നവമാധ്യമങ്ങളിൽ തരംഗമായ 'മൗനം സെല്ലും വാർത്തൈകൾ' എന്ന ഹിറ്റ് തമിഴ് ആൽബത്തിലൂടെ സുപ്രചിതനായ നടനായിരുന്നു അഭിമന്യു രമാനന്ദൻ. കല്ലമ്പലം ദേശീയപാതയിൽ വെച്ചുണ്ടായ അപകടത്തിലാണ് മരണം. അഭിമന്യു സഞ്ചരിച്ച ബൈക്കിൽ കാറിടിക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം. 31 വയസ്സായിരുന്നു.
ചലച്ചിത്രോത്സവത്തിൽ പങ്കെടുത്ത് ആറ്റിങ്ങലിലേക്ക് മടങ്ങുമ്പോൾ ദേശീയപാതയില്‍ തോന്നയ്ക്കല്‍ കുമാരനാശാന്‍ സ്മാരകത്തിന് സമീപത്തു വെച്ചാണ് അപകടമുണ്ടായത്. അമിതവേഗതയിൽ വന്ന കാർ ബൈക്കിലിടിക്കുകയായിരുന്നെന്ന് റിപ്പോർട്ടുകൾ പറയുന്നു. സംഭവമറിഞ്ഞെത്തിയ പൊലീസ് അഭിമന്യുവിനെ മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഡാകിനി, ഒറ്റമുറി വെളിച്ചം എന്നീ സിനിമകളിൽ അഭിനയിച്ച അഭിമന്യുവിന്റെ കരിയറിലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട വേഷം പക്ഷെ മൗനം സെല്ലും വാർത്തൈകൾ എന്ന ആൽബത്തിലെ നായക കഥാപാത്രമായിരുന്നു. സിദ്ധാർഥ് പ്രദീപ് സംഗീതം ചെയ്ത ആൽബത്തിൽ വിനീത കോശി ആണ് നായികാ കഥാപാത്രം അവതരിപ്പിച്ചിരിക്കുന്നത്.