TopTop
Begin typing your search above and press return to search.

ക്രിസ്റ്റഫര്‍ ലീ; നമ്മുടെ ഉറക്കം കെടുത്തിയ പൊക്കമുള്ള ആ ഇരുണ്ട ഭീകരന്‍

ക്രിസ്റ്റഫര്‍ ലീ; നമ്മുടെ ഉറക്കം കെടുത്തിയ പൊക്കമുള്ള ആ ഇരുണ്ട ഭീകരന്‍

ആരോണ്‍ ഗ്രെഗ്ഗ്
(വാഷിംഗ്ടണ്‍ പോസ്റ്റ്)

നികൃഷ്ട രക്തദാഹിയായ ഡ്രാക്കുളയിലൂടെയും രൂപമാറ്റം വരുത്തിയ ജയിംസ് ബോണ്ടിലൂടെയും 'സ്റ്റാര്‍ വാഴ്‌സ്' 'ലോഡ് ഓഫ് ദ റിംഗ്‌സ്' തുടങ്ങിയ ചിത്രങ്ങളിലെ ശക്തമായ കഥാപാത്രങ്ങളിലൂടെയും ദൈര്‍ഘ്യമേറിയതും സമൃദ്ധവുമായ വില്ലന്‍ വേഷങ്ങളിലൂടെ കാണികളുടെ മനം കവര്‍ന്ന, മുഖഭാവം ഇരുണ്ടതെങ്കിലും ആഭിജാത്യപൂര്‍ണമായ പെരുമാറ്റത്തിന്റെ ഉടമയായിരുന്ന ക്രിസ്റ്റഫര്‍ ലീ ജൂണ്‍ ഏഴിന് ലണ്ടനിലെ ഒരു ആശുപത്രിയില്‍ അന്തഃരിച്ചു. അദ്ദേഹത്തിന് 93 വയസായിരുന്നു.

250 സിനിമകളിലും ഏഴ് ദശാബ്ദത്തോളം നീണ്ടു നിന്ന ടിവി പരിപാടികളിലുമായുള്ള അഭിനയ ജീവിതത്തില്‍ ദുഷ്ടകഥാപാത്രങ്ങളായിരുന്നു ലീയുടെ വഴിയില്‍ അധികവും വന്നത്. 'അവിശ്വസനീയമായതിനെ വിശ്വസനീയമാക്കാന്‍' 'ക്രൂര കഥാപാത്രങ്ങള്‍ക്ക് മനുഷ്യമുഖം നല്‍കാനാണ്' താന്‍ ശ്രമിച്ചതെന്ന് ലീ പറയും. തന്റെ ആറടി നാലിഞ്ച് ഉയരവും കുലീനമായ ശരീരഭാഷകളും കൊണ്ട് തിന്മയുടെ സ്ഫുടം ചെയ്തതും ചിലപ്പോഴൊക്കെ സൗമ്യവുമായ രേഖാചിത്രങ്ങള്‍ അദ്ദേഹം വരച്ചിട്ടു.

അദ്ദേഹത്തിന്റെ അഭിനയജീവിതം ആരംഭിക്കുന്നത് 1940കളിലാണ്. പക്ഷെ ഒരു ഇംഗ്ലീഷുകാരന്റെ വേഷം അസാധ്യമാക്കും വിധത്തില്‍ 'പൊക്കം കൂടിയ വിദേശ ഛായയുള്ള' ആളാണ് നിങ്ങള്‍ എന്നായിരുന്നു നടന്മാരെ തിരഞ്ഞെടുക്കുന്നവരുടെ പൊതു അഭിപ്രായം. അതിന്റെ ഫലമായി, 1948ലെ ലോറന്‍സ് ഒളീവിയറുടെ 'ഹാംലെറ്റ്' സിനിമയിലെ കുന്തക്കാരന്റെയും അക്കാലത്തെ വെള്ളിത്തിരയിലെ കുരുത്തംകെട്ടവന്മാരായ കടല്‍ക്കൊള്ളക്കാര്‍, സ്‌പെയിന്‍കാര്‍, അറബികള്‍ തുടങ്ങിയവരുടേയും പോലെയുള്ള ചെറുവേഷങ്ങള്‍ കെട്ടി കാലക്ഷേപം നടത്താന്‍ അദ്ദേഹം നിര്‍ബന്ധിതനായി.

ബീഭത്സ സിനിമകളില്‍, പ്രത്യേകിച്ചും ലൈംഗീക പിന്‍ബലത്തോടെ കാണികളില്‍ ഭീതി പരത്താന്‍ ശ്രമിച്ചിരുന്ന ബ്രിട്ടന്റെ ഹാമ്മര്‍ സിനിമകളില്‍ അദ്ദേഹം കൂടുതല്‍ തിളങ്ങാന്‍ തുടങ്ങി. കൂര്‍ത്തപല്ലോട് കൂടിയ, രക്തത്തിന്റെ രുചിയെ സ്‌നേഹിക്കുന്ന ട്രാന്‍സില്‍വാനിയയിലെ പ്രഭുവായുള്ള അദ്ദേഹത്തിന്റെ പകര്‍ന്നാട്ടം ജനം ഏറ്റെടുത്തു.1958ല്‍ ഇറങ്ങിയ 'ഹൊറര്‍ ഓഫ് ഡ്രാക്കുള' എന്ന ചിത്രത്തിന് പിന്നാലെ 'ഡ്രാക്കുള: പ്രിന്‍സ് ഓഫ് ഡാര്‍ക്ക്‌നസ്' (1966) പുറത്തിറങ്ങി. തുടര്‍ന്ന് 'ഡ്രാക്കുള ഹാസ് റൈസണ്‍ ഫ്രം ദ ഗ്രേവ്,' 'ടേസ്റ്റ് ദ ബ്ലഡ് ഓഫ് ഡ്രാക്കുള,' 'സ്‌കാര്‍സ് ഓഫ് ഡ്രാക്കുള,' 'ഡ്രാക്കുള എഡി 1972,' 'ദ സാന്റാനിക് വേഴ്‌സസ് ഓഫ് ഡ്രാക്കുള,' 'ഡ്രാക്കുള ആന്‍ഡ് സണ്‍' തുടങ്ങി ഒരുപിടി ചിത്രങ്ങളും.

പിന്നീട് അദ്ദേഹം ഫ്രാങ്കന്‍സ്റ്റൈന്റെ ജീവിയായും ('ദ കേഴ്‌സ് ഓഫ് ഫ്രാങ്കന്‍സ്റ്റൈന്‍', 1957) റസ്പുട്ടിനായും ('റസ്പുട്ടിന്‍: ദ മാഡ് മോംഗ്,' 1966) ദുഷ്ട ക്രിമിനലായ ഫാ മാഞ്ചുവായും ('ദ ഫേസ് ഓഫ് ഫാ മാഞ്ചു' എന്ന ചിത്രത്തില്‍ തുടങ്ങി 1960കളില്‍ പുറത്തിറങ്ങിയ ചിത്രങ്ങളുടെ പരമ്പര) രംഗത്തെത്തി.

എഡ്ഗാര്‍ അലന്‍ പോയുടെ 'ദ പിറ്റ് ആന്റ് ദ പെന്‍ഡുലത്തിന്റെ' വിദൂര ചലച്ചിത്ര അവലംബമായ 'ദ ടോര്‍ച്ചര്‍ ഓഫ് ഡോ. സാഡിസം' (1967), 'ദ ക്രീപ്പിംഗ് ഫ്‌ളഷ്' (1973) എന്നിവയായിരുന്നു അദ്ദേഹത്തിന്റെ മറ്റ് ചില ശ്രദ്ധേയമായ ചിത്രങ്ങള്‍. ഇതില്‍ പല ചിത്രങ്ങളിലും ഹാമ്മര്‍ ചിത്രങ്ങളിലെ അതികായനായിരുന്ന പീറ്റര്‍ കുഷിംഗ് സഹതാരമായിരുന്നു.

ഇടയ്ക്കിടെ മുഖ്യധാരയിലെ ഭാഗ്യങ്ങളും ലീയെ തേടിയെത്തി. ബില്ലി വൈല്‍ഡേഴ്‌സ് സംവിധാനം ചെയ്ത 'ദ പ്രൈവറ്റ് ലൈഫ് ഓഫ് ഷെര്‍ലക് ഹോംസില്‍' (1970) ഷെര്‍ലക് ഹോംസിന്റെ സഹോദരന്‍ മൈക്രോഫ്റ്റിന്റെയും 'ദ വിക്കര്‍ മാന്‍' (1973) എന്ന ചിത്രത്തിലെ അവിശ്വാസിയായ നേതാവ് ലോഡ് സമ്മേര്‍സിലിന്റെയും സംവിധായകന്‍ റിച്ചാര്‍ഡ് ലെസ്റ്ററുടെ 'ദ ത്രീ മസ്‌കിറ്റേഴ്‌സ്' (1973), 'ദ ഫോര്‍ മസ്‌കിറ്റേഴ്‌സ്' (1974), 'ദ റിട്ടേണ്‍ ഓഫ് ദ മസ്‌കിറ്റേഴ്‌സ്' (1989) എന്നീ ചിത്രങ്ങളിലെ ഒറ്റക്കണ്ണ് മൂടിയ കോംതെ ഡി റോക്ക്‌ഫോര്‍ട്ടിന്റേയും വേഷങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി.

'ദ മാന്‍ വിത്ത് ദ ഗോള്‍ഡണ്‍ ഗണ്‍' (1974) എന്ന ചിത്രത്തില്‍ റോജര്‍ മൂറിന് എതിരെ മൂന്ന് മുലക്കണ്ണുള്ള ഘാതകനായ സ്‌കാര്‍മാംഗയുടെ വേഷവും അദ്ദേഹത്തെ ശ്രദ്ധേയനാക്കി. 'ആഖ്യാനത്തെ ഭേദിക്കുന്ന അശുഭകരമായ ഓജസ്' എന്നാണ് ചിത്രത്തിലെ അദ്ദേഹത്തിന്റെയും ഹെര്‍വി വില്ലെചേയിസിന്റെയും സാന്നിധ്യത്തെ ന്യൂയോര്‍ക്ക് ടൈംസിന്റെ സിനിമ നിരൂപകയായ നോറ സായിറെ വിശേഷിപ്പിച്ചത്.

സ്റ്റീവന്‍ സ്പില്‍ബര്‍ഗിന്റെ യുദ്ധകാല ഹാസ്യചിത്രമായ '1941' (1979) എന്ന ചിത്രത്തില്‍ ജര്‍മ്മന്‍ പട്ടാള ഓഫീസറുടെ വേഷത്തില്‍ അദ്ദേഹം പ്രത്യക്ഷപ്പെട്ടു. 'സീരിയല്‍' (1980) എന്ന ചിത്രത്തിലെ സ്വവര്‍ഗ്ഗാനുരാഗ ബൈക്കര്‍ സംഘത്തിന്റെ നേതാവായ സ്‌കള്‍ എന്ന പേരില്‍ മറ്റൊരു ജീവിതം നയിക്കുന്ന ബിസിനസ്സ് എക്‌സിക്യൂട്ടീവിന്റെ വേഷം പ്രേക്ഷക പ്രശംസ പിടിച്ചുപറ്റി.

ചക്ക് നോറിസിന്റെ ആക്ഷന്‍ ചിത്രമായ 'ആന്‍ ഐ ഫോര്‍ ആന്‍ ഐ' (1981), എബിസി-ടിവി ചിത്രമായ 'ചാള്‍സ് ആന്റ് ഡയാന: എ റോയല്‍ ലൗ സ്‌റ്റോറി' (1982) തുടങ്ങിയ ജനറെ ചിത്രങ്ങളില്‍ അദ്ദേഹം മാറി മാറി പ്രത്യക്ഷപ്പെട്ടു. 'ചാള്‍സ് ആന്റ് ഡയാന: എ റോയല്‍ ലൗ സ്‌റ്റോറി' എന്ന ചിത്രത്തില്‍ ചാള്‍സ് രാജകുമാരനായി പ്രത്യക്ഷപ്പെട്ട അദ്ദേഹം, കഥാപാത്രത്തിന് 'ഒരു പ്രസന്ന പരിവേഷം' പ്രദാനം ചെയ്തതായി വാഷിംഗ്ടണ്‍ പോസ്റ്റിന്റെ ടിവി നിരൂപകന്‍ ടോം ഷാലെസ് പ്രകീര്‍ത്തിച്ചു.

'ഹൗളിംഗ് II: യുവര്‍ സിസ്റ്റര്‍ ഈസ് എ വെയര്‍വുള്‍ഫ്' (1985) എന്ന ചെറുകിട ചിത്രത്തില്‍ അഭിനയിച്ച അദ്ദേഹം അതിന് ശേഷം കുറച്ചു കൂടി വലിയ ചിത്രമായ ജോ ഡാന്റെയുടെ 'ജെര്‍മ്ലിന്‍സ് 2: ദ ന്യൂ ബാച്ച്' (1990) എന്ന ചിത്രത്തില്‍ ഡോക്ടര്‍ കാതേറ്റര്‍ എന്ന വേഷം ചെയ്തു.വര്‍ഷങ്ങള്‍ കടന്നു പോവുകയും അദ്ദേഹത്തിന്റെ തലമുറയിലുള്ള താരങ്ങളൊക്കെ റിട്ടയര്‍മെന്റ് പ്രഖ്യാപിക്കുകയും ചെയ്തപ്പോള്‍, താനൊരു 'പ്രവര്‍ത്തിക്കുന്ന നടനാണെന്നും' ഒരിക്കലും വിരമിക്കില്ലെന്നും ലീ പറഞ്ഞു. ഹാമര്‍ ഫിലിംസില്‍ നിന്നും പയറ്റിത്തെളിഞ്ഞ പിന്‍തലമുറയില്‍ പെട്ട സംവിധായകരായ സ്പില്‍ബര്‍ഗ്ഗും ജോര്‍ജ്ജ് ലൂക്കാസും ടിം ബര്‍ട്ടണുമൊക്കെ ലീയെ അഭിനയിപ്പിക്കാന്‍ അത്യുല്‍സുകരുമായിരുന്നു.

'സ്ലീപ്പി ഹാലോ' (1999) യിലെ ബര്‍ഗോമാസ്റ്റര്‍ ആയും 'ചാര്‍ളി ആന്റ് ദ ചോക്ലേറ്റ് ഫാക്ടറി' (2002) യിലെ വില്ലി വോംഗോയുടെ ദന്തിസ്റ്റായ പിതാവായും ബര്‍ട്ടണ്‍ അദ്ദേഹത്തെ അഭിനയിപ്പിച്ചു. 'എപ്പിസോഡ് II- അറ്റാക്ക് ഓഫ് ദ ക്ലോണ്‍സ്' (2002) എന്ന ചിത്രത്തോടെ ആരംഭിച്ച 'സ്റ്റാര്‍ വാര്‍സ്' പരമ്പരയില്‍ കൗണ്ട് ഡൂക്കിന്റെ വേഷം ചെയ്യാന്‍ ലൂക്കാസിന്റെ മനസില്‍ മറ്റാരും ഉണ്ടായിരുന്നില്ല. ഈ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ വന്ന പീറ്റര്‍ ജാക്‌സണിന്റെ സിനിമത്രയമായ 'ലോര്‍ഡ് ഓഫ് റിംഗ്‌സില്‍' ദുര്‍മന്ത്രവാദിയായ സരുമാന്റെ വേഷവും അദ്ദേഹത്തിന്റെ കൈയില്‍ ഭദ്രമായിരുന്നു.

1922 മേയ് 27ന് ലണ്ടനിലാണ് ക്രിസ്റ്റഫര്‍ ഫ്രാങ്ക് കാരന്‍ഡിനി ലീ ജനിച്ചത്. തന്റെ പിതാവ് ഒരു ബ്രിട്ടീഷ് ആര്‍മി കമാണ്ടറും അമ്മ ഇറ്റാലിയന്‍ പ്രഭ്വിയും ആയിരുന്നതായി അദ്ദേഹം പറഞ്ഞിട്ടുണ്ട്.

അമ്മയുടെയും രണ്ടാനച്ഛന്റെയും സംരക്ഷണയിലാണ് ലീ വളര്‍ന്നത്. രണ്ടാനച്ഛന്റെ അമിത മദ്യപാനം വലിയ സാമ്പത്തിക തിരിച്ചടികള്‍ക്ക് കാരണമായി. സ്‌കോളര്‍ഷിപ്പോടെ പഠിച്ച ലീ, പ്രാരംഭ വിദ്യാലയത്തില്‍ വച്ച് തന്നെ ക്ലാസിക്കുകളില്‍ അവഗാഹം നേടുകയും വിദ്യാര്‍ത്ഥി നാടക സംരംഭങ്ങളില്‍ പങ്കാളിയാവുകയും ചെയ്തു.

രണ്ടാം ലോക മഹായുദ്ധക്കാലത്ത് റോയല്‍ എയര്‍ ഫോഴ്‌സില്‍ പ്രവര്‍ത്തിച്ച അദ്ദേഹം അവരുടെ രഹസ്യാന്വേഷണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം താനൊരു ചാരനായിരുന്നു എന്ന വാര്‍ത്ത അദ്ദേഹം നിഷേധിച്ചു. ഇത് തെളിയിക്കുന്നതിനായി, തന്റെ മുഴുവന്‍ ഉയരവും പ്രദര്‍ശിപ്പിച്ചുകൊണ്ട് ഒരു ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകന്റെ മുന്നില്‍ നിവര്‍ന്ന് നിന്നിട്ട് അദ്ദേഹം ചോദിച്ചു, 'ഒരാള്‍ക്കൂട്ടത്തിനിടയില്‍ തിരിച്ചറിപ്പെടാത്തവിധം ഇഴുകിച്ചേരാന്‍ എനിക്ക് സാധിക്കുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?'

വ്യവസായവുമായി നല്ല ബന്ധങ്ങള്‍ ഉണ്ടായിരുന്ന ഒരു കസിന്‍ വഴിയാണ് യുദ്ധത്തിന് ശേഷം ലീ സിനിമ രംഗത്തേക്ക് പ്രവേശിച്ചത്.

1961ല്‍ ഡാനിഷ് ഫാഷന്‍ മോഡലായ ബ്രജിറ്റ് ക്രോണേക്കിനെ അദ്ദേഹം വിവാഹം കഴിച്ചു. അവര്‍ക്ക് ക്രിസ്റ്റീന എന്നൊരു മകള്‍ ഉണ്ട്. ഭാര്യയെ കൂടാതെ കുടുംബത്തില്‍ ആരൊക്കെയാണ് ഉള്ളതെന്ന വിവരങ്ങള്‍ ലഭ്യമല്ല.

നിരവധി പുതിയ സംരംഭങ്ങളില്‍ നിരന്തരം സഹകരിച്ച ലീ, തന്റെ ബഹുമുഖ പ്രതിഭ വെളിവാക്കി. ഇതെല്ലാം വിജയമായിരുന്നു എന്ന് പറയാനാവില്ല. 1998 ല്‍ പാകിസ്ഥാന്റെ രാഷ്ട്രപിതാവായ 'ജിന്നയെ' അവരിപ്പിച്ചതിന്റെ പേരില്‍ ആ രാജ്യത്ത് നിന്നും അദ്ദേഹം ഭ്രഷ്ടനാക്കപ്പെട്ടു; അദ്ദേഹം ബ്രിട്ടീഷ് ആയിരുന്ന എന്ന പേരില്‍ മാത്രമല്ല, ഭീകരസിനിമകളില്‍ അഭിനയിച്ചു എന്ന കാരണത്താലും പാകിസ്ഥാനില്‍ അക്രമാസക്തമായ കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു.സമീപകാലത്ത് ഒരു റാപ്‌സൊഡി ഓഫ് ഫയര്‍ എന്ന ഇറ്റാലിയന്‍ സംഗീത സംഘത്തോടൊപ്പം ചേര്‍ന്ന് അദ്ദേഹം 'മൈ വേ' എന്ന ഗാനത്തിന്റെ ഹെവി മെറ്റല്‍ പതിപ്പും മറ്റ് ചില ഗാനങ്ങളും പാടി. ക്രിസ്തുമസ് കരോളുകളുടെ ഓപ്പറ സംബന്ധിയായ ഹെവി മെറ്റല്‍ പതിപ്പുകള്‍ അടങ്ങുന്ന ഒരു ആല്‍ബവും പുറത്തിറക്കി.

'പൊക്കമുള്ള, ഇരുണ്ട ഭീകരന്‍' (1977) എന്ന പേരില്‍ ഓര്‍മ്മക്കുറിപ്പുകള്‍ പുറത്തിറക്കിയ അദ്ദേഹത്തിന് തന്റെ സുദീര്‍ഘമായ അഭിനയജീവിതവും കാരുണ്യ പ്രവര്‍ത്തനങ്ങളും മുന്‍നിറുത്തി 2009ല്‍ സര്‍ സ്ഥാനം നല്‍കി ആദരിച്ചു. ഏത് നിഗൂഢമായ വേഷങ്ങളും സ്വീകരിക്കാന്‍ തയ്യാറുള്ള സ്വന്തം മാനസികാവസ്ഥയെ കുറിച്ച് അദ്ദേഹം ചിലപ്പോഴെങ്കിലും സ്വയം കളിയാക്കി.

1978ല്‍ അദ്ദേഹം 'സാറ്റര്‍ഡേ ലൈവ് നൈറ്റ്' എന്ന ടിവി പരിപാടിയില്‍ അതിഥിയായി പ്രത്യക്ഷപ്പെട്ടെങ്കിലും സിനിമയിലേക്ക് ആകര്‍ഷിക്കപ്പെടുന്നതിനെ കുറിച്ചുള്ള ആ പരിപാടിയില്‍ നിന്നും അദ്ദേഹത്തിന് തന്നെ പിന്മാറേണ്ടി വന്നു. ആ പരിപാടിയുടെ തലക്കെട്ടുകളില്‍ ചിലത്: 'ദ ക്രീച്ചര്‍ ഫ്രം ബ്ലാക് സ്റ്റഡീസ് പ്രോഗ്രാംസ്,' 'ഡോ, ടെറെഴ്‌സ് ഹൗസ് ഓഫ് പാന്‍കേക്ക്‌സ്' 'ദ ഐലന്റ് ഓഫ് ലോസ്റ്റ് ലാംഗ്വേജ്'.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Next Story

Related Stories