TopTop
Begin typing your search above and press return to search.

അക്രമത്തിന് മാന്യത നല്‍കുന്ന ജനപ്രിയസംസ്കാരം; സി ഐ എ റിപ്പോര്‍ട്ട് തുറന്നുവിടുന്ന ചിന്തകള്‍

അക്രമത്തിന് മാന്യത നല്‍കുന്ന  ജനപ്രിയസംസ്കാരം; സി ഐ എ റിപ്പോര്‍ട്ട് തുറന്നുവിടുന്ന ചിന്തകള്‍

അലീസ റോസന്‍ബര്‍ഗ്
(വാഷിംഗ്ടണ്‍ പോസ്റ്റ്)


അമേരിക്കന്‍ സെനറ്റിന്റെ ഇന്‍റെലിജന്‍സ് സമിതി പുറത്തുവിട്ട സി ഐ എ പീഡനങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്, ലൈംഗികപീഡനങ്ങള്‍ എന്നു വിളിക്കാവുന്നവയെ വരെ ന്യായീകരിക്കുന്ന തരത്തില്‍ യു എസ് അധികൃതര്‍ എത്തിയതെങ്ങിനെ എന്നതിലേക്ക് നിരവധി ഉത്തരങ്ങള്‍ തുറന്നുതരുന്നുണ്ട്. അതില്‍ പ്രധാനപ്പെട്ടത്, സാധാരണവും കാര്യക്ഷമവും എന്ന രീതിയില്‍ പീഡനത്തെയും മറ്റ് ബലപ്രയോഗത്തിലൂടെയുള്ള ചോദ്യം ചെയ്യലിനെയും അവതരിപ്പിക്കുന്ന ജനപ്രിയ സംസ്കാരമാണ്.

വാഷിംഗ്ടണ്‍ പോസ്റ്റില്‍ കാതെറിന്‍ റോംപെല്‍ തന്റെ പംക്തിയില്‍ എഴുതിയതുപോലെ,“ഇതുപോലെ അനുസ്യൂതം കാണിക്കുന്ന, പൊതുജന താത്പര്യത്തിന് തീര്‍ത്തും എതിരായതുമായ ആവര്‍ത്തിച്ചു പഴകിയ മറ്റൊരു ടെലിവിഷന്‍ പ്രമേയം കാണില്ല. സങ്കല്‍പ്പത്തിലെ എപ്പോഴും മിടിക്കുന്ന ആ ടൈംബോംബുകളെപ്പോലെ, ജീവിതത്തിന്റെയും മരണത്തിന്റെയും കാര്യമെന്ന നിലക്ക് പീഡനവും നിറയുകയാണ്.”

പക്ഷേ ജനപ്രിയ സംസ്കാരം (Pop Culture) പീഡനത്തെ കൈകാര്യം ചെയ്യുന്നത് നോക്കിയാല്‍ ഒരു വൈരുദ്ധ്യം ഉരുത്തിരിയുന്നത് കാണാം. “ഉദാരവാദികളും മുഖ്യധാരാ മാധ്യമ വരേണ്യരും, ടി വി, ചലച്ചിത്രങ്ങള്‍, ഹിംസാത്മകമായ വീഡിയോ ഗെയിമുകള്‍, എന്നിവ മാനസികാസ്വസ്ഥ്യമുള്ളവരെ പ്രതികൂലമായി ബാധിക്കുമെന്ന നിരീക്ഷണത്തെ പുച്ഛിച്ചു തള്ളുന്നു. എന്നാല്‍ ‘Will&Grace’,‘Modern Family’ പോലുള്ള പരിപാടികള്‍ അടുത്തിടെയായി അമേരിക്കക്കാരെ സ്വവര്‍ഗാനുരാഗാനുകൂലികളാക്കി എന്നും പറയുന്നു,” പീഡന റിപ്പോര്‍ട് പുറത്തുവന്നതിനുശേഷം മാറ്റ് കെ ലൂയിസ് എഴുതി. “ഇപ്പോള്‍ ‘24’ പോലുള്ള പരിപാടികള്‍ പീഡനത്തെ സ്വാഭാവികവത്കരിച്ചതിനുള്ള സാധ്യതയോര്‍ത്ത് പലരും ഖേദിക്കുന്നുണ്ടാകും.”ഇതൊരു വൈരുദ്ധ്യമാണെങ്കിലും കാണുന്നത് പോലെ അത്ര പ്രകടമല്ല അത്. പീഡനവും, വിവേചനരഹിതമായി വെടിയുതിര്‍ത്തു ആളുകളെ കൊല്ലുന്നതും സാധാരണമാണ് എന്നു ജനപ്രിയ സംസ്കാരം നമ്മെ പരിശീലിപ്പിച്ചേക്കാം. പക്ഷേ ഇതിലൊന്ന് മാത്രമേ സാമാന്യവും കാര്യക്ഷമവുമായി കാണിക്കാറുള്ളൂ. പീഡകര്‍ തന്നെയാണ് നമ്മുടെ സുരക്ഷക്കായി സ്വന്തം ധാര്‍മിക വിശുദ്ധി ബലികഴിക്കുന്ന നായകന്മാരായി ചിത്രീകരിക്കപ്പെടുന്നത്.

ടെലിവിഷന്‍ നിരൂപകന്‍ എറിക് ഡെഗ്ഗന്‍സിനോട് സംസാരിക്കവേ എഫ് ബി ഐ പരിശീലകന്‍ ജോ നെവാറോ പറഞ്ഞത്,“സൌമ്യമായ തന്ത്രങ്ങള്‍ മിക്കപ്പോഴും ടി വി പൊലീസ് പരിപാടികളും, ചാരസിനിമകളും കണ്ടുശീലിച്ച പരിശീലനാര്‍ത്ഥികളില്‍ അത്ഭുതമുണ്ടാക്കുന്നു,” എന്നാണ്. “പരസ്പരധാരണ ഉണ്ടാക്കല്‍, സൌഹൃദം സ്ഥാപിക്കല്‍, ഭക്ഷണം പങ്കിടല്‍ എന്നിവയെക്കുറിച്ചൊക്കെ ഞങ്ങള്‍ സംസാരിക്കുമ്പോള്‍ ചില ചെറുപ്പക്കാരൊക്കെ ശരിക്കും അമ്പരക്കുന്നുണ്ട്.” സെപ്റ്റംബര്‍ 11-നു ശേഷം ചില ചോദ്യം ചെയ്യല്‍ വിദഗ്ദ്ധരായ സഹപ്രവര്‍ത്തകര്‍, ഭീകരവാദികളെന്ന് സംശയിച്ചവരെ ചോദ്യം ചെയ്യാന്‍ മറ്റ് ചിലര്‍ ഉപയോഗിച്ച രീതികളെക്കുറിച്ച് ചോദിച്ചപ്പോള്‍ സമാനമായ രീതികള്‍ ചില ടി വി പരിപാടികളില്‍ കണ്ടിട്ടുണ്ട് എന്നായിരുന്നത്രെ മറുപടി. “അവര്‍ ഞെട്ടിപ്പോയി. കാരണം അത്രയേറെ, നൂറുകണക്കിനു മണിക്കൂറുകളാണ് അവര്‍ ടെലിവിഷന്‍ കണ്ടിട്ടുള്ളത്.”

എന്തായാലും, ടെലിവിഷന്‍ കണ്ടതിന് ശേഷം അവര്‍ തങ്ങള്‍ക്ക് അസ്വസ്ഥതയുണ്ടാക്കുന്ന അയല്‍ക്കാരെയോ, മേലധികാരികളെയോ കെട്ടിയിട്ടു ഭീഷണിപ്പെടുത്തുകയോ, ചെറുപ്പക്കാരെ സ്വയം പ്രഖ്യാപിത സേനയാക്കുകയോ ചെയ്തിട്ടില്ല. പീഡനം ഒരു ബഹുമാന്യ തന്ത്രമാണെന്നും, ഒരിക്കല്‍ ആ വെണ്ണപ്പാളി വിഭാഗത്തിലെത്തിപ്പെട്ടാല്‍ തങ്ങളും പ്രയോഗിക്കേണ്ടതാണെന്ന ബോധവും അത് അവരിലുണ്ടാക്കി. യുണൈറ്റഡ് സ്റ്റേറ്റ്സിനെ മറ്റ് രാഷ്ട്രങ്ങളില്‍ നിന്നും വേര്‍തിരിക്കുന്നുണ്ടെന്ന് പറയുന്ന ആ മൂല്യങ്ങളെ നിരാകരിച്ചുകൊണ്ടു തങ്ങള്‍ക്ക് അമേരിക്കക്കാരെ സംരക്ഷിക്കാം എന്ന് ഈ ജനപ്രിയ സംസ്കാരം അവരെ വിശ്വസിപ്പിച്ചു. ഇനിയിപ്പോള്‍ പീഡനം ഫലപ്രദമാണെങ്കില്‍ക്കൂടി, അതങ്ങനെയല്ലെങ്കിലും, ഇതൊരു അപകടകരമായ വിലപേശലാണ്. ഒരു നുണയുടെ മുകളിലാണ് ഈ ധാരണയുണ്ടാക്കുന്നതെന്ന് വന്നാല്‍ അത് കൂടുതല്‍ വൃത്തികെട്ടതാകുന്നു.

ആള്‍ക്കൂട്ട അക്രമം ജനപ്രിയ സംസ്കാരത്തില്‍ പൊതുവാണ്. പക്ഷേ അത് ബഹുമാന്യവും, സാധാരണവുമാണെന്ന് വരുന്നത് ഒരേ കാര്യമല്ല. ‘Sons of Anarchy’ ആറാം ഭാഗം തുടങ്ങിയത് ഒരു വിദ്യാലയത്തിലെ വെടിവെപ്പ് കാണിച്ചിട്ടാകുമ്പോള്‍ നാം ഞെട്ടണം എന്നാണ് വെപ്പ്. ഒരു കത്തി മാത്രം കയ്യിലുള്ള ജെയിംസ് ബോണ്ടിനെ തോക്ക് കയ്യിലുള്ള, എന്തും ചെയ്യാന്‍ മടിക്കാത്ത വില്ലന്‍ നേരിടുമ്പോള്‍ എന്തു സംഭവിക്കുമെന്ന ആകാംക്ഷയിലാകണം നമ്മള്‍. ആക്രമികളുടെ മനസിലേക്കും കണ്ണിലേക്കും നമ്മെ കൊണ്ടുപോകുന്ന കഥകള്‍ ശക്തമാകുന്നത് അത് ഒരു തരത്തില്‍ മൂല്യബോധങ്ങളെ ഉല്ലംഘിക്കുന്നതുകൊണ്ടാണ്, അല്ലാതെ അത് സാധാരണ കാര്യമായി മാറിയതുകൊണ്ടല്ല. ഭാവിയിലെ വിദ്യാലയത്തിലെ വെടിവെപ്പുകാരുമായി ഒരു വൈകുന്നേരം ഗാസ് വാന്‍ സാന്റ്സിന്റെ ‘Elephant’-ല്‍ കൂട്ടിമുട്ടുന്നതോ , അല്ലെങ്കില്‍ ‘Counter-strike’ കളിക്കുമ്പോള്‍ ഭീകരവാദികളും സൈനികരും തമ്മിലുള്ള ഏകവ്യത്യാസം രണ്ടു നിറങ്ങളിലുള്ള സംഘങ്ങള്‍ എന്നു നടിക്കുന്നതോ ഒക്കെ കേമമായിരിക്കാം.

ചിലപ്പോള്‍ ചില അസ്വസ്ഥരായ വ്യക്തികള്‍ ഇത്തരം ഉല്ലംഘനങ്ങളോടുള്ള പ്രണയം അങ്ങേയറ്റത്തേക്കു കൊണ്ടുപോയേക്കാം. പക്ഷേ,‘Breaking Bad’-ലെ വാല്‍റ്റര്‍ വൈറ്റും ഗുണ്ടാത്തലവന്‍ ടോണി സോപാര്‍നോയും ആരാധനാപാത്രങ്ങളായി കാണുന്ന നിരവധി പേര്‍, ആവേശമുള്‍ക്കൊണ്ട് സ്വന്തം ഭാര്യയെ ബലാത്സംഗം ചെയ്യുന്നവരോ, ശരിക്കുള്ള ജീവിതത്തിലെ ശത്രുക്കളെ കൊള്ളുന്നവരോ അല്ല. കലയുടെ അങ്ങേയറ്റത്തെ അര്‍ത്ഥം കാണുന്നവരല്ല എന്നെ ആശങ്കപ്പെടുത്തുന്നത്. മറിച്ച് നമ്മളില്‍ ഭൂരിപക്ഷം പേരും ജനപ്രിയ കഥകളുടെ ഉപരിതലത്തില്‍നിന്നും എന്താണ് ഉള്‍ക്കൊള്ളുന്നത് എന്നാണ്. നമ്മള്‍ ആയുധം കയ്യിലെടുത്തേക്കില്ല. പക്ഷേ, നമ്മുടെ പേരില്‍ മറ്റുള്ളവരെ ഇതൊക്കെ ചെയ്യാന്‍ സംസ്കാരം പ്രോത്സാഹിപ്പിക്കുന്നത് തികച്ചും അപകടകരമാണ്.Next Story

Related Stories