TopTop
Begin typing your search above and press return to search.

ചരിത്രത്തില്‍ ഇന്ന്: 'സൈലന്റ് നൈറ്റ്' എന്ന വിശ്വപ്രസിദ്ധമായ ക്രിസ്മസ് കരോള്‍ ഗാനം പിറവികൊണ്ടു

ചരിത്രത്തില്‍ ഇന്ന്: സൈലന്റ് നൈറ്റ് എന്ന വിശ്വപ്രസിദ്ധമായ ക്രിസ്മസ് കരോള്‍ ഗാനം പിറവികൊണ്ടു

1818 ഡിസംബര്‍ 24

1818 ഡിസംബര്‍ 24-ന്, ഓസ്ട്രിയയിലെ സാല്‍സ്ബര്‍ഗിന് വടക്കായുള്ള ഒബേണ്‍ഡോര്‍ഫിലെ സെയന്റ് നിക്കോളാസ് പള്ളിയില്‍ കൂടിയ പ്രാര്‍ത്ഥനാ സമൂഹം, ഫ്രാന്‍സ് സേവിയര്‍ ഗ്രൂബെര്‍ സംഗീതം നല്‍കിയ 'സൈലന്റ് നൈറ്റ്' (സ്റ്റില്ലെ നാച്ച് എന്ന് ശരിയായ ജര്‍മ്മന്‍) എന്ന ക്രിസ്തുമസ് കരോള്‍ ആദ്യമായി കേട്ടു. പള്ളിയുടെ സഹവികാരിയായിരുന്ന ഫാദര്‍ ജോസഫ് മോഹ്രിന്റെ ഗിത്താറിന്റെ അകമ്പടിയോടെ ഫാദര്‍ മോഹ്രിന്റെയും ഫ്രാന്‍സ് സേവിയര്‍ ഗ്രൂബറിന്റെയും ശബ്ദത്തില്‍ പാട്ട് പള്ളിയില്‍ അലയടിക്കുന്നത് ആ പ്രാര്‍ത്ഥന സമൂഹം കേട്ടുനിന്നു. ആറ് പാദങ്ങളുള്ള പാട്ടിന്റെ ഓരോ പാദത്തിന്റെയും അവസാനം, അവസാനത്തെ രണ്ടു വരികള്‍ നാലു ഘട്ടങ്ങളുള്ള ലയമായ സംഘം ആവര്‍ത്തിച്ചു. കൂടിയവരെല്ലാം (കൂടുതലും കപ്പല്‍ തൊഴിലാളികളും ബോട്ടു നിര്‍മ്മിക്കുന്നവരും അവരുടെ കുടുംബങ്ങളും) ഗാനം 'പൊതുവെ ആസ്വദിച്ചതായി' ഗ്രൂബര്‍ പറയുന്നു. അങ്ങനെ ജനങ്ങളുടെ ഹൃദയത്തിലേക്ക് പറന്നിറങ്ങിയ ഒരു പാട്ട് ജനിച്ചു. ഇപ്പോള്‍ നൂറു കണക്കിന് ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട ഗാനം, എല്ലാ ഡിസംബറിലും ലോകത്തിന്റെ എല്ലാ കോണുകളിലുമുള്ള ചെറിയ പള്ളികള്‍ തൊട്ട് അരമനകളില്‍ വരെ പേരറിയാത്ത ദശലക്ഷങ്ങള്‍ ആലപിക്കുന്നു.

1818-ലെ ക്രിസ്മസിന്റെ തലേ ദിവസത്തെ തണുത്ത വൈകുന്നേരം, ഓസ്ട്രിയയിലെ ഒബേണ്‍ഡോര്‍ഫ് ബേയ് സാല്‍സ്ബര്‍ഗിലെ ഗ്രാമത്തിലെ തന്റെ വീട്ടില്‍ നിന്നും കൂട്ടുകാരനായ ഫ്രാന്‍സ് സേവിയര്‍ ഗ്രൂബെറെ (1787-1863) കാണാനായി അടുത്ത പട്ടണമായ ആന്‍സ്‌ഡോര്‍ഫ് ബേയ് ലൗഫാന്‍ വരെയുള്ള മൂന്ന് കിലോമിറ്റര്‍ ദൂരം സഹപാതിരിയായ ജോസഫ് ഫ്രാന്‍സ് മോഹ്ര (1792-1848) നടന്നു. രണ്ട് വര്‍ഷം മുമ്പ് 1816-ല്‍, ലുങ്ഗാവുവിലെ മരിയപ്ഫാറില്‍ സഹപാതിരിയായിരുന്നപ്പോള്‍ അദ്ദേഹം എഴുതിയ ഒരു കവിതയും മോഹ്ര കൈയില്‍ കരുതിയിരുന്നു. 1816, 1817 വര്‍ഷങ്ങളില്‍ ബാവേറിയന്‍ സേന മരിയപ്ഫാറില്‍ നിന്നും പിന്മാറുന്ന വേളയില്‍ വലിയ ദുരിതങ്ങള്‍ അനുഭവിച്ചവരായിരുന്നു അവിടുത്തെ ജനത. 1816-ല്‍ ഈ ദുരിതങ്ങള്‍ നേരില്‍ കണ്ട മോഹ്ര 'നിശബ്ദ രാത്രി' എന്ന വരികള്‍ കുറിച്ചിട്ടു. മണിക്കൂറുകള്‍ മാത്രം അകലെയുള്ള പാതിരാത്രി കുര്‍ബാനയ്ക്ക് പാടാനായി അദ്ദേഹത്തിന് ഒരു ക്രിസ്തുമസ് കരോള്‍ അത്യാവശ്യമായിരുന്നു. സ്‌കൂള്‍ അദ്ധ്യാപകനും ഓര്‍ഗന്‍ വായിക്കുന്ന ആളും പള്ളിയില്‍ കൊയര്‍ മാസ്റ്ററുമായ തന്റെ സുഹൃത്തിന് ഈ ഗാനത്തിന് ഈണം നല്‍കാന്‍ കഴിയുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചു. 1818-ലെ അതേ ഡിസംബര്‍ 24-ന് ഏതാനും മണിക്കൂറുകള്‍ കൊണ്ടാണ് 'സ്റ്റില്ലെ നാച്ചെ' എന്ന ഗാനം ഫ്രാന്‍സ് ഗ്രൂബര്‍ തന്റെ സുഹൃത്തിനായി ചിട്ടപ്പെടുത്തിയത് എന്നതാണ് ഈ പാട്ടിനെ സംബന്ധിച്ച പല അത്ഭുതങ്ങളില്‍ ഒന്ന്. പുതിയ കരോള്‍ വേണം എന്ന് എന്തായിരുന്നു മോഹ്രയ്ക്ക് നിര്‍ബന്ധമെന്നത് അജ്ഞാതമാണ്. ഓര്‍ഗന്‍ കേടായിരുന്നു എന്ന് ചിലര്‍ വിലയിരുത്തുന്നു; ഗിറ്റാര്‍ അമിതമായി ഇഷ്ടപ്പെട്ടിരുന്ന സഹപാതിരി വെറുതെ ഒരു പുതിയ കരോള്‍ ഇരിക്കട്ടെ എന്ന് കരുതിയതാണെന്ന് മറ്റ് ചിലര്‍ പറയുന്നു.

19-ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍, ഗാനം കൂടുതല്‍ ജനകീയമാകാന്‍ തുടങ്ങിയതോടെ, ബിഥോവന്‍, ഹോഡ്ന്‍ അല്ലെങ്കില്‍ മോസാര്‍ട്ട് എന്നിവരെ പോലെയുള്ള വലിയ സംഗീതകാരന്മാരില്‍ ആരെങ്കിലുമായിരിക്കും കരോളിന് ഈണം നല്‍കിയതെന്നാണ് സൈലന്റ് നൈറ്റിനെ കുറിച്ച് കൂടുതലൊന്നും അറിയാത്തവര്‍ കരുതിയിരുന്നത്. 1863-ല്‍ മരിക്കുന്നതിന് മുമ്പ്, ഗ്രൂബര്‍ തന്റെ അവകാശവാദം എഴുതി വെച്ചിരുന്നെങ്കിലും സംശയം 20-ാം നൂറ്റാണ്ടിലേക്കും നീണ്ടു. ജോസഫ് മോഹ്രയുടെ കൈപ്പടയില്‍ എഴുതിയ സൈലന്റ് നൈറ്റിന്റെ സ്‌കോര്‍ കണ്ടെത്തിയപ്പോള്‍ മാത്രമാണ് ലോകം ഇക്കാര്യം ഉറപ്പാക്കിയത്. ജര്‍മ്മിനില്‍ ഈ ഗാനം പാടപ്പെട്ടതിന്റെ 50-ാം വര്‍ഷത്തില്‍, 1863-ല്‍ മാത്രമാണ് ഗാനത്തിന്റെ ഇംഗ്ലീഷ് മൊഴിമാറ്റം പുറത്തിറങ്ങിയത്. എട്ടുവര്‍ഷത്തിന് ശേഷം ചാള്‍സ് ഹച്ചിന്‍സ് സണ്ടേ സ്‌കൂള്‍ ഹൈമ്‌നലില്‍ ഇത് അച്ചടിക്കപ്പെട്ടു. ഇന്ന് ലോകത്തെമ്പാടും മുന്നൂറിലേറെ ഭാഷകളില്‍ സൈലന്റ് നൈറ്റ് പാടുന്നു.


Next Story

Related Stories