TopTop
Begin typing your search above and press return to search.

ഒരു ജനത നേരിട്ട സോഷ്യല്‍ ബോയ്ക്കോട്ടിംഗിന്റെ പിന്നാലെ ഞങ്ങള്‍ പോയി, റിയാലിറ്റി ഞെട്ടിക്കുന്നതായിരുന്നു: വൈറസിനെ കുറിച്ച് ആഷിക് അബു/അഭിമുഖം

ഒരു ജനത നേരിട്ട സോഷ്യല്‍ ബോയ്ക്കോട്ടിംഗിന്റെ പിന്നാലെ ഞങ്ങള്‍ പോയി, റിയാലിറ്റി ഞെട്ടിക്കുന്നതായിരുന്നു: വൈറസിനെ കുറിച്ച് ആഷിക് അബു/അഭിമുഖം

മലയാളത്തിൽ നവയുഗ സിനിമകളുടെ പിറവിക്ക്‌ തുടക്കം ഇട്ടവരിൽ പ്രധാനി ആണ്‌ ആഷിക് അബു. സാൾട്ട് & പെപ്പറിലൂടെ മലയാളിയുടെ അന്നുവരെയുള്ള സിനിമ കാഴ്ചപ്പാടുകളെ പൊളിച്ചടുക്കിയ അദ്ദേഹം പിന്നീട്‌ വന്ന തന്റെ സിനിമകളിലൂടെ പുതിയ ഒരു ആസ്വാദന രീതി തന്നെ മലയാളികൾക്ക് പരിചയപ്പെടുത്തി. ബുദ്ധി കൊണ്ട്‌ മാത്രമല്ല ഹൃദയം കൊണ്ടുകൂടിയാണ് സിനിമയെ മനസ്സിലാക്കേണ്ടത്‌ എന്ന്‌ ബോധ്യപ്പെടുത്തി.തന്റെ നിലപാടുകൾ ശക്തമായി രേഖപ്പെടുത്തിയപ്പോഴൊക്കെ കടുത്ത വിമർശനങ്ങളും സൈബർ ആക്രമണങ്ങൾക്കും ഒപ്പം ആഷിക് അബുവിന്‌ നേരിടേണ്ടി വന്നത്‌ തന്റെ സിനിമകൾക്ക്‌ എതിരേ കൂട്ടം ചേർന്ന് ചിലർ നടത്തിയ കുപ്രചരണങ്ങൾ കൂടിയാണ്. പക്ഷേ അതിനെയെല്ലാം അതിജീവിച്ചു ആഷിക് അബുവിന്റെ സിനിമകൾ പിന്നെയും കേരളത്തിലെ തീയേറ്ററുകളിൽ നിറഞ്ഞോടി. ഒരിടവേളയ്ക്ക് ശേഷം തന്റെ പുതിയ ചിത്രം ഒരുക്കാൻ അദ്ദേഹം തീരുമാനിച്ചപ്പോൾ വിഷയം ആക്കിയത് കേരളം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളില്‍ ഒന്നായ നിപ്പാ വൈറസിന്റെ പിടിയിൽ അകപെട്ടവരുടെയും അതിൽ നിന്ന്‌ ആ നാടിനെ തിരിച്ചു പിടിക്കാൻ ഒറ്റക്കെട്ടായി നിന്ന കുറേ പേരുടെയും പോരാട്ടത്തിന്റെ കഥയെ ആണ്‌. വൈറസിന്റെയും തന്റെയും വിശേഷങ്ങൾ നമ്മളോട്‌ പങ്കുവയ്ക്കുകയാണ് ആഷിക് അബു.

എപ്പോഴാണ് നിപ്പയെ പറ്റി സിനിമ ചെയ്യണം എന്ന്‌ തീരുമാനിച്ചത്‌?

അത്‌ ആ ഔട്ട്ബ്രേക്കിന്റെ സമയത്ത് തന്നെ തീരുമാനിച്ചതാണ്. നാട്ടിൽ മൊത്തം അതിന്റെ ഭീതീ ജനങ്ങൾക്കിടയിൽ പരന്ന സമയത്താണ് ഐഡിയ തോന്നുന്നതും അത്‌ മുഹ്സിനുമായി പങ്കുവയ്ക്കുന്നതും.

മുഹ്‌സിന്റെ ഒരു കസിൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ വർക് ചെയ്യുന്നുണ്ടായിരുന്നു. പുള്ളിയും പുള്ളീടെ ഒരു സുഹൃത്തായ മറ്റൊരു ഡോക്ടറും കൂടി പറഞ്ഞ് തന്ന വിവരങ്ങളിൽ നിന്നാണ്‌ ഞങ്ങൾ ഇത്‌ സ്റ്റാർട്ട് ചെയ്യുന്നത്.

ഇത്തരം ഒരു വിഷയം സിനിമ ആക്കുന്നത് ശരിക്കും വെല്ലുവിളി ആയിരുന്നില്ലേ?

തീർച്ചയായിട്ടും വെല്ലുവിളി തന്നെയായിരുന്നു. കാരണം ഇത്‌ ബാധിച്ച ആൾക്കാരെ ഒന്നും വിഷമിപ്പിക്കാത്ത രീതിയിൽ വേണം കഥ പറയാൻ. അങ്ങനെ ഒരുപാട്‌ കാര്യങ്ങൾ ശ്രദ്ധിച്ച് വേണമായിരുന്നു എല്ലാ നീക്കങ്ങളും.

അടുത്തകാലത്ത് മലയാള സിനിമ കണ്ട എറ്റവും വലിയ താരനിര ആണ്‌ വയറസിലേത്. അത്തരത്തിലൊരു കാസ്റ്റിംഗിലേക്ക് എത്തിയതിന്‌ പിന്നിൽ?

എല്ലാ കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെടുന്ന അഭിനേതാക്കൾ തന്നെ അവതരിപ്പിക്കണം എന്നുണ്ടായിരുന്നു ഞങ്ങൾക്ക്‌. അങ്ങനെ സംഭവിച്ചതായിരുന്നു ഈ കാസ്റ്റിംഗ്. ഇത്രയും ആളുകളെ ഒരുമിച്ചു കൂട്ടുക എന്ന്‌ പറയുന്നത്‌ തന്നെ വലിയ ഒരു ജോലി ആണ്‌. അവരുടെ ഒരു സഹകരണം പൂർണ്ണമനസ്സോടെ ഇല്ലെങ്കിൽ ഇത്‌ സാധിക്കുമായിരുന്നില്ല. വൈറസിൽ അഭിനയിച്ച എല്ലാ തിരക്കുള്ള നടീനടന്മാരും വലിയ രീതിയിൽ ഈ വിഷയത്തോട് സഹകരിച്ചിട്ടുണ്ട്.

ഇത്രയും വലിയ ഒരു താരനിര ഉണ്ടായിട്ടുകൂടി വൈറസ് നിങ്ങൾ മാർക്കറ്റ് ചെയ്‌തത്‌ നിപ്പ എന്ന വിഷയം വച്ച് മാത്രമാണ്‌. എന്തുകൊണ്ടാണ്‌ അത്തരമൊരു മാർക്കറ്റിംഗ് സ്ട്രാറ്റജി സ്വീകരിച്ചത്?

ഈ കഥയിൽ വന്നു പോകുന്ന കഥാപാത്രങ്ങൾ എല്ലാവരും തന്നെ നിപ്പയുടെ സമയത്ത് വലിയ പങ്ക്‌ വഹിച്ച വ്യക്തിളെ ആധാരമാക്കിയാണ് എഴുതി തയാറാക്കിയത്. അത്രത്തോളം പ്രാധാന്യം അവർക്കെല്ലാവർക്കും ഈ കഥയിൽ ഉണ്ട്‌. ഇതിലെ അഭിനേതാക്കൾ മാത്രമല്ല, രാജീവ് രവി, ഷൈജു ഖാലിദ്‌ പോലുള്ള കുറേ പേർ ക്യാമറയുടെ പുറകിലുണ്ടായിരുന്നു. അവരെ സംബന്ധിച്ചിടത്തോളം നമ്മുടെ നാട്ടിൽ നടന്ന ഈ കാര്യത്തിന്റെ പ്രാധാന്യം എന്താണ്‌, ഇതിനെ തടഞ്ഞു നിർത്തിയ കാര്യങ്ങൾ എന്താണ്‌, എന്തൊക്കെ ആയിരുന്നു ഇതിന്റെ കുഴപ്പങ്ങൾ എന്നുള്ളൊതൊക്കെ വളരെ പെട്ടെന്ന് മനസ്സിലായി എന്നുള്ളതാണ്. അത്‌ തന്നെയായിരുന്നു എല്ലാരുടെയും സ്പിരിറ്റ്. പിന്നെ ഒരുപാട്‌ താരങ്ങൾ ഉള്ളത്‌ കൊണ്ട് ആരെയാണ് മാർക്കറ്റ്‌ ചെയ്യേണ്ടത് എന്നറിയില്ല. എല്ലാവർക്കും ഒരുപോലെ പ്രാധാന്യം ഉണ്ട്‌. ഇതിനകത്ത് അഭിനയിച്ച അവരാരും തന്നെ വലിയ താരങ്ങൾ ആണെന്ന രീതിയിലല്ല ഈ സിനിമയിൽ പ്രവർത്തിച്ചത്‌ അവരെല്ലാവരും തന്നെ ഈ വിഷയത്തിന്റെ ഗൗരവം ഉൾകൊണ്ട്, ഇത്തരം ഒരു സിനിമ സംഭവിക്കേണ്ടതാണ് എന്ന രീതിയിൽ തന്നെ മനസ്സിലാക്കി വൈറസ് ഏറ്റെടുക്കുകയായിരുന്നു.

സിനിമയ്ക്ക് വേണ്ടി ഉള്ള റിസേർച്ചിൽ നിന്ന്‌ എത്രത്തോളം ഭീകരം ആയിരുന്നു നിപ്പയുടെ അവസ്ഥ എന്ന്‌ മനസ്സിലായോ?

ഒരു സിനിമയ്ക്ക് ഉള്ളിലേക്ക്‌ ഒതുക്കാൻ പറ്റുന്നതിനേക്കാളൊക്കെ ഒരുപാട് വലുതായിരുന്നു നമ്മുടെ നാട്ടിൽ നടന്ന യഥാർത്ഥത്തിലുള്ള കാര്യങ്ങൾ. ഈ സിനിമ അതിന്റെ ഒരു ശതമാനം മാത്രമേ ടച്ച് ചെയ്ത് പോകുന്നുള്ളൂ. സിനിമയ്ക്ക് വേണ്ടി നമ്മൾ ആ പ്രദേശവാസികളായ ആൾക്കാരോടും, അവിടത്തെ ഡോക്ടർമാരോടും, രോഗികളെ പരിചരിച്ചിട്ടുള്ള ആളുകളോടും ഒക്കെ സംസാരിച്ചപ്പോൾ അവർ പറഞ്ഞത്‌ വലിയ രീതിയിൽ നമ്മളെ അത്ഭുതപ്പെടുത്തുന്ന കഥകളാണ്. ഇതിൽ നിന്ന്‌ ഒരു സിനിമയ്ക്ക് വേണ്ടിയിട്ടുള്ള കാര്യങ്ങൾ മാത്രമേ നമ്മൾ എടുത്തിട്ടുള്ളൂ, ഫിക്ഷനലൈസ് ചെയ്ത് കൊണ്ട്‌ തന്നെ, പക്ഷേ അതിന്റെ റിയാലിറ്റി ഞെട്ടിക്കുന്നതായിരുന്നു.

തന്റെ സിനിമകളിലൂടെ രാഷ്ട്രീയപരമായ കാര്യങ്ങൾ ചർച്ച ചെയ്യാൻ മുതിർന്ന സംവിധായകനാണ്‌ താങ്കള്‍. വൈറസിൽ വരുമ്പോൾ അതിന്‌ എത്രത്തോളം പ്രാധാന്യം ഉണ്ട്‌?

ഇതിപ്പം ബോധപൂർവ്വം രാഷ്ട്രീയ പ്രസംഗം നടത്തുന്നതല്ല സിനിമയിലൂടെ. ജീവിതത്തിന്റെ ഭാഗമായത് കൊണ്ട്‌ അത്‌ നമ്മുടെ സൃഷ്ടികളിൽ വരുന്നതാണ്. അത്‌ എല്ലാ കാര്യത്തിലും അങ്ങനെ തന്നെയാണ്‌. നമ്മൾ ഏത് പൊളിറ്റിക്കൽ ഫിലോസഫിയിലാണ് വിശ്വസിക്കുന്നത്‌ അത്‌ നമ്മുടെ സൃഷ്ടികളിൽ കാണും. ഞാൻ ഒരു ലെഫ്റ്റ് ചിന്താഗതി ഫോളോ ചെയ്യുന്ന ആളാണ്‌, അപ്പോ അതുമായി ബന്ധപെട്ടിട്ടുള്ള കാര്യങ്ങൾ ‌സിനിമയിൽ റിഫ്‌ളക്റ്റ് ചെയ്യുക സ്വാഭാവികം.

വൈറസിൽ ശ്യാം പുഷ്കരനെ മിസ് ചെയ്തോ?

ശ്യാം ആ സമയത്ത് ആവശ്യത്തിലധികം ജോലി ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. ഞങ്ങൾ തമ്മിൽ എപ്പോഴും പല രീതിയിലുളള അസോസിയേഷൻ നടക്കുന്നുണ്ട്. എല്ലാ ഘട്ടത്തിലും ശ്യാമും ഇതിന്റെ പ്രോസസ്സിൽ പങ്കാളി തന്നെയാണ്‌. അവന്‌ പക്ഷേ ആ സമയത്ത് കുമ്പളങ്ങിയുടെ കുറച്ചധികം ഭാരം ഉണ്ടായിരുന്നു.

ട്രെയ്ലറിൽ ഏറ്റവും കൈയ്യടി നേടിയത് അവസാന ഭാഗത്തെ സൗബിന്റെ ആ രംഗം ആയിരുന്നു. എന്തായിരുന്നു ശരിക്കും നിപ്പയുടെ ഭീതി എന്ന്‌ പ്രേക്ഷകരിലേക്ക് എത്തിക്കാനുള്ള ശ്രമം ആയിരുന്നോ അത്‌?

നമ്മൾ ആ സമയത്ത് മാധ്യമങ്ങളിൽ കൂടി ഒക്കെ ഈ സോഷ്യൽ ബോയ്കോട്ടിങ്ങിനെ പറ്റി കേട്ടിരുന്നെങ്കിലും, ഇതിന്റെ പുറകെ നമ്മൾ അന്വേഷിച്ചു പോയ സമയത്താണ്‌ എത്രത്തോളം അതിഭീകരമായിരുന്നു ആ അവസ്ഥ എന്ന്‌ മനസ്സിലാവുന്നത്. പരസ്പരം തൊടാനോ, അടുത്ത് വരാനോ,കൂടെ ഇരിക്കാനോ വരെ പേടി ആയിരുന്നു ആളുകൾക്ക്‌. അതിനെ ഏറ്റവും എഫെക്റ്റീവ് ആയി എങ്ങനെ കൊണ്ട്‌ വരാൻ പറ്റും എന്ന ആലോചനയിൽ നിന്നാണ്‌ ഇതിന്റെ റൈറ്റേഴ്‌സ് മൂന്ന് പേരും ചേർന്ന്‌ അത്തരമൊരു ഐഡിയ കൊണ്ട്‌ വരുന്നത്‌.

കമൽ സാറിന്റെ സ്‌കൂളിൽ ആയിരുന്ന സമയത്തെ തന്റെ സിനിമകൾ ഇങ്ങനെ ആയിരിക്കില്ല എന്ന പൂർണ ബോധ്യം ഉണ്ടായിരുന്നത് കൊണ്ടാണോ അദ്ദേഹത്തിന്റെ ഒരു തരത്തിലുളള സ്വാധീനവും ഇല്ലാത്ത കഥ പറച്ചിൽ രീതി സ്വീകരിക്കുന്നത്‌?

ഞാൻ കമൽ സാറിന്റെ കൂടെ വർക്ക് ചെയ്യുന്ന സമയത്ത് ഞാനാ പ്രോസസ്സിനെ പരമാവധി എൻജോയ് ചെയ്തിട്ടുണ്ട്. ഡയറക്ടർ എന്ന നിലയ്ക്ക് എന്നെ വിശ്വസിച്ച ഒരാളെ എത്രത്തോളം നന്നായി അസിസ്റ്റ് ചെയ്യാൻ പറ്റുവോ അത്‌ ചെയ്യുക എന്നത്‌ മാത്രമായിരുന്നു അപ്പോഴത്തെ ചിന്ത. ഞാൻ എല്ലാ സിനിമകളും കമൽ സാറിന്റെ കൂടെ അങ്ങനെയാ വർക്ക് ചെയ്തിട്ടുള്ളത്. സാർ ഉണ്ടാക്കുന്ന കാര്യങ്ങൾ വളരെ ക്യൂരിയസ് ആയി നോക്കി നിൽക്കുക, അതിന്‌ വേണ്ട സഹായങ്ങൾ ചെയ്ത് കൊടുക്കുക. പിന്നെ കമൽ സാറിന്റെ സിനിമകളും കമൽ സാറിന്റെ കഥ പറച്ചിലും എന്നെ സ്വാധീനിച്ചിട്ടില്ല എന്ന്‌ പറയാൻ പറ്റില്ല. അതിന്റെ ഒക്കെ ഒരു സ്വാധീനം വലിയ തോതിലുണ്ട്. പക്ഷേ ദിവസങ്ങളും സമയവും കടന്നു പോകുമ്പോൾ നമ്മൾ സ്വയം ഇവോൾവ് ചെയ്യുന്നതാണ്‌ എന്നാണ് ഞാൻ വിചാരിക്കുന്നത്. ഞാൻ എന്റേതായ ഒരു റിഥം കണ്ടെത്തുന്നത് വേറെ രീതിയിൽ ആവുന്നതായിരിക്കാം.

ദിലീഷ്‌ പോത്തൻ, ശ്യാം പുഷ്കരൻ, മധു നാരായണൻ എന്നിവരെ പോലുള്ളവർ ഇന്ന്‌ മലയാളത്തിൽ കൊണ്ട്‌ വന്ന സിനിമയുടെ പുതിയ രസതന്ത്രങ്ങളും കാഴ്ചപ്പാടുകളും വിജയവും ഒക്കെ കാണുമ്പോൾ, ഇവരുടെ വളർച്ചയിൽ വലിയ തോതിൽ പങ്കുള്ള ഒരു സുഹൃത്ത് എന്ന നിലയിൽ സന്തോഷം തോന്നുന്നുണ്ടോ?

സത്യം പറഞ്ഞാൽ കുമ്പളങ്ങി നൈറ്റ്‌സിന് ശേഷം വലിയ സന്തോഷത്തിലാണ്.,ഇതെല്ലാമൊരു പ്രോസസ്സിന്റെ ഭാഗമാണ് എന്ന്‌ വിശ്വസിക്കുന്ന ആളാണ്‌ ഞാൻ. ഒരു ഗ്രൂപ്പ് ഓഫ്‌ ഫ്രണ്ട്‌സ് ചേർന്ന്‌ ഒരു നല്ല സിനിമ ഉണ്ടാക്കുന്നത് ഇനിയും സംഭവിച്ചു കൊണ്ടിരിക്കും എന്നാണ്‌ ഞാൻ വിശ്വസിക്കുന്നത്. എന്നെ സംബന്ധിച്ചിടത്തോളം ഞാൻ, അമല്‍, രാജിവ് രവി, അൻവർ, സമീർ എല്ലാരും തന്നെ ഏകദേശം ഒരേ കാലഘട്ടത്തിൽ മഹാരാജാസിൽ നിന്ന്‌ പഠിച്ചിറങ്ങി പലതരത്തിലുള്ള സ്വപ്നങ്ങളുമായി പല മേഖലകളിൽ പോയിട്ട് ഇന്ന്‌ അവരവർക്ക് സൗകര്യമുള്ള രീതിയിൽ സിനിമകൾ ഉണ്ടാക്കാൻ പറ്റുന്ന ഒരു അവസ്ഥയിൽ എത്തിയവരാണ്. കാരണം ഞങ്ങളെല്ലാവരും തന്നെ ഒട്ടും സുഖകരമല്ലാത്ത മാർഗങ്ങളിലൂടെ സിനിമ ഉണ്ടാക്കി തുടങ്ങിയ ആളുകളാണ്. അപ്പോ ഇന്ന്‌ ഇവർക്ക്‌ ഈ പറയുന്ന പോലെ പ്രേക്ഷകരുടെ ഒരു സപ്പോർട്ട് കിട്ടുന്നതും, പുതിയ രീതിയിലുള്ള സിനിമകൾ ഉണ്ടാവുന്നതും ഉറപ്പായിട്ടും സന്തോഷം തരുന്ന കാര്യങ്ങളാണ്. ഞാനാണിത് തുടങ്ങി വച്ചത്‌ എന്ന്‌ വിശ്വസിക്കുന്നില്ല,എല്ലാം പല തരത്തിലുള്ള സൗഹൃദങ്ങളിലൂടെ സംഭവിക്കുന്നതാണ്‌.

മനസ്സിലുള്ളത് വെട്ടി തുറന്ന്‌ പറഞ്ഞതിന്റെ പേരിൽ ഒരുപാട്‌ സൈബർ ആക്രമണങ്ങൾ നേരിട്ടപ്പോഴൊക്കെ വിഷമം തോന്നീട്ടുണ്ടോ?

ഞാൻ മനസ്സിലുള്ളതൊന്നും മുഴുവൻ പറയാറില്ല (ചിരി). വിദ്വേഷം അതെവിടെ ആരോട് കാണിക്കുന്നത് കണ്ടാലും സ്വാഭാവികമായി വേദന ഉണ്ടാക്കും. പക്ഷേ റിയാലിറ്റി നമുക്കൊന്നും ചെയ്യാൻ പറ്റില്ലാന്നുള്ളതാണ്. ഇത്‌ സമൂഹത്തിന്റെ ഒരു ഭാഗത്ത് സംഭവിക്കുന്നതാണ്‌. അതവിടെ സ്ഥിരമായി കാണും. സൈബർ അറ്റാക്ക്‌ എന്ന ഹേറ്റ് പൊളിറ്റിക്സിന്റെ മാർഗം തീർച്ചയായും വിഷമം ഉണ്ടാക്കുന്ന കാര്യമാണ്. അവഗണിക്കുക എന്നല്ലാതെ മറ്റൊരു വഴിയുമില്ല.

കുറേ നാളുകളായി കേൾക്കുന്ന ഒരു വാർത്തയാണ്, മോഹൻലാലുമായി ആഷിക് അബു ശത്രുതയിലാണെന്നത്. എന്താണ്‌ ഇതിന്റെ വാസ്തവം?

(ചിരി) ഞങ്ങൾ രണ്ടുപേരും പരസ്പരം അങ്ങോട്ടുമിങ്ങോട്ടും വളരെ ബഹുമാനവും സ്നേഹവും സൂക്ഷിക്കുന്ന ആൾക്കാരാണ്, പേഴ്‌സണലി വളരെ അധികം ബഹുമാനിക്കുന്ന പല ഘട്ടങ്ങളിലും വളരെ സ്നേഹത്തോട് കൂടെ പെരുമാറിയിട്ടുള്ള ആൾക്കാരാണ് ഞങ്ങൾ രണ്ട്‌ പേരും. പുറത്ത് ആരാധകർ എന്ന്‌ അവകാശപ്പെടുന്ന കുറേ ആളുകൾ പറഞ്ഞ് ഉണ്ടാക്കുന്ന കാര്യമാണ് ശത്രുതയിലാണെന്നൊക്കെ. അതിന്‌ നമ്മൾ മറുപടി കൊടുക്കേണ്ട കാര്യമൊന്നുമില്ല.

അപ്പോ ലാലേട്ടനുമൊത്തൊരു സിനിമ ഉടനെ പ്രതീക്ഷിക്കാമോ?

ഉറപ്പായിട്ടും. ഞങ്ങൾ പലതരത്തിലുള്ള ആലോചനകൾ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. വലിയ ഒരു ചലഞ്ച് ആയിട്ടുള്ളൊരു ജോലി കൂടി ആണ്‌. അധികം വൈകാതെ തന്നെ സംഭവിക്കട്ടെ എന്ന്‌ പ്രതീക്ഷിക്കുന്നു.

ഇപ്പോ ലാലേട്ടൻ എന്ന്‌ പറയുന്നത്‌ ഒരു ബ്രാൻഡ് ആണ്‌. അപ്പോൾ അദ്ദേഹവുമായി ഒരു സിനിമ ചെയ്യുമ്പോൾ അത്രയും വിപണന സാധ്യതയുള്ള ഒരു വിഷയം തിരഞ്ഞെടുക്കേണ്ടി വരില്ലേ?

ലാലേട്ടൻ വലിയ ഒരു ബ്രാൻഡ്‌ തന്നെയാണ്‌, വലിയ ഒരു ആക്ടർ ആണ്‌, വലിയ ടാലന്റ് ആണ്‌, ഒരുപാട്‌ സിനിമകൾ ഓൾറെഡി ചെയ്ത് പോയിട്ടുള്ള ആളാണ്‌. അപ്പോ അദ്ദേഹത്തിലെ ആക്ടറിനെ എക്സൈറ്റ് ചെയ്യിച്ചാലേ എന്തെങ്കിലും പുതിയതായിട്ടുള്ളൊരു സാധനം കൊണ്ട്‌ വരാൻ പറ്റൂ. അതുകൊണ്ട് ഇത്രയധികം എക്സ്പീരിയൻസുള്ള ആളിനെ എക്സൈറ്റ് ചെയ്യിക്കാൻ പറ്റിയ എന്തെങ്കിലും ഉണ്ടോ എന്നാണ്‌ ഞാൻ അന്വേഷിക്കുന്നത്. അതത്ര എളുപ്പമല്ല.

പ്രളയം വന്നപ്പോൾ നിപ്പയുടെ നായകരെ മറന്നു എന്ന്‌ തോന്നുന്നുണ്ടോ?

സ്വാഭാവികമായിട്ടും ഒരു നാടിനെ മൊത്തം ബാധിക്കുന്ന, എല്ലാവരെയും ഡയറക്റ്റ് ആയി ബാധിച്ച പ്രളയം നിപ്പയ്ക്ക് മുകളിലാണ് നിൽക്കുന്നത്. പക്ഷേ നിപ്പയുടെ കാര്യം ഇപ്പോഴും അതനുഭവിച്ച ആളുകൾ പറയുന്നത്‌ ഭയങ്കര പേടിയോടെ ആണ്‌. നേരിട്ട് അനുഭവിച്ച ആളുകൾ പ്രത്യേകിച്ച്. മറ്റ് ജില്ലക്കാർക്ക് അത്രയും വിഷമം കാണില്ലായിരിക്കും, മറന്നു പോകുമായിരിക്കും. പക്ഷേ ഇതനുഭവിച്ച ആളുകൾക്ക്‌ അത്‌ വേറെ തലത്തിലായിരിക്കും.

വൈറസ് എന്ന ഫൈനൽ ഔട്ട്പുട്ട് കണ്ടപ്പോ എത്രത്തോളം സംതൃപ്‌തി ഉണ്ട്‌?

അത്‌ ഒരു വല്ലാത്ത ചോദ്യമാണ് (ചിരി), ആർക്കാണെങ്കിലും സ്വന്തം സൃഷ്ടിയിൽ വലിയ സംതൃപ്തി തോന്നില്ലാന്നാണ് ഞാൻ കരുതുന്നത്. പക്ഷേ നമ്മളാൽ കഴിയാവുന്ന രീതിയിൽ ചെയ്ത് വച്ചിട്ടുണ്ട്. ബാക്കി ഈ സിനിമയെ വിലയിരുത്തേണ്ടത് പ്രേക്ഷകർ ആണല്ലോ. അവർ അവരുടെ കണ്ണിൽ കൂടെ നോക്കുമ്പോൾ എന്താണ്‌ തോന്നുന്നത്‌ എന്നറിയാനുള്ള ഒരു കൗതുകം അത്രേയുള്ളൂ.

കേരളത്തിന്റെ സാമൂഹികാവസ്ഥയെ പറ്റി ഒരു രാഷ്ട്രീയ ബോധ്യമുള്ള സംവിധായകൻ എന്ന നിലയിൽ എന്താണ്‌ അഭിപ്രായം?

ഇന്ന്‌ ലോകത്തുള്ളതിൽ വച്ചിട്ട് ഏറ്റവും പൊളിറ്റിക്കലി സെൻസിബിൾ ആയിട്ടുള്ളൊരു സൊസൈറ്റി ആണ്‌ നമ്മുടെ എന്നാണ്‌ ഞാൻ വിശ്വസിക്കുന്നത്. വളരെ പ്രോഗ്രസ്സിവ് ആയിട്ടുള്ളൊരു സ്റ്റേറ്റിലാണ് നമ്മൾ ജീവിക്കുന്നത്‌. എനിക്ക്‌ വളരെ അധികം പ്രതീക്ഷ ആണുള്ളത്. ഇന്ത്യൻ പൊളിറ്റിക്സിന്റെ ഒരു ഭാവി,അതിന്റെ ഐഡിയോളജിക്കൽ ആയിട്ടുള്ള ഫോർമേഷൻ ഒക്കെ കേരളത്തിന് ഒരുപാട്‌ സംഭാവനകൾ ആ ഏരിയയിലേക്ക് നൽകാൻ പറ്റുമെന്നുള്ളതാണ്.

അടുത്ത സിനിമ?

അടുത്തത് സൗബിൻ ഷാഹിർ നായകനായി ഉണ്ണി.ആർ എഴുതുന്ന സിനിമയാണ്‌.

Read More: നിപ ബാധിച്ച ഇടമല്ല, തോല്‍പ്പിച്ച ഇടമെന്ന് പറയണം; പേരാമ്പ്രയും ചങ്ങരോത്തും മുന്നോട്ടു വയ്ക്കുന്ന ആരോഗ്യപാഠങ്ങള്‍ രാജ്യം കണ്ടു പഠിക്കണം

Next Story

Related Stories