TopTop
Begin typing your search above and press return to search.

ആട് 2: ജയസൂര്യ ഒരു 'ഭീകര'ജീവിയാണ്; ഇനിയും അവഗണിക്കാന്‍ പറ്റില്ല

ആട് 2: ജയസൂര്യ ഒരു ഭീകരജീവിയാണ്; ഇനിയും അവഗണിക്കാന്‍ പറ്റില്ല

തിയേറ്ററുകളില്‍ പരാജയപ്പെടുകയും ടോറന്റില്‍ ഹിറ്റ് ആവുകയും ചെയ്ത സിനിമകളുടെ കൂട്ടത്തില്‍പ്പെട്ടതാണ് 'ആട് ഒരു ഭീകര ജീവി'. ഷാജി പാപ്പനും അറക്കല്‍ അബുവും പിങ്കിയും സാത്താന്‍ സേവ്യറും സര്‍ബത്ത് ഷമീറുമൊക്കെ പിന്നീട് പുതുതലമുറ കൊണ്ടാടിയ കഥാപാത്രങ്ങളാണ്. ഓണ്‍ലൈന്‍ സിനിമ ചര്‍ച്ചകളെ നന്നായി ആഘോഷമാക്കിയ സിനിമയായി ആട് മാറി. ആ ധൈര്യം കൂടിയാണ് മിഥുന്‍ മാനുവല്‍ ജോസിനെ ആട് 2 വിനെ ഒരു ഉത്സവകാല സിനിമയാക്കി റിലീസ് ചെയ്യാന്‍ പ്രേരിപ്പിച്ചിട്ടുണ്ടാവുക. എന്തായാലും ഈ അവധിക്കാലത്ത് ഒരു വിഭാഗം പ്രേക്ഷകര്‍ ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്ന സിനിമ ആട് 2 തന്നെയാണ്. സാധാരണ ഉത്സവകാലത്ത് ദിലീപ് ''കോമഡി'' സിനിമകള്‍ ഉണ്ടാകാറുള്ള പ്രതീക്ഷയുടെ ഗ്യാപ്പിലേക്കു കൂടിയാണ് ആട് 2 റിലീസ് ആകുന്നത്.

പ്രതീക്ഷയുടെ ഭാരത്തില്‍ നിന്ന് സംവിധായകന്‍ സ്വതന്ത്രനാവാന്‍ തുടക്കത്തില്‍ തന്നെ ശ്രമിക്കുന്നുണ്ട്. പ്രതീക്ഷകള്‍ വളരെ വലുതാണെന്നും പരമാവധി ശ്രമിച്ചിട്ടുണ്ടെന്നുമുള്ള മുന്‍കൂര്‍ ജാമ്യവുമുണ്ട്. പഴയതിനേക്കാള്‍ വലിയ പ്രശ്‌നങ്ങളും പ്രാരാബ്ധങ്ങളുമായി ഷാജി പാപ്പനും പിള്ളേരും വരുന്നത് തന്നെയാണ് സിനിമയുടെ തുടക്കം. അറക്കല്‍ അബുവും ക്യാപ്റ്റന്‍ ക്ലീറ്റസും ഒക്കെ പഴയ പോലെ തന്നെ പാപ്പന്റെ കൂടെയുണ്ട്. പണ്ടത്തെ നേതാവ് ശശി ഇന്ന് മന്ത്രിയാണ്. നീലക്കൊടുവേലി തേടി നടന്നിരുന്ന ഡ്യൂഡ് മറ്റൊരു സാഹസിക മിഷനിലാണ്. സര്‍ബത്ത് ഷമീര്‍ തൊപ്പി പോയിട്ടും സ്‌റ്റേഷനില്‍ ഉണ്ട്. അന്തഃര്‍ദേശിയ സ്മഗ്ലിംഗ് ഡീലുമായി സാത്താന്‍ സേവ്യറും വരുന്നുണ്ട്. പിങ്കിക്കും ഇവര്‍ക്കും ഒപ്പം കുറച്ചു പുതിയ കഥാപാത്രങ്ങള്‍ കൂടി ആട് 2 വില്‍ ഉണ്ട്. ഷാജി പാപ്പന്റെയും പിള്ളേരുടെയും നിലനില്‍പ്പിനായുള്ള ശ്രമങ്ങളും പണമുണ്ടാക്കാന്‍ മേല്‍പറഞ്ഞ കഥാപാത്രങ്ങള്‍ എല്ലാം തന്നെ പോകുന്ന വിചിത്ര വഴികളും പറ്റുന്ന അബദ്ധങ്ങളും ഒക്കെയാണ് ആടിനെ മുന്നോട്ട് നയിക്കുന്നത്. ഇടയ്ക്ക് നോട്ട് നിരോധനവും ഇവര്‍ക്കിടയില്‍ വില്ലനായി വരുന്നു. സിനിമ കാണാന്‍ പോകുന്നവര്‍ ആട് ഒരു ഭീകര ജീവിയാണ് കണ്ട ശേഷം പോകുന്നതാണ് നല്ലത്. പല കഥാസന്ദര്‍ഭങ്ങളും സാഹചര്യങ്ങളും അതിന്റെ തുടര്‍ച്ചയില്‍ സംഭവിക്കുന്നതാണ്.

ഒരു കാര്‍ട്ടൂണോ കാരികേച്ചറോ കാണും പോലെ ഈ സിനിമ പോയി കാണാന്‍ ആണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. പൂര്‍ണമായും അത്തരത്തില്‍ ഒരു ആസ്വാദനം തന്നെയാണ് ആട് 2 ആവശ്യപ്പെടുന്നത്. ഒരു ചിത്രകഥയില്‍ നിന്നെന്ന പോലെ വന്നു രസിപ്പിക്കുന്ന കുറെ കഥാപാത്രങ്ങള്‍ തന്നെയാണ് സിനിമയില്‍ ഉടനീളം ഉള്ളത്. ഭദ്രമായ ഒരു തിരക്കഥയുടെ കെട്ടുറപ്പ് അത് കൊണ്ട് തന്നെ സിനിമക്കില്ല. അത് അവരുടെ അവകാശവാദവുമല്ല. കുറെ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍, അവരുടെ മണ്ടത്തരങ്ങള്‍ ഒക്കെ കൂടി ഒരു രണ്ടര മണിക്കൂര്‍ ചിരിയാണ് സിനിമ വാഗ്ദാനം ചെയ്യുന്നത്. ആ വാഗ്ദാനം ടാര്‍ഗെറ്റ്ഡ് ഓഡിയന്‍സിന്‌ ഒരു പരിധി വരെ നിറവേറ്റി തരുന്നുമുണ്ട് ആട്. ഒരു കാര്യം പറയാതെ വയ്യ, പ്രേക്ഷകര്‍ എന്ത് പ്രതീക്ഷിച്ചു വന്നോ അത് നല്‍കാന്‍ സാധിച്ച ഒരു സിനിമയാണ് ആട്. ഒരു ആരാധക സംഘടനയുടെയും താരാഘോഷത്തിന്റെയും പിന്‍ബലത്തില്‍ അല്ല കാണികള്‍ ആടിന് കയറിയത്. ഒരു ദൗത്യത്തിന്റെയും ഭാഗമായല്ല അവര്‍ ഈ സിനിമ കണ്ടു കയ്യടിച്ചതും.ആട് സിനിമാ ആരാധകര്‍ എന്ത് പ്രതീക്ഷിച്ചോ അത് നല്‍കിയാണ് സിനിമ തീരുന്നത്. ഈ അര്‍ത്ഥത്തില്‍ ആട് ഒരു പോപ്പുലര്‍ സിനിമയാകുന്നു. പണം നല്‍കി കയ്യടികള്‍ അധികമായി കണ്ടു ശീലിച്ച സമകാലിക മലയാള സിനിമക്ക് ഈ സിനിമ നല്ല ഒരു ഉദാഹരണമാണ്.

ആടിന്റെ ആദ്യ ഭാഗത്ത് ഷാജി പാപ്പനൊപ്പം നിന്ന കഥാപാത്രങ്ങളായിരുന്നു സാത്താന്‍ സേവ്യറും ഡ്യൂഡും അബുവുമൊക്കെ. രണ്ടാം ഭാഗത്തെത്തുമ്പോള്‍ ഷാജി പാപ്പന്‍ എന്ന ഹീറോയ്ക്ക് ചുറ്റും ആണ് സിനിമ കേന്ദ്രീകരിക്കുന്നത്. ഒരര്‍ത്ഥത്തില്‍ നോക്കിയാല്‍ അത് അത്ര പോസറ്റീവ് ആയ കാഴ്ച അല്ല. സാത്താന്‍ സേവ്യര്‍ ഒക്കെ രണ്ടാം ഭാഗത്തില്‍ ഒതുങ്ങി പോയ കഥാപാത്രമായത് അത്തരം ഒരു പ്രവണത കൊണ്ടാണ്. പക്ഷെ ജയസൂര്യ എന്ന നടന്റെ കരിയര്‍ ഗ്രാഫിനെ ശ്രദ്ധിക്കാതെ കടന്നു പോകാന്‍ ഇനി അധികകാലം മലയാള സിനിമക്കാവില്ല. വളരെ കഷ്ട്ടപ്പെട്ടു പൊരുതി തന്നെ അയാള്‍ സ്വന്തം ഇടം ഉറപ്പിക്കുന്നുണ്ട്. പരാജയങ്ങള്‍ അയാളെ പിന്മടക്കുന്നില്ല. പുണ്യാളന്റേയും ആടിന്റേയും ആദ്യ ഭാഗങ്ങളില്‍ നിന്നും രണ്ടാം ഭാഗത്തേക്ക് എത്തുമ്പോള്‍ ഒരു നടന്‍ എന്ന രീതിയിലും ഒരു പരിധി വരെ താരം എന്ന രീതിയിലും ജയസൂര്യ നല്ലോണം വളര്‍ന്നിട്ടുണ്ട്. വളരെ ലഘുവായി ആത്മവിശ്വാസത്തോടെ അയാള്‍ ഷാജി പാപ്പനെ സ്‌ക്രീനില്‍ എത്തിക്കുന്നു. ഒരു താരമാകാനും നടനാകാനും ഒരുപോലെ ശ്രമിക്കുന്ന പുതുതലമുറയിലെ ഏറ്റവും ശക്തനായ പ്രതിനിധിയായി അയാള്‍ മലയാള സിനിമയില്‍ വളര്‍ന്നു കൊണ്ടിരിക്കുകയാണ്. ശരീരം കൊണ്ടും മറ്റും അയാള്‍ നടത്തുന്ന അമിത പരീക്ഷണങ്ങള്‍ക്കപ്പുറം അയാള്‍ സ്വന്തം ഇടത്തെ അടയാളപ്പെടുത്തുന്നുണ്ട്. ആദ്യ സിനിമ ഇറങ്ങും മുന്നേ സൂപ്പര്‍ സ്റ്റാര്‍ ആയ താരപുത്രന്‍ ആയല്ലായിരുന്നു അയാളുടെ വളര്‍ച്ച. ഓരോ ഇഞ്ചും പൊരുതിയാണ് അയാള്‍ വളരെ പതുക്കെ സ്വന്തം ഇടത്തിലേക്കെത്തിയത്.

എപ്പോഴും തോറ്റു കൊണ്ടേ ഇരിക്കുന്ന നായകന്‍ ആണ് ഷാജി പാപ്പന്‍. ജീവിതം തന്നെ അയാള്‍ക്കും കൂട്ടുകാര്‍ക്കും ഒരു തോല്‍വിയില്‍ നിന്ന് മറ്റൊരു തോല്‍വിയിലേക്കുള്ള യാത്രയാണ്. സിനിമയിലുള്ള എല്ലാ കഥാപാത്രങ്ങള്‍ക്കും അത് അങ്ങനെയാണ്. അത്തരം കഥാപാത്രങ്ങള്‍ മലയാള സിനിമയില്‍ എക്കാലവും പ്രിയപ്പെട്ടതാണ്. ദാസനും വിജയനും സി ഐ ഡി മൂസയും ഒക്കെ ഉദാഹരണങ്ങള്‍ ആണ്. ഈ സിനിമയിലെ നായകന്മാര്‍ക്കുള്ള അപ്രമാദിത്വം ഒന്നും ഷാജി പാപ്പന് ഇല്ല. അയാള്‍ സ്ലോമോഷനില്‍ ഇടിക്കാന്‍ വരും നടു ഉളുക്കി വീഴും. ഇത് കൗതുകമുണ്ടാക്കുന്ന കാഴ്ചയാണ്. നടുവേദന കൊണ്ട് പൊരുതി മുട്ടുന്ന നായകന്‍, കനിവും ആര്‍ദ്രതതയും കൊണ്ട് കരയുന്ന അയാളുടെ കൂട്ടുകാരന്‍ ഒക്കെ ഇപ്പോള്‍ അപൂര്‍വമായ ഒരു ഹാസ്യ ഫോര്‍മാറ്റ് ആണ്. തിരക്കഥ കൃത്യമായി പിന്തുടര്‍ച്ചകള്‍ ഇല്ലാതെ എഴുതിയത് കൊണ്ടാണോ എന്നറിയില്ല, അബുവും സേവ്യറും ഡ്യൂഡും ഒന്നും മികച്ച തുടക്കത്തിനപ്പുറം രണ്ടാം പകുതിയില്‍ സിനിമക്ക് വലിയ സംഭാവനകള്‍ നല്‍കാതെ പോയി. നല്ല തുടക്കത്തനപ്പുറം അവരെ പൂര്‍ണമായും വിനിയോഗിച്ചില്ല. അവരുടെ സാധ്യതകള്‍ വലുതാക്കുന്ന സമയം കൂടി ഷാജി പാപ്പന് നല്‍കി ആട്. പിങ്കിയാടും സിനിമയില്‍ കാര്യമായി ഉണ്ടായില്ല. ആടിന്റെ ഒന്നാം ഭാഗം രസിക്കാത്തവര്‍ക്ക്, കാണാത്തവര്‍ക്ക് ഒരിക്കലും ഈ സിനിമയെ പിന്തുടരാനാവില്ല. അങ്ങനെ ഒറ്റയ്ക്ക് നില്‍ക്കുന്ന സിനിമയും അല്ല ഇത്.

തോറ്റു കൊണ്ട് കള്‍ട്ട് കാരക്ടര്‍ ആയ ഷാജി പാപ്പനെ എന്തായാലും ഭൂരിഭാഗം പ്രേക്ഷകര്‍ നല്ല രീതിയില്‍ തന്നെയാണ് സ്വീകരിക്കുന്നത്. ഇത്തരം ചെറിയ പോപ്പുലര്‍ സിനിമകള്‍ ആണ് ശരിക്കും പോപ്പുലര്‍ സിനിമ വ്യവസായത്തെ കൂടുതല്‍ ചടുലവും ആത്മവിശ്വാസമുള്ളതും ആക്കുന്നതും.


Next Story

Related Stories