Top

മിസ് കേരള ഇനി നായിക; നൂറിന്‍ ഷെറീന്‍/അഭിമുഖം

മിസ് കേരള ഇനി നായിക; നൂറിന്‍ ഷെറീന്‍/അഭിമുഖം
ആദ്യ രണ്ടു ചിത്രങ്ങളുടെ വിജയങ്ങള്‍ക്കു പിന്നാലെ മൂന്നാമതും ഒരു പരീക്ഷണ ചിത്രത്തിന് ഒരുങ്ങുകയാണ് ഒമര്‍ ലുലു. പൂര്‍ണമായും നവാഗതരെ ഉള്‍പ്പെടുത്തി അണിയിച്ചൊരുകുന്ന 'ഒരു അഡാര്‍ ലൗ' എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ അഞ്ച് നായികമാരില്‍ ഒരാളായി എത്തുന്നത് മിസ് കേരള നൂറിന്‍ ഷെറീന്‍ ആണ്. ചിത്രീകരണം തുടങ്ങാന്‍ ഇരിക്കുന്ന അഡാര്‍ ലൗ സിനിമയുടെ വിശേഷങ്ങളുമായി നൂറിന്‍ ഷെറീന്‍. അനു ചന്ദ്ര നൂറിനുമായി നടത്തുന്ന അഭിമുഖം.


അഡാര്‍ ലൗവിലേക്ക് എങ്ങനെയാണ് നായികയായി എത്തുന്നത്?
ഒമര്‍ ലുലു സംവിധാനം ചെയ്ത ചങ്ക്‌സ് എന്ന സിനിമയുമായുടെ ഓഡീഷനില്‍ പങ്കെടുത്തിരുന്നു. സെലക്ഷന്‍ കിട്ടി. ചങ്ക്‌സില്‍ ചെറിയൊരു വേഷമായിരുന്നു. ബാലു വര്‍ഗീസ് ചെയ്ത കഥാപാത്രത്തിന്റെ സഹോദരി ആയി. ഇതിനുശേഷം അഡാര്‍ ലൗവിലും ചെറിയൊരു ട്രയല്‍ ഓഡീഷനില്‍ പങ്കെടുത്തിരുന്നു. അങ്ങനെയാണ് അഡാര്‍ ലൗവിലെ നായക കഥാപാത്രമായി തെരഞ്ഞെടുക്കപ്പെടുന്നത്.

അഡാര്‍ ലൗവിലെ കഥാപാത്രത്തെ കുറിച്ച്?
അഡാര്‍ ലൗ പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ കഥ പറയുന്ന സിനിമയാണ്. ഒരു വിദ്യാര്‍ത്ഥിയുടെ വേഷമാണ് എനിക്ക്. ഒരുപാട് വെറൈറ്റിസ് വരുത്തേണ്ട കാര്യമില്ലെന്ന് ഒമര്‍ക്ക ആദ്യമേ പറഞ്ഞിരുന്നു. പിന്നെ ഏതൊരു അഭിനേതാവിന്റെയും ഉള്ളിലെ കഴിവിനെ നന്നായി പുറത്തോട്ട് കൊണ്ട് വരാന്‍ ഒമറിക്കക്ക് അറിയാം. അത് കൊണ്ട് വലിയ തോതിലുള്ള ആശങ്കകള്‍ ഒന്നുമില്ല.

സിനിമ തന്നെയായിരുന്നോ സ്വപ്നം?
അതേ. നാലു വര്‍ഷം ക്ലാസിക്കല്‍ ഡാന്‍സ് പഡിച്ചിട്ടുണ്ട്. വെസ്‌റ്റേണും ചെയ്യുന്നുണ്ട്. അതിന്റെ കൂടെ മോഡലിംഗ്, ആല്‍ബം എല്ലാം ചെയ്യുന്നുണ്ട്.മിസ് കേരളയായിരുന്നു നൂറിന്‍. ആ നേട്ടത്തെക്കുറിച്ച്?
എന്റെ നാട് കൊല്ലമാണ്. ഞാന്‍ 2016-17 സമയത്ത് മിസ് കൊല്ലം ആയിരുന്നു. അത് കഴിഞ്ഞു കൃത്യം ഒരു വര്‍ഷം കഴിഞ്ഞപ്പോഴാണ് മിസ് കേരളയുടെ കോംപറ്റീഷന്‍ വരുന്നതും പങ്കെടുക്കുന്നതും. മോഡലിംഗ് ചെയ്യുന്നുണ്ട് ആ സമയത്ത്. മോഡലിംഗില്‍ താത്പര്യമുണ്ടായിരുന്നുവെങ്കിലും സിനിമ തന്നെയായിരുന്നു ആഗ്രഹം. മോഡലിംഗ് വഴി കുറച്ച് ബന്ധങ്ങളൊക്കെ ഉണ്ടായിരുന്നു. അതുവഴിയാണ് ചില സുഹൃത്തുക്കള്‍ മിസ് കേരള കോംപറ്റീഷനില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെടുന്നത്. അങ്ങനെയാണ് പങ്കെടുക്കുന്നതും, വിജയിക്കുന്നതും.

കുടുംബത്തിന്റെ പിന്തുണ, ആരാണ് നൂറിനെ ഏറ്റവും അധികം പ്രോത്സാഹിപ്പിക്കുന്നത്?
അഭിനയത്തിലായാലും, മോഡലിംഗില്‍ ആയാലും ഏറ്റവും അധികം സപ്പോര്‍ട്ട് ചെയുന്നത് എന്റെ ഉമ്മയാണ്. ഉമ്മയ്ക്ക് ഇതിനോടെല്ലാം നല്ല താല്പര്യമുള്ള വ്യക്തിയാണ്. ഉമ്മയെയൊന്നും ആരും പിന്തുണയ്ക്കാനോ പ്രോത്സാഹിപ്പിക്കാനോ ഇല്ലാതെ പോയെന്നു പറയാറുണ്ട്. എനിക്ക് വേണ്ടി ഇപ്പോള്‍ ഉമ്മ സമയം മാറ്റി വെക്കുന്ന പോലെ ഉമ്മയ്ക്കു പുറകില്‍ നില്‍ക്കാന്‍ ആരും ഇല്ലാതെ പോയി. എന്റെ ഏറ്റവും വലിയ ഭാഗ്യവും അനുഗ്രഹവും എന്റെ മാതാപിതാക്കള്‍ തന്നെയാണ്‌. മുന്നോട്ടുള്ള എന്റെ യാത്രയുടെ കരുത്തും അവരാണ്.

ആദ്യ സിനിമ ചങ്ക്‌സ്, പിന്നീട് അഡാര്‍ ലൗ. ഒരു സംവിധായകന്റെ തന്നെ രണ്ടു സിനിമകള്‍. ഒമര്‍ ലുലു എന്ന വ്യക്തിയെ കുറിച്ച് എന്ത് പറയുന്നു?
ഡയറക്ടര്‍ എന്നതില്‍ നിന്നു മാറ്റി നിര്‍ത്തിയാല്‍ ഒമര്‍ക്ക എന്ന വ്യക്തി ഒരു സഹോദരനെ പോലെ കൂടെ നിന്ന് കൊണ്ട് നമ്മളെ നന്നായി കെയര്‍ ചെയ്യുന്നയാളാണ്. ഒരു തുടക്കക്കാരി എന്ന നിലയില്‍ അഭിനയത്തെ കുറിച്ച് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എല്ലാം നമുക്ക് വ്യക്തമാക്കി തരും. എങ്ങനെ എക്‌സ്‌പ്രെസ് ചെയ്താല്‍ ക്യാമറയില്‍ നന്നായി കിട്ടും തുടങ്ങിയ കാര്യങ്ങള്‍ ഒക്കെ പറഞ്ഞു തരാറുണ്ട്. പിന്നെ ഞാന്‍ മുന്‍പൊക്കെ ഡബ്‌സ്മാഷ് ചെയ്യുമായിരുന്നു. അതില്‍ ഒമര്‍ക്കയുടെ തന്നെ ഹാപ്പി വെഡിങ്ങിലെ ഡബ്‌സ്മാഷ് ചെയ്ത് അത് ഹിറ്റായി മാറിയിരുന്നു. അന്ന് സര്‍ അത് ഷെയര്‍ ചെയ്തപ്പോള്‍ നല്ല സന്തോഷം തോന്നിയിരുന്നു.

നൂറിനെ വ്യക്തിപരമായി ഒന്നു പരിച്ചപ്പെടുത്താമോ?
ഇന്റഗ്രേറ്റഡ് എംബിഎ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്. ഉമ്മ ഫാഷന്‍ ഡിസൈനര്‍ ആണ്. ഡി ഫോര്‍ ഡാന്‍സ് പോലുള്ള ഷോയില്‍ ഒക്കെ ഉമ്മയാണ് കോസ്റ്റ്യും ഡിസൈന്‍ ചെയുന്നത്. ഉപ്പ സൗദിയില്‍ ആണ്. എനിക്കൊരു സഹോദരിയുണ്ട്. ഞങ്ങളുടേത് ഒരു ചെറിയ കുടുംബമാണ്; സന്തുഷ്ട കുടുംബം.

Next Story

Related Stories