Top

അച്ഛന്‍ സംവിധാനം, മകള്‍ നായിക; ഒരു പത്തനംതിട്ടക്കാരന്‍ മലപ്പുറത്തിന്റെ പന്ത് കഥ പറഞ്ഞതിന് പിന്നിലെ കൊച്ചുവലിയ കാര്യങ്ങള്‍: ആദി/അഭിമുഖം

അച്ഛന്‍ സംവിധാനം, മകള്‍ നായിക; ഒരു പത്തനംതിട്ടക്കാരന്‍ മലപ്പുറത്തിന്റെ പന്ത് കഥ പറഞ്ഞതിന് പിന്നിലെ കൊച്ചുവലിയ കാര്യങ്ങള്‍: ആദി/അഭിമുഖം
ആദി രചനയും സംവിധാനവും നിര്‍വഹിച്ചു തിയറ്ററിലെത്തിയ പുതിയ ചിത്രമാണ് പന്ത്. ഫുട്‌ബോളിൽ കമ്പമുള്ള എട്ട് വയസുകാരിയായ മുസ്‌ലിം പെണ്‍കുട്ടിയും അവളുടെ ഉമ്മൂമ്മയും തമ്മിലുള്ള ആത്മബന്ധത്തിന്‍റെ കഥ പറയുന്ന പന്തിൽ 2016ൽ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ അബനി ആദിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റ കൂടുതൽ വിശേഷങ്ങൾ പങ്കു വെക്കുകയാണ് സംവിധായകൻ ആദി മാധ്യമപ്രവർത്തക അനു ചന്ദ്രയുമായി.


പന്തിനെ സ്നേഹിച്ച മലബാർ കഥാപാത്രം ആമിന, പത്തനംതിട്ടക്കാരൻ ആദിയിൽ എത്തുന്നത് എങ്ങനെ?

ഞാൻ ജനിച്ചതും വളർന്നതും മലബാറിലാണ്. മലപ്പുറത്ത് മൂക്കുതല എന്ന ഗ്രാമത്തിലാണ് ഞാൻ വളർന്നത്. അതായത് ചങ്ങരംകുളം ഭാഗത്ത്. എന്റെ അച്ഛനും അമ്മയും അധ്യാപകർ ആയിരുന്നു. രണ്ട് പേരും മലപ്പുറത്ത് ജോലി ചെയുന്ന കാലത്ത് ആണ് ഞാൻ അവിടത്തുകാരൻ ആകുന്നത്. അതിന് ശേഷം ഞാൻ പത്തിൽ പടിക്കുമ്പോളാണ് തെക്കൻ കേരളത്തിലേക്ക് പോരുന്നത്. സിനിമയിൽ കാണുന്ന കഥാപാത്രത്തിന്റർ അത്ര ഇല്ലെങ്കിലും അതുപോലൊരു കഥാപാത്രം അതായത് ആമിനയെ പോലൊരു കഥാപാത്രം എന്റെ കുട്ടിക്കാലത്തു എനിക്ക് പരിചയം ഉള്ളതാണ്. എന്റെ കൂടെ കളിച്ചു വളർന്ന അങ്ങനൊരു കഥാപാത്രം ആണ് ഇപ്പോൾ ഇങ്ങനെ സിനിമയിൽ വരുന്നതും.

സിനിമയുടെ രചനയും താങ്കൾ തന്നെയാണ്. ആ നിലക്ക് മലബാർ ഭാഷ എത്രത്തോളം കൊണ്ട് വരാൻ സാധിച്ചു?

ഒരു പത്തു പതിനഞ്ചു വയസ് വരെ നമ്മൾ ജനിച്ചു വളർന്ന നാടെന്നു പറയുമ്പോൾ ഇപ്പോഴും ആ നാട്ടിൽ പോയി ഒരു പത്തു മിനിറ്റ് നിന്നാൽ ഞാൻ ആ ഒരു നാട്ടിലെ ഭാഷയിലേക്ക് എത്തും. അത് സ്വാഭാവികമായും സംഭവിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ രചനയിൽ പരമാവധി നീതി പുലർത്താൻ സാധിച്ചിട്ടുണ്ട്.പിന്നെ കണ്ടവർ ഒക്കെ വളരെ പോസിറ്റിവ് ആയാണ് അഭിപ്രായം പറയുന്നത്. അത് വലിയ സന്തോഷം ആയിരുന്നു.

സ്റ്റേറ്റ് അവാർഡ് വിന്നർ അബനിയിലേക്ക് എങ്ങനെയാണ് ആമിന എത്തുന്നത്?

അബനി എന്റെ മകളാണ്. അവൾ കുറെ പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. 2016ൽ കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയിലോ എന്ന സിനിമയിലൂടെ സ്റ്റേറ്റ് അവാർഡ് കിട്ടി. പിന്നെ ആമിന എന്ന കഥാപാത്രം ചെയ്യാൻ അബനി കൃത്യമാണെന്നു തോന്നിയപ്പോൾ ആണ് അത് ചെയ്യിപ്പിച്ചത്.

ഒരച്ഛന് സംവിധായകൻ എന്ന നിലയിൽ മകളിലെ അഭിനയത്രിയെ കൈകാര്യം ചെയ്യുക എന്നത് എളുപ്പമാണോ?


പ്രൊഫഷണലി അച്ഛനും മകളും എന്നില്ല. സ്റ്റേറ്റ് അവാർഡ് കിട്ടിയ ഒരു പ്രൊഫഷണൽ ആർട്ടിസ്റ്റ് ആണ് അബനി. അതുകൊണ്ട് തന്നെ വളരെ പേടിയോട് കൂടി, വളരെ ബഹുമാനത്തോട് കൂടി മാത്രമേ അവളെ സമീപിക്കാൻ പറ്റുകയുള്ളു. സിനിമ കണ്ടിറങ്ങിയവർ എല്ലാം നല്ല ഒരു ആർട്ടിസ്റ്റ് ആണ് അവൾ എന്നാണ് പറയുന്നത്. അതൊക്കെ കേൾക്കുമ്പോൾ ചില സമയങ്ങളിൽ നമ്മുടെ ഉള്ളിലെ അച്ഛൻ പുറത്തു വരും.

Read More: പന്തിനെ സ്നേഹിച്ച പെൺകുട്ടി; മലപ്പുറത്തെ സംബന്ധിച്ചു ഇതൊരു കെട്ടുകഥയല്ലസമകാലീന ലോകത്തിന്റെ സാമൂഹിക പരിതരാവസ്ഥകൾ ഒക്കെ അടയാളപ്പെടുത്താൻ ഉള്ള ശ്രമവും ഈ സിനിമയിൽ നടന്നിട്ടില്ലെ?


തീർച്ചയായും. ചുറ്റുപാടുകളെ തൊട്ട് തൊട്ടാണ് കഥ പോയിരിക്കുന്നത്. അല്ലാതെ ഒന്നിനെയും വിസ്തരിച്ചു പറയാൻ ശ്രമിച്ചിട്ടില്ല. അത് ചിലരിലേക്ക് എത്തും, ചിലരിലേക്ക് എത്തില്ല. ശാഖയുടെ ട്രൗസർ ഉപയോഗിച്ച കൂട്ടുകാരനെ കണ്ടിട്ട് പോലീസ് ആവാൻ പോവുകയാണോ എന്ന് ആമിന ചോദിക്കുന്നത് വളരെ കൂൾ ആയിട്ടാണ് അല്ലെങ്കിൽ കൗതുകത്തോടെ ആണ്. അതിനുശേഷം ഒരു കളി റഫറി ആകുമ്പോൾ അവന്‍ അതേ ട്രൗസർ ഉപയോഗിക്കുന്ന സാഹചര്യത്തിൽ അത് കുട്ടികൾക്കുള്ള ട്രൗസർ മാത്രമാണ്‌ എന്നാണ് അവൾ തിരിച്ചറിയുന്നത്.

ഏറനാടൻ ഗ്രാമങ്ങളുടെ പ്രത്യേകത ഏതെല്ലാം തരത്തിൽ സിനിമയിൽ കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്?

ശരിക്കും ഈ സിനിമയിലെ പ്രധാന കഥാപാത്രം ഒരു ഗ്രാമമാണ്. അവിടെ ഉള്ള വളരെ സാധാരണരായ കഥാപാത്രങ്ങളെയെ നമ്മൾ ഈ ഗ്രാമത്തിൽ കാണിക്കുന്നുള്ളൂ. നമ്മൾ എല്ലാവരും ഒരു ഫുട്‌ബോൾ പോലെയാണ്. പലരും അങ്ങോട്ട് അടിക്കുന്നു, ഇങ്ങോട്ട് അടിക്കുന്നു ചിലപ്പോൾ പന്ത് മുകളിലേക്കു എത്തും അല്ലെങ്കിൽ ഗോൾ പോസ്റ്റിന് പുറത്തേക്ക് പോകും. ജീവിതവും അതുപോലെ തന്നെയാണ്. അതാണ് ആ സിനിമയിലൂടെ പറയുന്നതും.

ആമിനയും, വല്യമ്മുമായും തമ്മിലുള്ള ബന്ധത്തെ പോലെ ചില ബന്ധങ്ങൾ ജീവിതത്തിലും കണ്ടിട്ടില്ലേ?

തീർച്ചയായും. ഞാൻ പഠിക്കുന്ന കാലത്ത് ട്യൂഷന് ഒന്നും പോകാതെ വീട്ടിൽ ഒളിച്ചിരിക്കും. അച്ഛനും, അമ്മയും അധ്യാപകർ ആയിരുന്നെങ്കിലും ഞാൻ പഠിക്കുന്ന കാര്യത്തിൽ വളരെ പുറകിൽ ആയിരുന്നു. പ്രത്യേകിച്ച് ഇംഗ്ലീഷിൽ. ആ സമയത്തു ഞാൻ ഒളിച്ചിരിക്കുക വീടിനടുത്തുള്ള ഒരു വെള്ളരി തൊട്ടത്തിലാണ്. അവിടെ കൃഷി ഒക്കെ ചെയുന്ന ഒരു ഉമ്മൂമ്മ ഉണ്ട്. അവർ എനിക്ക് ഈ വെള്ളരി ചെത്തി കഴിക്കാൻ തരും. അവരുമായി അത്തരം ഒരു നല്ല ബന്ധം ഉണ്ടായിരുന്നു. ആ സമയത്തു കണ്ട സൂര്യൻ അസ്തമിക്കുന്ന കാഴ്ചകളൊക്കെ ഇപ്പൊഴും മനസിലുണ്ട്. ഫോട്ടോഗ്രഫിക്ക് ഒക്കെ പ്രചോദനം ആയത് പോലും ആ തരം ഓർമ്മകൾ ആണ്.

പന്ത് ആദ്യ സിനിമയാണോ?

പരസ്യങ്ങൾ ആണ് ആദ്യം ചെയ്തത്. അതിന് ശേഷം പ്രണയകഥ എന്ന ഒരു ചെറിയ സിനിമ ചെയ്തു. പിന്നെയാണ് പന്ത് ചെയ്യുന്നത്.

Next Story

Related Stories