TopTop
Begin typing your search above and press return to search.

ദേശീയ പുരസ്‌കാരങ്ങള്‍ രണ്ട്, പക്ഷേ ക്രിസ്‌റ്റോ ടോമി ആദ്യ സിനിമ എഴുതുകയാണ് - അഭിമുഖം

ദേശീയ പുരസ്‌കാരങ്ങള്‍ രണ്ട്, പക്ഷേ ക്രിസ്‌റ്റോ ടോമി ആദ്യ സിനിമ എഴുതുകയാണ് - അഭിമുഖം

2013 ലെയും 2015 ലെയും ദേശീയ ചലച്ചിത്ര പുരസ്‌ക്കാര വേദികളിലെ മലയാളി സംവിധായകര്‍ക്കിടയില്‍ നിന്നുമുള്ള യുവസാന്നിദ്ധ്യമായിരുന്നു ക്രിസ്റ്റോ ടോമി. 2013-ല്‍ നോണ്‍-ഫീച്ചര്‍ വിഭാഗത്തില്‍ മികച്ച നവാഗത സംവിധായകനുള്ള സില്‍വര്‍ ലോട്ടസ് പുരസ്‌കാരം ക്രിസ്റ്റോയുടെ 'കന്യക' എന്ന ചിത്രം കരസ്ഥമാക്കിയിരുന്നു. 2015 - ല്‍ 'കാമുകി' എന്ന ചിത്രം നോണ്‍ ഫീച്ചര്‍ വിഭാഗത്തിലെ മികച്ച സംവിധായകനുള്ള ഗോള്‍ഡന്‍ ലോട്ടസ് അവാര്‍ഡിനും അര്‍ഹനാക്കി.സത്യജിത്ത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കുന്ന സമയത്താണ് ക്രിസ്റ്റോ ഈ നേട്ടങ്ങളെല്ലാം കൈവരിച്ചത്. അവകാശപ്പെടുവാന്‍ ക്രിസ്റ്റോയ്ക്ക് ചലച്ചിത്ര, സാഹിത്യ പാരമ്പര്യങ്ങളില്ല; ഉള്ളത് സിനിമകളോടുള്ള പ്രണയം മാത്രമാണ്. അതിബൗദ്ധികതയുടെ ദുരൂഹതകളില്ലാത്ത ലളിതമനോഹരങ്ങളായ ആ ചെറുസിനിമകളില്‍ കാണാന്‍ കഴിയുക മലയാളചലച്ചിത്രലോകത്തിന്റെ മറ്റൊരു സുവര്‍ണ്ണ കാലത്തിലേക്കുള്ള യാത്രാരംഭം തന്നെയാണ്.

വിഷ്ണു: സമാന്തര ചലച്ചിത്ര നിര്‍മ്മാണം എന്നത് ഇപ്പോഴും അപ്രായോഗികമായി തോന്നുന്നുണ്ടോ?

ക്രിസ്റ്റോ: പഠനത്തോടനുബന്ധിച്ച് ചെയ്ത രണ്ട് സിനിമകള്‍ക്കാണ് എനിക്ക് അവാര്‍ഡുകള്‍ കിട്ടിയത്. മുന്‍ധാര ചലച്ചിത്രാനുഭവങ്ങള്‍ ഉണ്ടായിരുന്നില്ല. മലയാളത്തിലും, മറാത്തിയിലും ഒക്കെ ഒരുപാട് സ്വതന്ത്ര സിനിമകള്‍ ഉണ്ടാകുന്നുണ്ട്. ഇത്തരം ചിത്രങ്ങള്‍ പ്രാധാന്യം കൊടുക്കുന്നതു കഥയ്ക്കും കഥാപാത്രത്തിനും മാത്രമാകും. അങ്ങനെ വരുമ്പോള്‍ വലിയൊരു തുക ചിലപ്പോള്‍ വരുമാനമായി ലഭിക്കില്ല. പിന്നെ Parallel-mainstream എന്നൊരു വേര്‍തിരിവിന്റെ ആവശ്യം ഇപ്പോള്‍ ഉണ്ടെന്ന് തോന്നുന്നില്ല.

വി: ഇത്തരം ചലച്ചിത്രസംരംഭങ്ങള്‍ക്കുള്ള സാമ്പത്തിക പിന്തുണ?

ക്രി: കഴിവതും ചെലവ് കുറച്ച് ചെയ്യുക എന്നതിനാണ് ശ്രദ്ധ കൊടുക്കേണ്ടത്. മിക്കപ്പോഴും solid ആയൊരു നിര്‍മ്മാതാവ് ഉണ്ടാകാറില്ല. ചെറിയ ബഡ്ജറ്റ് ആണെങ്കില്‍ ചിലപ്പോള്‍ കണ്ടേക്കാം. ചിലപ്പോള്‍ crowd- funded ആകാം, അന്താരാഷ്ട്രതലത്തിലുള്ള പ്രത്യേക ഫണ്ടില്‍ ചെയ്യുന്നതാകാം. ചെറിയ തുകയിലൊതുക്കാന്‍ പരമാവധി ശ്രമിക്കാറുണ്ട്. ഇപ്പോള്‍ ധാരാളം സിനിമകള്‍ ഇത്തരത്തില്‍ വരുന്നുണ്ട്.

വി: ഒരുകാലത്ത് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് വരുന്നവര്‍ മലയാളചലച്ചിത്രമേഖലയുടെ മുന്‍ധാരയില്‍ നിന്നും അവഗണിക്കപ്പെട്ടിരുന്നല്ലോ, ഇപ്പോള്‍ അര്‍ഹമായ സ്ഥാനം ലഭിക്കുന്നുണ്ടോ?

ക്രി: അങ്ങനെയൊരു വ്യത്യാസം തോന്നിയിട്ടില്ല. ഇപ്പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നാണ് എന്നറിയുമ്പോള്‍ കുറച്ചുകൂടി ബഹുമാനം ലഭിക്കാറുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്. ഞാന്‍ ഫീല്‍ഡില്‍ അങ്ങനെ സജീവമായിട്ടില്ല, ആകെ അടൂര്‍ സാറിനൊപ്പം മാത്രമാണ് പ്രവര്‍ത്തിച്ചിട്ടുള്ളത്; സാറിന് കൂടുതല്‍ താല്‍പ്പര്യം തോന്നി, കൊല്‍ക്കത്തയില്‍ നിന്നാണെന്നറിഞ്ഞപ്പോള്‍.

വി: അടൂര്‍ ഗോപാലകൃഷ്ണനൊപ്പമുള്ള പ്രവര്‍ത്തനാനുഭവങ്ങള്‍?

ക്രി: പൊതുവെ എല്ലാവരും കരുതിയിരിക്കുന്ന പോലെയുള്ള ഒരാളെയല്ല അടൂര്‍ സാര്‍. സെറ്റില്‍ തമാശ ഒക്കെ പറയും. എല്ലാവരോടും നല്ല പെരുമാറ്റം. അദ്ദേഹത്തിന്റെ സിനിമകള്‍ കണ്ടാണു വളര്‍ന്നത്. അങ്ങനെയൊരു വ്യക്തിയുടെ കൂടെ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് തന്നെ ഭാഗ്യം.

വി: എങ്ങനെയായിരുന്നു അടൂരിലേക്കെത്തിയത്?

ക്രി: ഇന്‍സ്റ്റിറ്റ്യൂട്ടിലെ പഠനം കഴിഞ്ഞ് തിരികെ വന്നതിന് ശേഷം ആരെയെങ്കിലും അസിസ്റ്റ് ചെയ്യണം എന്നു കരുതിയിരുന്നപ്പോഴാണ് എന്റെയൊരു സുഹൃത്ത് വഴി അടൂര്‍ പുതിയ സിനിമ ചെയ്യാന്‍ പോകുന്നുവെന്നറിഞ്ഞത്. നെറ്റില്‍ നിന്ന് നമ്പര്‍ എടുത്ത് ഞാന്‍ വിളിച്ചു, കാണാന്‍ പറ്റുമോ എന്ന് ചോദിച്ചു. ഞാന്‍ വീട്ടില്‍ ചെന്ന് കണ്ടു, S.R.F.T.I ല്‍ നിന്നാണ് എന്നറിഞ്ഞപ്പോള്‍ കൂടുതല്‍ സന്തോഷമായി. അസിസ്റ്റ് ചെയ്യാന്‍ താല്‍പ്പര്യം ഉണ്ടെന്ന് പറഞ്ഞു. അദ്ദേഹം സമ്മതിക്കുകയും ചെയ്തു.

വി: 'പിന്നെയും' സമ്മാനിച്ച അനുഭവങ്ങള്‍?

ക്രി: എനിക്ക് കൗതുകകരമായി തോന്നിയത് അദ്ദേഹം ആര്‍ട്ടിസ്റ്റുകള്‍ക്ക് സീന്‍ വിവരിച്ചു കൊടുക്കുന്ന രീതിയാണ്, voice modulation വരെ കൃത്യമായി പറഞ്ഞ് കൊടുക്കും. അത്ര വിശദമായി നമ്മളൊന്നും ചെയ്തിരുന്നില്ല. തന്റെ സിനിമ എങ്ങനെയായി തീരണം എന്ന് അദ്ദേഹത്തിന് കൃത്യമായ ധാരണയുണ്ട്. എല്ലാ കാര്യങ്ങള്‍ക്കും വളരെ ലളിതമായൊരു യുക്തിയുണ്ട് അദ്ദേഹത്തിന്. വളരെ വ്യക്തതയുണ്ടാകും പറയുന്ന കാര്യങ്ങള്‍ക്ക്. ഉദാഹരണത്തിന് വഴി ചോദിക്കുകയാണെന്ന് കരുതുക, വളരെ വ്യക്തമായി നമ്മളെ ബോധ്യപ്പെടുത്തും എങ്ങനെയാണ് വരേണ്ടത് എന്ന്. രണ്ടാമത് ഒരാളോട് ചോദിക്കേണ്ടിവരില്ല. നെടുമുടി വേണു, വിജയരാഘവന്‍, കെ.പി.എസി ലളിത ഇവരോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ പറഞ്ഞറിയിക്കാന്‍ കഴിയാത്ത സന്തോഷം ഉണ്ട്.

വി: ഡിഗ്രി പഠനക്കാലത്തെ മാര്‍ ഇവാനിയോസിലെ രാഷ്ട്രീയ, ചലച്ചിത്ര പ്രവര്‍ത്തനങ്ങള്‍?

ക്രി: മാര്‍ ഇവാനിയോസില്‍ ചേരുമ്പോഴും എന്റെ ഉള്ളില്‍ സിനിമ പഠിക്കണം എന്ന് തന്നെയായിരുന്നു. പക്ഷേ ഇന്‍സ്റ്റിറ്റ്യൂട്ടിനുള്ളില്‍ ചേരണമെങ്കില്‍ ഡിഗ്രി ആവശ്യമായിരുന്നു. അങ്ങനെയാണ് മാസ്സ് കമ്മ്യൂണിക്കേഷന്‍ തിരഞ്ഞെടുത്തത്. അധികം പേരും എഞ്ചിനീയറിംഗിന് പോകുന്ന സമയമായിരുന്നു, ഭയത്തോടെയാണ് അങ്ങോട്ടേക്ക് ചെന്നത്. പക്ഷേ ചെന്ന് കഴിഞ്ഞപ്പോള്‍, അവിടെ മാസത്തിലൊരിക്കല്‍ എങ്കിലും ഒരു ഫെസ്റ്റിവല്‍ ഉണ്ടാകും, പിന്നെ ഐ.എഫ്.എഫ്.കെ, ചലച്ചിത്ര അക്കാദമിയില്‍ പോയി ക്ലാസിക്കുകള്‍ കാണും. സിനിമയെപ്പറ്റി വ്യക്തമായൊരു ചിത്രം കിട്ടിയത് അവിടെനിന്നാണ്. ക്ലാസ്‌റൂമില്‍ ചലച്ചിത്രചരിത്രം പഠിപ്പിക്കുമ്പോള്‍ കേള്‍ക്കുന്ന ക്ലാസിക്കുകള്‍ എല്ലാം പോയി അക്കാദമിയില്‍ ചെന്ന് കാണും. ബര്‍ത്ത് ഓഫ് എ നേഷന്‍ പോലുള്ള സിനിമകളൊക്കെ കാണുന്നത് അങ്ങനെയാണ്.

വി: അക്കാദമിക്കായി ഫിലിം മേക്കിംഗ് പഠിക്കുക എന്നത് പൊതുവെ അത്ര സ്വീകാര്യമായ പാതയല്ലല്ലോ ? എതിര്‍പ്പുകള്‍ ഉണ്ടായിരുന്നോ?

ക്രി:സിനിമയിലേക്ക് പോകുന്നത് തന്നെ വലിയ താല്‍പ്പര്യമുള്ള കാര്യമല്ലായിരുന്നു വീട്ടുകാര്‍ക്ക്. എഞ്ചിനീയറിംഗിന് പോകണമെന്നായിരുന്നു എല്ലാവരുടേയും നിര്‍ബന്ധം. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പോകണം എന്ന് പറഞ്ഞപ്പോള്‍ എഞ്ചിനീയറിംഗ് കഴിഞ്ഞിട്ടു പോരേ എന്നായിരുന്നു എല്ലാവരുടേയും പ്രതികരണം. എനിക്ക് ആ സമയത്ത് സിനിമ തന്നെ മതിയായിരുന്നു.

വി: പൂനെയും അഡയാറും ആണല്ലോ മലയാളികള്‍ക്ക് പരിചിതമായ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍. S.R.F.T.I ല്‍ എങ്ങനെ എത്തിചേര്‍ന്നു?

ക്രി: കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള രണ്ട് സ്ഥാപനങ്ങളാണ് പൂനെ എഫ്ടിഐഐയും കൊല്‍ക്കത്തയിലെ സത്യജിത്ത് റായി ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടും. എനിക്ക് താല്‍പ്പര്യം കൊല്‍ക്കത്തയായിരുന്നു. ആദ്യ തവണ പ്രവേശനം ലഭിച്ചില്ല, രണ്ടാമതാണ് ലഭിച്ചത്. ഞങ്ങള്‍ ഫിലിമിലാണ് വര്‍ക്ക് ചെയ്യുന്നത്. നമ്മള്‍ ഫിലിം കാണുന്നുണ്ട്, ഫിലിമിനെപ്പറ്റി വായിക്കുന്നുണ്ട്, സംസാരിക്കുന്നുണ്ട്; പക്ഷേ physical ആയി ഫിലിമിനെ കാണുന്നത് അന്ന് എഡിറ്റിംഗ് റൂമില്‍ വച്ചാണ്. ഓരോ ഫ്രെയിമും 35mm ല്‍ കാണാന്‍ പറ്റും. Steembeck ല്‍ ഓരോ ഫ്രെയിമും നോക്കി മാര്‍ക്ക് ചെയ്ത്, കട്ട് ചെയ്ത് കട്ട് ചെയ്ത് എഡിറ്റ് ചെയ്യുന്നതൊക്കെ വളരെ വ്യത്യസ്തമായ അനുഭവം ആയിരുന്നു.

സിനിമയെപ്പറ്റി എല്ലാം അറിയാം എന്നുള്ള ധാരണയാണ് ഞാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പോയപ്പോള്‍ കൂടെ ഉണ്ടായിരുന്നത്, പക്ഷേ നാല് വര്‍ഷം കഴിഞ്ഞ് തിരികെ ഇറങ്ങിയപ്പോഴാണ് എത്രയോ കുറച്ച് മാത്രമേ നമ്മള്‍ക്ക് അറിയുമായിരുന്നുള്ളു എന്ന് മനസ്സിലാക്കിയത്. അത് തന്നെയാണ് ഏറ്റവും വലിയ മുതല്‍ക്കുട്ട്. എല്ലാ ദിവസവും ഫിലിം സ്‌ക്രീനിംഗ് ഉണ്ട്. ക്ലാസ് കഴിഞ്ഞ് വീണ്ടും സ്‌ക്രീനിംഗ് വരും. അക്ഷരാര്‍ത്ഥത്തില്‍ സിനിമയ്ക്കുള്ളിലാണ് ഞങ്ങള്‍ ജീവിച്ചത്. ആദ്യ വര്‍ഷം മുഴുവന്‍ സിനിമ കാണുക, വായിക്കുക എന്നതിന് വേണ്ടിയാണ് മാറ്റിവച്ചത്. രണ്ടാം വര്‍ഷം ആയപ്പോഴാണ് ചലച്ചിത്രനിര്‍മ്മാണം തുടങ്ങിയത്. ആദ്യം സിനിമ ചെയ്യുന്ന സമയത്ത് പ്രേക്ഷകന്റെ പ്രതികരണത്തെ പറ്റി എനിക്ക് യാതൊരു ഭയവുമില്ലായിരിന്നു, പിന്നീട് ആ നിലപാട് എങ്ങനെയൊക്കെയോ മാറിവന്നു.

വി: ടാഗോറിന്റെ വരികള്‍ മൂളാതെയും, സത്യജിത്ത് റേയെ ഓര്‍ക്കാതെയും ബംഗാളിയുടെ ഒരു ദിവസവും കടന്ന് പോകുന്നില്ല എന്ന് കേട്ടിട്ടുണ്ട്. ബംഗാള്‍ ജീവിതവും സാഹിത്യവും ചലച്ചിത്രവും ഒക്കെ സ്വാധീനിച്ചിരിന്നുവോ?

ക്രി: അവിടെ എത്തുന്നതുവരെ അങ്ങനെയൊരു ധാരണയായിരുന്നു എനിക്കും. മലയാളികള്‍ക്ക് കൊല്‍ക്കത്ത എന്ന് നഗരത്തിനോട് ഒരു പ്രത്യേക ഇഷ്ടമുണ്ട്. ഹൗറ ബ്രിഡ്ജും ടാക്‌സികളും റേയും ടാഗോറും ഒക്കെ ചേരുന്ന അവരുടെ സംസ്‌ക്കാരം അതിഗംഭീരമാണ്. പക്ഷെ പല പ്രശ്‌നങ്ങളും ഉണ്ട്. കടകളിലും ഓഫീസുകളിലും ഒക്കെ ചെന്ന് കഴിഞ്ഞാല്‍ നമ്മള്‍ക്ക് മനസ്സിലാകും ആ ബുദ്ധിമുട്ട്. അലസത വളരെയധികം കൂടുതലാണ്. ഉച്ചയാകുമ്പോള്‍ കട അടച്ച് കഴിഞ്ഞാല്‍ പിന്നെ ഉറക്കമൊക്കെ കഴിഞ്ഞ് വൈകിട്ടേ അവര്‍ കട തുറക്കുകയുള്ളു. അവര്‍ക്കങ്ങനെയൊരു മത്സരബുദ്ധിയേ ഇല്ല. സര്‍ക്കാര്‍ ഓഫീസുകളില്‍ മിക്കപ്പോഴും ആരും കാണില്ല. ഒരു ഗുണകരമായ കാര്യം അവര്‍ കുറച്ചുകൂടി വിശാലമനസ്‌ക്കരാണ്. സദാചാര പൊലീസിംഗ് ഒന്നും ഇല്ല. മറ്റൊരാളുടെ കാര്യത്തില്‍ ഇടപെടാന്‍ താത്പര്യപ്പെടില്ല. കേരളത്തെ അപേക്ഷിച്ച് സദാചാര കാര്യങ്ങളില്‍ അവര്‍ വളരെയധികം ഭേദമാണ്.

വി: കന്യകയോടുള്ള ക്രൈസ്തവ വിഭാഗത്തിന്റെ പ്രതികരണം എന്തായിരുന്നു?

ക്രി: ആര്‍ക്കും അങ്ങനെയൊരു എതിര്‍പ്പ് ഇല്ലായിരുന്നു. കോണ്‍വെന്റില്‍ പോയി ഒരുപാട് ഗവേഷണം ഒക്കെ നടത്തിയിട്ടായിരുന്നു ആ സിനിമ ചെയ്തത്. ചങ്ങനാശ്ശേരിയിലെ കോണ്‍വെന്റും വലിയ പള്ളിയുമൊക്കെ സന്ദര്‍ശിച്ചിരുന്നു. കന്യക അവരൊക്കെ പിന്നീട് കണ്ടിരുന്നു, അവരെല്ലാം വളരെ നല്ല അഭിപ്രായമാണ് പറഞ്ഞത്. പിന്നെ 'കന്യക' സംസാരിക്കുന്നത് വിവാദജനകമായ വിഷയം ഒന്നുമല്ലല്ലോ, എല്ലാവരുടെയും ഉള്ളിലുള്ള ലൗകികാസക്തിയെപ്പറ്റിയല്ലേ.

വി: കേന്ദ്ര കഥാപാത്രത്തിന്റെ ആദ്യരൂപം എവിടെ നിന്നാണ് ലഭിച്ചത്?

ക്രി: ആദ്യരൂപമൊന്നും ഇല്ലായിരുന്നു. പണ്ട് മുതല്‍ക്കെ കന്യാസ്ത്രീകളെപ്പറ്റി സിനിമ ചെയ്യണം എന്നുണ്ടായിരുന്നു. ചെറുപ്പത്തില്‍ കോണ്‍വെന്റിന്റെ ഉള്ളില്‍ നമ്മള്‍ക്ക് പോകാന്‍ കഴിയാത്ത പല സ്ഥലങ്ങളിലും സിസ്റ്റര്‍മാര്‍ക്ക് പോകാം. ഞാന്‍ അഞ്ചാംതരം വരെ കോണ്‍വെന്റിലാണ് പഠിച്ചത്. അപ്പോള്‍ മുതലുള്ള കൗതുകം ആകാം ഇത്തരത്തിലൊരു പ്രമേയം എടുക്കാന്‍ പ്രേരിപ്പിച്ചത്; പിന്നെ അവരുടെ ഫിലോസഫിയോട് എനിക്ക് താല്‍പ്പര്യം ഉണ്ടായിരുന്നു. അതായത്, എന്തിനാണ് ഈ ജീവിതസുഖങ്ങള്‍ എല്ലാമുപേക്ഷിച്ച് ജീവിതം നയിക്കുന്നതെന്ന് ഒക്കെ. ഡയറി ഓഫ് എ കണ്‍ട്രി പ്രീസ്റ്റ്, ബിയോണ്ട് ദ ഹില്‍സ് ഒക്കെ ഒരുപാട് ഇഷ്ടമുള്ള സിനിമകളായിരുന്നു. ആദ്യം എഴുതിയത് വിശ്വാസം നഷ്ടപ്പെട്ട ഒരു സിസ്റ്റര്‍ ശാരീരികമായി പീഢിപ്പിക്കുന്നതിനെപ്പറ്റി ആയിരുന്നു. പക്ഷേ യൂറോപ്യന്‍ സിനിമയുടെ സ്വാധീനം ഉണ്ട് എന്ന് എല്ലാവരും അഭിപ്രായപ്പെട്ടപ്പോള്‍ പിന്നീട് എഴുതിയതായിരുന്നു കന്യക.

വി: കന്യകയും, കാമുകിയും; രണ്ടു ചിത്രങ്ങളും സ്ത്രീകളുടെ കാഴ്ചപ്പാടുകളിലൂടെ ആണല്ലോ പുരോഗമിക്കുന്നത്. ശൈലിയിലെ ഈ ആവര്‍ത്തനം ബോധപൂര്‍വമാണോ?

ക്രി: ബോധപൂര്‍വമല്ല, അറിയാതെ സംഭവിക്കുന്നതാണ്. ഇപ്പോള്‍ ചെയ്യാനുദ്ദേശിക്കുന്ന സിനിമയും ഏകദേശം സ്ത്രീ കേന്ദ്രീകൃതമാണ്. പിന്നെ സ്ത്രീകള്‍ ഒരു കാര്യം പ്രകടിപ്പിക്കുന്നതിന് കുറച്ചുകൂടി സൗന്ദര്യം ഉണ്ടെന്ന് തോന്നാറുണ്ട്.

വി: ഡിജിറ്റല്‍ ഫിലിം മേക്കിംഗ് അക്ഷരാര്‍ത്ഥത്തിലൊരു വിപ്ലവം തന്നെയാണ് ചലച്ചിത്രലോകത്ത് സൃഷ്ടിച്ചത്. പക്ഷേ അവിടെയുമുണ്ട് പോരായ്മകള്‍. Digitization ന്റെ നേട്ടങ്ങളും കോട്ടങ്ങളും?

ക്രി: ആക്കും കടന്നുവരുന്ന ഒരു മേഖലയായി ചലച്ചിത്രമേഖല മാറി. ഒരുപാട് സ്വതന്ത്രസംവിധായകര്‍ ഉണ്ടായി. തീരെ നിസ്സാരമായ ചെലവില്‍ സിനിമ ചെയ്യാം അങ്ങനെ ഒരുപാട് ഗുണങ്ങളുണ്ടായി. പക്ഷേ സിനിമയോടുള്ള ഗൗരവമായ സമീപനം നഷ്ടമായിട്ടുണ്ട്. കുട്ടികള്‍ വരെ സിനിമ എടുക്കുന്നു. ഒന്ന് പറഞ്ഞ് രണ്ടിന് ഇപ്പോള്‍ യുവാക്കള്‍ സിനിമ ചെയ്യുന്നതിനെപ്പറ്റിയോ ഷോര്‍ട്ട് ഫിലിം ചെയ്യുന്നതിനെ പറ്റിയാണ് പറയുന്നത്. ഞങ്ങള്‍ പഠിക്കുന്ന സമയത്ത് ഇത്രയും എളുപ്പമായിരുന്നില്ല.

വി: 2015 ല്‍ പങ്കെടുത്ത സെര്‍ബിയ ക്യാമ്പിന്റെ ഓര്‍മ്മകള്‍?

ക്രി: ഒരുപാട് വ്യത്യാസങ്ങളും ഒരുപാട് വിയോജിപ്പുകളും ഒക്കെ ഉള്ള ഒരുപറ്റം ആളുകള്‍ ചേര്‍ന്ന് സിനിമയെടുക്കുന്ന ഒരനുഭവം ആയിരുന്നു അത്. ഇന്ത്യയില്‍ നിന്ന് രണ്ടുപേരായിരുന്നു. ഉണ്ടായിരുന്നത്. സെര്‍ബിയയുടെ ചരിത്രമൊക്കെ പരിശോധിച്ചപ്പോള്‍ യുദ്ധമാണ് അവരെ ഉലച്ചിരിക്കുന്നത് എന്ന് മനസ്സിലായി. പ്രമേയം അപ്പോള്‍ തന്നെ യുദ്ധസംബന്ധമായിരിക്കുമെന്ന് ഉറപ്പിച്ചു. സെര്‍ബിയയില്‍ നിന്ന് തന്നെ വന്നൊരാള്‍ രസകരമായ ഒരു ഡോക്യുമെന്ററി ചെയ്തിരുന്നു. മുതിര്‍ന്ന സ്ത്രീകള്‍ നടത്തുന്ന ക്വയര്‍ ഗ്രൂപ്പ് അവരുടെ പരദൂഷണങ്ങളും, ഏഷണികളും ഒക്കെ ഉള്‍പ്പെടുത്തി വളരെ ഹാസ്യാത്മകമായ ശൈലിയില്‍.

എന്റെ കാഴ്ചയും ആ നാട്ടിലെ ഒരാളുടെ കാഴ്ചയും തമ്മില്‍ എന്തുമാത്രം വ്യത്യാസമുണ്ട്. യുദ്ധത്തില്‍ നശിച്ച കെട്ടിടങ്ങള്‍ ഒക്കെ അങ്ങനെ തന്നെയാണിപ്പോഴും. ട്രെയിനുകളില്‍ ഒന്നും ആരുമില്ല. ഒരു കെട്ടിടത്തിന്റെ ഏറ്റവും മുകളിലായിരിക്കും ഭക്ഷണശാലയൊക്കെ. പോപ്പുലേഷന്‍ വളരെ കുറവാണ്. അതുപോലെ കുറ്റകൃത്യങ്ങളും കുറവാണ്, യൂറോപ്യന്‍ കള്‍ച്ചറുമായി യാതൊരു ബന്ധവുമില്ലാത്ത പോലെയാണ് അവിടെ. ഇനിയും പോകണമെന്നുണ്ട്.

വി: I.D.S.F.K ല്‍ നിന്ന് I.F.F.K ലേക്ക് ഒരു പ്രമോഷന്‍ ഉടന്‍ പ്രതീക്ഷിക്കാമോ?

ക്രി: ഉടന്‍ ഉണ്ടാകുമെന്ന് എനിക്ക് തോന്നുന്നില്ല. ആദ്യമായാണ് ഫീച്ചറിന് ശ്രമിക്കുന്നത്. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നിറങ്ങിയിട്ടും ഞാന്‍ പഠിച്ച് കൊണ്ടിരിക്കുകയാണ്. എഴുതിയ സ്‌ക്രിപ്റ്റില്‍ ഞാനിപ്പോള്‍ തൃപ്തനല്ല. ഒരുപാട് തവണ തിരുത്തി എഴുതികഴിഞ്ഞു; തിരക്കഥയില്‍ ആത്മവിശ്വാസമില്ലാതെ മുന്നോട്ട് പോയിട്ട് യാതൊരു കാര്യവുമില്ല. എഴുത്തില്‍ തൃപ്തനായി കഴിഞ്ഞാല്‍ പ്രീ-പ്രൊഡക്ഷനിലേക്ക് കടക്കാം എന്ന് കരുതുന്നു. കുട്ടനാടിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന സാര്‍വ്വകാലികപ്രസക്തിയുള്ള, വ്യക്തികേന്ദ്രീകൃതമായ കഥാശൈലി ആണ് ഉദ്ദേശിക്കുന്നത്. ആദ്യഘട്ടം പോലും കഴിഞ്ഞു എന്നെനിക്ക് ഇതുവരെ തോന്നിയിട്ടില്ല.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories