലം ചില്ലുപോലെയാകും വരെ. ഉള്‍ഭാഗം സ്‌പോഞ്ച്‌പോലെ മൃദുലമായിരിക്കും. ഇതുപോലൊരു ദോശ ഞാന്‍ മുന്‍പ് കണ്ടിട്ടില്ല. സെന്‍ട്രല്‍ ടിഫിന്‍ റൂമും ചിലപ്പോള്‍ അല്‍പം സോഡാക്കാരം ചേര്‍ക്കുന്നുണ്ടാകാം. എന്നാല്‍ എനിക്ക് ഉറപ്പില്ല.

അവരുടെ ദോശ സൂപ്പര്‍ സ്വാദുള്ളതാണ്. അതിശയകരവും. വര്‍ഷങ്ങള്‍ക്കിടെ പല മാനേജ്‌മെന്റുകള്‍ മാറി വന്ന പ്രസ്ഥാനമാണിത്. 1992ല്‍ ഇത് ഏറ്റെടുത്ത ഇപ്പോഴത്തെ ഉടമ സഞ്ജീവ പൂജാരിയാണ് ഇതിന് സെന്‍ട്രല്‍ ടിഫിന്‍ റൂം എന്നു പേരിട്ടത്. 1950ല്‍ രാഘവേന്ദ്ര എന്നയാള്‍ ശ്രീ സാഗര്‍ എന്ന പേരിലാണ് ഇത് തുടങ്ങിയത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ശ്രീ സാഗര്‍ എന്ന പേരിലേക്കു തിരിച്ചുപോകാന്‍ ഉടമസ്ഥര്‍ തീരുമാനിച്ചിട്ടുണ്ട്. കടയ്ക്കു മുന്നിലുള്ള ബോര്‍ഡില്‍ അതാണ് ഇപ്പോഴത്തെ പേര്. മറ്റ് ടിഫിന്‍ ഐറ്റങ്ങളും ഇവിടെ ലഭിക്കും. എങ്കിലും ദോശയാണ് കേമം.

സെന്‍ട്രല്‍ ടിഫിന്‍ റൂം മറ്റുവിവരങ്ങള്‍:

മേല്‍വിലാസം: സെവന്‍ത് ക്രോസ്, തേര്‍ഡ് മെയിന്‍, മാര്‍ഗോസ റോഡ്, മല്ലേശ്വരം, ബംഗളൂരു.

സമയം: രാവിലെ എട്ടുമുതല്‍ 12 വരെ. വൈകിട്ട് നാലുമുതല്‍ 8.30 വരെ.
ഫോണ്‍: 080 23317531.
വില: ബെന്നെ മസാല ദോശയ്ക്ക് 25 രൂപയും ബെന്നെ പ്ലെയിന്‍ ദോശയ്ക്ക് 22 രൂപയും.ചൌധര്‍ സിംഗ് ബ്ലോഗ് സന്ദര്‍ശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

http://chowdersingh.com

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories